KEAM (Kerala Engineering Agricultural Medical Entrance Examination) പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിലെ അശാസ്ത്രീയമായ സ്കോർ സമീകരണത്തെ സംബന്ധിച്ച് പൊതുവിദ്യാഭ്യാസത്തിനൊപ്പം നിൽക്കുന്നവർ നിരന്തരമായി സംസാരിക്കുകയും തെരുവിൽ സമരം ചെയ്യുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ, മുഖ്യമന്ത്രി തന്നെ വിഷയത്തിൽ ഇടപെടുകയും ഉന്നത, പൊതു വിദ്യാഭ്യാസമന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കുകയും സ്കോർ സമീകരണത്തിന്റെ പോരായ്മകളെ സംബന്ധിച്ചും അതിൽ വേണ്ടിവരുന്ന അടിസ്ഥാന മാറ്റങ്ങളെക്കുറിച്ചും പഠിക്കാൻ വിദഗ്ദ്ധസമിതിയെ നിയോഗിക്കാൻ തീരുമാനിക്കുകയും ചെയ്തു.
അതിന്റെ അടിസ്ഥാനത്തിൽ ഏപ്രിൽ ഒന്നിന് (ലോക വിഡ്ഢി ദിനത്തിൽ!) ഈ വിഷയത്തിൽ ഇടപെട്ട സർവ്വരെയും വിഡ്ഢിളാക്കത്തക്ക വിധത്തിൽ ഒരു കമ്മറ്റിയെ ഉന്നതവിദ്യാഭ്യാസ വകുപ്പ് നിശ്ചയിച്ചു. ഒരു പ്രഹസന സമിതി! എല്ലാ വർഷവും കീം റാങ്ക് ലിസ്റ്റിലെ സമീകരണപ്രക്രിയ മോണിട്ടർ ചെയ്യാൻ നിയമിക്കുന്ന കമ്മിറ്റി പോലൊന്ന്. സ്റ്റാറ്റിസ്റ്റിക്സ് വിദഗ്ദ്ധരെ ഉൾപ്പെടുത്തിയുള്ള കമ്മിറ്റി. മുഖ്യമന്ത്രിയുടെ യോഗത്തിന്റെ മിനുട്സ് റഫറൻസ് ആയി നൽകി ഒരു കമ്മിറ്റി. അതായത് മുഖ്യമന്ത്രി നിർദ്ദേശിച്ച കമ്മറ്റിയെന്ന് ആരെക്കൊണ്ടും തോന്നിപ്പിക്കുന്ന ഒന്ന്.
Read: KEAM സ്‍കോർ സമീകരണം: ഇതാ, മുഖ്യമന്ത്രിയുടെ
ഇടപെടലിനെ പരിഹസിക്കുന്ന ഒരു പ്രഹസന വിദഗ്ധ സമിതി
യോഗതീരുമാനപ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നതവിദ്യാഭ്യാസ വകുപ്പും നിർദ്ദേശിക്കുന്ന അക്കാദമിക മേഖലയിലെ വിദഗ്ദ്ധരും ഒരു സ്റ്റാറ്റിസ്റ്റിക്സ് വിദഗ്ദ്ധനും ആണ് KEAM സമീകരണത്തിന്റെ ഗുണദോഷങ്ങൾ പഠിക്കാനുള്ള സമിതിയിൽ ഉണ്ടാവേണ്ടത്. അതിൽ പൊതുവിദ്യാഭ്യാസവകുപ്പ് നിർദ്ദേശിച്ച അക്കാദമിക വിദഗ്ദ്ധൻ SCERT-യിലെ മുൻറിസർച്ച് ഓഫീസർ കെ. എസ്. ശിവകുമാർ ആയിരുന്നു. ഏപ്രിൽ ഒന്നിന് നിശ്ചയിച്ച സ്റ്റാറ്റിസ്റ്റിക്സ് വിദഗ്ദ്ധരുടെ സമിതിയിൽ അദ്ദേഹത്തിന്റെ പേരുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗതീരുമാനത്തിന്റെ റഫറൻസ് ഉള്ളതുകൊണ്ടും പൊതുവിദ്യാഭ്യാസവകുപ്പ് നിർദ്ദേശിച്ച അംഗത്തിന്റെ പേരുള്ളതുകൊണ്ടും അത് മുഖ്യമന്ത്രി നിർദ്ദേശിച്ച സമിതി തന്നെയാണെന്ന് വരുത്താനുള്ള ശ്രമമായിരുന്നു ഉന്നതവിദ്യാഭ്യാസ വകുപ്പും എൻട്രൻസ് കമ്മീഷണറേറ്റും നടത്തിയത്. അതായത് മുഖ്യമന്ത്രിയെപ്പോലും തെറ്റിദ്ധരിപ്പിക്കാൻ ത്രാണിയുള്ള ഉദ്യോഗസ്ഥവൃന്ദം. അതിലെ നീതിയില്ലായ്മയും ജനാധിപത്യവിരുദ്ധതയും ചൂണ്ടിക്കാട്ടിയായിരുന്നു ട്രൂ കോപ്പി തിങ്കിൽ എഴുതിയിയിരുന്നത്. എപ്രകാരമാണ് രാഷ്ട്രീയ നിലപാടുകളെപ്പോലും എൻട്രൻസ് / സി ബി എസ് ഇ ലോബിക്കുവേണ്ടി ഉന്നതതല ഉദ്യോഗസ്ഥ ഗൂഢാലോചന അട്ടിമറിക്കുന്നത് എന്നാണതിൽ ചൂണ്ടിക്കാട്ടിയത്. ഈ കമ്മറ്റിയല്ല നിർദ്ദേശിക്കപ്പെട്ട സമിതിയെന്നും ഇത് സമീകരണത്തിന്റെ ഫലത്തിൽ ഒപ്പുവെക്കാനുള്ള സാങ്കേതിക സമിതിയാണെന്നും പറയുകയുണ്ടായി.

"ആ യോഗത്തിന്റെ തീരുമാനങ്ങളെ പരിഹസിക്കുന്ന, വിശിഷ്യ, മുഖ്യമന്ത്രി മുന്നോട്ടുവെച്ച നിർദ്ദേശങ്ങളുടെ കാതൽ കാണാത്ത, അതിൽ പങ്കെടുത്തവരെയും അവരുടെ ആലോചനകളിൽ പ്രതീക്ഷവെച്ചു പുലർത്തിയവരെയും അപമാനിക്കുന്ന തരത്തിലുള്ള ഒരു കമ്മറ്റിയെയാണ് ഇപ്പോൾ ഉന്നതവിദ്യാഭ്യാസവകുപ്പ് നിശ്ചയിച്ചിരിക്കുന്നത്! അവരുടെ ചുമതലകളിൽ മേൽപ്പറഞ്ഞ ഒരാകുലതകളും ഇല്ല. ഒരു പ്രശ്നവും പഠിക്കാനില്ല. ഒരു നിർദ്ദേശവും പരിഗണിക്കാനില്ല’’ എന്നും വ്യക്തമാക്കി.
തീർച്ചയായും ആ വിമർശനത്തിന് ഫലമുണ്ടായി എന്നാണ് ഇന്നലെ പുറത്തിറങ്ങിയ പുതിയ ഉത്തരവ് കൃത്യമായി പറയുന്നത്. എത്രയും പെട്ടെന്ന് ആ ആശങ്കകൾക്ക് ഫലമുണ്ടാക്കിയ ഉന്നതതല ഇടപെടലുകളെ അഭിനന്ദിക്കുകയാണ്. കീം സ്കോർ സമീകരണത്തിന്റെ രീതിശാസ്ത്രം പുനഃപരിശോധിക്കാനും ഭേദഗതികൾ നിർദ്ദേശിക്കാനും അധികാരമുള്ള കമ്മിറ്റിയെ നിയോഗിച്ചിരിക്കുന്നു. തീർച്ചയായും ആ കമ്മിറ്റിയിൽ പൊതുവിദ്യാഭ്യാസത്തെ നെഞ്ചേറ്റുന്നവർക്ക് പ്രതീക്ഷയുണ്ട്.
ഒന്നാം റാങ്കിൽ എത്തേണ്ട പൊതുവിദ്യാഭ്യാസധാരയിലെ കുട്ടിയെ എൺപത്തിനാലാം റാങ്കിലേക്ക് ചവുട്ടിത്താഴ്ത്തുന്ന സമീകരണം വലിച്ചെറിയപ്പെടും എന്നുതന്നെ വിചാരിക്കുന്നു. ഒരിക്കലും സമീകരിക്കാൻ കഴിയാത്ത രണ്ടുരീതികളെ സമീകരിക്കുന്ന സൂത്രവാക്യത്തിന്റെ മേന്മയിൽ അവർ അഭിരമിക്കില്ല എന്നു പ്രതീക്ഷിക്കുന്നു. സമീകരണം അനാവശ്യമാം വിധം ഒരേ വിഷയം പഠിക്കുന്ന രണ്ടു സ്ട്രീമുകളിലെ സ്കോറുകളെ ഒരേ നിലയിൽ സ്കെയിൽ ചെയ്തെടുക്കേണ്ട, ആർക്കും നഷ്ടവും ലാഭവുമില്ലാത്ത ഒരു രീതിയാണ് അഭികാമ്യം എന്നവർ തിരിച്ചറിയുമെന്നും.

പുതിയ സമിതി ഒരു മാസത്തിനുള്ളിലാണ് അവരുടെ കണ്ടെത്തലുകളും നിർദ്ദേശങ്ങളും സമർപ്പിക്കേണ്ടത്. ഇനി അതിപ്രധാനമായുള്ളത്, കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്ന അധ്യാപക വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ, പൊതു സംഘടനകളുടെ, അക്കാദമീഷ്യരുടെ നിർദ്ദേശങ്ങൾ അഭിപ്രായങ്ങൾ ഈ വിഷയത്തിൽ തേടുക എന്നതാണ്. സ്കൂൾ കലണ്ടർ പരിഷ്കരിക്കാൻ നിയോഗിക്കപ്പെട്ട കമ്മറ്റിപോലും ഈ വിഷയത്തിൽ പൊതുജനങ്ങളുടെ അടക്കം അഭിപ്രായനിർദ്ദേശങ്ങൾ ആരാഞ്ഞിരുന്നു; അതിനായി പല ഉപാധികൾ സ്വീകരിച്ചിരുന്നു. തീർച്ചയായും പൊതുവിദ്യാഭ്യാസത്തെ സംബന്ധിച്ചിടത്തോളം മർമ്മപ്രധാനമായ ഈ വിഷയത്തിലും ആ രീതിശാസ്ത്രം KEAM സ്കോർ സമീകരണത്തിന്റെ ഗുണദോഷങ്ങൾ കണ്ടെത്താൻ നിയുക്തരായ ഈ വിദഗ്ദ്ധസമിതിയും പിന്തുടരും എന്നുതന്നെ പ്രതീക്ഷിക്കുന്നു.
കേരളത്തിലെ അധ്യാപക വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ ഇനിയെങ്കിലും പൊതുവിദ്യാഭ്യാസത്തിന്റെ വേരുണക്കാൻ കാരണമാകുന്ന KEAM സ്കോർ സമീകരണവിഷയത്തിൽ ശക്തമായ നിലപാടെടുക്കാൻ തയ്യാറാവുകതന്നെവേണം. കാലം അവരുടെ ശബ്ദത്തിന് കാതോർക്കുന്നുണ്ട്.
പൊതുവിദ്യാഭ്യാസമേഖലയിലെ വിദ്യാർത്ഥികൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന വലിയ അട്ടിമറികളെക്കുറിച്ച് പി. പ്രേമചന്ദ്രൻ നടത്തുന്ന അന്വേഷണത്തിലെ കണ്ടെത്തലുകൾ പൂർണമായി വായിക്കാം:
‘കീ’മിലെ ആദ്യ റാങ്കുകാരെല്ലാം എന്തുകൊണ്ട്
സി ബി എസ് ഇക്കാരാകുന്നു?
സ്‍കോർ അട്ടിമറിയുടെ കാണാപ്പുറം
Plus Two ഫിസിക്സ്, കെമിസ്ട്രി പരീക്ഷ
കഠിനമാക്കിയതിൽ എൻട്രൻസ് ഗൂഢാലോചന?
കീം പ്രവേശന പരീക്ഷാ സ്‍കോർ സമീകരണം, കേരളാ മുഖ്യമന്ത്രി വായിച്ചറിയാൻ
എൻട്രൻസ് സ്‍കോർ സമീകരണം: മുഖ്യമന്ത്രിക്കു മുകളിലും പറക്കുന്ന CBSE താത്പര്യങ്ങൾ