ആശാ വർക്കർമാരുടെ സമരത്തെക്കുറിച്ച് എനിക്കും ആദ്യം സംശയങ്ങളുണ്ടായിരുന്നു. പ്രത്യേകിച്ച് സുരേഷ് ഗോപി ചെന്നപ്പോഴൊക്കെ. അത് ഞാൻ ഫേസ്ബുക്കിൽ പ്രകടിപ്പിക്കുകയും ചെയ്തു. പക്ഷെ, അതിനുശേഷം കൃത്യമായ വിവരങ്ങൾ കിട്ടി. ഗോപി ചെന്നത് മഴയായിരുന്നപ്പോൾ കുടയും കൊണ്ടാണ്. സെൻട്രൽമിനിസ്ട്രിയിൽ ഈ വിഷയം അവതരിപ്പിക്കാമെന്ന് പ്രോമിസ് ചെയ്ത് പോയി. പിന്നെ അറിഞ്ഞത്, സെന്റർ തരേണ്ട തുക- മുഴുവനും ഒന്ന് ഒരിടത്തുകണ്ടു, 95 ശതമാനം എന്ന് വേരൊടിത്ത് കണ്ടു- ഏതായാലും കേരള ഗവൺമെന്റിന് കിട്ടിക്കഴിഞ്ഞിട്ടുണ്ട്. അപ്പോൾ അത് പറയുന്നത് ശരിയേയല്ല. സെൻട്രലിന് എതിരായിട്ടല്ല, കേരള ഗവൺമെന്റിനെതിരെയാണ് സമരം എന്നതിൽ തെറ്റില്ല. പക്ഷെ, അതേസമയം, സെൻട്രൽ ഗവൺമെന്റിന്റെ കാര്യം കൂടി അവർ പറയേണ്ടതാണ്. പറഞ്ഞിട്ടില്ലെങ്കിൽ, ഞാനത് നേരിട്ടൊന്നും കണ്ടിട്ടില്ല, അവർ അത് തീർച്ചയായും പറയേണ്ടതാണ്. ഞാൻ കണ്ട ഒന്നുരണ്ട് ഇന്റർവ്യൂകളിൽ ആശാ വർക്കർമാർ ആ കാര്യം പറയുന്നുമുണ്ട്. സെന്ററിന്റെയും സ്‌റ്റേറ്റിന്റെയും ഒരുത്തരവാദിത്തമാണെന്നുള്ളത്.
രണ്ടാമത് പറയേണ്ട കാര്യം, ആശാ വർക്കർ തുടങ്ങയത് ഒരുതരം അസിസ്റ്റന്റ്‌സ് പോലെയൊക്കെയാണ്. പിന്നീട് അവർക്കൊരുപാട് ചുമതലകൾ, ജോലികളൊക്കെ വളരെ കൂട്ടിയിട്ടുണ്ട്. അതിനനുസരിച്ചുള്ള വേതനവർധനവ് വെറും നീതിയാണ്, അത് ആരു ചോദിച്ചാലും. SUCI ആകട്ടെ, കോൺഗ്രസ് ആകട്ടെ, മറ്റ് പാർട്ടികളോ യൂണിയനുകളോ ആകട്ടെ, ആര് ചോദിച്ചാലും അതിലൊരു വെറും നീതിയുണ്ട്.

ആദ്യം തുടങ്ങിയതുപോലെയല്ല ആശാ വർക്കർമാരുടെ ഇന്നത്തെ ഡ്യൂട്ടി. ഒരുപാട് ഡ്യൂട്ടിയുണ്ട്, ഒരുപാട് ജോലിയുണ്ട്. അതുകൊണ്ടുമാത്രം കഴിയുന്ന ആളുകളുണ്ട്. അതുകൊണ്ട് അവർക്ക് അവകാശപ്പെട്ടത് കൊടുക്കുക എന്നത് തൊഴിലാളികളുടെ കൂടെ നിൽക്കുന്നു എന്നവകാശപ്പെടുന്ന ഒരു പാർട്ടിയുടെ, അല്ലെങ്കിൽ ആ പാർട്ടിയുടെ ഗവൺമെന്റിന്റെ ഒരു പ്രധാനപ്പെട്ട ചുമതലയാണ്.
Read: ASHA വർക്കർമാരുടെ
തൊഴിലാളി വിരുദ്ധമായ തൊഴിലിടത്തെക്കുറിച്ച്
ഇടതുസർക്കാറിന് എന്തു പറയാനുണ്ട്?
നമ്മളെല്ലാം വർഗത്തിൽ കൂടി കാണാൻ ശീലിച്ചവരോ ശീലിപ്പിക്കപ്പെട്ടവരോ ആണ്. അത് ശരിയല്ലെങ്കിൽ പോലും. കാരണം, വർഗം മാത്രമല്ല, വർഗം, ജാതി, ലിംഗം, വർണം ഇതൊക്കെത്തന്നെ, നിറം പോലും, ഇതെല്ലാം നമ്മുടെ സമൂഹത്തിൽ ഹൈറാർക്കികൾ, ശ്രേണീക്രമങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇതെല്ലാം ഒരേപോലെ പ്രധാനമാണെന്ന് കരുതുന്ന ഒരാളാണ് ഞാൻ. ഏതായാലും വർഗം ആണ് പ്രധാനം എന്ന് കരുതുന്നെങ്കിൽ ഈ ആശാ വർക്കർമാരെ ഏത് വർഗത്തിലാണ് പെടുത്തേണ്ടത്? അവരുടെ ഇന്നത്തെ ശമ്പളമൊക്കെ വച്ച് നോക്കുകയാണെങ്കിൽ, കേരളത്തിന്റെ സാമൂഹികാവസ്ഥയും സാമ്പത്തികാവസ്ഥയും വെച്ച് വളരെ താഴ്ന്ന തലത്തിലുള്ള മനുഷ്യരാണ്, മനുഷ്യർ എന്നുതന്നെ ഞാൻ പറയട്ടെ. അതുകൊണ്ട് അവരെ സഹായിക്കുക, അവരുടെ നിവേദനം കേൾക്കുക, ചുരുങ്ങിയത് അവരെ തെറി പറയാതിരിക്കുക, ഏറ്റവും മോശമായ ഭാഷയിൽ, എളമരം കരീമിന്റെയൊക്കെ ഭാഷ കേട്ടാൽ ഒരു മനുഷ്യന് സഹിക്കാൻ പറ്റില്ല. സ്ത്രീകളായതുകൊണ്ടുമാത്രം അവരെ ചീത്ത പറയുക. ഇത്തരം വൃത്തികെട്ട ഭാഷ ഉപയോഗിക്കുന്ന വൃത്തികെട്ട മനുഷ്യർ ഉള്ളിടത്തോളം കാലം നമുക്ക് കമ്യൂണിസമുണ്ടാകില്ല, വർഗസമരമുണ്ടാകില്ല, വർഗ സഹാനുഭൂതിയുണ്ടാകില്ല. അതുകൊണ്ട് ചുരുങ്ങിയത് മര്യാദയ്ക്ക് സംസാരിക്കാൻ പഠിക്കുക, ഒരു ഒത്തുതീർപ്പിന് ശ്രമിക്കുക. ഈ കാര്യങ്ങൾ വളരെ ആവശ്യമാണ്.

ഒരു പാർട്ടി എന്നു പറഞ്ഞാൽ, പാർട്ടിയുടെ അടിമയാകേണ്ട കാര്യമില്ല. പാർട്ടിക്കും മീതെയാണ് വ്യക്തികൾ, അവർക്ക് സ്വന്തമായ ചിന്താശക്തിയുണ്ട്. ഇത്തരം സമയങ്ങളിലെങ്കിലും പാർട്ടിക്ക് അതീതമായി വർഗത്തിന്റെ അടിസ്ഥാനത്തിലോ ലിംഗത്തിന്റെ അടിസ്ഥാനത്തിലോ- എപ്പോഴാണ് അങ്ങനെ ചിന്തിക്കേണ്ടത്, അങ്ങനെയൊക്കെ ചിന്തിക്കാൻ കൂടി ശീലിക്കേണ്ടതുണ്ട്. അതുകൊണ്ട് ആശാ വർക്കർമാരുടെ സമരത്തോട് നൂറു ശതമാനം അനുഭാവമാണ് എനിക്കുണ്ടായിരുന്നത്, ഇപ്പോഴും ഉള്ളതും. അതിൽ യാതൊരു മാറ്റവുമില്ല.
ഇത് പറഞ്ഞതുകൊണ്ട് സാഹിത്യ അക്കാദമി പ്രസിസന്റായി തുടരുന്നില്ല എങ്കിൽ എനിക്ക് വലിയ സന്തോഷമേയുള്ളൂ. കാരണം, എനിക്ക് ഒട്ടും താൽപര്യമില്ലാതിരുന്നു, നിർബന്ധിച്ച് എന്നെക്കൊണ്ട് ഏറ്റെടുപ്പിച്ച കാര്യമാണ്. അതുകൊണ്ട് പ്രത്യേക താൽപര്യമൊന്നുമില്ല, ഏതു നിമിഷവും പോകാൻ തയാറായിട്ടാണ് ആദ്യത്തെ ദിവസം മുതൽ ഞാൻ വന്നത്. ആദ്യത്തെ ദിവസം തന്നെ ഞാൻ ചെയ്ത കാര്യം എല്ലാവർക്കും അറിയാം. അത് ഗവൺമെന്റിന് അനുകൂലമല്ലാത്ത ഒരു കാര്യമായിരുന്നു. അതുകൊണ്ട് അത്തരത്തിലുള്ള ഒരു ഭയമോ, ജീവിതത്തിലൊരിക്കലും അങ്ങനെ ഭയം അറിഞ്ഞിട്ടില്ലാത്ത ഒരാളാണ്, കുട്ടിക്കാലത്ത് ചില പേടികളൊഴിച്ചാൽ, അങ്ങനെയുള്ള ഭയങ്ങൾ ഒരിക്കലും കാണിച്ചിട്ടില്ല. ഞാൻ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. കേസ് എനിക്കെതിരെയുണ്ടായിട്ടുണ്ട്. അത് സോ കോൾഡ് കമ്യൂണിസ്റ്റ് ഭരണകാലത്തുതന്നെയാണ്. അതുകൊണ്ട് അത്തരത്തിലുള്ള ഭയങ്ങളൊന്നും എന്നെ ഒട്ടും ബാധിക്കുന്നില്ല.

ഇപ്പോൾ 78 വയസ്സായി. ഇനി മരിക്കാനും അൽപ്പം പോലും ഭയമില്ല. അതുകൊണ്ട് അങ്ങനെയൊന്നും പറഞ്ഞ് പേടിപ്പിക്കാനോ പിന്തിരിപ്പിക്കാനോ നോക്കേണ്ട. ഞാൻ സത്യത്തിന്റെയും നീതിയുടെയും കൂടെ നിൽക്കും, അങ്ങനെ നിന്നിട്ടുണ്ട്. അങ്ങനെ മാത്രമേ നിന്നിട്ടുള്ളൂ. എന്റെ പേഴ്‌സണൽ ലൈഫിലും ഞാൻ ആ ശുദ്ധി കീപ്പ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് എനിക്ക് ഒരുതരത്തിലുമുള്ള പേടിയുമില്ല. ഏത് പാർട്ടിയായാലും ഏത് വിഭാഗമായാലും ഞാൻ പറയേണ്ടത് ഞാൻ പറഞ്ഞുകൊണ്ടേയിരിക്കും. പറഞ്ഞുകൊണ്ടിരുന്നിട്ടുമുണ്ട്. പ്രസിഡന്റായപ്പോഴും അതിനുമുമ്പും ശേഷവുമെല്ലാം പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ നമ്മൾ നീതിയുടെ ഭാഗത്ത് നിൽക്കുന്ന നിലപാട് എടുക്കണം. അതാണ് എനിക്ക് പൊതുവായിട്ട്, ഇത്തരത്തിലൊരു ഫോറത്തിൽ എനിക്ക് പറയാനുള്ളത്. അത് വർഗീയ വിദ്വേഷത്തിന്റെ കാര്യമായാലും ശരി, ഈ തരത്തിലുള്ള തൊഴിലാളികളുടെ വേതനത്തിന്റെ കാര്യമായാലും ശരി, ശരി എവിടെയാണ്, സത്യം എവിടെയാണ് എന്ന് അന്വേഷിക്കുകയെങ്കിലും വേണം.
Read: ആശാ വർക്കർ സമരവും
CPM- CITU പരിഹാസങ്ങളും
പാർട്ടി അല്ലെങ്കിൽ പാർട്ടിപത്രം പറയുന്നത് കേൾക്കരുത്. ഏത് പാർട്ടിയുടേതായാലും, ഞാൻ ഒരു പാർട്ടിയെപ്പറ്റിയല്ല പറയുന്നത്, ഏത് പാർട്ടിയുടേതായാലും പാർട്ടിപത്രം കേട്ട് അതാണ് ശരി എന്ന് വിചാരിക്കരുത്, അത് ശരിയല്ല എന്ന് തെളിഞ്ഞുകഴിഞ്ഞിട്ടുണ്ട്. ഒരുപാട് കൃത്യമായ വാർത്തകൾ ഇതിനെക്കുറിച്ച് വന്നുകഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് നമ്മൾ വളരെ ആലോചിച്ച്, നീതിയുടെ പക്ഷം ഏതാണെന്നുമാത്രം ആലോചിച്ച് നിലപാട് എടുക്കണമെന്നാണ് എന്റെയൊരു അഭിപ്രായവും അതിനെയാണ് ഞാൻ എല്ലാക്കാലത്തും പിന്തുടരാൻ പോകുന്നതും പിന്തുടർന്ന് പോന്നിട്ടുള്ളതും.
Read: ചില്ലുമേടയിലിരുന്ന് കല്ലെറിയുന്നവരോട് – ആശാവർക്കർമാരുടെ സമരത്തെപ്പറ്റി