വികസിത രാജ്യങ്ങളുടെ മാലിന്യം പേറുന്ന വികസ്വരരാജ്യങ്ങൾ, Waste Colonialism എന്ന ആഗോളചൂഷണം

അന്താരാഷ്ട്ര കരാറുകൾ നിലനിന്നിട്ടും നിയമപരമായ ചട്ടക്കൂടുകൾ ഉണ്ടായിട്ടും വേസ്റ്റ് കൊളോണിയലിസം അതിന്റെ രൂപങ്ങൾ മാറ്റിയും മറിച്ചും ശക്തമായി തന്നെ തുടരുകയാണ്. വികസിത രാജ്യങ്ങളിലെ മാലിന്യം സംസ്കരിക്കേണ്ട ഉത്തരവാദിത്വം എങ്ങനെയാണ് ഇന്ത്യ അടക്കമുള്ള വികസ്വര രാജ്യങ്ങളുടേതായി മാറുന്നത്? ഷൈൻ. കെ എഴുതുന്നു.

വേസ്റ്റ് കൊളോണിയലിസം (Waste Colonialism) എന്നത് പരിസ്ഥിതിയെയും സാമൂഹ്യനീതിയെയും ബാധിക്കുന്ന, സമകാലീനലോകത്ത് രൂപംകൊണ്ട ഒരു ഗുരുതര പ്രശ്നമാണ്. 1970-കളിൽ ഇത് വ്യക്തമായി തുടങ്ങുകയും, ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ ഇതിന്റെ പ്രധാന ഇരകളായി മാറുകയും ചെയ്തിരുന്നു. ഉയർന്ന മൊത്ത ആഭ്യന്തര ഉത്പാദനമുള്ള (GDP) രാജ്യങ്ങൾ അവരുടെ മാലിന്യം സംസ്കരിക്കുന്നതിനായി കുറഞ്ഞ GDP ഉള്ള രാജ്യങ്ങളെ ചൂഷണം ചെയ്യുന്ന രീതിയെയാണ് മാലിന്യ കോളനിവൽക്കരണം (Waste Colonialism) എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. 1989-ൽ ബേസൽ കൺവെൻഷനിലെ ഒരു വർക്കിംഗ് ഗ്രൂപ്പിൽ ആദ്യമായി ഉപയോഗിച്ച ഈ ആശയം, പാരിസ്ഥിതിക ഭാരങ്ങൾ നിയന്ത്രണപരവും അടിസ്ഥാന സൗകര്യപരവുമായ ശേഷി കുറഞ്ഞ രാജ്യങ്ങളിലേക്ക് എങ്ങനെ ആനുപാതികമല്ലാത്ത രീതിയിൽ മാറ്റപ്പെടുന്നു എന്ന് എടുത്തു കാണിക്കുന്നു. ഈ പ്രതിഭാസം ചരിത്രപരമായി കോളനിവൽക്കരണത്തിലും സാമ്രാജ്യത്വ വികാസത്തിലും ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ പരിസ്ഥിതി നിയമങ്ങൾ കടുപ്പിച്ചതോടെ മാലിന്യ സംസ്കരണം ചെലവേറിയതായി മാറി. അത് കാരണം കുറഞ്ഞ തൊഴിൽച്ചെലവുള്ള, മാലിന്യസംസ്കരണം ഏറ്റവും കുറച്ചുചെലവിൽ നടത്താൻ കഴിയുന്ന, നിയന്ത്രണങ്ങളില്ലാത്ത രാജ്യങ്ങളിലേക്ക് ഇവയെ കയറ്റി വിടാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇതിലൂടെ ഇന്ത്യ, ഫിലിപ്പൈൻസ്, ഘാന, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് വലിയ തോതിൽ ഇ-വേസ്റ്റ്, പ്ലാസ്റ്റിക് വേസ്റ്റുകൾ തുടങ്ങിയവ നീക്കം ചെയ്യപ്പെട്ടു.

1988 മുതൽ 2022 വരെയുള്ള കാലയളവിനുള്ളിൽ ആഗോളമായി മൊത്തം 255 ദശലക്ഷം മെട്രിക് ടൺ പ്ലാസ്റ്റിക് മാലിന്യം കയറ്റുമതി ചെയ്‌തിട്ടുണ്ട്. ഇതിൽ 50% മാത്രമാണ് വികസിത രാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്തിട്ടുള്ളത്, ബാക്കി മുഴുവനായും വികസ്വര രാജ്യങ്ങളിലേക്കാണ് മാറ്റപ്പെട്ടത്. അന്താരാഷ്ട്ര കരാറുകൾ നിലനിന്നിട്ടും നിയമപരമായ ചട്ടക്കൂടുകൾ ഉണ്ടായിട്ടും വേസ്റ്റ് കൊളോണിയലിസം അതിന്റെ രൂപങ്ങൾ മാറ്റിയും മറിച്ചും ശക്തമായി തന്നെ തുടരുകയാണ്. ഹസാർഡസ് വേസ്റ്റിന്റെ കൈമാറ്റം നിയന്ത്രിക്കാനായി രൂപംകൊണ്ട ബേസൽ കൺവെൻഷനിൽ രൂപപ്പെടുത്തിയ നിയമ വ്യവസ്ഥകൾ നിയമപരമായ അപാകതകൾ കൊണ്ട് തന്നെ ദുർബലമാവുകയാണ് ചെയ്യുന്നത്. പ്രത്യേകിച്ച് ആർട്ടിക്കിൾ 11 പ്രകാരം അനുവദിക്കപ്പെടുന്ന ഇരട്ട ധാരണാപത്രങ്ങൾ (Bilateral/Multilateral Agreements) waste trade-നെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള മാർഗങ്ങളായി മാറുന്നു. ഇതിലൂടെ ചില രാജ്യങ്ങൾ വേസ്റ്റ് ട്രേഡ്നെ നിയമപരമായി തന്നെ നിയമങ്ങളിൽ പഴുതുകളുണ്ടാക്കി കടത്തുകയാണ് ചെയ്യുന്നത്. അതുപോലെ, ‘Non-hazardous’ വേസ്റ്റ് എന്ന പേരിൽ വരുന്ന വലിയ തോതിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ, ഈ കരാറിന്റെ പരിധിക്കു പുറത്തായി കണക്കാക്കപ്പെടുന്നതിനാൽ, വികസിത രാജ്യങ്ങൾ വികസ്വരരാജ്യങ്ങളിലേക്ക് കൂടുതൽ മാലിന്യങ്ങൾ കയറ്റുമതി ചെയ്യുവാൻ ശ്രമിക്കുന്നു എന്നതാണ് യാഥാർഥ്യം.

(Image source : Ghosh, Iman. (2019, July 3). Mapping the Flow of the World's Plastic Waste. Visual Capitalist.)
(Image source : Ghosh, Iman. (2019, July 3). Mapping the Flow of the World's Plastic Waste. Visual Capitalist.)

