പ്രസവാനന്തരം

ഈയിടെയായി പ്രസവാനന്തര ചികിത്സയെക്കുറിച്ച് വൻതോതിൽ പരസ്യങ്ങൾ കാണുന്നുണ്ട്. ഇത് ആവശ്യമാണോ?- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ‘വായനക്കാരുടെ ചോദ്യം, ഡോക്ടറുടെ ഉത്തരം’ എന്ന പംക്തിയിൽ ഡോ. കമ്മാപ്പ കെ.എ. നൽകിയ മറുപടി.

കൊറോണ പോയതിനുശേഷം കേരളത്തിൽ വേരുപിടിച്ച ഒരു ബിസിനസ്സ് മേഖലയാണ് പ്രസവാനന്തര ചികിത്സ. ഇപ്പോൾ മുക്കിലും മൂലയിലും ഇത്തരത്തിലുള്ള കേന്ദ്രങ്ങൾ കാണാം. പ്രസവാനന്തരം ഒരു സ്ത്രീയുടെ ശരീരത്തിൽ ഒട്ടനവധി വ്യതിയാനങ്ങൾ സംഭവിക്കുന്നു. ഗർഭപാത്രം ചുരുങ്ങി പൂർവസ്ഥിതിയിലാകുന്നു. അതോടൊപ്പം, ശാരീരികാവസ്ഥകളിൽ വന്ന മാറ്റങ്ങളും പൂർവസ്ഥിതിയിലാകുന്നു. മാനസികാവസ്ഥയിലും മാറ്റങ്ങളുണ്ടാകുന്നുണ്ട്. ഇതെല്ലാം സംഭവിക്കുന്നത് പ്രസവം കഴിഞ്ഞുള്ള ആറ് ആഴ്ചകളിലാണ്. നമ്മുടെ പൂർവികർ ഈ സമയത്തെ 40 ദിവസമായി ഗണിക്കുന്നു.

പണ്ട് കാലം മുതൽക്കേ ഈ സമയത്ത് പരിപൂർണ വിശ്രമം അനുശാസിക്കാറുണ്ട്. അത് ആവശ്യവുമാണ്. എന്നാൽ ഒട്ടും അനങ്ങാതെ കിടക്കുന്നത് കാലുകളിലെ രക്തക്കുഴലുകളിൽ (vein) രക്തം കട്ടപിടിക്കാനും അത് ശ്വാസകോശത്തിൽ തടസ്സമുണ്ടാക്കി അപകടമുണ്ടാകാനും കാരണമായേക്കാം. ഈ സമയത്ത് സാധാരണ കഴിക്കുന്നതിനേക്കാൾ 500 കലോറി കൂടുതലായി ആവശ്യമാണ്. ഒപ്പം പ്രോട്ടീൻ, ഇരുമ്പ് സത്ത്, കാൽസ്യം തുടങ്ങിയ മൂലകങ്ങളും വേണം. ഭക്ഷണത്തിൽ നാരുകൾ ഉൾപ്പെടുത്തണം.

പ്രസവാനന്തര ശുശ്രൂഷയ്ക്ക് പലതരം ആയുർവേദ മരുന്നുകൾ ഉപയോഗിക്കുന്നുണ്ട്. ഇവയുടെ ഫലപ്രാപ്തി എത്രത്തോളമെന്നതിനു പഠനങ്ങൾ ഇനിയും നടക്കേണ്ടിയിരിക്കുന്നു. എന്നാൽ, എണ്ണ തേച്ച് മസ്സാജ് ചെയ്യുന്നത് കൈകാലുകളിലെ രക്തയോട്ടം വർധിപ്പിക്കും എന്നതിൽ സംശയമില്ല. ആയുർവേദ മരുന്നുകളിൽ ചിലതിൽ ഹെവി മെറ്റൽസ് ഉള്ളതായി കാണാറുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിലെ വിദഗ്‌ധരുടെ ഉപദേശം അനുസരിച്ചേ ഉപയോഗിക്കാവു. സാധാരണ പ്രസവം കഴിഞ്ഞവർക്ക് തുന്നലുണ്ടെങ്കിൽ അത് ഉണങ്ങിയ ശേഷം എണ്ണ തേച്ചു കുളിക്കുന്നതിനു പ്രശ്നമില്ല. സിസേറിയൻ ആണെങ്കിൽ മൂന്ന് ആഴ്ചയെങ്കിലും കഴിഞ്ഞേ എണ്ണ തേക്കാവു.

പ്രസവാനന്തരം വെള്ളം കുടിച്ചാൽ വയർ ചാടുമെന്ന അന്ധവിശ്വാസം ചില സ്ഥലങ്ങളിലുണ്ട്. മൂന്ന് ലിറ്റർ വെള്ളമെങ്കിലും ഒരു ദിവസം കുടിച്ചില്ലെങ്കിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. യൂറിനറി ഇൻഫെക്ഷൻ, മലബന്ധം കൊണ്ടുണ്ടാകുന്ന ആനൽ ഫിഷർ, തലച്ചോറിൽ രക്തം കട്ടപിടിക്കൽ തുടങ്ങിയ പ്രശ്നങ്ങളുണ്ടാകാം.

പ്രസവം കഴിഞ്ഞ് തുണി ഉപയോഗിച്ച് വയർ കെട്ടി മുറുക്കുന്ന ഒരു പരിപാടി കാണാറുണ്ട്. ഇതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനം ഒന്നുമില്ല എന്ന് മാത്രമല്ല മുറുക്കൽ കൂടുതലായാൽ ആന്തരിക അവയവങ്ങൾക്ക് പരിക്കുണ്ടാകാൻ വരെ സാധ്യതയുണ്ട്.

പ്രസവശേഷം വളരെ ലോലമായ മാനസികാവസ്ഥയിലൂടെയാണ് ഒരു സ്ത്രീ കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ അവർക്കു മാനസികമായി സപ്പോർട്ട് നൽകേണ്ടതുണ്ട്. പോസ്റ്റ്‌ പാർട്ടം ഡിപ്രെഷൻ ഉണ്ടെങ്കിൽ കൃത്യമായി ചികിത്സ നൽകിയില്ലെങ്കിൽ ആത്‍മഹത്യ വരെ നടക്കാം. കുഞ്ഞ് ഉറങ്ങുമ്പോൾ അമ്മയും ഉറങ്ങാൻ ശ്രമിക്കണം. ശരിയായ ഉറക്കം ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം വീണ്ടെടുക്കാൻ അത്യാവശ്യമാണ്. ചുരുക്കത്തിൽ പ്രസവം പോലെ തന്നെ ശ്രദ്ധ വേണ്ട ഒരു സമയമാണ് പ്രസവശേഷമുള്ള ആറ് ആഴ്ചകൾ.

Read: സങ്കര ചികിത്സയെന്ന
പൊതുജനാരോഗ്യ പ്രശ്നം

കൺഫ്യൂഷൻ
തീർക്കണമേ! ‘മിക്സോപ്പതി’യുടെ
അപകടങ്ങൾ

ഇതര ചികിത്സകളോടുള്ള
പ്രിയത്തിനു പിന്നിൽ

കൽപിതകഥയല്ല
ശാസ്ത്രം

ഒരു വര്‍ഷത്തെ
സര്‍ട്ടിഫിക്കറ്റ് കോഴ്‌സും
ആധുനിക വൈദ്യശാസ്ത്രവും

‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു

▮

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments