ആർത്തവ വിരാമത്തിലേക്ക് എത്തുമ്പോൾ

ഗർഭകാലത്തും പ്രസവസമയത്തും പ്രസവാനന്തരവും സ്ത്രീകളെ പരിചരിക്കാനും ശുശ്രൂഷിക്കാനും ഇഷ്ടംപോലെ ആൾക്കാരുണ്ട്. പക്ഷെ, മധ്യവയസ്സിൽ ശരീരവും മനസും കൈവിട്ടുപോകുമെന്ന് തോന്നുമ്പോൾ അവർക്ക് ആരെങ്കിലും കൈത്താങ്ങ് കൊടുക്കുന്നുണ്ടോ?- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ദിവ്യ നായർ എഴുതിയ ലേഖനം.

രാധാമണി, വയസ്സ് 50.
‘‘എപ്പോഴും ക്ഷീണം. മേലോട്ട് ചൂടു കയറുന്നപോലെ തോന്നും, പിന്നെ ആകെ വിയർക്കും. വസ്ത്രങ്ങൾവരെ നനഞ്ഞുപോകും. രാത്രി ശരിക്കുറങ്ങാൻ പറ്റുന്നില്ല. മറവി കൂടുന്നു. ചെറിയ കാര്യങ്ങൾക്കുപോലും ടെൻഷൻ. ആകെ ഒരു സുഖമില്ല ഡോക്ടർ...'', പറഞ്ഞുകൊണ്ടിരിക്കെ അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

ഇത് ഒറ്റപ്പെട്ട അനുഭവമല്ല. മധ്യവയസ്സിലെ ഭൂരിഭാഗം സ്ത്രീകളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണിവ. ഒരുപക്ഷേ, സ്ത്രീയുടെ ജീവിതത്തിൽ അവൾ ഏറ്റവും അധികം വിഷമിക്കുന്ന കാലഘട്ടം. എന്നാൽ ഈ സമയത്ത് അവർക്കാവശ്യമായ പരിഗണനയും പിന്തുണയും പലപ്പോഴും ലഭിക്കാറില്ല.

  • ഈ പ്രായത്തിൽ, ജോലിചെയ്യുന്ന സ്ത്രീകൾക്ക് ഉയർന്ന ഉത്തരവാദിത്തങ്ങൾ വഹിക്കേണ്ടിവരുന്നു.

  • മക്കളുടെ വിദ്യാഭ്യാസം, കരിയർ എന്നിവ വഴിത്തിരിവുകളിലായിരിക്കുന്നു. അതിന്റെ സമ്മർദ്ദം

  • പ്രായമായ മാതാപിതാക്കളുടെ ആരോഗ്യപ്രശ്‌നങ്ങൾ.

  • വീടിന്റെ മുഴുവൻ ഉത്തരവാദിത്വം തലയിൽ. സ്ത്രീകൾക്ക് എല്ലാം ഒരുമിച്ച് വഹിക്കേണ്ടിവരുന്ന ഒരു 'അഗ്‌നിപരീക്ഷാ' കാലഘട്ടമാണ് മധ്യവയസ്.

1. പെരിമെനോപോസ് & മെനോപോസ്:
എന്താണ് സംഭവിക്കുന്നത്?

  • 40 വയസ്സ് കഴിയുമ്പോൾത്തന്നെ ചിലർക്ക് ആർത്തവക്രമക്കേടുകൾ തുടങ്ങും.

  • ആർത്തവവിരാമം (Menopause) ആവുന്നതിന് മുൻപുതന്നെ പെരിമെനോപോസ് (peri menopause) ആരംഭിക്കും.

  • ഈസ്ട്രജൻ ഹോർമോണിന്റെ ലെവൽ വർഷങ്ങളിൽ ക്രമേണ കുറയുന്നു.

  • 12 മാസം ആർത്തവമില്ലാതെ കഴിഞ്ഞാൽ അതിനെ ആർത്തവവിരാമം എന്നു വിളിക്കാം.

  • തലച്ചോറിലെയും ഹോർമോൺ ലെവലുകളിലെയും വ്യതിയാനങ്ങൾ മൂലമാണ് ഈ സമയത്ത് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത്.

  • തൈറോയ്ഡ് പ്രശ്‌നങ്ങൾ, പ്രെഷർ , പ്രമേഹം എന്നിവ ഇല്ലെന്ന് ഉറപ്പാക്കാൻ പരിശോധനകൾ നിർബന്ധം.

2. മാനസികാരോഗ്യം

വിഷാദം, അസ്വസ്ഥത, ഉറക്കക്കുറവ് ഇവ ഉണ്ടാകാം. ചിലപ്പോൾ വിഷാദരോഗം വരെ സംഭവിക്കാം. അതിനാൽ മതിയായ ഉറക്കവും വിശ്രമവും ഉറപ്പുവരുത്തുക, ധ്യാനം, വ്യായാമം എന്നിവ ശീലിക്കാം. ഇഷ്ടമുള്ള ഒരു പാട്ടുകേൾക്കലോ എന്തുമാകാം. മാനസികമായി റിലാക്സ് ചെയ്യാൻ സമയം കണ്ടെത്തണം. ആവശ്യമെങ്കിൽ മനോരോഗവിദഗ്ദ്ധന്റെ സഹായം തേടാൻ മടിക്കരുത്.

3. ഹോട്ട് ഫ്ലാഷസ് / വിയർപ്പ്

ശരീരമാസകലം ചൂടുതോന്നുക, അപ്രതീക്ഷിതമായി വിയർക്കുക. സ്ത്രീകളെ വളരെയധികം അലട്ടുന്ന പ്രശ്‌നമാണിത്. വ്യായാമവും ശരിയായ ഭക്ഷണക്രമവും ഭാരനിയന്ത്രണവും ഒരു പരിധിവരെ സഹായിക്കും. അല്ലാത്തപക്ഷം ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് ഹോർമോൺ / നോൺ ഹോർമോൺ (nonhormal/hormonal) ചികിത്സ എടുക്കാം. ഈ ബുദ്ധിമുട്ടുകൾക്ക് വളരെ ഫലപ്രദമായ ചികിത്സ ലഭ്യമാണ്.

4. അസ്ഥിയുടെ ആരോഗ്യം (Bone health )

ഒരു അടിസ്ഥാന ഡെക്സാ സ്കാൻ (DEXA scan) ചെയ്യുന്നത് നല്ലതാണ്. അസ്ഥിസാന്ദ്രത (Bone denstiy) കുറവാണെങ്കിൽ കാൽസ്യം ദിവസവും കഴിക്കുക. വിറ്റമിൻ ഡി (Vitamin D) കുറവുണ്ടെങ്കിൽ സപ്ലിമെന്റുകൾ കഴിക്കാം. വ്യായാമത്തിന്റെ പ്രാധാന്യം അടിവരയിട്ടു പറയേണ്ടതാണ്. സ്ട്രെങ്ത് ട്രെയിനിങ് ( Strength training) പേശികളെയും എല്ലുകളെയും ആരോഗ്യകരമാക്കി വെക്കും. പ്രോട്ടീൻ ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തണം.

5. ഹൃദയാരോഗ്യം

മെനോപോസിനു (Menopause) ശേഷം ഈസ്ട്രജന്റെ സംരക്ഷണം നഷ്ടമാവുന്നു. തന്മൂലം ഹൃദ്രോഗത്തിനുള്ള സാധ്യത കൂടുന്നു. ബ്ലഡ് പ്രെഷർ, ലിപിഡ് പ്രൊഫൈൽ, ഫാസ്റ്റിങ്ങ് ബ്ലഡ് ഷുഗർ , HbA1C ഇവ പരിശോധിക്കണം. ക്രമക്കേടുകൾ ഉടൻതന്നെ ചികിത്സിക്കണം.

(6) യോനി ഈർപ്പരഹിതമാവുക
(Vaginal dryness/sexual problems), മൂത്രസംബന്ധമായി അടിക്കടി ഉണ്ടാകുന്ന രോഗാണുബാധ (urinary infections):

ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നൽ, മൂത്രനാളിയിലുള്ള എരിച്ചിൽ, പുകച്ചിൽ എന്നിവയൊക്കെ ഈസ്ട്രജന്റെ കുറവു മൂലമാണ് ഉണ്ടാകുന്നത്. യോനി ഈർപ്പരഹിതമാവുന്നതിന് ഗൈനക്കോളജിസ്റ്റിനെ കണ്ട് വജൈനൽ മോയ്ചേഴ്സ് (vaginal moisturisers) ഉപയോഗിക്കാം. ലോക്കൽ ഈസ്ട്രജൻ (Local etsrogen) ക്രീമുകൾ ഫലപ്രദമാണ്. പെൽവിക് ഫ്ലോർ എക്സർസൈസ് ( Pelvic floor exercises, ) അറിയാതെ മൂത്രം പോകുന്നതു തടയാൻ സഹായകമാണ്. ലേസർ പോലുള്ള നൂതന ചികിത്സാ രീതികൾ ഇതിന് വളരെ ഫലപ്രദമാണ്. ഇപ്പോൾ നമ്മുടെ നാട്ടിൽ ലഭ്യവുമാണ്.

7. ചർമ്മവും മുടിയും

പ്രായം ചെല്ലുന്തോറും ശരീരത്തിലെ കൊളാജൻ (collagen) കുറയുന്നു. ചർമ്മത്തിൽ ചുളിവുകളും മങ്ങലും വരുന്നു. മുടികൊഴിച്ചിലും സാധാരണമാണ്. ദിവസവും 23 ലിറ്റർ വെള്ളം കുടിക്കാൻ ശ്രമിക്കുക. സൺസ്ക്രീൻ, മോയ്ചേഴ്സ് (Sunscreen, Moisturisers) ഉപയോഗിക്കാം.

വിളർച്ചയോ തൈറോയ്ഡ് പ്രശ്‌നങ്ങളോ വിറ്റാമിന്റെ കുറവുകളോ ഇല്ലെന്ന് ഉറപ്പാക്കുക; ഉണ്ടെങ്കിൽ ചികിത്സയെടുക്കുക.

മെനോപോസൽ ഹോർമോൺ ചികിത്സ (MHT)

60 വയസ്സിനു താഴെയാണെങ്കിൽ, മെനോപോസ് (menopause) ആയി 10 വർഷത്തിനു താഴെയാണെങ്കിൽ, മെനോപോസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ (Menopausal symptoms) ഉണ്ടെങ്കിൽ ഗൈനക്കോളജിസ്റ്റിന്റെ നിർദ്ദേശപ്രകാരം MHT എടുക്കാം. സ്തനാർബ്ബുദം (Breast cancer), ലിവർ രോഗങ്ങൾ, മുമ്പ് രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കൽ (thrombosis) എന്നിവ ഉണ്ടെങ്കിൽ ഹോർമോൺ ചികിത്സ (hormone therapy) എടുക്കരുത്.

അടിയന്തര ശ്രദ്ധ വേണ്ട രോഗലക്ഷണങ്ങൾ

  • മെനോപോസിനു ശേഷമുള്ള ബ്ലീഡിംഗ്.

  • പെട്ടെന്നുള്ള കടുത്ത തലവേദന.

  • സ്തനങ്ങളിലുള്ള മുഴകൾ.

  • പെട്ടെന്നു ഭാരം കുറയൽ.

  • ഗുരുതരമായ വൈകാരിക മാറ്റങ്ങൾ.

ഇവയിൽ ഏതെങ്കിലും ഉണ്ടെങ്കിൽ ഉടൻ ഡോക്ടറെ കാണുക.

പ്രതിരോധ പരിശോധനകൾ

  • നാല്പത് കഴിഞ്ഞാൽ ആറു മാസത്തിലൊരിക്കൽ രക്തപരിശോധനകൾ നടത്താം.

  • വർഷത്തിലൊരിക്കൽ വയറിന്റെ സ്‌കാൻ ചെയ്യാം.

  • കുടുംബത്തിൽ ആർക്കെങ്കിലും സ്തന അണ്ഡാശയ / വൻകുടൽ (breast/ovary/colon Cancer) കാൻസർ ഉണ്ടായിട്ടുണ്ടെങ്കിൽ പ്രത്യേക പരിശോധനകൾ ചെയ്യണം.

