വഴി മാറി ചിന്തിക്കാൻ ടെലിവിഷൻ നേതൃത്വത്തിന് ഒരുതരം ഭയം

പരിസ്ഥിതിയും, ലിംഗപരമായ പ്രശ്‌നങ്ങളും, ഒക്കെ മുഖ്യധാരയിലേക്ക് വന്നത് ടെലിവിഷൻ മാധ്യമങ്ങളിലൂടെയാണ്. ഘടനാപരമായ, അവതരണപരമായ ക്രിയാത്മകതയുടെ രാഹിത്യമാണ് ഇന്നു ടെലിവിഷൻ നേരിടുന്ന പ്രശ്നം- സഭ ടി.വി സീനിയർ കൺസൽട്ടൻറ്​ ഡയറക്​ടർ വി.എം. ദീപ എഴുതുന്നു. തിങ്ക്​ നൽകിയ പത്തുചോദ്യങ്ങൾക്ക്​ 22 മാധ്യമപ്രവർത്തകരാണ്​ നിലപാട്​ വ്യക്തമാക്കിയത്​. ഇതോ​​ടൊപ്പം, മാധ്യമപ്രവർത്തകരുടെ പേരിൽ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ കൂടുതൽ പ്രതികരണങ്ങൾ വായിക്കാം.

മനില സി.മോഹൻ:മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും ക്രൂരമായി വിമർശിക്കപ്പെടുകയാണ്. ആത്മവിമർശനപരമായിത്തന്നെ ഇതിനെ സമീപിക്കണം. എന്തുകൊണ്ട് മാധ്യമങ്ങൾ വിമർശിക്കപ്പെടുന്നു എന്നാണ് തോന്നിയിട്ടുള്ളത്?

വി. എം ദീപ : മുഖ്യധാരാ മാധ്യമങ്ങൾ, പ്രത്യേകിച്ച് ദൃശ്യമാധ്യമങ്ങൾ, കടുത്ത മത്സരത്തിന്റെ ഒരന്തരീക്ഷത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയത് 24 മണിക്കൂർ ലൈവ് വാർത്ത നൽകാനുള്ള സാങ്കേതികവിദ്യ വികസിച്ചതോടെയാണ്. ഇന്നത്തെ പ്രത്യേക രാഷ്ട്രീയ-സാമൂഹ്യ സാഹചര്യത്തിൽ മാത്രം വിമർശിക്കപ്പെടേണ്ട പ്രശ്‌നങ്ങളല്ല, മാധ്യമങ്ങൾക്കുള്ളതെന്നു തോന്നുന്നു. മത്സരം നിറഞ്ഞ ലൈവ് വാർത്തയിൽ ചോർന്നുപോകുന്ന പഠനവും, വിശദാംശങ്ങളും, വസ്തുതകളുടെ കൃത്യതയുമെല്ലാം എല്ലാ സമയത്തും ഒരു പ്രശ്‌നം തന്നെയാണ്. മാത്രമല്ല, സമൂഹത്തിന്റെ പൊതുബോധമാണ് മാധ്യമങ്ങളിലും പ്രതിഫലിക്കുന്നത്. എരിവും പുളിയുമുള്ള വാർത്തയോടുള്ള കടുത്ത ആഭിമുഖ്യം നമ്മുടെ സമൂഹത്തിൽ പൊതുവേയുണ്ടെന്ന് ഇവിടെ പ്രചാരമുള്ള ചില ഓൺലൈൻ മാധ്യമങ്ങൾ ശ്രദ്ധിച്ചാൽ തന്നെ മനസ്സിലാവും. പാപ്പരാസിയുടെ തലത്തിലേക്ക് താഴാതിരിക്കാൻ ഒരു കരുതൽ മാധ്യമങ്ങളുടെ ഭാഗത്തുണ്ടാവേണ്ടത് തന്നെയാണ്. അത് മാധ്യമസമൂഹത്തിനകത്തു നിന്നും, പൊതുസമൂഹത്തിൽ നിന്നും ഒരുപോലെ വരുന്ന ആത്മവിമർശനത്തിന്റെ ഭാഗമായിരിക്കണം.


എം.ജി.രാധാകൃഷ്ണൻസ്റ്റാൻലി ജോണികെ.പി. സേതുനാഥ്കെ.ജെ. ജേക്കബ്അഭിലാഷ് മോഹൻടി.എം. ഹർഷൻവി.പി. റജീനഉണ്ണി ബാലകൃഷ്ണൻകെ. ടോണി ജോസ്രാജീവ് ദേവരാജ്ഇ. സനീഷ്എം. സുചിത്രജോൺ ബ്രിട്ടാസ്വി.ബി. പരമേശ്വരൻവിധു വിൻസെൻറ്ജോസി ജോസഫ്വെങ്കിടേഷ് രാമകൃഷ്ണൻധന്യ രാജേന്ദ്രൻജോണി ലൂക്കോസ്എം.വി. നികേഷ് കുമാർകെ.പി. റജി

ചോദ്യം: ജേണലിസ്റ്റുകൾക്ക് മറ്റ് തൊഴിൽ മേഖലകളിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും പ്രിവിലേജുകൾ - സവിശേഷ അധികാരം ഉണ്ട് എന്ന് കരുതുന്നുണ്ടോ? മറിച്ച് സാമൂഹികവും രാഷ്ട്രീയവുമായ എന്തെങ്കിലും പ്രതിബദ്ധത ഉണ്ടെന്ന്?

ജേണലിസ്റ്റുകൾക്ക് അവരുടെ തൊഴിലിന്റെ ഭാഗമായി ലഭിക്കുന്ന അധികാരവും, പ്രിവിലേജും അവർക്കു വ്യക്തിപരമായ തലത്തിൽ സിദ്ധിക്കുന്നതല്ല. അവർക്ക് അവരുടെ തൊഴിൽ പരമാവധി വസ്തുനിഷ്ഠമായും, ജനങ്ങൾക്കുപകരിക്കുന്ന വിധത്തിലും ചെയ്യാൻ ഉതകുന്നതിനാണ് ആ അധികാരങ്ങളും, പ്രിവിലേജുകളും. മറ്റൊരർത്ഥത്തിൽ, ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന്റെ ഭാഗമാണവ. ജേണലിസ്റ്റുകളുടെ സാമൂഹ്യപ്രതിബദ്ധത ഒരു പക്ഷം പിടിക്കുന്നതിലല്ല, വസ്തുനിഷ്ഠമായി, സമഗ്രമായി, എല്ലാ വശവും സ്പർശിച്ചു വാർത്ത നൽകുക വഴി, ഒരു informed conclusion ൽ എത്താൻ വായനക്കാരെ, പ്രേക്ഷകരെ പ്രാപ്തരാക്കുന്നതിലാണ്.

ചോദ്യം: നിഷ്പക്ഷ മാധ്യമ പ്രവർത്തനം എന്നൊന്നുണ്ടോ? ഉണ്ടെങ്കിൽ / ഇല്ലെങ്കിൽ അത് എങ്ങനെയാണ്?

പൂർണമായും നിഷ്പക്ഷമായ ഒരു മാധ്യമപ്രവർത്തനം സാധ്യമല്ല. എന്നാൽ നിഷ്പക്ഷതക്ക് വേണ്ടിയുള്ള ശ്രമം ഓരോ മാദ്ധ്യമപ്രവർത്തകരുടെ ഭാഗത്തുനിന്നും നിരന്തരമായി ഉണ്ടാവുകയും, വാർത്തകളെയും വിശകലനങ്ങളെയും സമൂഹം ജാഗ്രതയോടെയും വിമർശനാത്മകമായും സമീപിക്കുകയും, ഈ പ്രക്രിയ നിരന്തരം നടക്കുകയും ചെയ്യുക എന്നതാണ് പ്രധാനം. നിഷ്പക്ഷത, അങ്ങനെ മാത്രമേ ഉറപ്പാക്കാൻ കഴിയൂ. കേരളത്തിലെ മാധ്യമങ്ങളുടെ പ്രത്യയശാസ്ത്രപരമായ വൈവിധ്യം തന്നെയാണ് ഇക്കാര്യത്തിൽ നമുക്ക് രക്ഷ.

ചോദ്യം: ടെലിവിഷൻ ജേണലിസം മാധ്യമ രംഗത്ത് കൊണ്ടുവന്ന മാറ്റങ്ങൾ ഗുണപരമായിരുന്നോ?

ഗുണപരമായിരുന്നു. മാധ്യമരംഗത്ത് ഒരു സജീവത, സക്രിയത കൊണ്ടുവരാൻ അത് വളരെ സഹായിച്ചിട്ടുണ്ട്. ധാരാളം വനിതാ മാധ്യമപ്രവർത്തകർ ഉണ്ടായത് ദൃശ്യമാധ്യമങ്ങളിലൂടെയാണ്. അച്ചടിമാധ്യമങ്ങളിൽ കടുത്ത പുരുഷാധിപത്യം നിലനിന്നിരുന്നു. പരിസ്ഥിതിയും, ലിംഗപരമായ പ്രശ്‌നങ്ങളും, ഒക്കെ മുഖ്യധാരയിലേക്ക് വന്നത് ടെലിവിഷൻ മാധ്യമങ്ങളിലൂടെയാണ്. ഘടനാപരമായ, അവതരണപരമായ ക്രിയാത്മകതയുടെ രാഹിത്യമാണ് ഇന്നു ടെലിവിഷൻ നേരിടുന്ന പ്രശ്നം​. റേറ്റിംഗ് ലഭിക്കുന്ന, ഇതിനകം പാരമ്പരാഗതമായിത്തീർന്ന ചില പരിപാടികളിൽ നിന്ന് വഴി മാറി ചിന്തിക്കാൻ ടെലിവിഷൻ നേതൃത്വത്തിന് ഒരുതരം ഭയം തന്നെയാണ്. അപ്പോൾ

ക്രിയാത്മകമായ, freshness ഉള്ള പരിപാടികൾ കുറയുന്നു. രാഷ്ട്രീയമായാലും, സാമൂഹ്യ പ്രശ്‌നങ്ങളായാലും, മറ്റെന്ത് ഉള്ളടക്കമായാലും, നമ്മൾ നമ്മുടെ സ്വന്തം കുട്ടികൾക്ക് കാണാനും, കണ്ടു വളരാനും വേണ്ടിയാണ് ഒരു ടെലിവിഷൻ പരിപാടിയോ, ചർച്ചയോ, വാർത്ത റിപ്പോർട്ടിങ്ങോ നടത്തുന്നത് എന്ന ബോധ്യം, ആ മാന്യതാസങ്കല്പം, മാധ്യമപ്രവർത്തകർ എന്ന നിലയിൽ നമുക്കോരോരുത്തർക്കും ഉണ്ടാവണം എന്നതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അതുപോലെ ഭാഷ ഉപയോഗിക്കുന്നതിലെ സൂക്ഷ്മത, വൃത്തി,- അത് എഴുത്തു ഭാഷ ആയാലും, ദൃശ്യ ശ്രാവ്യ ഭാഷ ആയാലും- വീണ്ടെടുക്കാൻ ശ്രമിക്കണം. പഴയകാല മാധ്യമപ്രവർത്തകർക്ക് അതുണ്ടായിരുന്നു.

ചോദ്യം: മതം/ കോർപ്പറേറ്റുകൾ / രാഷ്ട്രീയ പാർട്ടികൾ എന്നിവയുടെ നിയന്ത്രണത്തിലാണ് കേരളത്തിലെ ഭൂരിപക്ഷ മാധ്യമ പ്രവർത്തനം എന്ന് വിമർശിച്ചാൽ? എന്താണ് അനുഭവം?

ഇതിന്റെയെല്ലാം സ്വാധീനങ്ങൾ ഏറിയും, കുറഞ്ഞും ഉണ്ടാകാം. ദേശീയതലത്തിൽ അത് വ്യക്തമായും, ശക്തമായും ഉണ്ട്. എന്നാൽ കേരളത്തിൽ സ്ഥിതി അത്ര മോശമല്ല എന്നാണ് എന്റെ ബോധ്യം. ഓരോ മാധ്യമപ്രവർത്തകരുടെയും ജോലിയോടുള്ള പ്രതിബദ്ധതയും സാമൂഹ്യബോധവും എല്ലാം തുല്യപ്രാധാന്യമുള്ള ഘടകങ്ങൾ തന്നെയാണ്. ടെലിവിഷൻ മാധ്യമപ്രവർത്തകർ ഒരു ദിവസം എത്ര മണിക്കൂർ ജോലി ചെയ്യുന്നു എന്ന് മാത്രം നോക്കിയാൽ ഇത് മനസ്സിലാകും. അത് അവരുടെ കമ്പനി അവരെക്കൊണ്ടു നിർബന്ധിച്ചു ജോലി ചെയ്യിക്കുന്നത് കൊണ്ട് മാത്രമല്ല. അവർ ചെയ്യുന്ന ജോലി ഈ സമൂഹത്തിനു പ്രധാനമാണ് എന്ന് അവരിൽ ഭൂരിപക്ഷം വിശ്വസിക്കുന്നത് കൊണ്ട് കൂടിയാണ്.

ചോദ്യം: തൊഴിലിടത്തിലെ ലിംഗനീതിയെപ്പറ്റി സ്റ്റോറികൾ ചെയ്യുന്നവരാണ് നമ്മൾ. ജേണലിസം മേഖലയിൽ ലിംഗ നീതി നിലനിൽക്കുന്നുണ്ടോ?

ലിംഗനീതിയുടെ കാര്യത്തിൽ കേരളത്തിലെ ജേണലിസം ബഹുദൂരം മുന്നിലാണ്. അത് ഈ രംഗത്തെ സ്ത്രീകൾ കഠിനാധ്വാനം ചെയ്തു നേടിയതാണ്. ഒപ്പം മലയാള ടെലിവിഷനിൽ സ്വകാര്യ വാർത്ത ചാനലിന് തുടക്കത്തിൽ നേതൃത്വം കൊടുത്ത ശശികുമാറിനെപ്പോലുള്ള മുതിർന്ന മാധ്യമപ്രവർത്തകർ വളരെ ബോധപൂർവം വനിതാപ്രാതിനിധ്യം ഉറപ്പാക്കിയതുകൊണ്ടുകൂടിയാണ്. അച്ചടി മാധ്യമങ്ങൾ ആ വഴി പിന്നീട് പിന്തുടരുകയാണ് ചെയ്തത്.

ചോദ്യം: ഈ മേഖലയിൽ ഉയർന്ന തസ്തികകളിൽ ഇരിക്കുന്നവർക്കൊഴികെ വേതന നിരക്കും പരിതാപകരമാണ്. എന്താണ് തോന്നിയിട്ടുള്ളത്?

ശരിയാണ്. ടെലിവിഷന്റെ കാര്യമെടുത്താൽ സാങ്കേതിക രംഗത്ത് (ക്യാമറ, എഡിറ്റിംഗ് തുടങ്ങിയവ) പ്രവർത്തിക്കുന്നവർക്ക് ന്യായമായ ശമ്പളം കിട്ടുന്നേയില്ല.

ചോദ്യം: വ്യവസ്ഥാപിത മാധ്യമങ്ങളിൽ സോഷ്യൽ മീഡിയയുടെ സ്വാധീനം എത്രത്തോളമുണ്ട്?

സ്വാഭാവികമായും സോഷ്യൽ മീഡിയയുടെ സ്വാധീനം കൂടി വരുന്നു. അത് വായനക്കാരുമായുള്ള, പ്രേക്ഷകരുമായുള്ള പുതിയ ആശയവിനിമയ സാദ്ധ്യതകൾ തുറന്നിടുന്നുണ്ട്. പക്ഷെ ഈ സ്വാധീനത്തെ കുറേക്കൂടി ഗുണപരമായി ഉപയോഗപ്പെടുത്താൻ മാധ്യമങ്ങൾക്കു കഴിഞ്ഞാലേ കാര്യമുള്ളൂ.

ചോദ്യം: ചെയ്യുന്ന ജോലിയ്ക്കപ്പുറമുള്ള വായനകൾക്ക് സമയം കിട്ടാറുണ്ടോ? ഏതാണ് ഏറ്റവും ഒടുവിൽ വായിച്ച പുസ്തക? അതെക്കുറിച്ച് പറയാമോ?

ആഗ്രഹിക്കുന്ന അത്രയും വിപുലമായിട്ടല്ലെങ്കിലും ചെറിയ തോതിൽ വായന നടക്കാറുണ്ട്. ഒടുവിൽ വായിച്ചത്, (മുഴുവനായില്ല) അഗത ക്രിസ്റ്റിയുടെ ആത്മകഥ. വായനക്ക് വലിയ മൂല്യം കൽപ്പിക്കുന്ന ഒരു സുഹൃത്ത് വായിക്കാനായി തന്നതാണ്. മനോഹരമായ പുസ്തകം.

ചോദ്യം: കോവിഡ് കാലം പല തരം തിരിച്ചറിവുകൾ നൽകുന്നുണ്ട്. പത്രത്തിന്റെ ടെലിവിഷൻ ന്യൂസ് ചാനലുകളുടെ അതിജീവന സാധ്യത എത്രയാണ്?

മാധ്യമ രംഗത്ത് വലിയ തോതിൽ വികേന്ദ്രീകരണവും, വൈവിധ്യവൽക്കരണവും നടക്കും എന്ന് ഉറപ്പാണ്. എപ്പോഴും പുതിയ വെല്ലുവിളികളാണ് പുതിയ സാധ്യതകളെ കൂടി തുറന്നിടുന്നത്. മാധ്യമങ്ങൾക്കും ഇത് സ്വയം പുതുക്കാനുള്ള ഒരവസരമായി തീർന്നേക്കാം.മാധ്യമങ്ങൾ അതിജീവിക്കും, പക്ഷെ നിരവധി പേരുടെ തൊഴിൽ നഷ്ടമായേക്കാം. ഇപ്പോൾ തന്നെ അത് സംഭവിച്ചു തുടങ്ങി.


Comments