സാൻഡ് പേപ്പർ ഇട്ട് ഉരസിയാൽ പുറത്തുവരും, ഏതൊരു മാധ്യമത്തിന്റെയും യഥാർത്ഥ താൽപര്യം

ടെലിവിഷൻ ജേണലിസം മാധ്യമ മേഖലയിലെ ജനാധിപത്യപരതക്ക് ആക്കം കൂട്ടുന്നുവെന്ന് നമ്മൾ ധരിച്ചു. എന്നാൽ വലിയ സെൻസേഷണലിസത്തിനാണ് അത്​ വഴിവെച്ചത്. വിപണിയും റേറ്റിംഗുമൊക്കെ ടെലിവിഷൻ ജേണലിസത്തിന്റെ ആത്മാവിനെ കവർന്നെടുത്തു- കൈരളി ടി.വി മാനേജിങ്​ ഡയറക്​ടർ ജോൺ​ ബ്രിട്ടാസ്​ സംസാരിക്കുന്നു. തിങ്ക്​ നൽകിയ പത്തുചോദ്യങ്ങൾക്ക്​ 22 മാധ്യമപ്രവർത്തകരാണ്​ നിലപാട്​ വ്യക്തമാക്കിയത്​. ഇതോ​​ടൊപ്പം, മാധ്യമപ്രവർത്തകരുടെ പേരിൽ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ കൂടുതൽ പ്രതികരണങ്ങൾ വായിക്കാം.

മനില സി.മോഹൻ : മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും ക്രൂരമായി വിമർശിക്കപ്പെടുകയാണ്. ആത്മവിമർശനപരമായിത്തന്നെ ഇതിനെ സമീപിക്കണം. എന്തുകൊണ്ട് മാധ്യമങ്ങൾ വിമർശിക്കപ്പെടുന്നു എന്നാണ് തോന്നിയിട്ടുള്ളത്?

ജോൺ ബ്രിട്ടാസ്: മാധ്യമങ്ങളും മാധ്യമപ്രവർത്തകരും വർദ്ധിച്ച തോതിൽ വിമർശനത്തിന് വിധേയരായി കൊണ്ടിരിക്കുന്ന കാലഘട്ടമാണ്. ഇത് അനിവാര്യതയാണ്. മറ്റ് ഏത് മേഖലയും വിമർശനത്തിനും വിചാരണക്കും വിധി എഴുത്തിനും വിധേയമാകണമെന്ന് നമ്മൾ ശഠിക്കുമ്പോൾ നമ്മുടെ രംഗം മാത്രം ഇതിനൊക്കെ അതീതമാണെന്ന് ചിന്തിക്കുന്നതിൽ തന്നെ ഒട്ടേറെ അപാകതകൾ ഉണ്ട്. മാധ്യമ മേഖലയെ മറ്റൊരു വ്യവസായമായി മാത്രം കാണാൻ കഴിയില്ല. മനസ്സിന്റെ വ്യവസായം ആണ് ഈ രംഗം. സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക പ്രതലങ്ങളെ മാറ്റി മറിക്കാൻ കെൽപുള്ള ഈ മനസ്സിന്റെ വ്യവസായം നിരന്തരമായ പരിശോധനകൾക്ക് വിധേയമാകണം എന്നാണ് എന്റെ അഭിപ്രായം.


എം.ജി.രാധാകൃഷ്ണൻസ്റ്റാൻലി ജോണികെ.പി. സേതുനാഥ്കെ.ജെ. ജേക്കബ്അഭിലാഷ് മോഹൻടി.എം. ഹർഷൻവി.പി. റജീനഉണ്ണി ബാലകൃഷ്ണൻകെ. ടോണി ജോസ്രാജീവ് ദേവരാജ്ഇ. സനീഷ്എം. സുചിത്രവി.ബി. പരമേശ്വരൻവി.എം. ദീപവിധു വിൻസെൻറ്ജോസി ജോസഫ്വെങ്കിടേഷ് രാമകൃഷ്ണൻധന്യ രാജേന്ദ്രൻജോണി ലൂക്കോസ്എം.വി. നികേഷ് കുമാർകെ.പി. റജി

ചോദ്യം: ജേണലിസ്റ്റുകൾക്ക് മറ്റ് തൊഴിൽ മേഖലകളിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും പ്രിവിലേജുകൾ - സവിശേഷ അധികാരം ഉണ്ട് എന്ന് കരുതുന്നുണ്ടോ? മറിച്ച് സാമൂഹികവും രാഷ്ട്രീയവുമായ എന്തെങ്കിലും പ്രതിബദ്ധത ഉണ്ടെന്ന്?

സാധാരണ വ്യക്തിക്ക് ഭരണഘടന നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യമെന്ന മൗലിക അവകാശത്തിനുമേൽ ആണ് മാധ്യമ സ്വാതന്ത്ര്യവും കുടികൊള്ളുന്നത്. ഒരു പൗരനുള്ള അവകാശത്തിന്റെ അത്രയും അല്ലെങ്കിൽ അത്രമാത്രം മാധ്യമങ്ങൾക്കും ഉണ്ട് എന്ന് പറയുമ്പോൾ അതിൽ എല്ലാം അടങ്ങിയിട്ടുണ്ട്. അമേരിക്കയിലൊക്കെ മാധ്യമസ്വാതന്ത്ര്യം സവിശേഷമായ ഭരണഘടനാ ഭേദഗതിയിലൂടെ ഉറപ്പുവരുത്തിയിട്ടുണ്ട്. നമ്മുടെ രാജ്യത്ത് അത്തരത്തിലുള്ള സവിശേഷ നിയമം നിലനിൽക്കുന്നില്ല.

അതേസമയം, മാധ്യമ മേഖലയ്ക്ക് സവിശേഷമായ ഉത്തരവാദിത്വം ഉണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. സോപ്പ്, ചീപ്പ്, കൺമഷി, ചാന്ത്, പൊട്ട് എന്നത് പോലെ തൊലിപുറത്ത് മാത്രമല്ല ഈ മേഖല സ്വാധീനം ചെലുത്തുന്നത്.

നമ്മുടെ സമൂഹത്തിന്റെ ഭാഗധേയം നിർണയിക്കുന്നതിന് ഏറ്റവും നിർണ്ണായക പങ്കുവഹിക്കുന്ന മേഖലയാണിത്. അതുകൊണ്ടാണ് മാധ്യമങ്ങൾക്ക് വർദ്ധിച്ച ഉത്തരവാദിത്വവും പ്രതിബദ്ധതയും വേണമെന്ന് രാഷ്ട്രശില്പികൾ ശഠിച്ചത്. ഒന്നും രണ്ടും പ്രസ്​ കമ്മീഷനുകൾ ഇക്കാര്യത്തിൽ അടിവരയിടുന്നു. വ്യവസായങ്ങളെ മാധ്യമ മേഖലയിൽ നിന്നും മാറ്റി നിർത്തണം എന്ന് പോലും ഈ കമ്മീഷനുകൾ ശുപാർശ നൽകി. എന്നാൽ ഇന്ന് മാധ്യമ താൽപര്യങ്ങളില്ലാത്ത ഏതെങ്കിലും വ്യവസായ ഗ്രൂപ്പ് രാജ്യത്ത് ഉണ്ടോ എന്ന ചോദ്യം പ്രസക്തമാണ്.

ചോദ്യം: നിഷ്പക്ഷ മാധ്യമ പ്രവർത്തനം എന്നൊന്നുണ്ടോ? ഉണ്ടെങ്കിൽ / ഇല്ലെങ്കിൽ അത് എങ്ങനെയാണ്?

സ്വതന്ത്ര മാധ്യമപ്രവർത്തനം, നിഷ്പക്ഷ മാധ്യമ പ്രവർത്തനം എന്നൊക്കെയുള്ള പദപ്രയോഗങ്ങൾ കാലഹരണപ്പെട്ടതാണ്. ഒരിക്കലും ഒരിടത്തും ഇല്ലാത്ത ഇത്തരം സംജ്ഞകളെ നമ്മൾ യഥേഷ്ടം ഉപയോഗിക്കുന്നത് വായനക്കാരെയും പ്രേക്ഷകരെയും കബളിപ്പിക്കാൻ വേണ്ടിയാണ്. അതുപോലെ മറ്റൊരു പൊള്ളയായ വാദമാണ് "ജനാധിപത്യത്തിന്റെ നാലാംതൂൺ' എന്നത്. മാധ്യമരംഗത്തെ മൂലധനം സ്വാഭാവികമായും വാർത്തയുടെ ഗതിയെ സ്വാധീനിക്കും. നിഷ്പക്ഷ നാട്യമൊക്കെ വിപണനത്തിന്റെ തന്ത്രം മാത്രമാണ്. ഒരു സാൻഡ് പേപ്പർ ഇട്ട് ഉരസിയാൽ ഏതൊരു മാധ്യമത്തിന്റെയും യഥാർത്ഥ താൽപര്യങ്ങൾ പുറത്തേക്ക് വരും.

ചോദ്യം: ടെലിവിഷൻ ജേണലിസം മാധ്യമ രംഗത്ത് കൊണ്ടുവന്ന മാറ്റങ്ങൾ ഗുണപരമായിരുന്നോ?

ടെലിവിഷൻ ജേണലിസം വലിയ പ്രതീക്ഷകളാണ് നൽകിയത്. ഒന്നോ രണ്ടോ അച്ചടിമാധ്യമങ്ങൾ അജണ്ട നിശ്ചയിക്കുന്ന രീതിയെ അത് തകർത്തെറിഞ്ഞു. ദൃശ്യങ്ങളുടെ സ്വാധീനം വലിയ വിഭാഗം ജനങ്ങളിൽ പല ചലനങ്ങളും സൃഷ്ടിച്ചു. മാധ്യമ മേഖലയിലെ ജനാധിപത്യപരതക്ക് അത് ആക്കം കൂട്ടുന്നുവെന്ന് നമ്മൾ ധരിച്ചു. എന്നാൽ വലിയ സെൻസേഷണലിസത്തിനാണ് ടെലിവിഷൻ ജേണലിസം വഴിവെച്ചത്. വിപണിയും റേറ്റിംഗുമൊക്കെ ടെലിവിഷൻ ജേണലിസത്തിന്റെ ആത്മാവിനെ കവർന്നെടുത്തു. യഥാർത്ഥ വിനോദത്തേക്കാൾ മികച്ച വിനോദമായി വാർത്തകളും അവലോകനങ്ങളും മാറി. സാമൂഹിക-രാഷ്ട്രീയ പ്രതിബദ്ധതയില്ലാത്ത ഒരുപാട് പേർ ഈ രംഗത്തേക്ക് ഒഴുകിയെത്തുകയും ചെയ്തു. ടെലിവിഷൻ ജേണലിസത്തിന്റെ അനന്തരഫലം സമ്മിശ്രമാണെങ്കിലും വിമിഷ്ടങ്ങൾക്കുള്ള പങ്ക് ചെറുതല്ലെന്ന് ഞാൻ തിരിച്ചറിയുന്നു.

ചോദ്യം: മതം/ കോർപ്പറേറ്റുകൾ / രാഷ്ട്രീയ പാർട്ടികൾ എന്നിവയുടെ നിയന്ത്രണത്തിലാണ് കേരളത്തിലെ ഭൂരിപക്ഷ മാധ്യമ പ്രവർത്തനം എന്ന് വിമർശിച്ചാൽ? എന്താണ് അനുഭവം?

എല്ലാ മാധ്യമങ്ങൾക്കും തങ്ങളുടേതായ താൽപര്യങ്ങളുണ്ട്. ഏറിയും കുറഞ്ഞും പലതരത്തിലുള്ള നിയന്ത്രണങ്ങൾ ഓരോ മാധ്യമത്തിനുമേലും സ്വാധീനം ചെലുത്തുന്നുണ്ട്. രാഷ്ട്രീയചായ്​വ്​ മാത്രമാണ് പലപ്പോഴും ഒരു നിയന്ത്രണമായി ഇവിടെ ചർച്ച ചെയ്യപ്പെടുന്നത്. അതിനേക്കാൾ കടുകട്ടിയായ മറ്റു താൽപര്യങ്ങളും നിയന്ത്രണങ്ങളും നമ്മൾ മനഃപ്പൂർവം വിസ്മരിക്കുന്നു. തെളിഞ്ഞ രാഷ്ട്രീയം നല്ല കാര്യമാണ് എന്ന വിശ്വാസക്കാരനാണ് ഞാൻ. ലോകത്തിലെ എല്ലാ നല്ല മാധ്യമപ്രവർത്തകർക്കും വ്യക്തമായ രാഷ്ട്രീയം ഉണ്ടായിരുന്നു. മഹാത്മഗാന്ധി മുതൽ സ്വദേശാഭിമാനി വരെയും, ജവഹർലാൽ നെഹ്‌റു മുതൽ ജോസഫ് പുലിറ്റസർ വരെയും കൃത്യമായ രാഷ്ട്രീയം കൊണ്ട് നടന്നവരാണ്.

ചോദ്യം: തൊഴിലിടത്തിലെ ലിംഗനീതിയെപ്പറ്റി സ്റ്റോറികൾ ചെയ്യുന്നവരാണ് നമ്മൾ. ജേണലിസം മേഖലയിൽ ലിംഗ നീതി നിലനിൽക്കുന്നുണ്ടോ?

നമ്മുടെ സമൂഹത്തിന്റെ പരിച്ഛേദമാണ് മാധ്യമ ഇടങ്ങളും. മറ്റു രംഗങ്ങളിലെ എല്ലാ പ്രവണതകളും ഇവിടെയും പ്രതിഫലിക്കുന്നു. ടെലിവിഷൻ ജേണലിസത്തിന്റെ ആവിർഭാവം ഭാഗികമായെങ്കിലും ലിംഗനീതി ഉറപ്പുവരുത്താൻ വഴിവെച്ചു എന്നതാണ് എനിക്ക് തോന്നിയിട്ടുള്ളത്.

ചോദ്യം: ഈ മേഖലയിൽ ഉയർന്ന തസ്തികകളിൽ ഇരിക്കുന്നവർക്കൊഴികെ വേതന നിരക്കും പരിതാപകരമാണ്. എന്താണ് തോന്നിയിട്ടുള്ളത്?

മാധ്യമ മേഖല ഇന്ന് വലിയൊരു ഉരുത്തിരിയലിനു വിധേയമായിക്കൊണ്ടിരിക്കുകയാണ്. ജോലി സുരക്ഷിതത്വം പ്രധാനപ്പെട്ട ഒരു പ്രതിസന്ധിയാണ്. പണ്ടും ഇതൊക്കെ തന്നെയായിരുന്നു അവസ്ഥ. ശക്തരാണെന്ന് മേനി നടിക്കുമ്പോൾ പോലും വേതനത്തിന്റെ കാര്യം വരുമ്പോൾ കൂടുതൽ ശക്തരായ മാധ്യമ മാനേജ്‌മെന്റുകളെയാണ് ഇവർ അഭിമുഖീകരിക്കേണ്ടി വരുന്നത് എന്നത് വളരെ മുമ്പ്​ തിരിച്ചറിഞ്ഞ കാര്യമാണ്. അതുകൊണ്ടാണല്ലോ വേജ് ബോർഡുകളും മറ്റും ഇവിടെ ഉണ്ടായത്. ഇന്നത്തെ സാമ്പത്തിക പ്രതിസന്ധി മാധ്യമ ഇടങ്ങളിലെ വേതന ഘടനയെ തീർത്തും പ്രതികൂലമായി ബാധിക്കുന്നുണ്ട്.

ചോദ്യം: വ്യവസ്ഥാപിത മാധ്യമങ്ങളിൽ സോഷ്യൽ മീഡിയയുടെ സ്വാധീനം എത്രത്തോളമുണ്ട്?

സാമൂഹിക മാധ്യമങ്ങൾ ഒളിഞ്ഞും തെളിഞ്ഞും വലിയ സ്വാധീനമാണ് ചെലുത്തുന്നത്. നവമാധ്യമ വാർത്തകളിലൂടെയാണ് നമ്മൾ കണ്ണ് തുറക്കുന്നത്.. പരോക്ഷമായിട്ടാണെങ്കിലും അത് ഓരോ മാധ്യമപ്രവർത്തകരുടെ മനസ്സിലും ഒരു അജണ്ടയ്ക്കാണ് രൂപം നൽകുന്നത്.

ചോദ്യം: ചെയ്യുന്ന ജോലിയ്ക്കപ്പുറമുള്ള വായനകൾക്ക് സമയം കിട്ടാറുണ്ടോ? ഏതാണ് ഏറ്റവും ഒടുവിൽ വായിച്ച പുസ്തക? അതെക്കുറിച്ച് പറയാമോ?

പുതിയ പുസ്തകങ്ങൾ വാങ്ങി ചില അദ്ധ്യായങ്ങൾ വായിക്കുക എന്നതാണ് രീതി. ഏറ്റവും ഒടുവിൽ പൂർണമായും വായിച്ച ഒരു പുസ്തകം യുവാൽ നോഹ ഹരാരിയുടെ 21 lessons for the 21st century എന്ന പുസ്തകമാണ്. ഇൻഫർമേഷൻ-ബയോടെക്ക് വിപ്ലവങ്ങളിലൂടെ കടന്നു പോകുന്ന നമ്മുടെ ലോകത്തിന്റെ യാഥാർഥ്യം ബോധ്യപ്പെടുത്തുന്നതാണ് ഈ വായന.

ചോദ്യം: കോവിഡ് കാലം പല തരം തിരിച്ചറിവുകൾ നൽകുന്നുണ്ട്. പത്രത്തിന്റെ ടെലിവിഷൻ ന്യൂസ് ചാനലുകളുടെ അതിജീവന സാധ്യത എത്രയാണ്?

കോവിഡ് കാലം, തിരിച്ചറിവുകളുടെ പ്രളയത്തിലാണ് നമ്മളെ ആഴ്ത്തിയിരിക്കുന്നത്. കീഴ്​വഴക്കങ്ങൾ ഇല്ല എന്നതുകൊണ്ട് തന്നെ മുന്നോട്ടുള്ള പാത ഇരുൾ മൂടിയതാണ്. ലോകം ഇനി എന്തായിരിക്കും എന്ന് നമുക്ക് പ്രവചിക്കാൻ കഴിയുന്നില്ല. സ്വതവേ സാമ്പത്തിക പ്രതിസന്ധി കൊണ്ടും മൽസരം കൊണ്ടും അനിശ്ചിതത്വത്തിലായിരിക്കുന്ന മാധ്യമങ്ങൾ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.
കോവിഡിനു മുമ്പ് തന്നെ മാധ്യമ മേഖലയുടെ പ്രതിസന്ധി ആരംഭിച്ചിരുന്നു. പുതിയ മാധ്യമ സങ്കേതങ്ങളുടെ ആവിർഭാവം, ഡിജിറ്റൽ വ്യാപനം, മാധ്യമ സ്ഥാപനങ്ങളുടെ പെരുകൽ, സാമ്പത്തികമാന്ദ്യം, ഗൾഫിന്റെ തകർച്ച ഇവയൊക്കെ ഈ മേഖലയെ പ്രതിസന്ധിയിലാക്കുന്നു. ഓവർ ദി ടോപ്പ് (OTT) പ്ലാറ്റ്‌ഫോമുകൾ വിനോദ ടെലിവിഷനുകൾക്ക് വലിയ ഭീഷണി സൃഷ്ടിച്ചിരിക്കുകയാണ്. കനപ്പെട്ട ഉള്ളടക്കമുള്ള പരിപാടികൾ ആമസോൺ, നെറ്റ്ഫ്‌ളിക്‌സ് മുതലായവർ നൽകുമ്പോൾ ഒരു വിഭാഗം പ്രേക്ഷകർ

പരമ്പരാഗത വിനോദ ചാനലുകൾ ഉപേക്ഷിച്ച് പോവുക സ്വാഭാവികമാണ്. ഈ വെല്ലുവിളി കാരണമാണ് ലോകത്തിലെ കൂറ്റൻ കമ്പനിയായ റൂപർട്ട് മർഡോക്കിന്റെ വിനോദ ശൃംഖല ഡിസ്‌നിക്ക് വിറ്റത്.
കോവിഡ് എല്ലാം മേഖലയേയും മാറ്റിമറിച്ചത് പോലെ ടെലിവിഷൻ മേഖലയെ താറുമാറാക്കിയിരിക്കുകയാണ്. നേരത്തെ പറഞ്ഞ പോലെ പ്രതിസന്ധിയിലായിരുന്ന ചാനലുകളെ കോവിഡ് വന്നപ്പോൾ കൂരാകൂരിരുട്ടാണ് തുറിച്ചുനോക്കുന്നത്. അഭിവൃദ്ധി, വികസനം എന്നൊക്കെയുള്ള വാക്കുകൾക്ക് പകരം അതിജീവനമാണ് ഈ മേഖലയുടെ ടാഗ് ലൈൻ. "അടുത്ത മാസം എങ്ങനെ?' എന്ന ചോദ്യമാണ് ഭൂരിപക്ഷം ടെലിവിഷൻ മാനേജ്‌മെന്റിന്റെയും മുന്നിലുള്ളത്.



Summary: ടെലിവിഷൻ ജേണലിസം മാധ്യമ മേഖലയിലെ ജനാധിപത്യപരതക്ക് ആക്കം കൂട്ടുന്നുവെന്ന് നമ്മൾ ധരിച്ചു. എന്നാൽ വലിയ സെൻസേഷണലിസത്തിനാണ് അത്​ വഴിവെച്ചത്. വിപണിയും റേറ്റിംഗുമൊക്കെ ടെലിവിഷൻ ജേണലിസത്തിന്റെ ആത്മാവിനെ കവർന്നെടുത്തു- കൈരളി ടി.വി മാനേജിങ്​ ഡയറക്​ടർ ജോൺ​ ബ്രിട്ടാസ്​ സംസാരിക്കുന്നു. തിങ്ക്​ നൽകിയ പത്തുചോദ്യങ്ങൾക്ക്​ 22 മാധ്യമപ്രവർത്തകരാണ്​ നിലപാട്​ വ്യക്തമാക്കിയത്​. ഇതോ​​ടൊപ്പം, മാധ്യമപ്രവർത്തകരുടെ പേരിൽ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ കൂടുതൽ പ്രതികരണങ്ങൾ വായിക്കാം.


ജോൺ ബ്രിട്ടാസ്

രാജ്യസഭാംഗം, മാധ്യമപ്രവർത്തകൻ. കൈരളി ടി.വി എം.ഡിയും എഡിറ്ററുമാണ്. മറയില്ലാതെ, ചില്ലുജാലകക്കൂട്ടിൽ തുടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മനില സി. മോഹൻ

ട്രൂകോപ്പി എഡിറ്റർ ഇൻ ചീഫ്

Comments