വിക്രമാദിത്യസദസ്സിലെ നവരത്‌നങ്ങളെ പരാമർശിക്കുന്ന സംസ്‌കൃതശ്ലോകം ഇങ്ങനെയാണ്:
ധന്വന്തരി ക്ഷപണകാമരസിംഹ
ശങ്കു വേദാളഭട്ടോ ഘടകർപ്പര
കാളിദാസോ വരാഹമിഹിരോ
വരരുചിർന്നവ വിക്രമസ്യ
സഭായാം
ഈ ശ്ലോകത്തിൽ കാളിദാസനും മുമ്പ് ധന്വന്തരിയുടെ പേരാണ്. വൈദ്യന്മാർക്ക് എക്കാലത്തും ഏറ്റം പ്രാധാന്യമുണ്ടായിരുന്നു എന്നാണല്ലോ ഇത് സൂചിപ്പിക്കുന്നത്. ഇക്കാലത്തും സമൂഹം ഏറ്റവും ആദരിക്കുന്നതും വിലമതിക്കുന്നതും ഡോക്ടർമാരെത്തന്നെ. രോഗശമനം വരുത്തി ആയുസ്സ് നീട്ടിക്കൊണ്ടുവരുന്നവരാണല്ലോ ഡോക്ടർമാർ. സൃഷ്ടിസംഹാരങ്ങളെക്കാൾ സ്ഥിതിയാണ് മനുഷ്യനെ വേവലാതിപ്പെടുത്തുക. ഒരു കുടുംബത്തിന്റെ ഭാഗമായി ജീവിക്കുന്ന ഏതൊരാളും ഒരു ഡോക്ടറുമായുള്ള അടുപ്പവും സൗഹൃദവും ആഗ്രഹിക്കുന്നുണ്ട്. എനിക്കും ആത്മബന്ധമുള്ള രണ്ടുമൂന്ന് ഡോക്ടർമാരുണ്ട്. പക്ഷേ അവരെക്കുറിച്ചല്ല ഞാനിപ്പോൾ എഴുതുന്നത്.
ഞങ്ങളുടെ വീട് വടകര ഗവ. ആശുപത്രിക്കടുത്താണ്. അതിനടുത്തുള്ള ഒരു വീട്ടിൽ ആശുപത്രിയിലെ ചില ഡോക്ടർമാർ വാടകയ്ക്ക് താമസിച്ചിരുന്നു. നാല് പതിറ്റാണ്ട് മുമ്പുള്ള കാര്യമാണ്. ഡോ. തങ്കമ്മ, ഡോ. ശാന്തകുമാരി എന്നിവരായിരുന്നു ആദ്യ താമസക്കാർ. പ്രസിദ്ധ സിനിമാനടനായ വിനീതിന്റെ അമ്മയാണ് ഡോ. ശാന്തകുമാരി. അവർ സ്ഥലം മാറിപ്പോയശേഷം ആ വീട്ടിലേക്ക് ഡോ. ടി. രാമചന്ദ്രൻ എന്ന ഒരു ഡോക്‌ടർ താമസിക്കാൻ വന്നു. അദ്ദേഹം വടകര ഗവ. ആശുപത്രിയിലെ ഇ.എൻ.ടി. സർജനായിരുന്നു. എന്നെ ഒന്ന് കാണണമെന്ന് അദ്ദേഹം ആരോടോ ചൊല്ലിയയച്ചു. ഞാൻ അന്നുതന്നെ ചെന്ന് അദ്ദേഹത്തെ കണ്ടു. എനിക്ക് ചെറുപ്പംമുതലേ പരിചയമുണ്ടായിരുന്ന, എൽ ഐ സി ഓഫീസറായിരുന്ന കുമാരൻ നായരുടെ അടുത്ത ബന്ധുവാണദ്ദേഹം. ആ വീട്ടിലെ വൈദ്യുതികണക്ഷൻ വിച്ഛേദിക്കപ്പെട്ട നിലയിലായിരുന്നു. KSEB-യിൽ ജോലി ചെയ്യുന്ന എന്നോട് പറഞ്ഞാൽ വേണ്ടതു ചെയ്യുമെന്ന് കുമാരൻനായർ അദ്ദേഹത്തോട് പറഞ്ഞിരുന്നു.
ഞാൻ ജോലി ചെയ്യുന്ന ഇലക്ട്രിസിറ്റി ഓഫീസിന്റെ പരിധിയിലാണ് ആ വീട്. അതുകൊണ്ട് പിറ്റേന്നുതന്നെ ഞാൻ കാര്യങ്ങൾ ചെയ്ത് വൈദ്യുതി പുനഃസ്ഥാപിച്ചു കൊടുത്തു. ഇലക്ട്രിസിറ്റി ഓഫീസിൽനിന്ന് ഇത്തരമൊരു കാര്യം സാധിച്ചുകിട്ടാൻ വലിയ പ്രയാസമാണെന്ന ധാരണയായിരുന്നു ഡോക്ടർക്ക്.
ഏതാനും ദിവസം കഴിഞ്ഞപ്പോൾ എന്റെ മകന് പനി വന്നു. ടോൺസിലൈറ്റിസ് ഇൻഫെക്ഷനായിരുന്നു. ഇ എൻ ടി സർജനായ ഡോ. രാമചന്ദ്രനെ കാണാൻ ഞങ്ങൾ ചെന്നു. അദ്ദേഹം വളരെ ശ്രദ്ധാപൂർവ്വം മകനെ പരിശോധിച്ചശേഷം ആവശ്യമായ മരുന്നുകൾ അവിടെനിന്നുതന്നെ എടുത്തുതന്നു. പുറത്തുനിന്ന് ഒന്നും വാങ്ങേണ്ടതില്ല എന്ന് പറഞ്ഞു. അന്നത്തെ ഫീസായ പത്തു രൂപ ഞാൻ അദ്ദേഹത്തിന് കൊടുത്തു. അദ്ദേഹമത് വാങ്ങിയില്ല. പത്തു ദിവസം കഴിഞ്ഞ് ചെന്നപ്പോഴും ഞാൻ ഫീസ് നൽകാൻ ശ്രമിച്ചു. വീണ്ടും അത് നിരസിച്ചുകൊണ്ട് അദ്ദേഹം എന്നോട് ഇങ്ങനെ പറഞ്ഞു: ''ഞാൻ നിങ്ങളോട് ഫീസ് വാങ്ങില്ല. എന്നുവച്ച് നിങ്ങൾ എന്റെ അടുത്ത് ചികിത്സയ്ക്കായി വരാതിരിക്കരുത്’’. അദ്ദേഹം തുടർന്നു, ‘‘ചിലപ്പോൾ ഇവിടെ നല്ല തിരക്കായിരിക്കും. എന്നാലും ഒരു രോഗി പരിശോധന കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ എനിക്ക് കാണാവുന്ന വിധത്തിൽ നിങ്ങൾ നില്‍ക്കണം. ഞാൻ അകത്തേക്ക് വിളിക്കും’’.

ഒരു വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചുകൊടുത്തതിന് ഒരാൾ ഇത്രയേറെ തിരിച്ചുതരേണ്ടതുണ്ടോ? ഞാൻ ആശ്ചര്യപ്പെട്ടു. എന്റെ രണ്ടു ചെറിയ കുട്ടികൾ, പ്രായമായ അമ്മ, പിന്നെ ഞാനും ഭാര്യയും അത്യാവശ്യം ചില അടുത്ത ബന്ധുക്കളും പല തവണ ഡോ. രാമചന്ദ്രന്റെ ചികിത്സതേടി. ഇ.എൻ.ടി. രോഗങ്ങൾക്കു മാത്രമല്ല, എല്ലാ രോഗങ്ങൾക്കും. എല്ലാം സൗജന്യം. അക്കാലത്ത് ഒരു മരുന്നും പുറത്തുനിന്ന് വാങ്ങിയതായി ഞാനോർക്കുന്നില്ല.
മകന്റെ ടോൺസിലൈറ്റിസിന് സർജറിയല്ലാതെ വേറെ വഴികളില്ലെന്നും അന്ന് വടകരയിലുണ്ടായിരുന്ന വേറൊരു ഇ.എൻ.ടി സർജനായിരുന്ന ഡോ. പി.വി. ജോർജുമായി ചേർന്ന് താനത് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. സർജറി ചെയ്യാൻ മടിച്ചതുകാരണം രോഗം മൂർച്ഛിച്ചപ്പോഴൊക്കെ അവനെയുംകൊണ്ട് ഡോക്ടറെ വീണ്ടും വീണ്ടും സമീപിക്കേണ്ടിയും വന്നു.
ആയിടയ്ക്ക് നാലുവയസ്സുള്ള എന്റെ മകൾക്ക് കഠിനമായ കാലുവേദന വന്നു. പരിശോധന കഴിഞ്ഞപ്പോൾ സഹോദരൻ എപ്പോഴും മധുരമുള്ള സിറപ്പുകൾ കഴിക്കുന്നതുകൊണ്ടുണ്ടായ കാലുവേദന മാത്രമാണെന്ന് അവൾക്ക് മനസ്സിലാകാത്ത ഭാഷയിൽ ഡോക്ടർ എന്നോട് പറഞ്ഞു. രണ്ടു വലിയ ഫുഡ് പൗഡർ പാക്കറ്റുകൾ ഡോക്ടർ മകളുടെ കൈയിൽത്തന്നെ വെച്ചുകൊടുക്കുകയും ചെയ്തു. ഒരൊറ്റ സ്പൂൺ പൗഡർ തിന്നതോടെ അവളുടെ കാലുവേദന നിശ്ശേഷം മാറി.
ഡോക്ടർക്ക് രണ്ട് ആൺകുട്ടികളുണ്ടായിരുന്നുവെന്നാണ് എന്റെ ഓർമ്മ. അരവിന്ദോയുടെ (അരവിന്ദ ഘോഷ്) ആരാധകനായിരുന്ന ഡോക്ടർ ഇടയ്ക്ക് പോണ്ടിച്ചേരിയിലുള്ള ആശ്രമത്തിൽ പോകാറുണ്ടായിരുന്നു. ഒരു മകന്റെ പേര് അരവിന്ദ് എന്നായിരുന്നുവെന്നും ഞാനോർക്കുന്നു.
എന്റെ ചില അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വേണ്ടി ഞാൻ ഡോക്ടറുടെ ഉപദേശം തേടി. അദ്ദേഹം വഴികൾ പറഞ്ഞുതന്നു. ഒരു ആത്മസുഹൃത്തിന്റെ തകർന്നുകൊണ്ടിരുന്ന ദാമ്പത്യജീവിതം അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം പ്രവർത്തിച്ച് ഞങ്ങൾ വീണ്ടെടുത്തു.
കുറച്ചുകാലം മുമ്പ് കൊയിലാണ്ടിയിൽ പോയപ്പോൾ ഞാൻ അദ്ദേഹത്തെ ചെന്നു കണ്ടു. വൃദ്ധനായിരിക്കുന്നു ഇപ്പോൾ... അദ്ദേഹം എന്നെ തിരിച്ചറിഞ്ഞില്ല. എന്റെ ചില ഓർമ്മകൾ ഞാൻ പങ്കുവയ്ക്കാൻ ശ്രമിച്ചു. എല്ലാം അദ്ദേഹത്തിന്റെ മനസ്സിൽ നിന്നു മാഞ്ഞുപോയിരിക്കുന്നു. എന്റെ പേരുപോലും ഓർക്കുന്നില്ല. വലിയ സങ്കടത്തോടെയാണ് ഞാൻ മടങ്ങിയത്.
ഡോ. രാമചന്ദ്രൻ ഒരു താങ്ങായി, തണലായി, ആശ്വാസമായി എന്റെ ഓർമ്മയിൽ എന്നും ജീവിക്കും.
Read: പൊതുജനാരോഗ്യ നിയമം: മുട്ടയിട്ടാൽ മൊട്ട!
മനസ്സുകൊണ്ട് നാട്ടിലെത്തുമ്പോൾ;
പ്രവാസികളുടെ
ഓണാഘോഷം
‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

