മൂരിപ്പണിക്കാരന്റെ മകൻ

കഞ്ഞികൊണ്ടുപോയ ഒന്നോ രണ്ടോ തവണ അച്ഛന്റെ കൈകൊണ്ട് തഴമ്പിച്ച കലപ്പക്കൈ പിടിച്ചുനോക്കിയിട്ടുണ്ട്. ചിത്രം വരയ്ക്കുന്നതുപോലെ മൃദുലമായിരുന്നില്ല അത്. നല്ല ശക്തിയിൽ പിടിച്ചാലെ പോളപോളയായി വയൽമണ്ണ് ഉഴുതുവരികയുള്ളൂ. എത്ര ഞെക്കിയിട്ടും ഞരമ്പുകൾ എഴുന്നതല്ലാതെ മണ്ണുഴാനുള്ള കരുത്ത് എനിക്ക് കിട്ടിയില്ല. മൂരിപ്പണിയിൽ ഞാൻ തോറ്റു

ഴുതുമെന്ന് കരുതിയതല്ല. ഓർമ്മകൾ തിക്കുമുട്ടുമ്പോൾ കർട്ടൻ വീണു എന്നുകരുതുന്ന ചില കാലങ്ങൾ മൗനം കനച്ചുനിൽക്കുന്ന കൂമനെപ്പോലെ തുറിച്ചുനോക്കും. അല്ലെങ്കിൽ സന്ധ്യക്കുമാത്രം കാണുന്ന ചെമ്പോത്തിനെപ്പോലെ, പാതിയിരുട്ടിലും പാതി ചുവപ്പിലും അത് ഒറ്റയ്ക്കിരിക്കും. ഓമനത്തമുള്ള വീട്ടുജീവിതം പൂച്ചക്കാണെങ്കിൽ, വീടിനുപുറത്ത് കനംതൂങ്ങിനിൽക്കുന്ന സങ്കടങ്ങൾ കൂമനും ചെമ്പോത്തും ഏറ്റെടുത്തിരിക്കുന്നു. വിഷാദഛായയുള്ള എല്ലാ ഓർമ്മകളുടെയും ചിത്രം ഒറ്റയ്ക്കിരിക്കുന്ന ഒരു കൂമനിലുണ്ട്, ഒറ്റയ്ക്കിരിക്കുന്ന ചെമ്പോത്തിലും. അവ നമ്മെ തൊടില്ല. നമുക്കവയെയും തൊടാനാവില്ല. ഇപ്പോൾ തൊടാനാവാത്ത ഒരു കുട്ടിക്കാലം സങ്കടമുഖമുള്ള ഏത് കൂമനിലും എനിക്ക് കാണാനാവുന്നു. സങ്കടഛായയുള്ള ഒരു ചെമ്പോത്ത് അതെല്ലാം ഓർത്തുവെച്ചിരിക്കുന്നു, അവയൊന്നും വിളിച്ചുപറയുന്നില്ല എന്നുമാത്രം. ചിലനേരങ്ങളിൽ അവയുടെ ഉള്ളൊച്ച പ്രതിധ്വനി പോലെ മുഴങ്ങുകയും ചെയ്യും.

അല്ലെങ്കിലും മിണ്ടാപ്രാണികൾ ജീവിതവ്യഥകളുടെ ജീവിക്കുന്ന ശില്പങ്ങളാണെന്ന് തോന്നിയിട്ടുണ്ട്.

അച്ഛന് രണ്ട് മൂരികളുണ്ടായിരുന്നു.

മുതുകത്ത് കലപ്പയും നുകവുമേന്തി മൂരികളേയും തെളിച്ച് വെളിച്ചംവീണിട്ടില്ലാത്ത വഴികളിലൂടെ അച്ഛൻ പോകുന്നത് കാണാം. വെള്ളൂരിലും അഴിയൂരിലും കോട്ടേമ്പ്രത്തും പരന്നുകിടക്കുന്ന വയലുകളുള്ള സമീപസ്ഥലങ്ങളിലെല്ലാം അച്ഛൻ മൂരികളെ തെളിച്ചു. അച്ഛനും മൂരികളും അവരുടെ പത്തുകാലുകളും ദീർഘവൃത്തങ്ങളിൽ എഴുതിമായ്ച്ച കളങ്ങളിലാണ് ഞാനാദ്യം ചിത്രകല കണ്ടത്. അച്ഛൻ മൂരികൾക്കൊപ്പമോടി, മൂരികൾ അച്ഛനൊപ്പവും. ഞങ്ങൾ അമ്മയും ഏച്ചിമാരുമേട്ടന്മാരുമനിയനും ഒപ്പമോടി. വട്ടത്തിലോടുന്നതാണ് ഒരു മൂരിപ്പണിക്കാരന്റെ നിത്യജീവിതം.

അച്ഛൻ വട്ടത്തിൽ ഓടിയെടുത്തതായിരുന്നു ഞങ്ങടെ ചോറ്.

അച്ഛന് ചായയും കഞ്ഞിയുമായി ചോറ്റുപാത്രമേന്തി വയലുകളായ വയലുകളിലേക്ക് കൊണ്ടുചെല്ലുക എന്നതുമാത്രമായിരുന്നു എന്റെ പണി. വാഴത്തോട്ടത്തിലിരുന്ന് അച്ഛൻ ചമ്മന്തിയടയോ ചായയോ കഞ്ഞിയോ കുടിക്കുമ്പോൾ ഞാൻ മൂരികളുടെ അടുത്തുപോവും. പണിക്കിടെ മൂരികളെ കാണാൻ ചന്തമില്ല. അവയും അന്ന് മാസ്‌കുകൾ ഇട്ടിരിന്നു, പകർച്ചവ്യാധിയെ പേടിച്ചല്ല, പണിക്കിടെ തീറ്റയെക്കുറിച്ച് ഓർക്കാതിരിക്കാൻ കെട്ടിയ മൂക്കുകൊട്ടകളായിരുന്നു അത്.

അവയ്ക്കുള്ള തീറ്റ ഉണക്കപ്പുല്ലും കാടിയുമാണ്. കുറേദൂരം നടന്ന് പുല്ലുംകറ്റ തലയിലേറ്റിക്കൊണ്ടുവന്നിരുന്ന എന്നെ എനിക്കിപ്പോഴുമറിയാം. പിന്നീടൊരിക്കൽ ഫൈൻ ആർട്‌സ് പഠനകാലത്ത് തിരുവാങ്കുളം ടൗണിലൂടെ ക്യാൻവാസിനുള്ള മരക്കഷ്ണങ്ങൾ തലയിലേറ്റി നടന്നപ്പോൾ ആ ഓർമ്മ എന്നിൽ പ്രവർത്തിച്ചിരുന്നു. പിറ്റേദിവസം അതിലെ പോയപ്പോൾ പലചരക്കുകടയിലെ മാത്യൂസ് ചേട്ടൻ ചോദിച്ചു "നിങ്ങടെ നാട്ടിലൊക്കെ ഇപ്പോഴും തലച്ചുമടെടുക്കുന്ന ആളോളുണ്ടോ?' എന്ന്. അപ്പോഴാണോർത്തത്. ആ നഗരത്തിനുപറ്റാത്ത ഒരു ശരീരഭാഷയായിരുന്നു അതെന്ന്. ഇപ്പോഴാണെങ്കിൽ വണ്ടി വിളിച്ചല്ലാതെ ഒന്നും എവിടെയും കൊണ്ടുപോവുന്നില്ല. ‘തലക്കനം’ എന്ന വാക്കിനു അപ്പോൾ വേറൊരു മൂർച്ചയുണ്ട്.

മൂരിപ്പണിക്കാരനെന്ന നിലയിൽ അച്ഛൻ അറിയപ്പെട്ടു. ആ വകയിൽ ഞങ്ങളും. വയൽപ്പണി കാലാവസ്ഥപോലെ പ്രവചനാതീതമായ ഒരു പ്രവൃത്തിയായിരുന്നു. വയലുകൾ നികത്തി പറമ്പുകളാക്കിയും മാളിക പണിതും ആളുകൾ വയലിൽനിന്ന് കരയ്ക്കുകയറി. അച്ഛനപ്പോഴും വയലിൽത്തന്നെ നിന്നു. വേറൊരു പണിക്കും പോയില്ല. മൂരിപ്പണിക്ക് പകരം ട്രാക്ടർ വന്നു. മൂരിക്ക് കൊടുക്കേണ്ട തീറ്റച്ചെലവുപോലും അതിനില്ല, “ഇങ്ങളും ട്രാക്റ്റർ പണിക്ക് കൂടിക്കോ” എന്ന് ആരൊക്കെയോ പറഞ്ഞു. അച്ഛൻ പക്ഷേ മൂരികളെ വിറ്റില്ല. പണിയില്ലാത്തപ്പോഴും അവയെപ്പോറ്റാൻ കൈക്കോട്ടുപണിയെടുത്തു.

വികസനം അരികൊണ്ടത്തരാതിരുന്ന വീടുകളിലൊന്ന് ഞങ്ങളുടേതായിരുന്നു. അച്ഛൻ അതിനാൽ തന്നെ പുരോഗമനജാഥയിൽ പോയില്ല, അതിനെതിരായവർക്കൊപ്പവും പോയില്ല. മൂരികൾക്ക് പ്രായമാകുമ്പോൾ ഓർക്കാട്ടേരി കാലിച്ചന്തയ്ക്ക് പോയി മൂരികളെ മാറ്റിയെടുത്തു. അവയ്ക്കുള്ള പുല്ലും കാടിയും ഓഖയും ഉണ്ടാക്കാൻ കുറേ വിയർത്തു. അതിനിടയിൽ ഞങ്ങൾ വളർന്നു.

കഞ്ഞികൊണ്ടുപോയ ഒന്നോ രണ്ടോ തവണ അച്ഛന്റെ കൈകൊണ്ട് തഴമ്പിച്ച കലപ്പക്കൈ പിടിച്ചുനോക്കിയിട്ടുണ്ട്. ചിത്രം വരയ്ക്കുന്നതുപോലെ മൃദുലമായിരുന്നില്ല അത്. നല്ല ശക്തിയിൽ പിടിച്ചാലെ പോളപോളയായി വയൽമണ്ണ് ഉഴുതുവരികയുള്ളൂ. എത്ര ഞെക്കിയിട്ടും ഞരമ്പുകൾ എഴുന്നതല്ലാതെ മണ്ണുഴാനുള്ള കരുത്ത് എനിക്ക് കിട്ടിയില്ല.

മൂരിപ്പണിയിൽ ഞാൻ തോറ്റു.

അച്ഛനതെന്നെ പഠിപ്പിച്ചുമില്ല. എന്ത് പഠിക്കണമെന്ന എന്റെ ആഗ്രഹങ്ങൾക്കൊപ്പം നിൽക്കാനുള്ള കരുണ മാത്രം അച്ഛനെന്നോട് കാണിച്ചു.

സുധീഷ് കോട്ടേമ്പ്രം

ഞാൻ കല പഠിക്കാൻ തീരുമാനിച്ചു, ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുന്നു എന്നതുപോലെ പൊള്ളുന്ന ഒന്നായിരുന്നു അന്നത്. കൂട്ടുകാരാരും അതിന് ‘ലൈക്കടി’ച്ചില്ല. അവർ വാർക്കപ്പണിക്കും അലൂമിനിയം ഫാബ്രിക്കേഷനും പോയി, അവർ കിണറുകുഴിക്കും കല്ലുവെട്ടിനും പോയി. ടൈപ്പ് റൈറ്റിംഗും ടെയിലറിംഗും പഠിച്ചു. അവർക്കൊക്കെ നെഞ്ചുവിരിച്ച് നടക്കാമെന്നായി. അവർക്കൊക്കെ ആളുകൾ കാണെ മുണ്ടുമടക്കി ഉടുക്കാമെന്നായി. എല്ലാരുടെ മുൻപിലും മുണ്ട് താഴ്ത്തിയിട്ട് മുഖം കുനിച്ച് ഞാൻ കുറ്റവാളിയെപ്പോലെ നടന്നു.

