ഇൻസുലിൻ,
പ്രമേഹരോഗിയുടെ
നിതാന്ത സുഹൃത്ത്

‘‘ഇൻസുലിൻ സുരക്ഷിതമല്ലെന്ന ആശങ്കകൾക്ക് വൈദ്യശാസ്ത്രത്തിൽ അടിസ്ഥാനമൊന്നുമില്ല. ശരിയായ ഡോസിൽ, ശരിയായ സമയത്ത്, ശരിയായ രീതിയിൽ ഡോക്ടറുടെ നിർദ്ദേശ പ്രകാരം ഉപയോഗിക്കുമ്പോൾ ഇൻസുലിൻ ഫലപ്രദവും വളരെ സുരക്ഷിതവുമായ ചികിത്സയാണ്’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. അനീഷ് അഹമ്മദ് എഴുതിയ ലേഖനം.

നിസ്സാരം എന്നു കരുതി പലരും ചികിത്സ തേടാൻ മടിക്കുകയോ വൈകിക്കുകയോ ചെയ്യുന്ന രോഗമാണ് പ്രമേഹം. എന്നാൽ പ്രമേഹം എന്ന ഒറ്റ രോഗം മതി ഹൃദ്രോഗം, സ്ട്രോക്ക്, പാദരോഗങ്ങൾ വൃക്കരോഗങ്ങൾ മുതൽ അന്ധതയും മറവിയും വരെയുള്ള ഒരു കൂട്ടം മാരകാവസ്ഥകളെ വിളിച്ചു വരുത്താൻ. ഒരുപാട് ഗുരുതരമായ രോഗങ്ങൾ ശരീരത്തിലേക്ക് കടന്നുവരാനുള്ള ഒരു വാതായനം കൂടിയാണ് പ്രമേഹം. കൃത്യമായ ചികിത്സയിലൂടെ നിയന്ത്രണം സാധ്യമാക്കിയില്ലെങ്കിൽ വർഷങ്ങൾ കഴിയുമ്പോൾ ഒന്നിന് പുറകെ ഒന്നായി മാരകരോഗങ്ങൾ പ്രമേഹരോഗിയെ കീഴ്പ്പെടുത്തും. അവയൊക്കെയും പൂർണ്ണ പരിഹാരം ഇല്ലാത്തവ കൂടിയാണ് എന്നതാണ് സത്യം.'

ലക്ഷണങ്ങൾ

അമിത ക്ഷീണം അനുഭവപ്പെടുക, ശരീരം മെലിയുക, കൂടെകൂടെ മൂത്രമൊഴിക്കാൻ തോന്നുക, അമിത ദാഹവും വിശപ്പും അനുഭവപ്പെടുക, ശരീരത്തിന്റെ പല ഭാഗത്തും ഉണ്ടാകുന്ന അണുബാധകൾ, കണ്ണിന്റെ കാഴ്ചയ്ക്ക് മങ്ങലേൽക്കുക, മുറിവുണ്ടായാൽ ഉണങ്ങാൻ താമസം അനുഭവപ്പെടുക തുടങ്ങിയവ.

ഈ ലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ലെങ്കിൽ പോലും മറ്റു പല അസുഖങ്ങളുമായി ആശുപത്രികളിൽ എത്തുമ്പോഴാണ് പലരും പ്രമേഹം ഉണ്ടെന്ന് തിരിച്ചറിയാറ്.

പ്രമേഹം എത്ര വിധം?

1. ടൈപ്പ് വൺ പ്രമേഹം:

ടൈപ്പ് വൺ പ്രമേഹം അഥവാ ശൈശവ പ്രമേഹത്തെ ഇൻസുലിൻ ആശ്രിത പ്രമേഹം എന്നും വിളിക്കുന്നു. ഇതാണ് കുട്ടികളിലും കൗമാരക്കാരിലും സാധാരണ കാണുന്നത്. ശരീരത്തിൽ ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന പാൻക്രിയാസിലെ ബീറ്റാ കോശങ്ങളുടെ നാശത്താലാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.

2. ടൈപ്പ് 2 പ്രമേഹം:

അമിതവണ്ണവും ഭാരവും മറ്റുമുള്ള മധ്യവയസ്കരിൽ കണ്ടുവരുന്ന പ്രമേഹമാണ് ടൈപ്പ് 2 പ്രമേഹം. പ്രായമായവരിൽ മിക്കവാറും കാണുന്നത് ഇത്തരം പ്രമേഹമാണ്. എന്നാൽ അമിതവണ്ണവും ഭാരവും ഉള്ള പത്തു വയസ്സിൽ താഴെ മാത്രമുള്ള കുട്ടികളിലും പ്രായമുള്ള കുട്ടികളിൽ പോലും ഈ രോഗം കണ്ടെത്തിയിട്ടുണ്ട്.

3. ഗർഭകാല പ്രമേഹം:

ഗർഭിണികളിൽ കാണുന്ന പ്രമേഹം പ്രധാനമായും മൂന്നുതരമാണ്:

  • പ്രമേഹമുള്ള സ്ത്രീകൾ / ടൈപ്പ് 1 പ്രമേഹമുള്ളവർ ഗർഭം ധരിക്കുക.

  • ഗർഭകാലത്ത് ആദ്യമായി ടൈപ്പ് 2 പ്രമേഹം വരുന്നവർ. അവർ പ്രസവം കഴിഞ്ഞു രോഗികളായി തുടരും.

  • ഗർഭകാലത്ത് മാത്രം കാണുന്നതും പ്രസവം കഴിഞ്ഞ് 6 ആഴ്ചക്കുള്ളിൽ പൂർണമായും മാറുന്നതുമായ ജസ്റ്റേഷനൽ ഡയബറ്റിസ് (GDM). ഇവയിൽ ആദ്യത്തെ കൂട്ടത്തിൽ പെടുന്നവർ ഗർഭം ധരിക്കുന്നതിനു മുമ്പ് പ്രമേഹം നന്നായി നിയന്ത്രിച്ചിരിക്കണം. മൂന്നാം വിഭാഗത്തിൽപ്പെട്ട ജസ്റ്റേഷണൽ പ്രമേഹ രോഗികൾ, മുൻപ് ഗർഭകാലത്ത് പ്രമേഹം വന്നിട്ടുണ്ടെങ്കിൽ അവർ ജീവിതശൈലികളിൽ മാറ്റം വരുത്തി ഗർഭകാലത്ത് പ്രമേഹം വരാതിരിക്കാൻ ശ്രദ്ധിക്കണം. ഗർഭകാലത്ത് ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ 95 mg/dl ന് താഴെയും ഭക്ഷണം കഴിച്ച് രണ്ടുമണിക്കൂറിനുശേഷമുള്ള ബ്ലഡ് ഷുഗർ 120 mg/dl നു താഴെയും നിർത്തണം.

4. മറ്റുതരം പ്രമേഹങ്ങൾ:

മുതിർന്നവരിൽ ടൈപ്പ് 2 പ്രമേഹമാണ് കൂടുതലെങ്കിലും ഗർഭകാല പ്രമേഹം, സ്റ്റിറോയ്ഡുകളുടെ ഉപയോഗം മൂലം സംഭവിക്കുന്ന സ്റ്റിറോയ്ഡ് ഇൻഡ്യൂസ്ഡ് ഡയബറ്റിസ് തുടങ്ങിയവയും കാണാറുണ്ട്. ടൈപ്പ് 1 ആണോ ടൈപ്പ് 2 ആണോ എന്ന് സംശയം തോന്നിപ്പിക്കുന്ന ആട്ടോ ഇമ്മ്യൂൺ ഡയബറ്റിസ് ഇൻ അഡൽട്ട്സ് (ADA) എന്നതരം പ്രമേഹവും ഉണ്ട്. ഇതിനുപുറമേ പാൻക്രിയാറ്റിക് കാൻസർ, ഫൈബ്രോസിസ് പോലുള്ള മറ്റു രോഗാവസ്ഥ മൂലം ഉണ്ടാകുന്ന "ടൈപ്പ് 3 സി ഡയബറ്റിസ്" പോലുള്ള പ്രമേഹങ്ങളും കാണാം.

എന്താണ് ഇൻസുലിൻ?

ഇൻസുലിൻ മനുഷ്യശരീരത്തിലെ പാൻക്രിയാസ് ഗ്രന്ഥിയിലെ ബീറ്റ കോശങ്ങളിൽനിന്നുള്ള പ്രധാന ഹോർമോണാണ്. ഭക്ഷണം കഴിച്ചശേഷം രക്തത്തിൽ ഉയരുന്ന ഗ്ലൂക്കോസിനെ ശരീരത്തിലെ കോശങ്ങൾക്കുള്ളിലേക്ക് പ്രവേശിപ്പിച്ച് ഊർജ്ജം ഉണ്ടാക്കുക എന്നതാണ് ഇൻസുലിന്റെ പ്രധാന ചുമതല. ശരീരത്തിൽ ഇൻസുലിൻ കുറവായാലോ ഇൻസുലിൻ പ്രവർത്തനം കുറയുകയോ ചെയ്യുമ്പോൾ രക്തത്തിലെ പഞ്ചസാര ഉയർന്ന് പ്രമേഹമാകുന്നു. പ്രമേഹത്തിൽ, ശരീരത്തിനു ശരിയായ അളവിൽ ഇൻസുലിൻ ലഭിക്കാത്തതിനാൽ പുറത്തുനിന്ന് കുത്തിവെയ്പ്പായി നൽകുന്നു.

ഇൻസുലിൻ ഉപയോഗിക്കുന്നത് സുരക്ഷിതമാണോ?

ഇൻസുലിൻ മനുഷ്യശരീരത്തിലെ സ്വാഭാവികമായ ഒരു ഹോർമോണാണ്. അതിനാൽ ഇൻസുലിൻ സുരക്ഷിതമല്ലെന്ന ആശങ്കകൾക്ക് വൈദ്യശാസ്ത്രത്തിൽ അടിസ്ഥാനമൊന്നുമില്ല. ശരിയായ ഡോസിൽ, ശരിയായ സമയത്ത്, ശരിയായ രീതിയിൽ ഡോക്ടറുടെ നിർദ്ദേശ പ്രകാരം ഉപയോഗിക്കുമ്പോൾ ഇൻസുലിൻ ഫലപ്രദവും വളരെ സുരക്ഷിതവുമായ ചികിത്സയാണ്.

സിറിഞ്ച് (40IU/100IU) ഉപയോഗിച്ച് ഇൻസുലിൻ കുത്തിവയ്ക്കുന്ന രീതിയാണ് സാധാരണമായി രോഗികൾ ചെയ്യാറുള്ളത്. എന്നാൽ കുത്തിവെപ്പിനെ ഭയമുള്ള രോഗികൾക്ക് ആശ്വാസകരമാണ് ഇൻസുലിൻ പേന. വളരെ ചെറിയ സൂചികൾ ഉപയോഗിക്കുന്നതിനാൽ വേദന വളരെ കുറഞ്ഞിരിക്കും. വീട്ടിൽ തന്നെ സ്വയം സുരക്ഷിതമായി ഉപയോഗിക്കാവുന്ന രീതിയിലായാണ് ഇന്നത്തെ ഇൻസുലിൻ സംവിധാനങ്ങൾ.

പേന രണ്ടു തരത്തിലുണ്ട്.
ഇൻസുലിൻ നിറച്ച കാട്രിഡ്ജുകൾ ഉള്ള ദീർഘകാലം ഉപയോഗിക്കാവുന്ന പേനയും, ഉപയോഗിച്ചശേഷം പേനയോടു കൂടി കളയുന്ന ഡിസ്പോസിബിൾ രീതിയിലുള്ളവയും.

ഇൻസുലിൻ എത്ര വിധം?

1) പാരമ്പര്യ ഇൻസുലിനുകൾ (Human Insulin):

a) Regular (ചുരുങ്ങിയ സമയം പ്രവർത്തിക്കുന്നു): ഭക്ഷണത്തിന് 30 മിനിറ്റ് മുമ്പ് നൽകുകയും 6–8 മണിക്കൂർ പ്രവർത്തിക്കുകയും ചെയ്യും.

b) NPH (ഇടത്തരം ദൈർഘ്യം): ദിവസത്തിൽ 1–2 പ്രാവശ്യം നൽകി 12–16 മണിക്കൂർ പ്രവർത്തിക്കുന്നവ.

2) ഇൻസുലിൻ അനലോഗുകൾ (Insulin Analogues): ശരീരത്തിന്റെ സ്വാഭാവിക ഇൻസുലിൻ പ്രക്രിയയെ അനുകരിക്കുന്ന പുതിയ തലമുറ ഇൻസുലിനുകളാണിവ.

A) അതിവേഗം പ്രവർത്തിക്കുന്ന ഇൻസുലിൻ (Rapid / Ultra-Rapid): ഉദാ: Lispro, Aspart, Glulisine, Ultra-fast Aspart. ഭക്ഷണം കഴിക്കുന്നതിന് തൊട്ടു മുമ്പ് അല്ലെങ്കിൽ ഭക്ഷണത്തോടൊപ്പം നൽകാം. 5–10 മിനിറ്റിൽ പ്രവർത്തനം തുടങ്ങുന്നു. ഭക്ഷണശേഷം പഞ്ചസാര കൃത്യമായി നിയന്ത്രിക്കാനും, ഹൈപ്പോ സാധ്യത കുറവാണെന്നുള്ളതും ഇതിന്റെ ഗുണങ്ങൾ ആണ്.

B) ദീർഘനേരം പ്രവർത്തിക്കുന്ന ഇൻസുലിൻ (Long-acting / Basal Analogues): ഉദാ: Glargine (U100 / U300), Detemir, Degludec. ദിവസത്തിൽ ഒറ്റ പ്രാവശ്യം എടുത്താൽ

24–42 മണിക്കൂർ വരെ പ്രവർത്തിക്കും. പകൽ–രാത്രി ഒരുപോലെ സ്ഥിരം ഷുഗർ നിയന്ത്രണത്തിനും, രാവിലെ ഫാസ്റ്റിംഗ് ഷുഗർ മികച്ചതായി നിയന്ത്രിക്കുന്നതിനും, ഹൈപ്പോഗ്ലൈസീമിയ സാധ്യത കുറക്കാനും ഇത് സഹായകരമാണ്.

C) പ്രീ-മിക്സ്ഡ് ഇൻസുലിൻ അനലോഗുകൾ (Premixed Analogues): ഉദാ: Aspart Mix (30/70), Lispro Mix (25/75, 50/50)- ഭക്ഷണകാല + അടിസ്ഥാന ആവശ്യങ്ങൾ ഒരുമിച്ച് നിവൃത്തിക്കാൻ സാധിക്കുന്ന ഇവ ദിവസത്തിൽ 2 പ്രാവശ്യമാണ് സാധാരണ നൽകേണ്ടത്.

ഇൻസുലിൻ അനലോഗുകളുടെ
പ്രത്യേക ഗുണങ്ങൾ

  • ഉപയോഗിക്കാൻ കൂടുതൽ സൗകര്യം.

  • ഭക്ഷണക്രമ മാറ്റങ്ങൾക്കനുസരിച്ച് അനുപാതത്തിലാക്കാം.

  • രാത്രി രക്തത്തിലെ പഞ്ചസാര കുറയാൻ സാധ്യത കുറവ്.

  • കൃത്യമായ പഞ്ചസാര നിയന്ത്രണം.

  • ജീവിതശൈലിക്ക് അനുയോജ്യമായി ഡോസ് നിയന്ത്രിക്കാനാവും.

എപ്പോഴൊക്കെയാണ് ഇൻസുലിൻ അത്യാവശ്യം?

  • ടൈപ്പ് 1 പ്രമേഹ ബാധിതർക്ക്.

  • ടൈപ്പ് 2 പ്രമേഹത്തിൽ ഷുഗർ മരുന്നുകൾ കൊണ്ട് നിയന്ത്രിക്കാനാകാത്തപ്പോൾ.

  • ഉയർന്ന അളവിൽ ഷുഗർ ഉള്ളവർക്ക് (HBA1c വളരെ കൂടുന്ന സാഹചര്യത്തിൽ).

  • ഗർഭകാല പ്രമേഹത്തിൽ .

  • അണുബാധ മൂലമോ അസുഖങ്ങൾ മൂലമോ ഷുഗർ പെട്ടെന്ന് കൂടിയവർക്ക്.

  • പെട്ടെന്ന് ഷുഗർ നിയന്ത്രിച്ചു എന്തെങ്കിലും ശസ്ത്രക്രിയ, വേണ്ടവർക്ക്. •രാത്രികാല ഹൈപ്പോ ഗ്ലൈസെമിയ കൂടുതൽ ഉള്ളവർക്ക്.

  • ഭക്ഷണക്രമം അനിശ്ചിതമായവർക്ക്.

ഇൻസുലിൻ കുത്തിവെപ്പ് നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • എടുക്കുന്ന ഇൻസുലിൻ ഡോക്ടർ നിർദ്ദേശിക്കുന്നത് തന്നെയാണെന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രം ഉപയോഗിക്കുക.

  • ഇൻസുലിൻ എടുക്കേണ്ട സമയം, ശരീരത്തിൽ എടുക്കേണ്ട ഭാഗങ്ങൾ എന്നിവ കൃത്യമായി മനസ്സിലാക്കുക.

  • ഇൻസുലിൻ കൃത്യമായ താപനിലയിൽ സൂക്ഷിച്ചു വയ്ക്കുക.

  • ഇൻസുലിന്റെ സൂചി / സിറിഞ്ച് കൃത്യമായ ഇടവേളകളിൽ മാറ്റുക.

  • യാത്രാവേളകളിൽ ഇൻസുലിൻ ഐസ് പാക്കിനൊപ്പം കൊണ്ടുപോകാൻ ശ്രദ്ധിക്കുക.

  • ഡോസ് നിയന്ത്രണം ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ചെയ്യുക.

  • ഇൻസുലിൻ കുത്തിവയ്ക്കുന്ന ശരീരഭാഗങ്ങൾ മാറ്റിക്കൊണ്ടിരിക്കുക.

ഇൻസുലിൻ ഇൻഹേലർ

പ്രമേഹരോഗികൾക്ക് കുത്തിവെപ്പിന് പകരം ഇൻസുലിൻ വായയിലൂടെ വലിച്ചെടുക്കുന്ന ഇൻഹേലർ ഇന്ത്യൻ വിപണിയിലെത്തി. അഫ്രെസ്സ എന്ന മരുന്നിന്റെ വിതരണത്തിനും വിൽപ്പനക്കും കേന്ദ്ര ഡ്രഗ്സ്റ്റാൻഡേർഡ് കൺട്രോളർ ഓർഗനൈസേഷൻ അനുമതി നൽകി. പെട്ടെന്ന് പ്രവർത്തിച്ചു തുടങ്ങും എന്നതാണ് ഇതിന്റെ ഗുണമായി പറയുന്നത്.

ആർക്കൊക്കെ അഫ്രേസാ ഉപയോഗിക്കാൻ പറ്റും?

ടൈപ്പ് 1 ഡയബീറ്റീസുള്ളവർക്കും (18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക്), ടൈപ്പ് 2 ഡയബീറ്റീസുള്ളവർക്കും. പക്ഷേ ടൈപ്പ് 1 ഡയബീറ്റീസിൽ ഇത് മാത്രം പോര — ബേസൽ ഇൻസുലിനും കൂടെ വേണം.

ആർക്കൊക്കെ ഇത് ഒഴിവാക്കണം?

  • ആസ്ത് മ, COPD, മറ്റ് ശ്വാസകോശ രോഗങ്ങൾ.

  • സ്ഥിരമായി പുകവലിക്കുന്നവർ (smokers).

  • ഗർഭിണികളിൽ ഉപയോഗം ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം.

ഉപയോഗം എങ്ങനെ?

  • ഒരു ചെറിയ ഇൻഹേലർ (blue/white inhaler) -ൽ കാർട്രിഡ്ജ് വെച്ച് ആഴത്തിൽ ശ്വസിക്കുക.

  • ഭക്ഷണം തുടങ്ങുന്ന സമയത്തോ അതിന് തൊട്ടുമുമ്പോ ഉപയോഗിക്കാവുന്നതാണ്.

  • ശ്വാസകോശ പ്രശ്നങ്ങൾ സ്പൈറോമെട്രി വഴി നോക്കിയതിനു ശേഷം മാത്രമേ ഇത് നൽകാൻ സാധിക്കു.

ഇൻസുലിൻ പമ്പ്

ശരീരത്തിന് ആവശ്യമായ ഇൻസുലിൻ മുൻകൂട്ടി സെറ്റ് ചെയ്തതിനനുസരിച്ച് സമയാസമയങ്ങളിൽ തുടർച്ചയായി രക്തത്തിലേക്ക് പമ്പ് ചെയ്യുന്ന ഉപകരണമാണ് ഇൻസുലിൻ പമ്പ്. ശരീരത്തിൽ ഷുഗർ നില കുറഞ്ഞാൽ ഇൻസുലിൻ നൽകുന്നത് തനിയെ പമ്പ് നിർത്തുകയും ചെയ്യും. ആധുനിക പ്രമേഹ നിയന്ത്രണത്തിന്റെ നാഴികക്കല്ലായ ഇൻസുലിൻ പമ്പിന്റെ ചികിത്സാ ചെലവ് സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമാണ്.

തുടർച്ചയായി ഷുഗർ നോക്കുന്നതിലൂടെ (Self Monitoring) ഇൻസുലിൻ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നുണ്ടോ എന്ന് നമുക്ക് മനസ്സിലാക്കാം. പഞ്ചസാര ഉയർന്നാലും താഴ്ന്നാലും ഡോസ് മാറ്റങ്ങൾ ചെയ്യുവാൻ ഡോക്ടറുടെ സഹായം നിർണായകമാണ്.

ഹൈപോഗ്ലൈസീമിയ

രക്തത്തിലെ പഞ്ചസാരയുടെ അളവ് 70mg/dl നു താഴെ വരുന്ന അവസ്ഥയാണ് ഹൈപോഗ്ലൈസീമിയ.

ലക്ഷണങ്ങൾ:

  • അമിത വിയർപ്പ്.

  • വിശപ്പ്.

  • തലചുറ്റൽ.

  • ഹൃദയമിടിപ്പ് വർധിക്കൽ.

  • ക്ഷീണം.

  • കാഴ്ച മങ്ങൽ.

ഉടൻ 3 ടീസ്പൂൺ പഞ്ചസാര, ഗ്ലൂക്കോസ്, മധുരമുള്ള പാനീയം എന്നിവയിൽ ഏതെങ്കിലും ഒന്ന് കഴിച്ച് 15 മിനിറ്റിന് ശേഷം വീണ്ടും ഷുഗർ പരിശോധിച്ചു സാധാരണ നിലയിൽ ആണെന്ന് ഉറപ്പു വരുത്തണം.

ഇൻസുലിനെക്കുറിച്ചുള്ള പൊതുവായ തെറ്റിദ്ധാരണകൾ

1. “ഇൻസുലിൻ തുടങ്ങി കഴിഞ്ഞാൽ ജീവിതകാലം മുഴുവൻ അത് വേണ്ടി വരും.”

  • എല്ലായ്പ്പോഴും ഇത് ശരിയല്ല. ചില രോഗികൾക്ക് താൽക്കാലികമായി മാത്രമേ ഇൻസുലിൻ ആവശ്യമായിരിക്കൂ.

2. “ഇൻസുലിൻ എടുത്താൽ വൃക്കക്ക് ദോഷമുണ്ടാകും.”

  • തെറ്റ്. വൃക്കയെ സംരക്ഷിക്കുന്നത് തന്നെയാണ് ഇൻസുലിൻ; ഉയർന്ന പഞ്ചസാരയാണ് വൃക്കയെ നശിപ്പിക്കുന്നത്.

3. “ഇൻസുലിൻ അടിക്കുന്നത് വളരെ വേദനാജനകമാണ്.”

  • പുതിയ രീതിയിൽ ഉള്ള ഇൻസുലിൻ പെൻ വളരെ ചെറിയ വേദന മാത്രമാണ് നൽകുന്നത്.

4. “ഇൻസുലിൻ ‘അവസാനത്തെ ചികിത്സ’ ആണ്.”

  • തെറ്റായ ധാരണ. ഏറ്റവും ഫലപ്രദമായ ചികിത്സകളിൽ ഒന്നു മാത്രം.

ഇൻസുലിൻ ജീവിതത്തിന്റെ ഗുണമേന്മ കുറയ്ക്കുന്നതായി ബോധപൂർവം പലരും പ്രചരിപ്പിക്കുന്നുവെങ്കിലും യഥാർത്ഥത്തിൽ ആരോഗ്യകരമായ ഒരു ജീവിതത്തിലേക്ക് കൈപിടിക്കുകയാണ് ചെയ്യുന്നത്. സജീവ ജീവിതശൈലി, സംതുലിത ഭക്ഷണം, വ്യായാമം, സമഗ്ര ഡയബറ്റീസ് പരിചരണം — ഈ ഘടകങ്ങളോടൊപ്പം ഇൻസുലിൻ പഞ്ചസാരയെ സുരക്ഷിതമായ നിലയിൽ നിലനിർത്താൻ സഹായിക്കുന്നു.

ശരിയായ ചികിത്സയിലൂടെ പ്രമേഹരോഗികൾക്കും ആരോഗ്യകരമായ, സജീവമായ, സമ്പൂർണ്ണമായ ജീവിതം നയിക്കാൻ കഴിയുന്നതിനാൽ ഇൻസുലിൻ ഉപയോഗിക്കേണ്ട സാഹചര്യം വന്നാൽ ഭയപ്പെടാതെ, ആത്മവിശ്വാസത്തോടെ, വൈദ്യപരാമർശങ്ങൾ പാലിച്ച് ചികിത്സ തുടരുക.

READ: പ്രമേഹ ചികിത്സയിൽ
സ്വയം ഗ്ലൂക്കോസ് പരിശോധിക്കുന്നതിന്റെ പ്രസക്തി

കുട്ടികൾക്കും
പ്രമേഹം ഉണ്ടാകുമോ?

ചെണ്ട എന്റെ നിത്യ ഔഷധം

സമൂഹജീവിതവും
വയോധികരും

‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം


Summary: Dr Aneesh ahammad writes Insulin is safe and effective when used correctly as prescribed by a doctor writes in Indian medical association nammude arogyam magazine.


ഡോ. അനീഷ് അഹമ്മദ്

കൺസൽട്ടന്റ് എൻഡോക്രൈനോളജിസ്റ്റ് ആന്റ് മാനേജിങ് ഡയറക്ടർ, എൻഡോഡിയാബ് സ്​പെഷ്യാലിറ്റി സെന്റർ, പെരിന്തൽമണ്ണ.

Comments