മാധ്യമങ്ങളിൽ ജനങ്ങളുടെ വിശ്വാസം ഏറ്റവും കുറഞ്ഞ കാലം

മാധ്യമങ്ങളുടെ വിമർശനവിധേയമാകേണ്ട വീഴ്ചകൾ ഏറെയുണ്ട്. പക്ഷെ വിമർശനം ഏറെയും സ്വന്തം സങ്കുചിതപക്ഷപാതങ്ങളുടെ അടിസ്ഥാനത്തിലായതുകൊണ്ട് തന്നെ അത് ഗൗരവത്തിലെടുക്കപ്പെടുന്നതിലോ ആത്മപരിശോധനയ്ക്ക് വഴിതുറക്കപ്പെടുന്നതിലോ പരാജയപ്പെടുകയാണ് ചെയ്യാറുള്ളത്; ഏഷ്യാനെറ്റ്​ ന്യൂസി​ന്റെ എഡിറ്റർ എം.ജി. രാധാകൃഷ്​ണൻ സംസാരിക്കുന്നു. തിങ്ക്​ നൽകിയ പത്തുചോദ്യങ്ങൾക്ക്​ 22 മാധ്യമപ്രവർത്തകരാണ്​ നിലപാട്​ വ്യക്തമാക്കിയത്​. ഇതോ​​ടൊപ്പം, മാധ്യമപ്രവർത്തകരുടെ പേരിൽ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ കൂടുതൽ പ്രതികരണങ്ങൾ വായിക്കാം.

മനില സി. മോഹൻ: മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും ക്രൂരമായി വിമർശിക്കപ്പെടുകയാണ്. ആത്മവിമർശനപരമായിത്തന്നെ ഇതിനെ സമീപിക്കണം. എന്തുകൊണ്ട് മാധ്യമങ്ങൾ വിമർശിക്കപ്പെടുന്നു എന്നാണ് തോന്നിയിട്ടുള്ളത്?

