വളരെ വർഷങ്ങൾക്കുമുമ്പ് കേരളത്തിലെ പ്രമുഖ പത്രങ്ങളിലും ടി.വിയിലും കണ്ടിരുന്ന പരസ്യമായിരുന്നു: ഒരു കുടുംബഫോട്ടോയും കൂടെ, ‘ചുമ വരാൻ കാത്തിരിക്കുന്ന കുടുംബം, കഴിക്കൂ ചുമയകറ്റൂ’ എന്ന വാചകവും. ഇപ്പോഴത് കാണാറില്ല. നെഗറ്റീവ് ചിന്തകളുണ്ടാകുന്ന പരസ്യമാണ് അത് എന്നെനിക്ക് തോന്നിയിട്ടുണ്ട്. പ്രസ്തുത മരുന്ന് കഴിച്ച് ചുമമാറ്റാനും ചുമ വരാനും ആരെങ്കിലും കാത്തിരിക്കുമോ? കുറച്ചു ദിവസങ്ങൾ ചുമയ്ക്കണം, അപ്പോഴറിയാം ചുമ കൊണ്ടുണ്ടാവുന്ന അസ്വസ്ഥത. ചുമ വരാൻ കാത്തിരുന്നു ചുമ വന്നാൽ പ്രസ്തുത മരുന്ന് കഴിച്ച് വളരെ എളുപ്പത്തിൽ ചുമ മാറ്റിക്കളയാമെന്ന സന്ദേശവും ആ പരസ്യത്തിലുണ്ടായിരുന്നു.
ചുമ ഒരു രോഗലക്ഷണം മാത്രമാണ്. രോഗമല്ല എന്നുള്ള വസ്തുത പലരും മറന്നുകളയുന്നു. ശ്വാസകോശരോഗവുമായി ബന്ധപ്പെട്ട പ്രധാന ലക്ഷണമാണ് ചുമ. കാരണങ്ങൾ പലതുമാവാം.

മാസങ്ങൾക്കുമുമ്പ് എഴു വയസ്സുള്ള ഒരു കുട്ടിയെയും കൊണ്ട് മാതാപിതാക്കൾ വന്നിരുന്നു. ആറുമാസമായി വിട്ടുമാറാത്ത ചുമയായിരുന്നു കുട്ടിക്ക്. എത്ര മരുന്ന് കൊടുത്തിട്ടും ചുമ കുറയു ന്നില്ല. കൂട്ടത്തിൽ അമ്മ പറഞ്ഞു, കുട്ടി ഉറങ്ങുമ്പോൾ നെഞ്ചിൽനിന്ന് പീപ്പിവലി പോലുള്ള ശബ്ദവും കേൾക്കുന്നുണ്ട്. പീപ്പിവലി പോലെയുള്ള ശബ്ദം (Wheezing) ആസ്തമയിലും കേൾക്കാം. പരിശോ ധനകൾ നടത്തി. ശ്വാസകോശത്തിനകത്ത് അന്യവസ്തുവാണെന്ന് കണ്ടെത്തി. മുമ്പെപ്പോഴൊ അബദ്ധത്തിൽ ശ്വാസകോശത്തിൽ ചെന്നെത്തിയ കളിപ്പാട്ടത്തിന്റെ വിസിൽ ആയിരുന്നു അത്. മെഡിക്കൽ കോളേജിൽനിന്ന് ബ്രോങ്കോസ്കോപി വഴി അത് പുറത്തെടുത്തു. കുട്ടിയുടെ ചുമ മാറി.
ശ്വാസകോശത്തിലെത്തുന്ന അന്യവസ്തുക്കളുടെ നീണ്ട പട്ടിക തന്നെയുണ്ട്. നിലക്കടല, പിസ്ത, പോപ്കോൺ, കളിപ്പാട്ടങ്ങളുടെ ഭാഗങ്ങൾ, അമ്മമാരുടെ കഴുത്തിലെ മാലകൾ, മടിയിലിരിക്കുന്ന കുഞ്ഞ് കടിച്ചുവലിച്ച് ശ്വാസകോശത്തിലെത്തുന്ന മുത്തുമണികൾ, മീൻമുള്ള്, എല്ലിൻകഷ്ണം, ഇ-വേസ്റ്റുകൾ, സേഫ്റ്റിപിന്നുകൾ, പേപ്പർ പിന്നുകൾ, വെപ്പുപല്ലുകൾ- ഇങ്ങനെ ഒരു പാട് വസ്തുക്കൾ നമ്മുടെ അശ്രദ്ധകൊണ്ടും അബദ്ധത്തിലും ശ്വാസകോശത്തിലെത്താം. അങ്ങനെ സംഭവിച്ചാൽ ആളുകൾ സാധാരണായി ഡോക്ടറെ സമീപിക്കുക വിട്ടുമാറാത്ത ചുമയായിട്ടാണ്.
കൂടാതെ വായുസഞ്ചാരം തടസ്സപ്പെടുകയാണെങ്കിൽ ശ്വസനം പ്രയാസകരമാവും. അങ്ങനെയുള്ളവർ കഠിനമായ ശ്വാസംമുട്ടലുമായി അത്യാഹിത വിഭാഗത്തിലെത്തും.

വിട്ടുമാറാത്ത ചുമയ്ക്ക് പരിശോധനകൾ ചെയ്താൽ ഉത്തരമൊന്നും പലപ്പോഴും ലഭിക്കാതെ നിരാശരാകും. അത്തരക്കാരിൽ സ്പൈറോമെട്രിയിൽ (പൾമനറി ഫങ്ങ്ഷൻ ടെസ്റ്റ്) ചെറിയ വ്യതിയാനം കണ്ടെന്ന് വരാം. ബ്രോങ്കിയൽ പ്രവോക്കേറ്റിവ് ടെസ്റ്റുകളുണ്ടെങ്കിലും സാധാരണ ചെയ്യാറില്ല. സുലഭ്യവുമല്ല.ഡോക്ടറുടെ അനുമാനമനുസരിച്ച് ചികിത്സ നൽകാറാണ് പതിവ്. മുഴുവൻ ലക്ഷണങ്ങളും കാണിക്കാതെ വെറും ഒരു ചുമ മാത്രമായ കഫ് വേരിയന്റ് ആസ്തമയാവാമത്. ഇൻഹേലറടക്കമുള്ള മരുന്നുകൾ നൽകിയാലെ ചുമ മാറുള്ളൂ.
അരോഗദൃഢഗാത്രനായ ഒരു മധ്യവയസ്കൻ ക്ലിനിക്കിലേക്ക് വരുന്നത് വളരെ നിരാശയോടെയായിരുന്നു. ചുമയാണ്, വീട്ടുവൈദ്യം പലതും ചെയ്തുനോക്കി, ആഴ്ചകളായി മാറുന്നതേ ഇല്ല. രോഗവിവരങ്ങൾ വിശദമായി അറിയാനുള്ള ചോദ്യോത്തരങ്ങളിലേക്ക് നീങ്ങി. പുകവലിയില്ല. ഒരു അസുഖവുമില്ല. അടുത്തിടെയാണ് ചെവിയിൽ എന്തോ നിറയുന്നത് പോലെയും കേൾവിക്കുറവും ചുമയും തുടങ്ങുന്നത്. ചെവിക്കകത്ത് ചെപ്പി (wax) അടിഞ്ഞു കൂടിയാൽ ചെവിയിലേക്കുള്ള നാഡിയുടെ പ്രവർത്തനം തടസ്സപ്പെടും. അതിന്റെ അടയാളമാണ് ചുമ. ഇ.എൻ.ടി ഡോക്ടറെ കാണിച്ച് ചെപ്പി (wax) നീക്കിയപ്പോൾ അയാളുടെ ചുമയും മാറി.
വിട്ടുമാറാത്ത ചുമയുമായി ഡോക്ടറെ സമീപിക്കുന്ന രോഗികൾ തുടർച്ചയായി കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളുടെ ലിസ്റ്റ്കാണിക്കേണ്ടതാണ്. ഉയർന്ന രക്തസമ്മർദ്ദത്തിനും ഹൃദയരോഗങ്ങൾക്കും, വേദനയ്ക്കും കഴിക്കുന്ന മരുന്നുകളിൽ ചിലതെങ്കിലും ചുമയ്ക്ക് കാരണമാവും. അങ്ങനെ വരുമ്പോൾ അത്തരം മരുന്നുകൾ മാറ്റി പകരം വേറെ മരുന്നുകൾ നൽകിയാൽ മാത്രം മതി ചുമ മാറാൻ.

ചെറിയൊരു ജലദോഷം വന്നാലും ചുമയുണ്ടാവാം. മാരകമായ ശ്വാസകോശ കാൻസർ കൊണ്ടും ചിലപ്പോൾ ചുമയുണ്ടാവാം. കൂടാതെ ക്ഷയരോഗാണുക്കൾ, ന്യൂമോണിയ, വൈറസ്സുകൾ എന്നിവ കൊണ്ടുണ്ടാവുന്ന ശ്വാസകോശ അണുബാധയും ചുമയ്ക്ക് കാരണമാവാം. രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ചുമയാണെങ്കിൽ, ക്ഷയരോഗമാവാം. അടുത്തുള്ള ഹെൽത്ത് സെൻററിൽ പോയി കഫ പരിശോധന നടത്തണമെന്ന് കേരള ആരോഗ്യ വകുപ്പ് ഇടക്കിടെ പരസ്യം ചെയ്യാറുണ്ട്.
ചുമവന്നാൽ തനിയെ പോകുമെന്നും പരസ്യങ്ങളിൽ കാണുന്ന ഏതെങ്കിലും ഒരു മരുന്നു കഴിച്ചാൽ ചുമയകറ്റാമെന്നും കരുതി കാത്തിരിക്കരുത്. നാളുകളോളം നീണ്ടുനിൽക്കുന്ന ചുമയാണെങ്കിൽ അടുത്തുള്ള ഡോക്ടറെ കണ്ടു ചികിത്സ തേടുക. ഓരോ പഞ്ചായത്തുകളിലുമുള്ള സർക്കാർ സംവിധാനം ഉപയോഗപ്പെടുത്തുക. വേണ്ട നിർദ്ദേശങ്ങൾ അവിടെ നിന്നും ലഭിക്കും. ചികിത്സയും സൗജന്യമാണ്.
READ: തൊഴിലിടങ്ങളും
ശ്വാസകോശ രോഗങ്ങളും;
അറിയാം, തടയാം
രക്തം തുപ്പുമ്പോൾ; അവഗണിക്കരുത്
ഈ ലക്ഷണം
ശ്വാസകോശ ചികിത്സയ്ക്ക്
പുതു ശ്വാസമേകുന്ന
Interventional
Pulmonology
പൾമണോളജി
ഇന്നലെ, ഇന്ന്, നാളെ
വെളിച്ചം
തെളിയിക്കുന്ന
കൈകൾ
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

