KEAM-ലെ (Kerala Engineering Agricultural Medical Entrance Examination) ആദ്യ റാങ്കുകാരെല്ലാം CBSE സിലബസുകാരാകുന്നത് എന്തുകൊണ്ടാണ്?
സ്റ്റേറ്റ് സിലബസിലും CBSE-യിലും ഉപയോഗിക്കുന്നത് ഒരേ പാഠപുസ്തകങ്ങളാണെങ്കിലും പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾ കീം പോലുള്ള എൻട്രൻസ് പരീക്ഷകളിൽ പിന്നാക്കം പോകുന്നത് എന്തുകൊണ്ടാണ്?
എന്തുകൊണ്ടാണ് പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ ചിത്രങ്ങൾ എൻട്രൻസ് പരീക്ഷാ ഫലപ്രഖ്യാപനദിവസം മുഖ്യധാരാ മാധ്യമങ്ങളുടെ ജക്കാറ്റ് പരസ്യങ്ങളിൽ അച്ചടിച്ചുവരാത്തത്?
പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുനേരെ നടക്കുന്ന വലിയൊരു ഗൂഢാലോചന ഇതിനു പുറകിലുണ്ട്. 2024-ലെ കീം റിസൾട്ട് പരിശോധിച്ച് പി. പ്രേമചന്ദ്രൻ ഈ അട്ടിമറി ട്രൂകോപ്പി തിങ്കിലൂടെ പുറത്തുകൊണ്ടുവന്നു.
കഴിഞ്ഞ വർഷം കീം പരീക്ഷയിൽ, ആദ്യ 5000 റാങ്കിൽ വന്നവരിൽ 2034 പേർ സ്റ്റേറ്റ് സിലബസ്സിലും 2785 പേർ സി ബി എസ് ഇയിലും പഠിച്ചവരാണ്. സ്റ്റേറ്റ് സിലബസിൽ ആകെ പരീക്ഷയെഴുതിയത് 36390 പേരും സി ബി എസ് ഇ യിൽ അത് 14541 പേരുമാണ്. അതായത് സ്റ്റേറ്റിൽ പരീക്ഷയെഴുതിയതിൽ 5.58 ശതമാനമാണ് ആദ്യ 5000- ൽ ഉൾപ്പെട്ടതെങ്കിൽ സി ബി എസ് ഇയിൽ എഴുതിയ 19.15 ശതമാനത്തിനും ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞു.
എഞ്ചിനീയറിംഗ് പ്രവേശനത്തിന്, എൻട്രൻസ് പരീക്ഷയുടെ മാർക്കിനൊപ്പം ഹയർ സെക്കന്ററി പരീക്ഷയിലെ ശാസ്ത്രവിഷയങ്ങളിലെ മാർക്കും പരിഗണിച്ച് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്ന രീതി നിശ്ശബ്ദമായി അട്ടിമറിക്കപ്പെട്ടു.
പരീക്ഷയെഴുതിയ കുട്ടികളുടെ എണ്ണവും ശരാശരി സ്‌കോറും മറ്റും പരിഗണിച്ച് എൻട്രൻസ് പരീക്ഷാ കമീഷണറേറ്റ് കുട്ടികളുടെ പന്ത്രണ്ടാം തരത്തിലെ മാർക്ക് സമീകരിക്കുന്ന രീതിയിലൂടെയാണ് ഈ അട്ടിമറി നടക്കുന്നത്. സി ബി എസ് ഇ അടക്കമുള്ള മറ്റ് സിലബസിലെ വിദ്യാർത്ഥികൾക്ക് മെച്ചം ലഭിക്കുന്ന രീതിയിലാണ് അത് സംവിധാനം ചെയ്തിരിക്കുന്നത്. കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിലൂടെ ഹയർ സെക്കന്ററി പരീക്ഷയെഴുതുന്ന ലക്ഷക്കണക്കിന് സയൻസ് വിദ്യാർത്ഥികളുടെയും അവരുടെ ശരാശരി സ്‌കോറിനെയും പരിഗണിച്ച്, പരീക്ഷയിൽ ഉയർന്ന സ്‌കോർ ലഭിച്ച വിദ്യാർത്ഥികളുടെ ഇൻഡക്‌സ് സ്‌കോർ നിശ്ചയിക്കുമ്പോൾ, യഥാർത്ഥത്തിൽ അവർക്ക് പരീക്ഷയെഴുതി കിട്ടിയ സ്‌കോറിന്റെ മൂല്യം ലഭിക്കുന്നില്ല.

പി. പ്രേമചന്ദ്രൻ എഴുതുന്നു:
‘‘ഇപ്പോഴുള്ള സമീകരണത്തിന്റെ സൂത്രവാക്യമനുസരിച്ച് കേരള സിലബസിൽ ഫിസിക്‌സിൽ 98 സ്‌കോർ ലഭിച്ച കുട്ടിക്ക് സമീകരണശേഷം അത് 92 ഓ 94 ഓ ആയി കുറയാം. കണക്ക്, കെമിസ്ട്രി വിഷയങ്ങളിലും ഇങ്ങനെ കുറയാം. പൊതുവിൽ ഹയർ സെക്കന്ററിയിൽ സി ബി എസ് ഇ സ്ട്രീമിൽ പഠിക്കുന്ന കുട്ടികളുടെ എണ്ണം കുറവായതുകൊണ്ടും ദേശീയതലത്തിൽ ശരാശരി സ്‌കോർ അൽപം കുറവായതുകൊണ്ടും അവിടെ 90 സ്‌കോർ ലഭിക്കുന്ന ഒരു കുട്ടിയുടെ സമീകരണത്തിനുശേഷമുള്ള സ്‌കോർ മൂല്യം 94- ഓ 96- ഓ ആകാം. കേരളത്തിലെ പൊതുവിദ്യാലയത്തിൽ പഠിച്ച്, തന്റെ ഇഷ്ടവിഷയത്തിൽ ഒരു വിദ്യാർഥി നേടിയ 98 സ്‌കോറിനെ മൂല്യമില്ലാത്തതായി പരിഗണിക്കുകയും അതിൽനിന്ന് അനർഹമെന്ന പേരിൽ അഞ്ചോ ആറോ സ്‌കോർ ഒരക്കാദമിക പരിഗണനയുമില്ലാതെ വെട്ടിക്കളയുകയും ചെയ്യാൻ ഒരു സാങ്കേതിക സ്ഥാപനത്തിന് എങ്ങനെ അധികാരം കൈവരുന്നു എന്നതാണ് ഇതിലെ കാതലായ വിഷയം. മറ്റ് സംസ്ഥാനക്കാരുടെയും സ്ട്രീമുകളുടെയും താത്പര്യം സംരക്ഷിക്കാനായി കേരളത്തിലെ പൊതുവിദ്യാലയത്തിലെ കുട്ടികളെ ഇരകളാക്കുകയാണ്. ഒന്നോരണ്ടോ സ്‌കോറിന് ആയിരക്കണക്കിന് റാങ്കുകളുടെ വ്യത്യാസം വരുന്ന ഒരു പരീക്ഷയിലാണിത് എന്നോർക്കണം’’.
‘‘കഴിഞ്ഞ വർഷം എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റിൽ ഒന്നാമതോ രണ്ടാമതോ വരേണ്ടുന്ന, എൻട്രൻസ് പരീക്ഷയിൽ ഏറ്റവും മുന്നിലെത്തുകയും റാങ്ക് ലിസ്റ്റ് തയ്യാറാക്കാൻ പരിഗണിക്കുന്ന ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളിൽ നൂറുശതമാനം സ്‌കോർ നേടുകയും ചെയ്ത പൊതുവിദ്യാലയത്തിൽ പഠിച്ച വിദ്യാർത്ഥി, സ്‌കോർ സമീകരണമെന്ന തട്ടിപ്പിലൂടെ 84 -ാമത്തെ റാങ്കിലേക്ക് ചവിട്ടിത്തെറിപ്പിക്കപ്പെട്ടു. കഴിഞ്ഞവർഷം സ്‌കോർ സമീകരണത്തിലൂടെ പൊതുവിദ്യാലയത്തിലെ മിടുക്കരായ കുട്ടികൾ പഠിച്ചുനേടിയ 27 സ്‌കോർ ആണ് വെട്ടിക്കുറച്ചത്. അതേസമയം സിബിഎസ്ഇ കുട്ടികൾക്ക് അവർ യഥാർത്ഥത്തിൽ നേടിയതിനേക്കാൾ 8 സ്‌കോർ കൂട്ടി നൽകുകയും ചെയ്തു. ഫലത്തിൽ മുപ്പത്തഞ്ചു സ്‌കോറിനാണ് പൊതുവിദ്യാലയത്തിലെ കുട്ടികൾ മുന്നിലെത്തിയിട്ടും പിന്നിലേക്ക് ചവിട്ടിത്താഴ്ത്തപ്പെട്ടത്. ആയിരക്കണക്കിന് കുട്ടികൾക്ക് ഇതുമൂലം സർക്കാർ എയ്ഡഡ് എഞ്ചിനീയറിംഗ് കോളേജുകളിൽ സീറ്റുകൾ ലഭിക്കാതെ സ്വാശ്രയ കോളേജുകളിൽ ലക്ഷങ്ങൾ ഫീസ് കൊടുത്ത് പഠിക്കേണ്ട ഗതികേടുണ്ടായി. രണ്ടുവർഷം മുൻപ് 54 സ്‌കോർ വരെ ഇങ്ങനെ കുറയ്ക്കുകയുണ്ടായി എന്ന് പറയുമ്പോൾ അതിലെ ഭീകരത വ്യക്തമാവുമല്ലോ’’.
ഈ അനീതി പുറത്തുവന്നപ്പോൾ അതിനെതിരെ മലയാള ഐക്യവേദിയുടെയും ഐക്യമലയാള പ്രസ്ഥാനത്തിന്റെയും മുൻകയ്യിൽ തിരുവനന്തപുരത്ത് എൻട്രൻസ് കമ്മീഷണറേറ്റിന്റെ മുന്നിലും കോഴിക്കോടും എറണാകുളത്തും സർക്കാർഓഫീസുകൾക്ക് മുന്നിലും പ്രത്യക്ഷ സമരങ്ങൾ നടന്നു. നിരവധി വിവരാവകാശരേഖകളും നിവേദനങ്ങളും പരാതികളും പൊതുവിദ്യാഭ്യാസ വകുപ്പിലും ഉന്നതവിദ്യാഭ്യാസവകുപ്പിലും സമർപ്പിക്കപ്പെട്ടു. വിപുലമായ എഴുത്തുകളും ഓൺലൈൻ ഇടപെടലുകളും ഉണ്ടായി. ആദ്യം SCERT ഈ വിഷയത്തിൽ ഒരു പഠനം നടത്തി. അതിനായി തെരഞ്ഞെടുത്ത അക്കാദമിക ഗ്രൂപ്പിൽ CBSE പക്ഷപാതികളെ വിന്യസിച്ചാണ് ആ തീരുമാനത്തെ അട്ടിമറിക്കാൻ ഉദ്യോഗസ്ഥ ലോബി ശ്രമിച്ചത്. എങ്കിലും സമീകരണത്തിലെ നീതിനിഷേധം കാണാതിരിക്കാൻ ആ സമിതിക്ക് കഴിഞ്ഞില്ല.

മുഖ്യമന്ത്രി തന്നെ നേരിട്ട് ഈ വിഷയത്തിൽ ഇടപെട്ടു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ഉന്നതവിദ്യാഭ്യാസമന്ത്രിയുടെയും പൊതുവിദ്യാഭ്യാസമന്ത്രിയുടെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും ഒരു ഉന്നതതല യോഗം കീം സമീകരണത്തെക്കുറിച്ച് ചർച്ചചെയ്യാൻ കൂടുകയുണ്ടായി. ആ യോഗത്തിൽ ഈ വിഷയത്തെക്കുറിച്ച് ശരിയായി പഠിക്കാൻ ഒരു വിദഗ്ദ്ധസമിതി രൂപീകരിക്കാൻ തീരുമാനമായി.
എന്നാൽ, ഈ തീരുമാനത്തിനുശേഷവും ഉദ്യോഗസ്ഥതല ഗൂഢാലോചന നിർബാധം തുടർന്നു. വിദഗ്ധ സമിതിയുടെ കണ്ടെത്തലുകൾക്കും നിർദ്ദേശങ്ങൾക്കും വിധേയമായിട്ടാവും ഈ വർഷത്തെ എൻജിനീയറിങ് പ്രവേശനം എന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ ആ തീരുമാനം വരുന്നതിനു മുൻപായി 2024 ഫെബ്രുവരിയിൽ കൂടിയ നോർമലൈസേഷൻ കമ്മറ്റിയുടെ തീരുമാനപ്രകാരമാകും ഈ വർഷത്തെ എൻജിനീയറിങ് പ്രവേശനം എന്ന് പറഞ്ഞുകൊണ്ട് പരീക്ഷയ്ക്കായുള്ള പ്രോസ്പെക്ടസ് പ്രവേശന പരീക്ഷാ കമ്മീഷണർ പുറത്തിറക്കി. ഇത് പിന്നീട് ഈ വിഷയത്തെ നിയമ നടപടികളിലേക്ക് തള്ളിയിടാൻ സാധ്യതയുള്ള ഒന്നാണ്.
മുഖ്യമന്ത്രിയുടെ ഇടപെടലോടെ നിലവിൽവന്ന വിദഗ്ധ സമിതിയെ തന്നെ നോക്കുകുത്തിയാക്കുന്ന സമീപനമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. കേവലം സാങ്കേതികമായ മേൽനോട്ടം മാത്രം നടത്താനുള്ള ഒരു കമ്മിറ്റിയെ പേരിനു നിയമിച്ചുകൊണ്ട്, പൊതുവിദ്യാഭ്യാസത്തിനുവേണ്ടി വാദിക്കുന്നവരുടെ കണ്ണിൽ പൊടിയിടുകയാണ് ചെയ്തിരിക്കുന്നത്. കീം സമീകരണത്തിന്റെ ഒരു മേൽനോട്ടക്കമ്മിറ്റി മാത്രമായി ഈ കമ്മിറ്റിയെ ചുരുക്കിയിരിക്കുന്നു. ചില ഗണിതശാസ്ത്ര സ്റ്റാറ്റിസ്റ്റിക്‌സ് അധ്യാപകരുടെ ഒരു മോണിട്ടറിംഗ് കമ്മറ്റി. എല്ലാവർഷത്തെയും പോലെ ഒരു സാധാരണ നടപടിക്രമം.
പൊതുവിദ്യാഭ്യാസമേഖലയിലെ വിദ്യാർത്ഥികൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന വലിയ അട്ടിമറികളെക്കുറിച്ച് പി. പ്രേമചന്ദ്രൻ നടത്തുന്ന അന്വേഷണത്തിലെ കണ്ടെത്തലുകൾ പൂർണമായി വായിക്കാം:
‘കീ’മിലെ ആദ്യ റാങ്കുകാരെല്ലാം എന്തുകൊണ്ട്
സി ബി എസ് ഇക്കാരാകുന്നു?
സ്‍കോർ അട്ടിമറിയുടെ കാണാപ്പുറം
സ്റ്റേറ്റ് സിലബസ് കുട്ടികളെ തോൽപ്പിക്കാൻ സി.ബി.എസ്.ഇ ലോബിയുടെ വൻ അട്ടിമറി
കീം പ്രവേശന പരീക്ഷാ സ്‍കോർ സമീകരണം, കേരളാ മുഖ്യമന്ത്രി വായിച്ചറിയാൻ
എൻട്രൻസ് സ്‍കോർ സമീകരണം: മുഖ്യമന്ത്രിക്കു മുകളിലും പറക്കുന്ന CBSE താത്പര്യങ്ങൾ
KEAM സ്‍കോർ സമീകരണം:
ഇതാ, മുഖ്യമന്ത്രിയുടെ
ഇടപെടലിനെ പരിഹസിക്കുന്ന
ഒരു പ്രഹസന വിദഗ്ധ സമിതി