മാധ്യമ മുതലാളി നിർണ്ണയിക്കുന്ന അതിരുകൾക്കുള്ളിലാണ് മാധ്യമ സ്വാതന്ത്ര്യം

എല്ലാ ബിസിനസ്സും പോലെ മുഖ്യധാര മാധ്യമങ്ങളും ലാഭത്തിനുവേണ്ടി നടത്തുന്ന ബിസിനസ്സാണ്. ലാഭത്തിന്റെ ഗുണദോഷങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് മുഖ്യധാരയിലെ മാധ്യമങ്ങളുടെ ഉള്ളടക്കം നിർണ്ണയിക്കപ്പെടുക. വിപണിയിൽ ലഭ്യമായ മറ്റുചരക്കുകളെ പോലെ ഉള്ളടക്കവും ഒരു ചരക്കാണ്- ഡെക്കാൻ ക്രോണിക്കിളിൽ സീനിയർ എഡിറ്ററായിരുന്ന കെ.പി. സേതുനാഥ്​ സംസാരിക്കുന്നു.തിങ്ക്​ നൽകിയ പത്തുചോദ്യങ്ങൾക്ക്​ 22 മാധ്യമപ്രവർത്തകരാണ്​ നിലപാട്​ വ്യക്തമാക്കിയത്​. ഇതോ​​ടൊപ്പം, മാധ്യമപ്രവർത്തകരുടെ പേരിൽ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ കൂടുതൽ പ്രതികരണങ്ങൾ വായിക്കാം.

മനില സി.മോഹൻ : മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും ക്രൂരമായി വിമർശിക്കപ്പെടുകയാണ്. ആത്മവിമർശനപരമായിത്തന്നെ ഇതിനെ സമീപിക്കണം. എന്തുകൊണ്ട് മാധ്യമങ്ങൾ വിമർശിക്കപ്പെടുന്നു എന്നാണ് തോന്നിയിട്ടുള്ളത്?
കെ.പി സേതുനാഥ്: മാധ്യമങ്ങളും, മാധ്യമപ്രവർത്തകരും നേരിടുന്ന ആക്രമണങ്ങളെ കഴിഞ്ഞ ആറേഴ് കൊല്ലങ്ങളായി ഇന്ത്യൻ സമൂഹത്തിൽ വർദ്ധിച്ചു വരുന്ന അക്രമത്തിന്റെ പശ്ചാത്തലത്തിലാണ് വിലയിരുത്താനാവുക. ഭരണകൂടത്തിന്റെയും, അതുമായി ബന്ധപ്പെട്ടു നിൽക്കുന്ന കക്ഷികളുടെയും ഭാഗത്തുനിന്നുള്ള അക്രമത്തിന്റെ സൂചികയിൽ ഗണ്യമായ വർദ്ധനയാണ് ഇക്കാലയളവിൽ ഉണ്ടായിട്ടുള്ളത്. അക്രമത്തിന്റെ രൂപത്തിലും ഭാവത്തിലുമെല്ലാം ഈ മാറ്റങ്ങൾ ശ്രദ്ധേയമാണ്. അക്രമത്തിന്റെ ഈ വേലിയേറ്റം മാധ്യമമേഖലയിലും സ്വാഭാവികമാണ്. മാധ്യമമേഖലയിലെ അക്രമം കുറച്ചുകൂടി സങ്കീർണ്ണമാണ് എന്നൊരു വ്യത്യാസം മാത്രം. വിവിധ രീതികളിലാണ് അവ പ്രത്യക്ഷപ്പെടുന്നത്. മാധ്യമീകൃതമെന്നു പൊതുവെ വിവക്ഷിക്കപ്പെടുന്ന വിവരവിനിമയ മേഖലയുടെ ഇപ്പോഴത്തെ മുഖമുദ്രയായ ആരോപണ-പ്രത്യാരോപണങ്ങളും, അപകീർത്തിപ്പെടുത്തലുകളുമാണ് ഒരു രീതി. അത്തരമൊരു മാധ്യമസംസ്‌ക്കാരം രൂപപ്പെടുത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചവർ എന്ന നിലയിൽ ഒരു പരിധിവരെ മാധ്യമപ്രവർത്തകർ തന്നെയാണ് അത്തരത്തിലുള്ള അക്രമങ്ങളുടെ ഉത്തരവാദികൾ. അതിൽ നിന്നും തികച്ചും ഭിന്നമാണ് ഭരണകൂടം പ്രത്യക്ഷമായും, പരോക്ഷമായും

നടപ്പിലാക്കുന്ന അക്രമം. ആക്രമണോത്സുകമായ രാഷ്ട്രീയ ഹൈന്ദവികത അധികാരത്തിലെത്തിയ ശേഷമാണ് ഇത്തരത്തിലുള്ള ആക്രമണം ഗണ്യമായി ഉയർന്നത്. തൊഴിൽനിഷേധം മുതൽ ശമ്പളം നിഷേധം വരെ മാധ്യമ മുതലാളിമാരിൽ നിന്ന്​ നേരിടുന്ന അക്രമവും ഒട്ടും ചെറുതല്ല. മാധ്യമ പ്രവർത്തകരെ സംബന്ധിച്ച് ​അവസാനം പറഞ്ഞ രണ്ടു കാര്യങ്ങളാണ് ഏറ്റവും അപകടകരം.

എം.ജി.രാധാകൃഷ്ണൻസ്റ്റാൻലി ജോണികെ.ജെ. ജേക്കബ്അഭിലാഷ് മോഹൻടി.എം. ഹർഷൻവി.പി. റജീനഉണ്ണി ബാലകൃഷ്ണൻകെ. ടോണി ജോസ്രാജീവ് ദേവരാജ്ഇ. സനീഷ്എം. സുചിത്രജോൺ ബ്രിട്ടാസ്വി.ബി. പരമേശ്വരൻവി.എം. ദീപവിധു വിൻസെൻറ്ജോസി ജോസഫ്വെങ്കിടേഷ് രാമകൃഷ്ണൻധന്യ രാജേന്ദ്രൻജോണി ലൂക്കോസ്എം.വി. നികേഷ് കുമാർകെ.പി. റജി

ചോദ്യം: ജേണലിസ്റ്റുകൾക്ക് മറ്റ് തൊഴിൽ മേഖലകളിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും പ്രിവിലേജുകൾ - സവിശേഷ അധികാരം ഉണ്ട് എന്ന് കരുതുന്നുണ്ടോ? മറിച്ച് സാമൂഹികവും രാഷ്ട്രീയവുമായ എന്തെങ്കിലും പ്രതിബദ്ധത ഉണ്ടെന്ന്?

പ്രത്യേക പ്രിവിലേജുകളും, അധികാരവുമൊന്നും മാധ്യമപ്രവർത്തനത്തിന് ഇല്ല. എല്ലാ പ്രൊഫഷനുകൾക്കും അവയുടേതായ പ്രതിബദ്ധതകളും, അച്ചടക്കങ്ങളും ഉണ്ട്. നിയമപരമായും, അല്ലാതെയും രൂപപ്പെട്ടു വരുന്നതാണ് അവ. മുഖ്യധാരാ മാധ്യമപ്രവർത്തന മേഖലയിലും സമാനമായ പ്രതിബദ്ധതയും, അച്ചടക്കവും കാണാനാവും. അതിൽ കൂടുതലായ സാമൂഹ്യ പ്രതിബദ്ധത മുഖ്യധാരയിൽ പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകർ പലപ്പോഴും വ്യക്തിതലത്തിൽ രൂപപ്പെടുത്തുന്നതും, കാത്തുസൂക്ഷിക്കുന്നതുമാണ്.

ചോദ്യം: നിഷ്പക്ഷ മാധ്യമ പ്രവർത്തനം എന്നൊന്നുണ്ടോ? ഉണ്ടെങ്കിൽ / ഇല്ലെങ്കിൽ അത് എങ്ങനെയാണ്?

നിഷ്പക്ഷ മാധ്യമ പ്രവർത്തനം എന്നൊന്നില്ല. എല്ലാ ബിസിനസ്സും പോലെ മുഖ്യധാര മാധ്യമങ്ങളും ലാഭത്തിനുവേണ്ടി നടത്തുന്ന ബിസിനസ്സാണ്. ലാഭത്തിന്റെ ഗുണദോഷങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് മുഖ്യധാരയിലെ മാധ്യമങ്ങളുടെ ഉള്ളടക്കം നിർണ്ണയിക്കപ്പെടുക. വിപണിയിൽ ലഭ്യമായ മറ്റുചരക്കുകളെ പോലെ ഉള്ളടക്കവും ഒരു ചരക്കാണ്. അത് വിറ്റഴിക്കുന്നതിന് ആവശ്യമായ ചേരുവകൾ നിശ്ചയിക്കുന്ന മാധ്യമ മുതലാളി നിർണ്ണയിക്കുന്ന അതിരുകൾക്കുള്ളിലാണ് മാധ്യമ സ്വാതന്ത്ര്യം. സ്വതന്ത്ര മാധ്യമങ്ങൾ എന്നു വിളിക്കപ്പെടുന്ന മുഖ്യധാരാ മാധ്യമങ്ങൾ അതുകൊണ്ടു തന്നെ പൂർണ്ണമായും സ്വതന്ത്രരല്ല എന്നാണ് നാം ആദ്യം മനസ്സിലാക്കേണ്ടത്. അതുകൊണ്ടാണ് മുഖ്യധാരാ മാധ്യമങ്ങളെ, കൊള്ളാവുന്ന പല മാധ്യമ വിമർശകരും കോർപറേറ്റ് മാധ്യമങ്ങൾ എന്നു വിശേഷിപ്പിക്കുന്നത്. ഭരണകൂടത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നില്ല എന്നു മാത്രമാണ് സ്വതന്ത്രം എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത്.

ചോദ്യം: ടെലിവിഷൻ ജേണലിസം മാധ്യമ രംഗത്ത് കൊണ്ടുവന്ന മാറ്റങ്ങൾ ഗുണപരമായിരുന്നോ?

ടെലിവിഷന്റെ വരവ് സാങ്കേതികവിദ്യയുടെ വളർച്ചയുടെ വരവുമായി ബന്ധപ്പെട്ട വിഷയമാണ്. ടെലിവിഷൻ അതിന്റേതായ നിലയിൽ എന്തെങ്കിലും തരത്തിലുള്ള ഗുണമോ, ദോഷമോ സംഭാവന ചെയ്തുവെന്നു പറയാനാകില്ല. സാങ്കേതികവളർച്ച വിവരവിനിമയ മേഖലയിൽ സൃഷ്ടിച്ച വേഗത, വിതരണശേഷി, ഉള്ളടക്കത്തിന്റെ ഗുണത്തിലും, വിന്യാസത്തിലും വരുത്തിയ മാറ്റങ്ങൾ തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിച്ചു വേണം ഈ വിഷയത്തെ വിലയിരുത്താൻ.

ചോദ്യം: മതം/ കോർപ്പറേറ്റുകൾ / രാഷ്ട്രീയ പാർട്ടികൾ എന്നിവയുടെ നിയന്ത്രണത്തിലാണ് കേരളത്തിലെ ഭൂരിപക്ഷ മാധ്യമ പ്രവർത്തനം എന്ന് വിമർശിച്ചാൽ? എന്താണ് അനുഭവം?

നിലവിലുള്ള രാഷ്ട്രീയ-സമ്പദ്ഘടനയുമായി സമരസപ്പെട്ടു പോവുന്ന ബിസിനസ്സ് സ്ഥാപനങ്ങളാണ് മുഖ്യധാരാ മാധ്യമങ്ങൾ. നിലവിലുള്ള രാഷ്ട്രീയ-സമ്പദ്ഘടനയിൽ ഇപ്പറഞ്ഞ ശക്തികൾ പുലർത്തുന്ന സ്വാധീനം മുഖ്യധാരയിലെ മാധ്യമ മേഖലയിലും പ്രകടമാണ്. അതിൽ അത്ഭുതപ്പെടാനൊന്നുമില്ല.

ചോദ്യം: തൊഴിലിടത്തിലെ ലിംഗനീതിയെപ്പറ്റി സ്റ്റോറികൾ ചെയ്യുന്നവരാണ് നമ്മൾ. ജേണലിസം മേഖലയിൽ ലിംഗ നീതി നിലനിൽക്കുന്നുണ്ടോ?
ലിംഗനീതി വളരെ ദുർബലമായ മേഖലകളിലൊന്നാണ് മുഖ്യധാരയിലെ മാധ്യമങ്ങൾ.

