മൂന്നാം ലോക GEN Z യുടെ
കുടിയേറ്റ ജീവിതം;
സ്വപ്നവും യാഥാർത്ഥ്യവും-
ഏഴ്
▮
എന്ത്, എന്തിന്, എങ്ങനെ, എവിടെ, എപ്പോൾ എന്നെല്ലാം ചിക്കിച്ചികഞ്ഞ് നമ്മൾ കുടിയേറ്റക്കവലകൾ കയറിയിറങ്ങി. യുവകുടിയേറ്റത്തിന്റെ മുക്കും മൂലയും അരിച്ചുപെറുക്കാനൊന്നും സാധിച്ചില്ല എന്ന ബോധ്യമുണ്ടെങ്കിലും, അതിന്റെ എല്ലാ വാസ്തുകോണുകളും അളക്കാനുള്ള ശ്രമം നടത്തിയെന്ന ആത്മവിശ്വാസമുണ്ട്. ഈ ശ്രമങ്ങളുടെ പരിണിതഫലമെന്ത് എന്ന നൂറ് മാർക്കിന്റെ ചോദ്യം, നമ്മളൊരുത്തരും ചോദിക്കേണ്ടത് അനിവാര്യമാണ്. എന്റെ ഉത്തരം, ഞാനടങ്ങുന്ന തലമുറയുടെ കൂട്ടായ ബോധത്തെ (Collective Consciousness) അറിയാൻ സാധിച്ചു എന്നതാണ്.
Gen-Z കളുടെ ആസക്തികളും ദൗർബല്ല്യങ്ങളും ആവശ്യങ്ങളും ആഗ്രഹങ്ങളുമെല്ലാം അവരുടെ പുറപ്പാടിലൂടെ തിരയുകയായെന്നത് നമ്മുടെ ഗൂഢ ലക്ഷ്യങ്ങളിലൊന്നായിരുന്നു. അതിനായി, അവരുടെ പോക്കുവരവുകളെക്കുറിച്ച് പഠിക്കുകയെന്ന ആവശ്യം തന്നെയാണ് നിറവേറിയത്. കാരണം മനുഷ്യനെന്നത് ചലിക്കുന്ന ജന്തുവാണ്. റോഡുകൾ വെട്ടിയുണ്ടാക്കിയും കടലു വകഞ്ഞും മാനം കീറിയുമെല്ലാം മുന്നേറുന്ന ജന്തു. അങ്ങനെയുള്ള മനുഷ്യന്റെ, പുതിയ മേച്ചിൽപ്പുറങ്ങളിലേക്ക് ചേക്കേറുവാനുള്ള ഒടുങ്ങാത്വരയിൽ നിന്ന് പിറക്കുന്നതാണല്ലൊ കുടിയേറ്റ പ്രക്രിയ. ആ നിലയിൽ, ഒരു മനുഷ്യതലമുറയെ മനസ്സിലാക്കണമെങ്കിൽ, അവരുടെ പലായനത്തെക്കുറിച്ചു വേണം ആദ്യം പഠിക്കാൻ. ഇതുതന്നെയാണ് നമ്മളിവിടെ നടപ്പിലാക്കിയതും. എന്നിരുന്നാലും നടക്കാനിരിക്കുന്നതും നടക്കുന്നതുമായ പ്രതിസന്ധികളിലേക്ക് കണ്ണോടിക്കേണ്ടതുണ്ട്.
കേരളത്തിന് പുറത്തേക്കുള്ള കുത്തൊഴുക്കിന് ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണെങ്കിലും, കുറച്ചുകാലങ്ങളായി വിപരീതദിശയിലേക്കും കാറ്റടിക്കുന്നുണ്ട്. ഉദാഹരണത്തിന് കോവിഡാനന്തര കേരളം, വിദഗ്ധ തൊഴിലാളികളുടെ മടങ്ങിവരവിനാണ് സാക്ഷ്യം വഹിച്ചത്. ഈ വർഷം ഓഗസ്റ്റിൽ നടന്ന Skill Kerala Global Summit-ൽ പുറത്തുവിട്ട LinkedIn Talent Insights Report പ്രകാരം, കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 9800-ൽ കൂടുതൽ വിദഗ്ധ തൊഴിലാളികളാണ് യു.എ.ഈയിൽ നിന്ന് മടങ്ങിവന്നത്. സൗദി അറേബ്യയിൽ നിന്നും യു.കെയിൽ നിന്നും 1600-ൽ പരം തൊഴിലാളികൾ വീതം മടങ്ങി. യു.എസ്സിൽ നിന്ന് 1200-ലേറെ പേരും തിരികെ വന്നിറങ്ങി. മെട്രോ നഗരങ്ങളിലേക്കാൾ ജീവിതവും തൊഴിലും താങ്ങിനിർത്താൻ കഴിയുന്നത് ഇവിടെയാണ് എന്നതാണ് ഒരു കാരണം. വീടും വീട്ടുകാരും അടുത്തുണ്ടെന്ന സമാധാനവും പിന്നെ തൊഴിൽ സ്ഥിരതയുമാണ് മറ്റു കാരണങ്ങൾ.

എന്നാൽ മേൽപ്പറഞ്ഞവയിൽ പരാമർശിക്കപ്പെടാതെ പോയ കാരണങ്ങളിലൊന്ന് കുടിയേറ്റ വിരുദ്ധതയാണ്. യു.കെ, യു.എസ്, കാനഡ പോലുള്ള രാജ്യങ്ങളിലെ ഭരണകൂടനയങ്ങളെ, ഉറക്കച്ചടവോടെ നോക്കിയാൽ പോലും അതിനുള്ളിലെ വിദേശികളോടുള്ള എതിർപ്പ് നിങ്ങൾക്ക് വ്യക്തമാകും. ചുരുക്കിപ്പറഞ്ഞാൽ, Gen-Z കൾക്കിനി, വിദഗ്ധ തൊഴിലാളികളായി കുടിയേറുകയെന്നത് ബുദ്ധിമുട്ടാണെന്ന് സ്പഷ്ടം.
ഈ വിരുദ്ധവികാരത്തിനുപിന്നിൽ യുക്തിയില്ല എന്നതാണ് ഏക സത്യം. അതായത്, യൂറോപ്യൻ രാജ്യങ്ങളിലേക്ക് അഭയം തേടുന്നവരോടുള്ള പുരികം ചുളിക്കലും ഓക്കാന- കോപ്രായങ്ങളും എങ്ങനെയോ കുടിയേറ്റക്കാരോടും പടരുന്നു. അല്ലെങ്കിൽ ചില വലതുശക്തികൾ പടർത്തുന്നു. പൗരരായ തങ്ങളുടെ നികുതിപ്പണമുപയോഗിച്ച് സർക്കാർ അഭയാർത്ഥികൾക്ക് വെച്ചുവിളമ്പുന്നുവെന്ന് തീവ്ര വലതുശക്തികൾ സാധാരണ ജനങ്ങളെക്കെണ്ട് പറയിപ്പിക്കുകയാണ്. ആറ് മാസങ്ങൾക്ക് മുന്നേ, ‘The Guardian’ പ്രസിദ്ധികരിച്ച റിപ്പോർട്ട് പ്രകാരം, ഒരു ദിവസത്തിൽ ശരാശരി പത്തോളം ‘അഭയം തേടിയവ’രാണ് യു.കെയിൽ ആക്രമിക്കപ്പെടുന്നത്, അതും സർക്കാർ പരിചരണത്തിനിടയിൽ.
ആത്യന്തികമായി, വലതു ശക്തികളുടെ ‘അവർ കുടിയേറി കുടിയേറി കൊടിയേറും’ എന്ന ഭയമാണ് ഇതിനുപിന്നിൽ. ഇക്കാരണത്താലാണ്, യൂറോപ്പിലേക്ക് വൻതോതിലുള്ള കുടിയേറ്റമുണ്ടെന്ന് പ്രചരിപ്പിക്കുന്നത്. യൂറോപ്യൻ പാർലമെന്റ് അംഗമായ അബിർ അൽ സഹ്ലാനിയുടെ പാർലമെന്റിലെ തീപ്പൊരി പ്രസംഗത്തിൽ അവർ ഈ വ്യാജപ്രചാരണം പൊളിച്ചടുക്കി. അവരുടെ പ്രസംഗത്തിലെ പ്രസക്തഭാഗം ഇങ്ങനെയാണ്:
“This debate is factually and morally wrong wrong wrong! In fact, there is a 66% drop in the applications of asylum in the EU” (ഈ ചർച്ച വസ്തുതാപരമായും ധാർമികമായും വളരെ തെറ്റാണ്. സത്യത്തിൽ, യൂറോപ്യൻ യൂണിയനിൽ അഭയം തേടിയവരുടെ നിരക്കിൽ 66% ഇടിവ് വന്നിരിക്കുന്നു).
Gen-Z കുടിയേറ്റക്കാർക്ക് പ്രത്യക്ഷത്തിൽ ഇതുമായി ബന്ധമില്ലെങ്കിലും, അവരെ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാഴ്ത്തുന്നതും കൂടുതൽ പിടിച്ചുലക്കാൻ സാധ്യതയുള്ളതുമാണ് ഈ അഭയാർത്ഥി സാഹചര്യം. ചുരുക്കിപ്പറഞ്ഞാൽ വിസ നിബന്ധനകളും വികാരാധിക്യവും കൂടിക്കലർന്ന എതിരൻ ലോകമാണ് Gen-Z കേൾക്കായി ഒരുക്കപ്പെടുന്നത്.
യു.എസ്. എ എന്ന സാമ്രാജ്യം മുൻപും വലതു-രാഷ്ട്രീയത്തിന്റെ ഇരിപ്പിടമായിരുന്നെങ്കിലും, ട്രമ്പൻ വരവോടെ വലതിന്റെ വത്തിക്കാനായി മാറുകയാണ്. യൂറോപ്പിലെയും പശ്ചിമേഷ്യയിലെയും സൗത്ത് ഏഷ്യയിലെയുമെല്ലാം വലതുപക്ഷ നേതാക്കന്മാർ അമേരിക്കയെ തങ്ങളുടെ പുണ്യപാവനഭൂമിയായി കണ്ടുവരുന്നത് നമുക്ക് സുപരിചിതമാണ്. അവിടെയാണ് കഴിഞ്ഞ നവംബർ നാലിന് ഡെമോക്രാറ്റിക് സോഷ്യലിസ്റ്റും ഇന്ത്യൻ വംശജനുമായ സോഹ്രാൻ മംദാനി (Zohran മംദാനി), ലോകനഗരവും യു.എസ്സിന്റെ രണ്ടാം ഹൃദയവുമായ ന്യൂയോർക്കിന്റെ മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. ഇത് ലോകമെമ്പാടുമുള്ള കുടിയേറ്റക്കാർക്ക് നൽകുന്ന പ്രതീക്ഷ ചെറുതല്ല. വിജയിച്ചശേഷം തിളനിലയിലെ ഇളംകാറ്റുപോലെ അയാൾ പറഞ്ഞത്, ന്യൂയോർക്ക് നഗരം കുടിയേറ്റക്കാരുടെ നഗരമായി തുടരുമെന്നും, കുടിയേറ്റക്കാരാൽ നിർമ്മിതമായതും അവരാൽ ഊർജ്ജിതമായതുമായ ഇടമായി തുടരുമെന്നുമാണ്. തൊലിനിറവ്യത്യാസമുള്ളവനെ കുത്തിയാൽ വരുന്നത് ചോരയല്ല, പകരം തക്കാളിക്കൂട്ടാണെന്ന് വാദിക്കുന്ന ലോകത്തിൽ ഈ വാക്കുകൾക്ക് ബോധിവൃക്ഷത്തോളം വളർന്ന് തണലേകാൻ കഴിയും. കഥകളിൽ മുഴുകിയ മനുഷ്യന് പ്രത്യാശ നൽകാൻ കഥാപുരുഷൻമാർക്കേ കഴിയുകയുള്ളൂ.

