ലോകം അതിവേഗം മുന്നോട്ട് കുതിക്കുകയാണ്. ആരോഗ്യ മേഖല നിരന്തരം മാറ്റങ്ങളെ ഉൾക്കൊണ്ട് പുത്തൻ പാഠങ്ങൾക്ക് വേദിയൊരുക്കുന്നു. ആരോഗ്യ രംഗത്ത് കേരളം രാജ്യത്തിനുതന്നെ അഭിമാനമായി മാറുന്നു. നൂതന സാങ്കേതിക വിദ്യയുടെ ഒട്ടനേകം സാധ്യതങ്ങൾ കൃത്യമായ പഠനങ്ങൾക്കും വിശകലനങ്ങൾക്കും ഒടുവിൽ വിരൽത്തുമ്പിലെത്തുന്ന കാഴ്ച നമുക്ക് സുപരിചിതമായി തീർന്നിരിക്കുന്നു. നേട്ടങ്ങളും നഷ്ടങ്ങളും പ്രധാന തലക്കെട്ടുകളിൽ ഇടം പിടിക്കുമ്പോഴും വെല്ലുവിളികളെ അഭിമുഖീകരി ക്കാൻ അഥവാ അംഗീകരിക്കാൻ പൊതുസമൂഹം തയ്യാറാകുന്നുണ്ടോ?
അങ്ങനെയെങ്കിൽ ആരോഗ്യ പ്രവർത്തകർ നേരിടുന്ന പ്രധാന വെല്ലുവിളികൾ എന്തെല്ലാമാണ്? മെഡിക്കൽ വിദ്യാഭ്യാസവും മെഡിക്കൽ വിദ്യാർത്ഥികളും അവരുടെ പ്രശ്‌നങ്ങളും ചർച്ച ചെയ്യപ്പെടേണ്ടതാണോ?
ഉത്തരം ലളിതം.
ആഗോളതലത്തിൽ മൂന്ന് ഡോക്ടർമാരിൽ ഒരാൾ അമിതമായ മാനസിക സമ്മർദ്ദം അനുഭവിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. മെഡിക്കൽ വിദ്യാർഥികൾക്കിടയിൽ നാലിൽ മൂന്ന് പേർ ഇത്തരം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതായും പഠനങ്ങൾ വ്യക്തമാക്കുന്നു. ഏതൊരു ചെടിയും മികച്ച കായ്ഫലം തരുന്നത് ആരോഗ്യകരമായ പരിതസ്ഥിതികൾ ഒത്തുചേരുമ്പോഴാണ് വിപരീത സാഹചര്യങ്ങളിൽ വിളവ് ലഭിക്കില്ലെന്ന് മാത്രമല്ല ക്ഷയിച്ചു പോകാനും സാധ്യതകളേറെയാണ്.
ഉലയിലുരുത്തിരിയുന്ന ആയുധം പോലെ നിരന്തര പരീക്ഷണങ്ങളിലൂടെയാണ് ഓരോ മെഡിക്കൽ വിദ്യാർത്ഥിയും കടന്നുപോകുന്നത്. പ്രവേശന പരീക്ഷയുടെ മത്സരയോട്ടം ലക്ഷ്യസ്ഥാനം കാണുമ്പോൾ പുത്തൻ പരിതസ്ഥിതിയിലെ പുത്തൻ വെല്ലുവിളികൾ അവരെ തേടിയെത്തുന്നു. അനന്തമായ സിലബസ്, തിയറി- പ്രാക്ടിക്കൽ പരീക്ഷകൾ, ഇന്റേണൽ മാർക്ക്, അറ്റെന്റൻസ് തുടങ്ങി ഓരോ വിദ്യാർത്ഥിയും നിരന്തര മൂല്യനിർണ്ണയങ്ങൾക്ക് വിധേയമാകുന്നു. ഉറക്കക്കുറവ്, താൽപര്യമില്ലായ്മ, ഒറ്റപ്പെടൽ, വ്യക്തിഗത ബന്ധങ്ങളിലെ സ്വരചേർച്ചയില്ലായ്മ, അസുഖങ്ങൾ, വീട്ടുകാരുടെ സമ്മർദ്ദം, അമിത പ്രതീക്ഷ, തോൽവിയോടുള്ള ഭയം എന്നിവ പ്രതിസന്ധികളിൽ ചിലത് മാത്രം.

മാനസികാരോഗ്യവും അനുബന്ധ വിഷയങ്ങളും നിരന്തരം ചർച്ചകൾക്ക് വിധേയമാകുന്ന ഈ കാലത്തും മെഡിക്കൽ രംഗത്തെ മാനസികാരോഗ്യം വിരോധാഭാസമായി ചിലർക്ക് തോന്നാം, എന്നാൽ വർദ്ധിച്ചുവരുന്ന ആത്മഹത്യാ പ്രവണതകളുടെ കണക്കുകൾ ഞെട്ടിക്കുന്നതാണ്.
അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ചർച്ച ചെയ്യപ്പെടേണ്ട മറ്റൊരു വിഷയമാണ്. സർക്കാർ മെഡിക്കൽ കോളേജുകളിലെ തിങ്ങിനിറഞ്ഞ വാർഡുകൾ, ജീവനക്കാരുടെ നിയമനത്തിനുള്ള കാല താമസം, പഴയ ഉപകരണങ്ങൾ തുടങ്ങിയവ വർദ്ധിച്ച പ്രവൃത്തി സമയത്തിലേക്കും അമിത ജോലിഭാരത്തിലേക്കും നയിക്കുന്നു. തൊഴിലിടത്തെ സുരക്ഷാവീഴ്ചയും പ്രതിസന്ധികളും പ്രതിഷേധങ്ങളിലൊതുങ്ങി തീരുന്നു. മതിയായ സെക്യൂരിറ്റി സംവിധാനമോ വിശ്രമ മുറിയോ ഇല്ലാതെയാണ് പല ആശുപത്രികളും പ്രവർത്തിക്കുന്നത്. രാത്രികാല ഡ്യൂട്ടിക്കിടെ വിദ്യാർത്ഥിനികൾക്ക് നേരെയുണ്ടാകുന്ന അതിക്രമ ശ്രമങ്ങൾ തുടർക്കഥയാകുന്നു. ആരോഗ്യ പ്രവർത്തകർക്കുനേരെയുള്ള വർദ്ധിച്ചുവരുന്ന ആക്രമണ ങ്ങൾ ഭരണസംവിധാനത്തിന്റെ വീഴ്ചയല്ലാതെ മറ്റെന്താണ്?
കൃത്യമായ ശിക്ഷാനിയമങ്ങളോ നടപടിക്രമങ്ങളോ പ്രാബല്യത്തിലില്ലെന്ന തിരിച്ചറിവല്ലേ ഇത്തരം സംഭവങ്ങൾക്ക് വളമാകുന്നത്? നമുക്കറിയുന്നതു പോലെ ഏറ്റവും ദൈർഘ്യമേറിയ കോഴ്‌സുകളിലൊന്നാണ് എം.ബി.ബി.എസ്. സാമൂഹിക ബന്ധങ്ങൾ, കുടുംബജീവിതം തുടങ്ങി വ്യക്തി ജീവിതത്തിലൊരുപാട് വിട്ടുവീഴ്ച്ചകൾ ചെയ്യുന്നവരാണ് ആരോഗ്യ പ്രവർത്തകർ. ഏത് വിപരീത സാഹചര്യത്തിലും രോഗികളുടെ പരാതികൾ കേൾക്കാനും സഹാനുഭൂതിയോടും യുക്തിപൂർവും അനുയോജ്യമായ പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കാനും ചുമതലപ്പെട്ടവർ. ദൈവികപരിവേഷങ്ങളല്ല, മറിച്ച് മറ്റേതൊരു തൊഴിലിടവും പോലെ കൂട്ടായ പ്രയത്‌നത്തിലൂടെ ആരോഗ്യപരമായ സമൂഹം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം.
എല്ലാ രോഗങ്ങൾക്കും പൂർണ്ണ ശമനം സാധ്യമല്ലെന്നും അനുയോജ്യമായ പരിഹാര മാർഗ്ഗങ്ങൾ തെരഞ്ഞെടുക്കാൻ നിങ്ങളെ സഹായിക്കുകയാണ് ചികിത്സാരീതിയെന്നുമുള്ള ബോധ്യത്തോടൊപ്പം നാം ഓരോരുത്തരും ഈ പ്രക്രിയയുടെ ഭാഗമാണെന്ന തിരിച്ചറിവാണ് വേണ്ടത്. ഇത്തരം മഹത്തായ തൊഴിലിടം തിരഞ്ഞെടുത്ത് പ്രതിസന്ധികൾ അതിജീവിച്ച്, മുന്നോട്ടും മത്സരപ്പരീക്ഷകളും ഉപരിപഠനവും വെല്ലുവിളികളൊരുക്കുന്ന സാഹചര്യത്തിൽ മെഡിക്കൽ വിദ്യാർത്ഥികൾക്ക് സുരക്ഷിതവും ആരോഗ്യപരവുമായ പഠനാന്തരീക്ഷമൊരുക്കാൻ നമുക്ക് കൈകോർക്കാം.
READ: അസ്വസ്ഥരാവുന്ന
യുവ ഡോക്ടർമാർ
പത്മവ്യൂഹത്തിനുള്ളിലെ ഡോക്ടർ;
തൊഴിൽപരമായ വെല്ലുവിളികൾ, പരിഹാരങ്ങൾ
സംഗീതം പോലെ
എന്നെ തഴുകിയ
ഡോക്ടർമാർ
വിവിധ ചികിത്സാരീതികളുടെ സംയോജനം:
ദുരന്തത്തിലേക്കുള്ള പടിവാതിൽ
വെല്ലുവിളികൾ നേരിടുന്ന
ഇന്ത്യൻ ഡോക്ടർ സമൂഹം
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

