SOCIAL AUDITING: KERALA POLICE

പൊലീസ് ഭരണകൂടത്തിന്റെ മർദ്ദനോപകരണമാണ് എന്ന തത്വം ആവർത്തിച്ച് പ്രയോഗവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് കേരളത്തിൽ. പോലീസ് എന്ന ഉപകരണത്തെ ഏറ്റവും വിനാശകരമായി ഉപയോഗിച്ച ഭരണകൂടങ്ങളുടെ ചരിത്രം കൂടിയാണ് കേരളത്തിന്റെ അധികാര രാഷ്ട്രീയം പറയുന്നത്. യു.ഡി.എഫ് ഭരിച്ചാലും എൽ.ഡി.എഫ് ഭരിച്ചാലും മാറാത്ത ഒരു സംവിധാനമായി എങ്ങനെയാണ് പൊലീസിനെ മാറ്റിത്തീർത്തതെന്ന് വിശലകനം ചെയ്യുകയാണ് ട്രൂകോപ്പി വെബ്‌സീൻ പാക്കറ്റ് 198. രാധാകൃഷ്ണൻ എം.ജി, എൻ.പി. ചെക്കുട്ടി, ഉമേഷ് വള്ളിക്കുന്ന്, പ്രമോദ് പുഴങ്കര എന്നിവർ എഴുതുന്നു

Truecopy Webzine

പോലീസും വ്യക്തിസ്വാതന്ത്ര്യം സഹജമാകേണ്ട ജനാധിപത്യവും തമ്മിലുള്ള ബന്ധം അടിസ്ഥാനപരമായി സങ്കീർണവും സംഘർഷപൂർണവും ആകുന്നത് എന്തുകൊണ്ടാണ് എന്ന് കേരളത്തിലെ അധികാര രാഷ്ട്രീയത്തെ മുൻനിർത്തി പരിശോധിക്കുകയാണ് രാധാകൃഷ്ണൻ എം.ജി.

‘‘നാട്ടുകാരെ അടിമകളാക്കി ഭരിക്കാൻ ബ്രിട്ടീഷ് കൊളോണിയൽ ഭരണകൂടം 19ാം നൂറ്റാണ്ടിൽ കൊണ്ടുവന്ന ജനാധിപത്യ പൂർവകാലത്തെ പോലീസ് നിയമം ഏറക്കുറെ ഇന്നും അതേപടി തുടരുന്ന ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത്, ഈ സംഘർഷത്തിന് ഗുരുതര സ്വഭാവമുണ്ട്. സ്വാതന്ത്ര്യലബ്ധിക്കുശേഷം സമർപ്പിക്കപ്പെട്ട ഒട്ടേറെ പോലീസ് പരിഷ്കാര നിർദേശങ്ങളിൽ മിക്കതും മാറിമാറി വന്ന സർക്കാറുകളുടെ ഇച്ഛാശക്തിയില്ലായ്മ മൂലം ഇന്നും കടലാസിൽ അവശേഷിക്കുന്നു. പരിഷ്കൃതമായ പോലീസ് സേന തങ്ങളുടെ നിക്ഷിപ്ത താൽപ്പര്യങ്ങൾക്ക് ബുദ്ധിമുട്ടാകുമെന്ന ബോധ്യമാകാം കാരണം’’.

രാധാകൃഷ്ണൻ എം.ജി.
രാധാകൃഷ്ണൻ എം.ജി.

‘‘സമീപകാലത്തായി പോലീസിന്റെ അമിതമായ ബലപ്രയോഗത്തിൽ കുറവുണ്ടായിട്ടുണ്ട്. പഴയകാലത്തുനിന്ന് വ്യത്യസ്തമായി പോലീസിലും ഉന്നതവിദ്യാഭ്യാസം നേടിയവർ ഏറിയതും മനുഷ്യാവകാശം സംബന്ധിച്ച അവബോധം കൂടുതൽ ശക്തമായതും സാമൂഹ്യ മാധ്യമങ്ങൾ അടക്കമുള്ള ബഹുജനമാധ്യമങ്ങളുടെ നിതാന്ത നിരീക്ഷണവുമൊക്കെ ഈ മാറ്റത്തിനു പിന്നിലുണ്ട്. കുറച്ചുകാലം മുമ്പുവരെ പതിവായിരുന്ന ഭീകരമായ ലാത്തിപ്രയോഗങ്ങൾ കുറഞ്ഞു. 2009 മെയ് 17- ന് വലിയതുറയിൽ ആറു പേരുടെ മരണത്തിനും വലിയ വിവാദത്തിനും ഇടയാക്കിയതാണ് കേരളത്തിലെ അവസാന വെടിവെയ്പ്പ്. മറ്റ് വലിയ സംസ്ഥാനങ്ങളെക്കാൾ കസ്റ്റഡി മരണങ്ങളും ഇപ്പോൾ ഇവിടെ കുറവാണ്. പാർലമെന്റിൽ വെച്ച കണക്കുപ്രകാരം 2016 മുതൽ 2024 വരെ കേരളത്തിൽ നടന്നത് 16 കസ്റ്റഡി മരണങ്ങൾ. 2021- ലെ കണക്കനുസരിച്ച് ക്രിമിനൽ കേസുകൾ നേരിടുന്ന പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം 744. പക്ഷേ മുമ്പ് പറഞ്ഞതുപോലെ അമിത ബലപ്രയോഗം കുറഞ്ഞെങ്കിലും പോലീസ് സേനയ്ക്കുള്ളിൽ ജീർണതയും ക്രിമിനൽവൽക്കരണവും ഇന്നത്തെപ്പോലെ മുമ്പൊരിക്കലും ഉണ്ടായിട്ടില്ല’’.
‘‘1956- ൽ കേരളം പിറന്നപ്പോൾ ഒരു വർഷം ആകെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 8500- ഓളമായിരുന്നത് 2023- ൽ 5,84,373 ആയി വളർന്നു. പക്ഷേ സ്റ്റേഷനുകളുടെ എണ്ണം 142- ൽ നിന്ന് 484 ആയും ഉദ്യോഗസ്ഥർ 8500- ൽ നിന്ന് 21,842 ആയും മാത്രമേ വർദ്ധിച്ചിട്ടുള്ളൂ. കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ മാത്രമല്ല ശൈലിയിലുമൊക്കെ വലിയ മാറ്റമുണ്ടായി. ഓരോ സ്റ്റേഷനിലും ശരാശരി 45 ഉദ്യോഗസ്ഥർ, രണ്ട് വാഹനം, ഒരു ഡ്രൈവർ.
ക്രമസമാധാനം, കുറ്റാന്വേഷണം, എസ്കോർട്ട്- പൈലറ്റ് ഡ്യൂട്ടി എന്നിവയൂടെ ചുമതല അടക്കം 24 വില്ലേജുകളുടെ അധികാരമുള്ള മഞ്ചേശ്വരം സ്റ്റേഷനിൽ പോലും അവസ്ഥ അതുതന്നെ. കാലത്തിനൊത്തവിധം പരിഷ്കരിക്കപ്പെടാത്ത പോലീസിൽ കാലത്തിന്നൊത്ത പ്രകടനം പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ലല്ലോ’’.

“അധികാരവും ജനാധിപത്യവും തമ്മിലുള്ള സംഘർഷവും ആര് ഭരിച്ചാലും പോലീസ് മർദ്ദനോപകരണമാണെന്ന തത്വവും ആധുനിക കേരളത്തിൽ ആദ്യം തെളിയിച്ചത് ലോകത്ത് തെരഞ്ഞെടുപ്പിലൂടെ അധികാരമേറിയ ആദ്യ കമ്യൂണിസ്റ്റ് സർക്കാരുകളിൽ ഒന്നായ 1957- ലെ ഇ എം എസ് ഗവൺമെന്റ് ആണെന്നത് ശ്രദ്ധേയം. തലമുറകളായി അധികാരികൾ അടിച്ചമർത്തിയ ജനതയുടെ പ്രതിനിധികൾ ജനാധിപത്യത്തിലൂടെ അധികാരമേറി ചരിത്രം കുറിച്ച സർക്കാർ ആണതെന്നോർക്കുക. മാത്രമല്ല ആ ഐതിഹാസിക മാറ്റം സൂചിപ്പിക്കുന്നതായിരുന്നു ഇ എം എസ് സർക്കാരിന്റെ ആദ്യ നടപടികൾ. രാഷ്ട്രീയ സംഘട്ടനത്തിലുണ്ടായ കൊലപാതകത്തിൽ പ്രതിയായ കോടാകുളങ്ങര വാസുപിള്ള എന്ന സഖാവിന്റെ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെടുകയായിരുന്നു ആ മന്ത്രിസഭയുടെ ആദ്യ തീരുമാനം. അഭ്യർഥിക്കുക മാത്രമല്ല അത് ഇ എം എസ് സർക്കാർ യാഥാർത്ഥ്യമാക്കുകയും ചെയ്തു.’’- ട്രൂകോപ്പി വെബ്‌സീൻ പാക്കറ്റ് 193- ൽ എഴുതിയ ലേഖനത്തിൽ രാധാകൃഷ്ണൻ എം.ജി. വിശദീകരിക്കുന്നു.

യു.ഡി.എഫ്- എൽ.ഡി.എഫ് ഭരണകൂടങ്ങൾ പൊലീസ് സംവിധാനത്തെ എങ്ങനെയാണ് ഉപയോഗിച്ചതും ദുരുപയോഗിച്ചതും എന്ന് പരിശോധിക്കുകയാണ് മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.പി. ചെക്കുട്ടി:
‘‘പൊലീസ് സംവിധാനത്തിന്റെ ഉപയോഗവും ദുരുപയോഗവും സംബന്ധിച്ച ചർച്ചക്കിടയിൽ തന്റെ ഭാഗം ന്യായീകരിക്കാൻ പിണറായി വിജയൻ അറിഞ്ഞോ അറിയാതെയോ കരുണാകരനെ വലിച്ചു കൊണ്ടുവന്നത് ചരിത്രത്തിലെ മറ്റൊരു തമാശയായി കാണണം. കാരണം, ആധുനിക കേരളത്തിന്റെ ചരിത്രത്തിൽ പൊലീസിനെ ഏറ്റവുമധികം ദുരുപയോഗം ചെയ്ത ആഭ്യന്തരമന്ത്രി എന്ന പട്ടം കരുണാകരനിൽ ചാർത്തപ്പെട്ടതാണ്’’.

എൻ.പി. ചെക്കുട്ടി
എൻ.പി. ചെക്കുട്ടി

‘‘ആഭ്യന്തരമന്തി എന്ന നിലയിൽ കരുണാകരന്റെ അനുഭവങ്ങൾ അതിനുശേഷമുള്ള മിക്ക ആഭ്യന്തരമന്ത്രിമാരും ഒരു പാഠമായി കണക്കാക്കിയിരുന്നു എന്നു സംശയിക്കണം. പൊലീസ് ഇരുതല മൂർച്ചയുള്ള വാളാണെന്നും അത് സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ സ്വന്തം ശരീരത്തിൽ തന്നെയാണ് പരിക്കുകൾ കൂടുതൽ വന്നുഭവിക്കുക എന്നും മിക്കയാളുകളും മനസ്സിലാക്കി. പ്രത്യേകിച്ച്, ഇടതുപക്ഷ സർക്കാരുകൾ ഭരിക്കുമ്പോൾ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്ത മന്ത്രിമാർ അത്തരം കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ ചെലുത്തുകയുണ്ടായി. അതിനാൽ എൺപതുകളുടെ ആരംഭത്തിൽ എൽ ഡി എഫ് സംവിധാനം നിലവിൽ വന്ന കാലം മുതൽ അത്തരം മന്ത്രിസഭകളിൽ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്ത രീതി സവിശേഷപഠനം അർഹിക്കുന്നതു തന്നെയാണ്. 1980-ലെ ആദ്യത്തെ ഇ.കെ. നായനാർ മന്ത്രിസഭയുടെ കാലം മുതൽ 2006-2011 കാലത്ത് വി. എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ ആഭ്യന്തരം കൈകാര്യം ചെയ്ത കോടിയേരി ബാലകൃഷ്ണൻ വരെയുള്ള മന്ത്രിമാർ കരുണാകരന്റെ അനുഭവങ്ങളിൽ നിന്ന് ചില പാഠങ്ങൾ ഉൾക്കൊണ്ടിരുന്നു. വലിയ ചതിക്കുഴികളിൽ നിന്ന് അവരിൽ പലരെയും രക്ഷിച്ചതും ഇങ്ങനെയുള്ള മുൻകരുതൽ നടപടികളായിരുന്നു എന്നതും സത്യമാണ്.’’

‘‘1971-ലെ തലശ്ശേരി കലാപം അടിച്ചമർത്താൻ ശക്തമായ നടപടികളാണ് അന്ന് കരുണാകരൻ കൈക്കൊണ്ടത്. അതിനായി പൊലീസിലെ ഏറ്റവും കാര്യപ്രാപ്തിയുള്ള ഉദ്യോഗസ്ഥരെ കണ്ടെത്തി അദ്ദേഹം തലശ്ശേരിയിലേക്കു നിയോഗിച്ചു. അങ്ങനെ തലശ്ശേരിയിൽ ചുമതലയേറ്റ യുവ ഓഫീസറാണ് ഇന്നു ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേശകനായി പ്രവർത്തിക്കുന്ന അജിത് ദോവൽ. അന്ന് കോട്ടയത്തു പ്രവർത്തിച്ച ദോവലിനെ കണ്ടെത്തി വടക്കൻ കേരളത്തിൽ സമാധാന പുനഃസ്ഥാപനത്തിനു നിയോഗിച്ച കരുണാകരന്റെ തന്ത്രങ്ങൾ വിജയം കാണുകയും ചെയ്തു. പൊലീസിലെ രാഷ്ട്രീയ ഇടപെടൽ ഒരു സാമൂഹിക ദുരന്തമായി കേരളത്തിൽ ആദ്യം പ്രത്യക്ഷപ്പെടുന്നത് തലശ്ശേരി കലാപം മുതലാണ്. പിന്നീടുള്ള ഓരോ വർഗീയ കലാപത്തിലും ഇത്തരം താല്പര്യങ്ങൾ പ്രവർത്തിക്കുന്നത് നമുക്ക് സ്പഷ്ടമായി കാണാനും കഴിയും’’.

‘‘പോലീസ് ഭരണത്തെ സംബന്ധിച്ച തർക്കങ്ങളും ഭിന്നതകളുമാണ് കേരളത്തിൽ പല സർക്കാരുകളുടെയും തകർച്ചയ്ക്ക് കാരണമായത് എന്ന കാര്യം ഓർമിക്കപ്പടണം. ജനായത്ത ഭരണത്തിന്റെ തുടക്കം മുതൽ ഇത്തരം അനുഭവങ്ങൾ നമുക്കുണ്ട്. പോലിസിനെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ച് ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റിയിൽ നടന്ന ചൂടുപിടിച്ച ചർച്ചകളെ കുറിച്ച് പിൽക്കാലത്ത് കെ. ദാമോദരൻ താരിഖ് അലിയുമായുള്ള ദീർഘസംഭാഷണത്തിൽ ഓർമിക്കുന്നുണ്ട്. ചന്ദനത്തോപ്പ് വെടിവെപ്പ് പാർട്ടിയിൽ വലിയ ഞെട്ടലുണ്ടാക്കി. ഇടതുസർക്കാരിന്റെ പൊലീസ് തൊഴിലാളികളെയാണ് വെടിവെച്ചുകൊന്നത്. അതിനെ ശക്തിയുക്തം അപലപിക്കണം എന്നായിരുന്നു സംസ്ഥാന കമ്മിറ്റിയിൽ ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടത്. എന്നാൽ സർക്കാരിന്റെ താല്പര്യങ്ങൾക്കും വാദങ്ങൾക്കുമാണ് അവസാനം മുൻതൂക്കം കിട്ടിയത്. അതിനോടു വിയോജിച്ച ദാമോദരനെത്തന്നെ പൊതുയോഗത്തിൽ സർക്കാരിനു അനുകൂലമായി കാര്യങ്ങൾ വിശദീകരിക്കാനായി നിയോഗിച്ചുകൊണ്ട് പാർട്ടി അദ്ദേഹത്തോട് കണക്കു തീർക്കുകയും ചെയ്‌തു’’.

‘‘എന്തുകൊണ്ട് ആഭ്യന്തര ഭരണത്തിന് മുഖ്യമന്ത്രി തന്നെ കോപ്പിട്ടിറങ്ങുന്നു എന്ന ചോദ്യവും ഉന്നയിക്കപ്പെടണം. ആഭ്യന്തരം മറ്റു സാധാരണ വകുപ്പുകളിൽ നിന്ന് വ്യത്യസ്‌തമാണ് എന്നാണ് ഉത്തരം. പൊലീസിനെ വഴിവിട്ട് ഉപയോഗിക്കാനും രാഷ്ട്രീയശത്രുക്കളെ കൈകാര്യം ചെയ്യാനും ഫോൺ ചോർത്തൽ അടക്കമുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നിയമപാലന വകുപ്പിനെ തന്നെ ഉപയോഗിച്ച് നിർബാധം നടത്താനും വകുപ്പിന്റെ മേലുള്ള നിയന്ത്രണം സഹായിക്കും. പാർട്ടികളിൽ ആഭ്യന്തര ജനാധിപത്യവും മന്ത്രിസഭയിൽ കൂട്ടുത്തരവാദിത്വവും നിലനിൽക്കുന്ന അവസരങ്ങളിൽ ഇത്തരം കാര്യങ്ങൾ അങ്ങനെ വ്യാപകമായി നടക്കുന്ന പതിവില്ല. എന്നാൽ പാർട്ടികളിൽ ആഭ്യന്തര തർക്കങ്ങൾ ശക്തമാകുകയും ഓരോ ഗ്രൂപ്പും മറുഭാഗത്തെ എന്തുവില കൊടുത്തും തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്ന കാലത്ത് പോലീസ് നിയന്ത്രണം നിലനില്പിന്റെ ഭാഗമായി മാറുന്നു’’- എൻ.പി. ചെക്കുട്ടി എഴുതുന്നു.

പോലീസ് സ്റ്റേഷനുകളിൽ ജോലി ചെയ്യുന്ന സാധാരണ പൊലീസ് ഉദ്യോഗസ്ഥരുടെ സർവീസ് സ്റ്റോറിയാണ് സീനിയർ സിവിൽ പോലീസ് ഓഫീസറായ ഉമേഷ് വള്ളിക്കുന്ന് എഴുതുന്നത്: ‘‘ചെയ്തുതീർക്കാനാവാത്ത തരം ജോലിബാഹുല്യങ്ങൾ കൊണ്ടും പ്രവചനാതീതമായ തരത്തിൽ ഓരോ ദിവസവും ഡ്യൂട്ടി ചെയ്യേണ്ടി വരുന്നതുകൊണ്ടും ഒരു ജോലിയും കൃത്യമായി ചെയ്തുതീർക്കാൻ സമയം തികയാത്തതുകൊണ്ടും പലതരം ബാഹ്യ / ഉന്നത ഇടപെടലുകൾ കൊണ്ട് കൃത്യമായി ജോലി ചെയ്യാൻ സാധിക്കാതെയും ആത്മനിന്ദയോടെയും ഉൾഭയത്തോടെയുമാണ് പൊലീസ് സ്റ്റേഷനുകളിലെ പോലീസുകാരുടെ ഓരോ ദിവസവും കടന്നുപോവുന്നത്. പൗരരുടെ അവകാശങ്ങളെ കുറിച്ചും നിയമങ്ങളെ കുറിച്ചും കൃത്യമായ ധാരണയുള്ള മനുഷ്യരെയും ക്രിമിനലുകളെയും രാഷ്ട്രീയക്കാരെയും നിസ്സഹായരായ സാധുക്കളെയും ഓരോ ദിവസവും ഡീൽ ചെയ്യേണ്ടത് ഓരോ പോലീസ് സ്റ്റേഷനിലെയും സിവിൽ പോലീസ് ഓഫീസർ മുതൽ സ്റ്റേഷൻ ഹൗസ് ഓഫീസർ വരെയുള്ള ഉദ്യോഗസ്ഥരാണ്. എന്നാൽ അവർ എങ്ങനെ ജോലി ചെയ്യുന്നുവെന്നോ അവർക്ക് ജോലി ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ എന്തെല്ലാമുണ്ട് എന്നോ ഓരോ പോലീസ് സ്റ്റേഷനും പ്രവർത്തിക്കുന്നത് എങ്ങനെയെന്നോ അനുഭവജ്ഞാനമില്ലാത്ത ഉന്നത ഉദ്യോഗസ്ഥരുടെ നിരന്തരമായ ഉത്തരവുകളും പരിഷ്കാരങ്ങളും നടപ്പാക്കേണ്ടതും ആയത് സംബന്ധിച്ച് കൃത്യമായ റിപ്പോർട്ടുകൾ നൽകി അവരെ തൃപ്തരാക്കേണ്ടതും ഇതേ ഉദ്യോഗസ്ഥരാണ്’’.

ഉമേഷ് വള്ളിക്കുന്ന്
ഉമേഷ് വള്ളിക്കുന്ന്

‘‘വലിയ കുറ്റകൃത്യങ്ങൾ അല്ലെങ്കിൽ പലപ്പോഴും കേസ് രജിസ്റ്റർ ചെയ്യുന്നത് ഏറെ സമ്മർദ്ദത്തിനുശേഷമായിരിക്കും. സാധാരണക്കാരുടെ വില പിടിച്ച വസ്തുക്കളുടെ മോഷണം പോലും രജിസ്റ്റർ ചെയ്യപ്പെടാതെ പോകുന്നു പലപ്പോഴും. രജിസ്റ്റർ ചെയ്ത കേസുകളിലാകട്ടെ അന്വേഷണം നടത്താൻ വേണ്ടത്ര ഉദ്യോഗസ്ഥർ ഉണ്ടാവാറില്ല. കുറ്റാന്വേഷണവും ക്രമസമാധാനപാലനവും വേർതിരിച്ച് രണ്ട് വിഭാഗങ്ങളാക്കി പോലീസ് സ്റ്റേഷനിൽ പ്രവർത്തിക്കണമെന്ന് ഒന്നര പതിറ്റാണ്ട് മുമ്പെങ്കിലും നിർദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാൽ ഭൂരിപക്ഷം സ്റ്റേഷനുകളിലും ഇത് കടലാസിൽ മാത്രമാണ്. ഉത്സവപ്പറമ്പിലും സമരമുഖങ്ങളിലും വി.ഐ.പി ഡ്യൂട്ടികളിലും കാണുന്ന അതേ ഉദ്യോഗസ്ഥർ തന്നെയാണ് കുറ്റാന്വേഷണവും നിർവഹിക്കുന്നത്. റോഡിൽ നിൽക്കുന്നവരുടെ എണ്ണം എത്രത്തോളം ഉണ്ടെന്ന് നമ്മൾ കാണുന്നുണ്ട്. അത്തരം ഡ്യൂട്ടികൾക്കിടയിൽ കുറ്റാന്വേഷണത്തിന്റെ പ്രാരംഭ നടപടിയായ കൃത്യസ്ഥല മഹസർ തയ്യാറാക്കാൻ പോലും പലപ്പോഴും ദിവസങ്ങൾ വൈകാറുണ്ട്’’.

‘‘കഞ്ചാവുബീഡി വലിച്ചു എന്ന കുറ്റത്തിനുള്ള 27 (b) of NDPS Act കേസുകളാണ് കൂടുതലായി രജിസ്റ്റർ ചെയ്യുക. ഇതിനുവേണ്ടി കഞ്ചാവ് ബീഡി നിർമ്മിക്കേണ്ട ഗതികേട് വരെ പോലീസുകാർ അനുഭവിക്കുന്നത് കണ്ടിട്ടുണ്ട്. അത് തന്റെ പണിയല്ല എന്നുറപ്പിച്ചു പറയാനുള്ള ധൈര്യമെങ്കിലും വിദ്യാസമ്പന്നരായ ഉദ്യോഗസ്ഥർ കാണിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാറുണ്ട്. പക്ഷേ, അനീതികൾ ഈ സിസ്റ്റത്തിന്റെ ഭാഗമാണെന്നും അത് ചെയ്യാൻ അച്ചടക്കമുള്ള സേനാംഗം എന്ന നിലയിൽ താൻ ബാധ്യസ്ഥനാണെന്നുമുള്ള മിഥ്യാബോധമാണ് ഞാനടക്കമുള്ള പോലീസുകാരിലേക്ക് അടിച്ചേൽപ്പിക്കുന്നത്’’- നീതി തേടി പോലീസ് സ്റ്റേഷനിലെത്തിച്ചേരുന്ന സാധാരണ മനുഷ്യർക്ക്, അവർക്ക് നീതി നൽകേണ്ട പോലീസുകാർക്ക്, മൊത്തത്തിലുള്ള പോലീസ് സംവിധാനത്തിന് എന്താണ് സംഭവിക്കുന്നത് എന്ന് അനുഭവങ്ങളുടെ വെളിച്ചത്തിൽ പരിശോധിക്കുകയാണ് ഉമേഷ് വള്ളിക്കുന്ന്.

പൗരാവകാശങ്ങൾക്കു മുകളിൽ സ്വേച്ഛാധികാരം പ്രയോഗിക്കാൻ അധികാരമുള്ള ഒരു സംഘമാണ് പോലീസ് എന്നത് ഭരണകൂടം വളരെ കൃത്യമായി നിരന്തരം കുത്തിവെക്കുന്ന സാമൂഹ്യബോധമാണ് എന്ന് പ്രമോദ് പുഴങ്കര എഴുതുന്നു: ‘‘പോലീസ് എന്നത് മറ്റേതൊരു ഭരണസംവിധാനം പോലെയും ആകേണ്ട ഒരു ജനാധിപത്യക്രമത്തിൽ അതങ്ങനെയല്ലാതാകുന്നത്, അതങ്ങനെയല്ല എന്ന് നമ്മളെ തോന്നിപ്പിക്കുന്നതുകൊണ്ടാണ്. നിയമവാഴ്ച ഉറപ്പുവരുത്തുന്നതിന് ഒരു സാമൂഹ്യഭരണക്രമത്തിൽ സൃഷ്ടിച്ചിരിക്കുന്ന സംവിധാനങ്ങളിൽ ഒന്ന് മാത്രമാണ് പോലീസ്. എന്നാൽ പോലീസിന് ജനങ്ങളുടെ ശാരീരികവും മാനസികവുമായ സ്വാതന്ത്ര്യങ്ങൾക്കു മുകളിൽ എല്ലാ നിയമവാഴ്ചയെയും ഉല്ലംഘിച്ചുകൊണ്ട് കടന്നുകയറാൻ കഴിയുമെന്ന അവസ്ഥയുണ്ടാക്കുന്നത് ഭരണകൂടം ബോധപൂർവ്വം ചെയ്യുന്നതാണ്’’.

പ്രമോദ് പുഴങ്കര
പ്രമോദ് പുഴങ്കര

‘‘കേരളത്തിലെ പോലീസ് സംവിധാനത്തെക്കുറിച്ചും അതിന്റെ നടത്തിപ്പിനെക്കുറിച്ചും അത് പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന ഭീഷണമായ ജനാധിപത്യ വിരുദ്ധതയെക്കുറിച്ചും ചർച്ച ചെയ്യുമ്പോൾ നാം കാണേണ്ടത് അങ്ങനെ സംഭവിക്കാനുള്ള കാരണങ്ങളിൽ സുപ്രധാനമായത് ഒരു ജനാധിപത്യ സമൂഹം എന്ന നിലയിൽ ഭരണകൂടത്തിന് മേലുള്ള രാഷ്ട്രീയ, സാമൂഹ്യ കണക്കെടുപ്പുകൾക്കും പരിശോധനകൾക്കുമുള്ള ആന്തരികാരോഗ്യം കേരളീയ സമൂഹത്തിൽ നിന്ന് അപായകരമായ വിധം ചോർന്നുപോയി എന്നതാണ്.
എങ്ങനെയാണ് ഇന്ത്യയിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സംഘപരിവാർ രാഷ്ട്രീയം അധികാരത്തിലെത്തുമ്പോൾ അതിനെ സാധ്യമാക്കുന്ന ഒരു വലതുപക്ഷ രാഷ്ട്രീയ ശരീരത്തിന്റെ സ്വഭാവവിശേഷങ്ങളിലേക്ക് ഇന്ത്യയിലെ പൊതുസമൂഹത്തിലെ വലിയൊരു വിഭാഗം ചെന്നെത്തിയത്, സമാനമായ സമഗ്രാധിപത്യ സ്വഭാവങ്ങൾ അധികാരപ്രയോഗത്തിന്റെ കാര്യത്തിൽ പകർത്തുന്ന പിണറായി വിജയനെ സാധ്യമാക്കുന്നൊരു കേരള സമൂഹവും ഉണ്ടാകുന്നുണ്ട്. സർവ്വാധികാരിയും സർവ്വശക്തനും രക്ഷകനുമായ നരേന്ദ്ര മോദിയെന്ന ഫാഷിസ്റ്റ് നേതാവിനെ അവതരിപ്പിക്കുന്ന അതേ ഭാഷയിൽ കേരളത്തിലെ ഭരണ ഇടതുപക്ഷം പിണറായി വിജയനെ അവതരിപ്പിക്കുന്നത് അയാളെ സാധ്യമാക്കുന്ന തരത്തിൽ ജനാധിപത്യാരോഗ്യം നഷ്ടപ്പെട്ടൊരു സമൂഹം രൂപപ്പെട്ടതുകൊണ്ടാണ്. അത് വെറുതെങ്ങനെ രൂപപ്പെടുകയല്ല എന്നും അതിനെ രൂപപ്പെടുത്തന്ന പ്രക്രിയ വളരെ കൃത്യമായി നടക്കുന്നുണ്ടെന്നും തിരിച്ചറിയുകയും അതിന്റെ രാഷ്ട്രീയത്തെയും അധികാരഘടനകളേയും മനസിലാക്കുകയും ചെയ്യുമ്പോൾ അതിനെ നേരിടാനൊരു രാഷ്ട്രീയ ഭാഷയുണ്ട് എന്ന് നമുക്ക് ബോധ്യമാകും. അതൊരു സാധ്യതയാണ്, രാഷ്ട്രീയ സാധ്യതയാണ്, ആ രാഷ്ട്രീയം ജനാധിപത്യ രാഷ്ട്രീയത്തിന്റേതാണ്’’

‘‘പോലീസ് അതിക്രങ്ങളെ ന്യായീകരിക്കേണ്ട ബാധ്യത അതാത് കാലത്തെ രാഷ്ട്രീയ കക്ഷികൾ ഏറ്റെടുക്കുന്നതോടെ അതിനിടയിലൂടെ പോലീസ് സേനയുടെ പൗരാവകാശവിരുദ്ധത നിലനിർത്തപ്പെടുകയാണ്. കേരളത്തിലിപ്പോൾ പോലീസിനെയും പോലീസ് അതിക്രമങ്ങളേയും ഏറ്റവും കൂടുതൽ ന്യായീകരിക്കുന്നത് ഇടതുപക്ഷമാണ്. ഇടതുപക്ഷ നേതൃത്വത്തിലുള്ള സർക്കാർ ഭരിക്കുമ്പോൾ പോലീസിനെ കൂടുതൽ ജനാധിപത്യവത്കരിക്കുകയും നിയമവാഴ്ചയോട് കൂടുതലടുപ്പിക്കുകയും ചെയ്യേണ്ടതിനു പകരം എന്തൊക്കെ ജനാധിപത്യ വിരുദ്ധ സ്വഭാവവിശേഷങ്ങളാണോ പോലീസിനുള്ളത് അതിനെയെല്ലാം വാഴ്ത്തിക്കൊണ്ട് നടക്കേണ്ട ഗതികേടിലാണ് സാധാരണ ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകർ’’.

‘‘കേരളത്തിലെ പലതരം മാഫിയ സംഘങ്ങളുടെ സംരക്ഷകരും ഒരുതരത്തിൽ ഗുണഭോക്താക്കളുമാണ് രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥവൃന്ദവും. ഇതിന്റെ അവിഭാജ്യ ഘടകവും അതിൽത്തന്നെ ഏറ്റവും നിർണ്ണായക കണ്ണിയുമാണ് പോലീസ് വകുപ്പ്. അനധികൃത നിർമ്മാണങ്ങൾ, കൊള്ളപ്പലിശ സംഘങ്ങൾ, അനധികൃത ഖനന പ്രവർത്തനങ്ങൾ, ഗുണ്ടാസംഘങ്ങൾ എന്നിവയിലെല്ലാം പോലീസ് ഒത്താശ നമുക്ക് കാണാനാകും. ഇതിലൊന്നിലും എന്തെങ്കിലും തരത്തിൽ ചോദ്യം ചെയ്യാനോ ഇടപെടാനോ കഴിയാത്ത വിധത്തിൽ പൊതുസമൂഹത്തെ പുറത്തുനിർത്തിക്കൊണ്ടാണ് കേരളത്തിൽ ‘പോലീസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ വിടുന്ന’ പിണറായി സർക്കാരിന്റെ പോലീസ് നയം നടപ്പാക്കുന്നതെന്നും പ്രമോദ് പുഴങ്കര വിശദീകരിക്കുന്നു.

Comments