ആരെയെങ്കിലും ഫിനിഷ് ചെയ്യുക എന്നത് മാധ്യമങ്ങളുടെ ജോലിയല്ല

ജനാധിപത്യത്തിന്റെ അടിസ്ഥാനഭാവങ്ങളിലൊന്നായ ഡയലോഗിനുള്ള അവസരം ടെലിവിഷൻ കൃത്യമായി നൽകുന്നുണ്ട്. പീപ്പിൾ ചാനലിൽ രാജ്‌മോഹൻ ഉണ്ണിത്താനെ നമുക്കു കാണാം. പക്ഷേ ദേശാഭിമാനിയിൽ രാജ്‌മോഹൻ ഉണ്ണിത്താൻ കോളം എഴുതുന്നത് ചിന്തിക്കാനാവില്ല- മനോരമ ന്യൂസിന്റെ ​ഡയറക്​ടർ ന്യൂസ് ജോണി ലൂക്കോസ്​ സംസാരിക്കുന്നു. തിങ്ക്​ നൽകിയ പത്തുചോദ്യങ്ങൾക്ക്​ 22 മാധ്യമപ്രവർത്തകരാണ്​ നിലപാട്​ വ്യക്തമാക്കിയത്​. ഇതോ​​ടൊപ്പം, മാധ്യമപ്രവർത്തകരുടെ പേരിൽ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ കൂടുതൽ പ്രതികരണങ്ങൾ വായിക്കാം.

മനില സി. മോഹൻ : മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും ക്രൂരമായി വിമർശിക്കപ്പെടുകയാണ്. ആത്മവിമർശനപരമായിത്തന്നെ ഇതിനെ സമീപിക്കണം. എന്തുകൊണ്ട് മാധ്യമങ്ങൾ വിമർശിക്കപ്പെടുന്നു എന്നാണ് തോന്നിയിട്ടുള്ളത്?

ജോണി ലൂക്കോസ്​: മാധ്യമങ്ങൾ എന്തുകൊണ്ട്​ വിമർശിക്കപ്പെടുന്നു എന്നു ചോദിച്ചാൽ ചിന്താശേഷിയുള്ള ഒരു സമൂഹത്തിൽ ഇത്തരം വിമർശനങ്ങൾ സ്വാഭാവികമാണ് എന്നാണ് ഉത്തരം. ആരോഗ്യകരമായ മാധ്യമ സാമൂഹിക സംവാദം ഗുണകരണമാണ്. Personal vendetta, Political vendetta എന്നീ ഗണങ്ങളിൽ പെടാത്തിടത്തോളം ഏതു വിമർശനവും സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. സ്വന്തം അഭിപ്രായത്തിന് എന്നതുപോലെ വിരുദ്ധ അഭിപ്രായത്തിനും മൂല്യം കൽപ്പിക്കുക എന്നതാണ് ജനാധിപത്യത്തിന്റെ സത്ത. പക്ഷേ വിരുദ്ധ അഭിപ്രായത്തിന് കുറച്ചെങ്കിലും മൂല്യം കൽപ്പിക്കുന്നതിനപ്പുറത്ത് പറയരുത് എന്ന നിലയിലേക്ക് അസഹിഷ്ണുത നമ്മെ കൊണ്ടെത്തിച്ചു.

നിങ്ങൾ പറയൂ ഞങ്ങൾ മറുപടി പറയാം എന്നല്ല, നിങ്ങൾ പറയേണ്ട എന്നാണ് പറയുന്നത്. ഈ വിരുദ്ധ അഭിപ്രായങ്ങളുടെ ഏറ്റുമുട്ടലിനു വേദിയാവുന്ന മാധ്യമങ്ങളെ സന്ദർഭത്തിനും ആവശ്യത്തിനും അനുസരിച്ച് ഒരുഭാഗത്ത് ചേർത്തുനിർത്തി വിമർശിക്കുക എന്നതാണ് ഇന്നു കാണുന്ന ഒരു പൊതുപ്രവണത. അങ്ങനെയാണ് വിമർശനം വ്യക്തിപരമായ അധിക്ഷേപത്തിലേക്കും കുടുംബത്തെ അവഹേളിക്കലിലേക്കും നീങ്ങുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ചില മാധ്യമപ്രവർത്തകർ പരസ്യനിലപാട് എടുക്കുന്നതും ചിലർ മര്യാദകേട് എന്നു തോന്നിപ്പിക്കുന്നവിധത്തിൽ ഇടപെടുന്നതും വിമർശനത്തിന് വഴിവയ്ക്കുന്നുണ്ട്.