കുറ്റകൃത്യം ചെയ്യുന്നു എന്നപോലെ കലാപഠനം ചെയ്തു. അവധിക്കാലങ്ങളിൽ മാത്രം നാടുകാണിയായി ഞാനെത്തും. അപ്പോൾ വാർക്കപ്പണിക്ക് പോയവർ വലിയ വീടുകൾ വെച്ചു. അപ്പോൾ ടെയിലറിംഗ് കഴിഞ്ഞവർ ടെക്‌സറ്റൈൽസ് തുടങ്ങി. അവരൊക്കെ വണ്ടികളിൽ മാത്രം സഞ്ചരിക്കുന്നവരായി. കാൽനട എല്ലാവർക്കും കുറച്ചിലായി തോന്നി. വണ്ടിസാക്ഷരതയില്ലാത്ത ഞാൻ എല്ലായിടത്തും പരുങ്ങലിലായി. നിന്നെക്കൊണ്ടുവിടാം എന്ന് ചിലരൊക്കെ ആർദ്രചിത്തരായി.

എങ്കിലും ഇപ്പോഴും പതുക്കെ സഞ്ചരിക്കുന്ന ഒരു കാലം എന്റെ ഉള്ളം കാലിൽ ചുറഞ്ഞിരിക്കുന്നു. വണ്ടിയിൽ കേറി വേഗത്തിലെത്തേണ്ട ഒരിടത്തുമെന്ന മട്ടിൽ.

അച്ഛനുമങ്ങനെയാണല്ലോ എന്ന് ഞാനോർത്തു. പുതിയ കുപ്പായമിടണമെങ്കിൽ പതിനാറുവട്ടം ആലോചിക്കും. പഴയ കുപ്പായത്തിൽ മാത്രം ആത്മവിശ്വാസമുള്ള ആളാണച്ഛൻ. പുതുതായി കൊണ്ടുകൊടുക്കുന്ന ഒരു കുപ്പായവുമിടില്ല, അത് പഴകും വരെ വെക്കും. വേഗതയിൽ എവിടെയുമെത്തണ്ട എന്ന് കിലോമീറ്ററുകൾ നടക്കും.

കോളേജ് അഡ്മിഷൻ അഭിമുഖപരീക്ഷയിൽ പ്രതീക്ഷിച്ച ചോദ്യങ്ങൾക്കപ്പുറത്ത് വ്യക്തിപരമായ പലതും ചോദിച്ചു. അതിലൊന്ന് "അച്ഛനെന്താ പണി?' എന്നായിരുന്നു. ഞാൻ പറഞ്ഞു "കൃഷിപ്പണി'
"എസ്റ്റേറ്റൊറ്റൊക്കെ ഉണ്ടോ? എന്നായി അടുത്ത ചോദ്യം.
എസ്റ്റേറ്റ് എന്ന വാക്ക് സിനിമയിൽ മാത്രമേ കേട്ടിരുന്നുള്ളു. അതിനു മറുപടി പറഞ്ഞില്ല.
അടുത്ത ചോദ്യം "എന്തിനാ ആർട്ട് പഠിക്കുന്നത്?' എന്നായിരുന്നു.
വല്ലാതെ കുഴങ്ങി.
എന്തുത്തരം പറഞ്ഞെന്ന് ഇപ്പോൾ മറന്നു. ആ ചോദ്യം എല്ലാരെയും കുഴക്കിയെന്ന് പിന്നീടറിഞ്ഞു. അതിനൊരുത്തരം ഇക്കണ്ട കലാചരിത്രമൊന്നും വെടിപ്പായി പറഞ്ഞില്ല എന്നാലോചിച്ചു.

കൃഷിപ്പണി മുന്തിയ പണിയാണെന്ന് ഇപ്പോൾ അറിയാം. അന്നത് പരസ്യമായി പറയാൻ ലജ്ജിച്ചതോർത്ത് ഇപ്പോൾ ലജ്ജിക്കണം. എങ്കിലും ഉടമാവകാശമില്ലാത്ത ഏതുപണിയെയും പോലെ വയലിൽ പണിയെടുക്കുന്ന ആളും മുതലാളിയെ അനുസരിക്കുക മാത്രം ചെയ്യുന്നതിനാൽ അഭിമാനിക്കാൻ അതിൽ ഒന്നുമുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. പഠിപ്പിൽ പിന്നിലായവരോട് ""നിനക്ക് കിളക്കാൻ പോയിക്കൂടെടോ'' എന്ന സ്‌കൂൾ മാഷന്മാരുടെ തമാശയിലെ ക്രൂരത അതിനാലെനിക്ക് മനസ്സിലാകുമായിരുന്നു. സ്‌കൂളിൽനിന്ന് കിതച്ചോടി വരുമ്പോൾ വീട്ടിൽ തിന്നാനൊന്നുമില്ലാതെ പച്ചവെള്ളവും കുടിച്ച് തിരിച്ചോടുന്നവരുടെ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു. എന്നിട്ടും വയറുവിശപ്പിനെ ആദർശവത്കരിക്കുന്ന ഒന്നിലും താല്പര്യം തോന്നിയില്ല. അഥവാ അതിനും മീതെ കലയുടെ വിശപ്പ് എന്നെ മഥിച്ചിരിക്കണം.

വിശന്ന നാട് എന്റെ പേരിനൊപ്പം കൂടി.

അകന്നിരിക്കുമ്പോൾ മാത്രം നാടിനെ നന്നായി അറിയാം. നാടുവിട്ടവർക്കറിയാവുന്നതുപോലെ മറ്റാർക്കറിയും ഒരു നാടിന്റെ സാമൂഹികശരീരം? അതിലെ അകമുറിവുകൾ? അങ്ങനെ വന്നുപോയ ഏതോ ഒരവധിക്കാലത്ത് അച്ഛൻ മൂരികളെ വേണ്ടെന്ന് വെച്ചു. പണിയില്ലാതെ പീടികത്തിണ്ണയിൽ കുത്തിയിരുന്ന് അച്ഛന് ആവശ്യത്തിൽ കൂടുതൽ വയസ്സായി.

വയലുകൾ ഓർമ്മയായി.

അച്ഛനിപ്പോഴും വീട്ടിലുണ്ട്. ഓടിത്തീർന്ന വയലുകൾ അച്ഛനുചുറ്റും അദൃശ്യവട്ടം വരയ്ക്കുന്നുണ്ടോ എന്ന് ഞാൻ ഒളിഞ്ഞുനോക്കുന്നു.
വടക്കുപുറത്തെ ഞാവൽമരത്തിൽ ഒരു കൂമൻ മൂളുന്നു. അതോ ചെമ്പോത്തോ!

ഞാനതിന്റെ മൂളക്കങ്ങളിൽനിന്ന് ആ കാലത്തെ വരയാൻ ശ്രമിക്കുന്നു.

നിറരഹിതമായി.

സുധീഷ് കോട്ടേമ്പ്രത്തിന്റെ മറ്റു ലേഖനങ്ങൾ

സഹതാപക്കഞ്ഞികൊണ്ട് കലയിലെ ദാരിദ്ര്യം ഊട്ടാൻ നിൽക്കരുത്

കലയിലില്ല ഡിജിറ്റൽപ്പേടി

കവിത-വയലോരം താഴെക്കുനി (ക്ലബ് നമ്പർ 3)

Comments