മനസ്സും ശരീരവും ഒരുപാട് പരീക്ഷണങ്ങളിലൂടെ കടന്നുപോകുന്ന ഈ ജീവിതസായാഹ്നസമയത്ത് ക്ഷീണിതരാകരുത്. ഒന്നു മാറി ചിന്തിക്കാനും മാനസികവും ശാരീരികവുമായി പുനർജ്ജനിക്കാനും ഉള്ള സമയമാണിത്. സമാനചിന്താഗതിക്കാരായ നല്ല സുഹൃത്തുക്കളുടെ കൂടെ സമയം ചെലവഴിക്കാം; ഒരു ഹോബി തുടങ്ങാം. ചെറുപ്പത്തിൽ പഠിക്കാനും പരിശീലിക്കാനും ആഗ്രഹിച്ച് പറ്റാതെപോയ ഡാൻസ് ക്ലാസുകളാവാം. സംഗീതം പഠിക്കലാകാം. യാത്രകൾ, സാമൂഹ്യസേവനം, മനസ്സിന് എന്താണോ സന്തോഷം നൽകുന്നത് അതു ചെയ്യാൻ മടിക്കണ്ട. ദിവസവും കുറച്ചുസമയം അവളവൾക്കു വേണ്ടി മാത്രമായി മാറ്റിവയ്ക്കുക. ദിവസവും വ്യായാമം ചെയ്യണം. പ്രത്യേകിച്ച് സ്ട്രെങ്ത് ട്രെയിനിങ്ങ് (Strength training. ). ഇതുകൊണ്ട് എല്ലുകൾക്കും മസിലുകൾക്കും ശക്തി കിട്ടും. പ്രായമായാലും സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യാനുള്ള കരുത്തുണ്ടാകും.

കുടുംബാംഗങ്ങളോടൊരു വാക്ക്

ഗർഭകാലത്തും പ്രസവസമയത്തും പ്രസവാനന്തരവും സ്ത്രീകളെ പരിചരിക്കാനും ശുശ്രൂഷിക്കാനും ഇഷ്ടംപോലെ ആൾക്കാരുണ്ട്. ആ പരിഗണന അവർ അർഹിക്കുന്നുണ്ടുതാനും. പക്ഷെ, മധ്യവയസ്സിൽ ശരീരവും മനസും കൈവിട്ടുപോകുമെന്ന് തോന്നുമ്പോഴും ഒരു കുടുംബത്തിന്റെ അത്താണി ആയി നിന്ന് കടമകൾ കാര്യക്ഷമമായി ചെയ്ത്, ജോലിയും കുടുംബവും നോക്കി, കുട്ടികളുടെയും മുതിർന്നവരുടെയും പരിചരണവും വിശ്രമമില്ലാതെ ചെയ്യുമ്പോൾ അവരുടെ കഷ്ടപ്പാടുകൾ ആരെങ്കിലും മനസ്സിലാക്കുന്നുണ്ടോ? അവർക്ക് ആരെങ്കിലും കൈത്താങ്ങ് കൊടുക്കുന്നുണ്ടോ? അവർക്കു വേണ്ട വിശ്രമവും വിനോദവും വ്യായാമവും ഉറപ്പുവരുത്തുന്നുണ്ടോ?

നിങ്ങളുടെ ഭാര്യയോ അമ്മയോ ഈ വയസ്സിലൂടെ കടന്നുപോകുന്നവരാണെങ്കിൽ അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പുവരുത്തേണ്ടത് നിങ്ങളുടെ കടമയാണ്. കുടുംബാംഗങ്ങളുടെ പരിഗണന നൽകുന്ന ആശ്വാസം അവർക്ക് വലുതാണ്.

വാൽക്കഷണം:
പ്രായമാകുന്നതു തടയാനാവില്ല. പക്ഷെ ആരോഗ്യത്തോടെയും ശക്തിയോടെയും ആത്മബോധത്തോടെയും മധ്യവയസ്സിനെ നേരിടാം. ആരുടെയും പരിഗണന ലഭിക്കാത്തപക്ഷം പോലും സ്ത്രീകൾ സ്വന്തം കാര്യങ്ങൾ സ്വയം ഏറ്റെടുക്കണം. സ്വന്തം ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം സംരക്ഷിക്കേണ്ടത് അവളവളുടെ കർത്തവ്യമാണ്.

ഈ ജീവിതഘട്ടം ഒരവസരമാണ്. സ്വയം പുനർനിർമ്മിക്കാൻ. ശക്തിയാർജ്ജിക്കാൻ. അർത്ഥവത്തായി ജീവിക്കാൻ.

സ്ത്രീമനസ്സിന്റെ
പ്രശ്നങ്ങൾ

അമ്മയ്ക്കും കുഞ്ഞിനും
ഒരുപോലെ പ്രധാനം,
ഗർഭകാലത്തെ
വായയുടെ ആരോഗ്യം

ആർത്തവപൂർവ
പ്രശ്നങ്ങൾ,
സങ്കീർണതകൾ,
കരുതലുകൾ

കൈവിട്ടത്
തിരിച്ചെടുത്തു തന്നവർ

ഒരു മെഡിക്കൽ കോളേജ്
വനിതാ പ്രിൻസിപ്പലിന്റെ ആത്മഗതം


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments