രാഹുലും ശശിയും
പാലക്കാടിന്റെ
ഇലക്ഷൻ സൂത്രങ്ങളും

ഇടതുപക്ഷത്തിന് സ്വാധീനമുള്ള പാലക്കാട് ജില്ലയിലെ മണ്ഡലങ്ങളിലെ പ്രവണതകൾ എന്തെല്ലാമാണ്? പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ‘രാഹുൽ ഫാക്ടറും’ ഒറ്റപ്പാലത്തെ ‘ശശി ഫാക്ടറും’ എന്ത് പ്രതികരണങ്ങളുണ്ടാക്കും? ഡോ. കുട്ടികൃഷ്ണൻ എ.പി. എഴുതുന്ന ഇലക്ഷൻ പരമ്പര തുടരുന്നു.

1957 ജനുവരി ഒന്നിന് ജില്ലകളുടെ പുനഃ സഘടന നടന്നപ്പോൾ പഴയ മലബാർ ജില്ല വിഭജിച്ച് രൂപീകരിച്ച ജില്ലയാണ് പാലക്കാട്. ജില്ലയിൽ 7 നഗരസഭകളും 88 ഗ്രാമപഞ്ചായത്തുകളും 12 നിയമസഭാ മണ്ഡലങ്ങളുമാണുള്ളത്. 2026 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച വോട്ടർപട്ടികയിൽ 22,53,073 വോട്ടർമാരാണുള്ളത്.

ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് മേൽക്കൈയുള്ള ജില്ല. ഭൂരിഭാഗം മണ്ഡലങ്ങളിലും പരമ്പരാഗതമായി ഇടതുമുന്നണിയ്ക്കാണ് ജയം. 2011- ൽ 12 മണ്ഡലങ്ങളിൽ എൽ ഡി എഫ് ഏഴിടത്ത് ജയിച്ചപ്പോൾ 2016- എണ്ണം കൂട്ടി, ഒമ്പത് മണ്ഡലങ്ങളായി. 2021-ൽ 10 സീറ്റിലാണ് എൽ ഡി എഫ് ജയിച്ചത്.

ചില രാഷ്ട്രീയ വിവാദങ്ങൾ ഇത്തവണ പാലക്കാട് ജില്ലയിലെ ഇലക്ഷൻ കാമ്പയിനെ സജീവമാക്കാനിടയുണ്ട്. അതിലൊന്നാണ് സി.പി.എമ്മിൽനിന്ന് പുറത്താക്കപ്പെട്ട മുൻ എം.എൽ.എ പി.ക. ശശിയുടെ വിമതനീക്കം. ജില്ലയിലെ സി.പി.എം വിമതരുടെ കൂട്ടായ്മ സംഘടിപ്പിച്ച് ഇലക്ഷനിൽ സജീവമാകാനുള്ള നീക്കത്തിലാണ് ശശി. ഇതിന് മുന്നോടിയായി സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരെ ആരോപണങ്ങളുമുന്നയിച്ചു. ഭാവിയിൽ കൂടുതൽ പേർ തങ്ങൾക്കൊപ്പം വരുമെന്നും തുടർന്ന് പാർട്ടി രൂപീകരിക്കുമെന്നുമൊക്കെയാണ് ശശിയുടെ അവകാശവാദം. ശശിയുടെ നീക്കങ്ങളോട് യു.ഡി.എഫും കോൺഗ്രസും സ്വീകരിക്കുന്ന 'മൃദു സമീപനം', ഇലക്ഷൻ മുന്നിൽക്കണ്ടുള്ള അടവുനയം കൂടിയാണ്. യു.ഡി.എഫ് പിന്തുണയുള്ള 'സ്വതന്ത്ര'നായി ഒറ്റപ്പാലത്ത് ശശി മത്സരിക്കുമോ എന്ന ചോദ്യത്തിന് ഉടൻ ഉത്തരമാകും.

എന്നാൽ, പി.കെ. ശശിക്കെതിരെ ആരോപണങ്ങൾ കടുപ്പിച്ചാണ് സി.പി.എം ഇതി​നെ നേരിടുന്നത്. മാത്രമല്ല, യു.ഡി.എഫുമായി സഹകരിക്കാനുള്ള ശശിയുടെ നീക്കത്തിന്, ഇപ്പോൾ അദ്ദേഹത്തിനൊപ്പമുള്ളവർക്ക് ഭിന്നതയുണ്ടെന്നും സൂചനയുണ്ട്.

മറ്റൊന്ന്, പാലക്കാട് മണ്ഡലത്തിലെ ‘രാഹുൽ ഫാക്റ്റ’റാണ്. സിറ്റിങ് എം.എൽ.എയെ പാർട്ടിയിൽനിന്ന് പുറത്താക്കേണ്ടിവന്ന ഗതികേട് കോ
ൺഗ്രസിനുണ്ടാക്കുന്ന പ്രതിസന്ധി ചില്ലറയല്ല. പുറത്താക്കപ്പെട്ടിട്ടും രാഹുൽ, എം.എൽ.എയായി തന്നെ മണ്ഡലത്തിലുണ്ട്. ഇതും കോൺഗ്രസിന് വെല്ലുവിളിയാണ്. ലൈംഗികാതിക്രമ പരാതികളുണ്ടായ​പ്പോൾ തന്നെ രാഹുലിനെ പാർട്ടിയിൽനിന്ന് പുറത്താക്കി എന്നൊക്കെയുള്ള അവകാശവാദം വോട്ടർമാർക്കുമുന്നിൽ നിലനിൽക്കുന്നതാണോ എന്നത് വലിയ ചോദ്യമാണ്. 18,790 വോട്ടിന്റെ മികച്ച ഭൂരിപക്ഷം നേടിയെടുക്കാനായ ഒരു മണ്ഡലത്തിൽ വലിയ വിശ്വാസ്യതാ നഷ്ടമാണ് കോൺഗ്രസ് നേരിടുന്നത്. ബി.ജെ.പിയാണ് പാലക്കാട് മണ്ഡലത്തിൽ രണ്ടാം സ്ഥാനത്ത് എന്നതും കോൺഗ്രസിന്റെയും സി.പി.എമ്മിന്റെയും രാഷ്ട്രീയനീക്കങ്ങളെ അതീവ പ്രാധാന്യമുള്ളതാക്കും.

1.തൃത്താല:
ചാഞ്ചാട്ടമണ്ഡലം

  • 2011-ലും 2021- ലും ഇരുമുന്നണികളും തമ്മിലുള്ള വോട്ടുവ്യത്യാസം രണ്ടു ശതമാനത്തോളമാണ്. എന്നാൽ 2016- ൽ വി. ടി. ബലറാം ജയിച്ചത് 11,000 ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. അതുകൊണ്ട് 2026- ൽ കടുത്ത മത്സരം പ്രതീക്ഷിക്കാം.

തൃത്താല 1967-ലാണ് നിലവിൽവന്നത്. നവോത്ഥാന പ്രസ്ഥാനങ്ങളുടെ മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ച വി.ടി. ഭട്ടതിരിപ്പാടിന്റെ ജന്മദേശം ഉൾപ്പെട്ട പ്രദേശം.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ തൃത്താല മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ തൃത്താല മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

1967- ൽ സംവരണ മണ്ഡലമായിരുന്നു. ആദ്യ തെരഞ്ഞെടുപ്പിൽ വിജയിച്ചത് സ്വാതന്ത്ര സമര സേനാനിയും ഗുരുവായൂർ സത്യാഗ്രഹഭടനുമായിരുന്ന സി പി എമ്മിലെ ഇ. ടി. കുഞ്ഞൻ. അതിനുശേഷംതുടർച്ചയായ അഞ്ച് തെരഞ്ഞെടുപ്പുകളിലും കോൺഗ്രസിനായിരുന്നു ജയം.

മണ്ഡലം ജനറൽ വിഭാഗമായി പ്രഖ്യാപിച്ച 1977-ൽ കോൺഗ്രസ് നേതാവ് കെ ശങ്കരനാരായണൻ വിജയിച്ചു. 1991 മുതൽ മണ്ഡലം ഇടതുപക്ഷത്തോട് ആഭിമുഖ്യം കാണിച്ചുതുടങ്ങി.

1967 മുതൽ ഇടതുപക്ഷവും കോൺഗ്രസ് മുന്നണിയും ശക്തമായ മത്സരം കാഴ്‌ചവെക്കുന്ന മണ്ഡലത്തിൽ ഇരു മുന്നണി സ്ഥാനാർഥികളും വളരെ കുറഞ്ഞ ഭൂരിപക്ഷത്തിനാണ് ജയിച്ചിരുന്നത്. പ്രവചനാതീതമായ ഈയൊരു സാഹചര്യം തൃത്താലയെ കേരളത്തിലെ ഒരു Swing Constituency ആക്കുന്നു.

വോട്ട് വിഹിതം

2021-ൽ 1,94,236 വോട്ടർമാരിൽ 1,52,558 പേരാണ് വോട്ടു ചെയ്തത്. സി പി എമ്മിലെ എം.ബി. രാജേഷ് 69,814 വോട്ടും കോൺ​ഗ്രസിലെ മുൻ എം എൽ എ വി.ടി. ബൽറാം 66,798 വോട്ടും നേടി. ബി ജെ പിയിലെ ശങ്കു ടി. ദാസിന് 12,851 വോട്ട് ലഭിച്ചു. എം. ബി. രാജേഷിന്റെ ഭൂരിപക്ഷം 3016. 15-ാം നിയമസഭയിൽ ആദ്യഘട്ടത്തിൽ സ്‌പീക്കറായും പിന്നീട് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായും രാജേഷ് ചുമതല വഹിച്ചു.

2024- ലെ ലോകസഭാതെരഞ്ഞെടുപ്പിൽ 9000 വോട്ട് യു ഡി എഫിന് എൽ ഡി എഫിനേക്കാൾ കൂടുതലുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പിൽ നാഗലശ്ശേരി പറഡൂർ, പട്ടിത്തറ, തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തുകളിൽ എൽ ഡി എഫും ആനക്കര, ചാലിശ്ശേരി, കപ്പൂർ, തൃത്താല ഗ്രാമപഞ്ചായത്തുകളിൽ യു ഡി എഫും അധികാരത്തിലെത്തി. തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്ക് പ്രകാരം 1500 ലേറെ വോട്ട് യു.ഡി.എഫിന് കൂടുതലുണ്ട്.

2011-ലും 2021- ലും ഇരുമുന്നണികളും തമ്മിലുള്ള വോട്ടുവ്യത്യാസം രണ്ടു ശതമാനത്തോളമാണ്. എന്നാൽ 2016- ൽ വി. ടി. ബലറാം ജയിച്ചത് 11,000 ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. അതുകൊണ്ട് 2026- ൽ കടുത്ത മത്സരം പ്രതീക്ഷിക്കാം.

2.പട്ടാമ്പി:
മുൻതൂക്കം
എൽ.ഡി.എഫിന്

  • കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിക്ക് യഥാക്രമം 5, 11% വോട്ടാണ് യു ഡി എഫിനേക്കാൾ കൂടുതൽ ലഭിച്ചത്.

1957-ൽ നിലവിൽവന്ന മണ്ഡലമാണ് പട്ടാമ്പി. അതിർത്തി പുതുക്കി നിശ്ചയിച്ചതിന്റെ ഭാഗമായി മണ്ഡലത്തിലെ പ്രദേശങ്ങൾക്ക് മാറ്റമുണ്ടായിട്ടുണ്ട്. 2008- ലെ അതിർത്തി പുനർനിർണയം അനുസരിച്ച് പട്ടാമ്പി നഗരസഭയും കൊപ്പം, കുലുക്കല്ലൂർ, മുതുതല, ഓങ്ങല്ലൂർ, തിരുവേഗപ്പുറ, വല്ലപ്പുഴ, വിളയൂർ ഗ്രാമപഞ്ചായത്തുകളുമാണ് മണ്ഡലത്തിലുള്ളത്.

ആദ്യകാലത്ത് കമ്മ്യൂണിസ്റ്റു പ്രസ്ഥാനങ്ങൾ ശക്തമായ ആധിപത്യം പുലർത്തിയ മണ്ഡലമായിരുന്നു. കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റു സൈദ്ധാന്തികനുമായ ഇ എംഎസ് 1960, 1967, 1970 കാലങ്ങളിൽ പട്ടാമ്പിയിൽ നിന്നുള്ള എം.എൽ.എയായിരുന്നു.

1960, 67, 70 വർഷങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ ഇ.എം.എസ് പട്ടാമ്പിയിൽനിന്ന് നേടിയ ഭൂരിപക്ഷം.
1960, 67, 70 വർഷങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ ഇ.എം.എസ് പട്ടാമ്പിയിൽനിന്ന് നേടിയ ഭൂരിപക്ഷം.

സി പി ഐയുടെ കെ. ഇ. ഇസ്മായിൽ 1982,1991, 1996 വർഷങ്ങളിലും കോൺഗ്രസിലെ എം. പി. ഗംഗാധരൻ 1980- ലും ലീലാ ദാമോദരമേനോൻ 1987- ലും 2001 മുതൽ തുടർച്ചയായി മൂന്നു തവണ സി.പി. മുഹമ്മദും ജയിച്ച മണ്ഡലത്തിൽ 2016- ലും 2021- ലും സി പി ഐയുടെ മുഹമ്മദ് മുഹ്‌സിനാണ് ജയിച്ചത്. കോൺഗ്രസിലെ സി.പി. മുഹമ്മദാണ് കൂടുതൽ കാലം മണ്ഡലത്തെ പ്രതിനിധീകരിച്ചത്.

വോട്ട് വിഹിതം

2021-ൽ ആകെയുള്ള 1,94,989 വോട്ടർമാരിൽ 1,52,201 പേരാണ് വോട്ട് ചെയ്തത്. മുഹമ്മദ് മുഹ്സിൻ 75,311 വോട്ടും കോൺഗ്രസിലെ റിയാസ് മുക്കോളി 57,337 വോട്ടും നേടി. ബി ജെ പിയിലെ കെ. എം. ഹരിദാസിന് 14,578 വോട്ടാണ് ലഭിച്ചത്. 17,974 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു മുഹമ്മദ് മുഹ്സിന്റെ ജയം.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ പട്ടാമ്പി മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ പട്ടാമ്പി മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

2024- ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ 9200 വോട്ടാണ് യു ഡി എഫിന് എൽ ഡി എഫിനേക്കാൾ കൂടുതലുള്ളത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ കൊപ്പം, ഓങ്ങല്ലൂർ ഗ്രാമ പഞ്ചായത്തുകളിൽ എൽ ഡി എഫും കുലുക്കല്ലൂർ, മുതുതല, തിരുവേഗപ്പുറ, വല്ലപ്പുഴ ഗ്രാമപഞ്ചായത്തുകളിൽ യു ഡി എഫും അധികാരത്തിലെത്തി. വിളയൂർ പഞ്ചായത്തിൽ സീറ്റുകളുടെ അടിസ്ഥാനത്തിൽ മേൽക്കൈ ഐക്യമുന്നണിക്കാണ്. തദ്ദേശ തെരഞ്ഞെടുപ്പ് കണക്ക് പ്രകാരം യു.ഡി.എഫിന് 11,000 ലേറെ വോട്ടിന്റെ മുൻ‌തൂക്കമുണ്ട്.

കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിക്ക് യഥാക്രമം 5, 11% വോട്ടാണ് യു ഡി എഫിനേക്കാൾ കൂടുതൽ ലഭിച്ചത്.

2026- ൽ ഘടകകക്ഷിക്ക് മണ്ഡലം നൽകി പരീക്ഷണം നടത്തണമെന്ന ആലോചനയിലാണ് കോൺഗ്രസ്. 2001 മുതൽ 2011 വരെ ജയിച്ചുകൊണ്ടിരുന്ന മണ്ഡലം തിരിച്ചു പിടിക്കാനാവുമെന്ന വിശ്വാസത്തിലാണ് യു ഡി എഫ്. എന്നാൽ, നിലനിർത്താനാകുമെന്ന ആത്മ വിശ്വാസം ഇടതുമുന്നണിക്കുമുണ്ട്.

3. ഷൊർണൂർ:
എൽ.ഡി.എഫിന്
സാധ്യത

  • 2011 മുതൽ ബി ജെ പി വോട്ട് വലിയ തോതിൽ വർധിക്കുകയും യു ഡി എഫും ബി ജെ പിയും തമ്മിൽ ഏറെക്കുറെ തുല്യ നിലയിലെത്തുന്നതുമാണ് പ്രധാന പ്രവണത.

2008-ലെ മണ്ഡല പുനർനിർണ്ണയത്തിലൂടെ രൂപീകരിച്ച മണ്ഡലം. അതിനുമുൻപ് പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം നിയമസഭ മണ്ഡലത്തിലായിരുന്നു ഷൊർണൂർ മണ്ഡലത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും. 2011- ൽ എലിമിറ്റേഷൻ പ്രക്രിയയിലൂടെ ശ്രീകൃഷ്ണപുരം മണ്ഡലം റദ്ദാക്കി. പഴയ ശ്രീകൃഷ്ണപുരം ഇടതുപക്ഷത്തിന് അനുകൂലമായി വിധിയെഴുതുന്ന മണ്ഡലമായിരുന്നു. കേരള എൻ ജി ഒ യൂണിയൻ സ്ഥാപക നേതാക്കളിലൊരാളായ ഇ. പത്മനാഭൻ 1982- ൽ ഇവിടെനിന്നാണ് എം.എൽ.എയായത്. സി പി എമ്മിലെ ഗിരിജ സുരേന്ദ്രൻ, കെ. എസ്. സലീഖ എന്നിവർ ആദ്യമായി നിയമസഭാംഗങ്ങളായതും ശ്രീകൃഷ്ണപുരത്തുനിന്നാണ്. കോൺഗ്രസിനും അനുകൂലമായി വിധിയെഴുതിയിട്ടുണ്ട്. 1977, 1980, 1987,1991 വർഷങ്ങളിൽ ശങ്കരനാരായണനും പി. ബാലനും തെരഞ്ഞെടുക്കപ്പെട്ടു.

ശ്രീകൃഷ്ണപുരം മണ്ഡലത്തിലെ പ്രധാന ഭാഗങ്ങൾ കൂട്ടിച്ചേർത്ത് രൂപീകൃതമായ ഷൊർണൂർ മണ്ഡലത്തിൽ മൂന്നു തെരഞ്ഞെടുപ്പുകളിലും സി.പി.എമ്മാണ് ജയിച്ചത്. യു.ഡി.എഫിനും ബി.ജെ.പിക്കും ശ്രദ്ധേയമായ വോട്ട് വിഹിതമുണ്ടെങ്കിലും കെ.എസ്. സലീഖ (2011) പി.കെ. ശശി (2016), പി. മമ്മിക്കുട്ടി ( 2021) എന്നിവർ വലിയ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

2021- ൽ പി. മമ്മിക്കുട്ടി 36,674 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കോൺഗ്രസിലെ ഫിറോസ് ബാബു 37,726, ബി ജെ പിയുടെ സന്ദീപ് വാരിയർ 36,973 വോട്ടു വീതം നേടി. ബി ജെ പിയും യു ഡി എഫും തമ്മിൽ നേരിയ വോട്ടുകളുടെ വ്യത്യാസം മാത്രമാണുള്ളത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ മുഴുവൻ തദ്ദേശ സ്ഥാപങ്ങളിലും എൽ ഡി എഫാണ് അധികാരത്തിലെത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്ക് പ്രകാരം ഇടതു മുന്നണിക്ക് 20,000 ലേറെ വോട്ടുകളുടെ മുൻ‌തൂക്കമുണ്ട്.

ബി ജെ പിയുടെ വോട്ടുവിഹിതത്തിൽ സമീപകാലത്തുണ്ടായ വർധനവാണ് ഷൊർണൂരിനെ ശ്രദ്ധേയമാക്കുന്നത്. 2011 മുതൽ ബി ജെ പി വോട്ട് വലിയ തോതിൽ വർധിക്കുകയും യു ഡി എഫും ബി ജെ പിയും തമ്മിൽ ഏറെക്കുറെ തുല്യ നിലയിലെത്തുന്നതുമാണ് പ്രധാന പ്രവണത.

2026-ലും ഇടതുമുന്നണിക്ക് വലിയ ഭൂരിപക്ഷത്തോടെ ജയിക്കാൻ സാധിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ഷൊർണൂർ എന്നാണ് നിലവിലെ കണക്കുകൾ കാണിക്കുന്നത്.

4. ഒറ്റപ്പാലം:
സി.പി.എമ്മിനെതിരെ
‘ശശി ഫാക്റ്റർ’

  • മുൻ എം.എൽ.എ പി.കെ. ശശി ഒറ്റപ്പാലത്ത് യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്രനായി മത്സരിക്കാൻ നീക്കം നടത്തുന്നുണ്ട്. ഇത് മണ്ഡലത്തെ ശ്രദ്ധാകേന്ദ്രമാക്കും.

1957- ൽ രൂപീകൃതമായ ഒറ്റപ്പാലം കമ്മ്യൂണിസ്റ്റ് പാർട്ടിക്കും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും ശക്തമായ സ്വാധീനമുള്ള മണ്ഡലങ്ങളൊന്നാണ്. സമീപകാല തെരഞ്ഞെടുപ്പുകളിൽ സി പി എം സീറ്റ് തുടർച്ചയായി നിലനിർത്തിവരുന്നു. എങ്കിലും യു.ഡി.എഫിനും ബി.ജെ.പിക്കും ശ്രദ്ധേയമായ വോട്ട് വിഹിതവുമുണ്ട്. മൂന്നാം സ്ഥാനത്ത് എത്തുന്ന ബി ജെ പി ഘട്ടംഘട്ടമായി വോട്ടു വിഹിതം ഉയർത്തുന്നുണ്ട്.

ഒറ്റപ്പാലത്ത് ഏറ്റവും കൂടുതൽ തവണ നിയമസഭാംഗമായത് വി. സി. കബീറാണ്. വിവിധ ഘട്ടങ്ങളിൽ ഇടതുപക്ഷത്തും ഐക്യമുന്നണിയിലും മാറിമാറി നിന്ന് അഞ്ചു തെരഞ്ഞെടുപ്പുകളിലാണ് കബീർ ജയിച്ചത്. ആദ്യം കോൺഗ്രസ് (യു) അംഗമായും പിന്നീട് കോൺഗ്രസ് (എസ്), എൻ സി പി അംഗമായും ഒറ്റപ്പാലം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചു. ഇടതുമുന്നണി ടിക്കറ്റിൽ 11-ാം നിയമസഭയിലേക്ക് ?തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കോൺഗ്രസിനൊപ്പം പ്രവർത്തിക്കുന്നതിനായി 2005- ൽ നിയമസഭാംഗത്വം രാജിവെച്ചു. തുടർന്നുള്ള തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്ത് കോൺഗ്രസ് സ്ഥാനാർത്ഥിയായി വീണ്ടും മത്സരിച്ചെങ്കിലും തോറ്റു.

വോട്ട് വിഹിതം

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ ഒറ്റപ്പാലം മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ ഒറ്റപ്പാലം മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

2021-ൽ സി പി എമ്മിലെ കെ. പ്രേംകുമാർ 15,152 വോട്ടിനാണ് കോൺഗ്രസിലെ പി. സരിനെ പരാജയപ്പെടുത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പിൽ 18,000 ലേറെ വോട്ടിന്റെ ഭൂരിപക്ഷമാണ് എൽ ഡി എഫിനുള്ളത്.

അതിർത്തി പുനർനിർണയത്തിന്റെ ഭാഗമായി പ്രദേശങ്ങൾ മാറിയതിനുശേഷം നടന്ന 2011 മുതലുള്ള തെരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണി 15 ശതമാനത്തിനടുത്ത് വോട്ടുകൾ കൂടുതലായി നേടിയാണ് വിജയിക്കുന്നത്. അതുകൊണ്ടുതന്നെ ഒറ്റപ്പാലം ഇടതുമുന്നണിയുടെ സുരക്ഷിത മണ്ഡലമായിട്ടാണ് പൊതുവെ കരുതിവരുന്നത്. ഇത്തവണ മുൻ എം.എൽ.എ പി.കെ. ശശി ഒറ്റപ്പാലത്ത് യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്രനായി മത്സരിക്കാനുള്ള നീക്കവും നടത്തുന്നുണ്ട്. ഇത് മണ്ഡലത്തെ ശ്രദ്ധാകേന്ദ്രമാക്കും.

5. കോങ്ങാട്:
എൽ.ഡി.എഫ്
പ്രതീക്ഷ

  • 2011- മുതൽ നടന്ന തെരഞ്ഞെടുപ്പുകളിൽ എൽ ഡി എഫിന് ലഭിച്ച വോട്ടുവിഹിതം പരിഗണിച്ചാൽ 2026-ലും ഇടതുമുന്നണിക്ക് നല്ല വിജയ പ്രതീക്ഷയുണ്ട്.

2008-ലെ അതിർത്തി പുനർനിർണയത്തിലൂടെ രൂപീകരിച്ച കോങ്ങാട് പട്ടിക ജാതി സംവരണമണ്ഡലമാണ്. എൽ.ഡി.എഫിന് ശക്തമായ സ്വാധീനമുള്ള മണ്ഡലം. 2011- നുശേഷം നടന്ന മൂന്നു തെരഞ്ഞെടുപ്പുകളിലും സി പി എം വൻ ഭൂരിപക്ഷ​ത്തോടെയാണ് ജയിച്ചത്.

2011- 2021 കാലത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോങ്ങാട് മണ്ഡലത്തിൽ സി.പി.എം സ്ഥാനാർഥികൾ നേടിയ ഭൂരിപക്ഷം.
2011- 2021 കാലത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോങ്ങാട് മണ്ഡലത്തിൽ സി.പി.എം സ്ഥാനാർഥികൾ നേടിയ ഭൂരിപക്ഷം.

ബി ജെ പിയുടെ സ്വാധീനമേഖലകൾ മണ്ഡലത്തിലെ ചിലയിടങ്ങളിലുള്ളതിനാൽ അവരുടെ വോട്ടുവിഹിതം ഓരോ തെരഞ്ഞെടുപ്പിലും വർധിക്കുന്നതായി കാണാം. 2011- ൽ ബി ജെ പിയുടെ വോട്ടുവിഹിതം 7.50 ശതമാനമായിരുന്നെങ്കിൽ 2021-ൽ 17.75 ശതമാനമായി വർധിച്ചു.

2021- ൽ ആകെ പോൾ ചെയ്ത 1,39,642വോട്ടിൽ സി പി എമ്മിലെ കെ. ശാന്തകുമാരിക്ക് 67,881 വോട്ടും യു ഡി എഫിലെ യു.സി. രാമന് 40,662 വോട്ടും ബി ജെ പിയിലെ എം. സുരേഷ് ബാബുവിന് 27,661 വോട്ടുമാണ് ലഭിച്ചത്. ശാന്തകുമാരിക്ക് 27,219 വോട്ടിന്റെ ഭൂരിപക്ഷം.

തദ്ദേശ തെരഞ്ഞെടുപ്പിൽ കാഞ്ഞിരംപുഴ, കരിമ്പ, കാരക്കുറുശ്ശി, തച്ചൻപാറ ഗ്രാമപഞ്ചായത്തുകളിൽ യു ഡി എഫ് അധികാരത്തിലെത്തിയപ്പോൾ കേരളശ്ശേരി, കോങ്ങാട്, മങ്കര, മണ്ണൂർ എന്നിവിടങ്ങളിൽ എൽ ഡി എഫും ഭരണത്തിലെത്തി. പറളി ഗ്രാമപഞ്ചായത്തിൽ എൽ ഡി എഫും ബി ജെ പിയും തുല്യ സീറ്റുകളാണ് നേടിയത്. പ്രസ്തുത തെരഞ്ഞെടുപ്പിൽ 10,000 ലേറെ വോട്ടിന്റെ മുൻതൂക്കമാണ് എൽ ഡി എഫിനുള്ളത്.

2011- മുതൽ നടന്ന തെരഞ്ഞെടുപ്പുകളിൽ എൽ ഡി എഫിന് ലഭിച്ച വോട്ടുവിഹിതം പരിഗണിച്ചാൽ 2026-ലും ഇടതുമുന്നണിക്ക് നല്ല വിജയ പ്രതീക്ഷയുണ്ട്.

6.മണ്ണാർക്കാട്:
ലീഗിന്റെ ഉറപ്പ്

  • 2024-ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ 32,000 ലേറെ വോട്ടിന്റെ മുൻ‌തൂക്കം യു ഡി എഫിനുണ്ടായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ 16,000 ലേറെ വോട്ടിന്റെ ഭൂരിപക്ഷവും.


1957- ലെ തെരഞ്ഞെടുപ്പ് മുതൽ പ്രാബല്യത്തിലുള്ള മണ്ഡലമാണെങ്കിലും കാലാകാലങ്ങളിലുള്ള അതിർത്തി പുനർനിർണയത്തിന്റെ ഭാഗമായി മണ്ഡലത്തിലെ പ്രദേശങ്ങൾക്ക് മാറ്റമുണ്ടായിട്ടുണ്ട്. ആദ്യകാലങ്ങളിൽ കമ്മ്യൂണിസ്റ്റു പാർട്ടിക്കാണ് ആധിപത്യമുണ്ടായിരുന്നെങ്കിൽ അതിർത്തി പുനർ നിർണയത്തിലൂടെ മുസ്ലിം ലീഗിന് സ്വാധീനമുള്ള പ്രദേശങ്ങൾ ഉൾപ്പെട്ടതിനാൽ മണ്ഡലത്തിന്റെ രാഷ്ട്രീയ സ്വഭാവത്തിനും മാറ്റമുണ്ടായി.

കൊങ്ങശ്ശേരി കൃഷ്ണൻ (കമ്മ്യൂണിസ്റ്റു പാർട്ടി), ഇ. കെ. ഇമ്പിച്ചിബാവ (സി പി എം), ജോൺ മാഞ്ഞൂരാൻ (കെ എസ് പി), എ. എൻ. യൂസഫ് (സിപിഐ), പി. കുമാരൻ (സി പി ഐ), ജോസ് ബേബി (സി പി ഐ), മുസ്ലിം ലീഗിൽനിന്ന് എ. പി. ഹംസ, കല്ലടി മുഹമ്മദ്, കളത്തിൽ അബ്ദുല്ല എന്നിവരും മണ്ണാർക്കാട്ടെ ജനപ്രതിനിധികളായിരുന്നു

1980- നു ശേഷമുള്ള തെരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിയും ഐക്യമുന്നണിയും മാറിമാറി വിജയിച്ചിരുന്നുവെങ്കിൽ 2011-നു ശേഷം തുടർച്ചയായി മൂന്നു തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫിനായിരുന്നു ജയം. മുസ്ലിം ലീഗിലെ എൻ. ഷംസുദ്ധീനാണ് 2011 മുതലുള്ള ജനപ്രതിനിധി.

2021-ൽ ആകെയുള്ള 1,98,421 വോട്ടർമാരിൽ 152281 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. എൻ. ഷംസുദ്ധീൻ സി പി ഐയുടെ കെ. പി. സുരേഷ് രാജിനെ 5870 വോട്ടിനാണ് പരാജയപ്പെടുത്തിയത്.

മണ്ണാർക്കാട് മണ്ഡലത്തിൽ 2011- 2021 കാലത്ത് മുന്നണികൾ നേടിയ വോട്ടുകളുടെ താരതമ്യം.
മണ്ണാർക്കാട് മണ്ഡലത്തിൽ 2011- 2021 കാലത്ത് മുന്നണികൾ നേടിയ വോട്ടുകളുടെ താരതമ്യം.

2024-ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ 32,000 ലേറെ വോട്ടിന്റെ മുൻ‌തൂക്കം യു ഡി എഫിനുണ്ടായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ 16,000 ലേറെ വോട്ടിന്റെ ഭൂരിപക്ഷവും. ഈ വോട്ട് കണക്കുവെച്ച്, മണ്ണാർക്കാട് യു ഡി എഫിന് ഏറെ വിജയപ്രതീക്ഷ നൽകുന്ന മണ്ഡലമാണ്.

7. മലമ്പുഴ:
സി.പി.എം കോട്ടയിൽ
യു.ഡി.എഫ് പരീക്ഷണം?

  • സ്വതന്ത്ര സ്ഥാനാർത്ഥിയെ മുന്നിൽനിർത്തി സി പി എം വിരുദ്ധ വോട്ടുകൾ ഏകീകരിക്കാനുള്ള പരീക്ഷണത്തിനൊരുങ്ങുകയാണ് ഇത്തവണ യു ഡി എഫ്.

1957- മുതൽ പ്രാബല്യത്തിലുണ്ടായിരുന്ന എലപ്പുള്ളി മണ്ഡലത്തിന് പകരമായിട്ടാണ് 1963- ലെ അതിർത്തി പുനർനിർണയത്തിന്റെ ഭാഗമായി മലമ്പുഴ മണ്ഡലം രൂപീകരിക്കുന്നത്. 2021- ലെ തെരഞ്ഞെടുപ്പുവരെ സി പി എമ്മിനായിരുന്നു ജയം. ഇക്കാരണത്താൽ കേരളത്തിലെ ഇടതുമുന്നണിയുടെ ഉറച്ച കോട്ടയായിട്ടാണ് മലമ്പുഴയെ കണക്കാക്കുന്നത്.

മുൻ മുഖ്യമന്ത്രിമാരായ ഇ. കെ. നായനാർ, വി. എസ്. അച്യുതാനന്ദൻ, ഇടതുമുന്നണി കൺവീനറായിരുന്ന പി. വി. കുഞ്ഞിക്കണ്ണൻ, എം.പി. കുഞ്ഞിരാമൻ, വി. കൃഷ്ണദാസ്, മുൻമന്ത്രി ടി. ശിവദാസമേനോൻ എന്നിവർ വിവിധ കാലഘട്ടത്തിൽ മണ്ഡലത്തെ പ്രതിനിധീകരിച്ചവരാണ്.

2021-ൽ സി പി എമ്മിലെ എ. പ്രഭാകരൻ 25,734 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ബി.ജെ.പിയുടെ സി. കൃഷ്ണകുമാർ 50,200 വോട്ട് നേടി രണ്ടാം സ്ഥാനത്തും യു ഡി എഫിലെ എസ്. കെ. അനന്തകൃഷ്ണൻ 35,444 വോട്ടോടെ മൂന്നാം സ്ഥാനത്തും എത്തി.

2016-ലും 2021-ലും ബി.ജെ.പിയാണ് മലമ്പുഴയിൽ രണ്ടാം സ്ഥാനത്തെത്തുന്നത്. 2024- ലെ ലോകസഭ തെരഞ്ഞെടുപ്പിൽ 6520 വോട്ടിന്റെയും തദ്ദേശ തെരഞ്ഞെടുപ്പിൽ 21,000 ലേറെ വോട്ടിന്റെയും മുൻതൂക്കമാണ് ഇടതുമുന്നണിക്കുള്ളത്. ഈ പശ്ചാത്തലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയെ മുന്നിൽനിർത്തി സി പി എം വിരുദ്ധ വോട്ടുകൾ ഏകീകരിക്കാനായുള്ള പരീക്ഷണത്തിനൊരുങ്ങുകയാണ് ഇത്തവണ യു ഡി എഫ്. അത്തരം പരീക്ഷണങ്ങളെ തോൽപ്പിക്കാനുള്ള ശക്തി മണ്ഡലത്തിൽ മുന്നണിക്കുണ്ടെന്ന ആത്മവിശ്വാസം വെച്ചുപുലർത്തുന്ന ഇടതുമുന്നണി, 2026- ലും മലമ്പുഴ നിലനിർത്താനാണ് സാധ്യത.

2011- 2021 കാലത്തെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മലമ്പുഴ മണ്ഡലത്തിൽ എൽ.ഡി.എഫ്, എൻ.ഡി.എ, യു.ഡി.എഫ് എന്നിവ നേടിയ വോട്ട് ശതമാനം.
2011- 2021 കാലത്തെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മലമ്പുഴ മണ്ഡലത്തിൽ എൽ.ഡി.എഫ്, എൻ.ഡി.എ, യു.ഡി.എഫ് എന്നിവ നേടിയ വോട്ട് ശതമാനം.

8. പാലക്കാട്:
എം.എൽ.എ എന്ന
പ്രതിസന്ധി

  • രാഹുൽ മാങ്കൂട്ടത്തിൽ സൃഷ്ടിച്ച പ്രതിസന്ധികൾ തരണം ചെയ്ത് മണ്ഡലം നിലനിർത്തണമെങ്കിൽ ഇത്തവണ കോൺഗ്രസിന് നന്നായി വിയർപ്പൊഴുക്കേണ്ടിവരും.

1957-ൽ പ്രാബല്യത്തിൽ വന്ന പാലക്കാട്ട് 1977 മുതൽ തുടർച്ചയായി അഞ്ച് തെരഞ്ഞെടുപ്പുകളിൽ ജയം സി.എം. സുന്ദരത്തിനായിരുന്നു. ആദ്യം സ്വതന്ത്രനായും പിന്നീട് കോൺഗ്രസ് സ്ഥാനാർത്ഥിയായും മത്സരിച്ച ഈ ആദ്യകാല സോഷ്യലിസ്റ്റിലൂടെയാണ് പാലക്കാട് കോൺഗ്രസിന്റെ സുരക്ഷിത മണ്ഡലമായത്. ഇടതുമുന്നണിയെ മണ്ഡലം പിന്തുണച്ചത് 1996-ൽ സി പി എമ്മിലെ ടി.കെ. നൗഷാദിലൂടെയും 2006- ൽ കെ. കെ. ദിവാകരനിലൂടെയുമാണ്.

2011 മുതൽ 2021 വരെയുള്ള മൂന്ന് തെരഞ്ഞെടുപ്പുകളിലും വിജയിച്ചത് കോൺഗ്രസ്സിലെ ഷാഫി പറമ്പിലായിരുന്നു. യഥാക്രമം 7403, 17483, 3859 എന്നിങ്ങനെയായിരുന്നു ഭൂരിപക്ഷം. പൊതുവെ യു.ഡി.എഫിനോട് ആഭിമുഖ്യം കാണിക്കുന്നതാണ് പാലക്കാട്ടെ വോട്ടിംഗ് കണക്കുകൾ.

എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ ത്രികോണ മത്സരം നടക്കുന്ന മണ്ഡലം കൂടിയാണ് പാലക്കാട്. 1982 മുതൽ 2001 വരെ ശരാശരി പതിനായിരത്തോളം വോട്ടാണ് ബി ജെ പിക്ക് ലഭിച്ചതെങ്കിൽ 2006 മുതൽ അവരുടെ വോട്ട് വിഹിതം വലിയതോതിൽ വർധിച്ചു. 2021 ആവുമ്പോഴേക്കും അമ്പത്തിനായിരത്തിന് മുകളിലേക്ക് ഉയർന്നു. കേരളത്തിലെ നഗരസഭകളുടെ കൂട്ടത്തിൽ ബി ജെ പി തുടർച്ചയായി ഭരിക്കുന്ന നഗരസഭയാണ് പാലക്കാട്.

ഇടതുമുന്നണിക്ക് കഴിഞ്ഞ കാലങ്ങളിൽ ലഭിച്ചിരുന്ന വോട്ട് 32000- 43000 ആയിരുന്നു. അതിൽ ഏറ്റവും കുറവുണ്ടായത് 1987, 2021 തെരഞ്ഞെടുപ്പുകളിലാണ് (യഥാക്രമം 32709, 36433). മറ്റു തെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫ് ശരാശരി നാല്പതിനായിരത്തിനടുത്ത് വോട്ടുകളാണ് നേടിയത്.

2011- 2021 കാലത്തെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പാലക്കാട് മണ്ഡലത്തിൽ യു.ഡി.എഫ്, എൻ.ഡി.എ, എൽ.ഡി.എഫ് എന്നിവ നേടിയ വോട്ട് ശതമാനം.
2011- 2021 കാലത്തെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പാലക്കാട് മണ്ഡലത്തിൽ യു.ഡി.എഫ്, എൻ.ഡി.എ, എൽ.ഡി.എഫ് എന്നിവ നേടിയ വോട്ട് ശതമാനം.

2021- ൽ വിജയിച്ച ഷാഫി പറമ്പിൽ 2024- ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ നിന്ന് എം.പിയായപ്പോൾ എം എൽ എ സ്ഥാനം രാജിവെക്കുകയും ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ രാഹുൽ മാങ്കൂട്ടത്തിൽ വിജയിക്കുകയും ചെയ്തു. ആകെ പോൾ ചെയ്ത 1,38,120 വോട്ടിൽ രാഹുൽ 58,339 വോട്ടും ബി ജെ പിയിലെ സി. കൃഷ്ണകുമാർ 39,549 വോട്ടും നേടി. മൂന്നാം സ്ഥാനത്തായിരുന്നു സി പി എമ്മിലെ പി. സരിൻ, നേടിയത് 37,293 വോട്ട്.

തദ്ദേശ തെരഞ്ഞെടുപ്പിൽ യു ഡി എഫിന് 6000- ലേറെ വോട്ടിന്റെ മുൻതൂക്കമുണ്ട്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ ആരോപണങ്ങളാണ് പാലക്കാടിനെ സമീപകാലത്ത് ശ്രദ്ധാകേന്ദ്രമാക്കിയത്. ഇത് യു.ഡി.എഫിനെയും കോൺഗ്രസിനെയും കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലുമാക്കി. തുടർന്ന് രാഹുലിനെ കോൺഗ്രസിൽനിന്ന് പുറത്താക്കുകയും ചെയ്തു. പക്ഷെ, എം.എൽ.എ സ്ഥാനം രാജിവെക്കാൻ രാഹുൽ തയ്യാറായില്ല. തങ്ങൾക്ക് അവകാശപ്പെടാൻ കഴിയാത്ത എം.എൽ.എയുമായാണ് ഇത്തവണ കോൺഗ്രസ് വോട്ടർമാരെ അഭിമുഖീകരിക്കുന്നത് എന്നർഥം. രാഹുൽ സൃഷ്ടിച്ച പ്രതിസന്ധികൾ തരണം ചെയ്ത് മണ്ഡലം നിലനിർത്തണമെങ്കിൽ ഇത്തവണ കോൺഗ്രസിന് നന്നായി വിയർപ്പൊഴുക്കേണ്ടിവരും. അതുകൊണ്ടുതന്നെ, സ്ഥാനാർഥി നിർണയത്തിന്റെ ആദ്യ ഘട്ടം പൂർത്തിയാക്കി, സിറ്റിംങ് എം.എൽ.എമാരെ വീണ്ടും രംഗത്തിറക്കാൻ തീരുമാനിച്ച് മുന്നോട്ടുപോകുമ്പോൾ, പാലക്കാട് മണ്ഡലം ഒഴിച്ചിട്ടിരിക്കുകയാണ്. രാഹുൽ ഇലക്ഷനിൽ എന്ത് നിലപാട് സ്വീകരിക്കുമെന്ന ആശങ്കയും കോൺഗ്രസിനുണ്ട്.
ജനസ്വീകാര്യതയുള്ള നേതാവിനെ രംഗത്തിറക്കി ജയം ഉറപ്പിക്കാനുള്ള നീക്കത്തിലാണ് ബി ജെ പി.

ഇത്തരം അപൂർവ രാഷ്ട്രീയ സാഹചര്യങ്ങൾ പാലക്കാടിനെ ഇത്തവണയും കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കുമെന്നുറപ്പ്.

9.തരൂർ:
ജയം ആവർത്തിക്കാൻ
എൽ.ഡി.എഫ്

2008- ലെ അതിർത്തി പുനർനിർണയത്തിലൂടെ രൂപീകരിച്ച പട്ടികജാതി സംവരണമണ്ഡലം. എല്ലാ തെരഞ്ഞെടുപ്പിലും സി.പി.എം വൻ ഭൂരിപക്ഷത്തോടെയാണ് ജയിക്കുന്നത്. എ.കെ. ബാലൻ 2011-ൽ 25,756 വോട്ടിനും, 2016-ൽ 23,068 വോട്ടിനും ജയിച്ചു. 2021-ൽ സി പി എമ്മിലെ പി.പി. സുമോദ് 24,531 വോട്ടിനാണ് വിജയിച്ചത്. ഈ സ്ഥിരതയാർന്ന ഉയർന്ന ഭൂരിപക്ഷം എൽ.ഡി.എഫിന്റെ മേൽക്കൈയ്യാണ് സൂചിപ്പിക്കുന്നത്.

ശക്തമായ ഇടതു സംഘടനാ സ്വാധീനവും തൊഴിലാളിവർഗ്ഗ അടിത്തറയുമുള്ള തരൂർ ഇടതുപക്ഷത്തിന് വലിയ വിജയസാധ്യതയുള്ള മണ്ഡലമായിട്ടാണ് രാഷ്ട്രീയ കേരളം അടയാളപ്പെടുത്തിയിരിക്കുന്നത്. യുഡിഎഫിന് ഇതുവരെ ശ്രദ്ധേയമായ തെരഞ്ഞെടുപ്പ് പോരാട്ടം നടത്താനായിട്ടില്ല.

2021-ൽ ആകെയുള്ള 1,70,119 വോട്ടർമാരിൽ പോൾ ചെയ്തത് 1,31,669 (78.13%) വോട്ടാണ്. പി. പി. സുമോദ് 67,744 വോട്ടും (51.58%) യു ഡിഎ ഫിലെ കെ. എ. ഷീബ 43,213 വോട്ടും (32 .90%) ബി ജെ പിയിലെ ജയപ്രകാശൻ കെ. പി. 18,465 വോട്ടുമാണ് (14.06%) നേടിയത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ 8,000- ലേറെ വോട്ടിന്റെ മുൻതൂക്കമാണ് എൽ ഡി എഫിനുള്ളത്. ഈ പശ്ചാത്തലത്തിൽ 2026-ലും ഇടതുമുന്നണി മണ്ഡലം നിലനിർത്താനാണ് സാധ്യത.

10. ചിറ്റൂർ:
ഇടതുപ്രതീക്ഷ

  • ഇതുവരെയുള്ള രാഷ്ട്രീയസാഹചര്യത്തിൽ പ്രതികൂല ഘടകങ്ങൾ എൽ.ഡി.എഫിനില്ല. ഈ പശ്ചാത്തലത്തിൽ 2026-ലും ചിറ്റൂർ ഇടതുപക്ഷ ആഭിമുഖ്യം നിലനിർത്താനാണ് സാധ്യത.

1957 മുതൽ പ്രാബല്യത്തിലുള്ളതാണ് മണ്ഡലമെങ്കിലും വിവിധ കാലഘട്ടത്തിൽ നടന്ന അതിർത്തി പുനർനിർണയത്തിന്റെ ഭാഗമായി അതിർത്തികളിൽ മാറ്റമുണ്ടായിട്ടുണ്ട്. ചിറ്റൂർ 1957- ലും 1960- ലും ദ്വയാംഗ മണ്ഡലമായിരുന്നു.

ഇടതുപക്ഷ സ്ഥാനാർത്ഥികളാണ് കൂടുതൽ തവണ ജയിച്ചിട്ടുള്ളത്. തമിഴ് നാടുമായി അതിർത്തി പങ്കിടുന്നതിനാൽ പ്രാദേശിക സാമ്പത്തിക ബന്ധങ്ങളും സാംസ്കാരിക ഘടകങ്ങളും ചിറ്റൂരിലെ ജനവിധിയെ സ്വാധീനിക്കാറുണ്ട്. കാർഷികമേഖലക്ക് പ്രധാന്യമുള്ള മണ്ഡലമെന്ന നിലയിൽ കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും വോട്ടുകളാണ് വിധി നിർണയിക്കുന്നത്.

1957 മുതൽ 1982 വരെ ഇടതുപക്ഷ പാർട്ടികൾക്ക് അനുകൂലമായിരുന്ന മണ്ഡലത്തിൽ 1996 മുതൽ 2011 വരെ കോൺഗ്രസിലെ കെ. അച്യുതനാണ് തുടർച്ചയായി വിജയിച്ചത്. എന്നാൽ 2016, 2021 വർഷങ്ങളിൽ ജനവിധി എൽ ഡി എഫിന് അനുകൂലമായി.

വോട്ട് വിഹിതം

1987 മുതൽ 2021 വരെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ചിറ്റൂർ മണ്ഡലത്തിൽ മുന്നണികൾ നേടിയ വോട്ട് ശതമാനം.
1987 മുതൽ 2021 വരെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ചിറ്റൂർ മണ്ഡലത്തിൽ മുന്നണികൾ നേടിയ വോട്ട് ശതമാനം.

2021-ൽ ആകെ 1,89,203 വോട്ടർമാരിൽ 1,53,279 (81.01%) പേരാണ് വോട്ട് ചെയ്തത്. എൽ ഡി എഫിലെ ജനതാദൾ (എസ്) സ്ഥാനാർത്ഥി കെ. കൃഷ്ണൻകുട്ടി കെ. അച്യുതന്റെ മകൻ സുമേഷ് അച്യുതനെ 33,878 വോട്ടിന്റെ വ്യത്യാസത്തിലാണ് പരാജയപ്പെടുത്തിയത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ 6,000 ലേറെ വോട്ടിന്റെ ഭൂരിപക്ഷമാണ് എൽ ഡി എഫിനുള്ളത്.

മുൻ തെരഞ്ഞെടുപ്പുകളിൽ, പ്രത്യേകിച്ച് 2016, 2021 വർഷങ്ങളിൽ, മുന്നണികൾക്ക് ലഭിച്ച വോട്ടു വിഹിതം പരിശോധിച്ചാൽ ഇടതുമുന്നണിക്ക് ഐക്യ മുന്നണിയേക്കാൾ വിജയസാധ്യതയുണ്ട്. അതുകൊണ്ടുതന്നെ വലിയ തരത്തിലുള്ള രാഷ്ട്രീയ അടിയൊഴുക്കുകൾ സംഭവിച്ചാൽ മാത്രമേ എൽ.ഡി.എഫിന് പ്രതികൂലമായ സാഹചര്യമുണ്ടാകാനിടയുള്ളൂ. ഇതുവരെയുള്ള രാഷ്ട്രീയസാഹചര്യത്തിൽ അത്തരം പ്രതികൂല ഘടകങ്ങൾ എൽ.ഡി.എഫിനില്ല. ഈ പശ്ചാത്തലത്തിൽ 2026-ലും ചിറ്റൂർ ഇടതുപക്ഷ ആഭിമുഖ്യം നിലനിർത്താനാണ് സാധ്യത.

11. നെന്മാറ:
തകർക്കാനാകാത്ത
ഇടത് പ്രതീക്ഷ

  • 2011 മുതൽ ശരാശരി 10 ശതമാനത്തിലേറെ വോട്ട് ഇടതുമുന്നണിക്ക് കൂടുതലായി ലഭിക്കുന്നതിനാൽ, മുന്നണി അനുകൂല ജനവിധി ഉറപ്പാക്കിയ മണ്ഡലമാണ് നെന്മാറ.

2008-ലെ പുനഃസംഘടനയിലൂടെ പുതുതായി രൂപീകരിച്ച മണ്ഡലമാണ് നെന്മാറ. കാർഷിക മേഖലയിലും തോട്ടം മേഖലയിലും പ്രവർത്തിക്കുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും തൊഴിലാളി സംഘടനകൾക്കും ശക്തമായ സ്വാധീനമുള്ള മണ്ഡലം. 2011 മുതൽ എല്ലാതെരഞ്ഞെടുപ്പുകളിലും സി പി എമ്മിനാണ് ജയം. എൽ.ഡി.എഫിന്റെ ഉറച്ച കോട്ടയായായിട്ടാണ് നെന്മാറ അറിയപ്പെടുന്നത്.

2011- ലെ ആദ്യ തെരഞ്ഞെടുപ്പിൽ സി എം പി നേതാവ് എം.വി. രാഘവനായിരുന്നു യു ഡി എഫ് സ്ഥാനാർത്ഥി. സി പി എമ്മിലെ വി. ചെന്താമരാക്ഷനോട് എട്ടായിരത്തിൽപ്പരം വോട്ടിനാണ് രാഘവൻ പരാജയപ്പെട്ടത്. ഇതോടെയാണ്, അതുവരെ കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന എം.വി.ആർ സജീവ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചതെന്ന് പറയാം.

2016- ൽ സി പി എമ്മിലെ കെ. ബാബു കോൺഗ്രസ് നേതാവ് എ. വി. ഗോപിനാഥനെ 7400 വോട്ടുകൾക്ക് പരാജയപ്പെടുത്തി.

2021-ൽ ആകെ 1,92,592 വോട്ടർമാരാണുണ്ടായത്. ആകെ പോൾ ചെയ്ത 1,51,838 വോട്ടിൽ കെ. ബാബു 80,145 വോട്ടും സി എം പി സ്ഥാനാർത്ഥി സി. എൻ. വിജയകൃഷ്ണൻ 51,441 വോട്ടും എൻ.ഡി.എയിലെ അനുരാഗ് എ. എൻ. 16,666 വോട്ടുമാണ് നേടിയത്. കെ. ബാബുവിന്റെ ഭൂരിപക്ഷം 28,704.

2011- 2021 കാലത്തെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നെന്മാറ മണ്ഡലത്തിൽ എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ എന്നിവ നേടിയ വോട്ട് ശതമാനം.
2011- 2021 കാലത്തെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നെന്മാറ മണ്ഡലത്തിൽ എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ എന്നിവ നേടിയ വോട്ട് ശതമാനം.

തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കു പ്രകാരം 11,000 ലേറെ വോട്ടിന്റെ മുൻതൂക്കമാണ് എൽ ഡി എഫിനുള്ളത്.

2011 മുതൽ ശരാശരി 10 ശതമാനത്തിലേറെ വോട്ട് ഇടതുമുന്നണിക്ക് ഐക്യ മുന്നണിയേക്കാൾ കൂടുതലായി ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇടതുമുന്നണിക്ക് അനുകൂലമായ ജനവിധി ഉറപ്പായും പ്രതീക്ഷിക്കുന്ന കേരളത്തിലെ മണ്ഡങ്ങളിലൊന്നാണ് നെന്മാറ. ഐക്യമുന്നണിക്കാകട്ടെ, പ്രതീക്ഷ നൽകുന്ന ഘടകങ്ങൾ പരിമിതമാണുതാനും.

12.ആലത്തൂർ:
ശക്തം,
ഇടതുപക്ഷം

  • 2011 മുതലുള്ള തെരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിക്ക് ശരാശരി 20 ശതമാനത്തിലേറെ വോട്ടാണ് യു.ഡി.എഫിനേക്കാൾ കൂടുതൽ ലഭിച്ചിട്ടുള്ളത്.

1957-ലെ ആദ്യ തെരഞ്ഞെടുപ്പ് മുതൽ പ്രാബല്യത്തിലുള്ള ആലത്തൂർ ജില്ലയിലെ പ്രധാന കാർഷിക മേഖലയാണ്, ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനവുമുണ്ട്.

1991- ൽ കോൺഗ്രസിലെ എ. വി. ഗോപിനാഥ് നേടിയ അട്ടിമറി വിജയമൊഴിച്ചാൽ 1957 മുതൽ 2021 വരെ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥികൾ മാത്രം വിജയിച്ച മണ്ഡലം. ഇ എം എസ് നിയമസഭയിലേക്ക് അവസാനമായി വിജയിച്ചത് 1977- ൽ ആലത്തൂരിൽ നിന്നായിരുന്നു. ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ വി.എസ്. വിജയരാഘവനെയായാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. സി പി എമ്മിലെ ആർ. കൃഷ്ണൻ, സി. ടി. കൃഷ്ണൻ, സി. കെ. രാജേന്ദ്രൻ, വി. ചെന്താമരാക്ഷൻ, എം. ചന്ദ്രൻ എന്നിവർ മണ്ഡലത്തിലെ മുൻകാല ജനപ്രതിനിധികളാണ്.

വോട്ട് വിഹിതം

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ ആലത്തൂരിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ ആലത്തൂരിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

2021-ൽ ആകെയുള്ള 1,71,419 വോട്ടർമാരിൽ 1,35,585 പേരാണ് പോൾ ചെയ്തത് (79.09%). എൽ ഡി എഫിലെ കെ. ഡി. പ്രസേനൻ യു ഡി എഫിലെ പാളയം പ്രദീപനെ 34,000 ലേറെ വോട്ടിനാണ് തോൽപ്പിച്ചത്. ബി ജെ പിയിലെ പ്രശാന്ത് ശിവന് 18,115 വോട്ടും ലഭിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിൽ 18,000- ലേറെ വോട്ടിന്റെ മുൻതൂക്കമാണ് എൽ ഡി എഫിനുള്ളത്. 2011 മുതലുള്ള തിരഞ്ഞെടുപ്പുകളിൽ, ഇടതുമുന്നണിക്ക് ശരാശരി 20 ശതമാനത്തിലേറെ വോട്ടാണ് യു.ഡി.എഫിനേക്കാൾ കൂടുതൽ ലഭിച്ചിട്ടുള്ളത്.

2026-ലെ
സാധ്യതകൾ:

മുൻ തെരഞ്ഞെടുപ്പുകളിൽ ഇരു മുന്നണികൾക്കും ലഭിച്ച വോട്ടുവിഹിതവും അതാതു മണ്ഡലങ്ങളിലെ ജനപ്രതിനിധികളുടെ പ്രവർത്തനങ്ങളും വിലയിരുത്തിയാൽ 12 നിയമസഭ മണ്ഡലങ്ങളുള്ള പാലക്കാട് ജില്ലയിൽ 2026- ലെ ജനവിധിയുടെ സാധ്യത വിലയിരുത്താം. 2021- ൽ വിജയിച്ച മുന്നണിക്ക് പ്രതികൂലമായി 2026-ൽ വലിയതരത്തിൽ വോട്ട് മാറിയാൽ സംഭവിക്കാൻ സാധ്യതയുള്ള ജനവിധിയും സൂചിപ്പിച്ചിട്ടുണ്ട്.

മുൻ തെരഞ്ഞെടുപ്പിലെ വോട്ടുവിഹിതം, ഇതുവരെയുള്ള രാഷ്ട്രീയ പ്രതികരണങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ പാലക്കാട്  ജില്ലയിലെ 12 നിയമസഭാ മണ്ഡലങ്ങളിലെ 2026-ലെ സാധ്യതകൾ.
മുൻ തെരഞ്ഞെടുപ്പിലെ വോട്ടുവിഹിതം, ഇതുവരെയുള്ള രാഷ്ട്രീയ പ്രതികരണങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ പാലക്കാട് ജില്ലയിലെ 12 നിയമസഭാ മണ്ഡലങ്ങളിലെ 2026-ലെ സാധ്യതകൾ.

Read:

കേരള കോൺഗ്രസുകളുടെ അതിജീവന കോട്ടയം

ചാഞ്ചാട്ട വോട്ടുകളുടെ ഇടുക്കി,
കാർഷിക മേഖലയുടെ വോട്ട്

വയനാട്:
UDF ​പ്രതീക്ഷയും
LDF-ന്റെ ‘പുനരധിവാസ’
സ്വപ്നവും

പത്തനംതിട്ട ജില്ലയിലെ
ജയവും തോൽവിയും
ആര് തീരുമാനിക്കും?

രാഷ്ട്രീയ
അടിയൊഴുക്കുണ്ടോ,
കാസർകോട് ജില്ലയിൽ?

Comments