ഗർഭകാല പരിശോധനകളും അവയുടെ പ്രാധാന്യവും

‘‘ഗർഭകാല പരിശോധനകൾ രോഗം കണ്ടെത്താനുള്ള നടപടികൾ മാത്രമല്ല. അമ്മയുടെ സംശയങ്ങൾ പരിഹരിക്കാനും ആത്മവിശ്വാസം നൽകാനും ആരോഗ്യകരമായ പ്രസവത്തിലേക്ക് അവളെ നയിക്കാനുമുള്ള തുടർച്ചയായ പരിചരണത്തിന്റെ ഭാഗമാണ്’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. അപർണ മാധവൻ എഴുതിയ ലേഖനം.

ഒരു കുഞ്ഞിന്റെ ജനനത്തിലേക്കുള്ള യാത്രയിൽ അമ്മയുടെയും ഗർഭസ്ഥശിശുവിന്റെയും ആരോഗ്യം ഒരുപോലെ നിരീക്ഷിക്കപ്പെടേണ്ട കാലമാണ് ഗർഭകാലം. കൃത്യമായ ഇടവേളകളിലുള്ള ഡോക്ടർ പരിശോധനകളും ആവശ്യമായ രക്ത– മൂത്ര പരി ശോധനകളും സ്കാനുകളും ഗർഭകാല സങ്കീർണതകൾ നേരത്തേ കണ്ടെത്താനും ചികിത്സിക്കാനും സഹായിക്കുന്നു.

ഗർഭകാലത്തെ പ്രധാനമായും മൂന്ന് ത്രൈമാസങ്ങളായി അഥവാ ട്രൈമെസ്റ്ററുകളായി (Trimesters) തിരിക്കാം:

  • ഒന്നാം ത്രൈമാസം:
    ഗർഭാവസ്ഥയുടെ തുടക്കം മുതൽ 13 ആഴ്ച 6 ദിവസം വരെ.

  • രണ്ടാം ത്രൈമാസം:
    14 മുതൽ 27 ആഴ്ച 6 ദിവസം വരെ.

  • മൂന്നാം ത്രൈമാസം:
    28 ആഴ്ച മുതൽ പ്രസവം വരെ.

ഓരോ ത്രൈമാസത്തിലും ആവശ്യമായ പരിശോധനകൾ ഗർഭിണിയുടെ പ്രായം, മുൻഗർഭകാലചരിത്രം, നിലവിലുള്ള രോഗ ങ്ങൾ, പരിശോധനാ ഫലങ്ങൾ എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെടാം.

ഒന്നാം ത്രൈമാസം:
ഗർഭാവസ്ഥയുടെ തുടക്കം മുതൽ
13 ആഴ്ച വരെ

മാസമുറ തെറ്റിയാൽ വീട്ടിൽ ലഭിക്കുന്ന ഗർഭപരിശോധനാ കിറ്റ് ഉപയോഗിച്ചോ ലബോറട്ടറിയിലോ യൂറിൻ പ്രെഗ്നൻസി ടെസ്റ്റ് (Urine Pregnancy Test) ചെയ്യാം. പരിശോധന പോസിറ്റീവായാൽ കഴിയുന്നത്ര നേരത്തേ ഡോക്ടറെ സമീപിച്ച് ഗർഭകാലപരിചരണം ആരംഭിക്കണം.

  • കംപ്ലീറ്റ് ബ്ലഡ് കൗണ്ട്
    (Complete Blood Count; CBC):

ഹീമോഗ്ലോബിൻ, വിളർച്ച അഥവാ അനീമിയ ഉണ്ടോ എന്നു കണ്ടെത്താൻ ഹീമോഗ്ലോബിൻ ഉൾപ്പെടെയുള്ള രക്തപരിശോധന നടത്തുന്നു. ഗുരുതരമായ വിളർച്ച അമ്മയ്ക്ക് ക്ഷീണം, ശ്വാസം മുട്ടൽ, അണുബാധ, പ്രസവസമയത്തെ അപകടസാധ്യത എന്നിവ വർധിപ്പിക്കാം. കുഞ്ഞിന്റെ വളർച്ചക്കുറവ്, മാസം തികയാതെയുള്ള പ്രസവം, കുറഞ്ഞ ജനനഭാരം എന്നിവയുമായും അത് ബന്ധപ്പെട്ടിരിക്കുന്നു.

ഹീമോഗ്ലോബിൻ ഫലത്തിന്റെ അടിസ്ഥാനത്തിൽ ആഹാരക്രമവും ഇരുമ്പ്–ഫോളിക് ആസിഡ് ഗുളികകളുടെ അളവും ഡോക്ടർ നിർദേശിക്കും. ഫോളിക് ആസിഡ് ഗർഭധാരണത്തിന് മുമ്പുതന്നെയോ ഗർഭം സ്ഥിരീകരിച്ച ഉടനെയോ ആരംഭിക്കേണ്ടതാണ്. ഇരുമ്പുഗുളികകൾ തുടങ്ങേണ്ട സമയവും അളവും ഓരോ ഗർഭിണിയുടെയും ആരോഗ്യസ്ഥിതിയനുസരിച്ച് തീരുമാനിക്കണം.

  • രക്തത്തിലെ പഞ്ചസാര പരിശോധന:

റാൻഡം ബ്ലഡ് ഷുഗർ (Random Blood Sugar – RBS), ഫാസ്റ്റിങ് ബ്ലഡ് ഷുഗർ (Fasting Blood Sugar – FBS), ഗ്ലൈക്കേറ്റഡ് ഹീമോഗ്ലോബിൻ (HbA1c) തുടങ്ങിയവയിൽ അനുയോജ്യമായ പരിശോധന ഡോക്ടർ നിർദേശിക്കും. ഗർഭധാരണത്തിനു മുമ്പുതന്നെ പ്രമേഹമുണ്ടായിരുന്നോ എന്നറിയാൻ ആദ്യകാല പരിശോധന സഹായിക്കുന്നു. നിയന്ത്രിക്കപ്പെടാത്ത പ്രമേഹം ഗർഭം അലസൽ, കുഞ്ഞിന്റെ ഹൃദയം– നാഡീവ്യൂഹം തുടങ്ങിയ അവയവങ്ങളിലെ വൈകല്യങ്ങൾ, അമിത വളർച്ച, ഗർഭകാല സങ്കീർണതകൾ എന്നിവയുടെ സാധ്യത വർധിപ്പിക്കാം. പ്രമേഹം കണ്ടെത്തിയാൽ ഭക്ഷണക്രമം, വ്യായാമം, മരുന്ന് അല്ലെങ്കിൽ ഇൻസുലിൻ എന്നിവയിലൂടെ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കണം.

  • യൂറിൻ റുട്ടീൻ പരിശോധനയും യൂറിൻ കൾച്ചറും:

മൂത്രത്തിൽ പഴുപ്പ്, പ്രോട്ടീൻ, പഞ്ചസാര എന്നിവയുണ്ടോ എന്ന് യൂറിൻ റുട്ടീൻ (Urine Routine) പരിശോധനയിലൂടെ അറിയാം. ലക്ഷണങ്ങളൊന്നുമില്ലാതെയും ഗർഭിണികൾക്ക് മൂത്രത്തിലെ അണുബാധ ഉണ്ടാകാം. ഇതിനെ അസിംപ്റ്റമാറ്റിക് ബാക്ടീരിയൂറിയ (Asymptomatic Bacteriuria) എന്നു പറയുന്നു.

ആദ്യ ഗർഭകാല സന്ദർശനത്തിൽ യൂറിൻ കൾച്ചർ (Urine Culture) ചെയ്യുന്നത് ഇത്തരം അണുബാധ കണ്ടെത്താനുള്ള കൂടുതൽ കൃത്യമായ മാർഗമാണ്. ചികിത്സിക്കപ്പെടാത്ത അണു ബാധ വൃക്കയെ ബാധിക്കാനും മാസം തികയാതെയുള്ള പ്രസവത്തിനും കാരണമാകാം.

  • ബ്ലഡ് ഗ്രൂപ്പും ആർ.എച്ച്. ടൈപ്പിങ്ങും:

അമ്മയുടെ രക്തഗ്രൂപ്പ് എ, ബി, എബി, ഒ എന്നിവയിൽ ഏതാണെന്നും ആർ.എച്ച്. പോസിറ്റീവ് (Rh Positive) ആണോ ആർ.എച്ച്. നെഗറ്റീവ് (Rh Negative) ആണോ എന്നും കണ്ടെത്തുന്നു. പ്രസവകാലത്ത് രക്തം നൽകേണ്ട സാഹചര്യമുണ്ടായാൽ ഈ വിവരം അത്യാവശ്യമാണ്.

അമ്മ ആർ.എച്ച്. നെഗറ്റീവ് ആണെങ്കിൽ ആന്റിബോഡി സ്ക്രീനിങ് അഥവാ ഇൻഡയറക്ട് ആന്റിഗ്ലോബുലിൻ ടെസ്റ്റ് (Indirect Antiglobulin Test— IAT/Indirect Coombs Test) നടത്തണം. അച്ഛന്റെ ആർ.എച്ച് നിലയും പരിഗണിക്കാം. എന്നാൽ കുഞ്ഞിന് അപകടസാധ്യതയുണ്ടോ എന്നു തീരുമാനിക്കുന്നതിൽ അമ്മയുടെ ആന്റിബോഡി പരി ശോധനയ്ക്കാണ് കൂടുതൽ പ്രാധാന്യം.

ഗർഭകാലത്തെ പ്രധാനമായും മൂന്ന് ത്രൈമാസങ്ങളായി അഥവാ ട്രൈമെസ്റ്ററുകളായി (Trimesters) തിരിക്കാം.
ഗർഭകാലത്തെ പ്രധാനമായും മൂന്ന് ത്രൈമാസങ്ങളായി അഥവാ ട്രൈമെസ്റ്ററുകളായി (Trimesters) തിരിക്കാം.

ആന്റിബോഡി രൂപപ്പെട്ടിട്ടില്ലാത്ത ആർ.എച്ച്. നെഗറ്റീവ് ഗർഭിണികൾക്ക് സാധാരണയായി 28 ആഴ്ചയോടടുത്ത് ആന്റി- ഡി ഇമ്മ്യൂണോഗ്ലോബുലിൻ (Anti-D Immunoglobulin) നൽകും. പ്രസവശേഷം കുഞ്ഞ് ആർ.എച്ച്. പോസിറ്റീവാണെങ്കിൽ വീണ്ടും നൽകേണ്ടിവരും. ഗർഭകാല രക്തസ്രാവം, ഗർഭ മലസൽ, വയറിന് പരിക്ക്, ചില പരിശോധനകൾ എന്നിവയ്ക്കുശേഷവും ഡോക്ടർ ആന്റി-ഡി നിർദേശിക്കാം.

  • അണുബാധാ പരിശോധനകൾ:

അമ്മയിൽനിന്ന് കുഞ്ഞിലേക്കു പകരാൻ സാധ്യതയുള്ള ചില അണുബാധകൾ കണ്ടെത്താൻ താഴെപ്പറയുന്ന പരിശോധനകൾ നടത്തുന്നു:

  • എച്ച്.ഐ.വി. (HIV).

  • ഹെപ്പറ്റൈറ്റിസ് ബി സർഫേസ് ആന്റിജൻ (HBsAg).

  • സിഫിലിസ് പരിശോധന:
    വി.ഡി.ആർ.എൽ. അല്ലെങ്കിൽ ആർ.പി.ആർ. (VDRL/RPR).

  • ഹെപ്പറ്റൈറ്റിസ് സി (HCV):
    പ്രാദേശിക മാർഗനിർദേശമോ വ്യക്തിഗത അപകടസാധ്യതയോ അനുസരിച്ച് ഇവ നേരത്തേ കണ്ടെത്തി ചികിത്സയും പ്രസവസമയ മുൻകരുതലുകളും സ്വീകരിച്ചാൽ കുഞ്ഞിലേക്കുള്ള രോഗപ്പകർച്ച ഗണ്യമായി കുറയ്ക്കാം.

തൈറോയ്ഡ് പരിശോധന

ആദ്യകാല ഗർഭവളർച്ചയിൽ അമ്മയുടെ തൈറോയ്ഡ് ഹോർ മോണുകൾക്ക് വലിയ പ്രാധാന്യമുണ്ട്. സാധാരണയായി തൈറോയ്ഡ് സ്റ്റിമുലേറ്റിങ് ഹോർമോൺ (Thyroid Stimulating Hormone—TSH) പരിശോധിക്കും. ടി.എസ്.എച്ച്. വ്യതിയാനമുണ്ടെങ്കിൽ ഫ്രീ ടി4 (Free T4) ഉൾപ്പെടെയുള്ള കൂടു തൽ പരിശോധനകൾ വേണ്ടിവരാം. എല്ലാവർക്കും ഫ്രീ ടി 3, ഫ്രീ ടി 4 എന്നിവ പതിവായി പരിശോധിക്കണമെന്നില്ല. നിയന്ത്രിക്കപ്പെടാത്ത തൈറോയ്ഡ് രോഗം ഗർഭമലസൽ, രക്തസമ്മർദം, മാസം തികയാതെയുള്ള പ്രസവം, കുഞ്ഞിന്റെ വളർച്ചയിലും നാഡീവ്യൂഹവികാസത്തിലുമുള്ള പ്രശ്നങ്ങൾ എന്നിവയുടെ സാധ്യത വർധിപ്പിക്കാം.

കരൾ– വൃക്ക പ്രവർത്തന പരിശോധനകൾ

ലിവർ ഫങ്ഷൻ ടെസ്റ്റ് (Liver Function Test—LFT), റീനൽ ഫങ്ഷൻ ടെസ്റ്റ് (Renal Function Test—RFT) എന്നിവ എല്ലാ സങ്കീർണതകളുമില്ലാത്ത ഗർഭിണികൾക്കും നിർബന്ധമായ പതിവുപരിശോധനകളല്ല. ഉയർന്ന രക്തസമ്മർദം, കരൾ –വൃക്കരോഗത്തിന്റെ ചരിത്രം, മഞ്ഞപ്പിത്തം, കടുത്ത ഛർദി, ശരീരവീക്കം, പ്രമേഹം തുടങ്ങിയ സൂചനകളുള്ളപ്പോൾ ഡോക്ടർ ഇവ നിർദേശിക്കും.

ആദ്യകാല അൾട്രാസൗണ്ട് സ്കാൻ

ആദ്യകാല അൾട്രാസൗണ്ട് സ്കാൻ (Ultrasound Scan) പ്രധാനമായും താഴെപ്പറയുന്ന കാര്യങ്ങൾ വിലയിരുത്താൻ സഹായിക്കുന്നു.

  • ഗർഭം ഗർഭപാത്രത്തിനുള്ളിലാണോ എന്ന് ഉറപ്പാക്കാൻ.

  • ഭ്രൂണത്തിന്റെ ഹൃദയമിടിപ്പും ജീവസാന്നിധ്യവും സ്ഥിരീകരിക്കാൻ.

  • ഗർഭകാലം കൃത്യമായി കണക്കാക്കാൻ.

  • ഒന്നിലധികം കുഞ്ഞുങ്ങളുണ്ടോ എന്നു കണ്ടെത്താൻ.

  • പ്രതീക്ഷിക്കാവുന്ന പ്രസവത്തീയതി കണക്കാക്കാൻ.

ഗർഭം ട്യൂബിൽ വളരുന്ന എക്ടോപിക് പ്രെഗ്നൻസി (Ectopic Pregnancy) പോലുള്ള അപകടാവസ്ഥകൾ നേരത്തേ കണ്ടെത്താനും ആദ്യകാല സ്കാൻ സഹായിക്കും.

എൻ.ടി. സ്കാനും
ക്രോമസോം വൈകല്യങ്ങളുടെ
സ്ക്രീനിങ്ങും

11 ആഴ്ച മുതൽ 13 ആഴ്ച 6 ദിവസം വരെയാണ് ന്യൂക്കൽ ട്രാൻസ്ലൂസൻസി സ്കാൻ (Nuchal Translucency Scan—NT Scan) ചെയ്യുന്നതിനുള്ള അനുയോജ്യമായ സമയം. കുഞ്ഞിന്റെ കഴു ത്തിന് പിന്നിലെ ദ്രാവകത്തിന്റെ കനം, മൂക്കിലെ അസ്ഥി, പ്രാഥമി ക ശരീരഘടന എന്നിവ പരിശോധിക്കുന്നു. എൻ.ടി. സ്കാൻ കുഞ്ഞി ന്റെ ബുദ്ധിശക്തി അളക്കുന്ന പരിശോധനയല്ല. ഡൗൺ സിൻഡ്രോം ഉൾപ്പെടെയുള്ള ചില ക്രോമസോം വ്യതിയാനങ്ങൾക്കും ഹൃദയ– ശരീരഘടനാ വൈകല്യങ്ങൾക്കും സാധ്യത കൂടുതലാണോ എന്നു കണക്കാക്കുന്ന സ്ക്രീനിങ് പരിശോധന മാത്രമാണ്.

ഡ്യുവൽ മാർക്കർ ടെസ്റ്റ് (Dual Marker Test) സാധാരണയായി ഇതേ കാലയളവിലാണ് നടത്തുന്നത്. അമ്മയുടെ പ്രായം, എൻ.ടി. അളവ്, രക്തത്തിലെ രണ്ട് മാർക്കറുകൾ എന്നിവ സംയോജിപ്പിച്ചാണ് അപകടസാധ്യത കണക്കാക്കുന്നത്. ഇപ്പോൾ സെൽ- ഫ്രീ ഡി.എൻ.എ. / നോൺ ഇൻവേസീവ് പ്രീനേറ്റൽ ടെസ്റ്റ് (cfDNA/NIPT) എന്ന കൂടുതൽ കൃത്യതയുള്ള സ്ക്രീനിങ് പരിശോധനയും ലഭ്യമാണ്.

