മറക്കാനാവാത്ത ഏതെങ്കിലുമൊരു ഡോക്ടറെക്കുറിച്ചല്ല ഞാൻ എഴുതാൻ പോകുന്നത്. ഓർക്കാനിഷ്ടപ്പെടാത്തതുകൊണ്ട് ഒരിക്കലും മറന്നു പോവാത്ത രണ്ട് ഡോക്ടർമാരെക്കുറിച്ചാണ്.
രണ്ടുപേരും സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരാണ്. മാനനഷ്ടക്കേസ് ഭയന്ന് ഞാനവരുടെ പേര് വെളിപ്പെടുത്തുന്നില്ല. നമ്മുടെ നീതിന്യായ അവസ്ഥയനുസരിച്ച്, ഒരു കേസ് ഫയൽ ചെയ്താൽപ്പിന്നെ ജീവിതം കട്ടപ്പുറത്താകും. ശേഷിക്കുന്ന ആയുസ്സത്രയും അതിന്റെ പിന്നാലെനടന്ന് തേഞ്ഞുതീരും. സത്യത്തിൽ ഇങ്ങനെ കോടതി കയറിയിറങ്ങുന്നവരെയും കൂടി 'ഇര'കളിൽ ഉൾപ്പെടുത്തേണ്ടതാണ്.
എന്റെ മകൾക്ക് മെൻസസിന് രണ്ടാഴ്ച മുന്നേതന്നെ വയറുവേദന തുടങ്ങുക പതിവായി. അടിവയറിന്റെ ഇടതുഭാഗത്ത് ഒരു കനം അനുഭവപ്പെടുകയും ചെയ്യും. സാമാന്യം കേമമായിത്തന്നെ നടത്തിക്കൊണ്ടുപോകുന്ന ഒരാശുപത്രിയിലെ ഡോക്ടർ അവളെ പരിശോധിക്കുകയും ഒരു ഓവറിയിൽ ട്യൂമറുണ്ടെന്ന് തീർച്ചപ്പെടുത്തുകയും ചെയ്തു. ഉടനടി സർജറി ചെയ്ത് ആ ഓവറി നീക്കം ചെയ്യണമെന്ന് അന്തിമ വിധി പറഞ്ഞപ്പോൾ ഞാനും മകളുടെ അച്ഛനും ഡോക്ടറുടെ മുന്നിലിരുന്ന് പൊട്ടിക്കരഞ്ഞു.
ആകെയുള്ള ഒരു പൊടിപ്പാണ്. അവളുടെ ഒരു ഓവറി എടുത്തുകളഞ്ഞാൽപ്പിന്നെ ഗർഭധാരണത്തിനുള്ള സാദ്ധ്യത നേർപകുതിയായിപ്പോകുമല്ലോ! അവളാണെങ്കിൽ വിവാഹജീവിതത്തെക്കുറിച്ച് വളരെ കാല്പനികമായ കുറെ സങ്കല്പങ്ങൾ വച്ചുപുലർത്തുന്ന ഒരു സാധുജീവിയാണ്. കുഞ്ഞുങ്ങളെ വളരെ ഇഷ്ടവുമാണ്.
ഞാൻ വിട്ടിലെത്തി, ഇപ്പോൾ പൊട്ടും എന്നു തോന്നിക്കുന്ന നെഞ്ചിൽ കൈവച്ച് ഡോക്ടർ ആർ.ആർ.വർമ്മയെ ഫോണിൽ വിളിച്ചു. കഥ തന്ന ഒരു സൗഹൃദമാണ്. കണ്ണുഡോക്ടറാണെങ്കിലും പല രോഗകാര്യങ്ങളിലും ഞാൻ അദ്ദേഹത്തിന്റെ ഉപദേശം തേടാറുണ്ട്. പണ്ട് എം.ബി.ബി.എസ്സുകാരായ ചില ഡോക്ടർമാർ പൾസ് നോക്കിപ്പോലും രോഗം കണ്ടുപിടിച്ചിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ഏതായാലും വർമ്മ ഡോക്ടർ എന്നോട് ഒരു സെക്കന്റ് ഒപ്പീനിയൻ തേടാനും മലയാളത്തിന്റെ ഒരേയൊരു മാധവിക്കുട്ടിയുടെ നാത്തൂനാരായ ഡോക്ടർ വസന്തയെ കാണാനും നിർദ്ദേശിച്ചു. പ്രഗത്ഭമതിയായ അവർ അമേരിക്കയിലെ സേവനം അവസാനിപ്പിച്ച് കൊച്ചിയിലെ ഒരു ആശുപത്രിയിൽ ജോലി ചെയ്യാനാരംഭിച്ചിരുന്നു. ആ ഡോക്ടറാണ് മകൾക്ക് പി.സി.ഒ.ഡി ഉണ്ടെന്നും ഓവം പൂർണ്ണ വളർച്ച എത്തുംമുൻപേ നശിച്ചുപോകുന്നതിനാലുണ്ടാകുന്ന ഇൻഫ്ലമേഷൻ മൂലമാണ് അടിവയറിൽ കനം തോന്നുന്നതെന്നും പറഞ്ഞുതന്നത്. സർജറി ആവശ്യമില്ലെന്നും ഡോക്ടർ വിധിച്ചു.

കൊച്ചിയിലെ തന്നെ ഒരു ആശുപത്രിയിലെ എൻഡോക്രൈനോളജി വിഭാഗത്തിൽ ജോലി ചെയ്യുന്ന ഡോക്ടറാണ് മറ്റൊരു കഥാപാത്രം. പഞ്ചാരശല്യം കൂടിയ ഒരിനമാണ് ഞാൻ. കൃത്യമായി ഗുളിക വിഴുങ്ങിയിട്ടും കുറയാത്ത അവസ്ഥയിൽ ഡോക്ടർ എന്നെ ഭീഷണിപ്പെടുത്താറുണ്ട്. ‘അമ്മാ, നിങ്ങളുടെ കിഡ്‌നി അടിച്ചുപോവും’. ഞാനൊ രിക്കൽപ്പോലും കണ്ടിട്ടില്ലെങ്കിലും ആ അവയവത്തോടുള്ള സ്നേഹം കൊണ്ട് ജീവിതസായാഹ്നത്തിലെത്തിയ ഞാൻ അതുകേട്ട് വിഷണ്ണയാവും.
ഈയിടെ കഥാകാരിയായ പ്രിയ എ.എസ്സിന്റെ ഒരു ബാലസാഹിത്യകൃതിയുടെ പ്രകാശനച്ചടങ്ങ് വീഡിയോയിൽ കാണുകയുണ്ടായി. ഏറെക്കാലമായി പ്രിയയെ ചികിത്സിക്കുന്ന ഡോക്ടറും ചടങ്ങിൽ സംബന്ധിച്ചിരുന്നു. ഗ്യാസ്ട്രോ വിഭാഗത്തിൽ ഡോക്ടാറായ ഹരികുമാർ ആർ. നായർ കഥാകാരിയെക്കുറിച്ചും പുസ്തകത്തെക്കുറിച്ചുമൊക്കെ തികഞ്ഞ അവബോധത്തോടെ സംസാരിക്കുന്നതുകേട്ട് ഞാൻ അന്തിച്ചുപോയി. ഇത്രകാലം ചികിത്സിച്ചിട്ടും എന്റെ ഡോക്ടർക്ക് ഞാനൊരു കോളേജദ്ധ്യാപികയായിരുന്നെന്നോ ഒരെഴുത്തുകാരിയാണെന്നോ മനസ്സിലായിട്ടില്ല. മരുന്നിനെക്കാൾ ഡോക്ടറുടെ ഹൃദ്യമായ പെരുമാറ്റത്തിന് രോഗം ഭേദമാക്കുന്ന പ്രക്രിയയിൽ നിർണ്ണായകമായ ഒരു സ്ഥാനമുണ്ടെന്നാണ് എന്റെ വിശ്വാസം. എന്റെ സങ്കല്പത്തിലുള്ള ഒരു ഡോക്ടറെ ഞാൻ എന്നെങ്കിലും കണ്ടുമുട്ടുമോ ആവോ?
READ: ഇടിമിന്നൽ
ഏൽക്കാതിരിക്കാൻ ശാസ്ത്രീയമാർഗങ്ങൾ
കോർപ്പറേറ്റ്
മെഡിസിൻ ഉയർത്തുന്ന
നൈതിക വെല്ലുവിളികൾ
ആർത്തവം,
ആർത്തവ അവധി; ലിംഗനീതിയെക്കുറിച്ച്
ചില രാഷ്ട്രീയ ചോദ്യങ്ങൾ
‘IMA നമ്മുടെ ആരോഗ്യം’ പത്രാധിപർ സംസാരിക്കുന്നു
IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

