പൊതുജനാരോഗ്യം
എങ്ങനെ ആസൂത്രണം ചെയ്യാം?

‘‘ആരോഗ്യത്തിലെ അസമത്വം ഇന്നും വലിയ വെല്ലുവിളിയാണ്. നഗരങ്ങളിലും ഗ്രാമങ്ങളിലും, സമ്പന്നരും ദരിദ്രരും തമ്മിൽ ആരോഗ്യ സേവനങ്ങളുടെ ലഭ്യതയിൽ വലിയ വ്യത്യാസമുണ്ട്. പൊതുജനാരോഗ്യ ആസൂത്രണം ഈ അസമത്വം കുറയ്ക്കുന്നതിനുള്ള ഒരു പ്രധാന ഉപാധിയാണ്’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. മുബാറക് സാനി എഴുതിയ ലേഖനം.

ന്നത്തെ ലോകത്ത് ആരോഗ്യരംഗം നേരിടുന്ന വെല്ലുവിളികൾ സങ്കീർണ്ണവും വ്യാപകവുമാണ്. പുതിയ പകർച്ചവ്യാധികൾ ഉയർന്നുവരുന്നു, ജീവിതശൈലി മാറ്റങ്ങളാൽ ദീർഘകാല രോഗങ്ങൾ വർധിക്കുന്നു, ചികിത്സയിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യകൾ അതിവേഗം വികസിക്കുകയും അതോടൊപ്പം ചെലവേറിയതാകുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ, ആരോഗ്യസംരക്ഷണത്തെ ലളിതമായി കൈകാര്യം ചെയ്യുന്നത് സാധ്യമല്ല; അതിന് ശാസ്ത്രീയമായ, മുൻകൂട്ടി ആസൂത്രണം ചെയ്ത, സമഗ്രമായ സമീപനം അനിവാര്യമാണ്. അതിനു സഹായകരമായ ശാസ്ത്രീയമായ പ്രക്രിയയാണ് പൊതുജനാരോഗ്യ ആസൂത്രണം (Public Health Planning).

ആരോഗ്യ പ്രശ്നങ്ങൾ ഇന്ന് ഒരു വ്യക്തിയുടെയോ ഒരു ആശുപത്രിയുടെയോ പരിധിയിൽ ഒതുങ്ങുന്നില്ല. ആഗോളവത്കരണം, നഗരവൽക്കരണം, കാലാവസ്ഥാവ്യതിയാനം, കുടിയേറ്റം എന്നിവയൊക്കെ ചേർന്ന് രോഗങ്ങളുടെ സ്വഭാവവും വ്യാപനവും മാറ്റുകയാണ്. ഉദാഹരണത്തിന്, COVID-19 ലോകം മുഴുവൻ ആരോഗ്യസംവിധാനങ്ങളുടെ ദുർബലതകൾ വെളിപ്പെടുത്തി. ഇത്തരത്തിലുള്ള പ്രതിസന്ധികളെ നേരിടാൻ ശക്തമായ നിരീക്ഷണ സംവിധാനം, മുൻകരുതൽ നടപടികൾ, വേഗത്തിലുള്ള പ്രതികരണം എന്നിവ ആവശ്യമാണ്. ഇതെല്ലാം ഒരു നല്ല പൊതുജനാരോഗ്യ ആസൂത്രണത്തിലൂടെ മാത്രമേ സാധ്യമാകൂ.

ഇന്നത്തെ ആരോഗ്യരംഗത്തിന്റെ മറ്റൊരു പ്രധാന സവിശേഷത ചെലവേറിയ സാങ്കേതികവിദ്യകളുടെ വളർച്ചയാണ്. അത്യാധുനിക പരിശോധനകൾ (Advanced diagnostics), റോബോട്ടിക് സർജ്ജറികൾ, തീവ്ര പരിചരണം (intensive care), അവയവം മാറ്റിവെക്കൽ തുടങ്ങിയ സേവനങ്ങൾ ആരോഗ്യസംരക്ഷണത്തിന്റെ ഗുണമേന്മ ഉയർത്തിയെങ്കിലും, അവയുടെ ചെലവ് വളരെ കൂടുതലാണ്. വിഭവങ്ങൾ പരിമിതമായ ഒരു രാജ്യത്ത്, ഈ സാങ്കേതിക വിദ്യകൾ എങ്ങനെ വിന്യസിക്കണം എന്നത് ഒരു നിർണ്ണായക തീരുമാനമാണ്. പൊതുജനാരോഗ്യ ആസൂത്രണം ഇവിടെ ഒരു മാർഗ്ഗനിർദ്ദേശമായി പ്രവർത്തിക്കുന്നു. ഏത് സാങ്കേതിക വിദ്യകൾക്ക് മുൻഗണന നൽകണം, ഏത് മേഖലകളിൽ നിക്ഷേപം വർധിപ്പിക്കണം, എവിടെ ചെലവ് നിയന്ത്രിക്കണം എന്നതിനെക്കുറിച്ച് ശാസ്ത്രീയമായ തീരുമാനങ്ങൾ എടുക്കാൻ ഇത് സഹായിക്കുന്നു.

വിഭവങ്ങളുടെ കുറവ് പൊതുജനാരോഗ്യരംഗത്തിലെ സ്ഥിരമായ ഒരു പ്രശ്നമാണ്. സാമ്പത്തിക വിഭവങ്ങൾ, മനുഷ്യവിഭവം, അടിസ്ഥാന സൗകര്യങ്ങൾ- ഇവയെല്ലാം പരിമിതമാണ്. എന്നാൽ ആരോഗ്യത്തിനുള്ള ആവശ്യം നിരന്തരം വർധിച്ചുകൊണ്ടിരിക്കുന്നു. ജനസംഖ്യയുടെ വർധന, വയോജനസംഖ്യയുടെ വർധന, പുതിയ രോഗങ്ങൾ എന്നിവ കാരണം ആരോഗ്യ സേവനങ്ങളുടെ ആവശ്യകത ഉയരുന്നു. ഈ സാഹചര്യത്തിൽ, ലഭ്യമായ വിഭവങ്ങൾ എങ്ങനെ പരമാവധി കാര്യക്ഷമമായി ഉപയോഗിക്കാം എന്നത് പൊതുജനാരോഗ്യ പദ്ധതിയുടെ പ്രധാന ലക്ഷ്യമാണ്. മുൻഗണനകൾ നിശ്ചയിക്കുക, ആവശ്യമുള്ള മേഖലകളിൽ കൂടുതൽ നിക്ഷേപം നടത്തുക, ആവർത്തന ചെലവുകൾ ഒഴിവാക്കുക- ഇവയെല്ലാം പദ്ധതിയുടെ ഭാഗമാണ്.

ഇതിനുപുറമെ, ആരോഗ്യത്തിലെ അസമത്വം ഇന്നും വലിയ വെല്ലുവിളിയാണ്. നഗരങ്ങളിലും ഗ്രാമങ്ങളിലും, സമ്പന്നരും ദരിദ്രരും തമ്മിൽ ആരോഗ്യ സേവനങ്ങളുടെ ലഭ്യതയിൽ വലിയ വ്യത്യാസമുണ്ട്. പൊതുജനാരോഗ്യ ആസൂത്രണം ഈ അസമത്വം കുറയ്ക്കുന്നതിനുള്ള ഒരു പ്രധാന ഉപാധിയാണ്. സേവനങ്ങൾ എല്ലാവർക്കും സമമായി ലഭ്യമാക്കാൻ ഇത് സഹായിക്കുന്നു. പ്രത്യേകിച്ച് പ്രാഥമികാരോഗ്യ സംരക്ഷണം (Primary Health Care) ശക്തിപ്പെടുത്തുന്നതിലൂടെ, സമൂഹത്തിലെ ഏറ്റവും പിന്നാക്ക വിഭാഗങ്ങൾക്കും ആരോഗ്യ സേവനങ്ങൾ എത്തിക്കാനാകും.

പൊതുജനാരോഗ്യ ആസൂത്രണം ആരോഗ്യത്തെ ഒരു സമഗ്രമായ ദൃഷ്ടികോണിൽ നിന്നു കാണാൻ സഹായിക്കുന്നു. രോഗചികിത്സയ്ക്ക് പുറമെ, ശുചിത്വം, ശുദ്ധജലം, പോഷകാഹാരം, വിദ്യാഭ്യാസം തുടങ്ങിയ ഘടകങ്ങളും ആരോഗ്യത്തെ സ്വാധീനിക്കുന്നു. ഈ മേഖലകളെ ഒരുമിച്ച് പരിഗണിക്കുന്നതിലൂടെ മാത്രമേ ദീർഘകാല ആരോഗ്യ പുരോഗതി കൈവരിക്കാൻ കഴിയൂ. അതിനാൽ, വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനവും ആസൂത്രണത്തിന്റെ ഒരു പ്രധാന ഘടകമാണ്.

ഇന്നത്തെ കാലഘട്ടത്തിൽ ആന്റിബയോട്ടിക് റെസിസ്റ്റൻസ് (Antibiotic Resistance) പോലുള്ള പുതിയ ഭീഷണികളും ഉയർന്നുവരുന്നു. മരുന്നുകളുടെ ദുരുപയോഗം കാരണം ബാക്ടീരിയകൾ പ്രതിരോധശേഷി നേടുന്നത് വലിയ ആരോഗ്യപ്രശ്നമായി മാറിയിരിക്കുകയാണ്. ഇതിനെ നിയന്ത്രിക്കാൻ ഏകോപിതമായ നയങ്ങളും നിരീക്ഷണസംവിധാനങ്ങളും ആവശ്യമാണ്.

പൊതുജനാരോഗ്യ ആസൂത്രണം ഒരു ഭരണനടപടി മാത്രമല്ല; അത് ഒരു സമൂഹത്തിന്റെ ആരോഗ്യസുരക്ഷയുടെ അടിത്തറയാണ്. ചെലവേറിയ സാങ്കേതിക വിദ്യകൾ, പരിമിതമായ വിഭവങ്ങൾ, ഉയർന്ന ആരോഗ്യ ആവശ്യങ്ങൾ എന്നിവ തമ്മിൽ സമതുലിതത്വം കണ്ടെത്താൻ ഇത് സഹായിക്കുന്നു. ശരിയായ രീതിയിൽ നടപ്പിലാക്കുന്ന പൊതുജനാരോഗ്യ ആസൂത്രണം, ഒരു രാജ്യത്തെ ആരോഗ്യപരമായി ശക്തമാക്കുകയും, സാമൂഹിക നീതി ഉറപ്പാക്കുകയും ചെയ്യുന്നു.

പൊതുജനാരോഗ്യ ആസൂത്രണത്തിന്റെ ഘടനയും പ്രവർത്തനവും ഒരു ചക്രമായി പ്രവർത്തിക്കുന്നതാണ്. ഈ ചക്രം ഒരിക്കലും അവസാനിക്കുന്നില്ല; ഓരോ ഘട്ടവും അടുത്ത ഘട്ടത്തെ സ്വാധീനിക്കുകയും, പുതിയ അറിവുകൾ പഴയ തീരുമാനങ്ങളെ തിരുത്തുകയും ചെയ്യുന്നു. ആദ്യ ഘട്ടം സ്ഥിതിവിവരവിശകലനമാണ്. ഒരു സമൂഹത്തിന്റെ ആരോഗ്യസ്ഥിതി, രോഗഭാരം, ജനസംഖ്യയുടെ സ്വഭാവം, സാമൂഹിക-സാമ്പത്തിക ഘടകങ്ങൾ എന്നിവയെ ശാസ്ത്രീയമായി വിലയിരുത്തുന്നു. ഇതിന് എപ്പിഡമോളജിക്കൽ (epidemiological) രീതികളും, ആരോഗ്യസർവേകളും, രജിസ്ട്രേഷൻ ഡാറ്റയും ഉപയോഗിക്കുന്നു. ഈ ഘട്ടം ശരിയായി നടത്താത്ത പക്ഷം, മുഴുവൻ പദ്ധതിയും തെറ്റായ ദിശയിലേക്ക് പോകും.

ഇതിന്റെ അടിസ്ഥാനത്തിൽ മുൻഗണനകൾ നിശ്ചയിക്കുന്നതാണ് അടുത്ത ഘട്ടം. എല്ലാ പ്രശ്നങ്ങളും ഒരേസമയം പരിഹരിക്കാൻ കഴിയില്ല; അതിനാൽ രോഗഭാരവും, ഗുരുതരതയും, സാമൂഹിക സ്വാധീനവും, പരിഹാരസാധ്യതയും പരിഗണിച്ച് മുൻഗണനകൾ നിശ്ചയിക്കപ്പെടുന്നു. തുടർന്ന് ലക്ഷ്യങ്ങളും ഉദ്ദേശ്യങ്ങളും നിർണ്ണയിക്കുന്നു. ഈ ലക്ഷ്യങ്ങൾ വ്യക്തവും അളക്കാവുന്നതുമായിരിക്കണം. ഉദാഹരണത്തിന്, ശിശുമരണനിരക്ക് കുറയ്ക്കുക, പകർച്ചവ്യാധികളുടെ വ്യാപനം നിയന്ത്രിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ.

ഇതിനുശേഷം തന്ത്രങ്ങൾ (Strategy) രൂപപ്പെടുത്തുന്നു. ഇവിടെ വിവിധ രീതികൾ ഉപയോഗിക്കുന്നു. സിസ്റ്റം മാതൃക (Health systems approach), സമൂഹമാതൃക ( community-based approach), ഇന്റെർ സെക്ടറൽ (intersectoral coordination) എന്നിവ പ്രധാനമാണ്. രോഗത്തെ മാത്രം ലക്ഷ്യമാക്കാതെ, അതിന്റെ സാമൂഹിക നിർണായക ഘടകങ്ങളെക്കൂടി പരിഗണിക്കുന്ന രീതിയാണ് ഇന്ന് കൂടുതൽ പ്രാധാന്യമുള്ളത്. തുടർന്ന് പ്രവർത്തനപദ്ധതികൾ തയ്യാറാക്കുന്നു. ഇത് മാനവവിഭവം

(Human Resources), സാമ്പത്തിക വിഭവം(Finance), അടിസ്ഥാന സൗകര്യങ്ങൾ (Infra Structure) എന്നിവയെ കൃത്യമായി വിന്യസിക്കുന്ന ഒരു പ്രക്രിയയാണ്.

പദ്ധതി നടപ്പിലാക്കൽ എന്ന ഘട്ടത്തിൽ, നയങ്ങൾ യാഥാർത്ഥ്യത്തിലേക്ക് മാറുന്നു. ഇത് ഏറ്റവും സങ്കീർണ്ണമായ ഘട്ടമാണ്. കാരണം ഇവിടെ മനുഷ്യവിഭവത്തിന്റെ കാര്യക്ഷമത, ഭരണസംവിധാനത്തിന്റെ ശക്തി, സമൂഹത്തിന്റെ പങ്കാളിത്തം എന്നിവ നിർണ്ണായകമാണ്. നടപ്പിലാക്കലിനൊപ്പം തന്നെ നിരീക്ഷണവും (monitoring) മേൽനോട്ടവും (supervision) തുടർച്ചയായി നടക്കണം. ഇത് ഒരു ഫീഡ് ബാക്ക് ലൂപ്പ് (feedback loop) ആയി പ്രവർത്തിക്കുന്നു. പദ്ധതിയുടെ പുരോ ഗതി വിലയിരുത്തി, ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നു. അവസാനമായി മൂല്യനിർണ്ണയം (evaluation) നടത്തുന്നു. ഇതിലൂടെ പദ്ധതിയുടെ ഫലപ്രാപ്തിയും കാര്യക്ഷമതയും വിലയിരുത്തി, അടുത്ത പദ്ധതിക്ക് പുതിയ പാഠങ്ങൾ കണ്ടെത്തുന്നു.

ഈ മുഴുവൻ പ്രക്രിയയെ പ്ലാനിങ് സൈക്കിൾ (Planning Cycle) എന്ന് വിളിക്കാം. ഇത് ഒരു നേർരേഖയായല്ല, മറിച്ച് ഒരു വൃത്തമായി പ്രവർത്തിക്കുന്നു. ഓരോ ചക്രവും പൂർത്തിയാകു മ്പോൾ, പുതിയ അറിവുകളും അനുഭവങ്ങളും ഉൾക്കൊണ്ട് അടുത്ത ചക്രം (Spiral) ഉയർന്ന തലത്തിൽ കൂടുതൽ മെച്ചപ്പെട്ടതാക്കുന്നു. അതിനാൽ പൊതുജനാരോഗ്യ ആസൂത്രണം ഒരു സ്ഥിരമായ പ്രക്രിയയാണ്, ഒരിക്കലും അവസാനിക്കാത്ത പഠനയാത്ര.

ഈ പ്രക്രിയ വിജയിക്കണമെങ്കിൽ വിവിധ തലങ്ങളിൽ വ്യത്യ സ്തമായ കഴിവുകളും ഉത്തരവാദിത്തങ്ങളും ആവശ്യമാണ്. പഞ്ചാ യത്തോ പ്രാഥമികാരോഗ്യകേന്ദ്ര തലത്തിലോ പ്രവർത്തിക്കുന്ന വർക്ക് സമൂഹവുമായി നേരിട്ടുള്ള ഇടപെടലാണ് പ്രധാനമായത്. അവർക്ക് രോഗനിരീക്ഷണം, അടിസ്ഥാന ഡാറ്റാ ശേഖരണം, ആരോഗ്യവിദ്യാഭ്യാസം, പ്രാഥമിക ചികിത്സ എന്നിവയിൽ കഴിവുണ്ടായിരിക്കണം. കൂടാ തെ, സമൂഹത്തിന്റെ വിശ്വാസം നേടാനുള്ള മാനവിക കഴിവുകളും അത്ര തന്നെ പ്രധാനമാണ്.

ജില്ലാതലത്തിൽ, ആസൂത്രണം കൂടുതൽ ഏകോപനപരമാവുന്നു. വിവിധ പ്രാഥമിക കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ സംഗ്രഹിച്ച്, വിഭവങ്ങൾ വിന്യസിച്ച്, പരിപാടികൾ ഏകോപിപ്പിക്കുന്നതാണ് പ്രധാന ചുമതല. ഇവിടെ മാനേജ്മെന്റ് കഴിവുകളും, ഡാറ്റ വിശകലന കഴിവുകളും ആവശ്യമാണ്. സംസ്ഥാനതലത്തിൽ നയരൂപീകരണവും, ധനവിനിയോഗവും, വലിയ പരിപാടികളുടെ രൂപകൽപ്പനയും നടക്കുന്നു. ദേശീയതലത്തിൽ, ആരോഗ്യ നയങ്ങളുടെ ദിശ നിർണ്ണയിക്കുകയും, വിവിധ സംസ്ഥാനങ്ങളിലെ പ്രവർത്തനങ്ങൾ ഏകീകരിക്കുകയും, അന്താരാഷ്ട്ര ആരോഗ്യ പ്രതിസന്ധികളെ നേരിടുന്നതിനുള്ള തന്ത്രങ്ങൾ രൂപപ്പെടുത്തുകയും ചെയ്യുന്നു.

വിവിധ തലങ്ങളിലെ പദ്ധതികൾ തമ്മിൽ ഏകോപിതമായിരിക്കണം. താഴത്തെ തലങ്ങളിൽ നിന്നുള്ള വിവരങ്ങൾ മുകളിലേക്ക് എത്തുകയും, മുകളിലെ നയങ്ങൾ താഴേക്ക് കാര്യക്ഷമമായി എത്തിക്കുകയും ചെയ്യേണ്ടതാണ്. ഇതിനെ “bottom-up and top-down integration” എന്ന് വിളിക്കാം. ഇത് ശരിയായി പ്രവർത്തിച്ചാൽ മാത്രമേ ഒരു ആരോഗ്യസംവിധാനം ഫലപ്രദമാകൂ.

ആവശ്യമായ വിഭവങ്ങളുടെ (Resources) കണ്ടെത്തലും വിനിയോഗവും പദ്ധതിയിടലിന്റെ നിർണ്ണായക ഘടകമാണ്. സാമ്പത്തിക വിഭവങ്ങൾ സർക്കാർ ബജറ്റിലൂടെ മാത്രമല്ല, അന്താരാഷ്ട്ര സഹായം, സ്വകാര്യ പങ്കാളിത്തം, സമൂഹത്തിന്റെ പങ്കാളിത്തം എന്നിവ വഴിയും ലഭ്യമാക്കാം. എന്നാൽ വിഭവങ്ങളുടെ കുറവ് എപ്പോഴും ഒരു വെല്ലുവിളിയാണ്. അതിനാൽ മുൻഗണനകൾ കൃത്യമായി നിശ്ചയിച്ച്, ലഭ്യമായ വിഭവങ്ങൾ പരമാവധി കാര്യക്ഷമമായി ഉപയോഗിക്കുക എന്നത് നിർബന്ധമാണ്.

പൊതുജനാരോഗ്യ ആസൂത്രണം ശാസ്ത്രീയവും മാനവികവുമായ പ്രക്രിയയാണ്. ഇത് ഡാറ്റയും തന്ത്രങ്ങളും മാത്രമല്ല, മനുഷ്യജീവിതങ്ങളെയും പ്രതീക്ഷകളെയും സ്പർശിക്കുന്ന ഒരു പ്രവർത്തനമാണ്. ശരിയായ രീതിയിൽ നടപ്പിലാക്കിയാൽ, ഒരു സമൂഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടുമെന്നു മാത്രമല്ല സമഗ്രമായ സാമൂഹിക വികസനത്തിനും ഇത് വഴിയൊരുക്കും.

READ : ഏകലോകം
ഏകാരോഗ്യം

പൊതുജനാരോഗ്യം: കേരളത്തിലെ വികാസവും ചരിത്രപശ്ചാത്തലവും

രക്തദാനവും സുരക്ഷയും: അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

സ്റ്റെതസ്കോപ്പിൽ
ചരിത്രത്തിന്റെ
ഹൃദയതാളം

ലൈംഗികതയുടെ
സാമൂഹികവശം:
ഇന്ത്യയിൽ പുതുതായി
എന്താണ് സംഭവിക്കുന്നത്?

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments