കേരളത്തിൻെറ അന്താരാഷ്ട്ര നാടകോത്സവമായ ഇറ്റ്ഫോക്ക് (ITFOK 2025) പ്രതിരോധത്തിൻെറ സംസ്കാരങ്ങൾ എന്ന തീമിലാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. സംഘാടനമികവ് കൊണ്ടും ആളുകളുടെ പങ്കാളിത്തം കൊണ്ടും പ്രതീക്ഷാനിർഭരമായ ഒരു ഇടമായി കഴിഞ്ഞ കുറേകാലം കൊണ്ട് ഇത് മാറിയിട്ടുണ്ട്. നിലവിൽ നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികളും പ്രതിസന്ധികളും പരിഗണിക്കുമ്പോൾ ഫെസ്റ്റിവെൽ അതിനെയെല്ലാം അതിജീവിക്കുന്നുണ്ടെന്ന് തന്നെ പറയേണ്ടി വരും. ജനങ്ങളുടെ പങ്കാളിത്തം കൊണ്ട് ഏറെക്കാലമായി ഇറ്റ്ഫോക്ക് ഒരു ജനകീയ ഫെസ്റ്റിവെൽ എന്ന നിലയിൽ വലിയ വിജയമാണ്. കൺസ്യൂമറിസം അതിൻെറ ഏറ്റവും ഉന്നതിയിൽ നിൽക്കുന്ന കാലത്ത് തികച്ചും കലയോടുള്ള പ്രതിബദ്ധത മാത്രമാണ് ഇറ്റ്ഫോക്കിൻെറ ഊർജ്ജമായി മാറുന്നത്. ആളുകൾക്ക് എത്തിപ്പെടാനുള്ള സൗകര്യവും കുറഞ്ഞ തുക മാത്രമുള്ള ടിക്കറ്റ് നിരക്കുമെല്ലാം ഫെസ്റ്റിവെലിനെ കൂടുതൽ ജനകീയമാക്കുന്നു. സമത്വമനോഭാവം, ആർക്കും പ്രത്യേക പരിഗണനയില്ലാത്തതിനാൽ അൺ റിസർവ്ഡ് ആയ ഇരിപ്പിടങ്ങൾ, പല പ്രായത്തിലുള്ള കലാപ്രേമികളുടെ നാടകത്തോടുള്ള താൽപര്യം പ്രകടമാക്കുന്ന പങ്കാളിത്തം, വിവിധ രാജ്യങ്ങളിൽ നിന്നുള്ള അവതരണങ്ങൾ എന്നിവയെല്ലാം മറ്റെവിടെയും കാണാത്ത ഒരു അന്തരീക്ഷം ഇവിടെ ഒരുക്കുന്നു. കാണികളിൽ പുരുഷൻമാരുടെ എണ്ണക്കൂടുതൽ ലിംഗസമത്വത്തിൻെറ പോരായ്മയായി തോന്നാമെങ്കിലും പൊതുവിലുള്ള ഊർജ്ജസ്വലത അതിനെയെല്ലാം എപ്പോഴും മറികടക്കുകയാണ് ചെയ്യുന്നത്.
ITFOK 2025: ‘Poor Liza’,
റഷ്യയിൽ ഇപ്പോഴും നാടകമുണ്ടോ?
ഇത്തവണ സാമ്പത്തിക പ്രതിസന്ധി ഫെസ്റ്റിവെൽ നടത്തിപ്പിൽ കാര്യമായി തന്നെ പ്രതിഫലിക്കുന്നുണ്ട്. വേദികൾ കുറച്ചതും നാടകങ്ങളുടെ എണ്ണക്കുറവുമെല്ലാം മനസ്സിലാക്കാവുന്നതാണ്, എന്നാൽ കലാകാരരെ തെരഞ്ഞെടുത്തതിലുള്ള ചില പിഴവുകൾ ആർക്കും ചോദ്യം ചെയ്യാതിരിക്കാനാവില്ല. ചില കാര്യങ്ങളിൽ വലിയ നിരാശ ഉണ്ടായിട്ടുണ്ട്. കലാപരമായുള്ള പോരായ്മ കൊണ്ട് മാത്രമല്ല, പ്രതിലോമകരമായ പ്രത്യയശാസ്ത്രം ഉയർത്തിപ്പിടിച്ച ചില അവതരണങ്ങൾക്ക് മുന്നിൽ കുടുങ്ങിപ്പോവേണ്ടി വന്നിട്ടുണ്ട്. ഫെമിനിസ്റ്റ് ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്ന നാടകമെന്ന് അവകാശപ്പെട്ടുകൊണ്ട് അവതരിപ്പിക്കുന്നത് യഥാർത്ഥത്തിൽ പുരുഷാധിപത്യ പ്രവണതകളെ ഉയർത്തിപ്പിടിക്കുന്നുവെങ്കിൽ അതിനോട് എങ്ങനെ യോജിക്കാനാവും? സൈമൺ ഡി ബ്യുവർ കൃത്യമായി പറഞ്ഞുവെച്ചത് പോലെ പുരുഷാധിപത്യ പ്രവണതകളുടെ ശിഥിലീകരണത്തിൽ സ്ത്രീകളുടെ ഏജൻസികൾക്കും പുരുഷാധിപത്യത്തെ നിലനിർത്തുന്ന സ്ത്രീകൾക്കും നിർണായകമായ പങ്കുണ്ട്. ഈ കാഴ്ചപ്പാട് അന്വർത്ഥമാക്കുന്ന നിലയിലാണ് ഇത്തവണ കണ്ട സ്ത്രീകൾ അവതരിപ്പിച്ച ഒരു നാടകം. ഫെമിനിസ്റ്റ് വിഷയങ്ങൾ ഉയർത്തിപ്പിടിക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ അവതരിപ്പിക്കപ്പെട്ട നാടകം പുരുഷാധിപത്യ പ്രവണതകളോടാണ് കൂടുതൽ ചേർന്നുനിൽക്കുന്നത്. കഥാപാത്രങ്ങൾക്ക് കൃത്യമായ ഏജൻസി നൽകുന്നതിൽ പരാജയപ്പെട്ട ഈ അവതരണം വസ്തുനിഷ്ഠമായി വിഷയങ്ങളെ അവതരിപ്പിക്കുന്നതിലും വലിയ പരാജയമായി മാറുകയാണ് ചെയ്തത്.

മലയാള നാടകങ്ങളുടെ സബ്ടൈറ്റിൽസ് ഇല്ലാതിരുന്നതും ഒരു വലിയ പോരായ്മയായിരുന്നു. മലയാളികളല്ലാത്ത പ്രേക്ഷകർക്ക് നാടകം ആസ്വദിക്കുന്നതിന് ഇത് പരിമിതി സൃഷ്ടിച്ചു. കഴിഞ്ഞ വർഷം ഇങ്ങനെയായിരുന്നില്ല സാഹചര്യം. ഇത്തവണത്തെ പോരായ്മകളോട് ഒരു തിയേറ്റർ സ്റ്റഡീസ് വിദ്യാർത്ഥി പ്രതികരിച്ചത് ഇങ്ങനെയാണ്, “കലാകാരരെ കാണുന്നതിന് പകരം, അവർ സെലക്ഷൻ കമ്മിറ്റിയെ കാണുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്,” ഇതേ അഭിപ്രായം മറ്റുചിലരും പങ്കുവെക്കുകയുണ്ടായി. എം ജി സ്കൂൾ ഓഫ് ലെറ്റേഴ്സിലെ വിദ്യാർത്ഥികളുടെ അവതരണം പ്രതീക്ഷിച്ച നിലവാരം പുലർത്തിയില്ലെന്ന് മറ്റൊരു കാഴ്ചക്കാരൻ അഭിപ്രായപ്പെട്ടു. കൊൽക്കത്തയിൽ നിന്നുള്ള ഒരു അക്കാദമീഷ്യൻ ഒരു വിദേശനാടകം കാണുന്നതിനിടെ പാതിയിൽ നിർത്തി ഇറങ്ങിപ്പോയത് അതിൻെറ നിലവാരമില്ലായ്മ ചൂണ്ടിക്കാണിച്ച് കൊണ്ടായിരുന്നുവെന്നതും കുറേക്കൂടി മെച്ചപ്പെട്ട അവതരണങ്ങൾ വേണമായിരുന്നുവെന്ന് തന്നെയാണ് വ്യക്തമാക്കുന്നത്. ഇത്തരമൊരു ഫെസ്റ്റിവെലിൽ വല്ലാതെ നിരാശപ്പെടുത്തുന്ന അവതരണങ്ങൾക്കിടയിൽ പെട്ടുപോവേണ്ടി വരുന്നത് സങ്കടകരമായ കാര്യമാണ്. നിങ്ങൾക്ക് വൈകാരികമായും ചിന്താപരമായും മുറിവേറ്റിരിക്കുന്നു, എന്നാൽ നിങ്ങൾക്ക് ഉപേക്ഷിച്ച് പോവാനും സാധിക്കുന്നില്ല എന്ന അവസ്ഥ.
ITFOK 2025: വിസ്മരിക്കപ്പെട്ട കന്നഡ സ്ത്രീനാടകലോകത്തിൻെറ ശബ്ദമാവുന്ന ‘Project Darling’
“ഇത് വെറുമൊരു മോശം നാടകമെന്ന നിലയിൽ മാത്രമല്ല വിലയിരുത്തേണ്ടത്, ഇറ്റ്ഫോക്ക് പോലെ നിലവാരമുള്ള കാഴ്ചക്കാരുള്ള ഒരു ഫെസ്റ്റിവെലിൽ അർഥപൂർണമായ ഒരു കലാപ്രകടനം അവതരിപ്പിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയെന്ന നിലയിൽ കൂടിയാണ്,” ഒരു ഗുജറാത്തി നാടകത്തിൽ ഫെമിനിസത്തെ പ്രശ്നവൽക്കരിച്ച് അവരിപ്പിച്ചത് കണ്ട് മുംബൈയിൽ നിന്നുള്ള ഒരു എഴുത്തുകാരൻ തൻെറ നിരാശ പങ്കുവെച്ചത് ഇങ്ങനെയാണ്. ഇത്തവണത്തെ ഫെസ്റ്റിവെലിൻെറ പോരായ്മകൾ തന്നെയാണ് ഈ പ്രതികരണത്തിലും മുഴച്ച് നിൽക്കുന്നത്.

ഇറ്റ്ഫോക് പോലെ ഇത്രയധികം നിലവാരമുള്ള വേദിയിലേക്കുള്ള നാടകങ്ങളുടെ തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്ന കലാകാരരുടെ പ്രകടനവും പുരോഗമനമൂല്യങ്ങളും മാനദണ്ഡം ആവേണ്ടതുണ്ട്. 600-ലധികം അപേക്ഷകരിൽ നിന്ന് നാടകങ്ങൾ തെരഞ്ഞെടുക്കാൻ കുറഞ്ഞത് 10 സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളെങ്കിലും ഉൾപ്പെടുന്ന വൈവിധ്യമുള്ള ഒരു ജൂറി ആവശ്യമാണ്. അങ്ങനെയെങ്കിൽ വ്യത്യസ്തമായ കാഴ്ചപ്പാടുകൾ അവതരിപ്പിക്കപ്പെടാനുള്ള സാധ്യതയും വർധിക്കും. “എന്ത് ഉൾക്കൊള്ളിക്കണമെന്ന് മാത്രമല്ല തെരഞ്ഞെടുപ്പ് ജൂറി ചിന്തിക്കേണ്ടത്, ഇറ്റ്ഫോക്കിനെ മികച്ച കലാ അവതരണങ്ങളുടെ അർഥപൂർണമായ ഒരു വേദിയാക്കുന്നതിന് എന്തെല്ലാം ഒഴിവാക്കേണ്ടതുണ്ട് എന്നും ചിന്തിക്കേണ്ടതുണ്ട്. ഈ നാടകം തികച്ചും അർത്ഥവത്തായ അനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുമോ? തീർത്തും ചിന്തോദ്ദീപകമായ ഒരു അവതരണം തന്നെയാണോ വേദിയിലെത്തുക?”
#itfok2025:
നമ്മൾ എങ്ങനെ ജീവിക്കുന്നു? പൊള്ളുന്ന സ്ത്രീചോദ്യങ്ങളുടെ
‘Body, Teeth and Wig’
പലപ്പോഴും ഫെസ്റ്റിവെലുകൾക്ക് നാടകങ്ങൾ തെരഞ്ഞെടുക്കുന്നത് മറ്റ് ഫെസ്റ്റിവെലുകളിലെ പ്രകടനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണെന്നുള്ള കാര്യം ചിന്തിക്കേണ്ടതുണ്ട്. പല ഫെസ്റ്റിവെലുകളിൽ അവതരിപ്പിക്കപ്പെടുന്നത് ഒരു അവതരണത്തിൻെറ മേൻമയായി കണക്കാക്കാമെങ്കിലും അത് കലാപരമായ ഔന്നത്യം പുലർത്തുന്നുണ്ടെന്ന് അതുകൊണ്ട് മാത്രം ഉറപ്പിച്ച് പറയാൻ സാധിക്കില്ല. നേരത്തെ അവതരിപ്പിക്കപ്പെട്ട നാടകങ്ങൾ തന്നെ വീണ്ടും തെരഞ്ഞെടുക്കുമ്പോൾ പുതിയ വിഷയങ്ങളിലൂന്നിയുള്ള പരീക്ഷണനാടകങ്ങളുടെ സാധ്യതയാണ് ഇല്ലാതായി പോവുന്നതെന്ന് കൂടി ഓർക്കണം. നേരത്തെ തന്നെ എസ്റ്റാബ്ലിഷ് ചെയ്യപ്പെട്ട അവതരണങ്ങൾക്കും ഗ്രൂപ്പുകൾക്കും വലിയ പ്രാധാന്യം കൊടുക്കുന്നതിന് പകരം ഒരു സെലക്ഷൻ കമ്മിറ്റി ഓരോ സ്വതന്ത്ര പ്രകടനങ്ങളുടെയും ഗുണമേൻമ പരിശോധിക്കുകയാണ് വേണ്ടത്. കലാപരമായ സമഗ്രത, സാഹിത്യ, സാമൂഹിക, ദാർശനിക പ്രസക്തി എന്നിവയ്ക്ക് മുൻഗണന നൽകുന്ന കൂടുതൽ കർക്കശവും ചിന്തനീയവുമായ തിരഞ്ഞെടുപ്പ് പ്രക്രിയ, ITFOK നാടക പ്രേമികൾക്ക് അവരുടെ നിലവാരത്തിനനുസരിച്ചുള്ള മികച്ച നാടകങ്ങൾ അനുഭവവേദ്യമാക്കാനുള്ള അവസരമാണ് ഉണ്ടാക്കുക.

പ്രതിഭകളുടെ ധാരാളിത്തമുണ്ടെന്ന് അവകാശപ്പെടുന്ന പല നാടകങ്ങളും ഫെസ്റ്റിവെൽ വേദികളിൽ പരാജയപ്പെടുന്നത് കാണാം. എന്നാൽ, നൂതനമായ ആശയങ്ങൾ അവതരിപ്പിക്കുന്ന നാടകങ്ങൾ തെരഞ്ഞെടുക്കുന്നതിലാണ് കൂടുതൽ ശ്രദ്ധ വേണ്ടത്. ഫെസ്റ്റിവെലിൻെറ സുപ്രധാന സ്ലോട്ടിൽ എന്തിനാണ് പുരുഷാധിപത്യ പ്രവണതകളെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള നാടകങ്ങൾക്ക് അവതരണത്തിനുള്ള അവസരം കൊടുക്കുന്നത്? ഏറെക്കാലമായി പങ്കെടുക്കുന്ന ഒരു ഡെലിഗേറ്റെന്ന നിലയിൽ എനിക്ക് ഇറ്റ്ഫോക്കിനോട് വൈകാരികമായ അടുപ്പമുണ്ട്. ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ഒരു ഫെസ്റ്റിവെലാണിത്. പുരോഗമനാത്മക നാടകവേദിയുടെ ഒരു വഴിവിളക്കായി, നിലവാരമുള്ള കലാ അവതരണങ്ങൾക്ക് പ്രാമുഖ്യം ലഭിക്കുന്ന, നൂതനമായ ആശയങ്ങൾ ഉൾക്കൊള്ളുന്ന, സാമൂഹ്യമായി മാറ്റങ്ങളുണ്ടാക്കുന്ന ഒരു ഫെസ്റ്റിവെലായി ഇറ്റ്ഫോക്ക് നിലനിൽക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇതൊരു ജനകീയ ഫെസ്റ്റിവെലാണ്, അതിനാൽ തന്നെ കലയുടെ തെരഞ്ഞെടുപ്പിന് വലിയ പ്രാധാന്യം ഉണ്ടാവേണ്ടതുണ്ട്.
#itfok2025: കർണാടിന്റെ ‘ഹയവദന’
നീലം മാൻ സിങ്ങിന്റെ പുതിയ തിയേറ്ററിൽ


