പെട്ടെന്നുള്ള
എല്ലാ മരണങ്ങളും
ഹൃദയാഘാതം മൂലമല്ല

‘‘ശരീരത്തിന്റെ ഓരോ പ്രവർത്തനവും നിയന്ത്രിക്കുന്ന മസ്തിഷ്കത്തിലേക്കുള്ള രക്തപ്രവാഹത്തിൽ ചെറിയൊരു പ്രശ്നം പോലും ചിലപ്പോൾ ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് നയിക്കാം. അത്തരത്തിലുള്ള ഗുരുതരമായ അവസ്ഥയാണ് ബ്രെയിൻ അന്യൂറിസം അഥവാ മസ്തിഷ്ക രക്തക്കുഴൽ വീക്കം. പലർക്കും ഈ രോഗത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ല’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. നൗഫൽ ബഷീർ എഴുതിയ ലേഖനം.

നുഷ്യശരീരത്തിലെ ഏറ്റവും സങ്കീർണ്ണവും അതിസൂക്ഷ്മവുമായ അവയവമാണ് മസ്തിഷ്‌കം. ശരീരത്തിന്റെ ഓരോ പ്രവർത്തനവും നിയന്ത്രിക്കുന്ന ഈ അവയവത്തിലേക്കുള്ള രക്തപ്രവാഹത്തിൽ ചെറിയൊരു പ്രശ്നം പോലും ചിലപ്പോൾ ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് നയിക്കാം. അത്തരത്തിലുള്ള ഗുരുതരമായ അവസ്ഥയാണ് ബ്രെയിൻ അന്യൂറിസം അഥവാ മസ്തിഷ്ക രക്തക്കുഴൽ വീക്കം. പലർക്കും ഈ രോഗത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ല. ചിലപ്പോൾ ഒരു ലക്ഷണവും കാണിക്കാതെ വർഷങ്ങളോളം നിലനിൽക്കുന്ന ഈ അവസ്ഥ, പെട്ടെന്നൊരു ദിവസം രക്തക്കുഴൽ പൊട്ടി മസ്തിഷ്ക രക്തസ്രാവമുണ്ടാക്കി മിനിറ്റുകൾക്കുള്ളിൽ പോലും മരണത്തിലേക്ക് നയിക്കാം. അതുകൊണ്ടുതന്നെ ബ്രെയിൻ അന്യൂറിസത്തെക്കുറിച്ചുള്ള ബോധവൽക്കരണം പൊതുജനങ്ങൾക്കിടയിൽ വളരെ പ്രധാനമാണ്.

എന്താണ് ബ്രെയിൻ അന്യൂറിസം?

മസ്തിഷ്‌കത്തിലേക്കുള്ള രക്തക്കുഴലുകളുടെ ഭിത്തി ഏതെങ്കിലും ഭാഗത്ത് ദുർബലമാകുമ്പോൾ, ആ ഭാഗം ചെറിയ ഒരു ബലൂൺ പോലെ വീർത്ത് പുറത്തേക്ക് തള്ളിയ നിലയിലാകാം. ഇതിനെയാണ് ബ്രെയിൻ അന്യൂറിസം എന്നു പറയുന്നത്. ഇത് ഒരു ടൈംബോംബ് പോലെ പെരുമാറാൻ സാധ്യതയുള്ള അവസ്ഥയാണ്. കാരണം, അന്യൂറിസം ചെറുതായിരിക്കുമ്പോൾ പലപ്പോഴും പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല. എന്നാൽ അതിന്റെ ഭിത്തി വളരെ ദുർബലമാകുമ്പോൾ അത് പൊട്ടി രക്തസ്രാവമുണ്ടാകാം.

എന്തുകൊണ്ടാണ്
അന്യൂറിസം ഉണ്ടാകുന്നത്?

ബ്രെയിൻ അന്യൂറിസം ഉണ്ടാകുന്നതിന് ഇതുവരെ കൃത്യമായ കാരണം കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ഇത്തരത്തിലുള്ള അന്യൂറിസങ്ങൾ ഉണ്ടാകുന്നതിനും അത് പൊട്ടുന്നതിനും പല കാരണങ്ങളും വിവരിക്കപ്പെട്ടിട്ടുണ്ട്.

പ്രധാന അപകട സാധ്യതകൾ:

  • ഉയർന്ന രക്തസമ്മർദ്ദം.

  • പുകവലി.

  • അമിത മദ്യപാനം.

  • പ്രായം കൂടുന്നത്.

  • കുടുംബപരമായ പ്രവണത.

  • ജന്മനാ ഉള്ള ചില രക്തക്കുഴൽ രോഗങ്ങൾ.

  • മയക്കുമരുന്നുകളുടെ ഉപയോഗം.

സ്ത്രീകളിൽ, പ്രത്യേകിച്ച് 40 വയസിന് മുകളിലുള്ളവരിൽ, ഈ രോഗസാധ്യത കൂടുതലാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ലക്ഷണങ്ങൾ എല്ലായ്പ്പോഴും ഉണ്ടാകണമെന്നില്ല. ബ്രെയിൻ അന്യൂറിസത്തിന്റെ ഏറ്റവും അപകടകരമായ വശം ഇതാണ്: പലർക്കും ഒരു ലക്ഷണവും ഉണ്ടാകാറില്ല.

“അൺറപ്ചേഡ് അന്യൂറിസം” (Unruptured Aneurysm) എന്നാൽ ഇതുവരെ പൊട്ടാത്ത അന്യൂറിസം എന്നാണ്. പലപ്പോഴും മറ്റേതെങ്കിലും കാരണത്താൽ എം.ആർ.ഐ (MRI) അല്ലെങ്കിൽ സി.ടി സ്കാൻ (CT) എടുക്കുമ്പോൾ യാദൃച്ഛികമായി കണ്ടുപിടിക്കപ്പെടുന്നതാണ് അവ. എന്നാൽ ചിലപ്പോൾ വലുതാകുന്ന അന്യൂറിസം സമീപ നാഡി കളെ അമർത്തുന്നതിനാൽ ചില ലക്ഷണങ്ങൾ ഉണ്ടാകാം:

  • സ്ഥിരമായ തലവേദന.

  • കാഴ്ച മങ്ങുക അല്ലെങ്കിൽ ഒരു വസ്തുവിനെ നോക്കുമ്പോൾ അത് രണ്ടായി കാണുക.

  • ഏതെങ്കിലും ഒരു കണ്ണിന്റെപോള താഴ്ന്നുപോയി പെട്ടെന്ന് കണ്ണ് അടഞ്ഞു പോവുക.

  • മുഖത്തിന്റെ ഒരു ഭാഗത്ത് മങ്ങ ലോ ബലക്ഷയമോ ഉണ്ടായി മുഖം കോടിപ്പോകുക.

  • സംസാരത്തിന് ബുദ്ധിമുട്ട്.

ഇത്തരം ലക്ഷണങ്ങൾ ഉണ്ടായാൽ അവ അവഗണിക്കാതെ വിദഗ്ധ പരിശോധന നടത്തേണ്ടതാണ്.

അന്യൂറിസം പൊട്ടുമ്പോൾ
എന്താണ് സംഭവിക്കുന്നത്?

അന്യൂറിസത്തിന്റെ ഭിത്തി പൊട്ടുമ്പോൾ മസ്തിഷ്‌കത്തിന് ചുറ്റുമുള്ള ഭാഗത്തേക്ക് രക്തസ്രാവമുണ്ടാകും. ഇതിനെ സബ് അരാക്‌നോയ്ഡ് ഹെമറേജ് (Subarachnoid Hemorrhage – SAH) എന്നുപറയുന്നു. ഇത് അത്യന്തം ഗുരുതരമായ മെഡിക്കൽ അടിയന്തരാവസ്ഥയാണ്.

സബ് അരാക്‌നോയ്ഡ് ഹെമറേജ് ഉണ്ടായാൽ സാധാരണ കാണുന്ന ലക്ഷണങ്ങൾ:

  • ജീവിതത്തിൽ ഇതുവരെ അനുഭവിച്ചിട്ടില്ലാത്തത്ര കഠിനമായ പെട്ടെന്നുള്ള തലവേദന.

  • ഛർദ്ദി.

  • കഴുത്ത് അനക്കാൻ ബുദ്ധിമുട്ട് (neck stiffness).

  • ബോധക്ഷയം.

  • അപസ്മാരം (fits/seizure).

  • സംസാരിക്കാനാകാത്ത അവസ്ഥ.

  • ശരീരത്തിന്റെ ഒരു ഭാഗം തളരുക.

  • പെട്ടെന്നുള്ള മരണം.

ചിലപ്പോൾ വ്യക്തി സംസാരിച്ചു കൊണ്ടിരിക്കുമ്പോഴോ നടക്കുമ്പോഴോ തന്നെ പെട്ടെന്ന് നിലത്തുവീഴാം. ആശുപത്രിയിലെത്തും മുമ്പ് പോലും മരണം സംഭവിക്കാം.

ബ്രെയിൻ അന്യൂറിസം സംബന്ധിച്ച് ഏറ്റവും ഭയപ്പെടുത്തുന്ന കാര്യം “സഡൻ ഡെത്ത്” അഥവാ പെട്ടെന്നുള്ള മരണസാധ്യതയാണ്. അന്യൂറിസം പൊട്ടി വലിയ രക്തസ്രാവമുണ്ടായാൽ, മസ്തിഷ്‌കത്തിലെ മർദ്ദം അതിവേഗം ഉയരും. ഇതുമൂലം ശ്വാസം, ഹൃദയമിടിപ്പ് എന്നിവ നിയന്ത്രിക്കുന്ന പ്രധാന കേന്ദ്രങ്ങൾ പ്രവർത്തനരഹിതമാകാം. ചില രോഗികൾക്ക് ആശുപത്രിയിലെത്തും മുമ്പുതന്നെ ജീവൻ നഷ്ടപ്പെടുന്നു. അതുകൊണ്ടുതന്നെ “പെട്ടെന്നുണ്ടായ അസഹ്യമായ തലവേദന” എന്ന ലക്ഷണം ഒരിക്കലും നിസാരമായി കാണരുത്. “മൈഗ്രെയ്ൻ ആകാം”, “ഗ്യാസ് ആയിരിക്കും”, “ഉറക്കക്കുറവാണ്” എന്നിങ്ങനെ കരുതി വൈകുന്നത് ചിലപ്പോൾ ജീവൻ നഷ്ടപ്പെടാൻ കാരണമാകും.

രോഗനിർണയം എങ്ങനെ നടത്തുന്നു?

ഡോക്ടർമാർ രോഗിയുടെ ലക്ഷണങ്ങൾ പരിശോധിച്ചശേഷം വിവിധ സ്കാനുകൾ നിർദേശിക്കും.

പ്രധാന പരിശോധനകൾ:

  • സി.ടി സ്കാൻ (CT Scan).

  • എം.ആർ.ഐ ബ്രെയിൻ (MRI Brain).

  • സി.ടി ആൻജിയോഗ്രാം (CT Angiogram).

  • എം.ആർ ആൻജിയോഗ്രാം (MR Angiogram).

  • ഡിജിറ്റൽ സബ്ട്രാക്ഷൻ ആൻജിയോഗ്രഫി (DSA).

രക്തക്കുഴലുകളുടെ രൂപവും അന്യൂറിസത്തിന്റെ വലിപ്പവും സ്ഥിതിയും കൃത്യമായി മനസ്സിലാക്കാൻ ഈ പരിശോധനകൾ സഹായിക്കുന്നു. സബ്അരക്‌നോ യ്ഡ് ഹെമറേജ് (SAH) സംശയിക്കുന്ന രോഗികളിൽ അടിയന്തര സ്കാൻ വളരെ നിർണായകമാണ്.

അൺറപ്ചേഡ് അന്യൂറിസം (Unruptured Aneurysm); എല്ലാം അപകടകരമാണോ?

എല്ലാ അൺറപ്ചേഡ് അന്യൂറിസങ്ങളും ഉടൻ പൊട്ടണമെന്നില്ല. ചിലത് വർഷങ്ങളോളം പ്രശ്നമി ല്ലാതെ തുടരാം. എന്നാൽ ചില സാഹചര്യങ്ങളിൽ പൊട്ടാനുള്ള സാധ്യത കൂടുതലായിരിക്കും.

അന്യൂറിസം വലുതാകുന്ന സാഹചര്യങ്ങൾ

  • കുടുംബചരിത്രം.

  • നിയന്ത്രിക്കാത്ത ഹൈ ബ്ലഡ് പ്രഷർ.

  • പുകവലി.

  • ചില പ്രത്യേക സ്ഥാനങ്ങളിലുള്ള അന്യൂറിസങ്ങൾ.

അതുകൊണ്ടുതന്നെ ഓരോ രോഗിയെയും പ്രത്യേകം വിലയിരുത്തിയാണ് ചികിത്സ ആവശ്യമാണോ എന്ന് തീരുമാനിക്കുന്നത്.

ചികിത്സാരീതികൾ

ഇന്നത്തെ ആധുനിക വൈദ്യശാസ്ത്രത്തിൽ ബ്രെയിൻ അന്യൂറിസത്തിന് ഫലപ്രദമായ ചികിത്സകൾ ലഭ്യമാണ്. പ്രധാനമായും രണ്ട് ചികിത്സാരീതികളാണ് ഉപയോഗിക്കുന്നത്.

1. സർജിക്കൽ ക്ലിപ്പിംഗ് (Surgical Clipping)

ന്യൂറോസർജറി വഴി തലയോട്ടി തുറന്ന് അന്യൂറിസത്തിന്റെ കഴുത്തിൽ ചെറിയ ഒരു മെറ്റൽ ക്ലിപ്പ് ഘടിപ്പിക്കുന്ന രീതിയാണ് ഇത്. ഇതിലൂടെ അന്യൂറിസത്തിലേക്ക് രക്തം കടക്കുന്നത് തടയുന്നു. വർഷങ്ങളായി ഉപയോഗിക്കുന്ന സുരക്ഷിതവും ഫലപ്രദവുമായ ചികിത്സാരീതിയാണിത്.

2. എൻഡോവാസ്കുലാർ കോയിലിംഗ് (Endovascular Coiling)

ഇത് താരതമ്യേന മുറിവ് കുറഞ്ഞ ആധുനിക ചികിത്സാരീതിയാണ്. ഹൃദയത്തിന്റെ ആൻജിയോപ്ലാസ്റ്റി ചെയ്യുന്നതുപോലെ കൈയിലോ കാലിലോ ഉള്ള രക്തക്കുഴൽ വഴി ചെറിയ കത്തീറ്റർ കടത്തി മസ്തിഷ്‌കത്തിലെ അന്യൂറിസം വരെ എത്തിച്ച് അതിനുള്ളിൽ പ്രത്യേക കോയിലുകൾ നിറയ്ക്കുന്നു. ഇതിലൂടെ അന്യൂറിസത്തിനുള്ളിലെ രക്തപ്രവാഹം നിർത്തി പൊട്ടാനുള്ള സാധ്യത കുറയ്ക്കുന്നു. ചില രോഗികളിൽ ഫ്ലോ ഡൈവേർട്ടർ സ്റ്റെന്റ് (Flow Diverter Stent) പോലുള്ള അത്യാ ധുനിക രീതികളും ഉപയോഗിക്കാറുണ്ട്.

ഏത് ചികിത്സയാണ് ഉചിതമെന്ന് തീരുമാനിക്കുന്നതിന്റെ അടിസ്ഥാനം:

  • അന്യൂറിസത്തിന്റെ വലിപ്പം,

  • സ്ഥാനം,

  • രോഗിയുടെ പ്രായം,

  • ആരോഗ്യനില,

  • പൊട്ടിയിട്ടുണ്ടോ ഇല്ലയോ

എന്നിവയെ ആശ്രയിച്ചായിരിക്കും.

ചികിത്സയ്ക്കുശേഷം SAH ഉണ്ടായ രോഗികളിൽ ചികിത്സ കഴിഞ്ഞാലും ചിലപ്പോൾ ഗുരുതരമായ സങ്കീർണ്ണതകൾ ഉണ്ടാകാം:

  • വീണ്ടും രക്തസ്രാവം.

  • തലച്ചോറിലുണ്ടാകുന്ന വീക്കം (brain edema).

  • രക്തക്കുഴൽ ചുരുങ്ങൽ (vasospasm).

  • പക്ഷാഘാതം (stroke).

  • തലച്ചോറിലെ നീർക്കെട്ട് അഥവാ ഹൈഡ്രോസെഫാലസ് (Hydrocephalus).

  • ഓർമ്മക്കുറവ്.

  • ശരീര തളർച്ച.

അതുകൊണ്ടുതന്നെ ഇത്തരം രോഗികൾക്ക് ഐ സി യു പരിചരണവും ദീർഘകാല പുനരധിവാസവും ആവശ്യമായി വരാം. എന്നാൽ സമയത്ത് ചികിത്സ ലഭിച്ചാൽ പലർക്കും സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ കഴിയും.

എപ്പോൾ ഉടൻ ആശുപത്രിയിലെത്തണം?

താഴെ പറയുന്ന ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അടിയന്തര ചികിത്സ തേടണം:

  • പെട്ടെന്നുള്ള അതികഠിന തലവേദന.

  • ബോധക്ഷയം.

  • അപസ്മാരം (fits).

  • സംസാരത്തിന് ബുദ്ധിമുട്ട്.

  • കാഴ്ച പെട്ടെന്ന് മങ്ങുക.

  • ശരീരത്തിന്റെ ഒരു ഭാഗം തളരുക.

  • ആവർത്തിച്ചുള്ള അസാധാരണ തലവേദന.

“കുറച്ച് കഴിഞ്ഞാൽ മാറും” എന്നുകരുതി വീട്ടിൽ കാത്തിരിക്കരുത്.

പ്രതിരോധം സാധ്യമാണോ?

എല്ലാ അന്യൂറിസങ്ങളും തടയാൻ കഴിയില്ല. എന്നാൽ അപകടസാധ്യത കുറയ്ക്കാൻ ചില കാര്യങ്ങൾ സഹായിക്കും.

  • രക്തസമ്മർദ്ദം നിയന്ത്രിക്കുക.

  • പുകവലി പൂർണമായി ഒഴിവാക്കുക.

  • അമിത മദ്യപാനം ഒഴിവാക്കുക.

  • സ്ഥിരമായ വ്യായാമം.

  • ആരോഗ്യകരമായ ഭക്ഷണരീതി.

  • കുടുംബത്തിൽ ചരിത്രമുണ്ടെങ്കിൽ വിദഗ്ധ ഉപദേശം തേടുക.

സ്ക്രീനിംഗ് പ്രയോജനകരമാണോ?

ബ്രെയിൻ അന്യൂറിസം നേരത്തെ കണ്ടെത്തുന്നതിനുള്ള സ്ക്രീനിംഗ് ചിലരിൽ വളരെ പ്രധാനമാണ്, പ്രത്യേകിച്ച് കുടുംബ ത്തിൽ അന്യൂറിസം അല്ലെങ്കിൽ പെട്ടെന്നുള്ള മസ്തിഷ്ക രക്തസ്രാവത്തിന്റെ ചരിത്രമുള്ളവരിൽ. എം.ആർ ആൻജിയോഗ്രാം (MR Angiogram) അല്ലെങ്കിൽ സി.ടി ആൻജിയോഗ്രാം (CT Angiogram) പോലുള്ള പരിശോധനകളിലൂടെ പൊട്ടാത്ത അന്യൂറിസങ്ങൾ കണ്ടെത്താൻ കഴിയും. നേരത്തെ രോഗനിർണയം നടത്തുന്നത് അന്യൂറിസം പൊട്ടി സബ്അരക്‌നോയ്ഡ് ഹെമറേജ്, പക്ഷാഘാതം, അല്ലെങ്കിൽ പെട്ടെന്നുള്ള മരണം പോലുള്ള ഗുരുതര അവസ്ഥകൾ ഒഴിവാക്കാൻ സഹായിക്കും.

ബ്രെയിൻ അന്യൂറിസം പലപ്പോഴും മൗനമായി വളരുന്ന ഒരു ഗുരുതര രോഗാവസ്ഥയാണ്. ലക്ഷണങ്ങളില്ലാതെ നിലനിൽക്കുന്നതിനാൽ പലർക്കും അത് അറിയാൻ പോലും കഴിയാറില്ല. എന്നാൽ ഒരിക്കൽ അത് പൊട്ടിയാൽ, സബ്അരക്‌നോയ്ഡ് ഹെമറേജ് പോലുള്ള ഗുരുതര അവസ്ഥയിലൂടെ മിനിറ്റുകൾക്കുള്ളിൽ പോലും ജീവൻ അപകടത്തിലാകാം.

അതുകൊണ്ടുതന്നെ “പെട്ടെന്നുള്ള അസഹ്യമായ തലവേദന” എന്ന ലക്ഷണം ഒരിക്കലും അവഗണിക്കരുത്. നേരത്തെ രോഗനിർണയം നടത്തുകയും സമയബന്ധിത ചികിത്സ നൽകുകയും ചെയ്താൽ ജീവൻ രക്ഷിക്കാനും ഗുരുതരമായ വൈകല്യങ്ങൾ ഒഴിവാക്കാനും സാധിക്കും.

ബോധവൽക്കരണമാണ് ആദ്യ പ്രതിരോധം. മസ്തിഷ്ക ആരോഗ്യത്തെക്കുറിച്ചുള്ള ശരിയായ അറിവ് കൂടുതൽ ജീവനുകൾ രക്ഷിക്കാൻ സഹായിക്കട്ടെ.

READ: ഇരുവർ

ഇടിമിന്നൽ
ഏൽക്കാതിരിക്കാൻ ശാസ്ത്രീയമാർഗങ്ങൾ

കോർപ്പറേറ്റ്
മെഡിസിൻ ഉയർത്തുന്ന
നൈതിക വെല്ലുവിളികൾ

ആർത്തവം,
ആർത്തവ അവധി; ലിംഗനീതിയെക്കുറിച്ച്
ചില രാഷ്ട്രീയ ചോദ്യങ്ങൾ

‘IMA നമ്മുടെ ആരോഗ്യം’ പത്രാധിപർ സംസാരിക്കുന്നു

IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം


Summary: Dr Noufal Basheer Writes About Brain aneurysm In Indian Medical Association Nammude Arogyam Magazine


ഡോ. നൗഫൽ ബഷീർ

കോഴിക്കോട് ആസ്റ്റർ മിംമ്സിൽ ന്യൂറോ സർജറി- എൻഡോ വാസ്കുലാർ വിഭാഗത്തിൽ സീനിയർ കൺസൾട്ടന്റ്.

Comments