മകൾ എന്ന നിലയിൽ
എന്റെ സ്ത്രീജീവിതം

കവി ഒ.എൻ.വി കുറുപ്പിനെക്കുറിച്ച് മകൾ എഴുതുന്ന സ്‌നേഹസ്മരണ. ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. മായാദേവി കുറുപ്പ് എഴുതിയ ലേഖനം.

ഫെബ്രുവരി 13, അച്ഛൻ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് ഒൻപതു വർഷം കടന്നുപോയിരിക്കുന്നു എന്ന് വിശ്വസിക്കാനാവുന്നില്ല. എവിടെയോ മറഞ്ഞിരുന്ന് ഞങ്ങളുടെ സുഖദുഃഖങ്ങളിൽ ഒപ്പം നിൽക്കുന്ന അച്ഛന്റെ അദൃശ്യസാമീപ്യം അനുഭവ പ്പെടാത്ത ദിവസങ്ങളില്ല എന്നതാണ് വാസ്​തവം. ആ സ്​നേഹസാമീപ്യം അനുഭവിക്കാൻ ഭാഗ്യമുണ്ടായ മകളാണ് ഞാൻ.

‘‘സ്​നേഹിച്ചുതീരാത്തൊരാത്മാവിൻ ഉൽക്കടദാഹവുമായി ഞാൻ നിന്നു’’
എന്ന അച്ഛന്റെ വരികൾ അന്വർത്ഥമാക്കിക്കൊണ്ട് ഞാനിന്നും ജീവിക്കുന്നു.

അവിസ്​മരണീയ ഗാനങ്ങളുടെ നറുതേൻ നിലാവ് പൊഴിച്ച കവി, മലയാളത്തെ ഭാവസാന്ദ്രമാക്കിയ കാവ്യസൂര്യൻ, മാനവസ്​നേഹത്തിന്റെയും പ്രകൃതിസ്​നേഹത്തിന്റെയും പ്രവാചകൻ എന്നിങ്ങനെ നീളുന്ന വിശേഷണങ്ങൾ പലരും അച്ഛനെക്കുറിച്ച് എഴുതിയിട്ടുണ്ട്.

അച്ഛനെന്ന വ്യക്തിയെക്കുറിച്ച് മകളെന്ന നിലയിൽ ഞാൻ ചിലതൊക്കെ കുറിക്കാൻ ശ്രമിക്കട്ടെ.

‘ഇന്ദീവരം’ എന്ന ഞങ്ങളുടെ കൊച്ചുവീട്ടിലെ കെടാവിളക്കായിരുന്നു അച്ഛൻ. അച്ഛന്റെ സ്​നേഹലാളനമേറ്റു വാങ്ങാൻ എന്റെയും ഏട്ടൻ രാജീവന്റെയുമൊപ്പം അച്ഛന്റെയും അമ്മയുടെയും കുടുംബത്തിലെ പലരുമുണ്ടായിരുന്നു. ഒരു കൂട്ടുകുടുംബാന്തരീക്ഷത്തിൽ എങ്ങനെ സ്​നേഹിച്ചും കലഹമില്ലാതെയും ജീവിക്കണമെന്നത് പഠിപ്പിച്ചു തന്നത് അച്ഛനുമമ്മയുമാണ്. ‘‘കൊടുക്കുംതോറും ഏറിടും’’ എന്ന വലിയ പാഠം കുട്ടിക്കാലത്തുതന്നെ എനിക്ക് മനസ്സിലാക്കാൻ സാധിച്ചതും അച്ഛനിൽ നിന്നുതന്നെ.

READ ALSO: ‘നമ്മുടെ ആരോഗ്യം’
സ്ത്രീപതിപ്പിനെക്കുറിച്ച്

ഇത്തിരിപ്പോന്ന എന്റെ കഥയും
എന്റെ പ്രിയപ്പെട്ട ജീവൻമശായിയും

സ്ത്രീകളിലെ പ്രധാന
അർബുദ ബാധകൾ

വനിതാ ഡോക്ടർമാർ നിശ്ചയമായും അരക്ഷിതത്വം അനുഭവിക്കുന്നുണ്ട്

അനാവശ്യമായ ശാസനകളോ നിയന്ത്രണങ്ങളോ ഇല്ലാതെയാണ് അച്ഛൻ എന്നെ വളർത്തിയത്. കുട്ടിക്കാലത്തും മുതിർന്നിട്ടും എന്റെ എന്തൊരാവശ്യവും അച്ഛനോട് ചോദിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. എന്നാൽ ഈ സ്വാതന്ത്ര്യമെല്ലാം തന്നിരുന്നത് വളരെ കരുതലോടെയായിരുന്നു എന്ന് ഇന്നെനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നു. മൂന്നു വയസ്സുള്ളപ്പോൾ റേഡിയോയിൽ നിന്നുവരുന്ന പാട്ടുകൾക്കൊപ്പം താളം ചവിട്ടിയിരുന്ന എന്നിലെ കലാകാരിയെ കണ്ടെത്തി, നൃത്തം ഗൗരവമായി പഠിക്കാൻ എല്ലാ പ്രോത്സാഹനവും തന്നത് അച്ഛനായിരുന്നു. അതോടൊപ്പം തന്നെ ശാസ്​ത്രീയ സംഗീതവും പഠിപ്പിച്ചു. കലയെയും കലാകാരന്മാരെയും ബഹുമാനിക്കാൻ പഠിപ്പിച്ചതും കല കച്ചവടമാക്കരുത് എന്ന് ഉപദേശിച്ചതും അച്ഛനായിരുന്നു. അച്ഛന്റെ വാക്കുകൾ വിസ്​മരിച്ച് ഞാനൊന്നും ചെയ്തിട്ടില്ല എന്നതിൽ എനിക്കേറെ അഭിമാനമുണ്ട്.

അച്ഛന്റെ കവിതകളെയും പാട്ടുകളേയും ഏറെ ഇഷ്ടപ്പെടുന്ന എനിക്ക് അവയിൽ പലതിലുമുള്ള സ്​ത്രീപക്ഷ മനോഭാവം എന്നും അച്ഛനോട് കൂടുതൽ സ്​നേഹം തോന്നാൻ മറ്റൊരു കാരണമായിരുന്നു. പുരാണങ്ങളിലെയും അച്ഛൻ ജീവിച്ചിരുന്ന കാലഘട്ടത്തിലെയും സ്​ത്രീകളുടെ മനോവ്യാപാരങ്ങൾ, അവരുടെ ദുഃഖങ്ങൾ ഇവയെല്ലാം അച്ഛന്റെ പല കവിതകളിലും കാണാവുന്നവയാണ്. നമ്മൾ നിരന്തരം വേദനിപ്പിച്ചുകൊണ്ടിരിക്കുന്ന ഭൂമീദേവിയിൽ തുടങ്ങി ദ്രൗപദി, കണ്ണകി, മാധവിമാരേയും ഒൻപത് ആങ്ങളമാരുടെ മാനം കാക്കാൻ ജീവത്യാഗം ചെയ്ത ആ ‘അമ്മ’യുടേയും കഥകൾ കവിതയിലൂടെ വരച്ചുകാട്ടിയ അച്ഛന്റെ മകളായി പിറന്നത് എന്റെ സുകൃതം.

ഒ.എന്‍.വിയും പങ്കാളി സരോജിനിയും
ഒ.എന്‍.വിയും പങ്കാളി സരോജിനിയും

എന്റെ സഹപാഠിയെ ജീവിതപങ്കാളിയായി തിരഞ്ഞെടുത്തപ്പോഴും അത് സ്വാതന്ത്ര്യത്തോടെ പറഞ്ഞത് അച്ഛനോടായിരുന്നു. എന്റെയും ഏട്ടന്റെയും വിവാഹശേഷം അച്ഛനും അമ്മയ്ക്കും നാലു മക്കളായി. പിന്നീട് പേരക്കിടാങ്ങളും അവരുടെ കുഞ്ഞുങ്ങളുമെല്ലാമടങ്ങുന്ന ഞങ്ങളുടെ സ്വർഗ്ഗത്തിലെ സ്​നേഹസൂര്യനായിരുന്നു അച്ഛൻ. അച്ഛന്റെ വരികളിലെ സ്​നേഹവും കരുതലും സത്യവും മനസ്സിലാക്കി ഞങ്ങൾ ജീവിതം തുടരുന്നു:

‘‘സ്​നേഹിച്ചു
നമ്മളനശ്വരരാവുക.
സ്​നേഹിച്ചു
തീരാത്തൊരാത്മാക്കളാവുക’’

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം:

Comments