യുവൽ നോവാ ഹരാരിയുടെ സാപിയൻസ് (Sapiens) എന്ന പുസ്തകത്തിലാണ് മനുഷ്യൻ കഥയിൽ മുഴുകിയ ജീവിയാണെന്ന് പറയുന്നത്. തങ്ങൾ നെയ്ത കഥകൾക്കുള്ളിൽ തെല്ലും അവിശ്വാസ്യതയില്ലാതെ ജീവിക്കാൻ സാധിക്കുന്ന ഒന്ന്. പണം, രാജ്യം, നാട്, ജീവിതശൈലി, സംസ്കാരം എന്നതെല്ലാം മനുഷ്യരുണ്ടാക്കിയ കഥകളാണല്ലൊ. അതിൽ, അതിര് എന്ന കഥയെ അവൻ എപ്പോഴോ അതിയായി പ്രണയിക്കാൻ തുടങ്ങിക്കാണണം. അതിരുകൾ കെട്ടിപ്പൊക്കാനും കാക്കാനും അതിനുവേണ്ടി കൊല്ലാനും തുടങ്ങി. അങ്ങനെ മാറിതിരിഞ്ഞ് വന്ന അതിരുകൾക്ക് തിടം വെച്ചുകൊണ്ടേയിരിക്കുന്നു.
ഈ സാഹചര്യത്തിൽ, ‘ …Imagine there’s no countries…Imagine all the people sharing all the world…’ എന്ന് ജോൺ ലെനൻ എന്ന സംഗീതജ്ഞൻ, തന്റെ Imagine എന്ന വരികളിലൂടെ പങ്കുവെച്ച സ്വപ്നത്തെയാണ് ഓർത്തുപോകുന്നത്. അദ്ദേഹം ഇങ്ങനെ പാടുന്നു:
‘You may say I’m a dreamer
But I'm not the only one
I hope someday you’ll join us
And the world will be as one’
(ഞാനൊരു സ്വപ്നജീവിയാണെന്ന്
നിങ്ങൾ പറഞ്ഞേക്കാം
പക്ഷെ ഞാൻ തനിച്ചല്ല
എന്നെങ്കിലും നിങ്ങൾ
ഞങ്ങളോടൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നു
അങ്ങനെ ലോകം ഒന്നായിത്തീരും)
ജോൺ ലെനന് വെടിയേറ്റ് മരിക്കേണ്ടിവന്നെങ്കിലും, അദ്ദേഹം ബാക്കിവെച്ചുപോയ സ്വപ്നമിന്നും കോട്ടം തട്ടാതെ നിലകൊള്ളുന്നു. സ്വപ്നം കാണാൻ നമ്മളും…
(പരമ്പര അവസാനിച്ചു)
വായിക്കാം, കേൾക്കാം: മലയാളി GEN Z യുടെ
സ്വാതന്ത്ര്യാന്വേഷണ പരീക്ഷണങ്ങളുടെ
UK
വായിക്കാം, കേൾക്കാം: ‘American Dream’
കാണാൻ ഭയക്കുന്ന
ഇന്ത്യൻ യുവാക്കൾ
വായിക്കാം, കേൾക്കാം: Gen-Z പ്രവാസികൾ,
ഋതുക്കളുടെ
കേളീശരീരങ്ങൾ
വായിക്കാം, കേൾക്കാം: കുടിയേറ്റത്തിന്റെ
വംശവും ജാതിയും
