കോൺഗ്രസ് തരംഗം പ്രവചിക്കുന്ന ഹരിയാന (Haryana) നിയമസഭാ തെരഞ്ഞെടുപ്പിലെ (Assembly Election) എക്‌സിറ്റ് പോളുകൾ (Exit Poll), അടുത്ത മുഖ്യമന്ത്രി ആര് എന്നതിനെക്കുറിച്ച് ചർച്ച സജീവമാക്കി.
രണ്ടു തവണ മുഖ്യമന്ത്രിയായിരുന്ന സംസ്ഥാനത്തെ ഏറ്റവും പ്രമുഖ കോൺഗ്രസ് നേതാവ് ഭൂപീന്ദർ ഹൂഡയാണ് (Bhupinder Singh Hooda) ഓട്ടത്തിൽ ഏറെ മുന്നിൽ. പുറകെ, സിർസ എം.പിയും കോൺഗ്രസിന്റെ ദലിത് മുഖവുമായ കുമാരി ഷെൽജയും (Selja Kumari) രൺദീപ് സുർജേവാലയുമുണ്ട് (Randeep Singh Surjewala).സീ വോട്ടർ എക്‌സിറ്റ് പോളിൽ, 30.8 ശതമാനം വോട്ടോടെ ഹൂഡയാണ് മുന്നിൽ. 18-24 പ്രായക്കാരിൽ 27.8 ശതമാനവും ഹൂഡയ്‌ക്കൊപ്പമാണ്.
കോൺഗ്രസ് വിജയിക്കുകയാണെങ്കിൽ ആരായിരിക്കും വിജയശിൽപ്പി? ‘ഞാൻ തന്നെ’ എന്നതിൽ ഭൂപീന്ദർ ഹൂഡക്ക് സംശയമില്ല:
'എന്റെ പാർട്ടി അടുത്ത സർക്കാറുണ്ടാക്കും, ഹൈക്കമാൻഡ് അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കും' എന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾക്കുതൊട്ടുപുറകേ ഹൂഡ വിവേക പ്രസ്താവന നടത്തിയെങ്കിലും ഹൈക്കമാൻഡ് തെരഞ്ഞെടുക്കാൻ പോകുന്ന മുഖ്യമന്ത്രി ‘ഞാൻ തന്നെ’ എന്ന ഉറപ്പ് ആ പ്രസ്താവനയ്ക്കു പുറകിലുണ്ട്.
എന്നാൽ, പ്രമുഖ ദലിത് നേതാവും അഞ്ചു തവണ എം.പിയുമായിരുന്ന കുമാരി ഷെൽജയുടെ പേരും അവരുടെ അനുയായികൾ ഉയർത്തുന്നുണ്ട്:
''പാർട്ടിയോട് എനിക്കുള്ള കൂറും എന്റെ അനുഭവസമ്പത്തും ഒരിക്കലും ചോദ്യം ചെയ്യാനാകാത്തതാണ്. ഞാൻ എന്നും കോൺഗ്രസിന്റെ പോരാളിയായിരുന്നു. കോൺഗ്രസ് മുഖ്യമന്ത്രിമാരെ തെരഞ്ഞെടുക്കുക പാർട്ടി ഹൈക്കമാൻഡാണ് എന്ന കാര്യം ഏവർക്കും അറിയാവുന്നതാണ്''- ഹൂഡക്കുള്ള പരോക്ഷ മറുപടിയായി ഷെൽജ പറയുന്നു.
ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പുകാമ്പയിനിൽ ഹൂഡ ക്യാമ്പുമായുള്ള എതിർപ്പിനെതുടർന്ന് വിട്ടുനിന്നിരുന്ന ഷെൽജയും മുഖ്യമന്ത്രിപദത്തിനായി രംഗത്തുണ്ടല്ലോ എന്നു ചോദിച്ചപ്പോൾ, ഹൂഡ പറഞ്ഞത്, രാഷ്ട്രീയത്തിൽ ആർക്കും ആഗ്രഹങ്ങൾ വച്ചുപുലർത്താം എന്നാണ്.
‘‘മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ചില നടപടിക്രമങ്ങളുണ്ട്. എം.എൽ.എമാരുടെ അഭിപ്രായപ്രകാരം ഹൈക്കമാൻഡാണ് അത് തീരുമാനിക്കുക’’- ആഗ്രഹം കൊണ്ടുമാത്രം ഷെൽജക്ക് മുഖ്യമന്ത്രിയാകാനാകില്ല എന്നാണ് ഹൂഡ പറഞ്ഞുവക്കുന്നത്.
2005 മുതൽ 2014 വരെ, രണ്ടു തവണ മുഖ്യമന്ത്രിയായിരുന്നു ഹൂഡ. ജാട്ട് വിഭാഗത്തെ കോൺഗ്രസിനുപുറകിൽ അണിനിരത്തുന്നതിൽ ഹൂഡയുടെ നേതൃത്വത്തിന് വലിയ പങ്കുണ്ട്. നാലു തവണ ജാട്ട് ശക്തികേന്ദ്രമായ റോഹ്തക് പാർലമെന്റ് മണ്ഡലത്തിൽനിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മൂന്നു തവണയും തോൽപ്പിച്ചത് ശക്തനായ ചൗധരി ദേവിലാലിനെ. 1996 മുതൽ 2001 വരെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായി. ഹൈക്കമാൻഡിനുപോലും നിഷേധിക്കാനാകാത്തവിധം ഹരിയാനയിലെ കോൺഗ്രസ് രാഷ്ട്രീയവും സാമുദായിക സമവാക്യങ്ങളും ഉള്ളംകൈയിൽ ഭദ്രമാണ് ഹൂഡയ്ക്ക്.
ഇത്തവണ, സ്ഥാനാർഥിനിർണയത്തിൽ ഹൂഡ പക്ഷം ബുൾഡോസിങ് നടത്തിയെന്നത് വാസ്തവമാണ്. ഹൂഡയും മകനും എം.പിയുമായ ദീപേന്ദർ ഹൂഡയും (Deepender Singh Hooda) ചേർന്നാണ് കാര്യങ്ങളെല്ലാം തീരുമാനിച്ചത്. ജാട്ട് വിഭാഗത്തിന്റെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി ഹൂഡക്ക്, സ്വന്തം വോട്ടുബാങ്കുകൊണ്ടുതന്നെ ജയം ഉറപ്പിക്കാം എന്ന ആത്മവിശ്വാസമുണ്ടായിരുന്നു. അത് കാമ്പയിനിൽ പ്രകടവുമായിരുന്നു.
തന്റെ അടുത്ത അനുയായികൾക്ക് സീറ്റ് നിഷേധിച്ച ഹൂഡയുടെ നടപടിയിൽ പ്രതിഷേധിച്ച് കുമാരി ഷെൽജ പ്രചാരണത്തിൽനിന്ന് വിട്ടുനിന്നിരുന്നു. സപ്തംബർ 12നാണ്, ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേയുടെ ഇടപെടലിടെതുടർന്ന് അവർ തിരിച്ചുവന്നത്. സിർസയിൽനിന്നുള്ള എം.പിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ ഷെൽജയെ ദേശീയ നേതൃത്വത്തിന് എളുപ്പം തള്ളിക്കളയാനാകില്ല. മാത്രമല്ല, അവർക്ക് രാഹുലുമായും പ്രിയങ്കയുമായും അടുത്ത ബന്ധവുമുണ്ട്.
എക്‌സിറ്റ്‌പോൾ ഫലം ഫലിക്കുകയാണെങ്കിൽ, ഒരു ദശകത്തിനുശേഷമുള്ള തിരിച്ചുവരവാകും കോൺഗ്രസിന്റേത്. ആം ആദ്മി പാർട്ടിയുമായുള്ള സഖ്യത്തിന്റെ അഭാവത്തിലും കോൺഗ്രസ് അതിശക്തമായ മത്സരമാണ് കാഴ്ചവച്ചത്. ആപ്പ് 87 സീറ്റിലും സ്ഥാനാർഥികളെ നിർത്തുകയും അരവിന്ദ് കെജ്‌രിവാൾ കാമ്പയിന് എത്തിയിട്ടും ചെറിയ വെല്ലുവിളിപോലും ഉയർത്താനായില്ല.
ബി.ജെ.പി സർക്കാറിനെതിരെ ഇത്തവണ ശക്തമായ ഭരണവിരുദ്ധവികാരമുണ്ടായിരുന്നു. മാർച്ചിൽ മനോഹർ ലാൽ ഖട്ടർ (Manohar Lal Khattar) മന്ത്രിസഭ തകർന്നതിനെതുടർന്ന് സംസ്ഥാനത്ത് ബി.ജെ.പിയുടെ തകർച്ച പൂർണമായി എന്നു പറയാം. തൊട്ടുപുറകേ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ, ബി.ജെ.പി കുത്തകയാക്കി വച്ചിരുന്ന പത്തു സീറ്റിൽ അഞ്ചെണ്ണത്തിൽ കോൺഗ്രസിന് ജയിക്കാനായി.
തൊഴിലില്ലായ്മ, വിലക്കയറ്റം എന്നീ ജനകീയ പ്രശ്‌നങ്ങൾക്കൊപ്പം സംസ്ഥാനത്തെ പ്രബല വിഭാഗമായ കർഷകരുടെ പ്രശ്‌നങ്ങളിലും അവരുടെ സമരങ്ങൾക്കുനേരെയും കേന്ദ്ര- സംസ്ഥാന സർക്കാറുകളും ബി.ജെ.പിയും സ്വീകരിച്ച അടിച്ചമർത്തൽ നയം കടുത്ത രോഷമുണ്ടാക്കിയിരുന്നു. ഇതോടൊപ്പം ഗുസ്തി താരങ്ങളുടെ സമരം കൂടിയായപ്പോൾ ബി.ജെ.പി തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലായി.
ഈ സാഹചര്യങ്ങളെല്ലാം രാഷ്ട്രീയവിവേകത്തോടെ രാഹുൽഗാന്ധിയുടെ നേതൃത്വത്തിന് ഉപയോഗപ്പെടുത്താനായി. ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ (Vinesh Phogat) ജുലാനയിൽ (Julana Assembly constituency) സ്ഥാനാർഥിയാക്കിയ തീരുമാനം രാഹുലിൻേറതായിരുന്നു. അതിലൂടെ, ഹരിയാനക്കുമുഴുവനും, പാർട്ടി സ്ത്രീകളുടെ അവകാശങ്ങൾക്കൊപ്പമാണ് എന്ന സന്ദേശം നൽകാനായി. വിനേഷിന്റെ യോഗങ്ങളിലേക്ക് വൻ ജനക്കൂട്ടമാണെത്തിയത്.