സൈക്യാട്രി ഒ.പിയിലേക്ക് കാലുകളുറയ്ക്കാതെ ആടിയുലഞ്ഞു രണ്ടുപേരുടെ സഹായത്തോടെ കയറിവന്ന ആ മധ്യവയസ്ക്കനെ ഞാന്‍ ദൂരെനിന്നുതന്നെ ശ്രദ്ധിച്ചിരുന്നു. പേര് ചോദിച്ചപ്പോള്‍ നാക്കു കുഴഞ്ഞതും, അക്ഷരസ്ഫുടതയോടെ സംസാരിക്കാന്‍ കഴിയാത്തതും പിന്നെ ശ്വാസത്തില്‍ നിന്നുയര്‍ന്ന മദ്യത്തിന്റെ തീവ്രമായ ഗന്ധവും കൊണ്ട മദ്യവിമുക്ത ചികിത്സയ്ക്ക് വന്നതായിരിക്കാമെന്ന് ഊഹിച്ചു. ദിവസവും അരലിറ്റര്‍ മദ്യം അകത്താക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം രണ്ടു കഴിഞ്ഞു. മദ്യവിമുക്ത ചികിത്സയെ ക്കുറിച്ച് വിശദമായി പറഞ്ഞു കൊടുത്തപ്പോള്‍ തിരിച്ച് അയാള്‍ എന്നോട് ഒരു കാര്യമേ പറഞ്ഞുള്ളൂ: ''ഈ സൈക്യാട്രിക് മരുന്നിനൊക്കെ ഒരുപാട് side effects ഉള്ളതല്ലേ, അതുകൊണ്ട് എനിക്ക് മരുന്നൊന്നും വേണ്ട ഡോക്ടറെ''.
മദ്യത്തോളം side effects ഒന്നിനുമില്ലെന്ന് ഞാന്‍ തമാശരൂപേണ ചിരിച്ചുകൊണ്ട് പറഞ്ഞെങ്കിലും പിന്നീട് ഇതെക്കുറിച്ച് ആലോചിച്ചപ്പോള്‍ സൈക്യാട്രിക് മരുന്നുകളെക്കുറിച്ചുള്ള മിഥ്യാധാരണകള്‍ സമൂഹത്തില്‍ എത്രത്തോളം രൂഢമൂലമാണെന്നും ഇതേത്തുടര്‍ന്ന്, സഹായം ആവശ്യമുള്ളപ്പോള്‍ പോലും സഹായം തേടാന്‍ മടിക്കുന്നുണ്ടാവാം എന്നും ഞാന്‍ ആലോചിച്ചു. പലരില്‍നിന്നും ഇത്തരം തെറ്റിദ്ധാരണാജനകമായ പ്രസ്താവനകള്‍ പിന്നീടും ഞാന്‍ കേള്‍ക്കാനിട യായി. സൈക്യാട്രിക് മരുന്നുകള്‍ മനോരോഗത്തിനെക്കാള്‍ വലിയ വില്ലന്മാരായി സമൂഹത്തില്‍ ചിത്രീകരിക്കപ്പെടുന്നുണ്ടോ? അത്തരത്തില്‍ സാധാരണയായി നാം കേള്‍ക്കാറുള്ള മിഥ്യാധാരണകളെ വിശകലനം ചെയ്യാനുള്ള ശ്രമമാണ് ഈ കുറിപ്പ്:
1. സൈക്യാട്രിക് മരുന്നുകള്‍ കഴിച്ചാല്‍ നാം ജീവിതകാലം മുഴുവന്‍ കഴിക്കേണ്ടിവരും
വളരെ സാധാരണയായി കേള്‍ക്കുന്ന കാര്യമാണ് കഴിച്ചുതുടങ്ങിയാല്‍ പിന്നെ ഒരിക്കലും നിര്‍ത്താന്‍ പറ്റില്ല എന്നത്. മറ്റേത് മരുന്നും കഴിക്കുന്നതുപോലെ ഒരു സൈക്യാട്രിസ്റ്റ് മരുന്നു കുറിച്ചുതരുന്നത് രോഗിയുടെ പ്രശ്‌നങ്ങള്‍ അനുസരിച്ചാണ്. മിക്കവാറും പ്രശ്‌നങ്ങള്‍ ഏതാനും മാസങ്ങള്‍ മാത്രം മരുന്നു കഴിച്ചാല്‍ മതിയാവും. വളരെ ചുരുക്കം രോഗങ്ങള്‍ (ഉദാ: ബൈപോളാര്‍ ഡിസോര്‍ഡര്‍, സ്കിസോഫ്രീനിയ) സ്ഥിരതയുള്ളതാവാം. അവയ്ക്ക് ദീര്‍ഘകാല ചികിത്സ ആവശ്യമായി വന്നേക്കും.
2. സൈക്യാട്രിക് മരുന്നുകള്‍ കൃത്രിമമായി സന്തോഷം ഉണ്ടാക്കുന്നവയാണ്,
(Happy Pills)
സൈക്യാട്രിക് മരുന്നുകള്‍ കൃത്രിമമായി സന്തോഷം ഉണ്ടാക്കുന്നവയല്ല. വിഷാദരോഗം കൃത്രിമമായി സന്തോഷം ഉണ്ടാക്കിയല്ല ചികിത്സിക്കുന്നത്. Anti-Psychiatry Movement- ന്റെ കുപ്രസിദ്ധമായ വാദങ്ങളില്‍ ഒന്നാണിത്. വിഷാദരോഗം എങ്ങനെയുണ്ടാകുന്നു അല്ലെങ്കില്‍ മരുന്നുകളുടെ പ്രവര്‍ത്തനം എങ്ങനെയാണ് എന്ന് വിശദമായി അറിയാത്തതിന്റെ ഫലമായുണ്ടാകുന്ന ഒരു തെറ്റിദ്ധാരണയാണിത്. മസ്തിഷ്‌കത്തിലെ ചില രാസവസ്തുക്കളുടെ (serotonin, dopamine, norepinephrine etc.) സന്തുലിതാവസ്ഥ തെറ്റുന്നത് കാരണമാണ് വിഷാദരോഗം ഉണ്ടാകുന്നത്. ഈ അസമത്വമാണ് മരുന്നുകള്‍ ശരിയാക്കുന്നത്. ചികിത്സിക്കുന്നവരെ സന്തോഷിപ്പിക്കുകയല്ല മറിച്ച് അവരെ പഴയപടി ഊര്‍ജ്ജസ്വലതയോടെ തിരികെ കൊണ്ടുവരിക എന്നതാണ് ചികിത്സയുടെ ലക്ഷ്യം.

3. സൈക്യാട്രിക് മരുന്നുകള്‍ കഴിച്ചാല്‍ അതിനടിമപ്പെട്ടുപോകും.
സൈക്യാട്രിക് മരുന്നുകളില്‍ ഭൂരിഭാഗവും അടിമത്തമോ ആസക്തിയോ ഉണ്ടാക്കുന്നവയല്ല. എന്നാല്‍ ചുരുക്കം ചില മരുന്നുകളുടെ ദീര്‍ഘകാല ഉപയോഗം ആസക്തി ഉണ്ടാക്കിയേക്കാം (ഉദാ: ബെന്‍സോഡയാസി പൈന്‍സ്). ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം ഉപയോഗിക്കുകയാണെങ്കില്‍, അവ വളരെ ഫലപ്രദ മായ ഒന്നാണ്. ചുരുക്കത്തില്‍ പറഞ്ഞാല്‍ സ്വയം ചികിത്സ നിശ്ചയമായും ഒഴിവാക്കുക.
4. സൈക്യാട്രിക് മരുന്നുകള്‍ കഴിച്ചാല്‍ മാറ്റം ഉടനെ അനുഭവപ്പെടും.
മാനസികാരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഒരു മരുന്ന് കഴിച്ചുതുടങ്ങിയാല്‍ അത് ഫലപ്രദമാകുവാന്‍ 24 ആഴ്ചകളെങ്കിലും എടുത്തേക്കാം. ചിലരില്‍ ഈ മാറ്റങ്ങള്‍ നേരത്തെയാകാം, ചിലരില്‍ അത് വൈകിയാവും അനുഭവപ്പെടുന്നത്. രോഗം പൂര്‍ണ്ണമായി മാറുവാന്‍ ഒരുപക്ഷേ മാസങ്ങള്‍ എടു ത്തേക്കാം. അതിനാല്‍ ചികിത്സ തേടിപ്പോകുന്നവര്‍ക്കും പരിപാലകര്‍ക്കും ക്ഷമയും മരുന്നു കഴിക്കുന്ന കാര്യത്തില്‍ സ്ഥിരതയും ആവശ്യമാണ്.
5. എല്ലാ മാനസിക രോഗങ്ങളും മരുന്നുകള്‍ ഇല്ലാതെ ജീവിതശൈലിയിലെ മാറ്റങ്ങളും കൗണ്‍സലിങ്ങും കൊണ്ട് സുഖപ്പെടുത്താന്‍ സാധിക്കും.
ലഘുവായ മാനസിക സംഘര്‍ഷങ്ങള്‍ (life stress, grief etc.) കൗണ്‍സലിങ്ങിനും ജീവിതശൈലി മാറ്റങ്ങള്‍ക്കും വഴങ്ങി സുഖപ്പെട്ടേക്കാം. ഇവയുടെ തീവ്രത വര്‍ദ്ധിച്ച ഒരാളെ ചികിത്സിക്കാന്‍ മരുന്നുകളുടെ സഹായം അത്യന്താപേക്ഷിതമാണ്. അതുപോലെ തീവ്രമായ വിഷാദം, ബൈപോളാര്‍ ഡിസോര്‍ഡര്‍, സ്കിസോഫ്രീനിയ എന്നീ രോഗങ്ങള്‍ മരുന്നുകള്‍ ഇല്ലാതെ ചികിത്സിക്കാന്‍ ശ്രമിക്കുന്നത് അപകടങ്ങളിലേക്ക് നയിച്ചേക്കാം. കാരണം ഇവ മസ്തിഷ്‌കത്തിലെ രാസപ്രവര്‍ത്തനങ്ങളുടെ തകരാറുമൂലം വരുന്നവയാണ്. മരുന്നുകള്‍ ഈ അസമത്വം ശരിയാക്കാന്‍ സഹായിക്കുന്നു.
6. സൈക്യാട്രിക് മരുന്നുകള്‍ തന്നെ മാനസികരോഗങ്ങളും സ്വഭാവവൈകല്യങ്ങളും ഉണ്ടാക്കുന്നവയാണ്.
പനിയ്ക്ക് പാരസെറ്റമോള്‍ കൊടുക്കരുത്, പാരസെറ്റമോള്‍ തന്നെയാണ് പനി ഉണ്ടാക്കുന്നത് എന്നുപറയുന്നതുപോലെ തികച്ചും അസംബന്ധമായ കാര്യമാണിത്. മാനസികരോഗങ്ങള്‍ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ രോഗം മാറ്റുവാനും രോഗികളുടെ ജീവിതഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്നവയാണ്. പലപ്പോഴും രോഗതീവ്രത മൂര്‍ച്ഛിക്കുന്നതും മരുന്നു തുടങ്ങുന്നതും ഒരുമിച്ചാവുന്നതിനാലാവണം ഇത്തരമൊരു ധാരണ സൃഷ്ടിക്കപ്പെട്ടത്.
7. രോഗമുണ്ടെങ്കിൽ പോലും ഗര്‍ഭിണികളോ മുലയൂട്ടുന്ന അമ്മമാരോ സൈക്യാട്രിക് മരുന്നുകള്‍ കഴിക്കാന്‍ പാടില്ല.
സൈക്യാട്രിക് മരുന്നുകളില്‍ അമ്മയ്ക്കും കുഞ്ഞിനും അപകടരഹിതമായിട്ടുള്ള മരുന്നുകള്‍ ലഭ്യമാണ്. പലപ്പോഴും മരുന്നുകള്‍ ഈ സമയത്ത് കഴിക്കരുത് എന്ന തെറ്റായ സമീപനം മൂലം മരുന്നുകള്‍ നിര്‍ത്തുകയും രോഗം മൂര്‍ച്ഛിക്കുകയും ചെയ്യുന്ന അവസ്ഥ നേരിടേണ്ടിവരാറുണ്ട്. ഈ കാര്യങ്ങള്‍ സൈക്യാട്രിസ്റ്റിനെ അറിയിച്ചാല്‍ അമ്മയ്ക്കും കുഞ്ഞിനും ഒരു കോട്ടവും തട്ടാതെയുള്ള ചികിത്സയ്ക്കുവേിയുള്ള ക്രമീകരണങ്ങള്‍ ചെയ്യാവുന്നതാണ്.
8. സൈക്യാട്രിക് മരുന്നുകള്‍ കഴിച്ചാല്‍ അതിനര്‍ത്ഥം എനിക്ക് മാനസിക ബലഹീനത ഉണ്ടെന്നാണ്.
മാനസികപ്രശ്‌നങ്ങള്‍ക്ക് മരുന്നുകഴിക്കുന്നത് ഒരിക്കലും ഒരാളുടെ മനസിന്റെ ബലഹീനതയെയല്ല മറിച്ച് അയാള്‍ ബോധപൂര്‍വ്വവും ധൈര്യപൂര്‍വ്വവും തന്റെ മാനസികപ്രശ്‌നങ്ങളെ നേരിടുന്നുവെന്നാണര്‍ത്ഥം. തന്റെ ബുദ്ധിമുട്ടുകളെ പുതച്ചുമൂടി ആരുമറിയാതെ സൂക്ഷിച്ച് ഗുരുതരമാക്കുന്നതാണ് യഥാര്‍ത്ഥത്തില്‍ മാനസിക ബലഹീനതയുടെ ലക്ഷണം. ദുഃഖകരമായ കാര്യമെന്തെന്നാല്‍ പലപ്പോഴും ചികിത്സ തേടിയാല്‍ എളുപ്പത്തില്‍ മാറ്റിയെടുക്കാന്‍ കഴിയുന്ന പ്രശ്‌നങ്ങള്‍പോലും ഈ ചിന്താഗതി കാരണം ചികിത്സിക്കപ്പെടാതെ പോകു ന്നു എന്ന വസ്തുതയാണ്. സമൂഹമാണ് ഈ തെറ്റിദ്ധാരണകള്‍ പൊളിച്ചെഴുതേണ്ടത്. ഈ മിഥ്യാധാരണകളെ മറികടക്കുവാന്‍ നാം ശാസ്ത്രീയ മായ അറിവ് പങ്കുവയ്ക്കുകയും രോഗത്തെപ്പറ്റിയും മരുന്നുകളെ ക്കുറിച്ചും കൃത്യമായി ബോധ വാന്മാരാകുകയും രോഗികളോടുള്ള സഹാനുഭൂതി വര്‍ദ്ധിപ്പിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.
മനസ്സിന്റെ രോഗങ്ങള്‍ ശരീരത്തിന്റെ രോഗങ്ങളെ പോലെതന്നെ ചികിത്സിക്കപ്പെടേണ്ടതാണ്, ലജ്ജിക്കുവാനോ മറച്ചുവെക്കാനോ ഉള്ളതല്ല. പകുതി സത്യങ്ങളും അശാസ്ത്രീയ ധാരണകളും നിറഞ്ഞിരിക്കുന്ന ഈ ലോകത്ത് നാം നിശ്ശബ്ദമായി തുടരണോ അതോ പരിഹാരത്തിന്റെ ഭാഗമാകണോ എന്ന് തീരുമാനിക്കേണ്ടിയിരിക്കുന്നു.
മനോരോഗങ്ങളെക്കുറിച്ചുള്ള അപകീര്‍ത്തികളും അജ്ഞതകളും അവസാനിപ്പിക്കേണ്ടത് ആരോഗ്യപ്രവര്‍ത്തകരുടെ മാത്രം കടമയല്ല, അത് സമൂഹത്തിലെ ഓരോ പൗരരുടെയും കടമയാണ്.
'Every man must decide whether he will walk in the light of creative altruism or in darkness of destructive selfishness'
- Martin Lujther King Jr.
READ: തെറ്റിദ്ധാരണകളിൽ
വലയുന്ന മനോരോഗ ചികിത്സ
ഇളംമനസ്സിലേക്കുള്ള
പാസ്സ്വേഡുകൾ
പുരാതന ഭാരതീയ
മനോരോഗ ചികിത്സയും
ആധുനിക വൈദ്യശാസ്ത്രവും
മലയാളിയുടെ മുൻഗണനയിലില്ലാത്ത മാനസികാരോഗ്യം
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

