ശക്തിയെ ശക്തി കൊണ്ട് നേരിടണം;
കീഴാളർക്ക് വേണം
പുതിയൊരു പ്രത്യയശാസ്ത്രം
ശക്തിയെ ശക്തി കൊണ്ട് നേരിടണം; കീഴാളർക്ക് വേണം പുതിയൊരു പ്രത്യയശാസ്ത്രം
ദളിത് വിഭാഗങ്ങളുടെ പ്രാതിനിധ്യവും പങ്കാളിത്തവും വിവിധ തലങ്ങളില്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്ന അവസരത്തിലാണ് അവര്‍ക്കെതിരായ അതിക്രമം കൂടുന്നത്. ഏറിയ പങ്കും പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാറില്ല. അതിനാല്‍, കേസ് കോടതിയിലും എത്തില്ല. കീഴാളര്‍ക്ക് പങ്കാളിത്തവും പ്രാതിനിധ്യവും ഉള്ള മേഖലകളാണ് സിവില്‍ സര്‍വീസ്, പൊലീസ്, സബോര്‍ഡിനേറ്റ് ജുഡീഷ്യറി എന്നിവ. എന്നിട്ടും ഒരു മാറ്റവുമുണ്ടാകുന്നില്ല.ഇന്ന് ആവശ്യം പ്രാതിനിധ്യവും പങ്കാളിത്തവുമല്ല, പകരം ശക്തിയാണ്; സാമ്പത്തികമായ ശക്തി- ദളിത് ശാക്തീകരണവുമായി ബന്ധപ്പെട്ട് വേറിട്ട ഒരു വിശകലനം
1 Jul 2020, 10:42 AM
പൊതുവെ ദലിത് എന്ന പദം വിശാല അര്‍ത്ഥത്തില്‍ ആദിവാസി, പട്ടികജാതി, മത്സ്യതൊഴിലാളികള്‍ എന്നിവരെ സൂചിപ്പിക്കുന്നതാണ് എങ്കിലും ഈ വിഭാഗങ്ങളുടെയെല്ലാം പ്രശ്നങ്ങള്‍ വ്യത്യസ്തമാണ്. ആദിവാസികള്‍ അഭിമുഖീകരിക്കുന്ന സാമൂഹിക-സാമ്പത്തിക രാഷ്ട്രീയ, വൈജ്ഞാനിക പ്രശ്നങ്ങള്‍ അല്ല ദലിതരുടേത്. ഇത് രണ്ടും രണ്ടായി കാണേണ്ടതും വികസന പരിപ്രേക്ഷ്യവും ചിന്തകളും വ്യത്യസ്തമാകേണ്ടതുമുണ്ട്. സമകാലിക ഇന്ത്യയില്‍ ദലിത് വികസനവും രാഷ്ട്രീയവും ശരിയായ അര്‍ത്ഥത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയും, നിലവിലെ കമ്പോള സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട് പരിപ്രേക്ഷ്യം രൂപപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയുണ്ട്. ജനാധിപത്യം, അധികാരവികേന്ദീകരണം എന്നിവയെല്ലാം ദലിത് പരിപ്രേക്ഷ്യത്തില്‍ എങ്ങനെയാണെന്നും വിശദീകരിക്കപ്പെടേണ്ടതുണ്ട്.
അർധസത്യം, അസത്യം
ഇന്ത്യയില്‍ സമീപകാലത്ത് സംഭവിച്ച ചില കാര്യങ്ങള്‍ വളരെ ശുഭാപ്തി വിശ്വാസം നല്‍കുന്നവയാണ്. അതില്‍ ഒന്ന് 1980 കളുടെ മധ്യം തൊട്ടുള്ള ദലിത് രാഷ്ട്രീയം. ദലിത് രാഷ്ട്രീയ അവബോധം എന്നതിലുപരി ഏകോപിത ജന മുന്നേറ്റം (Mobilisation) ആണ് പ്രധാനം. ദലിത് രാഷ്ട്രീയം ഇന്ത്യയില്‍ പരാജയമാണ്.

എന്താണ് ഈ പരാജയം എന്നും അതില്‍ നിന്ന് ഉള്‍ക്കൊള്ളേണ്ട സന്ദേശം എന്താണ് എന്നും പിന്നീട് വിശദീകരിക്കാം. രണ്ട്, ഇന്ത്യയില്‍ ഒരു സംരംഭക വിഭാഗം (entrepreneurial class) വളർന്നുവരുന്നു. ഇപ്പോള്‍ പൂനെ കേന്ദ്രീകരിച്ചുള്ള ദലിത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻറ് ഇൻഡസ്ട്രി(DICCI)യുടെ മുദ്രാവാക്യം "ഞങ്ങള്‍ തൊഴിലന്വേഷകരല്ല, തൊഴില്‍ ദായകരായിരിക്കും' എന്നാണ്. ഇത് പുതിയ വീക്ഷണത്തെയും കാഴ്ച്പ്പാടിനേയും കാണിക്കുന്നു. കീഴാള വിഭാഗങ്ങള്‍ പുനര്‍നിര്‍വ്വചനം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. മൂന്നാമത്തെ കാര്യം, അടുത്തകാലത്തായി ഉയര്‍ന്നു വന്ന റാഡിക്കൽ ദലിത് ഇൻറലിജൻഷ്യയും അതിന്റെ ഫലമായി വികസിച്ചു വരുന്ന അംബേദ്കർ സ്കൂൾ ഓഫ് തോട്ടുമാണ്. മുമ്പും വിദ്യാഭ്യാസമുള്ള ദലിതരുണ്ടായിരുന്നു. പ്രത്യേകിച്ച് എന്റെ തലമുറയില്‍പ്പെട്ടവര്‍ ചെയ്യാന്‍ ശ്രമിച്ചത്, വിദ്യാഭ്യാസ യോഗ്യതനേടി ഈ വ്യവസ്ഥിതിയില്‍ ചില പദവികള്‍ - ഉദ്യോഗവും ഒക്കെ- ലഭിക്കുന്നതിനു വേണ്ടി ആയിരുന്നു. എന്നാല്‍ ഇന്ന് വളര്‍ന്നു വരുന്ന തലമുറയെ – സർവകലാശാല ക്യാമ്പസുകൾ മുതൽ സമൂഹമാധ്യമങ്ങളിൽ വരെ ഇവരുണ്ട്- ശ്രദ്ധിച്ചാല്‍ മനസിലാവുന്നത്, വ്യവസ്ഥിതിയെ ചോദ്യം ചെയ്യുകയും എതിര്‍ക്കുകയും ചെയ്യുന്ന ഒരു വിഭാഗം വളര്‍ന്നു എന്നതാണ്. വ്യവസ്ഥിതിയില്‍ അക്കോമഡേഷന്‍ അന്വേഷിക്കുന്നവരല്ല, മറിച്ച് വ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്നവരാണ് ഇവർ. ശക്തിയെ ശക്തി കൊണ്ടേ എതിര്‍ക്കാന്‍ പറ്റൂ.
വിജ്ഞാനത്തെ വിജ്ഞാനം കൊണ്ടേ നേരിടാന്‍ കഴിയൂ. ചിന്തിക്കുന്നര്‍ക്കേ ചിന്തിപ്പിക്കാനാവൂ. കീഴാള വിഭാഗത്തിന്റെ
വികസനത്തെക്കുറിച്ചും അവരുടെ സാമൂഹിക പരിണാമ പ്രക്രിയയെക്കുറിച്ചും പലതരം സത്യങ്ങളും, അര്‍ദ്ധ സത്യങ്ങളും, അസത്യങ്ങളും നിലനില്‍ക്കുന്നു. ഇതിന്റെ
കാരണം ഈ അര്‍ദ്ധസത്യങ്ങളും, അസത്യങ്ങളും പ്രചരിപ്പിക്കുന്നവര്‍ നിലവിലെ വ്യവസ്ഥയെ നിയന്ത്രിക്കുന്നവരാണ് എന്നതാണ്. അക്കാദമിക് മേഖലയിലും മാധ്യമങ്ങളിലും അവര്‍ക്കാണ് പ്രാമുഖ്യം. നമ്മുടെ സാമൂഹിക വ്യവസ്ഥയില്‍ എന്ത് പറയുന്നു എന്നതിനേക്കാള്‍ പ്രാധാന്യം ആര് പറയുന്നു എന്നതിനാണ്. സത്യം എപ്പോഴും ഭരണകൂടത്തിന്റെതാണ്, ഭരണ വര്‍ഗത്തിന്റെയല്ല. സ്വാതന്ത്രം, സമത്വം, സാഹോദര്യം ഇവയൊക്കെ ഫ്രഞ്ച് വിപ്ലവത്തിന്റെ മുദ്രവാക്യം ആയിരുന്നു. അംബേദ്ക്കറൊക്കെ എടുത്ത് പറഞ്ഞ കാര്യവും അതുതന്നെ. പക്ഷേ ഇന്ന് അത്തരത്തിലുള്ള ഒരു സ്വാതന്ത്ര്യം അന്വേഷിക്കാനോ പ്രവര്‍ത്തിക്കാനോ ആവില്ല. കാരണം ഭരണകൂടം വലിയൊരു ശക്തിയാണിന്ന്. ആരുടെ പാര്‍ട്ടി ആണോ സര്‍ക്കാര്‍ ഉണ്ടാക്കുന്നതും, നിയന്ത്രിക്കുന്നതും എന്നതല്ല ഇവിടെ ചോദ്യം. The person in power is to protect the powerful. സമ്പന്നരെയും ശക്തരേയും സംരക്ഷിക്കുന്ന ദൗത്യമാണ് ഭരണകൂടത്തിന്റേത്. അതുകൊണ്ടുതന്നെ പലപ്പോഴും justice is for the rich and powerful not for the poor and weak- ദുര്‍ബലര്‍ നീതിരാജ്യത്തെ കുറിച്ച് പരാതിപ്പെടുന്നതില്‍ അര്‍ത്ഥമില്ല. The poor won't get justice. They do not deserve justice because they are poor. അപ്പോള്‍ ചോദ്യം കുറേ കൂടി മൗലികമായൊരു തലത്തില്‍ അന്വേഷിക്കേണ്ടിവരും.
പുതിയ തലമുറക്ക് പഴയ ഉത്തരം പോരാ
ഞാന്‍ മുന്നോട്ടുവയ്ക്കാന്‍ ഉദ്ദേശിക്കുന്ന പരിപ്രേക്ഷ്യത്തിന്റെ അന്വേഷണം തുടങ്ങുന്നത് 1820 ൽ ഹെഗൽ എഴുതിയ ഫിലോസഫി ഓഫ് റൈറ്റ് എന്ന പുസ്തകത്തില്‍ നിന്നാണ്. അതില്‍ പറയുന്നത്, സ്വത്താണ് സ്വാതന്ത്ര്യം എന്നാണ്. പിന്നീട് അംബേദ്കര്‍ പറഞ്ഞതും ഇതുതന്നെ. അദ്ദേഹത്തിന്റെ രണ്ട് പുസ്തകങ്ങളിലും (Annihilation of caste, What Gandhi and congress have done to the untouchables) ഭരണഘടന അസംബ്ലിയിലെ പ്രസംഗങ്ങളിലും ഇത് വ്യക്തമാക്കുന്നുണ്ട്. രാഷ്ട്രീയ സ്വാതന്ത്ര്യം സ്വാര്‍ത്ഥകമാകണമെങ്കില്‍ സാമൂഹിക സ്വാതന്ത്രവും സാമ്പത്തിക സ്വാതന്ത്രവും ആദ്യം ഉറപ്പ് വരുത്തണം. ഇതാണ് പിന്നീട് അമര്‍ത്യാസെന്നും ജോൺ റൗൾസും ആവര്‍ത്തിക്കുന്നത്.
ഇത് പ്രത്യേകം പരാമര്‍ശിക്കുന്നതിന് കാരണമുണ്ട്. കീഴാള വിഭാഗങ്ങളില്‍ പെടുന്ന ഗവേഷകര്‍, വിദഗ്ദര്‍, ചിന്തകര്‍ എന്നിവർ പലപ്പോഴും പ്രസംഗങ്ങളുടെ രൂപത്തിലാണ് പ്രശ്നങ്ങള്‍ അവതരിപ്പിക്കാറ്. പ്രസംഗങ്ങള്‍ക്ക് വാർത്താമൂല്യം മാത്രമേ ഉള്ളൂ, അക്കാദമിക് മൂല്യം ഉണ്ടാകണം എന്നില്ല. വാർത്താമൂല്യം ഏതാനും ദിവസങ്ങളേ നിലനില്‍ക്കൂ. എന്നാല്‍ അക്കാദമിക മൂല്യം സ്ഥായിയായി നിലനില്‍ക്കുന്നതാണ്. ദലിത് ഗവേഷകര്‍ വൈകാരികമായ തരത്തില്‍ പ്രശ്നങ്ങളെ സമീപിക്കരുത്. ഒരു ചൈനീസ് ചൊല്ലുണ്ട്; " On every issue there are three views; my view, your view and the correct view.’ അപ്പോള്‍ ഒരു അഭിപ്രായ ഗതിയെ വിമര്‍ശിക്കുന്നത് ഓരോ ഗവേഷകന്റെയും ശൈലിയാണ്. അംബേദ്കര്‍ ഒരുപാട് എഴുതിയിട്ടുണ്ട്, കംമ്പ്യൂട്ടര്‍ വ്യാപകമല്ലാത്ത കാലത്ത്. ഇന്നത്തേതുപോലെ കരിയർ ഗവേഷകരെക്കാള്‍ അംബേദ്കര്‍ ധാരാളം എഴുതാൻ കാരണം ഇതാണ്: Ambedkar has something to say, but career researchers have to say something. കരിയർ ഗവേഷകകര്‍ക്ക് അതൊരു നിലനില്‍പ്പിന്റെ
പ്രശ്നമാണ്. ഏതെങ്കിലും ഒരു വിഷയത്തില്‍ ഗവേഷണം നടത്തിക്കഴിഞ്ഞാല്‍ അത് അവിടെ അവസാനിക്കുന്നു. അതിന്റെ ontology, teleology, philosophy ഒന്നും അവിടെ പ്രസക്തിയില്ല. ഇവിടെ വസ്തുനിഷ്ഠമായി കാര്യങ്ങള്‍ വിശകലനം ചെയ്യേണ്ടതിന്റെ ആവശ്യകതയുണ്ട്. വസ്തുനിഷ്ഠം എന്ന് പറയുമ്പോള്‍ പൂർണമായ ശാസ്ത്രീയത അല്ല ഉദ്ദേശിക്കുന്നത്. ശാസ്ത്രീയതയ്ക്ക് വലിയ അപ്രമാദിത്ത്വം ഇല്ല. എറിക് ഫ്രോമിന്റെ "Greatness and Limitation of Freuds Thought’ എന്ന കൃതിയിൽ പറയുന്നത്; ‘‘scientism kills creativity.’’ എന്നാണ്. ഈ ആശയം തന്നെ തോമസ് പിക്കെറ്റി ‘Capital in the Twenty First Century’യിലും എടുത്ത് പറയുന്നുണ്ട്. സാമൂഹിക ശാസ്ത്ര വിഷയങ്ങളില്‍ അത്രത്തോളം ശാസ്ത്രീയമാകേണ്ടതില്ല. അത് ഭൗതിക ശാസ്ത്രത്തിന്റെയും പ്രകൃതി ശാസ്ത്രത്തിന്റെയും രീതിയാണ്. വ്യവസ്ഥിതിയെ മനസിലാക്കാനാണ് ഭൗതിക ശാസ്ത്രത്തില്‍ ഗവേഷണം നടത്തുന്നവര്‍ ശ്രമിക്കുന്നത്, അല്ലാതെ ഭൗതിക ലോകം മാറ്റി മറിക്കാനല്ല . സാമൂഹിക ശാസ്ത്രം അങ്ങനെ അല്ല. അത് സാമൂഹികമാറ്റമാണ് ലക്ഷ്യം വയ്ക്കുന്നത്.
സാമൂഹിക ശാസ്ത്ര ഗവേഷണത്തെ മൂന്നു തരത്തില്‍ കാണാം. ഒന്ന്, നിലവിലെ വ്യവസ്ഥിതിയെ നിലനിര്‍ത്താന്‍ (status quo research); രണ്ട്, ആ വ്യവസ്ഥിതിയില്‍ ചില പരിഷ്ക്കാരങ്ങള്‍ കൊണ്ടുവരാൻ; മൂന്ന്, അതിനെ മാറ്റാൻ. അംബേദ്കര്‍ മൂന്നാമത്തെ ഗണത്തില്‍ പെടും. മാര്‍ക്സ് പറഞ്ഞത്; Philosophers have interpreted the world, but the point is to change it എന്നനാണ്. അവരുടെ കാന്‍വാസ് അത്രയും വലുതായിരുന്നു. സാമൂഹിക ശാസ്ത്രത്തിന്റെലക്ഷ്യം അതാണ്. പക്ഷേ, അവിടെ ഒരു വെല്ലുവിളിയുണ്ട്.
ഗവേഷക വിദ്യാര്‍ത്ഥികള്‍ പല പ്രശ്നങ്ങളും അനുഭവിക്കേണ്ടിവരുന്നു. അത് എല്ലാ കാലത്തും എല്ലായിടത്തും ഉണ്ടായിട്ടുണ്ട്. ഗവേഷണം ഒരിക്കലും ആഘോഷമല്ല. അതൊരു ക്ലേശകരമായ ചുമതലയാണ്. വളരെയധികം വായിച്ച്, ചിന്തിച്ച് ഉള്ള ഉദാത്തമായ കർമണ്യതയാണ്. ഗവേഷണം കൂട്ടായ കർമം അല്ല. വ്യക്തിയുടെ തലത്തില്‍ ഉള്ളതാണ്. കാരണം, വ്യക്തിയാണ് ചിന്തിക്കുന്നത്. ഒരു ഗ്രൂപ്പിന്റെ ചിന്ത എന്ന ഒന്നില്ല. ഇതാണ് രാഷ്ട്രീയ പാര്‍ട്ടികളുടെയും നയം. പാര്‍ട്ടിക്ക് ഒരു അഭിപ്രായം ഇല്ല. അത് ഒന്നോ രണ്ടോ വ്യക്തികള്‍ ചിന്തിച്ച് ഉണ്ടാക്കുന്നതാണ്. പിന്നീട് അത് ആ പാര്‍ട്ടിയില്‍ അംഗീകരിക്കപ്പെടുന്നു. ഗവേഷകര്‍ ഒന്നിച്ചു കൂടുന്നത് നല്ലതാണ്. പക്ഷേ, അവർ തമ്മില്‍ ഐക്യത്തിലേറെ അനൈക്യം ഉണ്ടാകണം. Clash of ideas, clash of ideologies, clash of perspectives. വിമര്‍ശനത്തിലൂടെയാണ് ആശയങ്ങള്‍ വളരുന്നത്. ഗവേഷകന്‍ ചോദ്യം ചെയ്യുന്ന ആളാണ്. ഉത്തരം കണ്ടെത്തുന്ന ആളല്ല. ശരിയായ ഉത്തരം കണ്ടെത്തുന്ന ആളുമല്ല. പുതിയൊരു ആശയം ഉണ്ടോ എന്നതാണ് ഗവേഷകനെ സംബന്ധിച്ച് പ്രധാനം. 'തെറ്റായ' ആശയം മോശം ആശയമല്ല. 'ശരിയായ' ആശയം എല്ലായ്പ്പോഴും 'നല്ല'താവണം എന്നുമില്ല. ഒരു ആശയം പുതുതായി ഉണ്ടാവുക എന്നതാണ് പ്രധാനം. ചോദ്യം ചോദിക്കുന്ന ആളുകളാണ് ഗവേഷകര്‍. ഗവേഷകര്‍ നിഷേധികളാണ്. ധിക്കാരികളാണ്. നിലവിലെ സമ്പ്രദായത്തെ നിഷേധിക്കുക. പുതിയ തലമുറയില്‍ ഇതിന്റെ പ്രവണത പ്രകടമാണ്. പുതിയ തലമുറ, പുതിയ ചോദ്യം ചോദിക്കുന്നു. അതിന് പഴയ ഉത്തരം പോര.
പഴയ തലമുറയിലെ അധഃസ്ഥിതവിഭാഗങ്ങള്‍ ആഗ്രഹിച്ചത് തങ്ങൾ മനുഷ്യരായി അംഗീകരിക്കപ്പെടണം എന്നായിരുന്നു. എന്നാല്‍ ഇന്നത്തെ തലമുറ ആവശ്യപ്പെടുന്നത് തുല്ല്യതയാണ്. If you can have that right, then why can't I എന്ന രീതിയില്‍ ചോദ്യങ്ങള്‍ മാറിയിട്ടുണ്ട്. അപ്പോള്‍ ഇവിടെ ഗവേഷകര്‍ക്ക് വലിയൊരു പങ്കുണ്ട്. ഗവേഷക മനസ്ഥിതി എല്ലായ്പ്പോഴും ആശയക്കുഴപ്പതലത്തില് ആയിരിക്കും. ഈ ആശയക്കുഴപ്പമാണ് പലപ്പോഴും പുതിയ കണ്ടെത്തലുകളുടെ സ്രോതസ്സും. നിലനില്‍ക്കുന്ന അസത്യങ്ങളെയും അര്‍ദ്ധസത്യങ്ങളെയും എതിര്‍ക്കേണ്ടതുണ്ട്. അതിന് തനതായ ഗവേഷണം നടക്കേണ്ടതുണ്ട്. അത് ശാസ്ത്രീയമായിട്ടായിരിക്കണം. അതേ സമയം തന്നെ സബ്ജക്റ്റിവിറ്റിയെ തഴയാനും പാടില്ല. Subjectivity is a source of inspiration, thinking. വളരെ positivistic ആയ ഗവേഷണ മനോഭാവത്തിലൂടെ മാത്രം കണ്ടെത്താവുന്നതല്ല സത്യം.
ആരുടെ നയമാണ് നടപ്പാക്കപ്പെടുന്നത്?
'വികസന' യുഗം കഴിഞ്ഞു എന്നും ഇതൊരു വികസനാനന്തര യുഗമാണ് എന്നും അഭിപ്രായമുണ്ട്. ഈ വിഷയത്തില്‍ ധൈഷണിക തര്‍ക്കവുമുണ്ട്. Arturo Escobarഎന്ന നരവംശ ശാസ്ത്രജ്ഞന്‍ ഇത്തരത്തിലുള്ള ചിന്തകള്‍ പങ്കുവെച്ചിട്ടുണ്ട്. ‘The Era of development is over; now it is the obituary of development.’ വികസനം എന്നത് എല്ലാവരും ഇഷ്ടപ്പെടുകയും ആവശ്യപ്പെടുകയും ചെയ്യുന്ന ഒന്നാണ്. അതില്‍ ഒരു കാര്യം ഗൗരവമായി മനസിലാക്കണം. ദരിദ്രര്‍ ഒരിക്കലും വികസനം വേണം എന്ന് ആവശ്യപ്പെടുകയില്ല. അവരുടെ ആവശ്യം ഭക്ഷണം, ഭൂമി, വിദ്യാഭ്യാസം, മരുന്ന് എന്നിവയാണ്. ദരിദ്രന്റെ അവശ്യ ചോദനയല്ല വികസനം, മറിച്ച് ദരിദ്രരുടെ വികസനം എന്നു പറയുന്നത് മറ്റുള്ളവരുടെ ആവശ്യമാണ്. അങ്ങനെയാണ് വികസനം രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം പ്രത്യേകമൊരു ഡിസിപ്ലിന്‍ ആയി വരുന്നത്. വികസനം എന്നതിെൻറ കേന്ദ്രസ്ഥാനം സര്‍ക്കാരിന് ആയിരുന്നു. സര്‍ക്കാര്‍ എന്നു പറഞ്ഞാല്‍ രാഷ്ട്രീയക്കാര്‍ നയം രൂപീകരിക്കുന്നു, വിദഗ്ദര്‍ കർമ പരിപാടികളും പദ്ധതികളും ഉണ്ടാക്കുന്നു, സിവില്‍ ഉദ്യോഗസ്ഥന്‍മാര്‍, വികസനം നടപ്പാക്കുന്നു. എൻ.ജി.ഒകൾ വികസനത്തെക്കുറിച്ച് പാവങ്ങള്‍ക്കുവേണ്ടിയും സാധാരണക്കാര്‍ക്ക് വേണ്ടിയും സംസാരിക്കുന്നു. ഈ വികസന സാമ്പത്തിക നയ രൂപീകരണത്തില്‍ ദലിത്-ആദിവാസികള്‍ക്ക് ഒരിക്കലും പങ്കാളിത്തം കിട്ടിയിട്ടില്ല. മൃഗസംരക്ഷണ വകുപ്പിെൻറ പരിപാടികള്‍ ആവിഷ്ക്കരിക്കുന്നതിന് മൃഗങ്ങള്‍ക്ക് പ്രാതിനിധ്യം ഇല്ല. അത് ‘നല്ലവരായ’ മനുഷ്യരാണ് ആവിഷ്ക്കരിക്കുന്നത്. ദലിത്- ആദിവാസി വികസന ക്ഷേമ പരിപാടികള്‍ ആവിഷ്ക്കരിക്കുന്നതില്‍ ദലിതര്‍ക്കും ആദിവാസികള്‍ക്കും പങ്കാളിത്തം ഇല്ല. അതിനു വേണ്ടി ‘നല്ലവരായ’ വേറെ ആളുകള്‍ സംസ്ഥാനത്ത് സെക്രട്ടേറിയറ്റിലും ആസൂത്രണ ബോര്‍ഡിലും ഉണ്ട്. അംബേദ്കറുടെ ചിന്ത ഭരണഘടനാ തലത്തിലും സാമൂഹികശാസ്ത്ര തലത്തിലുമായിരുന്നു. വികസന നയ രൂപീകരണ രംഗത്ത് അദ്ദേഹത്തിന് വലിയ പങ്കാളിത്തം ഇല്ലായിരുന്നു. അപ്പോള്‍ ഈ നയ രൂപീകരണ രംഗത്ത് ആരുടെ വിജ്ഞാനമാണോ, ആരുടെ ആശയങ്ങളാണോ ആരുടെ ചിന്തയാണോ സ്വാധീനം ചെലുത്തുന്നത് എന്നത് വളരെ പ്രാധാന്യമർഹിക്കുന്നു.
എന്തുകൊണ്ട് നെഹ്റു, എന്തുകൊണ്ട് അല്ല അംബേദ്കർ

സ്വാതന്ത്ര്യാനന്തരം നാല് വികസന പരിപ്രേക്ഷ്യങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ട്. ഗാന്ധിജിയുടെ, അന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ, ബി.ആര്‍.അംബേദ്കറുടെ, നെഹ്റുവിന്റെ. ഇതില്‍ പുതുമ തീരെ ഇല്ലാതിരുന്നത് നെഹ്റുവിന്റേതായിരുന്നു. ‘ഇന്ത്യയെ കണ്ടെത്തല്‍’ എന്ന പുസ്തകത്തില്‍ പറയുന്നത്, The objective is to catch up with the developed countries എന്നാണ്. ഇവിടത്തെ പ്രശ്നങ്ങള്‍ മനസിലാക്കിയിട്ടല്ല ഇത്തരമൊരു അഭിപ്രായം എന്ന് വ്യക്തം. എന്നിരുന്നാലും നെഹ്റുവിന്റെ
പരിപ്രേക്ഷ്യത്തിനാണ് അംഗീകാരം കിട്ടിയത്. അത് സ്വാഭാവികമാണ്. കാരണം, അധികാരത്തില്‍ നിന്ന് വരുന്ന ആശയത്തിനും വിജ്ഞാനത്തിനുമാണ് അംഗീകാരം ലഭിക്കുക. അറിവും അധികാരവും വേര്‍പെടുത്തി കാണാന്‍ കഴിയില്ല. Michel Foucault സിദ്ധാന്തം ആണത്. നെഹ്റു ദാര്‍ശനികനായ ആളായിരുന്നു. അദ്ദേഹം സാധാരണ രാഷ്ട്രീയക്കാരന്‍ ആയിരുന്നില്ല. മികച്ച രാഷ്ട്രീയ നയതന്ത്രജ്ഞന്‍ ആയിരുന്നു. അതില്‍ സംശയല്ല. പക്ഷേ അംബേദ്കര്‍ക്ക് എന്തുകൊണ്ട് ഇന്ത്യയുടെ വികസന നയ രൂപീകരണത്തെ സ്വാധീനിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് ഇവിടെ പ്രസക്തമായ ചോദ്യം.
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ദലിത്- ആദിവാസി സമൂഹങ്ങൾ TSP/SCP എന്നീ രണ്ട് ഫണ്ടുകളായി അരികുവല്‍ക്കരിക്കപ്പെട്ടു. ഭൂപരിഷ്ക്കരണത്തിന്റെ ഭാഗമായി ഉയര്‍ന്നു വന്ന രണ്ടു വിഭാഗങ്ങളാണ് കുടികിടപ്പ്, പുറംമ്പോക്ക് നിവാസികള്‍. ഇത് പണ്ട് ഇല്ലായിരുന്നു. ഇവരെ സൃഷ്ടിച്ചതാണ്. ഫ്യൂഡൽ യജമാന്മാരില്‍ നിന്ന് രാഷ്ട്രീയ തമ്പുരാക്കന്മാരിലേക്ക് അധികാരം കൈമാറിയപ്പോള്‍ സൃഷ്ടിക്കപ്പെട്ട രണ്ട് വിഭാഗങ്ങളാണ് കുടിയിടപ്പുകാരും പുറമ്പോക്ക് നിവാസികളും. ഫ്യൂഡല്‍ തമ്പുരാക്കന്മാര്‍ തന്നെയാണ് രാഷ്ട്രീയ തമ്പുരാക്കളായത്. അവര്‍ക്കത് കഴിയും. ദലിത് വിഭാഗത്തില്‍ നിന്ന് ഒരു ഇ.എം.എസിന്, അമത്യസെന്നിന് ഉയര്‍ന്നു വരാന്‍ പറ്റില്ല. ഒരു ദലിത് അമര്‍ത്യാസെന്‍ ഒരിക്കലും സാധ്യമല്ല. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്ന എല്ലാവരും propertied classല്‍ നിന്നും കുടുംബങ്ങളില്‍ നിന്നും വന്നവരാണ്. അവര്‍ക്കത് സാധിക്കും.
മാർക്സ് മാനുഷിക ധര്‍മ്മങ്ങളെ രണ്ടായി തിരിക്കുന്നു. ഒന്ന്; അനിമൽ ഫംഗ്ഷൻസ്. ഇതിൽ പൊതുവെ എല്ലാ ജീവജാലങ്ങളിലും നടക്കുന്നതുപോലെ ഉപഭോഗം, സന്താനോൽപാദനം എന്നിവയാണ് ഉണ്ടാകുക. രണ്ടാമത് ധിഷണാപരമായ ധര്‍മ്മം. അത് വളരണമെങ്കില്‍ വായിക്കണം, ചിന്തിക്കണം. അതിന് വേലയൊഴിഞ്ഞ സമയം വേണം. 13- 14 മണിക്കൂര്‍ ജോലി ചെയ്യേണ്ട വ്യക്തികള്‍ക്ക്, അതിന് നിര്‍ബന്ധിതരാവുന്നവര്‍ക്ക് വായിക്കാനും ചിന്തിക്കാനും അവസരം ഇല്ല. അതുകൊണ്ടാണ് ‘Socially necessary labour time’ എന്ന ആശയം മാർക്സ് മുന്നോട്ട് വയ്ക്കുന്നത്. അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളില്‍ നിന്ന് ധൈഷണികരായ ആളുകള്‍ ഉയര്‍ന്നു വന്നിട്ടില്ല. ശാസ്ത്രജ്ഞരായിട്ടില്ല. ഇന്ത്യയില്‍ ദലിത് പ്രസിഡൻറും ദലിത് ചീഫ് ജസ്റ്റിസും ഉണ്ടായി. എന്നാൽ, പ്രമുഖ ശാസ്ത്രജ്ഞൻ ഇല്ല. സാേങ്കതിക വിദഗ്ധൻ ഇല്ല. സർഗാത്മകതയുള്ള എഴുത്തുകാർ ഇല്ല. ആദം സ്മിത്ത് ഇതിനെക്കുറിച്ച് ‘തിയറി ഒാഫ് മോറൽ സെൻറിമെൻറ്സ്’ എന്ന കൃതിയിൽ പറഞ്ഞത് reflect and speculate എന്നാണ്. ഇതുവരെ ചെയ്ത കാര്യങ്ങളെ കുറിച്ച് റിഫ്ലക്റ്റ് ചെയ്യുകയും സ്പെകുലേറ്റ് ചെയ്യുകയും വേണം. അത്തരം വ്യക്തികള്‍ക്കും സാമൂഹിക വിഭാഗങ്ങള്‍ക്കും മാത്രമേ വികസിക്കാനാവൂ. മാർക്സ് വൈരുധ്യാത്മകതയുടെ അര്‍ത്ഥത്തിലാണ് പ്രോപ്പര്‍ട്ടിയെ കണ്ടത്. ഒരാള്‍ക്ക് പ്രോപ്പര്‍ട്ടി വേണമെങ്കില്‍ മറ്റൊരുത്തനെ ദരിദ്രനാക്കണം. എല്ലാവര്‍ക്കും സ്വത്തവകാശം ഭരണഘടനയില്‍ പറയുന്നതാണ്. അതുകൊണ്ട്, സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനം പോലെ സാർവത്രിക സ്വത്തവകാശവും അംഗീകരിക്കപ്പെടണം. കീഴാള വിഭാഗങ്ങള്‍ ഈ ആവശ്യങ്ങള്‍ ഉയര്‍ത്തണം. അത് ഇന്ത്യയില്‍ മാത്രമല്ല, മറ്റു ആഫ്രിക്കന്‍ രാജ്യങ്ങളിലും ഉയർന്നുവരണം.
ജനാധിപത്യത്തില്‍ ജനങ്ങള്‍ മാസ്റ്റേ്സ് ആവുന്നില്ല. തെരഞ്ഞെടുപ്പിലൂടെ ഏകാധിപതികളെ അധികാരത്തിലേറ്റുന്നവരാണ് ജനങ്ങള്‍. ജനം വോട്ടുചെയ്യാനുള്ള മൃഗങ്ങള്‍ മാത്രമായി മാറുന്നു. അവര്‍ക്ക് വോട്ടെ വേണ്ടു. കീഴാള വിഭാഗങ്ങളെയും അങ്ങനെയാണ് കാണുന്നത്. പല മഹാസഭകളും വരുന്നുണ്ട്. അതിലെ നേതാക്കള്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കി സംതൃപ്തിപ്പെടുത്തുന്നു. അപ്പോള്‍ ഈ മഹാസഭ നേതാക്കള്‍ക്കും സുഖം. അവര്‍ക്ക് വേറെ ഒന്നും ചെയ്യേണ്ട കാര്യം ഇല്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സാധാരണ കാണുന്ന അവലോകനം, ദലിത് വോട്ടുകള്‍ എവിടെപ്പോയി, ആദിവാസി വോട്ടുകള്‍ എവിടെപ്പോയി, പിന്നാക്ക വോട്ടുകള്‍ എവിടെപ്പോയി എന്നൊക്കെയാണ്. വോട്ട് എവിടെപ്പോയി എന്നല്ല ചോദ്യം.
ഇന്ത്യ ഒരു കമ്പോള സമ്പദ് വ്യവസ്ഥയാണ്. കമ്പോളം സെക്യുലർ ആണ് എന്നതാണ് അതിന്റെ പ്രത്യേകത. Market is the most secularising social institution എന്ന് ആദ്യം പറഞ്ഞത് മാർക്സും ഏംഗൽസും ആണ്. 1848 ല്‍ എഴുതിയ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ രണ്ട് കാര്യങ്ങള്‍ അടിവരയിടുന്നു. ഒന്ന്, ഉല്‍പാദന ഘടകങ്ങളുടെ പരമാവധി വളര്‍ച്ച ഉണ്ടാകുന്നത് ഒരു കമ്പോള സമ്പദ് വ്യവസ്ഥയിലാണ്. രണ്ട്, market is a secularising institution. നമ്മള്‍ കമ്പോളത്തില്‍ ചെന്നാലും നല്ലൊരു ആശുപത്രിയില്‍ ചെന്നാലും ജാതിയും മതവും ചോദിക്കില്ല. വാങ്ങല്‍ ശേഷി ഉണ്ടോ എന്ന് മാത്രമാണ് കമ്പോളത്തിന് അറിയേണ്ടത്. ഈ വാങ്ങല്‍ ശേഷി മോഷ്ടിച്ച് കിട്ടിയതാണോ ജോലി ചെയ്ത് കിട്ടിയതാണോ എന്ന ചോദ്യം ഇല്ല. പഴയ സമ്പ്രദായത്തില്‍ ഉല്‍പാദകന്റെ സ്വത്വം ആയിരുന്നു പ്രധാനം. ഇന്ന് ഉല്‍പന്നത്തിന്റെ ഗുണമേന്മ ആണ് പ്രധാനം. ഭരണഘടന നിലവില്‍ വന്നശേഷം പരമ്പരാഗത തൊഴില്‍ ചെയ്യണം എന്നില്ല. അവനവെൻറ വൈദഗ്ധ്യത്തിനും കഴിവിനും അനുസരിച്ച് ജോലിചെയ്യാം. ജനിച്ച സ്ഥലത്തു തന്നെ ജീവിക്കണം എന്ന് നിര്‍ബന്ധം ഇല്ല. സ്വന്തം ജാതിയില്‍ നിന്ന് മാത്രമേ വിവാഹം കഴിക്കാന്‍ പറ്റൂ എന്ന് നിര്‍ബന്ധം ഇല്ല.
സ്വപ്നം കാണുന്നവര്‍ക്കേ വളരാന്‍ കഴിയൂ. ആഗ്രഹിക്കുന്നവര്‍ക്കേ പുരോഗമിക്കാന്‍ കഴിയൂ. ദര്‍ശനം വേണം, ആഗ്രഹം വേണം, സ്വപ്നം കാണാന്‍ കഴിയണം. ഇന്നിപ്പോള്‍ ഒരു ദലിതിന് ഏത് വന്‍ നഗരങ്ങളില്‍ വേണമെങ്കിലും ബിസിനസ് നടത്താം. അവരെ പിടിച്ചു നിര്‍ത്തുന്ന ഘടകം സാമ്പത്തിക പരാധീനതയാണ്. ഇനി സമ്പത്തിനുവേണ്ടിയായിരിക്കണം അവകാശം ഉന്നയിക്കുന്നത്. വ്യക്തിക്കാണ് നമ്മുടെ ഭരണഘടന പ്രാധാന്യം കൊടുക്കുന്നത്. രാഷ്ട്രം എന്നത് പൗരന് അതീതമല്ല. ഭരണഘടനയെ സംരക്ഷിക്കുന്നത് ഗവണ്‍മെൻറ് അല്ല, നീതിന്യായമാണ്. വ്യക്തിയുടെ ചിന്തയ്ക്ക് ആരും നിയന്ത്രണം ഏര്‍പ്പെടുത്തരുത്. അത് നിയമ വിരുദ്ധമാണ്. ചിന്തയ്ക്ക് വിഘാതം സൃഷ്ടിക്കരുത്. ഒരു ചിന്ത എന്നു പറയുന്നത് കുറേ കൂടി സംഘര്‍ഷഭരിതമായ അവസ്ഥയില്‍ നിന്നു വരുന്നതാണ്. അത് പരിശീലനത്തില്‍ നിന്ന് വരുന്നതല്ല. കഠിനാധ്വാനം ചെയ്യുന്നതിലും കാര്യമായ അര്‍ത്ഥമില്ല. കാരണം കഠിനാധ്വാനം ചെയ്യുന്നവരാണ് ഏറ്റവും വലിയ ധനികരാകേണ്ടിയിരുന്നത് എങ്കിൽ ആഫ്രോ- അമേരിക്കൻസും ഇന്ത്യയിലെ ദലിതരും ആയിരുന്നു സമ്പന്നരാകേണ്ടത്. 15 - 17 മണിക്കൂർ അവര്‍ കഠിനാധ്വാനം ചെയ്യുന്നു. ഇത്ര കഠിനാധ്വാനത്തിനു പകരം, അതു ലഘൂകരിച്ച് ധാരാളം ഫ്രീ ടൈം കണ്ടെത്തുകയാണ് വേണ്ടത്. നമ്മളില്‍ ഓരോരുത്തരിലും ഒരു ഭ്രാന്തനുണ്ട്, ഒരു ഭ്രാന്തിയുണ്ട്. ആ ഭ്രാന്തനും ഭ്രാന്തിക്കും സ്വതന്ത്രമായിട്ട് വിഹരിക്കാന്‍ കുറച്ച് സമയം കൊടുക്കണം. സര്‍ഗാത്മതയ്ക്കും ചിന്തയ്ക്കും വേണ്ടി വിനിയോഗിക്കാന്‍ സഹായിക്കുന്നത് ഈ സമയമാണ്.

വേണം, കീഴാള ബൗദ്ധിക കൗണ്ടർ കൾചർ
ഇന്ന് വികസനത്തെ പുതിയ പരിപ്രേക്ഷ്യത്തില്‍ കാണേണ്ടതുണ്ട്. ഗവണ്‍മെൻറിന് വികസനം കൊണ്ടുവരേണ്ട അനിവാര്യത ഇല്ല. വികസനവും ക്ഷേമ പ്രവര്‍ത്തനങ്ങളും ഗവണ്‍മെൻറ് നടപ്പിലാക്കിയത് പാര്‍ശ്വവത്ക്കരിക്കപ്പെട്ട സാമൂഹിക വിഭാഗങ്ങളെ ഭയപ്പെടുത്താനാണ്. അതിലൂടെ അവരിങ്ങനെ ഒരു ആശ്രയത്വം സൃഷ്ടിക്കും. സമ്പന്നരുടെ കാര്യത്തില്‍ ഗവണ്‍മെൻറ് എന്തുകൊണ്ട് ഇങ്ങനെ ചെയ്യുന്നില്ല?. മലയാളം മീഡിയം സ്കൂളില്‍ കുട്ടികളെ അയക്കണം അല്ലെങ്കില്‍ ഇംഗ്ലീഷ് പഠിക്കരുത് എന്നൊക്കെ സമ്പന്നരോട് സര്‍ക്കാര്‍ ആവശ്യപ്പെടാറില്ല. അവര്‍ക്ക് സ്വാതന്ത്ര്യം ഉണ്ട്, കാരണം അവര്‍ സമ്പന്നരാണ്. ടാറ്റായും ബിര്‍ളയും തങ്ങള്‍ക്ക് നീതി കിട്ടുന്നില്ല എന്ന് പരാതിപ്പെടാറില്ല. പക്ഷേ പരാതിപ്പെടുന്നത് വാളയാറിലെ അമ്മയാണ്. അവരുടെ മക്കളെ കൊന്നു, അവര്‍ക്ക് നീതി ലഭിക്കുന്നില്ല. അവര്‍ക്ക് നീതി ലഭിക്കാത്തതില്‍ ഒരു അതിശയവും ഇല്ല. നീതി അവര്‍ക്കുള്ളതല്ല. നീതിന്യായ വ്യവസ്ഥപോലും പലപ്പോഴും നീതിയുടെ വ്യവസ്ഥയല്ല; മറിച്ച് ന്യായത്തിന്‍റെ വ്യവസ്ഥയാണ്. ന്യായം നോക്കി തന്റെ മുന്നിലുള്ള വസ്തുതകളെ പരിശോധിച്ച് തീരുമാനം എടുക്കുകയാണ്. കീഴാള വിഭാഗങ്ങള്‍ ഇന്ന് മനസിലാക്കേണ്ട കാര്യമുണ്ട്. അവര്‍ക്ക് കുറേ അധികാരം കിട്ടിയതു കൊണ്ട് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. കൊളോണിയല്‍ കാലഘട്ടത്തില്‍ തുടങ്ങിയതാണ് കീഴാള വിഭാഗങ്ങള്‍ക്ക് അധികാരത്തില്‍ പ്രാതിനിധ്യവും, പങ്കാളിത്തവും. ഭരണഘടന വന്നശേഷം വിവിധ മേഖലകളില്‍ പ്രാതിനിധ്യവും പങ്കാളിത്തവും വ്യാപകമായി. അധികാരവല്‍ക്കരണമോ അധികാരമോ അല്ല ദളിതര്‍ക്ക് വേണ്ടത്. പകരം ശാക്തീകരണമാണ്. ശക്തി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സാമ്പത്തിക ശക്തിയാണ്. പല മത- സാമുദായിക നേതാക്കള്‍ക്കും ഒരു പഞ്ചായത്ത് അംഗത്തിെൻറ അധികാരം ഇല്ല. പക്ഷേ അവരുടെ സാമ്പത്തിക ശക്തി മൂലം ഇന്ത്യന്‍ പ്രസിഡന്റും, മുഖ്യമന്ത്രിമാരും അവരെ ചെന്നുകാണും.
അധികാര വികേന്ദ്രീകരണം എന്ന് പറയുന്നത് ഭരണപരമായ അധികാരത്തിന്റെ
വികേന്ദ്രീകരണമാണ്, ശക്തി സമ്പത്തില്‍ നിന്ന് വരുന്നതാണ്. ഒരു ശക്തനെ എല്ലാവര്‍ക്കും ആവശ്യം ഉണ്ടാകും. ശാരീരിക ശക്തി ആയാലും ഭൗതിക ശക്തി ആയാലും. കീഴാള വിഭാഗങ്ങള്‍ ഇത്തരത്തിലുള്ള ആശയത്തിെൻറ അടിസ്ഥാനത്തില്‍ സാമ്പത്തികമായി ശക്തരാവുക എന്ന പുതിയ പരിപ്രേക്ഷ്യം ഉയര്‍ത്തേണ്ടതുണ്ട്.
‘Atrocities against Dalits' എന്ന പുസ്തകത്തില്‍ നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ വിവരങ്ങള്‍ വെച്ച് എഴുതിയ തൊറാട്ടിന്റെ ഒരു ലേഖനത്തില്‍, ദരിദ്രർക്കെതിരായ അതിക്രമം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതായി പറയുന്നു. ദലിത് വിഭാഗങ്ങളുടെ പ്രാതിനിധ്യവും പങ്കാളിത്തവും വിവിധ തലങ്ങളില്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്ന അവസരത്തിലാണ് അവർക്കെതിരായ അതിക്രമം കൂടുന്നത്. ഏറിയ പങ്കും പൊലീസ് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യാറില്ല. അതിനാല്‍, കേസ് കോടതിയിലും എത്തില്ല. കീഴാളര്‍ക്ക് പങ്കാളിത്തവും പ്രാതിനിധ്യവും ഉള്ള മേഖലകളാണ് സിവിൽ സർവീസ്, പൊലീസ്, സബോർഡിനേറ്റ് ജുഡീഷ്യറി എന്നിവ. എന്നിട്ടും ഒരു മാറ്റവുമുണ്ടാകുന്നില്ല.
ഇന്ന് ആവശ്യം പ്രാതിനിധ്യവും പങ്കാളിത്തവുമല്ല, പകരം ശക്തിയാണ്; സാമ്പത്തികമായ ശക്തി. കൂടുതല്‍ ബിസിനസ്സ്, വ്യവസായ, അക്കാദമിക സംരംഭകര്‍ ഉണ്ടാകണം. മാതാ അമൃതാനന്ദമയിയും വെള്ളാപ്പള്ളി നടേശനും ഒക്കെ ശക്തി ഉള്ളത് അവര്‍ നിയന്ത്രിക്കുന്ന മെഡിക്കല്‍ കോളേജുകള്‍, എന്‍ജിനീയറിംഗ് കോളേജുകള്‍, ബിസിനസ്സ് എന്നിവയിൽ നിന്നാണ്. ശക്തിയെ ശക്തി കൊണ്ട് നേരിടുന്ന പ്രത്യയശാസ്ത്രത്തിന്റെ സാംഗത്യം വര്‍ദ്ധിച്ചു വരികയാണ്. ഈ അര്‍ത്ഥത്തിലായിരിക്കണം നമ്മള്‍ ഇതിനേ കാണേണ്ടത്. ഈയൊരു തത്വശാസ്ത്രപരമായിട്ടുള്ള പരിപ്രേക്ഷ്യം വികസിപ്പിച്ചെടുക്കുന്നതില്‍ ബൗദ്ധികതയ്ക്കു് വലിയ പങ്കുണ്ട്. ഇന്ത്യയില്‍ ഒരു കീഴാള ബൗദ്ധിക കൗണ്ടർ കൾചർ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. അത് പഠിച്ചും, ചിന്തിച്ചും കൊണ്ടായിരിക്കണം. ഇത്തരത്തിലുള്ള ഒരു തത്വം വളര്‍ത്തിയെടുക്കാൻ ഇന്നത്തെ കാലഘട്ടത്തെ ഗവേഷകര്‍ക്കും അവര്‍ നേതൃത്വം കൊടുക്കുന്ന ഗവേഷക കൂട്ടായ്മകള്‍ക്കും, ഗവേഷണ സ്ഥാപനങ്ങള്‍ക്കും കഴിയും എന്നാണ് പ്രതീക്ഷ.
(2020 ജനുവരിയിൽ ആരംഭിച്ച Research Margins എന്ന ഗവേഷക കൂട്ടായ്മ ഉദ്ഘാടനം ചെയ്തു നടത്തിയ മുഖപ്രഭാഷണമാണ് ഈ ലേഖനത്തിന് ആധാരം. ഇതേ മാസം ഡോ.ജോണ്‍ മത്തായി സെൻററില്‍ നടത്തിയ ദേശീയ സെമിനാറിന്റെ ആമുഖ പ്രഭാഷണത്തിലും ഈ പരിപ്രേക്ഷ്യം അവതരിപ്പിച്ചിട്ടുണ്ട്)
എം.കുഞ്ഞാമന്റെ മറ്റ് ലേഖനങ്ങള്‍
ഇ.എം.എസിന്റെ പരിഭാഷയിലാണ് മലയാളത്തില്‍ മാര്‍ക്‌സ് ചോര്‍ന്ന് പോയത്
അസഹിഷ്ണുവായ മാര്‍ക്സ്; അംബേദ്കറിസം, അടുത്ത മതം
വേണം, ഒരു പ്രതി വിജ്ഞാനശാസ്ത്രം
സോഷ്യല്‍ സയിന്റിസ്റ്റ്
C J George
16 Jul 2021, 01:04 PM
"നമ്മളില്‍ ഓരോരുത്തരിലും ഒരു ഭ്രാന്തനുണ്ട്, ഒരു ഭ്രാന്തിയുണ്ട്. ആ ഭ്രാന്തനും ഭ്രാന്തിക്കും സ്വതന്ത്രമായിട്ട് വിഹരിക്കാന്‍ കുറച്ച് സമയം കൊടുക്കണം. സര്‍ഗാത്മതയ്ക്കും ചിന്തയ്ക്കും വേണ്ടി വിനിയോഗിക്കാന്‍ സഹായിക്കുന്നത് ഈ സമയമാണ്. " _കുഞ്ഞാമനിൽ കവിയുണ്ട്. ദാർശനികനുമുണ്ട്. അപഗ്രഥനോന്മുമായ സാമൂഹികചിന്തകനുണ്ട്. ഈ സിദ്ധിവിശേഷങ്ങൾ അദ്ദേഹത്തിതിന്റെ നിരീക്ഷണങ്ങളെ അസാധാരണമാക്കുന്നു. അക്കാദമിക്കുകളെയും ഗവേഷകരെയും പ്രചോദിപ്പിക്കാൻ ശേഷിയുള്ള പ്രസംഗപാഠത്തിന് സ്വതന്ത്രചിന്തയുടെ വെളിച്ചവും തെളിച്ചവും ഏറെ ! എൻ.സി. ഹരിദാസന്റെയും മറ്റും പ്രതികരണങ്ങളുടെ വെളിച്ചത്തിൽ തുടരാലോചനാരൂപത്തിൽ ഈ അന്വേഷണത്തെ മുന്നോട്ടുകൊണ്ടു പോകണം, വിപുലീകരിക്കണം. ട്രൂ കോപ്പി അതിനു ശ്രമിക്കണം.
Sunil. B. Varkala
26 Jul 2020, 09:31 AM
Good
Deepak Raj S
5 Jul 2020, 01:34 PM
Thought provoking and informative.
ഡിക്‌സൺ ഡേവിഡ്
5 Jul 2020, 12:00 PM
ചിന്താധാരകളെ ഉണർത്തുന്ന ലേഖനം. മത്സ്യബന്ധനം ഉപജീവനമാക്കിയ വിഭാഗത്തിന് 'വികസനം' എന്ന പേരിൽ അവരുടെ പൊതു സ്വത്തും (common property) സ്വകാര്യ സ്വത്തും (private property) അന്യാധീനമാകുന്നു. പാർശ്വവൽക്കരിക്കപ്പെട്ടവർ ചിതറിക്കപ്പെടുന്നു പുനരധിവാസമെന്ന പേരിൽ ! ഒടുവിൽ സമുദ്ര മത്സ്യത്തെ പിടിച്ചു ഉൾനാടൻ ജലാശയത്തിൽ പിടിച്ചിട്ടാൽ ഉണ്ടാകുന്ന അവസ്ഥയാണ് ഈ വിഭാഗം ഇന്ന് നേരിടുന്നത്.
Lisha K K
2 Jul 2020, 07:25 AM
മാറ്റം അനിവാര്യമാണ്.theoretical brahmins il നിന്നും theoretical dalit ലേക്ക്..
സരിത
1 Jul 2020, 11:42 PM
ദലിത് ഗവേഷകരുടെ ഉത്തതവാദിത്വ൦ സൂചിപ്പിക്കുന്ന ഈ കുറിപ്പ് വളരെ വിപുലമായിതന്നെ ചർച്ച ചെയ്യപെടേണ്ടതാണ്, എന്തെന്നാൽ തുറന്ന വായനയുടേയു൦ എഴുത്തിൻെറയു൦ പോരായ്മ ദളിത്ഗവേഷകരെ തളർത്തുന്ന ഒന്നാണ്. മഹാനായ Dr. അമ്പേദ്കർ ൻെറ ബുക്കുകൾ പോലു൦ വായിക്കാത്ത ദളിത് ഗവേഷകർ ഇന്നുമുണ്ട്. ഇതിൽ ദളിത് സ൦ര൦ഭകത്വവു൦ സാമ്പത്തിക ശാക്തീകരണവു൦ ഒരു വെല്ലുവിളിയാണ്. ദളിത് സ൦ര൦ഭങ്ങൾ ചെറിയ രീതിയിൽ അങ്ങിങ്ങായി തുടങ്ങാൻ കഴിയുന്നുണ്ടെങ്കിലു൦ സാമ്പത്തിക ശാക്തീകരണ൦ സമയമെടുക്കുന്ന ഒന്നാണ്. എന്നാലു൦ ശക്തതമായി പ്റതീക്ഷിക്കുകയു൦ പിന്തുണക്കുകയു൦ ചെയ്യുന്നു. പല ദളിത് ഗവേഷകരുടേയു൦ മനസ്സിൽ ഉരിത്തിരിയുന്ന ചിന്തകൾ തന്നെയാണ് കുഞ്ഞാമൻ സാർ ഇവിടെ വ്യക്തമാക്കുന്നത്.
Sandhya.C.S
1 Jul 2020, 11:00 PM
പ്രചോദനമേകാൻ കരുത്തുള്ള രചന
രാമചന്ദ്രൻ
1 Jul 2020, 07:34 PM
ചന്ദ്രഭാൻ പ്രസാദ് എന്ന ഒരു JNU ക്കാരൻ ഉണ്ട്. അദ്ദേഹം ദളിത് കാപിറ്റലിസത്തിനു വേണ്ടി വാദിക്കുന്ന ആളാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിനോട് യോജിക്കുവാൻ പറ്റുമോ?
ബാലൻ വി.പി.
1 Jul 2020, 04:36 PM
നിലവിലുള്ള പ്രത്യയശാസ്ത്രങ്ങളൊന്നും കീഴാളവിമോചനത്തിന് ഉതകുന്നതല്ലെന്ന് സ്ഥാപിച്ചുകൊണ്ട് ഡോ.എം.കുഞ്ഞാമൻറെ പ്രഭാഷണം.....'കീഴാള ബൗദ്ധിക കൗണ്ടർ കൾച്ചർ'ആണ് ഇനി വേണ്ടതെന്ന് വ്യക്തമാക്കുന്ന"ശക്തിയെ ശക്തികൊണ്ട് നേരിടണം...."എന്ന തലക്കെട്ടിലുള്ള ലേഖനം ഇന്നത്തെ'ട്രൂകോപ്പി' വായനയെ ഗൗരവമേറിയതാക്കുന്നു.
എം. കുഞ്ഞാമൻ
Jan 26, 2023
10 Minutes Read
പി.ബി. ജിജീഷ്
Jan 24, 2023
8 Minutes Read
പി.ബി. ജിജീഷ്
Nov 26, 2022
20 Minutes Read
എം. കുഞ്ഞാമൻ
Aug 11, 2022
2 Minutes Read
. T.K.Raju
29 Aug 2021, 06:44 PM
ഈ കാലഘട്ടത്തിൽ ദലിതുകൾ കൈക്കൊള്ളേണ്ട സമീപനമാണ് ശ്രീ.കുഞ്ഞാമൻ്റെ ലേഖനത്തിൽ പ്രതിഫലിക്കുന്നത്.ദലിതർ ഇപ്പോഴും പഴയ ചരിത്ര മുഹൂർത്തങ്ങളിൽ മാത്രം കുടുങ്ങി കിടക്കുകയാണ്. ആ മനോഭാവം മാറ്റിയെടുക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. വളരെയേറെ ചിന്തോദ്ദീപകമായ കുറിപ്പ്.