മഴക്കാലത്ത്
എലിപ്പനി
വെല്ലുവിളിക്കുമ്പോൾ

ആഗോളതലത്തിൽ വർഷംതോറും പത്തുലക്ഷം രോഗികളിൽ എലിപ്പനി സ്​ഥിരീകരിക്കുകയും ഇതിൽ ഏതാണ്ട് പത്തു ശതമാനം രോഗികൾ മരിക്കുകയും ചെയ്യുന്നു. പൊതുവെ അപകടകരമായ ഒരു രോഗമാണ് എലിപ്പനി എങ്കിലും രോഗലക്ഷണം കണ്ടുതുടങ്ങുമ്പോൾ തന്നെ ആശുപത്രിയെ സമീപിച്ചാൽ വൃക്ക, കരൾ എന്നീ അവയവങ്ങളെ ബാധിക്കുന്ന weils syndrome എന്ന മാരകാവസ്​ഥയിലേക്ക് എത്തുന്നത് തടയാം- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. പി. ജ്യോതികുമാർ എഴുതിയ ലേഖനം

കാലം 1989- 90. കോഴിക്കോട് മെഡിക്കൽ കോളേജിൽ അവസാന വർഷ എം.ഡി മെഡിസിൻ വിദ്യാർഥിയായിരുന്നു ഞാൻ. ശക്തമായ പനി, ശരീരവേദന എന്നീ രോഗലക്ഷണങ്ങളോടു കൂടി കുറെ അധികം രോഗികൾ അടുത്തടുത്ത് അഡ്മിറ്റ് ചെയ്യപ്പെടുന്നു. മൂന്നുനാല് ദിവസങ്ങൾകൊണ്ട് ഇവരിൽ പലരിലും മഞ്ഞപ്പിത്തവും വൃക്കയുടെ പ്രവർത്തന സ്​തംഭനവും കാണപ്പെടുന്നു. അന്നാണ് ആദ്യമായി ലെപ്റ്റോസ്​പൈറോസിസ്​ അല്ലെകിൽ എലിപ്പനി എന്ന രോഗത്തിന്റെ ഗുരുതരാവസ്​ഥയെക്കുറിച്ച് മനസിലാക്കുന്നത്. ഒടുവിൽ അതേവർഷം തന്നെ പ്രിയ അധ്യാപകനായിരുന്ന ഡോ. എൻ. എസ്​. വേണുഗോപാൽ സാറും ഇതേ രോഗലക്ഷണങ്ങളോടുകൂടി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും വൃക്കയുടെ പ്രവർത്തനം ഏതാണ്ട് പൂർണ മായും നിലച്ച അവസ്​ഥയിൽ എത്തിച്ചേരുകയും ചെയ്യുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ അന്നുണ്ടായിരുന്ന മൂന്നേ മൂന്ന് ഡയാലിസിസ്​ മെഷീനിൽ ഒരെണ്ണം നെഫ്രോളജി പ്രൊഫസർ ആയിരുന്ന ഡോ. തോമസ്​ മാത്യു എൻ. എസ്.​ വി. സാറിന്റെ ഡയാലിസിസിനുവേണ്ടി മാറ്റിവെച്ചതും കുറച്ച് ദിവസത്തെ ഡയാലിസിസിനുശേഷം സാർ ജീവിതത്തിലേക്കു തിരിച്ചുവന്നതും ഇന്നും മനസ്സിൽ പച്ചപിടിച്ചുനിൽക്കുന്ന ഓർമയാണ്.

എന്താണ് എലിപ്പനി?

മുഴുവൻ ഭൂഖണ്ഡങ്ങളിലും പ്രത്യേകിച്ച് ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു പകർച്ചവ്യാധിയാണ് എലിപ്പനി. ചില രോഗികളിൽ നിസ്സാരമായ ശരീരവേദനയും പനിയുമായി കുറച്ചു ദിവസങ്ങൾക്കുള്ളിൽ സുഖം പ്രാപിക്കുന്ന അവസ്​ഥയായും ചില രോഗികളിൽ മഞ്ഞപ്പിത്തവും വൃക്കകളുടെ പ്രവർത്തന മാന്ദ്യവും വഴി ഏറ്റവും മാരകമായ അവസ്​ഥയായും ഈ രോഗം കാണപ്പെടുന്നു.

ലെപ്റ്റോസ്​പൈറ ഇക്ടറോ ഹെമറേജിക്ക എന്ന സൂക്ഷ്മജീവിയാണ് രോഗഹേതു. സൂക്ഷ്മദർശിനിയിൽ ഒരു സ്​പ്രിംഗിന്റെ ആകൃതിയിൽ കാണുന്ന ഈ രോഗാണുവിന് പത്ത് meu മീറ്റർ നീളവും 0.1 meu മീറ്റർ വീതിയുമുണ്ട്. ആഗോളതലത്തിൽ വർഷംതോറും ഏതാണ്ട് പത്തുലക്ഷം രോഗികളിൽ എലിപ്പനി സ്​ഥിരീകരിക്കുകയും ഇതിൽ ഏതാണ്ട് പത്തു ശതമാനം രോഗികൾ മരണമടയുകയും ചെയ്യുന്നു.

എലിപ്പനി ഒരു ജന്തുജന്യരോഗമാണ്. ഇതിൽ ഏറ്റവും പ്രധാനം എലികളാണ്. പൂച്ച പട്ടി, പശു മുതലായ സസ്​തനികളും രോഗവാഹകരായി കാണപ്പെടുന്നുണ്ട്. ഈ ജീവികളുടെ വൃക്കകളിലും മൂത്രാശയത്തിലും വർഷങ്ങളോളം എലിപ്പനിയുടെ അണുക്കൾ ജീവിക്കുന്നു. മഴക്കാലത്ത് എലിമടകളിൽ വെള്ളം കയറുകയും ഈ സസ്​തനികളുടെ മൂത്രം, വെള്ളത്തിൽ കലരുകയും ഇത്തരം വെള്ള ത്തിൽ സ്​പർശിക്കാൻ ഇടയാക്കുന്നത് മൂലം മനുഷ്യരുടെ തൊലിയിൽ കൂടി പ്രത്യേകിച്ച്, കാല്പാദങ്ങളിൽ കൂടി അണുക്കൾ ശരീരത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. മനുഷ്യരുടെ കാലിലും കയ്യിലും വായിലുമുള്ള വ്രണങ്ങൾ, മുറിവുകൾ എന്നിവയിൽ കൂടിയാണ് രോഗാണു ശരീരത്തിൽ പ്രവേശിക്കുന്നത്. പൈനാപ്പിൾ കർഷകർക്ക് മുറിവുകൾ ഉണ്ടാവാനുള്ള കൂടുതലായ സാദ്ധ്യതയും, അവിടങ്ങളിലെ എലികളുടെ വർദ്ധിച്ച സാന്നിദ്ധ്യവും മൂലം രോഗം വരാനുള്ള സാദ്ധ്യ തയും കൂടുതലാണ്. ശരീരത്തിനുള്ളിൽ രോഗാണു പെറ്റുപെരുകി മുഴുവൻ കോശങ്ങളെയും ബാധിക്കുമെകിലും, വൃക്ക, കരൾ, മാംസപേശി, ശ്വാസകോശം എന്നീ അവയവങ്ങളെയാണ് കൂടുതലായി ബാധിക്കുന്നത്.

രോഗലക്ഷണങ്ങൾ

രോഗാണു ശരീരത്തിൽ പ്രവേശിച്ചുകഴിഞ്ഞു രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങാൻ ശരാശരി രണ്ടാഴ്ചയോളം എടുക്കും. പനി, ശരീര വേദന തുടങ്ങി ലഘു രോഗലക്ഷണങ്ങളോടുകൂടി, പ്രത്യേകിച്ച്, ചികിത്സ ഒന്നും ആവശ്യമില്ലാതെതന്നെ ചില രോഗികളിൽ ഈ രോഗം കെട്ടടങ്ങുന്നു. എന്നാൽ ചില രോഗികളിൽ കരൾ, വൃക്ക എന്നിവയുടെ പ്രവർത്തനത്തിൽ തകരാറുണ്ടാകുകയും ശ്വാസകോശം, തൊലി, കണ്ണ്, ആമാശയം മുതലായ അവയവങ്ങളിൽ രക്തസ്രാവം ഉണ്ടാകുകയും ചെയ്യുന്നു. അപൂർവമായി പാൻക്രിയാസ്​, പിത്താശയം, തലച്ചോർ എന്നീ അവയവങ്ങളിൽ നീർക്കെട്ടിനും ഈ രോഗം വഴിതെളിക്കുന്നു. രോഗം മാറിയ ചില രോഗികളിൽ ശരീരവേദന തലവേദന, ക്ഷീണം എന്നീ ലക്ഷണങ്ങൾ മാസങ്ങളോളം നിലനിൽക്കുന്നതും കണ്ടുവരുന്നു. രോഗിയെ പരിശോധിക്കുമ്പോൾ ശക്തമായ പനി, മാംസപേശികളിൽ തൊടുമ്പോൾ ശക്തമായ വേദന, കണ്ണുകളിൽ മഞ്ഞനിറവും, ചുവപ്പ് നിറവും കാണപ്പെടുകയും, കരൾ, പ്ലീഹ എന്നിവ വീങ്ങിയ നിലയിലും കാണപ്പെടുന്നു.

രോഗനിർണയം

രക്തപരിശോധന

ശ്വേതരക്താണുക്കൾ, ഇ.എസ്​.ആർ, സി.ആർ.പി എന്നിവ കൂടിയ അവസ്​ഥയിലും, platelet കുറഞ്ഞ നിരക്കിലും കാണപ്പെടുന്നു. മൂത്രത്തിൽ protein, bile salt, bile pigment എന്നിവ പ്രത്യക്ഷപ്പെടുന്നു. രോഗാവസ്​ഥ കൂടുന്നതനുസരിച്ച് വൃക്കരോഗത്തിന്റെ പ്രവർത്തന മാന്ദ്യം കാരണം രക്തത്തിൽ യൂറിയ, ക്രിയാറ്റിനിൻ, പൊട്ടാസ്യം എന്നിവയുടെ അളവ് വർധിക്കുകയും ചെയ്യുന്നു. കരളിന്റെ പ്രവർ ത്തന മാന്ദ്യം കാരണം ബിലിറൂബിൻ, ലിവർ എൻസൈമുകൾ എന്നിവയുടെ അളവ് രക്തത്തിൽ വർധിച്ചു വരുന്നു. ലെപ്റ്റോസ്​പൈറ ആൻ്റിബോഡി ടെസ്റ്റ് രോഗനിർണയത്തിന് ഏറെ സഹായകരമാണ്. പി സി ആർ (polymerase chain reaction) വഴി നൂറുശതമാനം രോഗനിർണയം നടത്താൻ ആധുനികകാലത്ത് കഴിയുന്നു.

ചികിത്സ

രോഗനിർണയം നടന്നുകഴിഞ്ഞാൽ പെൻസിലിൻ, doxycycline എന്നീ ആൻ്റിബയോട്ടിക്കുകളാണ് പ്രധാനമായും രോഗികൾക്കു നൽകി വരുന്നത്. azithrocycine, amoxyciline എന്നിവയും ചില രോഗികൾക്കു നൽകാറുണ്ട്. അതോടൊപ്പം പനി, ശരീരവേദന എന്നീ രോഗലക്ഷണ ങ്ങൾക്ക് പാരസെറ്റമോളും കൊടുത്തുവരുന്നു. രോഗം വൃക്കകളുടെ പ്രവർത്തനത്തെ തകരാറിലാക്കുമ്പോൾ രോഗിയെ ഡയാലിസിസിന് വിധേയമാക്കണം. മരണനിരക്ക്, പൊതുവെ പ്രായമായവരിലാണ് കൂടുതൽ കണ്ടുവരുന്നത്. ഗർഭിണികളിൽ ഗർഭസ്​ഥശിശുവിന്റെ മരണത്തിന് ചിലപ്പോൾ ഈ രോഗം കാരണമായേക്കാം.

പ്രതിരോധം

കെട്ടിക്കിടക്കുന്ന വെള്ളം, മലിനജലം എന്നിവയിലെ സ്​പർശം ഒഴിവാക്കുകയാണ് ആദ്യ വഴി. എലികളുടെ പ്രതുല്പാദനം തടയപ്പെടേണ്ടത് ഏറെ പ്രധാനമാണ്. രോഗത്തിനെതിരെയുള്ള കുത്തിവെപ്പ് ചില രാജ്യങ്ങളിലുണ്ടെങ്കിലും അതിന്റെ ഫലപ്രാപ്തിയിൽ ഇന്നും വിവിധ അഭിപ്രായങ്ങൾ നിലനിൽക്കുന്നു. തൊഴിൽപരമായി സ്​ഥിരമായി വൃത്തിഹീനമായ പരിതസ്​ഥിതിയിൽ ജോലി ചെയ്യേണ്ടിവരുന്ന ആളുകളോട് ആഴ്ചയിൽ ഒരിക്കൽ doxycycline 200mg വീതം കഴിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു. doxycycline അലർജി ഉള്ളവർക്ക് azithromycin 250mg ആഴ്ചയിൽ രണ്ടുപ്രാവശ്യം കഴിക്കാനും നിർദ്ദേശിക്കുന്നു.

പൊതുവെ അപകടകരമായ ഒരു രോഗമാണ് എലിപ്പനി. എങ്കിലും രോഗലക്ഷണം കണ്ടുതുടങ്ങുമ്പോൾ തന്നെ ആശുപത്രിയെ സമീപിച്ചാൽ വൃക്ക, കരൾ എന്നീ അവയവങ്ങളെ ബാധിക്കുന്ന weils syndrome എന്ന മാരകാവസ്​ഥയിലേക്ക് എത്തിപ്പെടുന്നത് തടയാൻ കഴിയും.

READ: മഴക്കാല
ഗൃഹാതുരത്വങ്ങൾ

മഴക്കാലം പനിക്കാലമാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതെല്ലാം…

ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ
പിതാവായ മലയാളി ഡോക്ടർ

തികച്ചും സാധാരണം;
പക്ഷെ, അസാധാരണം

രോഗങ്ങളുടെയും ​വെല്ലുവിളികളുടെയും
മഴക്കാലം


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments