ടീച്ചർമാരുടെ പണി പോയാലെന്താ,
സർ‘വയലൻസ്’ ജയിക്കട്ടെ…

ജോലിഭാരം വളരെക്കൂടുതലുള്ള അധ്യാപകർക്ക് അല്പമൊന്ന് സംസാരിക്കാനോ തമാശ പറയാനോ സൗഹൃദം പങ്കിടാനോ കിട്ടുന്ന അപൂർവ അവസരം ഒരുപക്ഷെ സ്റ്റാഫ് റൂമിൽ ഇരിക്കുമ്പോഴാണ്. അവിടെയും ‘മികച്ച അഭിനേതാ’ക്കളുടെ ഒരു നിര തന്നെ പടുത്തുയർത്താൻ അധ്യാപക- രക്ഷാകർതൃസമിതി എന്ന അച്ചടക്ക പോലീസ് സംഘത്തിന്റെ കൂട്ടുപിടിച്ച് പ്രധാനാധ്യാപകരും സംഘടനാനേതാക്കളും ഒക്കെയായ അധ്യാപകർ കിണഞ്ഞുപരിശ്രമിക്കുമ്പോൾ, സർവൈലൻസ് വഴിമാറുന്നത് വോയറിസത്തിന് തന്നെയാണ്- നന്ദലാൽ ആർ. എഴുതുന്നു.

യപ്പെടുത്തുന്ന നിശ്ശബ്ദത വല്ലാതെ പേടിപ്പിക്കുന്നുണ്ട്. സ്റ്റാഫ് റൂമിലും ക്ലാസ് മുറിയിലും ക്യാമറ സ്ഥാപിച്ചതിനെ ചോദ്യം ചെയ്ത ചങ്ങനാശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ അഞ്ച് അധ്യാപികമാരെ വയനാട്, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് സ്ഥലം മാറ്റിയത് സംബന്ധിച്ച് പി. പ്രേമചന്ദ്രൻ ട്രൂകോപ്പി തിങ്കിൽ എഴുതിയ ലേഖനം വല്ലാത്ത ഉൾക്കിടിലത്തോടെയല്ലാതെ വായിച്ചുതീർക്കാനാവില്ല.

അതിഭീകരമായ മൗനത്തിൽ നമ്മളെല്ലാം മുക്കിക്കളയുന്നു. ലോകമാകപ്പാടെ സർ‘വയലൻസ്’ ക്യാമറകളുടെയും ‘വലിയ സഹോദരന്മാരു’ടെയും (Big Brother) നിരീക്ഷണത്തിലാണ് എന്നത് വസ്തുതയാണ്. നമ്മളടക്കം, ഉപഗ്രഹ ക്യാമറകൾ ഉൾപ്പെടെയുള്ള നിരീക്ഷണ ക്യാമറയുടെ ശൃംഖലകൾക്ക് ഇരകളായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ അതിനിടയിൽ ഇത്തരം ചെറിയ നിരീക്ഷണങ്ങളെ മൈൻഡ് ചെയ്യേണ്ടതുണ്ടോ എന്ന മട്ടിൽ അധ്യാപികമാരുടെ പരാതിയുമായി ബന്ധപ്പെട്ട പ്രശ്നത്തെ നിസ്സാരവൽക്കരിക്കുന്നവരുണ്ട്. അതത്ര നിഷ്കളങ്കമായ നിസ്സാരവൽക്കരണമല്ല താനും.

 പി. പ്രേമചന്ദ്രൻ ട്രൂകോപ്പി തിങ്കിൽ എഴുതിയ ലേഖനം  [READ HERE]
പി. പ്രേമചന്ദ്രൻ ട്രൂകോപ്പി തിങ്കിൽ എഴുതിയ ലേഖനം [READ HERE]

വളരെ ലളിതമായി പറഞ്ഞാൽ ഈ കേസിൽ നടന്നിരിക്കുന്നത്, ഓരോ കുട്ടിയുടേയും അധ്യാപകരുടേയും സ്വകാര്യതകളിലേക്കുള്ള ഒളിഞ്ഞുനോട്ടം തന്നെയാണ്; അതല്ലാതെ മറ്റൊന്നുമാക്കി അതിനെ ചുരുക്കാൻ നോക്കുകയുമരുത്. ഈ വിഷയവുമായി ബന്ധപ്പെട്ട് വന്ന സമകാലിക മലയാളത്തിന്റെ എഡിറ്റോറിയൽ അടക്കം അത്തരം പ്രശ്നങ്ങളിലേക്ക് കടക്കാൻ ശ്രമിച്ചിട്ടേയില്ല. മറിച്ച്, ശിക്ഷിക്കപ്പെടുന്ന അധ്യാപകർ പഠിപ്പിക്കേണ്ടുന്ന ഇടമാണോ മലബാറിലെ സ്കൂളുകൾ എന്ന രീതിയിലുള്ള നൈതികചോദ്യങ്ങൾ മാത്രമാണ് ചോദിച്ചത്.

ഇവിടെ എനിക്ക് തോന്നിയ മറ്റൊരു പ്രധാന കാര്യം, സർവൈലൻസ് ക്യാമറകളെ ചോദ്യം ചെയ്തു എന്ന ഒരൊറ്റക്കാരണം കൊണ്ടുതന്നെ ഈ അധ്യാപികമാർ മികച്ച അധ്യാപികമാരായിരുന്നു എന്നും അവർ മറ്റ് അധ്യാപകരിൽ നിന്നും എത്രയോ കൂടുതലായി കാര്യങ്ങളെ ഗൗരവത്തിൽ കാണുന്നവരാണെന്നും മനസ്സിലാക്കാം എന്നുമാണ്. അവരെ സംബന്ധിച്ച് ഈ ലോകഗോളം തിരിയുന്ന മാർഗം അത്രയ്ക്കൊന്നും അനന്തമോ അജ്ഞാതമോ അവർണനീയമോ അല്ലതന്നെ.

സ്കൂളിലെ ഓരോ ക്ലാസ് മുറിയും ജൈവികമായ കൊടുക്കൽ വാങ്ങലുകൾ നടക്കുന്ന കേന്ദ്രങ്ങളാണ്. അവിടെ അധ്യാപകരുടെയും കുട്ടികളുടെയും മാത്രമായ ഒരു ലോകമുണ്ട്. ആ ലോകത്ത് നടക്കുന്ന ചർച്ചകളും ക്ലാസുകളും ബഹളങ്ങളും ഒക്കെ ഒരു നല്ല നാളെയെ വാർത്തെടുക്കുന്നതിനുള്ള ശ്രമങ്ങളാണ്. അവിടെ നല്ല അധ്യാപകർ ബർതോൾട് ബ്രെഹ്തിനെപ്പറ്റിയോ നോം ചോംസ്കിയെപ്പറ്റിയോ അരുന്ധതി റോയിയെപ്പറ്റിയോ ഒക്കെ കുട്ടികളോട് സംസാരിച്ചേക്കാം.

നിരീക്ഷണ ക്യാമറകൾ ക്ലാസ് മുറികളിൽ സ്ഥാപിച്ചുകഴിഞ്ഞാൽ പിന്നെ ആ ലോകത്ത് എന്ത് ജൈവികതയാണ് അവശേഷിക്കുക? Photo: COLLEGE OF FINE ARTS, TVM
നിരീക്ഷണ ക്യാമറകൾ ക്ലാസ് മുറികളിൽ സ്ഥാപിച്ചുകഴിഞ്ഞാൽ പിന്നെ ആ ലോകത്ത് എന്ത് ജൈവികതയാണ് അവശേഷിക്കുക? Photo: COLLEGE OF FINE ARTS, TVM

ശബ്ദങ്ങളടക്കം പിടിച്ചെടുക്കാവുന്നത്രയും സാങ്കേതികത്തികവുള്ള മികച്ച ക്യാമറകൾ ആ ക്ലാസ് മുറികളിൽ സ്ഥാപിച്ചുകഴിഞ്ഞാൽ പിന്നെ ആ ലോകത്ത് എന്ത് ജൈവികതയാണ് അവശേഷിക്കുക? ക്യാമറക്കു മുന്നിൽ അവർ നടന്മാരും നടികളുമാണ്. അവിടെ നിശ്ചിതമായ കാര്യങ്ങൾ മാത്രമേ പറയാവൂ, ചെയ്യാവൂ... കാരണം അവർ നിരന്തരം നിരീക്ഷണത്തിലാണ്. അവരുടെ ചലനങ്ങൾ, സൗഹൃദങ്ങൾ, കുസൃതികൾ ഒക്കെ നിരന്തരമായി സ്കൂളിൽ നിന്ന് പുറത്താക്കപ്പെടാനുള്ള കാരണമാക്കി മാറ്റി അത് ചെയ്യാൻ തക്കം നോക്കിയിരിക്കുന്ന വോയറിസ്റ്റുകൾ ഈ ക്യാമറ ബന്ധിപ്പിച്ചിട്ടുള്ള സ്ക്രീനുകൾക്കുമുന്നിൽ ഇമവെട്ടാതെ ഇരിപ്പുണ്ടാവും. നാളെ പുതിയ ലോകം സൃഷ്ടിക്കാനുള്ള തലമുറയെ വാർത്തെടുക്കുവാനുള്ള ക്ലാസ് മുറികൾ, അനുവദിക്കപ്പെട്ടിട്ടുള്ള കാര്യങ്ങൾ മാത്രം ചെയ്യാവുന്ന തടവറകളായി മാറുന്ന അവസ്ഥ സാംസ്കാരികഫാഷിസത്തിന്റെ അങ്ങേയറ്റമാണ്.

ഇതുതന്നെയാണ് സ്റ്റാഫ് റൂമുകളിൽ ക്യാമറകൾ സ്ഥാപിക്കുമ്പോഴും സംഭവിക്കുന്നത്. ഇപ്പോൾത്തന്നെ ജോലിഭാരം വളരെക്കൂടുതലുള്ള അധ്യാപകർക്ക് അല്പമൊന്ന് സംസാരിക്കുവാനോ തമാശകൾ പറയുവാനോ സൗഹൃദം പങ്കിടുവാനോ ഒക്കെ വീണുകിട്ടുന്ന അപൂർവ അവസരം ഒരുപക്ഷെ സ്റ്റാഫ് റൂമിൽ ഇരിക്കുമ്പോഴാണ്. അവിടെയും ‘മികച്ച അഭിനേതാ’ക്കളുടെ ഒരു നിര തന്നെ പടുത്തുയർത്താൻ അധ്യാപക-രക്ഷാകർതൃസമിതി എന്ന അച്ചടക്ക പോലീസ് സംഘത്തിന്റെ കൂട്ടുപിടിച്ച് പ്രധാനാധ്യാപകരും സംഘടനാനേതാക്കളും ഒക്കെയായ അധ്യാപകർ തന്നെ കിണഞ്ഞുപരിശ്രമിക്കുമ്പോൾ, ഇപ്പറഞ്ഞ സർവൈലൻസ് വഴിമാറുന്നത് വോയറിസത്തിന് തന്നെയാണ്.

ഇപ്പോൾത്തന്നെ ജോലിഭാരം വളരെക്കൂടുതലുള്ള അധ്യാപകർക്ക് അല്പമൊന്ന് സംസാരിക്കുവാനോ തമാശകൾ പറയുവാനോ സൗഹൃദം പങ്കിടുവാനോ ഒക്കെ വീണുകിട്ടുന്ന അപൂർവ അവസരം ഒരുപക്ഷെ സ്റ്റാഫ് റൂമിൽ ഇരിക്കുമ്പോഴാണ്. / Photo: SSA Kerala
ഇപ്പോൾത്തന്നെ ജോലിഭാരം വളരെക്കൂടുതലുള്ള അധ്യാപകർക്ക് അല്പമൊന്ന് സംസാരിക്കുവാനോ തമാശകൾ പറയുവാനോ സൗഹൃദം പങ്കിടുവാനോ ഒക്കെ വീണുകിട്ടുന്ന അപൂർവ അവസരം ഒരുപക്ഷെ സ്റ്റാഫ് റൂമിൽ ഇരിക്കുമ്പോഴാണ്. / Photo: SSA Kerala

ഭരണകൂടത്തിന്റെ ഒത്താശ കൂടി ഇതിനുണ്ടെന്നുള്ള കാര്യത്തിൽ സംശയമേയില്ല. എല്ലാവരെയും നിരന്തരം നിരീക്ഷിക്കുക എന്നതാണല്ലോ എല്ലാ സമഗ്രാധിപത്യ ഭരണകൂടങ്ങളുടെയും പ്രധാന അജണ്ട. നമ്മളെല്ലാം ഏതോ ഒരു ആദിമമായ ഭയത്തിന്റെ കരിമ്പടം വലിച്ച് തലവഴി മൂടി ‘ഇതെല്ലാം ആരുടെയോ കാര്യമല്ലേ?’, ‘ഇതിലെന്താ ഇത്ര ബഹളം വെക്കാനുള്ളത്?’, ‘കാര്യക്ഷമതയ്ക്ക് നീരീക്ഷണം നല്ലതല്ലേ?’ എന്നൊക്കെയുള്ള ന്യായീകരണങ്ങളുമായി ആ കരിമ്പടത്തിന്റെ കപടസുരക്ഷിതത്വത്തിൽ കിടന്നുറങ്ങുകയാണ്. പേടിക്കേണ്ട... കരിമ്പടത്തിനകത്തേക്കടക്കം നീളുന്ന വോയറിസ്റ്റ് കണ്ണുകൾ പിറകേയുണ്ട്. ആരും രക്ഷപ്പെടുകയില്ല; രക്ഷപ്പെടാൻ ആരെയും അനുവദിക്കുകയുമില്ല.

സർവൈലൻസ് ക്യാപിറ്റലിസം എന്നതിന് ഒളിനോട്ട മുതലാളിത്തം എന്ന തർജമ നൽകി ഒരു ലേഖനം, ഫേസ്ബുക്ക് പോലുള്ള ആഗോള ഒളിനോട്ടകുത്തകകളെക്കുറിച്ച്, ട്രൂകോപ്പി തുടങ്ങുന്ന കാലത്ത് എഴുതിയതോർക്കുന്നു. സോഷ്യൽ ഡൈലെമ, ദ് ഗ്രേറ്റ് ഹാക്ക് തുടങ്ങിയ ഡോക്യുമെന്ററികളെക്കുറിച്ചോർക്കുന്നു. ട്രൂ കോപ്പിയിൽ തന്നെ വന്ന പരാന്നഭോജനം എന്ന, അനൂപ് കെ.ഇ. എഴുതിയ കഥ ഓർക്കുന്നു. ഒട്ടേറെപ്പേർ ഇങ്ങനെ ഒരു വോയറിസ്റ്റ് ലോകത്തെ വളരെ മുൻകൂട്ടി തന്നെ കണ്ടിരിക്കുന്നു.

അനൂപ് ആര്‍. കരുണാകരന്റെ കഥ, പരാന്നഭോജനം [Read Here]
അനൂപ് ആര്‍. കരുണാകരന്റെ കഥ, പരാന്നഭോജനം [Read Here]

പ്രത്യേകിച്ച് കേരളത്തിൽ ഒട്ടുമിക്കയാളുകളും അത് ഇതിനോടകം തന്നെ മനസ്സിലാക്കുകയും ചെയ്തിരിക്കുന്നു. എന്നിട്ടും സ്ഥലംമാറ്റപ്പെട്ട അധ്യാപികമാർ ഇതിനകം വലിയ മാനസികപീഡകൾക്ക് ഇരയായിക്കഴിഞ്ഞിരിക്കും; ‘ഇതൊക്കെ സ്വാഭാവികമല്ലേ?’, ‘ഇതിനൊക്കെ എന്തിന് പരാതിയുമായി പോകണം?’, ‘അടങ്ങിയൊതുങ്ങി ജോലി ചെയ്താൽപ്പോരേ?’, ‘ഇതിപ്പൊ നമ്മൾക്കും കൂടി നാണക്കേടായില്ലേ?’ എന്നിങ്ങനെ നീളുന്ന കുറ്റപ്പെടുത്തലുകളുടെ ചോദ്യശൃംഖലകൾ സ്വന്തം വീട്ടിൽ നിന്നടക്കം അവർ ഇതിനോടകം കേട്ടുകാണും. അവരെ ചേർത്തുപിടിക്കാനോ അവർ ചെയ്തതാണ് ശരിയെന്ന് ഉറക്കെ വിളിച്ചുപറയാനോ ആരുമില്ലാത്ത അവസ്ഥ അങ്ങേയറ്റം പൈശാചികം തന്നെയാണ്.

“Today’s Big Brother is not about keeping people in and making them stick to the line, but about kicking people out and making sure that when they are kicked out that they will duly go and won’t come back’’ എന്ന് സുപ്രസിദ്ധ പോളിഷ് സാമൂഹ്യശാസ്ത്രകാരനും ദാർശനികനുമായ സിഗ്മണ്ട് ബോമാൻ നിരീക്ഷിച്ചിട്ടുണ്ട്. സ്ഥലംമാറ്റിയ ആ ടീച്ചർമാരെ നമ്മൾ സൗകര്യപൂർവം കാണാതിരിക്കാനാണ് ശ്രമിക്കുന്നത്; അവർ പറയുന്നത് കേൾക്കാനുള്ള എല്ലാ സാധ്യതകളെയും എന്നെന്നേക്കുമായി അടച്ചുകളയാനാണ് ശ്രമിക്കുന്നത്; അവർ പുറത്താക്കപ്പെട്ടു എന്ന് ഉറപ്പുവരുത്താനാണ് ശ്രമിക്കുന്നത്. ആകയാൽ നമുക്ക് നിരന്തരം പരസ്പരം ഒളിഞ്ഞുനോക്കിക്കൊണ്ടേയിരിക്കാം. അങ്ങനെ നമുക്കും അങ്ങേയറ്റത്തെ വയലൻസിൽ പങ്കാളികളാം, ടീച്ചർമാർ പോയി പണി നോക്കട്ടെ.

Comments