ചോദ്യം: ഈ മേഖലയിൽ ഉയർന്ന തസ്തികകളിൽ ഇരിക്കുന്നവർക്കൊഴികെ വേതന നിരക്കും പരിതാപകരമാണ്. എന്താണ് തോന്നിയിട്ടുള്ളത്?

വളരെ ശരിയാണ്. ഏറ്റവും മുകൾതട്ടിലെ 10-ശതമാനത്തിന് മാത്രമാണ് മാന്യമായ വേതനം ലഭിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ അതുപോലും ഇല്ലാതാവുന്ന സ്ഥിതിയാണ്.

ചോദ്യം: വ്യവസ്ഥാപിത മാധ്യമങ്ങളിൽ സോഷ്യൽ മീഡിയയുടെ സ്വാധീനം എത്രത്തോളമുണ്ട്?

സോഷ്യൽ മീഡിയയുടെ വരവ് ഗുണവും ദോഷവും സൃഷ്ടിച്ചിട്ടുണ്ട്. മുഖ്യധാരയിലെ മാധ്യമപ്രവർത്തനത്തെ സംബന്ധിച്ച്​ പലപ്പോഴും ഗുണത്തെക്കാൾ ദോഷമാണ് മുന്നിട്ടുനിൽക്കുന്നത്.
വലിയ രീതീയിലുള്ള നിഷേധാത്മക പ്രവണതകൾക്ക് അത് വഴിയൊരുക്കിയിട്ടുണ്ട്. ചാരുകസാല പത്രപ്രവർത്തനം അഥവാ കട്ട് ആന്റ് പെയ്സ്റ്റ് സമീപനം ഒരുദാഹരണമാണ്.

ചോദ്യം: ചെയ്യുന്ന ജോലിയ്ക്കപ്പുറമുള്ള വായനകൾക്ക് സമയം കിട്ടാറുണ്ടോ? ഏതാണ് ഏറ്റവും ഒടുവിൽ വായിച്ച പുസ്തകം? അതെക്കുറിച്ച് പറയാമോ?

പുസ്തകങ്ങളും, മറ്റു പ്രസിദ്ധീകരണങ്ങളും വായിക്കുന്നതിന് വേണ്ടുവോളം

‘ലൗ ആന്റ് സ്ട്രഗിൾ’ കവർ

സമയം കിട്ടാറുണ്ട്. സാങ്കേതിക വിദ്യയുടെ വളർച്ചയോടെ ദൈനംദിന പത്രപ്രവർത്തനം വളരെ ചുരുക്കം സമയം കൊണ്ട് ചെയ്തു തീർക്കാവുന്ന പണി മാത്രമാണ്. 75-വർഷത്തെ തടവുശിക്ഷക്കു വിധിക്കപ്പെട്ട് കഴിഞ്ഞ 37-വർഷമായി അമേരിക്കയിൽ ജയിലിൽ കഴിയുന്ന ഡേവിഡ് ഗിൽബേർടിന്റെ ‘ലൗ ആന്റ് സ്ട്രഗിൾ’ എന്ന പുസ്തകമാണ് ഇപ്പോൾ വായിക്കുന്നത്.

ചോദ്യം: കോവിഡ് കാലം പലതരം തിരിച്ചറിവുകൾ നൽകുന്നുണ്ട്. പത്രത്തിന്റെ ടെലിവിഷൻ ന്യൂസ് ചാനലുകളുടെ അതിജീവന സാധ്യത എത്രയാണ്?
മാധ്യമങ്ങളെയും, മാധ്യമപ്രവർത്തനങ്ങളെയും പറ്റിയുള്ള പഴയ ധാരണകൾ മാറ്റത്തിനു വിധേയമാവുകയാണ്. അതനുസരിച്ച് പത്രങ്ങളും, ടെലിവിഷൻ ചാനലുകളും പുതിയ രൂപഭാവങ്ങൾ കൈവരിക്കുവാൻ നിർബന്ധിതമാകുമെന്നാണ് തോന്നൽ. അതിന്റെ വിശദാംശങ്ങൾ പറയുവാനുള്ള അറിവ് എനിക്കില്ല.

Comments