വൃക്കകളെ രക്ഷിക്കുന്ന
ജീവിതശൈലി ശീലങ്ങൾ

നമ്മുടെ നാട്ടിൽ ചെറിയ വേദന വന്നാലും നേരെ മെഡിക്കൽ സ്റ്റോറിൽ പോയി പെയിൻകില്ലർ വാങ്ങി കഴിക്കുന്ന പ്രവണത വളരെ കൂടുതലാണ്. എന്നാൽ വൃക്കരോഗത്തിന് കാരണമാകുന്ന ഏറ്റവും പ്രധാനപ്പെട്ടതും പൂർണമായും തടയാനാകുന്നതുമായ കാരണങ്ങളിൽ ഒന്നാണ് പെയിൻകില്ലറുകളുടെ ദുരുപയോഗം. IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ഷംനാദ് പി. എഴുതിയ ലേഖനം.

കേരളം ഇന്ന് പ്രമേഹത്തിന്റെയും അമിതവണ്ണത്തിന്റെയും തലസ്ഥാനമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ രണ്ട് പ്രശ്നങ്ങളും നേരിട്ട് വൃക്കകളെ ബാധിക്കുന്നതിനാൽ കേരളം വൃക്കരോഗികളുടെ ഒരു തലസ്ഥാനമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് പറയുന്നത് അതിശയോക്തിയല്ല.

വൃക്കരോഗമുള്ള പല രോഗികളും ഞങ്ങളോട് ചോദിക്കാറുണ്ട്:
"ഡോക്ടറേ, മരുന്നുകൾക്കപ്പുറം ഞാൻ ജീവിതശൈലിയിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തണം?"

അത് വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. കാരണം വൃക്കരോഗത്തിന്റെ ആദ്യഘട്ടങ്ങളിൽ രോഗം നിയന്ത്രിക്കാൻ നമുക്കൊരു രണ്ടാം അവസരം പലപ്പോഴും ലഭിക്കാറുണ്ട്. ആ സമയത്ത് ജീവിതശൈലി ശരിയാക്കിയാൽ രോഗത്തിന്റെ വളർച്ച മന്ദഗതിയിലാക്കാനും ചിലപ്പോൾ വർഷങ്ങളോളം ഡയാലിസിസ് ഒഴിവാക്കാനും സാധിക്കും. എന്നാൽ ആ അവസരം നഷ്ടപ്പെട്ടാൽ രോഗം അതിവേഗം പുരോഗമിച്ച് ഡയാലിസിസിലേക്കോ വൃക്കമാറ്റ ശസ്ത്രക്രിയയിലേക്കോ എത്തിച്ചേരാം.

വൃക്കകളെ സംരക്ഷിക്കാൻ സഹായിക്കുന്ന പ്രധാന ജീവിതശൈലി മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1. അമിതവണ്ണം കുറയ്ക്കുക:

കേരളത്തിലെ പകുതിയോളം ആളുകൾക്ക് അമിതവണ്ണമുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. അമിതവണ്ണം എന്നത് ശരീരഭാരം കൂടുന്നതു മാത്രമല്ല. കൂടുതൽ അപകടകരമായത് വയറിനുള്ളിലെ അവയവങ്ങൾക്ക് ചുറ്റും അടിഞ്ഞുകൂടുന്ന കൊഴുപ്പാണ്. ഇതിനെ "വിസറൽ ഫാറ്റ്" എന്ന് വിളിക്കുന്നു. ഇത്തരത്തിലുള്ള കൊഴുപ്പ് ശരീരത്തിൽ പല തരത്തിലുള്ള ഹാനികരമായ ഹോർമോണുകളും ഇൻഫ്ലമേറ്ററി രാസവസ്തുക്കളും ഉൽപാദിപ്പിക്കുന്നു. ഇവ വൃക്കകൾക്ക് അധിക സമ്മർദ്ദം സൃഷ്ടിക്കുകയും വൃക്കരോഗം ഉണ്ടാകാനോ നിലവിലുള്ള രോഗം വേഗത്തിൽ പുരോഗമിക്കാനോ കാരണമാവുകയും ചെയ്യുന്നു.

അമിതവണ്ണം കുറയ്ക്കാൻ ഭക്ഷണനിയന്ത്രണവും സ്ഥിരമായ വ്യായാമവും തന്നെയാണ് ഏറ്റവും ഫലപ്രദമായ മാർഗം.

അമിതവണ്ണം കുറയ്ക്കാൻ ഭക്ഷണനിയന്ത്രണവും സ്ഥിരമായ വ്യായാമവും തന്നെയാണ് ഏറ്റവും ഫലപ്രദമായ മാർഗം.
അമിതവണ്ണം കുറയ്ക്കാൻ ഭക്ഷണനിയന്ത്രണവും സ്ഥിരമായ വ്യായാമവും തന്നെയാണ് ഏറ്റവും ഫലപ്രദമായ മാർഗം.

2. ഉപ്പിന്റെ ഉപയോഗം നിയന്ത്രിക്കുക:

നമ്മുടെ ഭക്ഷണത്തിലെ ഏറ്റവും അവഗണിക്കപ്പെടുന്ന അപകടകാരികളിലൊന്നാണ് ഉപ്പ്. സാധാരണ ഒരാൾ ഒരു ദിവസം 5 ഗ്രാം ഉപ്പിൽ താഴെ മാത്രമേ കഴിക്കാവൂ. എന്നാൽ കേരളത്തിൽ പലരും 15 മുതൽ 20 ഗ്രാം വരെ ഉപ്പ് ദിവസവും ഉപയോഗിക്കുന്നുണ്ട്. ഇതിന് പ്രധാന കാരണം ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ്, പാക്കറ്റ് ഭക്ഷണങ്ങൾ, അച്ചാറുകൾ, ചിപ്സ്, ബേക്കറി ഉൽപ്പന്നങ്ങൾ തുടങ്ങിയവയാണ്.

നാം കഴിക്കുന്ന അധിക ഉപ്പെല്ലാം ശരീരത്തിൽനിന്ന് പുറത്താക്കേണ്ടത് വൃക്കകളാണ്. അതിനാൽ ഉപ്പ് കൂടുന്തോറും വൃക്കകളുടെ ജോലി കൂടുന്നു. ദീർഘകാലം ഇത് തുടർന്നാൽ വൃക്കകൾക്ക് ക്ഷീണം സംഭവിക്കുകയും രക്തസമ്മർദ്ദം ഉയരുകയും വൃക്കരോഗം വഷളാകുകയും ചെയ്യും.

3. പ്രമേഹവും രക്തസമ്മർദ്ദവും നിയന്ത്രണത്തിലാക്കുക:

ലോകമെമ്പാടുമുള്ള വൃക്കരോഗത്തിന്റെ പ്രധാന കാരണങ്ങൾ പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവുമാണ്. രക്തത്തിലെ പഞ്ചസാരയും രക്തസമ്മർദ്ദവും വർഷങ്ങളോളം നിയന്ത്രണത്തിലല്ലെങ്കിൽ വൃക്കയിലെ സൂക്ഷ്മരക്തക്കുഴലു കൾ നശിച്ചുതുടങ്ങും.

അതുകൊണ്ട്:

  • ഡോക്ടറെ സ്ഥിരമായി കാണുക.

  • മരുന്നുകൾ കൃത്യമായി കഴിക്കുക.

  • രക്തപരിശോധനകൾ നടത്തുക.

  • രക്തസമ്മർദ്ദം ഇടയ്ക്കിടെ പരിശോധിക്കുക.

ഇവയെല്ലാം ചികിത്സയുടെ ഭാഗം മാത്രമല്ല, വൃക്ക സംരക്ഷണത്തിന്റെ ഭാഗവുമാണ്.

4. പുകവലി പൂർണമായും നിർത്തുക

പുകവലി ക്യാൻസറിനും ഹൃദയാഘാതത്തിനും മാത്രം കാരണമാകുന്നില്ല. പുകവലി വൃക്കകളിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും വൃക്കരോഗത്തിന്റെ വളർച്ച വേഗത്തിലാക്കുകയും ചെയ്യുന്നു. വൃക്കരോഗമുള്ള ഒരാൾക്ക് "ഒരു സിഗരറ്റ് മാത്രം" എന്ന സുരക്ഷിതമായ അളവ് ഇല്ല. ഇന്നുതന്നെ നിർത്തുക. സഹായം ആവശ്യമാണെങ്കിൽ വിദഗ്ധരുടെ സഹായം തേടുക.

പുകവലി വൃക്കകളിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും വൃക്കരോഗത്തിന്റെ വളർച്ച വേഗത്തിലാക്കുകയും ചെയ്യുന്നു.
പുകവലി വൃക്കകളിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും വൃക്കരോഗത്തിന്റെ വളർച്ച വേഗത്തിലാക്കുകയും ചെയ്യുന്നു.

5. പെയിൻകില്ലറുകളുടെ അനാവശ്യ ഉപയോഗം ഒഴിവാക്കുക

നമ്മുടെ നാട്ടിൽ ചെറിയ വേദന വന്നാലും നേരെ മെഡിക്കൽ സ്റ്റോറിൽ പോയി പെയിൻകില്ലർ വാങ്ങി കഴിക്കുന്ന പ്രവണത വളരെ കൂടുതലാണ്. എന്നാൽ വൃക്കരോഗത്തിന് കാരണമാകുന്ന ഏറ്റവും പ്രധാനപ്പെട്ടതും പൂർണമായും തടയാനാകുന്നതുമായ കാരണങ്ങളിൽ ഒന്നാണ് പെയിൻകില്ലറുകളുടെ ദുരുപയോഗം.

വർഷങ്ങളോളം സ്ഥിരമായി പെയിൻകില്ലർ കഴിച്ച് വൃക്കകൾ തകരാറിലായി ഡയാലിസിസിൽ എത്തിയ രോഗികളെ ഞങ്ങൾ കാണാറുണ്ട്. ഇതിനേക്കാൾ അപകടകരമായത്, നേരത്തേ തന്നെ വൃക്കപ്രശ്നമുള്ള ഒരാൾക്ക് ഒരു പെയിൻ കില്ലർ ഗുളിക പോലും ചിലപ്പോൾ വൃക്കയുടെ നില വഷളാക്കി ഡയാലിസിസിലേക്ക് എത്തിക്കാം എന്നതാണ്. അതിനാൽ ഡോക്ടറുടെ നിർദ്ദേശമില്ലാതെ പെയിൻകില്ലറുകൾ കഴിക്കുന്ന ശീലം അവസാനിപ്പിക്കണം.

6. പ്രോട്ടീൻ പൂർണമായി ഒഴിവാക്കരുത്

സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ പ്രചരിക്കുന്ന തെറ്റിദ്ധാരണകളിൽ ഒന്നാണ്: "പ്രോട്ടീൻ കഴിച്ചാൽ വൃക്ക നശിക്കും." ഇത് ശരിയല്ല.

പ്രോട്ടീൻ നമ്മുടെ ശരീരത്തിന്റെ അടിസ്ഥാന നിർമ്മാണഘടകമാണ്. പേശികൾ, എൻസൈമുകൾ, ഹോർമോണുകൾ എന്നിവയൊക്കെ പ്രോട്ടീനുകളാൽ നിർമ്മിക്കപ്പെട്ടതാണ്.

ചിലർ വൃക്കരോഗികളെ പ്രോട്ടീൻ പൂർണമായി ഒഴിവാക്കുന്ന ഭക്ഷണക്രമത്തിലേക്ക് നയിക്കുന്നു. ഇതിന്റെ ഫലമായി പേശികൾ ക്ഷയിക്കുകയും ശരീരം ദുർബലമാകുകയും മരണസാധ്യത വർധിക്കുകയും ചെയ്യുന്നു.

പേശികൾ കുറഞ്ഞാൽ രക്തത്തിലെ ക്രിയാറ്റിനിൻ കുറയാം. എന്നാൽ അത് വൃക്കയുടെ പ്രവർത്തനം മെച്ചപ്പെട്ടതുകൊണ്ടല്ല, പേശികൾ നഷ്ടപ്പെട്ടതുകൊണ്ടാണ്.

അമിതവണ്ണം കുറയ്ക്കുക, ഉപ്പ് നിയന്ത്രിക്കുക, പ്രമേഹം, ബി.പി. നിയന്ത്രിക്കുക, പുകവലി, പെയിൻകില്ലർ ദുരുപയോഗം ഒഴിവാക്കുക, ആവശ്യമായ പ്രോട്ടീൻ, പഴങ്ങൾ കഴിക്കുക ഇത്രയും കാര്യങ്ങൾ ചെയ്താൽ വൃക്കരോഗം വരാനുള്ള സാധ്യത കുറയ്ക്കാൻ കഴിയും.
അമിതവണ്ണം കുറയ്ക്കുക, ഉപ്പ് നിയന്ത്രിക്കുക, പ്രമേഹം, ബി.പി. നിയന്ത്രിക്കുക, പുകവലി, പെയിൻകില്ലർ ദുരുപയോഗം ഒഴിവാക്കുക, ആവശ്യമായ പ്രോട്ടീൻ, പഴങ്ങൾ കഴിക്കുക ഇത്രയും കാര്യങ്ങൾ ചെയ്താൽ വൃക്കരോഗം വരാനുള്ള സാധ്യത കുറയ്ക്കാൻ കഴിയും.

സാധാരണ ഒരാൾക്ക് ശുപാർശ ചെയ്യപ്പെടുന്ന പ്രോട്ടീന്റെ അളവ് കിലോഗ്രാം ഭാരത്തിന് 0.83 ഗ്രാം ആണ്. വൃക്കരോഗികളിൽ അത് ഏകദേശം 0.6–0.7 ഗ്രാം വരെ കുറയ്ക്കാറുണ്ട്. അത്രമാത്രം. അതായത് വൃക്കരോഗികൾക്കും മുട്ട, മീൻ, ചിക്കൻ, പയർവർഗങ്ങൾ എന്നിവ കഴിക്കാം. പക്ഷേ അളവിൽ നിയന്ത്രണം വേണം.

7. പഴങ്ങൾ കഴിക്കണം,
പക്ഷേ ശരിയായ രീതിയിൽ

പഴങ്ങൾ ഫൈബർ, വിറ്റാമിനുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവയുടെ മികച്ച ഉറവിടമാണ്. എന്നാൽ ചില പഴങ്ങളിൽ പൊട്ടാസ്യം കൂടുതലായിരിക്കും.

പൊട്ടാസ്യം ശരീരത്തിൽ നിന്ന് പുറത്താക്കുന്നത് വൃക്കകളാണ്. അതിനാൽ വൃക്കയുടെ പ്രവർത്തനം കുറയുമ്പോൾ ചില രോഗികളിൽ പൊട്ടാസ്യം അപകടകരമായി ഉയരാം. ഇതുകൊണ്ടാണ് ചില രോഗികൾക്ക് പഴങ്ങളുടെ അളവിൽ നിയന്ത്രണം നിർദ്ദേശിക്കുന്നത്. എന്നാൽ "വൃക്കരോഗമുള്ളവർ പഴം കഴിക്കരുത്" എന്നത് പൂർണമായും തെറ്റായ ധാരണയാണ്.

രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവ് നോക്കിയാണ് ഓരോ രോഗിക്കും അനുയോജ്യമായ നിർദ്ദേശങ്ങൾ നൽകുന്നത്.

അവസാനമായി, വൃക്കരോഗം എല്ലായ്പ്പോഴും മരുന്നുകൊണ്ട് മാത്രം നിയന്ത്രിക്കാനാകുന്ന രോഗമല്ല. ജീവിതശൈലി മാറ്റങ്ങളാണ് ചികിത്സയുടെ അടിത്തറ.

അമിതവണ്ണം കുറയ്ക്കുക, ഉപ്പ് നിയന്ത്രിക്കുക, പ്രമേഹവും ബി.പിയും നിയന്ത്രണത്തിലാക്കുക, പുകവലി നിർത്തുക, പെയിൻകില്ലറുകളുടെ ദുരുപയോഗം ഒഴിവാക്കുക, ആവശ്യമായ പ്രോട്ടീൻ കഴിക്കുക, പഴങ്ങൾ വിവേകത്തോടെ ഉപയോഗിക്കുക- ഇത്രയും കാര്യങ്ങൾ ചെയ്താൽ വൃക്കരോഗം വരാനുള്ള സാധ്യത കുറയ്ക്കാനും നിലവിലുള്ള രോഗത്തിന്റെ പുരോഗതി മന്ദഗതിയിലാക്കാനും സാധിക്കും.

ഇന്ന് ചെയ്യുന്ന ചെറിയ മാറ്റങ്ങൾ നാളത്തെ ഡയാലിസിസ് ഒഴിവാക്കാൻ സഹായിച്ചേക്കാം.

READ: ശരീരത്തിന്റെ
നിശ്ശബ്ദ കാവൽക്കാരൻ

അദ്ഭുത മാന്ത്രികരുടെ
സംഗീതം

വീര്യം കുറഞ്ഞ മദ്യം
ഗുരുതര വെല്ലുവിളി തന്നെ

ബി.സി. റോയ് ബഹുമുഖപ്രതിഭയായ
ഭിഷഗ്വരൻ

‘IMA നമ്മുടെ ആരോഗ്യം’ പത്രാധിപർ സംസാരിക്കുന്നു

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments