കർഷകരുടെ ട്രാക്റ്റർ മാർച്ച് പൊലീസ് തടഞ്ഞു

സംയുക്ത കിസാൻ മോർച്ചയുമായി ചണ്ഡീഗഡിൽ ചർച്ച നടത്തുമെന്ന് രാകേഷ് ടിക്കായത്ത്. ഇതിനായി ആറംഗ സമിതിയെ നിയോഗിച്ചു.

National Desk

26.02.2024 | 2.30 PM

  • മിനിമം താങ്ങുവിലയ്ക്ക് നിയമപ്രാബല്യം നൽകണമെന്നാവശ്യപ്പെട്ട് സംയുക്ത കിസാൻ മോർച്ച, ഭാരതീയ കിസാൻ യൂണിയൻ- ടിക്കായത്ത് വിഭാഗം, ലോക്ശക്തി വിഭാഗം എന്നിവയുടെ നേതൃത്വത്തിൽ നോയ്ഡയിൽനിന്ന് ഡൽഹിയിലേക്ക് ആരംഭിച്ച ട്രാക്റ്റർ മാർച്ച് വിവിധയിടങ്ങളിൽ പൊലീസ് തടഞ്ഞു.

  • പശ്ചിമ യു.പിയിലെ കർഷക വിഭാഗമായ ബി.കെ.യു- ടിക്കായത്ത് പ്രവർത്തകർ ട്രാക്റ്ററുകളുമായി ഗ്രെയ്റ്റർ നോയ്ഡയിൽ സമ്മേളിച്ചശേഷമാണ് ചില്ല അതിർത്തിയിലേക്ക് മാർച്ച് തുടങ്ങിയത്. യമുന എക്‌സ്പ്രസ് വേ, ലുഹാർലി ടോൾ പ്ലാസ, മഹാമായ ഫ്‌ളൈ ഓവർ എന്നിവിടങ്ങളിലൂടെയാണ് മാർച്ച്. ഈ വഴികളിലെല്ലാം പൊലീസ് ബാരിക്കേഡ് തീർത്ത് മാർച്ച് തടയുന്നു.

  • പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട കർഷകരുടെ ഓർമക്ക് കർഷകർ മെഴുകുതിരി കത്തിച്ച് മാർച്ചും നടത്തി. ഇവരുടെ മൃതദേഹങ്ങളും മാർച്ചിൽ കൊണ്ടുപോകുന്നുണ്ട്.

  • ശുഭ്കരൻ സിങ്ങിന്റെ കൊലപാതകത്തിന് ഉത്തരവാദികളായവർക്കെതിരെ പഞ്ചാബ് സർക്കാർ നടപടിയെടുക്കുന്നതുവരെ, അദ്ദേഹത്തിന്റെ സംസ്‌കാരനടപടികൾ നീട്ടിവക്കുമെന്ന് കർഷകർ മുന്നറിയിപ്പുനൽകി.

  • സംയുക്ത കിസാൻ മോർച്ച ഇന്ന് 'ക്വിറ്റ് ഡബ്ല്യു.ടി.ഒ' ദിനം ആചരിക്കുന്നു.

  • സംയുക്ത കിസാൻ മോർച്ചയുമായി ചണ്ഡീഗഡിൽ ചർച്ച നടത്തുമെന്ന് രാകേഷ് ടിക്കായത്ത്. ഇതിനായി ആറംഗ സമിതിയെ നിയോഗിച്ചതായി അദ്ദേഹം പറഞ്ഞു. സംയുക്ത കിസാൻ മോർച്ചയിൽനിന്ന് വിട്ടുപോയഎല്ലാ കർഷക സംഘടനകളുമായും തങ്ങൾ ചർച്ച നടത്തുമെന്നും ടിക്കായത്ത് പറഞ്ഞു.

  • കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട പോസ്റ്റുകളും അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യാനുള്ള കേന്ദ്ര സർക്കാർ നിർദേശത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് സോഷ്യൽ മിഡിയ പ്ലാറ്റ്‌ഫോം 'എക്‌സ്'. 177 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനായിരുന്നു ആവശ്യം. കേന്ദ്ര സർക്കാറിന്റെ നിർദേശമനുസരിച്ച് ഈ അക്കൗണ്ടുകൾ തടഞ്ഞുവെങ്കിലും കേന്ദ്ര സർക്കാർ നീക്കത്തോട് തങ്ങൾക്ക് വിയോജിപ്പുണ്ടെന്ന് 'എക്‌സ്' ഒരു പോസ്റ്റിലൂടെ വ്യക്തമാക്കി.

25.02.2024 | 4.00 PM

  • ഡൽഹി ചലോ മാർച്ചിനെ തുടർന്ന് അടച്ച ഹരിയാന അതിർത്തിയിലെ സിംഗു, തിക്രി പോയന്റുകൾ ഭാഗികമായി തുറക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചെന്ന് ഡൽഹി പോലീസ് അറിയിച്ചു

  • ബിജെപി ഭരണത്തിൽ കർഷകർ അസംതൃപ്തരാണെന്ന് ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞു. സമരം ചെയ്യുന്ന കർഷകർക്ക് സമാജ് വാദി പാർട്ടി പിന്തുണ പ്രഖ്യാപിക്കുന്നതായും അദ്ധേഹംഅറിയിച്ചു.

  • ഡൽഹി ചലോ മാർച്ചിന്റെ ഭാഗമായി ഹരിയാനയിലെ അംബാല കുരുക്ഷേത്ര തുടങ്ങിയ ജില്ലകളിൽ താത്കാലികമായി നിർത്തിവെച്ച മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ പുനസ്ഥാപിച്ചു


24.02.2024 | 5.00 PM

  • തുടരുന്ന കർഷകപ്രക്ഷോഭത്തിനിടെ കർഷക യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം. നീതി ലഭിക്കും വരെ സംസ്‌കാര ചടങ്ങുകൾ നടത്തുന്നത് നിർത്തിവെക്കുമെന്ന് കർഷക നേതാവ് സർവാൻ സിംഗ് പാന്ഥേർ അറിയിച്ചു. ഹരിയാന പൊലീസിനെതിരെ എഫ്‌ഐആർ രെജിസ്റ്റർ ചെയ്യണമെന്നും മരണത്തിന് ഉത്തരവാദികളായവർക്കെതിരെ ഐപിസി സെക്ഷൻ 302 പ്രകാരം കേസെടുക്കെണമെന്നും അദ്ധേഹം പറഞ്ഞു.

  • ഹരിയാനയിലെ റോഹ്തക് പിജിഐയിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കർഷകൻ പ്രീത്പാൽ സിംഗിനെ കൈമാറണമെന്ന് ഹരിയാനയോട് പഞ്ചാബ് ആവശ്യപ്പെട്ടു. പ്രീത്പാലിന് പഞ്ചാബ് സർക്കാരിന്റെ സൗജന്യ ചികിത്സ ഉറപ്പാക്കുന്നതിനാണ് കൈമാറ്റം ആവശ്യപ്പെട്ടിരിക്കുന്നത്.

  • പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്നും കർഷകർ മെഴുകുതിരി തെളിയിച്ച് പ്രതിഷേധിക്കും. 25ന് കർഷകരുടെ പ്രശ്‌നങ്ങൾ സംബന്ധിച്ച് സെമിനാറും സംഘടിപ്പിക്കും.

  • പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ അംബാല, കുരുക്ഷേത്ര തുടങ്ങിയ ഏഴ് ജില്ലകളിൽ കൂടി ഹരിയാന സർക്കാർ ഇന്റർനെറ്റിനും മറ്റ് മൊബൈൽ സേവനങ്ങൾക്കും വിലക്കേർപ്പെടുത്തി. ആദ്യ ഘട്ടത്തിൽ 21 വരെയായിരുന്നു വിലക്ക് ഉണ്ടായിരുന്നത്.

  • ഖനൗരി അതിർത്തിയിൽ കർഷകൻ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് പഞ്ചാബ് - ഹരിയാന ഹൈക്കോടതികളിലെ അഭിഭാഷകർ ജോലിയിൽ നിന്ന് വിട്ടുനിന്നു. എന്നാൽ ഹരിയാന അഡ്വക്കറ്റ് ജനറൽ ബി.ആർ മഹാജന്റെ നിർദേശം ഉണ്ടായിരുന്നതിനാൽ ഹരിയാന സർക്കാരിലെ നിയമ ഉദ്യോഗസ്ഥർ പ്രതിഷേധത്തിൽ പങ്കെടുത്തില്ല

  • കർഷകപ്രക്ഷോഭം വിഷയം ചർച്ചയിലൂടെ പരിഹാരം കാണണമെന്ന് കർഷകനേതാവ് രാകേഷ് ടികായത് പറഞ്ഞു.

  • ശംഭു, ഖനൗരി അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകർക്കെതിരെ നാഷണൽ സെക്യൂരിറ്റി ആക്ട് പ്രയോഗിക്കാനുള്ള നീക്കത്തിൽ നിന്ന് ഹരിയാന പൊലീസ് പിൻമാറി.

  • കർഷകരെ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്ന് ശംഭു അതിർത്തിയിൽ നടത്തിയ പത്രസമ്മേളനത്തിൽ കർഷക നേതാവ് പറഞ്ഞു.

  • എഐടിയുസി, സിഐടിയു, സെൻട്രൽ ട്രേഡ് യൂണിയൻ പഞ്ചാബ് എന്നീ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ലുധിയാനയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത്ഷായുടെയും കോലം കത്തിക്കുകയും കരിദിനം ആചരിക്കുകയും ചെയ്തു.

  • കർഷകരുമായി ചർച്ചകൾ നടക്കുകയാണെന്നും ഇതിനായി കേന്ദ്രമന്ത്രിമാരുടെ മൂന്നംഗ കമ്മറ്റി രൂപീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. കർഷകരുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് പറഞ്ഞ അവർ കർഷകരുടെ ക്ഷേമത്തിനായി ധാരാളം കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും പറഞ്ഞു.


23.02.2024 | 1.30 PM

  • ‘ഡൽഹി ചലോ' മാർച്ചിൽ പങ്കെടുത്തിരുന്ന ഒരു കർഷകൻ കൂടി മരിച്ചു. ഖനൗരി അതിർത്തിയിൽ പ്രക്ഷോഭം നടത്തിയിരുന്ന കർഷക സംഘത്തിലെ പഞ്ചാബ് സ്വദേശി ദർശൻ സിങ് (62) ആണ്, പ്രക്ഷോഭസ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചത്. ഇതോടെ, പൊലീസ് നടപടിയിലും അല്ലാതെയും മരിച്ച കർഷകരുടെ എണ്ണം അഞ്ചായി.

  • വ്യാഴാഴ്ച രാത്രി ശാരീരികാസ്വസ്ഥത നേടിട്ട ദർശൻ സിങ്ങിനെ ആശുപത്രിയിലെത്തിച്ചിരുന്നു.

  • ഭട്ടിണ്ഡ ജില്ലയിലെ അമർഗഡ് ഗ്രാമത്തിൽനിന്നുള്ള കർഷകനാണ് ദർശൻ സിങ്. അദ്ദേഹത്തിന് എട്ട് ഏക്കർ നിലമുണ്ടെന്നും എട്ട് ലക്ഷം രൂപ കടമുണ്ടെന്നും സംഘടനാപ്രതിനിധികൾ പറഞ്ഞു. ഫെബ്രുവരി 13 മുതൽ അദ്ദേഹം ഖനൗരി അതിർത്തിയിലുണ്ടായിരുന്നു.

  • അതിനിടെ, കഴിഞ്ഞ ദിവസം പൊലീസ് നടപടിയിൽ തലക്ക് പരിക്കേറ്റ് മരിച്ച ശുഭ്കരൻ സിങ്ങിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്‌സിങ് മാൻ പറഞ്ഞു. അദ്ദേഹത്തിന്റെ ഇളയ സഹോദരിക്ക് സർക്കാർ ജോലിയും നൽകും. പഞ്ചാബ് - ഹരിയാന അതിർത്തിയിൽ പ്രക്ഷോഭത്തിനിടെയാണ് ശുഭ്കരൻ സിങ്ങിന് തലയ്ക്ക് മാരകമായി പരിക്കേറ്റത്.

  • 'ഡൽഹി ചലോ' പ്രക്ഷോഭവുമായി യോജിച്ച് മുന്നോട്ടുപോകാൻ സംയുക്ത കിസാൻ മോർച്ച നീക്കം. ഇതു സംബന്ധിച്ച് കർഷക സംഘടനകൾതമ്മിൽ ഉടൻ തീരുമാനമുണ്ടാക്കും.

  • കർഷക പ്രക്ഷോഭം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി, സംയുക്ത കിസാൻ മോർച്ച അഖിലേന്ത്യാ തലത്തിൽ നിരവധി പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കും. ഫെബ്രുവരി 26-ന് രാജ്യവ്യാപകമായി ട്രാക്റ്റർ പ്രകടനം. ഇന്ത്യ ഡബ്ല്യ ടി ഒയിൽനിന്ന് പുറത്തുവരണമെന്ന ആവശ്യമുയർത്തും.

  • മാർച്ച് 14 ന് ഡൽഹിയിലെ രാംലീലാ മൈതാനത്ത് കർഷക- തൊഴിലാളി മഹാ പഞ്ചായത്ത് സംഘടിപ്പിക്കുവാൻ ഇന്നലെ ചണ്ഡീഢിൽ ചേർന്ന സംയുക്ത കിസാൻ മോർച്ച യോഗം തീരുമാനിച്ചു. രാകേഷ് ടിക്കായത്ത്, ദർശൻ പാൽ, ജോഗീന്ദർ സിംഗ് ഉഗ്രാഹ്, ഹനൻ മൊള്ള തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

  • കർഷക പ്രക്ഷോഭ നേതാക്കളെ കരുതൽ തടങ്കലിൽ വെക്കാനുള്ള നീക്കവുമായി അംബാലാ പോലീസ് ഉത്തരവിറക്കി. നാഷണൽ സെക്യൂരിറ്റി ആക്ട് അനുസരിച്ച് പ്രക്ഷോഭ നേതൃത്വത്തിലുള്ളവരെ തടവിൽ വക്കാനാണ് നീക്കം. പ്രക്ഷോഭ നേതാക്കളുടെ സ്വത്തുവഹകൾ കണ്ടുകെട്ടാനുള്ള ഉത്തരവും പോലീസ് പുറപ്പെടുവിച്ചു. പബ്ലിക് പ്രോപ്പർട്ടികൾക്ക് നാശമുണ്ടാക്കി എന്നാരോപിച്ചാണ് നടപടി. എന്നാൽ, ഒരു കർഷക നേതാവിനും എതിരെ നാഷണൽ സെക്യൂരിറ്റി ആക്ട് ചുമത്തിയിട്ടില്ലെന്ന് ഹരിയാന പൊലീസ് അറിയിച്ചു.

  • ഭാരതീയ കർഷക യൂണിയൻ- ഷഹീദ് ഭഗത്‌സിങ് വിഭാഗം പ്രസിഡന്റ് അമർജിത് സിങ് മോഹ്‌റിയുടെ വീട്ടുപടിക്കൽ പൊലീസിന്റെ നോട്ടീസ്. ശംഭു അതിർത്തിയിൽ പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ ജില്ലാ ഭരണകൂടത്തിൽനിന്ന് മുൻകൂർ അനുമതി വാങ്ങണമെന്നാണ് അറിയിപ്പ്. ഫെബ്രുവരി 21നാണ് നോട്ടീസ് പതിച്ചത്. മോഹ്‌റിയുടെ സ്വത്തിന്റെയും ഭൂമിയുടെയും വിവരം അടുത്ത പൊലീസ് സ്‌റ്റേഷനിൽ അറിയിക്കണമെന്നും നോട്ടീസിലുണ്ട്.


21.02.2024 | 6.30 PM

പൊലീസ് ഷെൽ വർഷത്തിൽ കൊല്ലപ്പെട്ട പഞ്ചാബി യുവാവ് ശുഭ്കരൻ സിങ്
പൊലീസ് ഷെൽ വർഷത്തിൽ കൊല്ലപ്പെട്ട പഞ്ചാബി യുവാവ് ശുഭ്കരൻ സിങ്
  • ‘ഡൽഹി ചലോ’ മാർച്ചിൽ പ​ങ്കെടുത്തിരുന്ന പഞ്ചാബ് സ്വദേശിയായ 24 കാരൻ പൊലീസിന്റെ ബുള്ളറ്റ് പ്രയോഗത്തിൽ കൊല്ലപ്പെട്ടു. ഭട്ടിണ്ഡ സ്വദേശി ശുഭ്കരൻ സിങ് ആണ് കൊല്ലപ്പെട്ടതെന്ന് ഓൾ ഇന്ത്യ കിസാൻ കോൺഗ്രസ് നേതാവും കോൺഗ്രസ് എം.എൽ.എയുമായ സുഖ്പാൽ സിങ് ഖാരിയ അറിയിച്ചു. ഖനൗരി അതിർത്തിയിലാണ് സംഭവം. തലക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ബുള്ളറ്റുകൾ തുളഞ്ഞുകയറിയുള്ള പരിക്കുകൾ തലയിലുണ്ടായിരുന്നതായി ആശുപത്രി സൂപ്രണ്ട് പറഞ്ഞു. പൊലീസ് നടപടിയിൽ നിരവധി കർഷകർക്ക് പരിക്കേറ്റു. ‘ഡൽഹി ചലോ’ മാർച്ച് പുനരാരംഭിച്ച ഇന്ന് ഖനൗരി അതിർത്തിയിൽ വൻ സംഘർഷാവസ്ഥയുണ്ടായിരുന്നു.

  • തലക്ക് ഗുരുതരമായി പരിക്കേറ്റ ശുഭ്കരൻ സിങ്ങിനെ സർക്കാർ മെഡിക്കൽ കോളേജാശുപത്രിയിലേക്കും പാട്യാലയിലെ രജീന്ദ്ര ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും വൈകീട്ട് മൂന്നിന് മരിച്ചതായി ആശുപത്രി സൂപ്രണ്ടിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
    ശംഭു, ഖനൗരി അതിർത്തികളിൽ സമാധാനപരമായി പ്രതിഷേധിച്ചിരുന്ന കർഷകർക്കുനേരെയാണ് ഹരിയാന പൊലീസ് കനത്ത ഷെൽ വർഷം നടത്തിയതെന്നും ഈ നടപടിയിലാണ് യുവാവ് കൊല്ലപ്പെട്ടതെന്നും അഖിലേന്ത്യ കിസാൻ കോൺഗ്രസ് ചെയർമാൻ സുഖ്പാൽ സിങ് ഖായ്റ പറഞ്ഞു.
    എന്നാൽ, പൊലീസ് നടപടിയിലല്ല മരണമെന്നാണ് ഹരിയാന പൊലീസ് പറയുന്നത്. കർഷകരുടെ അക്രമത്തിൽ നിരവധി പൊലീസുകാർക്ക് പരിക്കേറ്റതായും പൊലീസ് പറയുന്നു.

21.02.2024 | 4.10 PM

  • ർഷക പ്രക്ഷോഭത്തിൽ കേന്ദ്ര സർക്കാറിന്റെ ‘ചർച്ചയും ആക്രമണവും’ എന്ന ദ്വിമുഖ തന്ത്രം തുടരുന്നു. ഇന്നു രാവിലെ മാർച്ച് പുനരാരംഭിച്ച കർഷകരെ സുരക്ഷാസേന കണ്ണീർവാതക ഷെല്ലുകളുമായി നേരിട്ടു. ഖനൗരിയിൽ മാർച്ചിനെതിരെ കനത്ത ടിയർ ഗ്യാസ് പ്രയോഗം.

  • അഞ്ചാം റൗണ്ട് ചർച്ചകൾക്ക് കർഷകരെ ക്ഷണിച്ച് കേന്ദ്രം. മിനിമം താങ്ങുവില അടക്കം പ്രക്ഷോഭകർ ഉന്നയിക്കുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യാമെന്ന് കേന്ദ്ര കൃഷി മന്ത്രി അർജുൻ മുണ്ടെ. സമാധാനം പാലിക്കാനും ചർച്ചകളിലൂടെ പരിഹാരം കാണാനും മന്ത്രിയുടെ അഭ്യർഥന.

  • ചർച്ചക്കുളള ക്ഷണത്തെക്കുറിച്ച് ആലോചിച്ച് തീരുമാനമെടുക്കുമെന്ന് കർഷക നേതാവ് സർവൻ സിങ് പാൻധർ.

  • പടിഞ്ഞാറൻ യു.പിയിലേക്കും കർഷക സമരം വ്യാപിക്കുന്നു. മുസാഫർ നഗർ കലക്ടറേറ്റിനുമുന്നിൽ ഭാരതീയ കിസാൻ യൂണിയന്റെ നേതൃത്വത്തിൽ ട്രാക്റ്ററുകളുമായി ആയിരക്കണക്കിന് കർഷകർ കുത്തിയിരിക്കുന്നു. ബി.കെ.യു പ്രസിഡന്റ് നരേഷ് ടിക്കായത്ത് ട്രാക്റ്റർ മാർച്ചിനെത്തും.

  • പ്രക്ഷോഭത്തിന്റെ അടുത്ത ഘട്ടം തീരുമാനിക്കാൻ രാജ്യത്തെ കർഷകരുമായി സംയുക്ത കിസാൻ മോർച്ചയുടെ പ്രധാന യോഗം നാളെ നടക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്.

  • ബാഗ്പത്, മീററ്റ്, ഹാപുർ, സാംഭാൽ, അംറോഹ, സഹരാൻപുർ എന്നിവിടങ്ങളിലും കർഷകരുടെ പ്രക്ഷോഭം.

  • ശംഭു അതിർത്തിയിൽ കർഷകർ മനുഷ്യച്ചങ്ങല തീർത്ത് പൊലീസിനെ ഉപരോധിക്കുന്നു. ബാരിക്കേഡുകൾ തകർക്കാൻ മണ്ണുമാന്തി യന്ത്രങ്ങളും കണ്ണീർവാതക ഷെൽ നിർവീര്യമാക്കാൻ വെള്ളം ചീറ്റുന്ന യന്ത്രങ്ങളും ഗ്യാസ് മാസ്‌കുകളും സജ്ജമാക്കിയാണ് കർഷകരുടെ പ്രതിരോധം. മറുവശത്ത് സായുധ സജ്ജരായി സുരക്ഷാസേനയും.

  • ശംഭു അതിർത്തിയിൽ കർഷകർ വലിയ യന്ത്രസന്നാഹവുമായി ഡൽഹിയിലേക്ക് മാർച്ച് ചെയ്യുന്നത് തടയാൻ ഹരിയാന ഡി.ജി.പിയുടെ നിർദേശം. ശംഭുവിൽനിന്ന് ഡൽഹിക്ക് 200 കിലോമീറ്ററാണുള്ളത്.

  • വടികളും കല്ലുകളുമായി ഫെയ്‌സ് മാക്‌സ് ധരിച്ച യുവാക്കൾ സുരക്ഷാസേനയെ ആക്രമിക്കുന്നുവെന്ന് പൊലീസ് പ്രസ്താവന.

  • പ്രതിഷേധിക്കാനുള്ള കർഷകരുടെ അവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബ് -ഹരിയാന കോടതിയിൽ അഭിഭാഷകനായ ഉദയ് പ്രതാപിന്റെ പൊതുതാൽപര്യ ഹർജി. ബാരിക്കേഡുകളുയർത്തി കർഷകരുടെ പ്രക്ഷോഭത്തെ തടഞ്ഞിരിക്കുകയാണെന്നും പൗരരെന്ന നിലയ്ക്ക് കർഷകർക്ക് രാജ്യത്തിന്റെ ഏതു ഭാഗത്തേക്കും സഞ്ചരിക്കാൻ അവകാശമുണ്ടെന്നും പൊലീസ് അതിക്രമത്തിൽ പരിക്കേറ്റ കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം.

  • കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ: ''അവശ്യ വിളകൾക്ക് മിനിമം താങ്ങുവിലയ്ക്ക് നിയമപ്രാബല്യം നൽകുന്ന വിഷയം കോൺഗ്രസ് പ്രകടനപത്രികയിലുണ്ടാകും’’.


20.02.2024 | 12.30 PM

  • ഞായറാഴ്ചയിലെ ചർച്ചയിൽ കേന്ദ്രം മുന്നോട്ടുവച്ച നിർദേശങ്ങൾ കർഷക സംഘടനകൾ തള്ളിയതിനെതുടർന്ന് 'ഡൽഹി ചലോ' പ്രക്ഷോഭം നാളെ രാവിലെ 11ന് പുനരാരംഭിക്കും.

  • ചോളം, പരുത്തി, മൂന്നിനം ധാന്യങ്ങൾ എന്നിവ അഞ്ചു വർഷത്തേക്ക് പഴയ താങ്ങുവിലയിൽ വാങ്ങാം എന്ന നിർദേശമാണ് കർഷക സംഘടനകൾ തള്ളിയത്.

  • ഏതാനും ഇനങ്ങൾക്കുമാത്രം താങ്ങുവില എന്ന നിർദേശം ചില കർഷകരെ മാത്രം സഹായിക്കാനുള്ളതാണ് എന്നാണ് സംഘടനകളുടെ വിമർശനം.

  • രണ്ടോ മൂന്നോ ഇനങ്ങൾക്കുമാത്രം താങ്ങുവില നൽകാൻ 1.5 ലക്ഷം കോടി രൂപ അധികബാധ്യത വരുമെന്നാണ് കേന്ദ്ര സർക്കാർ വാദം. എന്നാൽ, എല്ലാ വിളകൾക്കും താങ്ങുവില നൽകാൻ 1.75 ലക്ഷം കോടി രൂപയേ വരൂ എന്ന് കർഷക സംഘടനകൾ.

  • ശരാശരി ഉൽപ്പാദനചെല്ലവിന്റെ 50 ശതമാനം മിനിമം താങ്ങുവില പ്രഖ്യാപിക്കുക, കർഷകർക്കും കർഷക തൊഴിലാളികൾക്കും പെൻഷൻ തുടങ്ങിയ സ്വാമിനാഥൻ കമീഷൻ നിർദേശങ്ങളാണ് കർഷക സംഘടനകൾ മുന്നോട്ടുവക്കുന്നത്.

  • 'ഡൽഹി ചലോ' മാർച്ചിൽ ഉന്നയിക്കപ്പെട്ട മറ്റു വിഷയങ്ങളിൽ കേന്ദ്രത്തിന് മറുപടിയില്ല.

  • 'സർക്കാറിന്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയമുണ്ട്. ഞങ്ങളുടെ ആവശ്യങ്ങൾ ഗൗരവത്തോടെ കണക്കിലെടുക്കുന്നില്ല. മിനിമം താങ്ങുവില പ്രശ്‌നം പരിഹരിക്കാൻ, 23 വിളകളെയും ഉൾപ്പെടുത്തിയുള്ള സമഗ്ര ഫോർമുലയാണ് ആവശ്യം'- കർഷക നേതാവ് ജഗ്ജിത് സിങ് ദല്ലോവാൽ.

  • 'ഒന്നുകിൽ ഞങ്ങളുടെ പ്രശ്‌നം പരിഹരിക്കുക, അല്ലെങ്കിൽ ബാരിക്കേഡുകൾ മാറ്റി ഞങ്ങളെ ഡൽഹിയിലേക്ക് സമാധാനപരമായി മാർച്ച് ചെയ്യാൻ അനുവദിക്കുക. ഞങ്ങൾ ഡൽഹിയിലേക്ക് മാർച്ച് ചെയ്യുമ്പോൾ ഷെൽ വർഷമുണ്ടാകും, ഞങ്ങളുടെ ട്രാക്റ്ററുകളുടെ ടയറുകൾ ലക്ഷ്യമാക്കി ബുള്ളറ്റുകൾ പ്രയോഗിക്കും. ഹരിയാന ഡി.ജി.പി പറയുന്നത്, കർഷകർക്കുനേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുന്നില്ല എന്നാണ്. എങ്കിൽ, അത് പ്രയോഗിച്ചവർക്കെതിരെ നടപടി വേണം''- കിസാൻ മസ്ദൂർ മോർച്ച നേതാവ് സർവൻ സിങ് പാൻധർ.

  • നോയ്ഡ, ഗ്രേറ്റർ നോയ്ഡ എന്നിവിടങ്ങളിലെ കർഷകരും നാളെ 'ഡൽഹി ചലോ' മാർച്ചിൽ പങ്കെടുക്കും. കഴിഞ്ഞ വർഷങ്ങളിൽ വികസനപ്രവർത്തനങ്ങളുടെ പേരിൽ ഏറ്റെടുത്ത ഭൂമിക്ക് ന്യായമായ നഷ്ടപരിഹാരമാണ് ഇവരുടെ ആവശ്യം.

  • കർഷക സമരവുമായി ബന്ധപ്പെട്ട 177 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ബ്ലോക്കുചെയ്യാൻ കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, എക്‌സ്, സ്‌നാപ്ചാറ്റ്, റെഢിറ്റ് അക്കൗണ്ടുകൾക്കാണ് വിലക്കേർപ്പെടുത്തുക.


Read Previous Updates:
Day 7 | Day 4 | Day 3| Day 2 | Day 1

Comments