എം.ജി.രാധാകൃഷ്ണൻസ്റ്റാൻലി ജോണികെ.പി. സേതുനാഥ്കെ.ജെ. ജേക്കബ്അഭിലാഷ് മോഹൻടി.എം. ഹർഷൻവി.പി. റജീനഉണ്ണി ബാലകൃഷ്ണൻകെ. ടോണി ജോസ്രാജീവ് ദേവരാജ്ഇ. സനീഷ്എം. സുചിത്രജോൺ ബ്രിട്ടാസ്വി.ബി. പരമേശ്വരൻവി.എം. ദീപവിധു വിൻസെൻറ്ജോസി ജോസഫ്വെങ്കിടേഷ് രാമകൃഷ്ണൻധന്യ രാജേന്ദ്രൻഎം.വി. നികേഷ് കുമാർകെ.പി. റജി

ചോദ്യം: ജേണലിസ്റ്റുകൾക്ക് മറ്റ് തൊഴിൽ മേഖലകളിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും പ്രിവിലേജുകൾ - സവിശേഷ അധികാരം ഉണ്ട് എന്ന് കരുതുന്നുണ്ടോ? മറിച്ച് സാമൂഹികവും രാഷ്ട്രീയവുമായ എന്തെങ്കിലും പ്രതിബദ്ധത ഉണ്ടെന്ന്?

ഭരണഘടന അനുസരിച്ച് ജേണലിസ്റ്റുകൾക്ക് സവിശേഷ സംരക്ഷണമൊന്നുമില്ല. എന്നാൽ ജനാധിപത്യത്തിന്റെ മറ്റു തൂണുകൾക്ക്​ലഭിക്കാത്തത്ര സവിശേഷ സ്ഥാനം മാധ്യമങ്ങൾക്ക് സ്വാതന്ത്ര്യസമരകാലഘട്ടം മുതൽ ജനങ്ങൾ നൽകിപ്പോന്നിട്ടുണ്ട്. അത് ജനാധിപത്യത്തിൽ മാധ്യമങ്ങൾ നിർവഹിക്കുന്ന ദൗത്യത്തിലൂടെ നേടിയെടുത്തതാണ്. ജനങ്ങളോടൊപ്പംനിന്ന് ചോദിക്കാനും പറയാനും മാധ്യമങ്ങൾ മാത്രമേയുള്ളൂ എന്ന തോന്നലിലാണ് മാധ്യമസ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ ജീവശ്വാസം ആകുന്നത്. ജനാധിപത്യത്തിൽ തന്നെ മറ്റു സംവിധാനങ്ങളിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടമായിട്ടുണ്ട്. അല്ലെങ്കിൽ അവയുടെ പരിമിതി മനസ്സിലായിട്ടുണ്ട്. അതുകൊണ്ട് മാധ്യമങ്ങൾ അവരുടെ സവിശേഷദൗത്യം നന്നായി നിർവഹിക്കണം എന്നുതന്നെയാണ് പൊതുസമൂഹം ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ സാമൂഹികവും രാഷ്ട്രീയവുമായ ഉത്തരവാദിത്തവും പ്രതിബദ്ധതയും മാധ്യമങ്ങൾക്കുണ്ടാവണം.

ചോദ്യം: നിഷ്​പക്ഷ മാധ്യമ പ്രവർത്തനം എന്നൊന്നുണ്ടോ? ഉണ്ടെങ്കിൽ / ഇല്ലെങ്കിൽ അത് എങ്ങനെയാണ്?

ജനപക്ഷത്തുനിന്നു നടത്തുന്ന മാധ്യമപ്രവർത്തനത്തിൽ പക്ഷപാതം ഉൾചേർന്നിരിക്കുന്നുവെങ്കിൽ അക്ഷരാർത്ഥത്തിലുള്ള നിഷ്​പക്ഷ മാധ്യമപ്രവർത്തനം ഇല്ല എന്നു പറയണം. ജനങ്ങളുടെ പക്ഷമാണ് നിഷ്​പക്ഷമെങ്കിൽ അങ്ങനെയൊന്ന് ഉണ്ടെന്നും പറയാം. ജനപക്ഷത്തെ കക്ഷിരാഷ്ട്രീയത്തിന്റെ പക്ഷവുമായി ചേർത്തുവയ്ക്കുമ്പോഴാണ് തെറ്റ് സംഭവിക്കുക. ഉദാഹരണത്തിന് പ്രളയദുരിതാശ്വാസ ഫണ്ട് തട്ടാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥനോ നേതാവിനോ എതിരെയുള്ള വാർത്തയിൽ ജനങ്ങളുടെ

കൂടെയാണ് റിപ്പോർട്ടർ. മറുപക്ഷത്ത് നിൽക്കുന്ന പാർട്ടിക്കോ, നേതാവിനോ അതു നിഷ്​പക്ഷമാണ് എന്നു തോന്നണമെന്നില്ല. മാധ്യമവേട്ട എന്നൊക്കെ ഇപ്പോൾ പലപ്പോഴും പ്രയോഗിക്കപ്പെടുന്നുണ്ട്. ശക്തിയുള്ളവർ ബലഹീനരെ പ്രഹരിക്കുമ്പോഴാണ് അതിനെ വേട്ട എന്നു പറയുക. പലപ്പോഴും മാധ്യമങ്ങളുടെ എതിർപക്ഷത്തു നിൽക്കുന്നത് ഭരണകർത്താക്കളും രാഷ്ട്രീയനേതാക്കളും ഒക്കെയാണ്. ഇവരൊക്കെ ശക്തരാണ്. വേട്ടയുടെ അന്ത്യത്തിൽ ഇര ബാക്കിയുണ്ടാവില്ല. എന്നാൽ ബാക്കി നിർത്താതെ ആരെയെങ്കിലും ഫിനിഷ് ചെയ്യുക എന്നത് മാധ്യമങ്ങളുടെ ജോലിയല്ല. അതുകൊണ്ട് മാധ്യമവേട്ട എന്നു വിശേഷിപ്പിച്ച് മാധ്യമപ്രവർത്തനത്തെ ചോദ്യം ചെയ്യുന്നതിൽ അർത്ഥമില്ല.

ചോദ്യം: ടെലിവിഷൻ ജേണലിസം മാധ്യമ രംഗത്ത് കൊണ്ടുവന്ന മാറ്റങ്ങൾ ഗുണപരമായിരുന്നോ?

ദൃശ്യങ്ങളുടെ നേർസാക്ഷ്യമാണ് ജേണലിസം രംഗത്ത് ടെലിവിഷൻ കൊണ്ടുവന്ന ഏറ്റവും നല്ല മാറ്റങ്ങളിലൊന്ന്. വിശ്വാസ്യതയുടെ കാര്യത്തിലും അത് വലിയ ചലനമുണ്ടാക്കി. വാർത്താചാനലുകളുടെ വരവിനുശേഷം കേരളത്തിൽ നടന്ന എല്ലാ പ്രധാനസംഭവങ്ങളും മലയാളി തൽസമയം നേരിൽക്കണ്ടു. രാഷ്ട്രീയനേതാക്കൾക്കടക്കം പറഞ്ഞത് പറഞ്ഞില്ലെന്നുപറയാൻ ഇടമില്ലാതായി. അത് അടിക്കടി തിരുത്തപ്പെടുന്ന, നിഷേധിക്കപ്പെടുന്ന പൊള്ളയായ പ്രസ്താവനകളുടെ എണ്ണം കുറച്ചു. പിന്നീട് രാജ്യാന്തരതലത്തിൽത്തന്നെ ടെലിവിഷൻ വാർത്തയുടെ സമീപനം മാറിയെന്നത് വസ്തുതയാണ്. ദൃശ്യങ്ങളുടെ ഇടം അപഹരിക്കപ്പെടുന്ന രീതിയിലേക്ക് ഇൻഫോ ഗ്രാഫിക്‌സുകൾ കടന്നുവന്നപ്പോഴും സംവാദങ്ങളുടെ നിലവാരത്തിൽ മാറ്റങ്ങളുണ്ടായപ്പോഴും വസ്തുതകൾ നേരിട്ടറിയാനുള്ള ഏറ്റവും മികച്ച ഉപാധിയെന്ന ടെലിവിഷന്റെ സ്ഥാനത്തിൽ മാറ്റമില്ല. ജനാധിപത്യത്തിന്റെ അടിസ്ഥാനഭാവങ്ങളിലൊന്നായ ഡയലോഗിനുള്ള അവസരം ടെലിവിഷൻ കൃത്യമായി നൽകുന്നുണ്ട്. ഏതെങ്കിലും പാർട്ടിയോട് വിധേയത്വമുള്ള ചാനലുകളിൽപോലും എതിർഭാഗത്തുനിന്നുള്ള രാഷ്ട്രീയനേതാക്കൾ പങ്കെടുക്കുന്നുണ്ടല്ലോ. പീപ്പിൾ ചാനലിൽ രാജ്‌മോഹൻ ഉണ്ണിത്താനെ നമുക്കു കാണാം. പക്ഷേ ദേശാഭിമാനിയിൽ രാജ്‌മോഹൻ ഉണ്ണിത്താൻ കോളം എഴുതുന്നത് ചിന്തിക്കാനാവില്ല. എന്നാൽ കാഴ്ചക്കാരുടെ മനോഭാവത്തിൽവന്ന ചില മാറ്റങ്ങൾ ടെലിവിഷൻ ജേർണലിസത്തെ ബാധിച്ചിട്ടുണ്ട്. തനിക്കു കിട്ടിയ വിവരവും തന്റെ വിശ്വാസവും ശരിയെന്നു സ്ഥാപിക്കാനായി ടെലിവിഷൻ കാണുന്നവർ മാധ്യമപ്രവർത്തകർക്കു സമ്മർദ്ദം ഉണ്ടാക്കുന്നുണ്ട്. മിതമായി സംസാരിച്ചിരുന്ന രാഷ്ട്രീയനേതാക്കളെ മുമ്പ് ബഹുമാനിച്ചിരുന്നെങ്കിൽ ഇപ്പോൾ അത്തരം നേതാക്കൾക്ക് ഇടമില്ല എന്നത് ടെലിവിഷൻ കൊണ്ടുവന്ന ഗുണപരമല്ലാത്ത ഒരു മാറ്റമാണ്.

ചോദ്യം:മതം/ കോർപ്പറേറ്റുകൾ / രാഷ്ട്രീയ പാർട്ടികൾ എന്നിവയുടെ നിയന്ത്രണത്തിലാണ് കേരളത്തിലെ ഭൂരിപക്ഷ മാധ്യമ പ്രവർത്തനം എന്ന് വിമർശിച്ചാൽ? എന്താണ് അനുഭവം?

കേരളത്തിൽ ഇന്നുള്ള വാർത്താമാധ്യമങ്ങളിൽ ചിലത്​ രാഷ്ട്രീയപ്രസ്ഥാനങ്ങളോട് ചേർന്നുനിൽക്കുന്നവയാണ്. ചിലതിന് മതപരമായ പശ്ചാത്തലവുമുണ്ട്. പല സ്ഥാപനങ്ങളും തുടങ്ങിയതുതന്നെ രാഷ്ട്രീയപാർട്ടികൾ നേരിട്ടോ അവരുടെ പിൻബലത്തോടെയോ ആണ്. സ്വന്തം പാർട്ടിയേയും പ്രസ്ഥാനത്തേയും പ്രതിരോധത്തിലാക്കുന്ന വിഷയങ്ങളെ വാർത്തകൊണ്ട് പ്രതിരോധിക്കാനോ പ്രത്യാക്രമണം നടത്താനോ ഇത്തരം സ്ഥാപനങ്ങളും അവയിലെ മാധ്യമപ്രവർത്തകരും ശ്രമിക്കുന്നതായി കാണുന്നുണ്ട്. ഇപ്പോൾ വാട്‌സ്​ആപും ഫേസ്ബുക്കും ഉൾപ്പെടെ

സമൂഹമാധ്യമങ്ങളിൽ ഈ പശ്ചാത്തലമുള്ള മാധ്യമപ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നത് കാണാം. ഇതെല്ലാം അത്യന്തികമായി ബാധിക്കുന്നത് വാർത്താമാധ്യമപ്രവർത്തനത്തിന്റെ പൊതുവിശ്വാസ്യതയെയാണ്. വസ്തുതകളോട് പാലിക്കേണ്ട അടുപ്പവും താൽപര്യങ്ങളോട് പാലിക്കേണ്ട അകലവും എത്ര എന്ന് തീരുമാനിക്കാൻ കഴിയുന്നിടത്താണ് വിശ്വാസ്യത നിർണയിക്കപ്പെടുക. ഏതെങ്കിലും പ്രത്യേക ഗ്രൂപ്പുകളുടെ പിൻബലമില്ലാതെ വാർത്തകളുടെ വസ്തുതകളിൽ ഉറച്ചുനിൽക്കുന്ന മാധ്യമസ്ഥാപനങ്ങൾക്കും മാധ്യമപ്രവർത്തകർക്കും നേരെയാണ് സംഘടിത ആക്രമണം ഏറ്റവും കൂടുതലെന്നതും കാണാതിരിക്കാനാവില്ല. അവിടെ സമ്മർദങ്ങൾക്കടിപ്പെടാതെ വസ്തുതകൾ ഉയർത്തിപ്പിടിക്കാൻ കഴിഞ്ഞാൽ സ്വാഭാവികമായും വിമർശനങ്ങളുടെ മുനയൊടിയും.

ചോദ്യം: തൊഴിലിടത്തിലെ ലിംഗനീതിയെപ്പറ്റി സ്റ്റോറികൾ ചെയ്യുന്നവരാണ് നമ്മൾ. ജേണലിസം മേഖലയിൽ ലിംഗ നീതി നിലനിൽക്കുന്നുണ്ടോ?

സമൂഹത്തിലെ പൊതു പുരുഷമേധാവിത്തം അംഗബലത്തിൽ കാണാമെങ്കിലും ജേണലിസം മേഖല ലിംഗനീതി നിലനിൽക്കുന്ന ഇടംതന്നെയാണ്. പ്രത്യേകിച്ചും ടെലിവിഷൻ മേഖല. പത്രങ്ങളെ അപേക്ഷിച്ച് ടെലിവിഷനിൽ വനിതകളുടെ സാന്നിധ്യം കൂടുതലുണ്ട്. ടെക്‌നിക്കൽ പോലെയുളള വകുപ്പുകളിൽപോലും ഇതു പ്രകടമാണ്. മനോരമ ചാനലിലെ പ്രൈം ടൈം ഡിബേറ്റ് ഷോ ആയ കൗണ്ടർ പോയന്റിന്റെ മൂന്ന് ആങ്കർമാരിൽ രണ്ടുപേരും വനിതകളാണ്. റിപ്പോർട്ടിങ് രംഗത്ത് എണ്ണക്കുറവുണ്ടെങ്കിലും അവസരങ്ങൾക്ക് ഒരു കുറവുമില്ല. ആങ്കർമാർ ഉൾപ്പെടെയുള്ള ജേർണലിസ്റ്റുകൾക്ക് എതിരെ ഇപ്പോൾ നടക്കുന്ന സൈബർ ആക്രമണങ്ങൾ ഈ രംഗത്തേക്ക് കൂടുതൽ വനിതകൾ കടന്നുവരുന്നതിനെ നിരുത്സാഹപ്പെടുത്തുമോ എന്ന ആശങ്കയുമുണ്ട്.

ചോദ്യം: ഈ മേഖലയിൽ ഉയർന്ന തസ്തികകളിൽ ഇരിക്കുന്നവർക്കൊഴികെ വേതന നിരക്കും പരിതാപകരമാണ്. എന്താണ് തോന്നിയിട്ടുള്ളത്?

മാധ്യമരംഗത്ത് വേതനം നിശ്ചയിക്കുന്നതിനു വേജ് ബോർഡ് ഉൾപ്പെടെയുള്ള വ്യവസ്ഥാപിത മാർഗങ്ങൾ ഉണ്ടല്ലോ. ടെലിവിഷൻ മേഖലയിലും വേതന നിരക്ക് മുമ്പത്തേക്കാൾ മെച്ചമാണ്. മനോരമ ന്യൂസ് തുടങ്ങിയപ്പോൾ പല സ്ഥാപനങ്ങളിൽനിന്നുള്ള ആളുകളെ ഇന്റർവ്യൂ ചെയ്തത് ഓർക്കുന്നു. അക്കാലത്ത് വളരെ തുച്ഛമായ ശമ്പളത്തിലാണ് പലരും ചില സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്നത്. മുൻനിര ചാനലുകളിലൊന്നും ഇപ്പോൾ ആ അവസ്ഥയില്ല എന്നാണ് മനസ്സിലാക്കുന്നത്.

ചോദ്യം: വ്യവസ്ഥാപിത മാധ്യമങ്ങളിൽ സോഷ്യൽ മീഡിയയുടെ സ്വാധീനം എത്രത്തോളമുണ്ട്?

സമൂഹമാധ്യമങ്ങൾക്ക് പൊതുസമൂഹത്തിലെ അഭിപ്രായരൂപീകരണത്തിൽ നിർണായകസ്വാധീനമുണ്ട്. വ്യവസ്ഥാപിത മാധ്യമങ്ങളിലും ആ സ്വാധീനം ഉണ്ടായിട്ടുണ്ട്. എന്നാൽ സമൂഹമാധ്യമങ്ങളിൽ അഭിപ്രായരൂപീകരണം പലതരത്തിൽ സൃഷ്ടിച്ചെടുക്കാൻ കഴിയും. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളിൽ വരുന്ന വിവരങ്ങൾ അതേപടി വാർത്തകളിൽ ഇടംപിടിക്കുന്ന പ്രശ്‌നമില്ല. മറിച്ച് കൃത്യമായ പരിശോധനയ്ക്കുശേഷം വസ്തുതാപരമാണെങ്കിൽ പിന്തുടരുക എന്ന നയമാണ് പൊതുവിൽ സ്വീകരിച്ചിട്ടുള്ളത്. തൽസമയ ചർച്ചകളുടേയും പരിപാടികളുടേയും ഡിജിറ്റൽ വ്യൂവർഷിപ്പ്​ മനസിലാക്കാൻ യൂട്യൂബ് പോലുള്ളവ സഹായിക്കാറുമുണ്ട്. സമൂഹമാധ്യമങ്ങളെ രാഷ്ട്രീയപാർട്ടികളും മതാധിഷ്ഠിതസംഘടനകളും വാണിജ്യതാൽപര്യക്കാരും വലിയ തോതിൽ സ്ഥാപിതതാൽപര്യങ്ങൾക്കുവേണ്ടി വാണിജ്യാടിസ്ഥാനത്തിൽതന്നെ ഉപയോഗിക്കുന്നത് തെളിയിക്കപ്പെട്ട കാര്യമാണ്. അതുകൊണ്ടുതന്നെ ജനവികാരം മനസിലാക്കാനുള്ള ഉപാധിയെന്ന നിലയിൽപ്പോലും ഇത്തരം മാധ്യമങ്ങൾക്കുള്ള പരിമിതി തിരിച്ചറിയുന്നു. അവധാനതയോടെ മാത്രമേ സമൂഹമാധ്യമങ്ങളേയും അവയിലൂടെ ഉൽഭവിക്കുകയോ പ്രചരിക്കുകയോ ചെയ്യുന്ന വിവരങ്ങളേയും സമീപിക്കുന്നുള്ളു. സോഷ്യൽ മീഡിയയെ അവഗണിക്കാനും പഠിക്കേണ്ടതുണ്ട്.

ചെയ്യുന്ന ജോലിയ്ക്കപ്പുറമുള്ള വായനകൾക്ക് സമയം കിട്ടാറുണ്ടോ? ഏതാണ് ഏറ്റവും ഒടുവിൽ വായിച്ച പുസ്തകം? അതെക്കുറിച്ച് പറയാമോ?

മാധ്യമപ്രവർത്തനം ജോലിയല്ല, ഒരു ജീവിതരീതിയാണ്. വായന ഈ ജീവിതത്തിന്റെ ഭാഗമാകേണ്ടതാണെങ്കിലും ജോലിയുടെ രീതികൊണ്ടുതന്നെ വായനയ്ക്കുള്ള സമയം കുറയുന്നു. ലോകത്ത് എന്ത് എവിടെ നടന്നാലും അത് ഉത്തരവാദിത്തത്തോടെ പ്രേക്ഷകരിൽ എത്തിക്കേണ്ട ചുമതലയുള്ളവർക്ക് മനസിനെ മറ്റൊന്നിൽ പറിച്ചുനടാൻ എളുപ്പമല്ല. അതുകൊണ്ടുതന്നെ വായന കുറവാണ്. ഏറ്റവും ഒടുവിൽ വായിച്ച പുസ്തകം സുഭാഷ് ചന്ദ്രന്റെ ‘സമുദ്രശിലകൾ’ എന്ന നോവലാണ്. ഭാഷ ആലങ്കാരികവും കവിതാമയവും ആകുമ്പോഴും അതിന്റെ കൃത്യത നിലനിർത്തുന്ന സുഭാഷ് ചന്ദ്രൻ മാജിക്ക് എനിക്ക് ഇഷ്ടമാണ്.

ചോദ്യം: കോവിഡ് കാലം പല തരം തിരിച്ചറിവുകൾ നൽകുന്നുണ്ട്. പത്രത്തിന്റെ ടെലിവിഷൻ ന്യൂസ് ചാനലുകളുടെ അതിജീവന സാധ്യത എത്രയാണ്?

കോവിഡ് കാലം മറ്റെല്ലാ മേഖലയിലും സൃഷ്ടിച്ച വെല്ലുവിളികൾ ടെലിവിഷൻ രംഗത്തും ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ ന്യൂസ് ചാനലുകളുടെ കാഴ്ചക്കാരുടെ എണ്ണം എക്കാലത്തേയും ഉയർന്ന നിലയിലെത്തിയത് ഇതിന്റെ മറ്റൊരുവശമാണ്. വിനോദചാനലുകളിൽ പുതിയ വിഭവങ്ങൾ ഇല്ലാത്തതും വിവരങ്ങളുടെ ആവശ്യവും പ്രാധാന്യവും വർധിച്ചതുമാണ് ഇതിന് കാരണം. അഞ്ചുമാസം പിന്നിടുമ്പോഴും അതിൽ വലിയ മാറ്റമുണ്ടായിട്ടില്ല. വർധിച്ച ജനശ്രദ്ധ വസ്തുതകളുടെ കാര്യത്തിൽ മാധ്യമങ്ങളുടെ ജാഗ്രതയിലും ക്രിയാത്മകമായ മാറ്റം വരുത്തിയെന്ന് പറയാതെവയ്യ. തീരെ ചെറിയ പിഴവുകൾ പോലും ആഘോഷമാക്കുന്ന രീതി വല്ലാത്ത സമ്മർദമുണ്ടാക്കുന്നതാണ്. ചില വെല്ലുവിളികളും ഉയർത്തുന്നുണ്ട്. വരുമാനം കുറയുന്നു. പല മുൻനിര സ്ഥാപനങ്ങളും ജീവനക്കാരുടെ ശമ്പളം കുറച്ചു. എന്നാൽ ശമ്പളം കുറയ്ക്കാതെ ചെലവു ചുരുക്കി പിടിച്ചുനിൽക്കാനാണ് മലയാള മനോരമ ശ്രമിക്കുന്നത്. ഈ പ്രതിസന്ധിയെ അതിജീവിക്കാൻ കഴിയും എന്നുതന്നെയാണ് പ്രതീക്ഷ. വർദ്ധിച്ച ജനശ്രദ്ധ ന്യൂസ് ചാനലുകളുടെ അതിജീവനത്തെ സഹായിക്കും.


Comments