കേരള കോൺഗ്രസുകളുടെ അതിജീവന കോട്ടയം

‘‘യു.ഡി.എഫിനും എൽ.ഡി.എഫിനും ശക്തമായ സ്വാധീനമുള്ള പ്രദേശങ്ങളുള്ള കോട്ടയം ജില്ലയിൽ ഇത്തവണയും കേരള കോൺഗ്രസ് ഗ്രൂപ്പുകളുടെ മുന്നണി ബന്ധങ്ങളാണ് തിരഞ്ഞെടുപ്പ് ഫലങ്ങളെ നിശ്ചയിക്കുക’’- ഡോ. കുട്ടികൃഷ്ണൻ എ.പി. എഴുതുന്ന ഇലക്ഷൻ പരമ്പര തുടരുന്നു.

1964 ഒക്ടോബറിൽ രൂപീകരിച്ച കേരള കോൺഗ്രസിനും അതിന്റെ വിവിധ ഗ്രൂപ്പുകൾക്കും കോട്ടയം ജില്ലയുടെ രാഷ്ട്രീയ സ്വഭാവം നിർണയിക്കുന്നതിൽ നിർണായക സ്ഥാനമാണുള്ളത്. യു.ഡി.എഫിനും എൽ.ഡി.എഫിനും ശക്തമായ സ്വാധീനമുള്ള പ്രദേശങ്ങളുള്ള ജില്ലയിൽ കേരള കോൺഗ്രസ് ഗ്രൂപ്പുകളുടെ മുന്നണി ബന്ധങ്ങളാണ് തിരഞ്ഞെടുപ്പ് ഫലങ്ങളെ നിശ്ചയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കാറ്.

2011- ലെ സെൻസസ് പ്രകാരം ജില്ലയിലെ ജനസംഖ്യ 19.79 ലക്ഷമാണ്. 49.8% ഹിന്ദുക്കളും 43.5% ക്രിസ്ത്യാനികളും 6.4% മുസ്ലികളുമാണ്. ആകെ ജനസംഖ്യയുടെ 7.8% പട്ടികജാതി വിഭാഗവും 1.1% പട്ടികവർഗക്കാരുമാണ്.

ആറ് നഗരസഭകളും 71 ഗ്രാമ പഞ്ചായത്തുകളുമാണുള്ളത്. പാലാ, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂർ, കോട്ടയം, പുതുപ്പള്ളി, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ എന്നീ ഒൻപത് നിയമസഭാ മണ്ഡലങ്ങളിൽ വൈക്കം SC സംവരണമാണ്. 2008- ൽ നടന്ന പുനർനിർണയത്തിനുമുമ്പ് ജില്ലയിൽ പത്തു മണ്ഡലങ്ങളുണ്ടായിരുന്നു. വാഴൂർ 2011- ലെ തിരഞ്ഞെടുപ്പോടുകൂടി ഇല്ലാതായി.

തീവ്ര വോട്ടർപട്ടിക പരിഷ്കാരത്തിന്റെ ഭാഗമായി 2026 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച വോട്ടർപട്ടിക പ്രകാരം 14,98,824 വോട്ടർമാരുണ്ട്.

READ: ചാഞ്ചാട്ട വോട്ടുകളുടെ ഇടുക്കി,
കാർഷിക മേഖലയുടെ വോട്ട്

വയനാട്:
UDF ​പ്രതീക്ഷയും
LDF-ന്റെ ‘പുനരധിവാസ’
സ്വപ്നവും

പത്തനംതിട്ട ജില്ലയിലെ ജയവും തോൽവിയും
ആര് തീരുമാനിക്കും?

രാഷ്ട്രീയ അടിയൊഴുക്കുണ്ടോ, കാസർകോട് ജില്ലയിൽ?


1. പാലാ:
ആവർത്തിക്കുമോ
അട്ടിമറി?

  • ആരൊക്കെയാകും സ്ഥാനാർത്ഥികൾ എന്നതാകും മണ്ഡലത്തിന്റെ റിസൽട്ട് തീരുമാനിക്കുക.

1967 മുതൽ പ്രാബല്യത്തിലുള്ള പാലാ മണ്ഡലം പാലാ നഗരസഭയും ഭരണങ്ങാനം, കടനാട്, കരൂർ, കൊഴുവനാൽ, മീനച്ചിൽ, മേലുകാവ്, മൂന്നിലവ്, മുത്തോലി, രാമപുരം, തലനാട്, തലപ്പലം, എലിക്കുളം പഞ്ചായത്തുകളും ഉൾപ്പെട്ടതാണ്.

1967 മുതൽ 2016 വരെ തുടർച്ചയായി 12 തവണ കേരള കോൺഗ്രസ് നേതാവ് കെ.എം. മാണിയാണ് പാലായെ പ്രതിനിധീകരിച്ചത്. മാണി ആദ്യമായി മന്ത്രിയായത് അടിയന്തരാവസ്ഥയിലെ 1975-77 ലെ സി. അച്യുതമേനോൻ മന്ത്രിസഭയിലാണ്, ധനകാര്യ വകുപ്പ്. 1977-ൽ വീണ്ടും പാലായിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മാണിയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്നാവശ്യപ്പെട്ട് എതിർ സ്ഥാനാർത്ഥി നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി ഫലം അസാധുവായി പ്രഖ്യാപിച്ചപ്പോഴാണ് എ.കെ. ആന്റണി മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്ന കെ.എം. മാണി 1977 ഡിസംബർ 21-ന് രാജിവെച്ചത്. അതിനുപകരം കേരള കോൺഗ്രസിൽനിന്ന് പി.ജെ. ജോസഫ് ആഭ്യന്തര മന്ത്രിയായി. മാണിയുടെ അപ്പീലിൽ വിധി സുപ്രീംകോടതി റദ്ദാക്കി. ഈ പശ്ചാത്തലത്തിൽ പി. ജെ. ജോസഫ് മന്ത്രിസ്ഥാനം രാജിവെക്കുകയും കെ.എം. മാണി 1978 സെപ്റ്റംബർ 16-ന് ആഭ്യന്തര മന്ത്രിയായി തിരികെ പ്രവേശിക്കുകയും ചെയ്തു. ഈ സംഭവത്തിനുശേഷമാണ് പി.ജെ. ജോസഫും കെ.എം. മാണിയും തമ്മിൽ പാർട്ടി പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട് തർക്കമുണ്ടായതും പിളർന്ന് കേരള കോൺഗ്രസ് (മാണി) വിഭാഗമെന്ന പുതിയ പാർട്ടി രൂപികരിച്ചതും.

1980-ലെ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയോടപ്പം കൂടിയ മാണി വിഭാഗം 1980-82 കാലത്ത് ഇ. കെ. നായനാർ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായി. പിന്നീട് യു.ഡി.എഫിലെത്തിയ അദ്ദേഹം വ്യത്യസ്ത കാലഘട്ടത്തിലെ മന്ത്രിസഭകളിൽ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തു.

മാണിയുടെ മരണത്തെതുടർന്ന് നടന്ന 2019-ലെ ഉപതിരഞ്ഞെടുപ്പാണ് പാലായുടെ രാഷ്ട്രീയ ചരിത്രത്തിലെ വഴിത്തിരിവ്. ഇടതുമുന്നണി ഘടക കക്ഷിയായ എൻ സി പിയുടെ സ്ഥാനാർത്ഥി മാണി സി. കാപ്പൻ മാണി ഗ്രൂപ്പിലെ ജോസ് കെ. മാണിക്കെതിരെ അട്ടിമറിജയം നേടി. അതിനുശേഷം യു.ഡി.എഫുമായുള്ള ഭിന്നതയെതുടർന്ന് മാണി ഗ്രൂപ്പ് എൽ ഡി എഫിലേക്കു​പോയി. ഇതോടെ, സിറ്റിംഗ് എം.എൽ.എ മാണി സി. കാപ്പന് മത്സരിക്കാൻ പാലാ മണ്ഡലം ഇടതുമുന്നണി നൽകാത്തതിൽ പ്രതിഷേധിച്ച് മാണി സി. കാപ്പൻ എൻ സി പിയിൽനിന്ന് രാജിവെക്കുകയും യു ഡി എഫിന്റെ ഭാഗമായി പാലായിൽ മത്സരിക്കുകയും ചെയ്തു. 2021- ൽ എല്ലാ കണക്കുകൂട്ടലും തെറ്റിച്ച് അദ്ദേഹം വീണ്ടും വിജയിച്ചു.

2021- ൽ ആകെ പോൾ ചെയ്തത് 1,38,431 വോട്ടാണ്. എൽ ഡി എഫിലെ ജോസ് കെ. മാണിയെ യു ഡി എഫിലെ മാണി സി. കാപ്പൻ 15,378 വോട്ടിന്റെ വ്യത്യാസത്തിലാണ് പരാജയപ്പെടുത്തിയത്.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ  പാലായിൽ   നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ പാലായിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

2025- ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് നേരിയ മുൻതൂക്കം പാലായിലുണ്ട്. 2026- ൽ ആരൊക്കെയാണ് സ്ഥാനാർത്ഥികളാവുക എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ജയ- പരാജയം നിശ്ചയിക്കപ്പെടുക. സംസ്ഥാനത്തുതന്നെ കടുത്ത മത്സരം നടക്കാനിടയുള്ള മണ്ഡലമായി പാലാ മാറുമെന്നുറപ്പാണ്.

2. കടുത്തുരുത്തി:
പ്രവചനാതീതം

  • 2021-ൽ മാണി വിഭാഗം എൽ ഡി എഫ് ഘടകക്ഷിയായതോടെ ഇരു മുന്നണികളും തമ്മിലുള്ള വോട്ടു വ്യത്യാസം നേരിയതായി, മത്സരം പ്രവചനാതീതവും.

1957- ലെ ആദ്യ തിരഞ്ഞെടുപ്പ് മുതൽ നിലവിലുള്ള മണ്ഡലം. കാർഷിക പ്രശ്നങ്ങൾ നിർണ്ണായകം. കത്തോലിക്കാ സഭയ്ക്കും ക്‌നാനായ സമുദായത്തിനും കാര്യമായ സ്വാധീനം. കേരള കോൺഗ്രസ് ശക്തികേന്ദ്രം. വിവിധ കേരള കോൺഗ്രസ് വിഭാഗങ്ങളാണ് ഇരു മുന്നണികളിലും ഘടകകക്ഷികളായി നിന്ന് മത്സരിക്കുന്നത്. യു ഡി എഫിന് മുൻതൂക്കമുള്ള മണ്ഡലത്തിൽ ഏറ്റവും കൂടുതൽ കാലം ജനപ്രതിനിധിയായത് മോൻസ് ജോസഫാണ്. ഇരുമുന്നണികളിലും ഘടകക്ഷിയായി നിന്നുകൊണ്ടാണ് ജോസഫ് വിഭാഗത്തിലെ മോൻസ് ജോസഫ് കടുത്തുരുത്തിയിലെ ജനപ്രതിനിധിയായത്.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ  കടുത്തുരുത്തിയിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ കടുത്തുരുത്തിയിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

ഇടതുമുന്നണിക്ക് ഏറ്റവും കുറവ് വോട്ടു ലഭിച്ച തിരഞ്ഞെടുപ്പായിരുന്നു 2016- ലേത്. കേരള കോൺഗ്രസിലെ മറ്റൊരു ചെറിയ വിഭാഗത്തിലെ സ്റ്റീഫൻ ചാഴിക്കാടൻ 14 ശതമാനത്തിലേറെ വോട്ടു പിടിച്ചതിനെതുടർന്നാണ് എൽ.ഡി.എഫ് വോട്ടുവിഹിതം 25 ശതമാനമായി കുറഞ്ഞത്.

2021-ൽ 1,87,910 വോട്ടർമാരിൽ 1,32,444 പേരാണ് വോട്ട് ചെയ്തത്. ജോസഫ് വിഭാഗത്തിലെ മോൻസ് ജോസഫ് എൽ ഡി എഫിലെ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥി സ്റ്റീഫൻ ജോർജിനെ 4256 വോട്ടിനാണ് പരാജയപ്പെടുത്തിയത്.

2025- ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 13,000 ലേറെ വോട്ടിന്റെ മുൻതൂക്കമുണ്ട്.

2021-ൽ മാണി വിഭാഗം എൽ ഡി എഫ് ഘടകക്ഷിയായതോടെ ഇരു മുന്നണികളും തമ്മിലുള്ള വോട്ടു വ്യത്യാസം നേരിയതായി. എൽ.ഡി.എഫിന് ശക്തരായ സ്ഥാനാർഥിയെ രംഗത്തിറക്കാൻ കഴിഞ്ഞാൽ യു.ഡി.എഫിന് അത്ര സുഗമമായി ജയിക്കാനാകാത്ത സ്ഥിതിയാണ്. അതുകൊണ്ടുതന്നെ പൊതുവെ യു ഡി എഫിന് അനുകൂലമാണെങ്കിലും കടുത്തുരുത്തിയിൽ പ്രവചനാതീതമായിരിക്കും മത്സരം.

3. വൈക്കം:
ജാഗ്രത വേണ്ട
ഇടതുകോട്ട

  • ബി ജെ പി പ്രവർത്തനം ഊർജിതപ്പെടുത്തിയ വർത്തമാന രാഷ്ട്രീയ സാഹചര്യത്തിൽ സ്വന്തം വോട്ട് നഷ്ടപ്പെടാതിരിക്കാൻ ഇടതുമുന്നണി ജാഗ്രത പുലർത്തിയില്ലായെങ്കിൽ അപ്രതീക്ഷിതമായതും സംഭവിച്ചേക്കാം.

വൈക്കം SC സംവരണമാണ്. രണ്ടുതവണയൊഴികെ 1957 മുതൽ സി പി ഐയ്ക്കാണ് ജയം. 1957- ലെ ആദ്യ തിരഞ്ഞെടുപ്പിൽ വൈക്കം സത്യാഗ്രഹ സമരസേനാനിയും എസ് എൻ ട്രസ്റ്റ് ​സെക്രട്ടറിയുമായിരുന്ന കെ. ആർ. നാരായണനും 1991- ൽ കെ. കെ. ബാലകൃഷ്ണനുമാണ് ജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥികൾ. സി പി ഐയിലെ പി. എസ്. ശ്രീനിവാസൻ, എം. കെ. കേശവൻ, പി. കെ. രാഘവൻ, പി. നാരായണൻ, കെ. അജിത് എന്നിവർ മുൻ ജനപ്രതിനിധികളാണ്. ഈ തിരഞ്ഞെടുപ്പ് ചരിത്രം സൂചിപ്പിക്കുന്നത് വൈക്കം ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയാണെന്നതാണ്.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ  വൈക്കത്ത് നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ വൈക്കത്ത് നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

2021- ൽ 1,64,791 വോട്ടർമാരിൽ ആകെ പോൾ ചെയ്തത് 1,34,132 പേരാണ്. സി പി ഐയുടെ സി. കെ. ആശ കോൺഗ്രസിലെ പി ആർ. സോണയെ 29,122 വോട്ടിനാണ് തോൽപ്പിച്ചത്.

ബി ജെ പിക്കും സഖ്യകക്ഷികൾക്കും നാലു ശതമാനത്തിനു താഴെ വോട്ടാണ് 2011വരെ ലഭിച്ചത്. 2016- ബി ഡി ജെ എസ് 28 ശതമാനത്തിലേറെ വോട്ടാണ് നേടിയത്. 2016- ലേതുമായി താരതമ്യം ചെയ്യുമ്പോൾ എൻ.ഡി.എയ്ക്ക് 2021-ൽ വോട്ട് കുറഞ്ഞു.

എൽ ഡി എഫിന് മണ്ഡലത്തിൽ ശരാശരി 50 ശതമാനത്തിനടുത്ത് വോട്ടാണ് 1987 മുതൽ ലഭിക്കുന്നത്. യു ഡി എഫിന്റെ വോട്ടുവിഹിതം 45 ശതമാനത്തിനടുത്താണ്. എങ്കിലും എൻ.ഡി.എയുടെ വോട്ട് വർദ്ധിക്കുന്നതിനനുസരിച്ച് അവരുടെ വോട്ട് കുറയുന്നതായിട്ടാണ് കണ്ടുവരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 7000- ലേറെ വോട്ടിന്റെ ഭൂരിപക്ഷമുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പുകളിൽ യു ഡി എഫി നേക്കാൾ 10 ശതമാനത്തിൽ കൂടുതൽ വോട്ട് ലഭിക്കുന്ന ഇടതുമുന്നണിക്ക് അനുകൂലമായ ജനവിധി ഉറപ്പായും പ്രതീക്ഷിക്കുന്ന സംസ്ഥാനത്തെ മണ്ഡങ്ങളിലൊന്നാണ് വൈക്കം. എങ്കിലും ബി ജെ പി പ്രവർത്തനം ഊർജിതപ്പെടുത്തിയ വർത്തമാന രാഷ്ട്രീയ സാഹചര്യത്തിൽ സ്വന്തം വോട്ട് നഷ്ടപ്പെടാതിരിക്കാൻ ഇടതുമുന്നണി ജാഗ്രത പുലർത്തിയില്ലായെങ്കിൽ അപ്രതീക്ഷിതമായതും വൈക്കത്ത് സംഭവിച്ചേക്കാം.

4. ഏറ്റുമാനൂർ:
എൽ.ഡി.എഫ്
സാധ്യത

  • കഴിഞ്ഞ തിരഞ്ഞെടുപ്പുകളുടെ വോട്ട് പരിശോധിച്ചാൽ, എൻ.ഡി.എ നേടുന്ന അധികം വോട്ടുകൾ യു ഡി എഫ് ക്യാമ്പിനാണ് ക്ഷീണമുണ്ടാക്കുന്നത് എന്നു കാണാം.

1957 മുതൽ പ്രാബല്യത്തിലുള്ള മണ്ഡലത്തിൽ ഏറ്റുമാനൂർ നഗരസഭയും അയ്മനം, ആർപ്പൂക്കര, അതിരമ്പുഴ, കുമരകം, നീണ്ടൂർ, തിരുവാർപ്പ് ഗ്രാമപഞ്ചായത്തുകളുമാണുള്ളത്. ഇരു മുന്നണികളും തമ്മിൽ ശക്തമായ രാഷ്ട്രീയ മത്സരം നടക്കുന്ന മണ്ഡലം. സമീപകാലത്ത് എൽ.ഡി.എഫിനാണ് ജയം. കൂടുതൽ കാലം ജയിച്ചുവന്നത് കേരള കോൺഗസുകാരാണ്.

ഇ. ജെ. ലൂക്കോസ്, തോമസ് ചാഴിക്കാടൻ (1991-2006 വരെ നാലു തവണ), ജോസഫ് ജോർജ് (കോൺഗ്രസ്), പി. പി. വിൽ‌സൺ (സോഷ്യലിസ്റ്റു പാർട്ടി), പി. ബി. ആർ. പിള്ള (ജനതാപാർട്ടി), വൈക്കം വിശ്വൻ (സി പി എം), സുരേഷ് കുറുപ്പ് (സി പി എം) എന്നിവരാണ് 1957 മുതലുള്ള ജനപ്രതിനിധികൾ.

1987- ൽ സ്വതന്ത്രനായി മത്സരിച്ച ജോർജ് ജോസഫ് പൊടിപാറ ഇരു മുന്നണികളെയും പരാജയപ്പെടുത്തി.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ ഏറ്റുമാനൂരിൽ  നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ ഏറ്റുമാനൂരിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

2016- മുതലാണ് എൻ.ഡി.എ മണ്ഡലത്തിൽ സാന്നിധ്യമറിയിച്ച് യു ഡി എഫ് വോട്ട് വിഹിതത്തിൽ വലിയ വിള്ളൽ വീഴ്ത്തി തുടങ്ങിയത്.

2021-ൽ 1,68,266 വോട്ടർമാരിൽ 1,25,387 പേരാണ് വോട്ടു ചെയ്തത്. കേരള കോൺഗ്രസിലെ പ്രിൻസ് ലൂക്കോസിനെ 14,303 വോട്ടിനാണ് സി പി എമ്മിലെ വി.എൻ.വാസവൻ പരാജയപ്പെടുത്തിയത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 2800 ലേറെ വോട്ടിന്റെ മുൻതൂക്കമുണ്ട്.

2011- ൽ നേരിയ ഭൂരിപക്ഷത്തിനാണ് എൽ ഡി എഫ് ജയിച്ചതെങ്കിൽ 2016-ലും 2021-ലും ഇടതുമുന്നണി വലിയ ഭൂരിപക്ഷം നേടി. സമീപകാല തിരഞ്ഞെടുപ്പുകളിൽ ഇരു മുന്നണികൾക്കും ലഭിച്ച വോട്ടു വിഹിതവും ജനപ്രതിനിധിയെന്ന നിലയിലും മന്ത്രിയെന്ന നിലയിലും നിലവിലെ എം എൽ എക്ക് ലഭിക്കുന്ന സ്വീകാര്യതയും പരിഗണിച്ചാൽ 2026- ലും എൽ.ഡി.എഫ് വിജയം ആവർത്തിക്കാനാണ് സാധ്യത. യു ഡി എഫിനെ സംബന്ധിച്ച് മുൻ തിരഞ്ഞെടുപ്പുകളിൽ ജയിച്ച മണ്ഡലമെന്ന നിലയിൽ ഏറ്റുമാനൂർ അവർ പ്രതീക്ഷിക്കുന്ന മണ്ഡലമാണ്. പക്ഷെ കഴിഞ്ഞ തിരഞ്ഞെടുപ്പുകളുടെ വോട്ട് പരിശോധിച്ചാൽ, എൻ.ഡി.എ നേടുന്ന അധികം വോട്ടുകൾ യു ഡി എഫ് ക്യാമ്പിനാണ് ക്ഷീണമുണ്ടാക്കുന്നത് എന്നു കാണാം.

5. കോട്ടയം:
യു.ഡി.എഫിന്
അനുകൂലം

  • യു.ഡി.എഫ് വിജയം പ്രതീക്ഷിക്കുന്ന മണ്ഡലത്തിൽ മുൻ തിരഞ്ഞെടുപ്പുകളിലെ കണക്കുകളും അവർക്കനുകൂലമാണ്.

1957 മുതൽ പ്രാബല്യത്തിലുള്ള നഗര കേന്ദ്രീകൃതമായ മണ്ഡലത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ കോട്ടയം നഗരസഭയും പനച്ചിക്കാട്, വിജയപുരം ഗ്രാമപഞ്ചായത്തുകളുമാണ്.

1957 മുതൽ 1982 വരെ മാറിമാറി പുതിയ ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്ന സ്വഭാവമായിരുന്നു മണ്ഡലത്തിനുണ്ടായിരുന്നത്. കമ്മ്യൂണിസ്റ്റു പാർട്ടിയിലെ കോട്ടയം ഭാസി, എം.പി ഗോവിന്ദൻ നായർ ( കോൺഗ്രസ്), എം.കെ. ജോർജ് (സി പി എം), എം. തോമസ് (സി പി എം), പി.പി. ജോർജ് (സി പി ഐ), കെ.എം. അബ്രഹാം (സി പി എം), എൻ. ശ്രീനിവാസൻ (എസ് ആർ പി) എന്നിവരായിരുന്നു കോട്ടയത്തെ ആദ്യകാല ജനപ്രതിനിധികൾ.

1987- ൽ സി പി എമ്മിലെ ടി.കെ. രാമകൃഷ്ണൻ കോൺഗ്രസിലെ തിരുവഞ്ചൂർ രാധകൃഷ്ണനെ പരാജയപ്പെടുത്തിയശേഷം പിന്നീടുള്ള രണ്ടു തിരഞ്ഞെടുപ്പുകളിലും അദ്ദേഹം കോട്ടയത്ത് വിജയിച്ചു. പിന്നീട് മേഴ്‌സി രവി (കോൺഗ്രസ്), വി.എൻ. വാസവൻ (സി പി എം) എന്നിവരാണ് വിജയച്ചത്. അതിനുശേഷം 2011 മുതൽ തുടർച്ചയായി മൂന്നു തവണ വിജയിച്ചത് തിരുവഞ്ചൂർ രാധാകൃഷ്ണനാണ്.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ കോട്ടയം മണ്ഡലത്തിൽ  നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ കോട്ടയം മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

പൊതുവെ മണ്ഡലത്തിന് ഇടതുപക്ഷ ആഭിമുഖ്യമുണ്ടെങ്കിലും സമീപകാലത്തായി, പ്രത്യേകിച്ച് 2011- ലെ മണ്ഡല പുനർ നിർണയത്തിനുശേഷം, കോൺഗ്രസിനും യു.ഡി.എഫിനും അനുകൂലമായാണ് വിധിയെഴുതുന്നത്.

2021-ൽ മണ്ഡലത്തിലെ 1,65,404 വോട്ടർമാരിൽ 1,23,201 പേരാണ് വോട്ടു ചെയ്തത്. കോൺഗ്രസിലെ തിരുവഞ്ചൂർ രാധകൃഷ്ണൻ സി പി എമ്മിലെ കെ. അനിൽകുമാറിനെ 18,743 വോട്ടിനാണ് തോൽപ്പിച്ചത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 6000- ലേറെ വോട്ടിന്റെ മുൻതൂക്കമുണ്ട്. യു.ഡി.എഫ് വിജയം പ്രതീക്ഷിക്കുന്ന മണ്ഡലത്തിൽ മുൻ തിരഞ്ഞെടുപ്പുകളിലെ കണക്കുകളും അവർക്കനുകൂലമാണ്.

6. പുതുപ്പള്ളി:
ഉറപ്പോടെ
കോൺഗ്രസ്

  • മുൻ തിരഞ്ഞെടുപ്പുകളിൽ യു ഡി എഫിന് ലഭിച്ച ശരാശരി 10 ശതമാനത്തിലേറെയുള്ള വോട്ടുവ്യത്യാസവും മണ്ഡലത്തിലെ ചരിത്രവും പരിശോധിച്ചാൽ യു.ഡി.എഫിന് ഉറപ്പായും വിജയിക്കാൻ സാധിക്കുന്ന മണ്ഡലം.

മ്മൻ ചാണ്ടിയുടെ സ്വന്തം മണ്ഡലം. 1957, 1960 ലെ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിലെ പി.സി. ചെറിയാൻ വിജയിച്ചതിനുശേഷം 1967- ൽ സപ്ത കക്ഷി മുന്നണിയിലെ സി പി എം സ്ഥാനാർത്ഥി ഇ. എം. ജോർജാണ് ജയിച്ചത്. അതിനുശേഷം 1970 മുതൽ ഉമ്മൻചാണ്ടി മരണം വരെ തുടർച്ചയായി 53 വർഷം മണ്ഡലത്തെ പ്രതിനിധീകരിച്ചു. ഈ അപൂർവ റെക്കോർഡാണ് പുതുപ്പള്ളിയ്ക്ക് കേരള രാഷ്ട്രീയത്തിൽ പ്രാധാന്യം നൽകുന്നത്.

യു.ഡി.എഫിന്റെ, പ്രത്യേകിച്ച് കോൺഗ്രസിന്റെ ഉറച്ച കോട്ടയാണ് പുതുപ്പള്ളി. സമീപകാലങ്ങളിൽ ഇടതുമുന്നണിക്ക് ശക്തമായ മത്സരം കാഴ്ചവെക്കാൻ സാധിക്കുന്നുണ്ടങ്കിലും കോൺഗ്രസിന്റെ വിജയത്തെ പ്രതിരോധിക്കാനുള്ള ശേഷിയിലേക്ക് അവ വളർന്നുവന്നിട്ടില്ല.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ പുതുപ്പള്ളിയിൽ   നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ പുതുപ്പള്ളിയിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

2023-ൽ ഉമ്മൻചാണ്ടിയുടെ മരണത്തെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ, അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മൻ വൻ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. യു ഡി എഫ് അനുകൂല സ്വഭാവവും, ഉമ്മൻചാണ്ടിയെന്ന നേതാവിനോടുള്ള വൈകാരിക ബന്ധവും ഒരിക്കൽ കൂടി അടിവരയിടുന്നതായി ഉപതെരഞ്ഞടുപ്പ്പ് ഫലം.

തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 16,000 ലേറെ വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. മുൻ തിരഞ്ഞെടുപ്പുകളിൽ യു ഡി എഫിന് ലഭിച്ച ശരാശരി 10 ശതമാനത്തിലേറെയുള്ള വോട്ടുവ്യത്യാസവും മണ്ഡലത്തിലെ ചരിത്രവും പരിശോധിച്ചാൽ യു.ഡി.എഫിന് ഉറപ്പായും വിജയിക്കാൻ സാധിക്കുന്ന മണ്ഡലം.

7. ചങ്ങനാശ്ശേരി:
എന്തും സംഭവിക്കാം

  • 2026- ലെ നിയമസഭാ തിരെഞ്ഞെടുപ്പിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും ഒരുപോലെ സാധ്യതയുള്ള രാഷ്ട്രീയ സാഹചര്യം.

മാണി ഗ്രൂപ്പിന്റെ ശക്തികേന്ദ്രമായ ചങ്ങനാശ്ശേരിയിൽ ദീർഘകാലമായി യു.ഡി.എഫാണ് ജയിക്കുന്നത്. 1957-ൽ കമ്മ്യൂണിസ്റ്റു പാർട്ടിയിലെ എ. എം. കല്യാണകൃഷ്ണൻ നായരായിരുന്നു വിജയിയെങ്കിലും 1960- ൽ കോൺഗ്രസിലെ എൻ. ഭാസ്കരൻ നായർ ജയിച്ചു. 1967- ൽ വീണ്ടും കമ്മ്യൂണിസ്റ്റു പാർട്ടിയിലെ കെ.ജി. നീലകണ്ഠൻ നമ്പൂതിരിപ്പാട് വിജയിച്ചെങ്കിലും പിന്നീടുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും കേരള കോൺഗ്രസ്സ് നേതാക്കളാണ് വിജയിച്ചത്. രാഷ്ട്രീയ ചരിത്രത്തിൽ ചങ്ങനാശ്ശേരിയെ ഏറ്റവും ശ്രദ്ധേയമാക്കുന്നത് കേരള കോൺഗ്രസ് - മാണി വിഭാഗം നേതാവ് സി.എഫ്. തോമസ് 40 വർഷത്തോളം (1980 മുതൽ 2020-ൽ അദ്ദേഹം മരിക്കുന്നതുവരെ) തുടർച്ചയായി വിജയിച്ചുവെന്നതാണ്.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ  ചങ്ങനാശ്ശേരിയിൽ   നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ ചങ്ങനാശ്ശേരിയിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

സി.എഫ്. തോമസിന്റെ അഭാവവും കേരള കോൺഗ്രസ് (എം) എൽ.ഡി.എഫിൽ ചേർന്നതും കാരണം 2021-ലെ തിരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമായിരുന്നു. എന്നാൽ യു.ഡി.എഫ് ഘടകക്ഷിയായ കേരള കോൺഗ്രസിലെ വി. ജെ. ലാലിയെ 6059 വോട്ടിന് മാണി വിഭാഗത്തിലെ ജോബ് മൈക്കിൾ പരാജയപ്പെടുത്തി.

തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 9,000 ലേറെ വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. ഈ പശ്ചാത്തലത്തിൽ 2026- ലെ നിയമസഭാ തിരെഞ്ഞെടുപ്പിൽ രണ്ടുകൂട്ടർക്കും ഒരുപോലെ സാധ്യതയുള്ള രാഷ്ട്രീയ സാഹചര്യമാണുള്ളത്.

8. കാഞ്ഞിരപ്പള്ളി:
ഇടത് ആഭിമുഖ്യം

  • വലിയ തരത്തിലുള്ള രാഷ്ട്രീയ അടിയൊഴുക്കുകൾ സംഭവിച്ചാലേ എൽ.ഡി.എഫിന് പ്രതികൂല സാഹചര്യമുണ്ടാകൂ.

കാഞ്ഞിരപ്പള്ളി, ചിറക്കടവ്, മണിമല, കങ്ങഴ, കറുകച്ചാൽ, നെടുംകുന്നം, വാഴൂർ, വെള്ളാവൂർ, പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്.

കേരള കോൺഗ്രസ് വിഭാഗങ്ങൾക്ക് ശക്തമായ സ്വാധീനം. ഒരു മുന്നണിയോടും സ്ഥിരമായി ചേർന്നുനിൽക്കാതെ, സാമുദായിക സമവാക്യങ്ങൾക്കും, സ്ഥാനാർത്ഥികളുടെ വ്യക്തിപരമായ സ്വാധീനത്തിനും പ്രാധാന്യം നൽകുന്ന 'ചാഞ്ചാട്ട സ്വഭാവം’. മണ്ഡലത്തിലെ രാഷ്ട്രീയ വിജയം കേരള കോൺഗ്രസിലെ പ്രബല വിഭാഗങ്ങൾ ഏത് മുന്നണിയിൽ നിൽക്കുന്നുവന്നതിനെ ആശ്രയിച്ചാണെന്ന് ചരിത്രം പരിശോധിച്ചാൽ വ്യക്തം.

2011 മുതൽ തുടർച്ചയായി പ്രതിനിധീകരിക്കുന്നത് മാണി ഗ്രൂപ്പിലെ എൻ. ജയരാജാണ്. മാണി വിഭാഗം എൽ ഡി എഫ് ഘടകകക്ഷിയായ 2021- ലെ തിരഞ്ഞെടുപ്പിലാണ് മുൻ തിരഞ്ഞെടുപ്പിലെ 40 ശതമാനത്തിന് താഴെ മാത്രം ലഭിച്ചുകൊണ്ടിരുന്ന വോട്ടുവിഹിതം 43 .8 ശതമാനമായി വർധിപ്പിച്ച് എൻ. ജയരാജൻ 13,703 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചത്. 2006-ൽ എൽ.ഡി.എഫ് സ്വതന്ത്രനായി ജയിച്ച അൽഫോൻസ് കണ്ണന്താനം 2021- ൽ ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിക്കുകയും 21 ശതമാനത്തിലേറെ വോട്ട് നേടുകയും ചെയ്തിരുന്നു.

2011  മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ  കാഞ്ഞിരപ്പള്ളിയിൽ   നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
2011 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ കാഞ്ഞിരപ്പള്ളിയിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 5.000 ലേറെ വോട്ടിന്റെ ഭൂരിപക്ഷമുണ്ട്.

