നെടുവീർപ്പ്
അഹ്‌മദ് ജാൻ ഉസ്മാൻ ഇംഗ്ലീഷ് പരിഭാഷ: ജോഷ്വ ഫ്രീമാൻ
ഞാനോർക്കുന്നുണ്ട്.
മരിച്ചിട്ടും ചിലരുടെയെല്ലാം കണ്ണുകൾ
അടയാതെ ജീവനോടെയിരിക്കുന്നത്.
അവർ പറയാതെ പോയ വാക്കുകൾ
രക്തം പോലെ
തളം കെട്ടി നിന്നിരുന്നു.
ഹാ!
മരിച്ചവരുടെ ജീവനുള്ള കണ്ണുകൾ!
ജീവനോടെ അടക്കം ചെയ്യപ്പെട്ട കണ്ണുകളുടെ
കയ്ക്കുന്ന നെടുവീർപ്പാണോ
ഈ കുഴിമാടത്തിൽ വിരിഞ്ഞു
നിൽക്കുന്ന പൂവുകൾ?
തിരിച്ചു പോകാനാകാത്ത വഴികൾ
ഡോ: അബ്ദുഖാദിർ ജലാലുദ്ദീൻഇംഗ്ലീഷ് പരിഭാഷ: ജോഷ്വ ഫ്രീമാൻ (ന്യൂയോർക്ക് ടൈംസ്)
വിസ്മൃതമായ ഈ സ്ഥലത്ത്
പ്രണയത്തിന്റെ സ്പർശങ്ങളില്ല.
പേടിസ്വപ്നങ്ങളും കൊണ്ട്
ഓരോ രാവും വരുന്നു.
ഊതിച്ച ഉറുക്കും ഞാൻ കെട്ടിയിട്ടില്ല.
എനിക്കെന്റെ ജീവൻ മാത്രം മതി.
മറ്റെല്ലാ ദാഹവും ഒടുങ്ങിയിരിക്കുന്നു,
എല്ലാ പ്രതീക്ഷകളും വറ്റി.
നിരന്തര പീഢയായി
ഈ നിശ്ശബ്ദചിന്തകൾ മാത്രം.
ആരായിരുന്നു ഞാൻ,
ഇപ്പോൾ ഞാനെന്താണ്?
അറിയുവാൻ വയ്യ.
ആരോടാണ് ഞാനെന്റെ ഹൃദയത്തിന്റെ
മോഹങ്ങൾ പറയുക?
ആരുമില്ല.
പ്രിയേ! സാന്ദ്രമായ ഈ വിധിയെക്കുറിച്ച്
ഞാനെന്താണ് പറയുക?
അനങ്ങുവാൻ പോലും ആവുന്നില്ലെങ്കിലും
ഞാൻ നിന്റെ അടുത്തെത്താൻ
കൊതിക്കുന്നു.
ചുമരിലെ വിള്ളലുകളിലും
ദ്വാരങ്ങളിലും കൂടി
ഋതുക്കൾ മാറുന്നത് ഞാനറിയുന്നു.
ഓരോ മൊട്ടിലും പൂവിലും
ഞാൻ നിന്റെ വിശേഷങ്ങൾ തിരയുന്നു
അസ്ഥികളുടെ ഉൾക്കാമ്പു വരെ
നിന്നെക്കുറിച്ചോർത്ത് ഞാൻ നോവുന്നു.
ഇതു വരെ എത്തിയ വഴികൾ...
തിരിച്ചു വരാൻ പറ്റാത്ത വഴികൾ.
അഭയം
അബ്‌ലത് അബ്ദുറിഷിദ് ബെർഖിഇംഗ്ലീഷ് പരിഭാഷ: ആനി ഹെനോക്കോവിസ് (ചൈന ഡിജിറ്റൽ ടൈംസ്)
എനിക്ക് പാസ്‌പോർട്ടില്ല.
രാജ്യം വിട്ടു പോകാനാവില്ല
ഒരു മാർഗ്ഗമുള്ളത്
ഒളിച്ചു കടക്കലാണ്.
പക്ഷേ അതിർത്തിയിൽ
അവരെന്നെ അടിച്ചു കൊന്നാലോ?
കടത്തുകാർക്ക് കൊടുക്കാൻ മാത്രം
കയ്യിൽ കാശ് പോര താനും.
സ്‌നേഹത്തിന് രാജ്യമൊന്നുമില്ലെങ്കിലും
ഞാനതു മാത്രമാണ് ഒളിച്ചു കടത്തുക...
കവിതയാണെനിക്കഭയം
അതിൽ ഞാനേതാണ്ടൊക്കെ
സ്വതന്ത്രനാകുന്നു.
▮