കഴിഞ്ഞ കുറച്ചുവർഷങ്ങളായി ‘Mother and Child Education’ എന്ന സമൂഹമാധ്യമ പരിസരത്തിൽ നിൽക്കുന്ന ഒരാളെന്ന നിലയിൽ, അമ്മയായശേഷം മാത്രം കണ്ടുതുടങ്ങിയ കാര്യങ്ങളും ഡോക്ടർ അമ്മയായുള്ള സ്വാനുഭവ ങ്ങളും ആയിരക്കണക്കിന് അമ്മമാരുമായി നടത്തിയ സംഭാഷണങ്ങളും പീഡിയാട്രിക്സിൽ തുടങ്ങി ആന്ത്രപ്പോളജി വരെ എത്തിയ ശാസ്ത്രീയ ലേഖനങ്ങളുടെ വായനയുമെല്ലാം ഈ കുറിപ്പിൽ ഉൾപ്പെടുത്താൻ ശ്രമിക്കുകയാണ് ഞാൻ.
ഒരു പതിറ്റാണ്ടുകാലം ഡോക്ടറുടെ കണ്ണിലൂടെ കണ്ട കാര്യങ്ങൾ അമ്മയുടെ കണ്ണിലൂടെ കണ്ടപ്പോൾ അൽഭുതകരമായി തെളിഞ്ഞുകണ്ട കാര്യങ്ങളുണ്ട്. മുലയൂട്ടലിൽ തുടങ്ങി വ്യാജ ശാസ്ത്രത്തിൽ എത്തിനിൽ ക്കുന്നവ. ആദ്യമായി അമ്മയായപ്പോൾ 5 ദിവസം കഴിഞ്ഞിട്ടും കുഞ്ഞിന് മുലപ്പാൽ നൽകാൻ കഴിയുന്നില്ല എന്ന അനിശ്ചിതാവസ്ഥയിൽനിന്നാണ് റാങ്ക് വാങ്ങിപ്പഠിച്ച എം.ബി.ബി.എസ്. കരിക്കുലത്തിലെവിടെയും, lactation-ന്റെ ബാലപാഠങ്ങൾ പോലും കണ്ടിരുന്നില്ല എന്ന തിരിച്ചറിവുണ്ടായത്. ‘മുലപ്പാൽ ഇല്ല അല്ലേ, ഫോർമുല മിൽക്ക് കൊടുത്തോളൂ’ എന്ന പരിഹാരം മാത്രം ചുറ്റിലും നിറഞ്ഞപ്പോൾ മുലയൂട്ടൽ ആധികാരികമായി പഠിക്കാൻ ഇൻ്റർനെറ്റ് മാത്രമായിരുന്നു ശരണം. ആത്മാർഥമായ വായനയുടെ ആ നാളുകൾ ഒട്ടനവധി പുതിയ കാര്യങ്ങൾ പഠിപ്പിച്ചു. 70 ശതമാനത്തിലേറെ അമ്മമാർ മുലയൂട്ടുന്നതിൽ പ്രശ്നങ്ങൾ നേരിടുന്നു. ഇതിൽ നല്ലൊരു വിഭാഗത്തിനും മുലപ്പാലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പോസ്റ്റ്പാർട്ടം ഡിപ്രഷൻ (Post partum depression) ‘trigger’ ആയി പ്രവർത്തിക്കുകയും ചെയ്യുന്നു. പലപ്പോഴും വിഷാദ രോഗലക്ഷണങ്ങൾ മൂർദ്ധന്യാവസ്ഥയിലെത്തിയ ശേഷമാണ് ചുറ്റുമുള്ളവർ അറിയുകതന്നെ. അപ്പോഴും ഡിപ്രഷന് ചികിത്സിക്കുക എന്ന പരിഹാരം മാത്രമാണ് അമ്മമാർക്ക് ലഭിക്കുന്നതും. Trigger ആയ മുലയൂട്ടൽ പ്രശ്നങ്ങൾ എല്ലാം തന്നെ ‘Formula Milk’ എന്ന ഒറ്റ പരിഹാരത്തിൽ ഒതുങ്ങിപ്പോകുന്നു.

ആരോഗ്യരംഗത്ത് ഉയരങ്ങൾ കീഴടക്കുന്ന നമ്മുടെ സംസ്ഥാനത്തുപോലും ‘breast feeding support’ പരിമിതമാണ്. മുലയൂട്ടൽ ദിനം ആഘോഷിക്കുന്നതിനും BFHI (Baby friendly hospital Initiative മുദ്രാവാക്യങ്ങൾ പ്രദർശിപ്പിക്കുന്നതിനുമപ്പുറം കാതലായ മാറ്റങ്ങൾ വരുത്താൻ നമുക്ക് കഴിഞ്ഞതേയില്ല. മുലയൂട്ടലിനെക്കുറിച്ചുള്ള അവബോധ ക്ലാസ്സുകൾ പോലും വളരെ ഉപരിപ്ലവമായി ഒതുങ്ങിപ്പോകുന്നു. ‘Lactation’ എന്ന വിഷയം ആധികാരികമായി പരാമർശിക്കുന്ന പാഠങ്ങൾ ആരോഗ്യപഠനരംഗത്തുപോലും ഇല്ല എന്നത് നിഷേധിക്കാനാകാത്ത വസ്തുതയാണ്.
READ ALSO: ‘നമ്മുടെ ആരോഗ്യം’
സ്ത്രീപതിപ്പിനെക്കുറിച്ച്
ഇത്തിരിപ്പോന്ന എന്റെ കഥയും
എന്റെ പ്രിയപ്പെട്ട ജീവൻമശായിയും
സ്ത്രീകളിലെ പ്രധാന
അർബുദ ബാധകൾ
വനിതാ ഡോക്ടർമാർ നിശ്ചയമായും അരക്ഷിതത്വം അനുഭവിക്കുന്നുണ്ട്
മകൾ എന്ന നിലയിൽ
എന്റെ സ്ത്രീജീവിതം
Perceived Insufficiency of Milk Supply- PIMS
കേരളത്തിൽ രണ്ടു വയസ്സിനു താഴെ മുലയൂട്ടുന്ന അമ്മമാരുടെ എണ്ണം കുറയുന്നു എന്ന IAP (Indian academy of pediatrics) യുടെ കണ്ടെത്തൽ ഇതിനോടു ചേർത്തുവായിക്കേണ്ടതാണ്. Perceived Insufficiency of Milk Supply (PIMS) എന്ന അധികം ശ്രദ്ധ നേടിയിട്ടില്ലാത്ത ഒരവസ്ഥയെക്കുറിച്ച് കൂടി ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട്. ‘എനിക്കു പാൽ ഇല്ല, എന്റെ കുഞ്ഞിന് പാൽ തികയുന്നില്ല’ എന്ന ‘ലളിത ചിന്ത’യുടെ ശാസ്ത്രീയ പദമാണിത്. PIMS വളരെ സർവ്വസാധാരണമാണ് എന്ന വസ്തുത ചുറ്റുമുള്ള ഏതൊരു അമ്മയോടും സംസാരിച്ചാൽ മനസ്സിലാകും. ഒരു കുഞ്ഞുണ്ടായ ഉടനെ ‘പാൽ ഇല്ല’ എന്ന കുറ്റപ്പെടുത്തൽ കേട്ടാണ് ഓരോ അമ്മയും മുന്നോട്ടുപോകുന്നത്. ചിലർ അറിഞ്ഞും വായിച്ചും ആ അവസ്ഥ മറികടക്കുന്നു. നല്ലൊരു ശതമാനം അമ്മമാരും അജ്ഞത കാരണം ‘Formula Trap’ൽ കുടുങ്ങി മുലയൂട്ടൽ പകുതിവഴിയിൽ ഉപേക്ഷി ക്കുന്നു. ‘ഡിമാൻ്റ് സപ്ലൈ’ എന്ന അടിസ്ഥാന തത്വത്തിലാണ് മുലയൂട്ടൽ നടക്കുന്നതെന്ന കാര്യം അറിയാതെ ‘പാൽ ഇല്ല’ എന്ന ചിന്തയിൽ കുപ്പിപ്പാൽ കൊടുത്തു തുടങ്ങുന്നതും അതുവഴി മുലയൂട്ടൽ പിന്നെയും കുറഞ്ഞ്, ഡിമാൻ്റ് കുറയുന്നതോടെ സപ്ലൈ പിന്നെയും കുറയുന്നതും അതിനെ മറികടക്കാൻ പിന്നെയും കുപ്പിപ്പാലിൽ അഭയം പ്രാപിക്കുകയും ചെയ്യുന്നതാണ് ‘formula trap’. മുലയൂട്ടലിനെ പുകഴ്ത്തിയുള്ള ഒട്ടനവധി കാര്യങ്ങൾ നടക്കുമ്പോഴും അതിന്റെ പ്രായോഗിക വശങ്ങളെക്കുറിച്ചുള്ള അജ്ഞത പൊതുസമൂഹത്തിലും ആരോഗ്യരംഗത്തുപോലും ഉള്ളതുകൊണ്ട് ഈ അമ്മമാരെ ‘formula trap’ൽ നിന്ന് കരകയറ്റാൻ നമുക്ക് കുറച്ചേറെ പരിശ്രമിക്കേിവരും. വിദ്യാസമ്പന്നരായ ഈ അമ്മമാർ നിശ്ചയമായും അതർഹിക്കുന്നുമുണ്ട്.
ലോകം മാറുന്നു
‘തിരുപ്പൂരിൽ രണ്ടു ദിവസം പ്രായമുള്ള കുഞ്ഞിന് മുലപ്പാൽ വേണം’ എന്ന സോഷ്യൽ മീഡിയ പോസ്റ്റും അതിനുകീഴിൽ ‘വൈകീട്ട് 4 മണിക്ക് 400 മില്ലിപാൽ എടുത്തുവയ്ക്കാം, വന്ന് കളക്റ്റ് ചെയ്യൂ’ എന്ന അമ്മമാരുടെ മറുപടിയും അറിവിന്റെ പുതിയൊരു ലോകം തുറന്നുതന്നു. സ്ഥിരമായി മുലപ്പാൽ പമ്പുചെയ്ത് ഫ്രീസ് ചെയ്ത് ആഴ്ചയിൽ ‘Breastmilk Bank’ ലേക്ക് താപനില കൃത്യമായി പാലിച്ച് കൊടുത്തുവിടുന്ന അമ്മമാർ നമ്മുടെ തൊട്ടയൽസംസ്ഥാനത്തുണ്ട് എന്നത് കണ്ണുതുറപ്പിച്ച ഒരു വസ്തുതയായിരുന്നു. 5 ലിറ്റർ മുലപ്പാൽ ദാനം ചെയ്ത ഒരമ്മയെ പരിചയപ്പെട്ടതും നവ്യാനുഭവം തന്നെ. ‘Breast milk Donation', ‘Breast milk Bank’ എന്നീ കാര്യങ്ങളെല്ലാം കാര്യക്ഷമതയോടെ നടന്നുകാണാൻ ഒരു പക്ഷേ നമുക്കിനിയും സമയം വേണ്ടിവരും. വിദൂരമല്ലാത്ത ഒരു നല്ല നാളെ നമുക്ക് പ്രതീക്ഷിച്ചുകൊണ്ടിരിക്കാം.
പുതിയ അമ്മമാർ
കാര്യങ്ങൾ അറിയാൻ താത്പര്യമുള്ളവരാണ് ഞാൻ കാണുന്ന പുതിയ അമ്മമാർ. തലമുറകൾ കൈമാറിവന്ന മാതൃശിശുസംരക്ഷണ രീതികളിലെ അശാസ്ത്രീയത തിരിച്ചറിഞ്ഞും പുതിയ കാലത്തിന്റെ നന്മതിന്മകൾ വേർതിരിച്ചും പേരൻ്റിംഗിൽ ശ്രദ്ധചെലുത്തുന്നവർ. ആഗോളതലത്തിൽ Baby led weaning, tech-free/screen free upbringing, gentle parenting തുടങ്ങിയ ചെറുവിപ്ലവങ്ങൾ വളരെ പ്രസക്തമാണ്.
ആധുനിക ടെക്നോളജിയുടെ സഹായം മുതലെടുത്ത് Pregnancy Apps മുതൽ Colotsrum harvesting വരെ സർവ്വസാധാരണമായി മാറിക്കൊണ്ടിരിക്കുന്നു. ജ്യൂസും സെറിലാക്കും കൊടുത്ത് weaning നടത്തിയിരുന്ന കാലവും കടന്നുപോയി. ഏറ്റവും പുതിയതും ആധികാരികവുമായ ആരോഗ്യ നിർദ്ദേശങ്ങൾ വായിച്ചറിഞ്ഞ് കുഞ്ഞുങ്ങൾക്ക് കൃത്യമായി ഭക്ഷണരീതികൾ നടപ്പിലാക്കിയും കുഞ്ഞുങ്ങളുടെ മാനസികാരോഗ്യം കൂടി കണക്കിലെടുത്ത് പഠനരീതികൾ തിരഞ്ഞെടുത്തും പുതിയ മാതാപിതാക്കന്മാർ മാതൃകയാകുന്നു. വിവേകസമ്പന്നരായ പുതിയ തലമുറയിലെ അമ്മമാർ, ഡോക്ടർമാരിൽനിന്നും കുറച്ചുകൂടി പരിഗണന അർഹിക്കുന്നു.
ഡോക്ടർ അമ്മമാർ
‘നല്ലപ്രായം കഴിഞ്ഞ്’ അമ്മയാകുന്നവരാണ് മിക്കവാറും നമ്മൾ ഡോക്ടർമാർ. MBBS, MD, Super specialisation എല്ലാം കഴിയുന്നതു വരെ കുടുംബം സൃഷ്ടിക്കാനായി കാത്തിരിക്കാൻ പൊതുസമൂഹം നമുക്കനുവാദം നൽകുന്നില്ല. പഠനം, കരിയർ, പേരൻ്റിംഗ് എന്നിവയെല്ലാം ഒരു ജഗ്ളറുടെ പ്രാവീണ്യത്തോടെ കൊണ്ടുപോകണം. മുലയൂട്ടലിനെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുകയും സ്വന്തം കുഞ്ഞുങ്ങളുടെ കാര്യത്തിൽ പ്രായോഗികമാക്കാൻ ബുദ്ധിമുട്ടുകയും ചെയ്യുന്നവർ. തേനും വയമ്പും ഉരമരുന്നുമടങ്ങിയ കാലഹരണപ്പെടേ അശാസ്ത്രീയതകൾക്കെതിരെ ചെറുവിപ്ലവം നടത്തുന്നവർ. ‘ഡോക്ടറുടെ’ പ്രിവിലേജ്, ‘മാതൃത്വത്തിന്റെ’ കാര്യത്തിൽ ലഭിക്കാത്തവർ. ഇന്നിന്റെ അമ്മമാരുടെ കഥകൾ നമ്മളുടേതു കൂടിയാണ്.
MS പഠനകാലത്ത് കുഞ്ഞിന് പാൽ മുടങ്ങാതിരിക്കാൻ ഒഴിഞ്ഞ ക്ലാസ്റൂം കണ്ടെത്തി ഉച്ചഭക്ഷണസമയം നോക്കി പാൽ പമ്പുചെയ്ത് കൊടുത്തുവിട്ടിരുന്ന സുഹൃത്തിനെ പരിചയപ്പെടുത്തിക്കൊണ്ട് അവസാനിപ്പിക്കാം. ഇത്തരം ചെറിയ വലിയ കാര്യങ്ങളാണ് ഞാൻ കണ്ട ഇന്നിന്റെ അമ്മമാരെ വ്യത്യസ്തരാക്കുന്നത്. അവരുടെ കഥകൾ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നത് എന്നും ചാരിതാർത്ഥ്യസമ്പന്നം തന്നെ.
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം:
