ഹൈപ്പർ ടെൻഷനും (ഉയർന്ന രക്തസമ്മർദ്ദം) ദീർഘകാല വൃക്ക രോഗവും (ക്രോണിക് കിഡ്നി ഡിസീസ് -CKD) തമ്മിൽ അടുത്ത ബന്ധമുണ്ട്. ഒന്ന് മറ്റൊന്നിന് കാരണമാകുകയും അതിനെ വഷളാക്കുകയും ചെയ്യും. ഹൈപ്പർടെൻഷൻ വൃക്കകളിലെ സൂക്ഷ്മമായ രക്തക്കുഴലുകൾക്ക് കേടുപാട് വരുത്തി, അവയുടെ ഫിൽട്ടറിംഗ് (Filtering) ശേഷിയെ കുറയ്ക്കും. മറുവശത്ത്, കേടുപാട് സംഭവിച്ച വൃക്കകൾ ഉപ്പും വെള്ളവും നിലനിർത്തുന്നതിലൂടെയും രക്തസമ്മർദ്ദം ഉയർത്തുന്ന ഹോർമോണുകൾ ഉൽപ്പാദിപ്പിക്കുന്നതിലൂടെയും ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകും.
പരമ്പരാഗതമായി, ഹൈപ്പർ ടെൻഷൻ ക്രോണിക് കിഡ്നി ഡിസീസിന്റെ പ്രധാന കാരണമായി കണക്കാക്കപ്പെടുന്നു, ഇത് 20-25% കേസുകൾക്ക് ഉത്തരവാദിയാണെന്ന് പറയപ്പെടുന്നു. എന്നാൽ, സൂക്ഷ്മമായി പരിശോധിക്കുമ്പോൾ, പലരിലും ഉയർന്ന രക്തസമ്മർദ്ദം കണ്ടെത്തുന്നതിന് മുമ്പേ വൃക്കരോഗം ഉണ്ടായിരിക്കാം. ഈ ആദ്യകാല വൃക്ക കേടുപാടുകൾ സൂക്ഷ്മമായിരിക്കും, ക്രിയാറ്റിനിൻ, യൂറിയ എന്നിവ സാധാരണ രക്തപരിശോധനകളിൽ കണ്ടെത്താനാകില്ല, കാരണം വൃക്കയുടെ പ്രവർത്തനശേഷിയുടെ പകുതിയിലധികം നഷ്ടപ്പെടുന്നതുവരെ ഇവ സാധാരണ നിലയിൽ തുടരും. ആദ്യകാല വൃക്കരോഗത്തിന്റെ ലക്ഷണങ്ങൾ മൂത്രപരിശോധനകളിൽ മാത്രമേ കണ്ടെത്താനാകൂ. പ്രോട്ടീൻ ചോർച്ച (ആൽബുമിനൂറിയ) അല്ലെങ്കിൽ മൂത്രത്തിൽ രക്തലാഞ്ചന (Microscopic haematuria) എന്നിവ വൃക്ക കേടുപാടിന്റെ ആദ്യകാല സൂചനകളാണ്. ഇവ രക്ത പരിശോധനകളിൽ അസാധാരണത്വം കാണിക്കുന്നതിന് മുമ്പേ പ്രത്യക്ഷപ്പെടും. നിർഭാഗ്യവശാൽ, പല പ്രൈമറി കെയർ സെന്ററുകളിലും, ഒരു വ്യക്തിക്ക് ആദ്യമായി ഹൈപ്പർ ടെൻഷൻ കണ്ടെത്തുമ്പോൾ ഈ മൂത്രപരിശോധനകൾ പതിവായി നടത്താറില്ല. തൽഫലമായി, ഉയർന്ന രക്തസമ്മർദ്ദത്തിന് അടിസ്ഥാന കാരണം വൃക്കരോഗമാണെന്ന വസ്തുത കണ്ടെത്താതെ പോകാം.
ശാസ്ത്രീയ പഠനങ്ങൾ ഈ ആശങ്കയെ പിന്തുണയ്ക്കുന്നു. പുതുതായി ഹൈപ്പർ ടെൻഷൻ കണ്ടെത്തിയ യുവാക്കളിൽ ഗണ്യമായ ഒരു ശതമാനം പേർക്ക്, ക്രിയാറ്റിനിൻ നില സാധാരണമാണെങ്കിലും, ആദ്യകാല വൃക്ക കേടുപാടുകൾ ഉണ്ടെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു. ചില പഠനങ്ങളിൽ, മൂത്രപരിശോധനയിലൂടെ ഏകദേശം എട്ടിൽ ഒരാൾക്ക് മറഞ്ഞിരിക്കുന്ന വൃക്കരോഗം കണ്ടെത്തിയിട്ടുണ്ട്. ഇത്, ചില കേസുകളിൽ, ഹൈപ്പർ ടെൻഷന് മുമ്പേ വൃക്കരോഗം ഉണ്ടായിരുന്നിരിക്കാമെന്ന് സൂചിപ്പിക്കുന്നു.
40 വയസ്സിന് താഴെയുള്ളവരിൽ ഈ പ്രശ്നം പ്രധാനമാണ്. യൗവനത്തിൽ ഹൈപ്പർ ടെൻഷൻ ഉണ്ടാകുന്നത് വൃക്കരോഗം പോലുള്ള ഒരു ദ്വിതീയ കാരണവുമായി ബന്ധപ്പെട്ടിരിക്കാനാണ് സാധ്യത. ആദ്യകാല വൃക്ക കേടുപാടുകൾ കണ്ടെത്തിയില്ലെങ്കിൽ, ഈ വ്യക്തികൾക്ക് വരും ദശകങ്ങളിൽ രോഗം നിശ്ശബ്ദമായി മുന്നേറാം. മറുവശത്ത്, ആദ്യകാല കണ്ടെത്തൽ വൃക്ക പ്രവർത്തനത്തെ സംരക്ഷിക്കാനും രോഗത്തെ മന്ദഗതിയിലാക്കാനോ നിർമാർജ്ജനം ചെയ്യാനോ ഉള്ള വിലപ്പെട്ട അവസരവും നൽകുന്നു.

രണ്ട് ലളിതമായ പരിശോധനകൾക്ക് വലിയ മാറ്റം വരുത്താൻ കഴിയും: ഒരു സാധാരണ മൂത്ര പരിശോധയും (Urine R/E ) മൂത്രത്തിലെ ആൽബുമിൻ- ടു- ക്രിയാറ്റിനിൻ റേഷ്യോ (UACR) ടെസ്റ്റും. ഇവ ചെലവ് കുറഞ്ഞതും വേഗത്തിൽ ചെയ്യാവുന്നതും താരതമ്യേന എളുപ്പവുമാണ്. ഇവയ്ക്ക് വൈദ്യശാസ്ത്ര ഇടപെടലുകൾ ഏറ്റവും ഫലപ്രദമാകുന്ന തുടക്കകാലത്തെ ആദ്യകാല കേടുപാടുകൾ കണ്ടെത്താനാകും. നിർഭാഗ്യവശാൽ, പുതുതായി ഹൈപ്പർടെൻഷൻ കണ്ടെത്തിയവരുടെ, പ്രത്യേകിച്ച് യുവാക്കളുടെ, മൂല്യനിർണ്ണയത്തിൽ ഈ പരിശോധനകൾ പലപ്പോഴും ഉപയോഗിക്കപ്പെടുന്നില്ല.
ആദ്യകാല വൃക്കബാധ കണ്ടെത്തുന്നത് ഡോക്ടർമാരെ വൃക്കകളെ സംരക്ഷിക്കുന്ന മികച്ച രക്തസമ്മർദ്ദ മരുന്നുകൾ തെരഞ്ഞെടുക്കുന്നതിൽ തുണയ്ക്കുന്നു, ഉദാഹരണത്തിന് ACE ഇൻഹിബിറ്ററുകൾ / ARB-കൾ. രക്തസമ്മർദ്ദത്തിനും വൃക്ക ആരോഗ്യത്തിനും ഗുണം ചെയ്യുന്ന ജീവിതശൈലി മാറ്റങ്ങൾ ശുപാർശ ചെയ്യാനും കഴിയും. ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക, ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക, NSAID-കൾ പോലുള്ള വേദനസംഹാരികളുടെ അമിത ഉപയോഗം ഒഴിവാക്കുക, നന്നായി ജലാംശം നിലനിർത്തുക എന്നിവ ദീർഘകാല ഗുണഫലങ്ങൾ നൽകുന്ന ലളിതമായ നടപടികളാണ്.
ഹൈപ്പർടെൻഷനോ വൃക്കരോഗമോ ആദ്യം വരുന്നത് എന്ന പ്രശ്നം മുട്ടയും കോഴിയും എന്ന തത്ത്വചിന്താപരമായ ചോദ്യത്തിന് സമാനമാണ്. എന്നാൽ വൈദ്യശാസ്ത്രത്തിന്റെ ലക്ഷ്യം വാദത്തിൽ വിജയിക്കുകയല്ല, മറിച്ച് നേരത്തെ പ്രവർത്തിക്കുകയാണ്. എല്ലാ യുവ ഹൈപ്പർടെൻഷൻ രോഗികളെയും ലളിതമായ മൂത്ര പരിശോധനകൾ ഉപയോഗിച്ച് സ്ക്രീൻ ചെയ്യുന്നതിലൂടെ, മറഞ്ഞിരിക്കുന്ന വൃക്കരോഗം ഗുരുതരമായ കേടുപാടുകൾ സൃഷ്ടിക്കുന്നതിന് മുമ്പ് കണ്ടെത്താനും, അവർക്ക് ഭാവിയിൽ ആരോഗ്യം സംരക്ഷിക്കാനുള്ള മികച്ച അവസരം നൽകാനും കഴിയും.
READ: മുലയൂട്ടൽ എന്ന
സുകൃതം
ഓണസദ്യയിൽ
കുടൽ ബാക്ടീരിയകൾ
ഇടപെടുമ്പോൾ
കേരളത്തിന്റെ ആരോഗ്യ രംഗത്തെ നിർണ്ണായകമായ ചുവടുമാറ്റങ്ങൾ
‘IMA നമ്മുടെ ആരോഗ്യം’ പത്രാധിപർ സംസാരിക്കുന്നു
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

