പ്രാണൻ നിറച്ച പാട്ടുകൾ

‘‘ഇതുവരെ കാണാത്തൊരാൾ, കാതങ്ങൾ ദൂരെ നിന്നൊരാൾ, ഫോൺകോളിലൂടെ ഒരു പാട്ട് ആവശ്യപ്പെടുന്നു. നമുക്കേറ്റവും പ്രിയപ്പെട്ട പാട്ട്. അയാളെ നമ്മളോ, നമ്മളെ അയാളോ അറിയുന്നില്ല. രണ്ട് ദിക്കിൽ ഒരു പാട്ടുപെട്ടിയോരത്ത് നമ്മൾ ഒരേ പ്രിയഗീതം കേൾക്കുന്നു…’; ആനന്ദ് ഗംഗൻ എഴുതുന്ന പരമ്പര- 90’s Nostalgia- തുടരുന്നു.

90’s Nostalgia
ഓടിയോടി
പകുതിയെത്തിയവരുടെ
ഓർമോപനിഷത്ത്:
അഞ്ചാം വഴി



രോ പ്ലേ ലിസ്റ്റും ഓരോ പ്രിസ്ക്രിപ്ഷൻ നോട്ടുകളാണ്...

മറക്കാനും മായ്ക്കാനുമുള്ള മരുന്നുകുറിപ്പടികൾ.
മാറിപ്പോയ കാറും കോളും ഒത്തിരിയുണ്ട്.
കെട്ടകാലമെത്ര നമ്മൾ, നമ്മളെ പാട്ടിൽ കുഴിച്ചിട്ടു.
ഉലഞ്ഞ നേരങ്ങളിൽ ഉയിർപ്പുതന്ന ഒരായിരം പാട്ടുകൾ.
ഉന്മാദവും ഉല്ലാസവുമായവ എത്രയെത്ര...
പ്രതീക്ഷകളുടെ, പ്രത്യാശകളുടെ നെരിപ്പോടു കത്തിച്ചവ അനവധി, നിരവധി...
സങ്കടനേരങ്ങളിൽ, സന്തോഷനേരങ്ങളിൽ എല്ലാം പാട്ടിനെ തേടി...
കൂട്ടുകാരനും കൂട്ടുകാരിക്കുമായി…
കാമുകനും കാമുകിക്കുമായി...
അച്ഛനും അമ്മയ്ക്കും മക്കൾക്കുമായ്,
പ്രകൃതിക്കും പ്രകൃതീശ്വരനുമായ് പിറന്ന പാട്ടുകൾ പതിനായിരം...
പാട്ടിന്റെ ചിറകിലേറി നമ്മൾ പറന്ന ആകാശങ്ങളെത്ര...
നമ്മൾ മുങ്ങാംകുഴിയിട്ട പാട്ടുകടലാഴങ്ങളെത്ര...
പാട്ടൊരു ക്യാപ്സൂളാണെന്ന് കുറിച്ചാൽ അത് കാൽപനികമാകുമോ...
ഒന്നു തീർച്ച,
പാട്ട് നമ്മളിൽ പ്രാണൻ നിറയ്ക്കും.

സ്മൃതിതൻ ചിറകിലേറി
ഞാനെൻ ശ്യാമഗ്രാമഭൂവിൽ
അണയുന്നു…

ഇതുവരെ കാണാത്തൊരാൾ, കാതങ്ങൾ ദൂരെ നിന്നൊരാൾ, ഫോൺകോളിലൂടെ ഒരു പാട്ട് ആവശ്യപ്പെടുന്നു. നമുക്കേറ്റവും പ്രിയപ്പെട്ട പാട്ട്. അയാളെ നമ്മളോ, നമ്മളെ അയാളോ അറിയുന്നില്ല. രണ്ട് ദിക്കിൽ ഒരു പാട്ടുപെട്ടിയോരത്ത് നമ്മൾ ഒരേ പ്രിയഗീതം കേൾക്കുന്നു. ‘കാത്തുനിന്നാ തോഴനെന്നെ ഓർത്തുപാടും പോലെ’യെന്ന് നമുക്ക് തോന്നുന്ന സ്നേഹഗീതം.

വായിക്കാം, കേൾക്കാം: 90’s Nostalgia
ഓടിയോടി
പകുതിയെത്തിയവരുടെ
ഓർമോപനിഷത്ത് ഒന്നാം വഴി

വിയർത്തു നനഞ്ഞ,
വീണു മുറിഞ്ഞ മൈതാനങ്ങൾ

തിരികെപ്പോകാൻ
കൊതിയുള്ള വഴികൾ,
ഓർമച്ചുഴികൾ

ഒരു പ്രണയപ്പൊട്ടിന്റെ
ഓർമയ്ക്ക്

നമുക്കും ബസിനും തിരക്കിട്ട് പോകേണ്ടതില്ലാത്ത നേരത്ത് കണ്ടക്ടർ അയാളുടെ പാട്ടുശേഖരത്തെ തുറന്നുവിടുന്നു. അപ്രതീക്ഷിതമായി എത്തുന്ന ഏതോ ഒരു പാട്ട് ആ യാത്രയ്ക്കിടയിൽ തന്നെ മറ്റേതോ ലോകത്തേക്ക് നമ്മളെ കൈപിടിച്ചു കൂട്ടുന്നു. ഇതുവരെ കാണാത്ത കരയിലേക്കോ, ഇനിയൊരു ജന്മത്തിൻ കടവിലേക്കോ മധുരമായ് നമ്മെ പാടി വിളിക്കുന്നൊരു പാട്ട്.

അയൽപക്കങ്ങളിലെവിടെയോ ഒരു കല്യാണപാർട്ടിയുടെ ഒരുക്കം ആരംഭിക്കുന്ന വാരാന്ത്യവൈകുന്നേരങ്ങളിൽ, ഒന്നിന് പുറകേ ഒന്നായി ഒത്തിരി പാട്ടുകൾ നമ്മുടെ വീട്ടുവഴിയിലേക്ക് ഒഴുകിയെത്തുന്നു. കുഞ്ഞാറ്റപ്പെണ്ണിനുടുക്കാൻ കുടമുല്ല കോടിയുമായി കൂകിയും കുറുകിയും വരുന്ന കല്യാണപ്പാട്ടുകൾ.

ലളിത സുന്ദര ഗാനങ്ങളുടെ ചെപ്പുതുറന്നാലോ?. ശ്യാമമോഹിനീ പോവുകില്ല ഞാൻ,
നിൻ സ്വരാഞ്ജലിയാണു ഞാൻ
എന്ന സ്നേഹാർദ്രസംഗീതം ആരു മറക്കും?. നന്ദഗോവിന്ദസംഘത്തിനും എത്രയോ മുൻപേ ഒരു ദീപാരാധനസന്ധ്യയിൽ,
‘ഒരു മാത്രയെങ്കിലും കേൾക്കാതെ വയ്യ നിൻ മുരളിപൊഴിക്കുന്ന ഗാനാലാപ’മെന്ന് നമ്മൾ ആർക്കെങ്കിലുമൊപ്പം ചേർന്നുപാടിയിട്ടില്ലേ?. രണ്ടുരൂപ കൂട്ടിവച്ച് ഓടി ഗാനഗന്ധർവന്റെ ചിത്രമുള്ളൊരു പാട്ടുപുസ്തകം നമ്മൾ സ്വന്തമാക്കിയിട്ടില്ലേ. സ്മൃതിതൻ ചിറകിലേറി എത്രതവണ നമ്മൾ ശ്യാമഗ്രാമഭൂവിൽ പോയണഞ്ഞിരിക്കുന്നു…


ഈശ്വരൻ തന്ന നിധിയോ
പരമേശ്വരിയേന്തും കിളിയോ…

മൂന്നാം നിലയിലെ താമസക്കാരായ തമിഴ് ഡോക്ടർ ദമ്പതിമാരുടെ ഫ്ലാറ്റിലെ ജാലകം വഴി, രാത്രി നിലാവിനൊപ്പം ഈ ഇരയിമ്മൻ താരാട്ട് ഇപ്പോഴും ഞങ്ങളുടെ രണ്ടാംനില ബാൽക്കണിയിലേക്ക് ഇറങ്ങിയെത്താറുണ്ട്. അല്ലെങ്കിലും ഈ തിങ്കൾത്താരാട്ടിന്റെ ഈണത്തെ അറിയാതെ വളർന്നവർ ആരുണ്ട്.

ഏതോകാലം ഒരു കുഞ്ഞുരാജാവുറങ്ങാൻ എഴുതി പാടിയ പാട്ട് പാലകാല കാറ്റിലേറി ജനറേഷൻ ബീറ്റയുടെ ഉറക്കുപാട്ടായി തുടരുന്നു. പൂവിൽ വിരിഞ്ഞ മധുവോ / പരിപൂർണേന്തു തന്റെ നിലാവോ എന്ന്, കുഞ്ഞിനൊപ്പം പിറന്ന സകല അമ്മമ്മാരും ഒക്കത്തെ ഒട്ടിപ്പിടിയന്മാരോട് കൊഞ്ചി, കൊഞ്ചി ചോദിച്ചുകൊണ്ടേയിരിക്കുന്നു. ദൈവത്തിന് എല്ലായിടവും ഓടിയെത്താനാകാത്തതുകൊണ്ടാണ് അമ്മമാരെ സൃഷ്ടിച്ചതെങ്കിൽ, ഓടിത്തീരാത്തിരക്കുള്ള അമ്മമാർക്ക് വേഗം കുഞ്ഞിനെയുറക്കാൻ സൃഷ്ടിക്കപ്പെട്ടതാകും താരാട്ടുശീലുകൾ. താരാട്ടിന്റെ അട്ടിപ്പേറുനോക്കി ഓമനത്തിങ്കളിൽ തുടങ്ങിയെങ്കിലും എന്നുണ്ണിക്കണ്ണനുറങ്ങാൻ മൂലോകത്തോട് മുഴുവനുറങ്ങെന്നുപറഞ്ഞ തലോടൽ ചേലുള്ള താരാട്ടുതിട്ടൂരം തന്നെയാണ് എന്റെ ലുല്ലാബി ലബുകളിൽ ആദ്യം.

ഒരുപക്ഷേ ഞാനും ഞാനുമെൻറാളും നാൽപ്പതിലേക്ക് ഒഴുകുന്ന സകലരും കുഞ്ഞുനാളിൽ കേട്ടുറങ്ങിയ താരാട്ടുതാളം, അത് ഉണ്ണീ വാവാവോ തന്നെയാകും. ആ താളത്തിൽ ആ ഈണത്തിൽ നമ്മൾ പയ്യെ പാട്ടുപെട്ടിയുടെ അരികിലേക്ക് പിച്ചവെച്ചുതുടങ്ങുന്നു. സ്വീകരണ മുറിയിലോ അടുക്കളയ്ക്കരികിലോ രാജാവായി വാണ ഒരു മാർക്കോണി പെട്ടിയുടെ അരികിലേക്ക്.

പാട്ടുപെട്ടീലന്ന്
നമ്മൾ കേട്ടുകേട്ടൊരീണം

പ്രഭാതദിനചര്യകളുടെ സമയക്രമം റേഡിയോകൾ തീരുമാനിക്കുന്ന കാലമായിരുന്നു. വാൾട്ടർ കോഫ്മാൻ എന്ന ബൊഹീമിയൻ സംഗീതജ്ഞന്റെ സിഗ്നേചർ ട്യൂണിനൊപ്പം മുതിർന്നവർ എഴുന്നേൽക്കും. സുഭാഷിതം, കാവ്യാഞ്ജലി, സംസ്കൃത വാർത്തകൾ, പ്രാദേശികവാർത്തകൾ അങ്ങനെ ആകാശവാണി കാര്യപരിപാടികളുമായി വീട്ടിലുള്ളവരുടെ പുലർകാല കാര്യപരിപാടികൾ അറിഞ്ഞോ അറിയാതെയോ ചേരുംപടിചേരും. പുലരും മുതൽ പാതിര വരെ ഒരു റേഡിയോ റഡാർ ആക്ടീവായി തന്നെ നിന്നു. ഒരു നിലയത്തിൽ നിന്ന് മറ്റൊരു നിലയത്തിലേക്ക് ഒരു നോബിന്റെ കറക്കുദൂരം മാത്രം. കോഴിക്കോട് നിന്ന് ആലപ്പുഴ എത്തണോ ആലപ്പുഴ നിന്ന് തിരുവനന്തപുരമെത്തണോ നൊടിനേരം കണ്ട് ഓടിയെത്താം.

ദൂരദർശന്റെ വരവ് ആകാശവാണിയുടെ പ്രഭാവം ഒട്ടും കുറച്ചില്ലെങ്കിലും സകല റേഡിയോ പ്രക്ഷേപണത്തിനും ചെവി കൊടുക്കുന്ന ഞങ്ങൾ കുട്ടികൾ ചെറുതായൊന്ന് പിൻവാങ്ങി. അപ്പോഴും ‘ഹലോ ഇഷ്ടഗാനം’ പാട്ടോരത്ത് തന്നെ ഞങ്ങളെ പിടിച്ചുകെട്ടി.

പാട്ടുപ്രേമത്തിലേക്കുള്ള വഴിവെട്ടുന്നത് റേഡിയോപെട്ടികൾ തന്നെയിരുന്നു. പലതാളപ്പെരുക്കങ്ങളിലേക്ക് പിടിച്ചുനിർത്തി പാട്ടുപെട്ടികൾ. വന്ദേമാതരത്തിലേക്ക് ഉണർന്ന്, റേഡിയോ നാടകത്തിലോ, സംഗീതക്കച്ചേരിയിലോ, കഥകളിപദങ്ങളിലോ ഉറങ്ങുന്ന ശീലം അക്കാലമുള്ളവർ ഡിഫോൾട്ടാക്കി സേവ് ചെയ്തു.
അക്കാലം റേഡിയോ ബാറ്ററികൾക്ക് ഒരു കുടുംബ ബജറ്റ് കുട്ടിച്ചോറാക്കാൻ മാത്രം കരുത്തും കെൽപുമുണ്ടായിരുന്നു. കണക്കിലും കൂടുതൽ ബാറ്ററി റേഡിയോ തിന്നാൽ ടോർച്ചിലെ വെട്ടം കുറയുന്ന 'ഇരുണ്ട' കാലം കൂടിയായിരുന്നു അത്.

ദൂരദർശന്റെ വരവ് ആകാശവാണിയുടെ പ്രഭാവം ഒട്ടും കുറച്ചില്ലെങ്കിലും സകല റേഡിയോ പ്രക്ഷേപണത്തിനും ചെവി കൊടുക്കുന്ന ഞങ്ങൾ കുട്ടികൾ ചെറുതായൊന്ന് പിൻവാങ്ങി. അപ്പോഴും ‘ഹലോ ഇഷ്ടഗാനം’ പാട്ടോരത്ത് തന്നെ ഞങ്ങളെ പിടിച്ചുകെട്ടി. ആർ.കെ മാമനെ ആവോളം കേട്ടു. ഒരു കോൺഫറൻസ് കോളിലെന്നതുപോലെ മൂപ്പരും പാട്ട് ആവശ്യപ്പെട്ട് വിളിക്കുന്നവരും നമ്മളും പാട്ടുവർത്തമാനം പങ്കുവച്ചു.
മേളം ആകാശവാണിയും പൂരം ദൂരദർശനുമായി ആഘോഷം മാറി. വിവിധ് ഭാരതി വഴി ചൽത്തേ ചൽത്തേയും ബഹാരോം ഫൂലും കേട്ടവർ ചിത്രഹാറിലേക്ക് ചുവടുമാറ്റി. ഗാനതരംഗിണി പ്രേക്ഷകർ ചിത്രഗീതത്തിലായി. സീരിയൽ പാട്ടുകൾ പോലും മനഃപാഠമായ കാലം. ചിത്രവർണ പൂക്കളത്തിൽ രണ്ട് തുമ്പികൾ എന്ന ചിത്രമാലയിലെ പാട്ടുപോലൊരു പോപ്പുലർ സീരിയൽ സോംഗ് ഇന്നുണ്ടോ? ‘ജ്വാലയായ്’ മുതൽ ‘ജയ് ഹനുമാൻ’ ടെറ്റിൽ സോംഗ് വരെ പഠിച്ചുപയറ്റി നോക്കിയ കാലം. ഉറപ്പാണ്, പകിട പകിട പകിട പമ്പരമെന്ന് കൂടെ പാടാത്തവർ കാണില്ല.

 ‘ജ്വാലയായ്’ മുതൽ ‘ജയ് ഹനുമാൻ’ ടെറ്റിൽ സോംഗ് വരെ പഠിച്ചുപയറ്റി നോക്കിയ കാലം. ഉറപ്പാണ്, പകിട പകിട പകിട പമ്പരമെന്ന് കൂടെ പാടാത്തവർ കാണില്ല.
‘ജ്വാലയായ്’ മുതൽ ‘ജയ് ഹനുമാൻ’ ടെറ്റിൽ സോംഗ് വരെ പഠിച്ചുപയറ്റി നോക്കിയ കാലം. ഉറപ്പാണ്, പകിട പകിട പകിട പമ്പരമെന്ന് കൂടെ പാടാത്തവർ കാണില്ല.


ലളിതസുന്ദരഗാനങ്ങളുടെ നിലാപ്പെയ്ത്തുകൂടിയായിരുന്നു ആകാശവാണി- ദൂരദർശൻ കാലം.
‘ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ’
എന്ന ജയചന്ദ്രഗീതം തങ്ങിനിൽക്കാത്തൊരു വീടുണ്ടായിരുന്നോ.
‘നിന്നിൽ നിന്നടർന്നാലെനിക്കൊരു പുണ്യതീരമുണ്ടാവുമോ’
എന്ന അരുന്ധതിയുടെ ഭാവാർദ്രമായ ആലാപനം നമ്മൾ എങ്ങനെ മറക്കും.
‘ചെമ്പനിനീർ പൂവേ നറു തുമ്പപ്പൂത്തിരളേ ഓണപ്പൂക്കളം ഓർമ്മപ്പൂക്കളം എഴുതാൻ കൂടാമോ’ എന്ന ചിത്രയുടെ ചോദ്യത്തിനെന്തൊരു ചേലായിരുന്നു, തീരുന്നില്ല, തിരപോലെ തള്ളിവരുന്ന പാട്ടുകൾ ഇനിയുമേറെ.
‘പകൽ വാഴുമാദിത്യൻ പടിഞ്ഞാറസ്തമിച്ചു, പടിപ്പുര വാതിൽക്കൽ കിളി ചിലച്ചു’ എന്ന ഗാനവുമായെത്തുന്ന വെള്ളകുർത്തധാരി ബിജു നാരായണൻ, ‘കർണികാര തീരങ്ങൾ കഥകളിയുടെ പദമാടി’ എന്ന് തുടങ്ങുന്ന വേണുഗോപാൽ പാട്ട്, ശബ്ദമാധുര്യം കൊണ്ട് സ്നേഹം കൂടുന്ന പ്രദീപ് സോമസുന്ദരവും രാധികാ തിലകും പാട്ടുകാരും പാട്ടുപട്ടികയും നീളും. എങ്ങുപോയ് മറഞ്ഞിരിക്കുന്നു ആ സുന്ദരസംഗീതസൃഷ്ടികൾ.

പലപലനാളുകൾ ഞാനൊരു പുഴുവായ്
പവിഴപ്പുറ്റിലിരുന്നു

പഠനകാലം, ഒരു പാട്ടിന്റെ കൂട്ട് എപ്പോഴും ഒപ്പമുണ്ടായിരുന്നു. പ്രാർത്ഥനകൾ, പദ്യങ്ങൾ, കവിതകൾ, കഥാപ്രസംഗങ്ങൾ പലതും. ഒരു താളത്തിന്റെ തണലിൽ കൃത്യമായ ഇടവേളകളിൽ എല്ലാവരും കയറിനിന്നു.
പഠിപ്പുള്ള ദിവസങ്ങളെല്ലാം എങ്ങുമെങ്ങും നിറയുന്ന വെളിച്ചത്തെ സ്മരിച്ച് തുടങ്ങും. പിന്നെ അൽപനേരം അരളിച്ചെടിയുടെ ഇലതന്നടിയിൽ സുഖസഹവാസ സമയം. ‘പോരാ പോരാ നാളിൽ നാളിൽ’ എത്ര പാടിയാലും പോരാ എന്ന് തോന്നിയിരുന്നു. ആഴ്ചയിലൊരു ദിവസം മ്യൂസിക്ക് പിരീഡ്. ടീച്ചർ ആഗ്രഹിച്ച സംഗീതം നൽകാനാകാത്തവരും നിരാശരാക്കിയില്ല. സപ്തസ്വരങ്ങൾ മുദ്രാവാക്യം പോലെ വിളിച്ചുകൊടുത്തു. എന്നുമെപ്പോഴും ഏറ്റവുമിഷ്ടം ദേശീയഗാനം തന്നെ. ജനഗണമന തീർത്ത നാലുമണി ലഹളകൾ എത്ര.

എന്നെ ഇനി ഓർക്കരുതെന്ന് പറഞ്ഞ്, സ്കൂൾ വരാന്ത കടന്ന് മണ്ണിട്ട വഴിയിലേക്കിറങ്ങി, കാറ്റ് പിടിച്ച മുണ്ടിന്റെ കരയൊതുക്കി അയാൾ നടന്നുനീങ്ങുന്ന ഫ്രെയിമുകളിലേക്ക് ജോൺസൺ പകരുന്ന സംഗീതത്തോളം ഹൃദയഭേദകമേതുണ്ട്?.

യുവജനോത്സവങ്ങൾ സകലകലാസംഗീതത്തേയും അനുഭവഭേദ്യമാക്കി. ലളിതഗാനം, സംഘഗാനം, ദേശഭക്തിഗാനം നിരനീളും. നാടോടിനൃത്തത്തിന്റെ പാട്ടെഴുന്നവരെ പ്രത്യേകം അന്വേഷിച്ചു. മാപ്പിളപ്പാട്ടുകളുടെ മൊഞ്ചറിയാനും കലോത്സവവേദികൾ തന്നെ വേണമെന്നായി. അന്താക്ഷരിക്കൂട്ടം അക്കാലവിനോദങ്ങളിൽ ആദ്യനിരകളിലുണ്ടായിരുന്നു. ഒരു പാട്ടിനെ എപ്പോഴും പോക്കറ്റിലിട്ട് നടക്കുന്ന ഒരു കൂട്ടുകാരനെങ്കിലും എല്ലാവരുടേയും കൂട്ടത്തിൽ കാണുമായിരുന്നു. ചുണ്ടിലൊരു മൂളിപ്പാട്ടോ ചെറുചൂളപ്പാട്ടോ കാണും. എപ്പോഴുമൊരു ഈണത്തിൽ, താളത്തിൽ പുലരുന്നവർ. പാടുന്നവനൊപ്പം കൊട്ടുന്നവർ കൂടും. കൊട്ടുന്നവർക്കൊപ്പം ആടുന്നൊരു സംഘം. കേൾക്കാനൊരുകൂട്ടം വേറെ. ഒരു പേരില്ലാ ബാൻഡുപോലെ പേരില്ലാ ട്രൂപ്പുപോലെ പല പാട്ടിലായൊരു കൌമാരകാലം.പാട്ടുകളുടെ പഴയ വലിയ തിരുമുറ്റത്തേക്ക് ഒരു വട്ടം കൂടി കയറി ചെല്ലാൻ മോഹിക്കാത്തവരുണ്ടോ?



കണ്ണാരംപൊത്തി കളിക്കാം,
കണ്ടുവെന്ന് കള്ളം ചൊല്ലാം…

കാലി മേയുന്ന പുല്ലാനിക്കാട്ടിൽ കണ്ണിമാങ്ങാ കടിച്ചു നടക്കുന്ന കാലം നാട്ടുവയലുകളിൽ ഗാനമേളത്തട്ടുകൾ കൃത്യം ഇടവേളകളിൽ മുളച്ചുപൊന്തുമായിരുന്നു. ഉത്സവങ്ങളുടെ, വാർഷികങ്ങളുടെ ലഹരികൂട്ടാൻ എത്രയോ ജൂനിയർ ദാസേട്ടൻമാർ എതെല്ലാമോ ദേശങ്ങളിൽ നിന്നെത്തും. ഒരു അസ്മയത്തിൽ തുടങ്ങി അന്തിവെളുക്കുംവരെ പാട്ടുമേളം. പാട്ടിന്റെ ജനകീയ യാത്രയിൽ പിന്നേയും വഴികളുണ്ടായി കണ്ടു. വരത്തന്റൊപ്പം ഒളിച്ചുചാടിയ തങ്കമ്മയെ കൂട്ടി, കിട്ടണ കാശിനു കള്ളു കുടിച്ചു നടക്കുന്ന വേലായുധനെ കൂട്ടി, വരിക്കച്ചക്കേടെ ചൊളകണക്കിന് തുടുതുടുത്തൊരു കല്യാണിയെ കൂട്ടി മണിയെത്തി. അവശേഷിച്ച പാട്ടിന്റെ വരേണ്യമതിലും അപ്പാടെ ഇളകിവീണു. വിയർപ്പുതുന്നിയിട്ട ആദ്യ കുപ്പായം ആ ചാലക്കുടിക്കാരൻറേതുതന്നെ. കാലത്തിന്റെ വേഗത്തിനൊപ്പം പാട്ടിന്റെ വേഗവും കൂടുന്നുണ്ടായിരുന്നു. ‘ലജ്ജാവതി’ തീർത്ത തരംഗത്തിന്റെ തട്ട് എക്കാലവും താണുതന്നെയിരിക്കും. കാതിനിമ്പമാകാൻ ആയിരത്തിലധികം ആൽബം ഗാനങ്ങളുമുണ്ടായി. ഈസ്റ്റ് കോസ്റ്റ് വിജയനും താജ്ജുദ്ദീൻ വടകരയും അതുവരെ കാണാത്തൊരു പ്ലേലിസ്റ്റുമായി വന്നു. റിയാലിറ്റി ഷോകൾ ഒരു നൂറുശബ്ദങ്ങളെ കൂടി തന്നു.

പാട്ടുപുസ്തകത്തെ പെട്ടിയിലാക്കിയത് കാസറ്റ് പ്ലെയറുകളായിരുന്നു. റീവൈൻഡും ഫോർവേഡും ചെയ്തു കേട്ട പാട്ടുകളെത്ര. കാസറ്റുകൾ പിന്നെ സിഡികൾക്ക് വഴിമാറി. പത്തും ഇരുപതും രൂപ നൽകി ഇഷ്ടഗാനങ്ങൾ സിഡിയിൽ കോപ്പി ചെയ്തു വാങ്ങി. കാസറ്റിലും റെക്കോർഡറിലും പ്ലെയറിലുമൊക്കെ ഒരിടത്ത് ഇരുന്നുകേട്ടവരെ മോഹിപ്പിക്കാൻ പിന്നാലെ വാക്മാനുകളെത്തി. പേര് പോലെ ആളുകൾ പാട്ടുമായി നടക്കാനിറങ്ങി. പോക പോകെ ആപ്പിൾ ഐപോഡ് ഡൌൺലോഡ് ഓപ്ഷനിലേക്കും സ്പോട്ടിഫൈ സബ്‍സ്ക്രിപ്ഷനിലേക്കും കാര്യങ്ങളെയെത്തിച്ചു. ഇന്ന് എന്തിനുമേതിനും അലക്സ കൂടെയുണ്ടെന്നതായി.

പാട്ടുപുസ്തകത്തെ പെട്ടിയിലാക്കിയത് കാസറ്റ് പ്ലെയറുകളായിരുന്നു. റീവൈൻഡും ഫോർവേഡും ചെയ്തു കേട്ട പാട്ടുകളെത്ര. കാസറ്റുകൾ പിന്നെ സിഡികൾക്ക് വഴിമാറി. പത്തും ഇരുപതും രൂപ നൽകി ഇഷ്ടഗാനങ്ങൾ സിഡിയിൽ കോപ്പി ചെയ്തു വാങ്ങി.
പാട്ടുപുസ്തകത്തെ പെട്ടിയിലാക്കിയത് കാസറ്റ് പ്ലെയറുകളായിരുന്നു. റീവൈൻഡും ഫോർവേഡും ചെയ്തു കേട്ട പാട്ടുകളെത്ര. കാസറ്റുകൾ പിന്നെ സിഡികൾക്ക് വഴിമാറി. പത്തും ഇരുപതും രൂപ നൽകി ഇഷ്ടഗാനങ്ങൾ സിഡിയിൽ കോപ്പി ചെയ്തു വാങ്ങി.

ഒരു നാൾ
ശുഭരാത്രി നേർന്നു പോയി
നീ…

വെർണർ ഹെർസോഗിന്റെ ക്യാമറയിൽ പതിഞ്ഞ ഒറ്റയാൻ പെൻഗ്വിന്റെ യാത്ര പോലെ കണ്ടാൽ പിടയുന്ന ഒരു ഇറങ്ങിപ്പോക്ക് പഴയ സേതുമാധവന്റെയാണ്. എന്നെ ഇനി ഓർക്കരുതെന്ന് പറഞ്ഞ്, സ്കൂൾ വരാന്ത കടന്ന് മണ്ണിട്ട വഴിയിലേക്കിറങ്ങി, കാറ്റ് പിടിച്ച മുണ്ടിന്റെ കരയൊതുക്കി അയാൾ നടന്നുനീങ്ങുന്ന ഫ്രെയിമുകളിലേക്ക് ജോൺസൺ പകരുന്ന സംഗീതത്തോളം ഹൃദയഭേദകമേതുണ്ട്?. രണ്ടാംവരവിൽ സർവസ്വവും നഷ്ടപ്പെട്ട തെരുവിലിറങ്ങി അയാൾ പാടാനാവശ്യപ്പെടുന്ന ‘മധുരം ജീവാമൃതബിന്ദു’വെന്ന പാട്ടിനോളം നമ്മെ പൊള്ളിക്കുന്ന ഒരു പാട്ടുണ്ടായിട്ടുണ്ടോ?. ‘രാവേറെയായ് പിരിയാൻ അരുതാതൊരു
നോവിൻ രാപ്പാടികൾ’ എന്ന പാട്ടിനോളം ആഴമുള്ളൊരു പ്രണയസങ്കീർണത വേറെയുണ്ടോ. അനുരാഗിണിയോളം, ദേവാങ്കണത്തോളം, ശ്യാമാമ്പരത്തോളം പവിഴം പോൽ കരുതി സൂക്ഷിക്കുന്ന മറ്റൊരു പ്ലേ ലിസ്റ്റില്ല.

ജോൺസൺ മാഷെ കേട്ടതിനോളം ഇന്നുവരെ ആരേയും കേട്ടിട്ടില്ല. ഒരു കട്ടനും ഒരു കർക്കിടകവും വേണ്ട മലയാളിയിൽ അയാളുടെ പാട്ടുകൾ പെയ്തുനിറയാൻ. അതൊരു തോരാധാരയാണ്. സർവാംഗസംഗീതധാര.

കുന്നിമണിചെപ്പുതുറന്നാൽ, ഉണ്ണിക്കിനാവിൻ ചുണ്ടിൽ പൊന്നും തേനും ചാലിച്ച് ഒഴുകിയെത്തുന്ന ജോൺസൺ സംഗീതം. സ്വർണമുകിലേറി സ്വപ്നം കാണാൻ പഠിപ്പിച്ച ഈണം പൂത്ത നാളുകൾ. ഭാവസാന്ദ്രമായ അനശ്വരഗാനങ്ങൾ മാത്രം. ആദ്യമായി കണ്ട നാൾ, എത്രനേരമായി ഞാൻ, രാജ ഹംസമേ, എന്തേ കണ്ണനു കറുപ്പു നിറം, ഒന്നു തൊടാനുള്ളിൽ നാവിൻ തുമ്പത്തുള്ള നൂറുപാട്ടുകൾ. തൂവാനത്തുമ്പികളിലെയും മണിച്ചിത്രത്താഴിലെയും നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകളിലെയും...
പശ്ചാത്തല സംഗീതം എങ്ങനെ നാം മറക്കും.

ജോൺസൺ മാഷെ കേട്ടതിനോളം ഇന്നുവരെ ആരേയും കേട്ടിട്ടില്ല. ഒരു കട്ടനും ഒരു കർക്കിടകവും വേണ്ട മലയാളിയിൽ അയാളുടെ പാട്ടുകൾ പെയ്തുനിറയാൻ. അതൊരു തോരാധാരയാണ്. സർവാംഗസംഗീതധാര. കോളജിൽ പഠിക്കുന്ന കാലം ഒരു വ്യാഴാഴ്ചയാണ് ജോൺസൺ മാഷിന്റെ മരണവാർത്തയറിയുന്നത്. തെറ്റായിരിക്കണമേയെന്ന് പ്രാർത്ഥിച്ചു. ജേണലിസം ഡിപ്പാർട്ട്മെൻറിലെ ടിവി റൂമിലെത്തി. ചാനലുകളിൽ ജോൺസൺ അനുസ്മരണങ്ങൾ. സ്ക്രോളിൽ അയാളുടെ മാന്ത്രിക സംഗീതനിര. ജോൺസനൊരു തച്ചനായിരുന്നു. ഏതുനേരത്തും കയറിച്ചെല്ലാവുന്ന പതിനായിരം പാട്ടുവീടുകളൊരുക്കിയ പെരുന്തച്ചൻ. നടന്നവഴി നിറയെ ജോൺസൺ അവശേഷിപ്പിച്ചുപോയ എത്രയോ സംഗീത ശേഷിപ്പുകൾ.

ഒരേ പന്തിയിൽ എല്ലാവരേയും ഊട്ടിയുറക്കിയ സിനിമാഗാനപ്രേമം ജോൺസണിൽ തീരില്ല. നേർത്തൊരു പാട്ടിന്റെ നൊമ്പരം കൊണ്ടെന്നെ വിളിച്ച മഹാപ്രതിഭകളേറെ. മാന്ത്രികസംഗീതങ്ങളേറെ. മറന്നുവോ നീ എന്റെ ഒരിക്കലും നിലക്കാത്ത മൗനഗാനങ്ങളെയെന്ന പരാതികളോട് ഓർമചിരാതിൽ എല്ലാം മങ്ങിയെരിയാതരിപ്പുണ്ടെന്ന് മാത്രം പറയട്ടെ.

നഷ്ടസ്മൃതികളാം
മാരിവില്ലിൻ വർണ്ണപ്പൊട്ടുകൾ തേടി…

പാട്ടുകേൾക്കാൻ ഇന്ന് പതിനായിരം വഴികളുണ്ട്. കേൾക്കാൻ, വീണ്ടും കേൾക്കാൻ, ഒറ്റയ്ക്ക് കേൾക്കാൻ, ഒരുമിച്ച് കേൾക്കാൻ, ഉച്ചത്തിൽ കേൾക്കാൻ അസഖ്യം സാധ്യതകൾ. പാട്ടുകൾ കാണികളെ കൂട്ടുന്ന കാലം കൂടിയാണ്. കേൾവിക്കപ്പുറം കാഴ്ചയിലേക്ക് പാട്ടുകൾ പരിവർത്തനം ചെയ്യപ്പെട്ടു. ആനന്ദം, കാതോരമല്ല, കണ്ണോരം കൂടിയാണ്. ചിലപ്പോൾ കാഴ്ചയിൽ മാത്രമാകാം കൂട്ടം. ഒരു പാട്ട് പന്തലിലേക്ക് എണ്ണിത്തീരാത്തയത്ര ഏകാകികൾ എത്തുന്നതാകാം.

എങ്കിലും കാത്ത് കാത്ത്, കാതിലേക്ക് ഒഴുകിയെത്തിയ പാട്ടുകളുടെ പോയകാലത്തിന് പഞ്ചവർണ ചന്തമായിരുന്നു. കാത്ത് കേട്ട പാട്ടുകളിലൂടെ കാതൊരു കടൽശംഖുപോൽ ഈണങ്ങളുടെ ഇരമ്പത്തെ സൂക്ഷിച്ചിരുന്നു. തീരത്തടിയും ശംഖിൽ നിന്ന്, ജന്മങ്ങൾക്കപ്പുറത്തെങ്ങോ നിന്ന് ചെമ്പകമണമുള്ള പാട്ടുകേൾക്കുന്നില്ലേ?

(അവസാനിക്കുന്നില്ല).


Summary: First half life of 90's Kids and their Nostalgia and memories from different fields, Anand Gangan writes a series, part five.


ആനന്ദ് ഗംഗൻ

24 ന്യൂസിൽ അസോസിയേറ്റ് ന്യൂസ് എഡിറ്ററായും മനോരമ ന്യൂസിൽ അസ്സി. പ്രോഗ്രാം പ്രൊഡ്യൂസറായും ജോലി ചെയ്തിട്ടുണ്ട്. ഇപ്പോൾ ഫ്രീലാൻസ് കണ്ടന്റ് റൈറ്റർ.

Comments