കുട്ടികളിലെ
ആവർത്തിച്ചുള്ള പനി;
കാരണങ്ങൾ, പ്രതിവിധികൾ

‘‘കുട്ടികളിൽ ആവർത്തിച്ചുവരുന്ന പനികളും ദീർഘകാലം നിൽക്കുന്ന പനികളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാതെ മാതാപിതാക്കൾ പല സംശയങ്ങളും പ്രകടിപ്പിക്കാറുണ്ട്. പനിയുടെ അടിസ്ഥാന കാരണം കണ്ടെത്തി ചികിത്സിക്കുകയാണ് വേണ്ടത്’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ബിനുക്കുട്ടൻ പി.വി എഴുതിയ ലേഖനം.

കുട്ടികളിൽ പനി ആവർത്തിച്ചുവരുന്നത് നിരവധി മാതാപിതാക്കളുടെ സ്ഥിരമായ ആശങ്കയാണ്. ഇത് വളരെ സാധാരണമായ ഒരവസ്ഥയാണ്, പക്ഷേ ചിലപ്പോൾ ഇതിനുപിന്നിൽ പ്രത്യേക കാരണങ്ങളും കാണാം.

എന്താണ് പനി?

സാധാരണ ശരീര താപനില ഏകദേശം 37°C (98.6°F) ആണ് (ഇതിൽ നിന്ന് ഏകദേശം 0.6°C കുറവോ കൂടുതലോ ആകാം). ശരീരം ഏതെങ്കിലും അണുബാധയോ മറ്റ് വിധത്തിലുള്ള നീർക്കെട്ടോ (ഇൻഫ്ലമേഷൻ) നേരിടുമ്പോൾ, ആ അവസ്ഥയെ ചെറുക്കാൻ തലച്ചോറ് ശരീര താപനില ഉയർത്തുന്നതാണ് പനി. അതിനാൽ പനി എന്നത് വിവിധ തരത്തിലുള്ള പ്രശ്നങ്ങൾക്കെതിരായ ശരീരത്തിന്റെ പ്രതിരോധ സംവിധാനമാണ് എന്ന് മനസ്സിലാക്കുക.

ഉയർന്ന ശരീര താപനില രണ്ടു തരത്തിൽ നമുക്ക് ഗുണം ചെയ്യും: ഒന്നാമതായി, ഉയർന്ന താപനില രോഗപ്രക്രിയയെ നിയന്ത്രിക്കാൻ സഹായിക്കുന്നു. രണ്ടാമതായി, ശരീരത്തിൽ ‘എല്ലാം ശരിയല്ല’ എന്ന് നമ്മോട് പറയുന്ന ഒരു പ്രധാന അടയാളമാണിത്. അതുകൊണ്ടുതന്നെ പനിയുടെ അടിസ്ഥാന കാരണം കണ്ടെത്തി ചികിത്സിക്കുകയാണ് വേണ്ടത്.

പനിയെ ശരീരത്തിന്റെ ഒരു സുഹൃത്തായോ ശത്രുവായോ കണക്കാക്കാനാവില്ല മറിച്ച്, ശരീരം ഒരു വെല്ലുവിളിയോട് പ്രതികരിക്കുമ്പോഴെക്കെ അത് നിങ്ങൾക്ക് അറിയിപ്പ് നൽകുന്ന ഒരു സന്ദേശവാഹകനായി പ്രവർത്തിക്കുന്നു.

എന്താണ് ആവർത്തിച്ചുള്ള പനി
(Recurrent Fever)?

കുട്ടികളിൽ ആവർത്തിച്ചുവരുന്ന പനികളും (Recurrent Fever) തുടർച്ചയായി നീണ്ടുനിൽക്കുന്ന പനികളും (Continuous fever) ദീർഘകാലം നിൽക്കുന്ന പനികളും (prolonged fever) തമ്മി ലുള്ള വ്യത്യാസം മനസ്സിലാക്കാതെ മാതാപിതാക്കൾ പല സംശയങ്ങളും പ്രകടിപ്പിക്കാറുണ്ട്.

സാധാരണയായി കുട്ടികളിൽ ഉണ്ടാവുന്ന വൈറൽ പനി മൂന്നു മുതൽ അഞ്ചു ദിവസത്തിനുള്ളിൽ മാറാറുണ്ട്. ഇതിലും അധികം ദിവസത്തേക്ക് നീണ്ടുനിൽക്കുകയാണെങ്കിൽ അതിനെ ദീർഘകാല പനി (Prolonged Fever) എന്നു പറയാം. (പ്രത്യേ കിച്ച് 10 ദിവസത്തിലധികം തുടർച്ചയായി പനി വരികയാണെങ്കിൽ).

തുടർച്ചയായ പനി (Continuous Fever) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, ഒരു ദിവസത്തിന്റെ മുഴുവൻ സമയത്തും ശരീര താപനില ഉയർന്ന നില യിൽ തന്നെ തുടരുകയും, രാവിലെയും വൈകുന്നേരവുമുള്ള താപനിലയിൽ 1°C-ൽ കുറവ് മാത്രം വ്യത്യാസം ഉണ്ടാകുകയും ചെയ്യുന്നതും താപനില ഒരിക്കലും സാധാരണ നിലയിലേക്ക് പോകാതിരിക്കുകയും ചെയ്യുന്ന അവസ്ഥയുമാണ്.

തുടർച്ചയായ പനികളും (continuous fever), ദീർഘകാല പനികളും (prolonged fever) തീർച്ചയായും വിദഗ്ധ ഡോക്ടറുടെ നിർ ദേശപ്രകാരം പരിശോധനകൾക്ക് വിധേയമാക്കേണ്ട ഒന്നാണ്. അതിനുള്ള കാരണങ്ങൾ പലതുമാണ്. എന്നാൽ ആവർത്തിച്ചുള്ള പനി (Recurrent Fever) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കുട്ടിയുടെ പ്രായത്തിനും, ആരോഗ്യഘടനയ്ക്കും അനുസരിച്ച് പ്രതീക്ഷിക്കുന്നതിൽ കൂടുതൽ തവണ കുഞ്ഞിന് പനി വരുന്നതാണ്.

ഒരു കുട്ടിക്ക് എത്ര തവണ പനി വരാം?

കുട്ടികൾക്ക് ഓരോ തവണ പനി വരുമ്പോഴും എല്ലാ മാതാപിതാക്കൾക്കും ആകുലതയാണ്. അതു കുട്ടിയുടെ കളിയും ചിരിയുമുൾപ്പെടെ ആഹാര ക്രമത്തെ വരെ മാറ്റിമറിക്കാം.

കുട്ടികളിലെ പനികളുണ്ടാവുന്നതിൽ ഏകദേശം 70–80 ശത മാനത്തിനും കാരണമാകുന്നത് വൈറൽ അണുബാധകളാണ്. എല്ലാ മാതാപിതാക്കളും ആദ്യം മനസ്സിലാക്കേണ്ടത് സാധാരണയായി എത്ര തവണ കുട്ടികൾക്ക് പനിയോടു കൂടിയ ജലദോഷം പോലെയുള്ള അസുഖങ്ങൾ വരാമെന്നുള്ളതാണ്.

ശിശുക്കളും, പ്രീ- സ്കൂൾ പ്രായമുള്ള കുട്ടികളും വരെയുള്ളവർക്ക് (0–5 വയസ്):

വർഷത്തിൽ 6 മുതൽ 8 തവണ വരെ പനിയോടു കൂടിയ ജലദോഷം പോലെയുള്ള അസുഖങ്ങൾ സാധാരണമായി ഉണ്ടാകാവുന്നതാണ്. ഡേ കെയർ അല്ലെങ്കിൽ പ്രീ സ്കൂളിൽ പോകുന്ന കുട്ടികൾക്ക്, അല്ലെങ്കിൽ സഹോദരങ്ങൾ സ്കൂളിൽ പോകുന്നവർക്ക്, അല്ലെങ്കിൽ കൂടുതൽ ആൾക്കാരുമായി സമ്പർക്കം വരുന്ന കുട്ടികൾക്ക് ഒക്കെ ഇത് വർഷത്തിൽ 10 മുതൽ 12 തവണ വരെ ആവാം.

സ്കൂൾ പ്രായത്തിലുള്ള കുട്ടികൾക്ക് (6–12 വയസ്):

ഇത് വർഷത്തിൽ നാലു മുതൽ ആറു തവണ വരെ ആവാം. കൗമാരപ്രായത്തിലേക്ക് കടക്കുമ്പോൾ ഇത് 2 മുതൽ 4 തവണ വരെ ആയി കുറയുന്നു.

കുട്ടിക്ക് പനി വരുമ്പോൾ എന്തുചെയ്യണം.?

  • കാലാവസ്ഥ അനുസരിച്ച്, കുട്ടിക്ക് ധരിക്കാവുന്ന ശീതളമായ, ഇറുക്കമില്ലാത്ത വസ്ത്രങ്ങൾ ധരിപ്പിക്കുക.

  • പനി ഉള്ളപ്പോൾ കുട്ടികളുടെ ശരീരത്തിൽ നിന്ന് ജലം നഷ്ടപ്പെടുന്നു. അതുകൊണ്ടുതന്നെ നിർജ ലീകരണം ഉണ്ടാവാൻ സാധ്യതയുണ്ട്. അതുകൊണ്ട് കുട്ടിക്ക് ധാരാളം വെള്ളം കുടിക്കാൻ നൽകുക.

  • ഡോക്ടർ നിർദ്ദേശിച്ച അളവിലുള്ള പാരാ സെറ്റമോൾ (അസറ്റാമിനോഫൻ), ഇബുപ്രുഫൻ പോലുള്ള മരുന്നുകൾ പനിക്കായി ഉപയോഗിക്കാവുന്നതാണ്. മരുന്ന് നൽകി കഴിഞ്ഞ് ശരീരതാപനില കുറയ്ക്കാൻ 28–30°C ചൂടിലുള്ള ജലത്തിൽ സ്പോഞ്ചിങ് (Tepid sponging) ചെയ്യാവുന്നതാണ്. സ്പോഞ്ചിങ്ങ് ചെയ്യാനായി ഐസ് വെള്ളം ഉപയോഗിക്കുന്നത് ശാസ്ത്രീയമല്ല. ചെറുചൂടുവെള്ളമാണ് ഉത്തമം. തല മുതൽ കാലു വരെ 15–20 മിനിറ്റ് തുടർച്ചയായി തുടച്ചുവേണം സ്പോഞ്ചിങ് നൽകാൻ.

ചൂട് കുറയുന്നില്ലെങ്കിൽ പാരസെറ്റമോൾ അല്ലാതെ മറ്റെന്തെങ്കിലും മരുന്ന് നൽകേണ്ടതുണ്ടോ?.

കുട്ടികളിൽ ഏറ്റവും സുരക്ഷിതമായ പനി മരുന്ന് പാരാസെറ്റമോൾ തന്നെയാണ്. ശരിയായ ഡോസിൽ (15 mg/kg) നൽകിയാൽ കുട്ടികളിലെ പനിയും ശരീരവേദനയും അസ്വസ്ഥതയും പാരസെറ്റമോൾ കുറയ്ക്കും. പനി വളരെ ഉയർന്ന നിലയിലാണെങ്കിൽ (ഉദാ: 104°F), പനി കുറഞ്ഞു വരാൻ സമയമെടുക്കും എന്നുള്ളത് മനസ്സിലാക്കുക. മരുന്ന് കഴിക്കാൻ മടിയുള്ള കുട്ടികൾക്ക് റെക്ടൽ സപോസിറ്ററി വഴിയും പാരാസെറ്റമോൾ നൽകാം. പനി സാധാരണ നിലയിൽ എത്താൻ വീണ്ടും ഉടൻ തന്നെ നൽകിയാൽ, ഓവർഡോസ് ആവാൻ സാധ്യതയുണ്ട്. ആവശ്യമായ പക്ഷം 4–6 മണിക്കൂറിനുശേഷം അടുത്ത ഡോസ് നൽകാവുന്നതാണ്.

പാരസെറ്റമോൾ പല രീതിയിൽ മാർക്കറ്റിലുള്ളതിനാൽ (100 mg/ml drops, syrup 125 mg/5 ml, 250 mg/5 ml, 500 mg /5 ml, 650 mg tablet, 500 mg tablet, 250 mg tablet) ഡോക്ടർ നിർദ്ദേശിച്ച മരുന്നു തന്നെയാണ് നൽകുന്നത് എന്ന് ഉറപ്പുവരുത്തുക. ഇബുപ്രുഫൻ (Ibuprufen)10 mg/kg ഡോസിൽ പാരാസെറ്റമോളിന്റെ സമാന ഫലപ്രാപ്തിയുണ്ടെങ്കിലും അതിന്റെ പാർശ്വഫലങ്ങൾ കൂടുതലാണ്.

മെഫിനമിക് ആസിഡ് (Mefenamic acid) കുട്ടികളിൽ ഉപയോഗിക്കുന്നത് ഗുരുതര ദോഷഫലങ്ങൾ ഉണ്ടാക്കാവുന്നതിനാൽ ഇതിന്റെ ഉപയോഗം ഒഴിവാക്കുക.

പനി എന്തുകൊണ്ട് ആവർത്തിക്കുന്നു?.

കുട്ടികളിൽ പനി ആവർത്തിക്കുന്നതിനുള്ള പ്രധാന കാരണങ്ങൾ നോക്കാം.

1. വൈറൽ അണുബാധകൾ (Viral infections):

സ്കൂളിലോ, പ്ലേ - സ്കൂളിലോ പോകുന്ന കുട്ടികൾക്ക് പരസ്പരം വൈറസ് അണുബാധ പകരുന്നത് എളുപ്പത്തിൽ സംഭവിക്കാവുന്ന ഒന്നാണ്. കുട്ടികൾക്ക് വരുന്ന പനികളിൽ 7 ൽ 10 ഭാഗവും വൈറസ് അണുബാധ കൊണ്ടാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത്തരം പനികളിൽ മഹാഭൂരിപക്ഷവും സ്വാഭാവികമായി സുഖപ്പെടുന്നവയാണ്. കുട്ടികളുടെ പ്രതിരോധ സംവിധാനം പ്രാഥമിക നിലയിലാണ് എന്നതാണ് ഇത്തരം പനികൾ തുടർച്ചയായി വരുന്നതിന്റെ പ്രധാന കാരണം. മുതിർന്നവർക്ക് പനി വരാതെ കുട്ടികൾക്ക് മാത്രമായി പലപ്പോഴും പനി വരുന്നതും ഇതുകൊണ്ടാണ്. വൈറൽ അണുബാധകളിൽ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കേണ്ട സാഹചര്യമില്ല.

ബാക്ടീരിയൽ അണുബാധകൾ:

ചെവി, മൂക്ക്, ടോൺസിൽ, മൂത്രാശയം എന്നിവടങ്ങളിലെ അണുബാധകൾ കൊണ്ടും ആവ ർത്തിച്ചുള്ള പനി ഉണ്ടാവാം.

2. അലർജി, ആസ്ത്മ തുടങ്ങിയ ശ്വാസകോശ പ്രശ്നങ്ങൾ:

ഇത്തരം കുട്ടികൾക്ക് ആവർത്തിച്ചുള്ള അണുബാധ ഉണ്ടാകാവുന്നതും അതിന്റെ കൂടെ പനി ഉണ്ടാവാൻ സാധ്യതയുള്ളതുമാണ്.

3. ആവർത്തിച്ചുള്ള ടോൺസിലൈറ്റിസ് (Recurrent tonsillitis), അഡിനോയിഡ് വളർച്ച (Adenoid enlargement):

ആവർത്തിച്ചുള്ള ടോൺസിലൈറ്റിസ്, അഡിനോയിഡ് വളർച്ച എന്നിവ കൊണ്ടും ആവർത്തിച്ചുള്ള പനി ഉണ്ടാവാം. ഇത്തരം കുട്ടികളിൽ സ്ഥിരമായി തൊണ്ടവേദനയോ മൂക്കടപ്പോ ഉണ്ടാക്കാം.

4. പോഷകാഹാര കുറവ് (Poor nutrition):

പ്രോട്ടീൻ, അയൺ, വിറ്റാമിൻ D എന്നിവയുടെ കുറവ് കുട്ടിയുടെ പ്രതിരോധശേഷി കുറയ്ക്കുകയും അണുബാധകൾ വരാനുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു.

5. അണുനാശനശീലങ്ങളുടെ കുറവ്:

കൈകഴുകാതെ ആഹാരം കഴിക്കുക, ബോട്ടിലിലെ വെള്ളം പങ്കിടൽ, അഴുക്കായ കളിപ്പാട്ടങ്ങൾ ഉപയോഗിക്കുക മുതലായവയും വ്യക്തി ശുചിത്വം പാലിക്കാതിരിക്കുന്നതു കൊണ്ടുമൊക്കെ രോഗാണുക്കൾ പകരാം.

6. രോഗപ്രതിരോധ ശേഷിയിലെ (ഇമ്മ്യൂണിറ്റി) പ്രശ്നങ്ങൾ (Immune deficiency):

അപൂർവമായി ചില കുട്ടികളിൽ പ്രതിരോധ സംവിധാനം സാധാരണപോലെ പ്രവർത്തി ക്കാത്തതാകാം ആവർത്തിച്ചുള്ള പനി വരാനുള്ള കാരണം. ഇങ്ങനെയൊരു സംശയം ചികിൽസിക്കുന്ന ഡോക്ടർ പ്രകടിപ്പിക്കുന്ന പക്ഷം, കൂടുതൽ പരിശോധനകൾ ആവശ്യമാണ്.

7. ഓട്ടോ-ഇൻഫ്ലമേറ്ററി രോഗങ്ങൾ:

അപൂർവമായിട്ടാണെങ്കിൽ പോലും PFAPA സിൻഡ്രോം പോലെയുള്ള (Periodic Fever, Aphthous stomatitis, Pharyngitis and Adenopathy) രോഗാവസ്ഥകളും ആവർത്തിച്ചുള്ള പനികൾ ഉണ്ടാക്കാം.

പനിയെക്കുറിച്ച് എപ്പോൾ ആശങ്കപ്പെടണം?

  • 10 ദിവസത്തിൽ കൂടുതലായി, വ്യക്തമായ കാരണം കണ്ടെത്താതെ പനി തുടരുന്നത്, ഭക്ഷണം കഴിക്കുന്നത് കുറവാവുന്നത് ദിവസങ്ങളോളം നീണ്ടു നിന്നാൽ, ശരീരഭാരം പെട്ടെന്ന് കുറയുന്നത്, സ്ഥിരമായ തളർച്ച, അസാധാരണമായ ക്ഷീണം, രാത്രിയിൽ വിയർപ്പും ക്ഷീണത്തോടും കൂടെയുള്ള പനി (Night sweats) എന്നീ അവസ്ഥകളിൽ.

  • ചർമത്തിൽ ചുവപ്പ് പാടുകൾ, സന്ധിവേദന, ശരീരത്തിൽ എവിടെയെങ്കിലും രക്തസ്രാവം ഉണ്ടാവുക (petechiae/bruises), ദീർഘകാല തുമ്മൽ, ശ്വാസംമുട്ടൽ, അല്ലെങ്കിൽ നെഞ്ചുവേദന എന്നീ അവസ്ഥകളിൽ. വയറുവേദന, കരൾ/സ്പ്ലീൻ വലുതാകൽ (Hepatosplenomegaly ), അല്ലെങ്കിൽ ലിംഫ്നോഡ് വലുതാകൽ (Significant Lymph node enlargement), തുടർച്ചയായ ഛർദ്ദി (Persistent vomiting), തലവേദന, അല്ലെങ്കിൽ മറ്റ് നാഡീപരമായ (ന്യൂറോളജിക്കൽ) ലക്ഷണങ്ങൾ കാണുമ്പോൾ. തുടർച്ചയായുള്ള പനികളും, ആവർത്തിച്ചുള്ള പനികളും ചിലപ്പോഴെങ്കിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ മൂലമാകാം. അതിനാൽ മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ ചികിത്സ തേടേണ്ടതാണ്.

ആവർത്തിച്ചുള്ള പനികൾ ഒഴിവാക്കാനായി മാതാപിതാക്കൾക്ക് ചെയ്യാവുന്ന പ്രതിവിധികൾ.

1. സമതുലിതമായ ഭക്ഷണം (Balanced diet):

മാംസം, മത്സ്യം, മുട്ട, പച്ചക്കറികൾ, പഴങ്ങൾ എന്നിവ ഉൾപ്പെടുത്തി പ്രോട്ടീനും വിറ്റാമിനും ഉള്ള സമൃദ്ധമായ ഡയറ്റ് നൽകുക. സ്കൂളിൽ പോകുന്ന കുട്ടികൾ പ്രഭാതഭക്ഷണം കഴിക്കുന്നു എന്നുറപ്പുവരുത്തുക.

2. ശുദ്ധജലം കുടിപ്പിക്കുക:

തിളപ്പിച്ചാറിയ വെള്ളം മാത്രമേ ഉപയോഗിക്കാവൂ. കുട്ടികൾ സ്കൂളിൽ കൊടുത്തു വിടുന്ന വെള്ളം കുടിക്കുന്നു എന്ന് ഉറപ്പുവരുത്തുക.

3. കൈ കഴുകൽ ശീലം:

ഭക്ഷണത്തിനുമുമ്പും, കഴിച്ച ശേഷവും, മല- മൂത്ര വിസർജനത്തിനു ശേഷവും കുട്ടിയെ സോപ്പോ, ഹാൻഡ് വാഷോ ഉപയോഗിച്ച് കൈ കഴുകാൻ പഠിപ്പിക്കുക.

4. മതിയായ ഉറക്കം:

ഉറക്കം കുറയുന്നത് പ്രതിരോധശേഷി കുറയ്ക്കും. നമ്മുടെ പല കുട്ടികൾക്കും ശരിയായ ഉറക്കം കിട്ടുന്നില്ല എന്നുള്ളത് ആശങ്കാജനകമാണ്.

5. ബാഹ്യവ്യായാമം (Outdoor play):

കുട്ടികൾ കുറച്ചെങ്കിലും സമയം കളിക്കാനും നടക്കാനും ദിവസവും ഉപയോഗിക്കുന്നു എന്ന് ഉറപ്പുവരുത്തുക

6. വാക്സിനേഷൻ:

ശുപാർശ ചെയ്യുന്ന എല്ലാ വാക്സിനുകളും സമയത്ത് നൽ കുക- ഇൻഫ്ലൂവൻസയും, ന്യൂമോകോക്കൽ വാക്സിനുകളുമുൾപ്പടെ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് നിർദ്ദേശിച്ചിട്ടുള്ള എല്ലാ വാക്സിനുകളും നൽ കുന്നു എന്ന് ഉറപ്പുവരുത്തുക.

ഓർക്കുക…

കുട്ടികളുടെ ആവർത്തിച്ചുള്ള പനി ഭൂരിഭാഗം സമയത്തും ആശങ്കപ്പെടേണ്ട ഒന്നല്ല. പനിയുള്ള പ്പോൾ കുട്ടികളെ നിർബന്ധിച്ചു സ്കൂളിൽ വിടുന്നത് മറ്റു കുട്ടികൾക്ക് കൂടി അസുഖം പകരാൻ ഇടയാക്കും. ഇത് ഒഴിവാക്കുക. കുട്ടികളിലെ വളർച്ചയിലുള്ള പ്രതിരോധ സംവിധാനം (immature immune system ) നന്നായി പ്രവർത്തിക്കാൻ വൈകും. അതിനാൽ തന്നെ മുതിർന്നവരേക്കാൾ കൂടുതലായി അസുഖങ്ങൾ കുട്ടികളിൽ കാണപ്പെടാം. ആരോഗ്യപ്രദമായ ഭക്ഷണം, ശുചിത്വം, ഉറക്കം, വാക്സിനേഷൻ എന്നിവയിലൂടെ കുട്ടിയെ രോഗമുക്തനാക്കാനും ആവർത്തിച്ചുള്ള പനികൾ ഒരു പരിധിവരെ ഒഴിവാക്കാനുമാവും.

അസാധാരണമായ ലക്ഷണങ്ങൾ (unusual symptoms) അല്ലെങ്കിൽ ആശങ്കപ്പെടുത്തുന്ന ലക്ഷണങ്ങൾ (dangerous symptoms) കാണുമ്പോൾ വിദഗ്ധ ഡോക്ടറുടെ വിലയിരുത്തൽ ആവശ്യമാണ്.

നല്ല ശീലങ്ങൾ കുട്ടികളിൽ വളർത്തി, ആരോഗ്യമുള്ള ബാല്യത്തിന് നമുക്ക് തുടക്കം കുറിക്കാം.

READ : ഡിജിറ്റൽ മീഡിയ ഉപയോഗം: എങ്ങനെ നമ്മുടെ കുട്ടിയെ നല്ല ഡിജിറ്റൽ സിറ്റിസൺ ആക്കാം?

നവജാതശിശുക്കളുടെ
സ്‌ക്രീനിംഗ്

ഒരിക്കലും അധികപ്പറ്റല്ല
ഈ വാക്സിനുകൾ

സാൽക്കും സബിനും:
ശാസ്ത്രം സമൂഹത്തിനു വേണ്ടി

കടവുൾ
അവതാരം


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം


Summary: Recurrent fever in children; causes and remedies, Dr. Binu Kuttan P.V writes for Indian Medical Association IMA Nammude Arogyam magazine.


ഡോ. ബിനുക്കുട്ടൻ പി.വി.

സീനിയർ കൺസൽട്ടന്റ് ആന്റ് പീഡിയാട്രീഷ്യൻ, നിയോ നറ്റോളജിസ്റ്റ്, സഞ്ജീവനി മൾട്ടി സ്​പെഷ്യാലിറ്റി ഹോസ്പിറ്റൽ, ചെങ്ങന്നൂർ. ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് കേരള സ്റ്റേറ്റ് ട്രഷറർ.

Comments