എം.ജി.രാധാകൃഷ്ണൻ: ലോകമാകെയുള്ള മാധ്യമഗവേഷണപഠനങ്ങൾ കണ്ടെത്തുന്നത്, ഇത് വാർത്താമാധ്യമങ്ങളെ ഏറ്റവും വിമർശനവിധേയമാക്കുന്ന കാലമാണെന്നാണ്. അഞ്ച് നൂറ്റാണ്ട് പിന്നിട്ട ആധുനിക ബഹുജന മാധ്യമങ്ങളുടെ ചരിത്രത്തിൽ ഇന്നത്തെപ്പോലെ മാധ്യമങ്ങൾ ജനജീവിതത്തിൽ ഏറ്റവും അധികം സ്വാധീനം ചെലുത്തിയ കാലമുണ്ടായിട്ടില്ല. എന്നാൽ മാധ്യമങ്ങളിൽ ജനങ്ങളുടെ വിശ്വാസം ഏറ്റവും കുറഞ്ഞ കാലവും ഇതാണെന്നതാണ് വൈരുദ്ധ്യം. ഇതിന്റെ മുഖ്യകാരണം, മാധ്യമങ്ങളുടെ അമ്പരപ്പിക്കുന്ന ബാഹുല്യവും വൈവിദ്ധ്യവും തന്നെയാണ്. അച്ചടി മാധ്യമങ്ങളും ടെലിവിഷനും അടങ്ങുന്ന പരമ്പരാഗത മാധ്യമങ്ങൾക്ക് പുറമെ സാമൂഹ്യമാധ്യമങ്ങൾ കൂടി കടന്നുവന്നപ്പോൾ ഇത് പലമടങ്ങായി വർദ്ധിച്ചു. മാത്രമല്ല, നിയമങ്ങളും ആധികാരികതയും അടക്കം മാധ്യമപ്രവർത്തനത്തിൽ നിർബന്ധമായിരുന്നു. അടിസ്ഥാനപരമായ മാനദണ്ഡങ്ങൾ ഒന്നും ആവശ്യമില്ലാത്ത സാമൂഹ്യമാധ്യമലോകത്ത് ഏതൊരു വ്യക്തിക്കും കാഴ്ചപ്പാടിനും തുല്യമായ സാന്നിദ്ധ്യം ലഭിക്കുന്നു. അതോടെ വായനക്കാർക്കും കാഴ്ചക്കാർക്കും കേൾവിക്കാർക്കുമൊക്കെ മുന്നിൽ ഒരേ സമയം പല കാഴ്ചപ്പാടുകളും വ്യാഖ്യാനങ്ങളും വിശകലനങ്ങളും കുഴഞ്ഞ് കലങ്ങിമറിയുന്നു. ഓരോന്നിന്റെയും പിന്നിൽ സാമൂഹ്യവും സാമ്പത്തികവും സാംസ്‌കാരികവും ലിംഗപരവും പ്രാദേശികവും വർഗപരവും വംശപരവും ഒക്കെ ആയ താൽപ്പര്യങ്ങൾ അറിഞ്ഞോ, അറിയാതെയോ പ്രവർത്തിക്കുകയും ചെയ്യും. അതോടെ മിക്കപ്പോഴും കുറസോവയുടെ റാഷോമോണിലെപ്പോലെ ഒരേ സത്യത്തിന്റെ വൈവിദ്ധ്യവും വൈരുധ്യവും അനുവാചകന്റെ മുന്നിൽ ഒരേ പോലെ തുറക്കുന്നു. സ്വാഭാവികമായും സത്യത്തിന്റെ ഈ സങ്കീർണകാലം ഏതാനും മാധ്യമങ്ങൾ മാത്രമുണ്ടായിരുന്ന പഴയ ലളിതകാലത്തിൽ നിന്ന് മൗലികമായി വ്യത്യസ്തമാണ്. അതിനാൽ തന്നെ മുന്നിൽ വരുന്ന വാർത്തയെ വ്യക്തി വേദപുസ്തകം പോലെ കണ്ണും പൂട്ടി വിശ്വസിക്കുന്ന നിഷ്‌കളങ്കതയുടെ കാലം അസ്തമിച്ചതിൽ അത്ഭുതപ്പെടാനില്ല. "വസ്തുത പവിത്രമാണ്, അഭിപ്രായം സ്വതന്ത്രവും' എന്ന ഗാർഡിയൻ പത്രാധിപർ സി. പി. സ്നോയുടെ ആപ്തവാക്യം ഇന്നത്തെ മാധ്യമലോകത്ത് ന്യായമായും കാലഹരണപ്പെട്ടു കഴിഞ്ഞു.

എന്ത്, എന്ന് , എപ്പോൾ, എവിടെ, എങ്ങിനെ എന്ന അഞ്ച് "എകാരങ്ങൾ' ആയിരുന്നു വാർത്തകളിലുണ്ടാകേണ്ടതെന്നായിരുന്നു

മാധ്യമപാഠപുസ്തകങ്ങളിലെ പഴയ പാഠം. ഇന്ന് നാല് "എകാരങ്ങളും' അറിയാൻ ജനത്തിന് എത്രയോ മറ്റ് വഴികളുണ്ട്. അവർക്ക് ഇന്ന് മാധ്യമങ്ങളിൽ നിന്ന് അറിയേണ്ടത് "എങ്ങിനെ' എന്നതാണ്. അതിൽ കാഴ്ചപ്പാടും വ്യാഖ്യാനവും അഭിപ്രായവും ഒക്കെ ഉൾച്ചേരുക സ്വാഭാവികം.

മറ്റേതൊരു സാമൂഹ്യസ്ഥാപനവുമെന്ന പോലെ മാധ്യമങ്ങൾ വിമർശവിധേയമാകേണ്ടത് ജനാധിപത്യത്തിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. സങ്കുചിതമായ മൂലധന-രാഷ്ട്രീയ-മത-സാമുദായിക പക്ഷപാതങ്ങൾ, മാധ്യമ വിചാരണ, കമ്പോള അടിമത്തം, സ്ത്രീവിരുദ്ധത, അന്ധവിശ്വാസം തുടങ്ങി പ്രതിലോമ മൂല്യങ്ങളുടെ പുനരുൽപ്പാദനം, വ്യക്തിയുടെ സ്വകാര്യതയിൽ കടന്നുകയറ്റം, ഇക്കിളി വാർത്തകളുടെയും സംഭ്രമാത്മകതയുടെയും ഒളിഞ്ഞുനോട്ടത്തിന്റെയും ആധിക്യം, മാധ്യമപ്രവർത്തകരിലെ ദളിതരുടെ അസാന്നിധ്യം എന്നിങ്ങനെ മാധ്യമങ്ങളുടെ വിമർശനവിധേയമാകേണ്ട വീഴ്ചകൾ ഏറെയുണ്ട്. പക്ഷെ വിമർശനം ഏറെയും സ്വന്തം സങ്കുചിതപക്ഷപാതങ്ങളുടെ അടിസ്ഥാനത്തിലായതുകൊണ്ട് തന്നെ അത് ഗൗരവത്തിലെടുക്കപ്പെടുന്നതിലോ ആത്മപരിശോധനയ്ക്ക് വഴിതുറക്കപ്പെടുന്നതിലോ പരാജയപ്പെടുകയാണ് ചെയ്യാറുള്ളത്. രാഷ്ട്രീയപ്പാർട്ടികളും അവയുടെ അനുയായികളും പ്രതിപക്ഷത്താകുമ്പോൾ മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദമുയർത്തും. ഭരണത്തിലെത്തുമ്പോൾ വിമർശനം ഉയർത്തുന്ന മാധ്യമങ്ങളോട് കടുത്ത അസഹിഷ്ണുതയുടെ കെട്ടഴിക്കും. ഇത് ലോകമാകെ കാണുന്ന ദൃശ്യം. മാധ്യമവിമർശനം മിക്കപ്പോഴും അർത്ഥപൂർണമാകാതെ പോകുന്നത് ഇതിനാലാണ്. അർത്ഥപൂർണമാകുന്നില്ലെന്ന് മാത്രമല്ല , മുഖ്യധാരാ മാധ്യമങ്ങളുടെ വിശ്വാസ്യത റദ്ദാക്കാനുള്ള നിക്ഷിപ്ത താൽപ്പര്യം ജനാധിപത്യത്തിന് തന്നെ അപായകരമാണ്. ജനാധിപത്യത്തിന്റെ പേരിൽ അധികാരമേറിയ വലതുതീവ്രപക്ഷ ഭരണാധികാരികളിൽ പലരും -അമേരിക്കയിൽ ട്രംപും ബ്രസിലിൽ ബോത്സനാറോയും തുർക്കിയിൽ എർദോഗാനും ഇന്ത്യയിൽ മോദിയും - ചെയ്യുന്ന മാധ്യമവിമർശനത്തിന്റെ ലക്ഷ്യം മറ്റൊന്നല്ല. മുഖ്യധാരാമാധ്യമങ്ങളെ നിരന്തരം കടന്നാക്രമിക്കുകയും സാമൂഹ്യമാധ്യമങ്ങൾക്ക് മുഖ്യധാരാമാധ്യമങ്ങൾക്ക് മേൽ പ്രാധാന്യം നൽകുകയും ചെയ്യുന്ന തരം പ്രചാരണങ്ങൾ കേരളം പോലെയുള്ള ഇടങ്ങളിൽ പോലും രാഷ്ട്രീയകക്ഷികൾ ചെയ്യുന്നത് അവരെ ചോദ്യം ചെയ്യാനുള്ള ഇടങ്ങൾ ഇല്ലാതാക്കാൻ തന്നെയാണ്. ഈയിടെ കൊളംബിയൻ സർവകലാശാലയിലെ പ്രശസ്തമായ ജേണലിസം വകുപ്പിന്റെ പ്രസിദ്ധീകരണമായ "സി.ജെ.ആറി'ൽ പ്രൊഫസറായ മൈക്കൽ ഷഡ്സൺ എഴുതി: "ജനാധിപത്യവ്യവസ്ഥയിൽ മാധ്യമങ്ങളോട് ആരോഗ്യകരമായ സംശയഭാവം നിലനിർത്തുന്നത് ആവശ്യമാണ്. പക്ഷെ ഇന്ന് അത് മാധ്യമങ്ങളുടെ വിശ്വാസ്യത അപ്പാടെ റദ്ദാക്കുന്ന പ്രവണതയിലേക്ക് വഴി മാറിയില്ലേ? അതാണ് ഡൊണാൾഡ് ട്രംപിനെപ്പോലെയുള്ളവരുടെ ഭക്ഷണം. മാധ്യമങ്ങളുടെ വിശ്വാസ്യത തകർത്തുകൊണ്ട് താൻ ചെയ്യുന്ന തെറ്റുകൾക്ക് ജനതയുടെ അംഗീകാരം നേടിയെടുക്കുക. ട്രംപിന്റെ ചെയ്തികളുടെ തെറ്റുകൾ തെളിവുകൾ സഹിതം മാധ്യമങ്ങൾ പുറത്ത് കൊണ്ടുവന്നിട്ടും ജനങ്ങളിൽ 40 ശതമാനം പേരും അത് മനഃപൂർവം വിശ്വസിക്കാത്തതിന്റെ പിന്നിൽ ഈ ആസൂത്രിതപദ്ധതി ആണ്...'.

Also Read:

സ്റ്റാൻലി ജോണികെ.പി. സേതുനാഥ്കെ.ജെ. ജേക്കബ്അഭിലാഷ് മോഹൻടി.എം. ഹർഷൻവി.പി. റജീനഉണ്ണി ബാലകൃഷ്ണൻകെ. ടോണി ജോസ്രാജീവ് ദേവരാജ്ഇ. സനീഷ്എം. സുചിത്രജോൺ ബ്രിട്ടാസ്വി.ബി. പരമേശ്വരൻവി.എം. ദീപവിധു വിൻസെൻറ്ജോസി ജോസഫ്വെങ്കിടേഷ് രാമകൃഷ്ണൻധന്യ രാജേന്ദ്രൻജോണി ലൂക്കോസ്എം.വി. നികേഷ് കുമാർകെ.പി. റജി

ചോദ്യം: ജേണലിസ്റ്റുകൾക്ക് മറ്റ് തൊഴിൽ മേഖലകളിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും പ്രിവിലേജുകൾ - സവിശേഷ അധികാരം ഉണ്ട് എന്ന് കരുതുന്നുണ്ടോ? മറിച്ച് സാമൂഹികവും രാഷ്ട്രീയവുമായ എന്തെങ്കിലും പ്രതിബദ്ധത ഉണ്ടെന്ന്?

ഇല്ല. നാട്ടിലുള്ള എല്ലാ നിയമങ്ങളും മാധ്യമങ്ങൾക്കും പൂർണമായും ബാധകമാണ്. ഇത് അറിയാതെയാണ് മാധ്യമങ്ങൾ അമിതസ്വാതന്ത്ര്യവും അമിതാധികാരവും വിനിയോഗിക്കുന്നെന്ന വിമർശനം. തീർച്ചയായും മാധ്യമങ്ങൾ നിയമത്തിന്റെ പഴുതുകളിലൂടെ ധാരാളം തെറ്റുകൾ ചെയ്യുന്നുണ്ട്. ജനാധിപത്യം, മതനിരപേക്ഷത, ലിംഗസമത്വം, പ്രാന്തവത്കൃതരോടുള്ള അനുഭാവം, പരിസ്ഥിതിസുരക്ഷ എന്നിവയോട് ഏതൊരു പരിഷ്‌കൃത സമൂഹത്തിലെ പൗരനും വ്യക്തിപരമായി പ്രതിബദ്ധത പുലർത്തേണ്ടതുണ്ടെന്നാണ് എന്റെ അഭിപ്രായം. മാധ്യമങ്ങൾ അടക്കമുള്ള എല്ലാ സാമൂഹ്യസ്ഥാപനങ്ങളുടെയും കടമയും വ്യത്യസ്തമല്ല. പ്രായോഗികതലത്തിൽ എല്ലാ അധികാരികളോടും സാധാരണ ജനങ്ങൾക്ക് വേണ്ടി ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടിരിക്കുക എന്നതാകണം ജനാധിപത്യത്തിൽ മാധ്യമങ്ങളുടെ പ്രാഥമിക ഉത്തരവാദിത്തം.

ചോദ്യം: നിഷ്പക്ഷ മാധ്യമ പ്രവർത്തനം എന്നൊന്നുണ്ടോ? ഉണ്ടെങ്കിൽ / ഇല്ലെങ്കിൽ അത് എങ്ങനെയാണ്?

അമേരിക്കയിൽ ഇരുപതാം നൂറ്റാണ്ട് തുടക്കം മുതൽ എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ വാൾട്ടർ ലിപ് മാന്റെ സിദ്ധാന്തമായിരുന്നു പ്രമാണം. പരസ്പരവിരുദ്ധമായ ഇരു പക്ഷങ്ങളുടെയും അഭിപ്രായം അറിയിച്ചു കൊണ്ട് നിഷ്പക്ഷമായി മാറി നിൽക്കുന്നതാകണം മാധ്യമം എന്ന സിദ്ധാന്തം. പക്ഷെ ഈ "വസ്തുനിഷ്ഠ മാധ്യമപ്രവർത്തനം' പൂർണമായും കാലഹരണപ്പെട്ടെന്നാണ് പ്രത്യേകിച്ച് സമീപകാലത്ത് ജോർജ്ജ് ഫ്ലോയ്ഡ്​ എന്ന കറുത്ത വംശക്കാരന്റെ കൊലപാതകത്തെ തുടർന്നുള്ള വലിയ സാമൂഹ്യമുന്നേറ്റത്തിന്റെ ഭാഗമായി മാധ്യമചിന്തകർ പറയുന്നത്. അമേരിക്കയെ പോലെയുള്ള വംശീയവും സാമ്പത്തികവുമായുള്ള അസമത്വങ്ങൾ നിറഞ്ഞ വ്യവസ്ഥയെ ഊട്ടി ഉറപ്പിക്കുക മാത്രമേ "നിഷ്പക്ഷ മാധ്യമപ്രവർത്തനം' കൊണ്ട് സാധ്യമായിട്ടുള്ളൂ എന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. എല്ലാ പക്ഷത്തിന്റെയും അഭിപ്രായത്തിനു വേദിയാകുക എന്ന പരമ്പരാഗതമായ മാധ്യമധർമ്മത്തിന്റെ ഭാഗമെന്ന് അവകാശപ്പെട്ടുകൊണ്ട് ന്യൂയോർക്ക് ടൈംസ് പത്രത്തിൽ പ്രസിഡന്റ് ട്രംപിന്റെ അനുയായിയായ സെനറ്റർ ടോം കോട്ടൻ എഴുതിയ ലേഖനമാണ് നിഷ്പക്ഷ മാധ്യമപ്രവർത്തനത്തെക്കുറിച്ച് വലിയ അഭിപ്രായ സംഘർഷം ഉയർത്തിയത്. ഫ്ലോയ്ഡിന്റെ കൊലയെത്തുടർന്നുണ്ടായ "കറുത്ത ജീവിതങ്ങൾക്കും വിലയുണ്ട്' (Black Lives Matter) പ്രക്ഷോഭത്തിലെ അക്രമങ്ങളെ അമർച്ച ചെയ്യാൻ സൈന്യത്തെ ഇറക്കണമെന്നായിരുന്നു ട്രംപിന്റെ അഭിപ്രായത്തിനു ചുവടുപിടിച്ച് ഇയാൾ എഴുതിയത്. ഇത് ന്യൂയോർക്ക് ടൈംസ്

അടക്കമുള്ളവയിൽ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകരുടെ തന്നെ വലിയ പ്രതിഷേധത്തിന് തിരികൊളുത്തി. അവസാനം ആ ലേഖനം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ച ജെയിംസ് ബെന്നറ്റ് എന്ന പത്രാധിപർക്ക് രാജിവെയ്ക്കേണ്ടിവന്നു. ധാർമ്മിക വ്യക്തത (moral clarity) ഇല്ലായ്മ, നിലപാടില്ലായ്മ, നിശ്ശൂന്യതയിൽ നിന്നുള്ള കാഴ്ച, ഇരട്ടപക്ഷ മാധ്യമപ്രവർത്തനം' എന്നൊക്കെയാണ് പുലിറ്റ്‌സർ സമ്മാനജേതാവായ വെസ്ലി ലോവറി എന്ന മാധ്യമപ്രവർത്തകൻ "നിഷ്പക്ഷ മാധ്യമപ്രവർത്തനത്തെ' വിമർശിച്ചത്.

പക്ഷെ നിലപാടിന്റെ പേരിൽ നഗ്‌നമായ പക്ഷപാതം പ്രകടിപ്പിക്കുന്ന മാധ്യമങ്ങൾ ഉയരുന്നതിന് വർത്തമാനകാലം വഴി വെച്ചു. സമൂഹം കൂടുതൽ കൂടുതലായി പക്ഷങ്ങളായി വേർതിരിഞ്ഞ കാലമായതും ഇതിന്റെ ആക്കം വർദ്ധിപ്പിച്ചു. അതോടെ മാധ്യമങ്ങളുടെ ഉപഭോക്താക്കളായ ജനത തങ്ങളുടെ നിലപാടുകൾക്ക് ഒപ്പം നിൽക്കുന്ന മാധ്യമങ്ങളെ മാത്രം അംഗീകരിക്കുന്ന സ്ഥിതിയായി. അഭിപ്രായവ്യത്യാസങ്ങളെ പൊറുക്കാത്ത സംഘങ്ങളായി, സ്വന്തം അഭിപ്രായങ്ങളുടെ പ്രതിധ്വനി മാത്രം മുഴങ്ങുന്ന അറകളായി (echo chambers) പൊതുമണ്ഡലം വിഭജിക്കപ്പെട്ടു. മുൻപൊക്കെ പക്ഷപാതം പുലർത്തുന്ന മാധ്യമങ്ങൾക്ക് സമൂഹത്തിൽ പ്രചാരമോ അംഗീകാരമോ ലഭിച്ചിരുന്നില്ല. മാധ്യമ പ്രവർത്തനത്തിന് സമൂഹത്തിൽ സ്വതന്ത്ര നിലനിൽപ്പ് (ഓട്ടോണോമി) സൃഷ്ടിച്ചതുതന്നെ ഇതാണ്. മൂലധനത്തോടോ ഏതെങ്കിലും രാഷ്ട്രീയ-മത വിഭാഗങ്ങളോടോ പ്രത്യയശാസ്ത്രത്തോടോ പോലും പക്ഷപാതം പുലർത്തുന്ന മാധ്യമങ്ങൾ പ്രചാരത്തിൽ പിന്തള്ളപ്പെട്ടിരുന്നത് ഇതുമൂലമാണ്. ഒരു രാഷ്ട്രീയത്തോടോ മതത്തോടോ പിന്തുണ ഉള്ളവർ പോലും ആ പക്ഷം മാത്രം പറയുന്ന മാധ്യമങ്ങളെ അംഗീകരിച്ചിരുന്നില്ല. ഏറ്റവും വലിയ ജനപിന്തുണയുള്ള രാഷ്ട്രീയപ്പാർട്ടിയുടെ പോലും പത്രം പ്രചാരത്തിൽ പിന്നിലാകുന്നത് അതിനാലാണ്. എന്നാൽ ഇന്ന് പക്ഷെ സമൂഹത്തിന്റെ നിലപാട് മാറിയിരിക്കുന്നു. ഭൂരിപക്ഷം പേർക്കും സ്വന്തം പക്ഷത്തിനൊപ്പം നിൽക്കുന്ന മാധ്യമങ്ങൾ മതി. അമേരിക്കയിൽ അന്ധമായ ട്രംപ് ഭക്തരായ ഫോക്‌സ് ടി.വിയും ഇന്ത്യയിൽ മോദിയുടെ ജിഹ്വയായ റിപ്പബ്ലിക് ടി. വിയുമാണ് റേറ്റിങ്ങിൽ ഏറ്റവും മുന്നിൽ എന്നോർക്കുക. ഭരണകൂടത്തിനും ഭരണകക്ഷിക്കും ഭൂരിപക്ഷമതത്തിനും തുറന്ന പിന്തുണ പ്രഖ്യാപിച്ചു നടത്തുന്ന മാധ്യമങ്ങൾ ചരിത്രത്തിൽ ആദ്യമാണ്. അതിലേറെ ഭയപ്പെടുത്തുന്നത് ഈ തരം മാധ്യമങ്ങൾക്കാണ് സമൂഹത്തിൽ കൂടുതൽ പ്രചാരമെന്നതാണ്. ജനത വർഗ്ഗീയവൽക്കരിക്കപ്പെട്ടതിന്റെയും ഫാസിസ്റ്റിവൽക്കരിക്കപ്പെട്ടതിന്റെയും തെളിവ്. അതുതന്നെയാണ് വിമതസ്വരങ്ങൾക്കെതിരെ സമൂഹത്തിലും രാഷ്ട്രീയപ്പാർട്ടികളിലും ഭരണാധികാരികളിലും അസഹിഷ്ണുത വർദ്ധിക്കുന്നതും. ലോകമാകെ മാധ്യമങ്ങളെ ബഹിഷ്‌കരിക്കുന്ന പ്രവണത ഭരണാധികാരികളിൽ ഏറുന്നതും എതിർ ചോദ്യങ്ങൾ ഉയരാത്ത സാമൂഹ്യ മാധ്യമങ്ങളിലും റേഡിയോ പ്രഭാഷണത്തിലും അവർ അഭിരമിക്കുന്നതും വർത്തമാനകാലക്കാഴ്ചയാണ്. പ്രതിപക്ഷത്താകുമ്പോൾ മാധ്യമസ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദമുയർത്തുകയും ഭരണത്തിലാകുമ്പോൾ മാധ്യമങ്ങളോട് അസഹിഷ്ണുത പുലർത്തുകയും ചെയ്യുന്ന പ്രവണത എല്ലാ രാഷ്ട്രീയ കക്ഷികളുടെയും അനുയായികളുടെയും പതിവാണ്. കേരളവും ഇതിൽ നിന്ന് വ്യത്യസ്തമല്ല.

പക്ഷെ മാധ്യമങ്ങൾ കൂടുതലായി ഭരണകൂടത്തിന്റെ അടിമകളാകുന്ന ഇക്കാലത്ത് കേരളം പോലെയുള്ള സംസ്ഥാനങ്ങളിലെ മാധ്യമങ്ങൾ ഏറെയും ഇന്നും പുലർത്തുന്ന ആർജ്ജവം അഭിമാനകരമാണ്. ഇന്നും ഏതെങ്കിലും രാഷ്ട്രീയത്തോടോ മത-ജാതി വിഭാഗങ്ങളോടോ അടിമത്തം പുലർത്താത്ത മാധ്യമങ്ങൾക്ക് മുൻകൈ ഉള്ള ചുരുക്കം ഇടങ്ങളിൽ പെടുന്നു കേരളം. മാത്രമല്ല അധികാരികളോട് നിരന്തരം ചോദ്യങ്ങൾ ഉന്നയിക്കുകയാണ് മാധ്യമങ്ങളുടെ പ്രാഥമിക കടമ എന്ന വിശ്വാസം ഇന്നും നിലനിൽക്കുന്ന ഇടമാണ് ഇത്. യു ഡി എഫ് ഭരണകാലത്ത് യു ഡി എഫ് വിരുദ്ധവും എൽ ഡി എഫ് ഭരണകാലത്ത് എൽ ഡി എഫ് വിരുദ്ധവും എന്ന് മാധ്യമങ്ങൾക്ക് പഴി കേൾക്കേണ്ടിവന്നാൽ അത് ഈ അഭിമാനകരമായ പാരമ്പര്യത്തിന്റെ സൂചനയാണ്.