11 ആഴ്ച മുതൽ 13 ആഴ്ച 6 ദിവസം വരെയാണ് ന്യൂക്കൽ ട്രാൻസ്ലൂസൻസി സ്കാൻ (Nuchal Translucency Scan—NT Scan) ചെയ്യുന്നതിനുള്ള അനുയോജ്യമായ സമയം.
11 ആഴ്ച മുതൽ 13 ആഴ്ച 6 ദിവസം വരെയാണ് ന്യൂക്കൽ ട്രാൻസ്ലൂസൻസി സ്കാൻ (Nuchal Translucency Scan—NT Scan) ചെയ്യുന്നതിനുള്ള അനുയോജ്യമായ സമയം.

സ്ക്രീനിങ് ഫലം ഉയർന്ന അപകടസാധ്യത കാണിച്ചാൽ അതു കൊണ്ടുമാത്രം കുഞ്ഞിന് വൈകല്യമുണ്ടെന്ന് ഉറപ്പിക്കാനാവില്ല. ജനിതക കൗൺസലിങ്ങിനുശേഷം കൊറിയോണിക് വില്ലസ് സാംപ്ലിങ് (Chorionic Villus Sampling- CVS) അല്ലെങ്കിൽ അംനിയോസെന്റീസിസ് (Amniocentesis) പോലുള്ള സ്ഥിരീകരണപരിശോധനകൾ ആവശ്യമായി വരാം.

രണ്ടാം ത്രൈമാസം:
14 മുതൽ 27 ആഴ്ച വരെ

അനോമലി സ്കാൻ:

കുഞ്ഞിന്റെ പ്രധാന അവയവങ്ങളുടെ ഘടന വിലയിരുത്തുന്ന അനോമലി സ്കാൻ (Anomaly Scan) സാധാരണയായി 18 മുതൽ 22 ആഴ്ചയ്ക്കുള്ളിലാണ് നടത്തുന്നത്. തലച്ചോറ്, മുഖം, നട്ടെല്ല്, ഹൃദയം, ശ്വാസകോശം, വയർ, വൃക്കകൾ, കൈകാലുകൾ എന്നിവ വിശദമായി പരിശോധിക്കുന്നു. മറുപിള്ളയുടെ സ്ഥാനം, ഗർഭജലത്തിന്റെ അളവ്, ഗർഭാ ശയമുഖത്തിന്റെ നീളം തുടങ്ങിയവയും വിലയിരുത്താം.

രണ്ട്-ഡൈമെൻഷണൽ അഥവാ ടു-ഡി സ്കാൻ (2D Scan) ആണ് അവയവവൈകല്യങ്ങൾ പരിശോധിക്കുന്നതിനുള്ള അടി സ്ഥാനരീതി. ത്രീ-ഡി/ഫോർ-ഡി സ്കാനുകൾ (3D/4D Scans) ചില പ്രത്യേക സാഹചര്യങ്ങളിൽ അധിക വിവരം നൽകാം. എന്നാൽ പതിവായി ചെയ്യുന്ന ഫോർ-ഡി സ്കാൻ, ടു-ഡി അനോമലി സ്കാനിന് പകരമല്ല.

ഗർഭകാല പ്രമേഹ പരിശോധന:

ഗർഭകാല പ്രമേഹം കണ്ടെത്താൻ 24 മുതൽ 28 ആഴ്ചയ്ക്കുള്ളി ൽ ഓറൽ ഗ്ലൂക്കോസ് ടോളറൻസ് ടെസ്റ്റ് (Oral Glucose Tolerance Test—OGTT) ചെയ്യുന്നു. ഇന്ത്യയിൽ പല കേന്ദ്രങ്ങളിലും 75 ഗ്രാം ഗ്ലൂക്കോസ് ഉപയോഗിച്ചുള്ള പരിശോധനയാണ് നടത്തുന്നത്.

അപകടസാധ്യത കൂടുതലുള്ളവരിൽ ആദ്യ സന്ദർശനത്തിൽത്തന്നെ പരിശോധന നടത്താം. ആദ്യപരിശോധന സാധാരണയായാലും 24–28 ആഴ്ചയ്ക്കിടെ വീണ്ടും പരിശോധിക്കേണ്ടിവരും. ഗർഭകാല പ്രമേഹം നേരത്തേ കണ്ടെത്തി നിയന്ത്രിക്കുന്നത് കുഞ്ഞിന്റെ അമിതവളർച്ച, പ്രസവസങ്കീർണതകൾ, നവജാതശിശുവിലെ രക്തത്തിലെ പഞ്ചസാരക്കുറവ് തുടങ്ങിയ അപകടങ്ങൾ കുറയ്ക്കും.

രക്തവും മൂത്രവും വീണ്ടും പരിശോധിക്കൽ:

ഈ കാലയളവിൽ ഹീമോഗ്ലോബിൻ ഉൾപ്പെടെയുള്ള കംപ്ലീറ്റ് ബ്ലഡ് കൗണ്ട് വീണ്ടും പരിശോധിക്കാം. രക്തക്കുറവ് കണ്ടെത്തിയാൽ ഇരുമ്പുചികിത്സയുടെ അളവ് മാറ്റേണ്ടിവരും. മൂത്ര പരിശോധനയിലൂടെ അണുബാധയും പ്രോട്ടീൻ നഷ്ടവും വിലയിരുത്താം. ആർ.എച്ച്. നെഗറ്റീവായ ഗർഭിണികളിൽ 28 ആഴ്ചയോടടുത്ത് ആന്റിബോഡി സ്ക്രീനിങ് ആവർത്തിക്കുകയും ആവശ്യമായ ആന്റി-ഡി ഇമ്മ്യൂണോഗ്ലോബുലിൻ നൽകുകയും ചെയ്യും.

മൂന്നാം ത്രൈമാസം:
28 ആഴ്ച മുതൽ പ്രസവം വരെ

മൂന്നാം ത്രൈമാസത്തിൽ കുഞ്ഞിന്റെ വളർച്ച, അമ്മയുടെ രക്തസമ്മർദം, ശരീരവീക്കം, മൂത്രത്തിലെ പ്രോട്ടീൻ, കുഞ്ഞിന്റെ അനക്കം, ഗർഭപാത്രത്തിന്റെ വലുപ്പം എന്നിവയ്ക്ക് പ്രത്യേക ശ്രദ്ധ നൽകുന്നു.

ഹീമോഗ്ലോബിനും പ്ലേറ്റ്ലെറ്റ് കൗണ്ടും:

കംപ്ലീറ്റ് ബ്ലഡ് കൗണ്ട് (CBC) വഴി ഹീമോഗ്ലോബിനും പ്ലേറ്റ്ലെ റ്റുകളും പരിശോധിക്കുന്നു. പ്രസവ ത്തിനുമുമ്പ് വിളർച്ച കണ്ടെത്തി ചികിത്സിക്കുന്നത് രക്തസ്രാവമുണ്ടായാൽ അമ്മയ്ക്കുണ്ടാകാവുന്ന അപകടം കുറയ്ക്കും.

പ്ലേറ്റ്ലെറ്റ് എണ്ണം വളരെ കുറഞ്ഞാൽ രക്തസ്രാവസാധ്യത വർധിക്കാം. ഗർഭകാല രക്തസമ്മർദവുമായി ബന്ധപ്പെട്ട പ്രീ- എക്ലാംപ്സിയ (Pre-eclampsia), ഹെൽപ് സിൻഡ്രോം (HELLP Syndrome) തുടങ്ങിയ അവസ്ഥകളിലും പ്ലേറ്റ്ലെറ്റ് കുറയാം.

മൂത്രപരിശോധനയും
രക്തസമ്മർദവും:

ഓരോ പരിശോധനാസമയത്തും രക്തസമ്മർദം രേഖപ്പെടുത്തണം. മൂത്രത്തിൽ പ്രോട്ടീനുണ്ടോ എന്നു പരിശോധിക്കുന്നത് പ്രീ-എക്ലാംപ്സിയ തിരിച്ചറിയാൻ സഹായിക്കും.

മൂന്നാം ത്രൈമാസത്തിൽ കുഞ്ഞിന്റെ വളർച്ച, അമ്മയുടെ രക്തസമ്മർദം, ശരീരവീക്കം, മൂത്രത്തിലെ പ്രോട്ടീൻ, കുഞ്ഞിന്റെ അനക്കം, ഗർഭപാത്രത്തിന്റെ വലുപ്പം എന്നിവയ്ക്ക് പ്രത്യേക ശ്രദ്ധ നൽകുന്നു.
മൂന്നാം ത്രൈമാസത്തിൽ കുഞ്ഞിന്റെ വളർച്ച, അമ്മയുടെ രക്തസമ്മർദം, ശരീരവീക്കം, മൂത്രത്തിലെ പ്രോട്ടീൻ, കുഞ്ഞിന്റെ അനക്കം, ഗർഭപാത്രത്തിന്റെ വലുപ്പം എന്നിവയ്ക്ക് പ്രത്യേക ശ്രദ്ധ നൽകുന്നു.

മൂത്രത്തിൽ പഴുപ്പോ അണുബാധയുടെ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ യൂറിൻ കൾച്ചർ ഉൾപ്പെടെയുള്ള പരിശോധനകൾ വേണ്ടിവരും.

തൈറോയ്ഡ് പരിശോധന:

തൈറോയ്ഡ് രോഗമുള്ളവരിലും മരുന്ന് ഉപയോഗിക്കുന്നവരിലും ടി.എസ്.എച്ച്. നിശ്ചിത ഇട വേളകളിൽ പരിശോധിക്കണം. തുടക്കത്തിലെ പരിശോധന സാധാരണയും അപകടസാധ്യതകളില്ലാത്തവരുമായ എല്ലാവർക്കും 36 ആഴ്ചയിൽ നിർബന്ധമായി ടി.എസ്.എച്ച്. ആവർത്തിക്ക ണമെന്നില്ല. വ്യക്തിഗത ആരോഗ്യസ്ഥിതിയനുസരിച്ചാണ് ഡോക്ടർ ഇത് തീരുമാനിക്കുന്നത്.

വളർച്ചാ സ്കാനും
ഡോപ്ലർ പരിശോധനയും

28 മുതൽ 32 ആഴ്ചയ്ക്കിടയിൽ ഡോക്ടർ നിർദേശിക്കുന്നവർക്ക് ഗ്രോത്ത് സ്കാൻ (Growth Scan) നടത്താം. ഇതിലൂടെ കുഞ്ഞിന്റെ വളർച്ചയും ഏകദേശ തൂക്കവും, മറുപിള്ളയുടെ സ്ഥാനം, ഗർഭ ജലത്തിന്റെ അളവ്, കുഞ്ഞിന്റെ കിടപ്പ്, കുഞ്ഞിന്റെ അനക്കം എന്നിവ വിലയിരുത്താം.

കുഞ്ഞിന്റെ വളർച്ചക്കുറവ്, അമ്മയ്ക്ക് ഉയർന്ന രക്തസമ്മർദം, പ്രമേഹം തുടങ്ങിയ സൂചനകളുള്ളപ്പോൾ ഡോപ്ലർ പഠനം (Doppler Study) വഴി മറുപിള്ളയിലേക്കും കുഞ്ഞിലേക്കുമുള്ള രക്തപ്രവാഹം പരിശോധിക്കും. സങ്കീർണതകളില്ലാത്ത എല്ലാ ഗർഭിണികൾക്കും പതിവായി ഡോപ്ലർ പരിശോധന ആവശ്യമില്ല.

36 ആഴ്ചയ്ക്കുശേഷമുള്ള
വിലയിരുത്തൽ

36 ആഴ്ചയോടടുത്ത് കുഞ്ഞിന്റെ കിടപ്പ്, തല പെൽവിസിലേക്കു താഴ്ന്നിട്ടുണ്ടോ, ഹൃദയമിടിപ്പ്, അനക്കം, ഗർഭപാത്രത്തിന്റെ വലുപ്പം എന്നിവ പരിശോധിക്കുന്നു. പ്ലാസെന്റയുടെ സ്ഥാനം, കുഞ്ഞിന്റെ വളർച്ച, ഗർഭജലത്തിന്റെ അളവ് എന്നിവയിൽ സംശ യമുണ്ടെങ്കിൽ അൾട്രാസൗണ്ട് സ്കാൻ നടത്താം. സങ്കീർണതക ളില്ലാത്ത എല്ലാ ഗർഭിണികൾക്കും 36 ആഴ്ചയിൽ സ്കാൻ നിർബന്ധമാണെന്നില്ല. പരിശോധനാഫലങ്ങളും ഡോക്ടറുടെ ക്ലിനിക്കൽ വിലയിരുത്തലുമാണ് അതിന്റെ ആവശ്യകത നിശ്ചയിക്കുന്നത്.

ഗർഭകാലത്ത്
എത്ര തവണ ഡോക്ടറെ
കാണണം?

സങ്കീർണതകളില്ലാത്ത ഗർഭകാലത്ത് സാധാരണ പിന്തുടരുന്ന സന്ദർശനക്രമം:

  • 28 ആഴ്ച വരെ- ഏകദേശം നാലാഴ്ചയിലൊരിക്കൽ.

  • 28 മുതൽ 36 ആഴ്ച വരെ- രണ്ടാഴ്ചയിലൊരിക്കൽ.