തുർക്കിയിലെ പ്ലാസ്റ്റിക് മാലിന്യ പ്രതിസന്ധി

2021-ൽ തുർക്കിയിലുണ്ടായ പ്ലാസ്റ്റിക് മാലിന്യ പ്രതിസന്ധി വേസ്റ്റ് കോളനിവൽക്കരണം എന്ന ആശയം കൃത്യമായി പ്രതിഫലിപ്പിക്കുന്ന ഉദാഹരണങ്ങളിലൊന്നാണ്. ജർമ്മനി, ബ്രിട്ടൻ, ഫ്രാൻസ് പോലുള്ള യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ള, ഒരുവർഷത്തോളം വിവിധ രാജ്യങ്ങളിൽ അഴുകിക്കിടന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ 141 കണ്ടെയ്നറുകളിലായി തുർക്കിയിലെ തുറമുഖങ്ങളിൽ എത്തിക്കുകയും, അവ മനുഷ്യർക്കും പ്രകൃതിക്കും ഭീഷണിയാകുകയും ചെയ്തു. ഈ കൂട്ടത്തിൽ നഗരമാലിന്യങ്ങൾ ഉൾപ്പെടെ അപകടകരമായ മിശ്രിതമാലിന്യങ്ങൾ അടങ്ങിയിരുന്നെന്ന് തുടർന്നുള്ള ലാബ് റിപ്പോർട്ടുകൾ തെളിയിക്കുകയുണ്ടായി. കുപ്പികൾ, ഫുഡ് പാക്കറ്റുകൾ, മറ്റ് ഉപഭോഗവസ്തുക്കൾ എന്നിവയിൽ നിന്ന് ഉയർന്നുവന്ന ദുർഗന്ധവും സൂക്ഷ്മാണുക്കളും രാജ്യത്തെ തുറമുഖങ്ങളെ ആശങ്കയിലാഴ്ത്തി. തുർക്കി സർക്കാർ ഈ മാലിന്യക്കണ്ടെയ്നറുകൾക്ക് പ്രവേശനം നിഷേധിച്ചതും, വിവിധ രാജ്യങ്ങളുമായി വിവാദങ്ങൾ ഉയർന്നതും വലിയതോതിലുള്ള അന്താരാഷ്ട്ര ചർച്ചകൾ ഉയർത്തിയിരുന്നു. വേസ്റ്റ് കോളനിവൽക്കരണം എന്ന ആശയത്തിന്റെ ആധികാരികതയാണ് ഈ വിഷയം അടയാളപ്പെടുത്തുന്നത്. തുടർന്ന്, ഗ്രീസ്, വിയറ്റ്നാം എന്നിവിടങ്ങളിലേക്കുള്ള മാലിന്യങ്ങളുടെ കയറ്റുമതി ശ്രമങ്ങൾക്കും തടസ്സങ്ങൾ നേരിടേണ്ടതായി വന്നു. ജർമ്മനിയിൽ നിന്നുള്ള കണ്ടെയ്നറുകൾ ഗ്രീസിലെ പീരിയസ് തുറമുഖത്തിൽ നിന്ന് വിയറ്റ്നാമിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചതിനോടൊപ്പം തന്നെ ബേസൽ ആക്ഷൻ നെറ്റ്‌വർക്കിലെ പ്രവർത്തകരും ഈ പ്രശ്നത്തിൽ ഇടപെട്ടു. ‘ യൂറോപ്പ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്ന് ( OECD Organisation for Economic Co-operation and Development) ഇതര രാജ്യങ്ങളിലേക്ക് ഇത്തരം മിശ്രിത പ്ലാസ്റ്റിക് മാലിന്യ കയറ്റുമതി നിരോധിച്ചിരിക്കുകയാണെന്നും’, അതിനായി വ്യക്തമായ ഗവർണമെന്റിന്റെ സമ്മതം ആവശ്യമാണെന്നും ആയിരുന്നു. എന്നാൽ തുടർന്നുവന്ന പല സംഭവങ്ങളിലും ഈ നിയമങ്ങൾ മറികടക്കപ്പെടുന്നു എന്നതാണ് യാഥാർത്ഥ്യം.

ചൈനയുടെ മാലിന്യ നിരോധനം: വേസ്റ്റ് കോളനിവൽക്കരണത്തിനെതിരായ പ്രതികരണം.

അനേകം പതിറ്റാണ്ടുകളായി, വികസിത രാജ്യങ്ങളിൽ നിന്നുള്ള പ്ലാസ്റ്റിക്, ഇ-വേസ്റ്റ്, ലോഹമാലിന്യങ്ങൾ എന്നിവയുടെ പ്രധാന ഇറക്കുമതി കേന്ദ്രമായിരുന്നു ചൈന. വികസിത രാജ്യങ്ങൾക്ക് വേണ്ടി ചൈന ഒരു “മാലിന്യ സംസ്കരണശാല”യായി മാറിയപ്പോഴാണ്, അവിടെയും ഗുരുതരമായ പ്രത്യാഘാതങ്ങൾ സംഭവിക്കാനാരംഭിച്ചത്. ഈ പശ്ചാത്തലത്തിലാണ് 2018-ൽ ചൈന, 24 തരത്തിലുള്ള മാലിന്യങ്ങളുടെ ഇറക്കുമതി നിരോധിച്ചുകൊണ്ടുള്ള "നാഷണൽ സ്വോഡ് പോളിസി" (National Sword Policy) നടപ്പിലാക്കിയത്. ചൈനയുടെ ഈ തീരുമാനം വെറും അന്തർദേശീയ വ്യാപാര പരിഷ്കാരമല്ലായിരുന്നു. മറിച്ച്, ആഗോള വേസ്റ്റ് കോളനിവൽക്കരണത്തിനെതിരായ ശക്തമായ നടപടിയായിരുന്നു. വേസ്റ്റ് കോളനിവൽക്കരണം എന്നത് വികസിത രാജ്യങ്ങൾ അവരുടെ മാലിന്യങ്ങൾ സംസ്കരിക്കാനോ സുരക്ഷിതമായി കൈകാര്യം ചെയ്യാനോ സാധ്യതകളില്ലാത്ത വികസ്വരരാജ്യങ്ങളിലേക്ക് മാറ്റി വെയ്ക്കുന്ന പ്രക്രിയയാണ്. ആദ്യം മുതൽക്കുതന്നെ ഇതിനുള്ള പ്രധാന ഇരയായിക്കൊണ്ടിരുന്ന ചൈന ഈ അനീതിക്കെതിരെ പ്രതികരിച്ചു എന്നതാണ് പ്രത്യേകത. ഇറക്കുമതി ചെയ്യപ്പെടുന്ന മാലിന്യങ്ങളിൽ ഏറ്റവും വലിയ പ്രശ്നം എന്ന് പറയുന്നത് മിശ്രിതത്വവും അതിൽ നിന്നും പുറത്തേക്ക് വരുന്ന കെമിക്കലുകളുമാണ്. പ്ലാസ്റ്റിക് സുരക്ഷിതമായി സംസ്കരിക്കാൻ ഏറെ പാരിസ്ഥിതിക ചെലവും ആരോഗ്യ പ്രശ്നങ്ങളും ചൈന നേരിടുന്നുമുണ്ടായി. ചൈനയിലെ ഗുയു (Guiyu) പോലുള്ള പ്രദേശങ്ങൾ, ഭൂമി, വെള്ളം, വായു എല്ലാം മലിനമായി തുടങ്ങുകയും, അപകടകരമായ ഇ-വേസ്റ്റ് സംസ്കരണ കേന്ദ്രമായി മാറുവാനും തുടങ്ങിയത്, ജനങ്ങൾക്കിടയിൽ അസുഖങ്ങളും രോഗങ്ങളും വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നതിലേക്ക് നയിച്ചു.

(Image source : Ghosh, Iman. (2019, July 3). Mapping the Flow of the World's Plastic Waste. Visual Capitalist.)
(Image source : Ghosh, Iman. (2019, July 3). Mapping the Flow of the World's Plastic Waste. Visual Capitalist.)

2018-ലെ ചൈനയുടെ ഈ നിരോധനത്തിന് ശേഷം, ആഗോള മാലിന്യ വ്യാപാര ശൃംഖലയിൽ വലിയ മാറ്റം വന്നു. യു.എസ്, യു.കെ, ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ മാലിന്യങ്ങൾ എവിടേക്ക് അയക്കുമെന്നറിയാതെ നട്ടം തിരിഞ്ഞു, അതിൻറെ ഭാഗമായി പല സ്ഥലങ്ങളിലും റീസൈക്ലിംഗ് പ്രോഗ്രാമുകൾ നിലയ്ക്കുകയും ചെയ്തു. ഇതോടെ തങ്ങളുടെ മാലിന്യങ്ങൾ ഇന്ത്യ, മലേഷ്യ, വിയറ്റ്നാം, തുർക്കി തുടങ്ങിയ പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ തുടങ്ങി. ഈ മാറ്റം വേസ്റ്റ് കൊളോണിയലിസത്തിന്റെ പുതിയ ശൃംഖല നാനാ തുറക്കുവാനും, പുതിയ സാമൂഹ്യ-പാരിസ്ഥിതിക ദുരന്തങ്ങൾ ഉണ്ടാവാനും കാരണമായി.

ചൈനയുടെ നിരോധനത്തിന് പിന്നാലെ ഇന്ത്യയിൽ മാത്രം പ്ലാസ്റ്റിക് മാലിന്യ ഇറക്കുമതി ഒരു വർഷത്തിനുള്ളിൽ നാലിരട്ടിയായി വർദ്ധിച്ചു എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു (Jacob Koshy, 2019). എന്നാൽ, വലിയ തോതിൽ മാലിന്യങ്ങൾ സുരക്ഷിതമായി കൈകാര്യം ചെയ്യാനുള്ള സാങ്കേതികവും നിയമപരവുമായ കഴിവില്ലാത്തതിനാൽ, ചൈനയിൽ നേരത്തെ അനുഭവിച്ച അതേ പ്രശ്നങ്ങൾ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലും നിലവിൽ ആവർത്തിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ചൈനയുടെ നയം ആഗോള വേസ്റ്റ് ട്രേഡിന്റെ അനീതിയെയും അതിന്റെ രാഷ്ട്രീയനിഗൂഡതകളെയും തുറന്ന് കാണിക്കുന്നതായിരുന്നു. വികസിത രാഷ്ട്രങ്ങൾ പരിസ്ഥിതിക ഉത്തരവാദിത്വങ്ങൾ ഒഴിവാക്കാനും സാമ്പത്തിക ലാഭത്തിനായിവികസ്വര രാജ്യങ്ങളെ ചൂഷണം ചെയ്യുകയാണ്. ഇത് കാരണം വികസ്വര രാജ്യങ്ങളിൽ മലിനീകരണം, ആരോഗ്യ പ്രശ്നങ്ങൾ, തൊഴിലാളി ചൂഷണം എന്നവയെല്ലാം വർധിക്കുന്നു.

READ : ഇ-മാലിന്യത്തിന്റെ ആഗോള ഭൂപടം: ചൈനയുടെ മാതൃക, ഇന്ത്യയുടെ പ്രതിസന്ധി

Fast fashion വിപ്ലവം,
ഒരു ‘ആഗോള മാലിന്യ വിപ്ലവം’
കൂടിയാണ്

മാലിന്യങ്ങൾക്കിടയിലുണ്ട്,
അദൃശ്യരാക്കപ്പെട്ട
സ്ത്രീതൊഴിലാളികൾ,
അവരു​ടെ കുഞ്ഞുങ്ങൾ

ഉപഭോക്താവിനെ പ്രതിയാക്കുന്ന,
വിതരണപ്രശ്നങ്ങളെ മൂടിവെയ്ക്കുന്ന
പ്ലാസ്റ്റിക് രാഷ്ട്രീയം

341 കോടി കടക്കുന്ന
ഹരിത നീക്കം,
സാധ്യതയും വെല്ലുവിളിയും

ബേസൽ കൺവെൻഷൻ: നിയമപരമായ പ്രതിരോധവും പരിമിതികളും

1989-ൽ ആരംഭിച്ച ബേസൽ കൺവെൻഷൻ, അപകടകരമായ മാലിന്യങ്ങളുടെ അതിരുകടന്ന കൈമാറ്റം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് രൂപംകൊണ്ടത്. മാലിന്യ കോളനിവൽക്കരണത്തെ തടയാനുള്ള നിയമപരമായ മുന്നേറ്റമായി ഇത് കണക്കാക്കപ്പെട്ടു. വികസിത രാജ്യങ്ങളിൽ നിന്നുള്ള മാലിന്യത്തിൻെറ സംസ്കരണ ചുമതല വികസ്വരരാജ്യങ്ങളിലേക്ക് മാറ്റപ്പെടുന്നത് പരിസ്ഥിതിനീതിക്കെതിരാണെന്ന് അന്തർദേശീയ സമൂഹം തിരിച്ചറിഞ്ഞതിന് ശേഷമായിരുന്നു ഈ ഇടപെടൽ. എന്നിട്ടും, കൺവെൻഷനിൽ ഉരുത്തിരിഞ്ഞ ആശയങ്ങൾ നടപ്പായില്ല. നിയമങ്ങളിൽ വന്ന പാളിച്ചകളും ചട്ടക്കൂടിലെ വിടവുകളും ബേസൽ കരാറിന്റെ ഫലപ്രാപ്തി കുറയ്ക്കുകയാണ്. പ്രത്യേകിച്ച് ആർട്ടിക്കിൾ 11 പ്രകാരം അംഗീകരിച്ചിരിക്കുന്ന ഇരട്ട ധാരണാപത്രങ്ങൾ (bilateral/multilateral agreements) വേസ്റ്റ് ട്രേഡിന് നിയമപരമായ വഴിയൊരുക്കി. തത്ഫലമായി, വികസിത രാജ്യങ്ങൾ നിയമത്തിൽ പഴുതുകൾ ഉപയോഗിച്ച് അവരുടെ മാലിന്യങ്ങൾ നിയമപരമായി തന്നെ വികസ്വര രാജ്യങ്ങളിലേക്കും നിയന്ത്രണങ്ങളില്ലാത്ത മേഖലകളിലേക്കും നീക്കം ചെയ്തുകൊണ്ടിരിക്കുന്നു.

ഇതോടൊപ്പം, ബേസൽ കരാറിന്റെ പരിധിക്ക് പുറത്തായി കണക്കാക്കപ്പെടുന്ന ‘Non-Hazardous Waste’ എന്ന വർഗ്ഗീകരണമാണ് മറ്റൊരു പ്രധാന പ്രശ്നം. വലിയ തോതിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ഈ നയത്തിൻെറ മറവിൽ കയറ്റുമതി ചെയ്യപ്പെടുന്നു. കരാറിന്റെ Prior Informed Consent (PIC) വ്യവസ്ഥകൾ പലപ്പോഴും ഉറപ്പാക്കാൻ കഴിയാത്തതിനാൽ അപ്രത്യക്ഷമായ ചൂഷണങ്ങളും നിയമവിരുദ്ധമായ ഇടപാടുകളും കണക്കിലെടുക്കപ്പെടാതെ പോകുകയാണ് ചെയുന്നത്. അമേരിക്ക പോലെ പ്രധാനപ്പെട്ട രാജ്യം ഈ കരാറിൽ അംഗമായിട്ടില്ല. Basel Convention-ന്റെ സുപ്രധാന തത്വം ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടതായിരിക്കുമ്പോഴും, അതിനെ അംഗീകരിക്കാത്ത പ്രധാന മാലിന്യ കയറ്റുമതിക്കാർ നിയമപരമായ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കുന്നു എന്നത് വേസ്റ്റ് കൊളോണി യലിസത്തിനെ ശക്തിപ്പെടുത്തുന്ന ഘടകമാണ്.

ആഗോള മാലിന്യ വ്യാപാരം വിലയിരുത്തുമ്പോൾ, അതിന്റെ പിന്നിലുള്ള സമ്പദ് വ്യവസ്ഥയുടെ ദുർബലതകൾ കൂടി ചർച്ചയ്ക്കു വിധേയമാക്കേണ്ടതുണ്ട്. സുതാര്യവും തുല്യവുമായ അന്താരാഷ്ട്ര ക്രമങ്ങളെ അവഗണിച്ച് ക്യാപ്പിറ്റലിസത്തിന്റെ വക്താക്കളായ വികസിത രാജ്യങ്ങൾ അവരുടെ മാലിന്യങ്ങൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളിലേക്ക് നീക്കുകയാണ്. വികസനവും അന്താരാഷ്ട്ര വ്യാപാരവും നീതിയോടെ തുടർന്നുപോകണമെങ്കിൽ പരിസ്ഥിതി ഉത്തരവാദിത്വം ആഗോള സമൂഹം തുല്യമായി പങ്കുവെക്കേണ്ടതുണ്ട്. അതാണ് യഥാർത്ഥ പരിസ്ഥിതിനീതി.

References

1. Michaelson, R. (2021, December 31). ‘Waste colonialism’: World grapples with West’s unwanted plastic. The Guardian.

2. Sridhar, L., & Kumar, P. (2019). The new face of waste colonialism: A review of legal regulations governing the import of waste into India. Socio-Legal Review, 15(2), 101–135.

3. Breithoff, E. (2025). From bombs to bracelets: War waste as involuntary heritage in the Anthropocene. Heritage & Society, 17(3), 1–18.

4. Ghosh, I. (2019, July 3). Mapping the flow of the world’s plastic waste. Visual Capitalist.


Summary: How Developed countries exploit developing countries by disposing plastic waste. What is Waste Colonialism? Shine K writes.


ഷൈൻ. കെ

ഗവേഷക വിദ്യാർഥി, ​സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് & ഡെവലപ്മെൻറ് സ്റ്റഡീസ് , മഹാത്മാഗാന്ധി സർവ്വകലാശാല, കോട്ടയം.

Comments