2021- ൽ മുന്നണികൾക്ക് ലഭിച്ച വോട്ടുവിഹിതം പരിശോധിച്ചാൽ 10 ശതമാനത്തോളം വോട്ട് ഇടതുമുന്നണിക്ക് യു.ഡി.എഫിനേക്കാൾ കൂടുതൽ ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വലിയ തരത്തിലുള്ള രാഷ്ട്രീയ അടിയൊഴുക്കുകൾ സംഭവിച്ചാലേ എൽ.ഡി.എഫിന് പ്രതികൂല സാഹചര്യമുണ്ടാകൂ. എന്നാൽ, ഇത്തരമൊരു രാഷ്ട്രീയ സാഹചര്യം ഇതുവരെ പ്രകടമല്ല. ഈ പശ്ചാത്തലത്തിൽ 2026-ലും ഇടതുപക്ഷ ആഭിമുഖ്യം നിലനിർത്താനാണ് ഏറെ സാധ്യത.

9. പൂഞ്ഞാർ:
പി.സി. ജോർജ്ജ്
ഫാക്റ്റർ

  • പി.സി. ജോർജിന്റെ നിലപാട് അടുത്ത തിരഞ്ഞെടുപ്പ് ഫലത്തെ എത്രത്തോളം ബാധിക്കും?

കോട്ടയം, ഇടുക്കി ജില്ലകളുടെ മലയോര പ്രദേശങ്ങളോട് ചേർന്നുകിടക്കുന്ന പൂഞ്ഞാർ പ്രധാനമായും കുടിയേറ്റ ക്രൈസ്തവരുടെയും വിവിധ സമുദായങ്ങളുടെയും സ്വാധീനമുള്ള പ്രദേശമാണ്. 1957- മുതൽ നിലവിലുള്ള മണ്ഡലമാണെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മാറ്റം വന്നിട്ടുണ്ട്. ഈരാറ്റുപേട്ട നഗരസഭ, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, തിടനാട്, എരുമേലി, മുണ്ടക്കയം, പാറത്തോട്, കൂട്ടിക്കൽ, കോരുത്തോട് ഗ്രാമപഞ്ചായത്തുകളുമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ.

കേരള കോൺഗ്രസ് വിഭാഗങ്ങൾക്ക് ശക്തമായ അടിത്തറയുള്ള പ്രദേശമാണെങ്കിലും വിവിധ കേരള കോൺഗ്രസ് ഗ്രൂപ്പുകളിൽ പ്രവർത്തിക്കുകയും സ്ഥിരതയില്ലാത്ത രാഷ്ട്രീയ നിലപാടുകൾ സ്വീകരിച്ചുകൊണ്ടിരിക്കുകയും ചെയ്ത പി.സി. ജോർജ് ആണ് കൂടുതൽ കാലം (1980, 1982, 1996 മുതൽ 2011 വരെ) ജയിച്ചുവന്നത്.

2011  മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികളും പി.സി. ജോർജും പൂഞ്ഞാറിൽ    നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
2011 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികളും പി.സി. ജോർജും പൂഞ്ഞാറിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

2021-ൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായ സെബാസ്റ്റ്യൻ കുളത്തുങ്കൽ (കേരള കോൺഗ്രസ്-എം) 30 ശതമാനം വോട്ടു നേടിയ പി.സി ജോർജിനെ (കേരള ജനപക്ഷം-സെക്യുലർ) 16,817 വോട്ടിനാണ് പരാജയപ്പെടുത്തിയത്. യു.ഡി.എഫ് 24.5 ശതമാനം വോട്ട് നേടി മൂന്നാം സ്ഥാനത്തായി.

തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 12,.000 ലേറെ വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. .

നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത് പി.സി. ജോർജിന്റെ നിലപാട് സ്വാഭാവികമായും 2026- ലെ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്നും പ്രവചനാതീത മത്സരം നടക്കുമെന്നുമാണ്.

2026-ലെ
സാധ്യതകൾ:

മുൻ തിരഞ്ഞെടുപ്പുകളിൽ മുന്നണികൾക്ക് ലഭിച്ച വോട്ടുവിഹിതവും അതാതു മണ്ഡലങ്ങളിലെ ജനപ്രതിനിധികളുടെ പ്രവർത്തനങ്ങളും മറ്റും വിലയിരുത്തിയാൽ കോട്ടയം ജില്ലയിൽ 2026 ലെ ജനവിധി താഴെ സൂചിപ്പിക്കും പ്രകാരമാകാനാണ് സാധ്യത. 2021- ൽ വിജയിച്ച മുന്നണിക്ക് പ്രതികൂലമായി 2026-ൽ വലിയ തരത്തിൽ വോട്ട് മാറിയാൽ സംഭവിക്കാൻ സാധ്യതയുള്ള ജനവിധിയും സൂചിപ്പിച്ചിട്ടുണ്ട്.

മുൻ തെരഞ്ഞെടുപ്പിലെ വോട്ടുവിഹിതം, രാഷ്ട്രീയ പ്രതികരണങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ കോട്ടയം  ജില്ലയിലെ ഒൻപത്   നിയമസഭാ മണ്ഡലങ്ങളിലെ 2026-ലെ സാധ്യതകൾ.
മുൻ തെരഞ്ഞെടുപ്പിലെ വോട്ടുവിഹിതം, രാഷ്ട്രീയ പ്രതികരണങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലയിലെ ഒൻപത് നിയമസഭാ മണ്ഡലങ്ങളിലെ 2026-ലെ സാധ്യതകൾ.

Comments