  • 36 ആഴ്ച മുതൽ പ്രസവം വരെ- ആഴ്ചയിലൊരിക്കൽ.

ഓരോ സന്ദർശനത്തിലും രക്തസമ്മർദം, ശരീരഭാരം, കുഞ്ഞിന്റെ ഹൃദയമിടിപ്പ്, ഗർഭപാത്രത്തിന്റെ വളർച്ച, കുഞ്ഞിന്റെ അനക്കം, അമ്മയുടെ പൊതുആരോഗ്യം എന്നിവ വിലയിരുത്തും. ആവശ്യമായ പ്രതിരോധകുത്തിവെപ്പുകൾ, പോഷകാഹാരം, വ്യായാമം, മരുന്നുകൾ, പ്രസവത്തിനുള്ള തയ്യാറെടുപ്പ് എന്നിവയെക്കുറിച്ചും നിർദേശം നൽകും.

ഉടൻ ആശുപത്രിയെ
സമീപിക്കേണ്ട ലക്ഷണങ്ങൾ

ഗർഭകാലത്ത് താഴെപ്പറയുന്ന ലക്ഷണങ്ങൾ ഉണ്ടായാൽ അടുത്ത പരിശോധനാ തീയതി വരെ കാത്തിരിക്കാതെ ആശുപത്രിയെ സമീപിക്കണം:

  • യോനിയിൽനിന്നുള്ള രക്തസ്രാവം.

  • ശക്തമായ വയറുവേദന.

  • വെള്ളം പൊട്ടുക അല്ലെങ്കിൽ യോനിവഴി തുടർച്ചയായി ദ്രാവകം വരിക

  • കുഞ്ഞിന്റെ അനക്കം കുറയുക.

  • കടുത്ത തലവേദന, കാഴ്ച മങ്ങൽ.

  • മുഖത്തോ കൈകളിലോ പെട്ടെന്നുള്ള വീക്കം.

  • തുടർച്ചയായ ഛർദിയും ഭക്ഷണം കഴിക്കാനാകാത്ത അവസ്ഥയും.

  • പനി, ശ്വാസംമുട്ടൽ, നെഞ്ചുവേദന.

  • മൂത്രമൊഴിക്കുമ്പോൾ കടുത്ത വേദന.

  • പ്രസവവേദന പോലുള്ള ക്രമമായ വേദനകൾ.

ഓരോ ഗർഭകാലവും വ്യത്യസ്തമാണ്. മുകളിൽ പറഞ്ഞ പരിശോധനകളും സന്ദർശനക്രമവും പ്രധാനമായും സങ്കീർണതകളില്ലാത്ത ഗർഭിണികൾക്കുള്ള പൊതുവായ മാർഗനിർദേശങ്ങളാണ്. ഉയർന്ന രക്തസമ്മർദം, പ്രമേഹം, ഇരട്ടഗർഭം, മറുപിള്ളയുടെ പ്രശ്നങ്ങൾ, കുഞ്ഞിന്റെ വളർ ച്ചക്കുറവ്, മുൻകാല ഗർഭസങ്കീർണതകൾ, അമ്മയുടെ ഹൃദയ–വൃക്ക–തൈറോയ്ഡ് രോഗങ്ങൾ തുടങ്ങിയവയുണ്ടെങ്കിൽ പരിശോധനകളുടെയും ഡോക്ടർ സന്ദർശനങ്ങളുടെയും എണ്ണം വർധിക്കും.

ഗർഭകാല പരിശോധനകൾ രോഗം കണ്ടെത്താനുള്ള നടപടികൾ മാത്രമല്ല. അമ്മയുടെ സംശയങ്ങൾ പരിഹരിക്കാനും ആത്മവിശ്വാസം നൽകാനും ആരോഗ്യകരമായ പ്രസവത്തിലേക്ക് അവളെ നയിക്കാനുമുള്ള തുടർച്ചയായ പരിചരണത്തിന്റെ ഭാഗമാണ്. അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ നേരത്തേയുള്ള രജിസ്ട്രേഷനും കൃത്യമായ പരിശോധനകളും ഡോക്ടറുടെ നിർദേശങ്ങൾ പാലിക്കുന്നതും ഏറെ പ്രധാനമാണ്.

READ: അമ്മയ്ക്ക്
സുഖമാണോ?

ഗോൾഡൻ അവർ പ്രോജക്ട്

കൗമാരത്തിനപ്പുറത്തെ
പ്രതിരോധം

ആരോഗ്യരാഗങ്ങൾ

‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു

▮

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments