ചർച്ചകളുടെ മറവിൽ തീരുമാനം നീട്ടിക്കൊണ്ടുപോകാൻ കേന്ദ്രം,
പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി കർഷകർ

National Desk

 • ഞായറാഴ്ചയിലെ ചർച്ചയിൽ തീരുമാനമറിയിക്കുന്നതുവരെ 'ഡൽഹി ചലോ' മാർച്ച് നിർത്തിവക്കും. തീരുമാനമായില്ലെങ്കിൽ 21ന് രാവിലെ 11ന് പ്രക്ഷോഭം പുനരാരംഭിക്കും.

 • സമവായചർച്ചയുടെ മറവിൽ പ്രക്ഷോഭം നീട്ടിക്കൊണ്ടുപോകാനും ദുർബലമാക്കാനും നീക്കം. കർഷകരുടെ ആവശ്യങ്ങളിൽ നയപരമായി നിരവധി വിഷയങ്ങളുള്ളതിനാൽ, ഉടൻ തീരുമാനമെടുക്കാനാകില്ലെന്ന കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്റെ പ്രസ്താവന ഇതിന്റെ ഭാഗമാണ്. തെരഞ്ഞെടുപ്പിന്റെ പാശ്ചാത്തലത്തിൽ ചർച്ച തുടരുമെന്നും സമഗ്ര നയതീരുമാനം അനിവാര്യമെന്നും കേന്ദ്രമന്ത്രി പറഞ്ഞത്, തെരഞ്ഞെടുപ്പുതീയതി പ്രഖ്യാപനം വരെ സമയവായത്തിന്റെ പേരിൽ ചർച്ചകൾ നീട്ടാനുള്ള നീക്കമെന്ന് സൂചന.

 • തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതുവരെ തീരുമാനം നീട്ടിക്കൊണ്ടുപോകാനുള്ള നീക്കം അനുവദിക്കില്ലെന്ന് കർഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാൾ.

 • നാഫെഡ്, എൻ.സി.സി.എഫ് തുടങ്ങിയ സഹകരണ സ്ഥാപനങ്ങൾ അഞ്ചു വർഷത്തേക്ക് കർഷകരുമായി കരാറുണ്ടാക്കി മിനിമം താങ്ങുവിലയിൽ ധാന്യങ്ങൾ വാങ്ങാനുള്ള നിർദേശമാണ് ഇന്നലത്തെ ചർച്ചയിൽ കേന്ദ്രമന്ത്രിമാർ മുന്നോട്ടുവച്ചത്. ഇതേക്കുറിച്ച് കർഷകർ, വിദഗ്ധരുമായി ചർച്ചക്കുശേഷം ഇന്നോ നാളെയോ തീരുമാനമറിയിക്കും.

 • കോട്ടൺ കോർപറേഷൻ ഓഫ് ഇന്ത്യ പരുത്തി വാങ്ങാൻ കരാറുണ്ടാക്കുന്ന മാതൃകയിലാണ് നിർദേശമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ.

 • നേരത്തെ കർഷകർ തള്ളിക്കളഞ്ഞ മൂന്ന് കാർഷിക വിരുദ്ധ നിയമങ്ങളിൽ ഉൾപ്പെട്ട കോൺട്രാക്ട് ഫാമിംഗിന്റെ മറ്റൊരു പതിപ്പാണ് പുതിയ നിർദ്ദേശമായി കേന്ദ്രമന്ത്രിസംഘം മുന്നോട്ടുവക്കുന്നതെന്ന് വിമർശനം.

 • ‘ഡൽഹി ചലോ' സമരം തുടരാൻ തീരുമാനിക്കുകയാണെങ്കിൽ, കൂടുതൽ കർഷക സംഘടനകൾ അതിൽ ചേരും. ആദ്യഘട്ട പ്രക്ഷോഭത്തിലെ പ്രമുഖ സംഘടനയായഅ ഭാരതീയ കിസാൻ യൂണിയൻ (ചാരുണി വിഭാഗം) 'ഡൽഹി ചലോ' പ്രക്ഷോഭത്തിൽ ചേരുമെന്ന് അറിയിച്ചു.

 • കർഷകരുടെ കടം എഴുതിത്തള്ളണമെന്ന ആവശ്യത്തിൽ തീരുമാനമായിട്ടില്ലെന്ന് 'ഡൽഹി ചലോ' പ്രക്ഷോഭ നേതാവ് സർവൻ സിങ് പാൻധർ.

 • 'പന്ത് ഇപ്പോൾ കർഷകരുടെ കോർട്ടിലാണ്. ഭാവിയിൽ ചർച്ചക്കുള്ള എല്ലാ വാതിലും തുറന്നുകിടക്കുകയാണ്'- പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ.

 • സംയുക്ത കിസാൻ മോർച്ച പഞ്ചാബിൽ ബി.ജെ.പി നേതാക്കളുടെ വീടുകൾ ഉപരോധിക്കുന്നത് തുടരുന്നു. നാളെ മുതൽ മൂന്നു ദിവസം ഉപരോധം.

 • സംയുക്ത കിസാൻ മോർച്ചയുടെ ആഭിമുഖ്യത്തിൽ 21ന് രാജ്യവ്യാപകമായി ബി.ജെ.പി- എൻ.ഡി.എ എം.പിമാർക്കെതിരെ പ്രതിഷേധം. 2021 ഡിസംബർ 2ന് കർഷക സംഘടനകളുമായി സർക്കറുണ്ടാക്കിയ കരാറുകൾ ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് സമരം.

 • ബുധനാഴ്ച ഡൽഹിയിൽ നടക്കുന്ന സംയുക്ത കിസാൻ മോർച്ച ദേശീയ കോർഡിനേഷൻ യോഗം, പ്രക്ഷോഭത്തിന്റെ ഭാവി പരിപാടി തീരുമാനിക്കും.

 • ഫെബ്രുവരി 20 മുതൽ ഫെബ്രുവരി 22 വരെ പഞ്ചാബിലെ എല്ലാ സംസ്ഥാന ടോൾ പ്ലാസകളും ‘സൗജന്യമാക്കു’മെന്ന് സംയുക്ത കിസാൻ മോർച്ച നേതാവ് ബൽബീർ സിംഗ് രാജേവാൾ.

 • കേന്ദ്ര സർക്കാർ ആവശ്യങ്ങൾ നിറവേറ്റുന്നതുവരെ പഞ്ചാബ് ബിജെപി അധ്യക്ഷൻ സുനിൽ ജാഖറിന്റെ തറവാട്ടുവീടിന് സമീപമുള്ള പ്രതിഷേധം 'പക്ക മോർച്ച' ആക്കി മാറ്റുമെന്ന് ബി കെ യു (ഏക്ത ഉഗ്രഹാൻ).

 • ഭാരതീയ കിസാൻ യൂണിയൻ (ടികായത്) ഫെബ്രുവരി 26-27 തീയ്യതികളിൽ ഹരിദ്വാർ മുതൽ ഗാസിപ്പൂർ വരെ ട്രാക്ടറുകൾ ഹൈവേയിൽ അണിനിരത്തി പ്രക്ഷോഭത്തിൽ പങ്കാളികളാകും.

 • ഹരിയാന ജിന്ദ് ഖട് ഖട് ടോൾ പ്ലാസ ഉപരോധം ആരംഭിച്ചു.

 • 1885- ലെ ടെലിഗ്രാഫ് നിയമപ്രകാരമുള്ള പ്രത്യേക അധികാരങ്ങൾ ഉപയോഗിച്ച്, പഞ്ചാബിലെ പട്യാല, ബതിൻഡ, മുക്ത്‌സർ, മാൻസ, സംഗ്രൂർ, ഫത്തേഗഡ് സാഹിബ് എന്നിവിടങ്ങളിൽ ഫെബ്രുവരി 24 വരെ കേന്ദ്ര സർക്കാർ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു.


Read Previous Updates:

Day 4 | Day 3| Day 2 | Day 1

Comments