ചോദ്യം: ടെലിവിഷൻ ജേണലിസം മാധ്യമ രംഗത്ത് കൊണ്ടുവന്ന മാറ്റങ്ങൾ ഗുണപരമായിരുന്നോ?

തീർച്ചയായും ഏറെയും ഗുണകരമാണ്. ഒപ്പം ദോഷങ്ങളും ഉണ്ട്. ജനാധിപത്യത്തിൽ ബഹുസ്വരത യാഥാർത്ഥ്യമാകാൻ മാധ്യമങ്ങളുടെ ബാഹുല്യം ആവശ്യമാണ്. കേരളത്തിൽ ഒന്നോ രണ്ടോ അച്ചടി മാധ്യമങ്ങൾ 80 ശതമാനം വാർത്താമണ്ഡലത്തിലും സ്ഥാപിച്ചിരുന്ന കുത്തകയാണ് ടെലിവിഷന്റെ വരവോടെ തകർന്നത്. സ്വാഭാവികമായും വാർത്തകളുടെ തമസ്‌കരണം, വികലവ്യാഖ്യാനങ്ങൾ എന്നിവയ്ക്കുള്ള മാധ്യമ സാധ്യത, കുത്തക അവസാനിക്കുന്നതോടെ കുറഞ്ഞുവെന്നത് ജനാധിപത്യത്തിനും ബഹുസ്വരതയ്ക്കും ഗുണകരമാണ്. ടെലിവിഷന്റെ വരവോടെ വന്ന മറ്റൊരു ഗുണം ആദ്യമായി പുരുഷാധിപത്യം കൊടികുത്തിവാണ മലയാളമാധ്യമരംഗത്ത് വന്ന സ്ത്രീ പങ്കാളിത്തമാണ്. മൂന്നാമത്തെ പ്രയോജനം അറിവ് ശക്തി ആണെങ്കിൽ ലോകത്തെവിടെയും ഏത് സമയത്തും സംഭവിക്കുന്ന എല്ലാ വിവരങ്ങളും ദൃശ്യവും വാക്കുമായി ഭൂരിപക്ഷം ജനതയുടെയും മുന്നിലെത്തിയതാണ്. സാക്ഷരതയും സാമൂഹ്യപുരോഗതിയും കൈവരിച്ച കേരളത്തിന് ബാധകമല്ലെങ്കിലും ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശത്തും ഇന്നും സാമ്പത്തികവും സാമൂഹ്യവും ഭാഷാപരവും ലിംഗപരവുമായി വിഭാഗീയവും വരേണ്യവും ആണ് അക്ഷരസംവേദനം. എന്നാൽ വരമൊഴിയിൽ നിന്ന് വ്യത്യസ്തമായ ജനാധിപത്യപരതയും സാർവജനീനതയും പ്രാപ്യതയും ദൃശ്യസംവേദനത്തിനുണ്ട്.

ടെലിവിഷന് ദൗർബല്യങ്ങളും ഉണ്ട്. അതിന്റെ അതിദ്രുത സംവേദനശൈലി പ്രേക്ഷകന്റെ മനന ശേഷിയ്ക്ക് വെല്ലുവിളിയാണ്. വായിക്കുന്ന വാർത്തയുടെ ആധികാരികതയും നിഷ്പക്ഷതയും മനസ്സിരുത്തി ബോദ്ധ്യപ്പെടാനും ആവർത്തിച്ച് പരിശോധിക്കാനും വായനക്കാരനാകും. എന്നാൽ അതിദ്രുതം കൺമുന്നിലൂടെ പാഞ്ഞുപോകുന്ന ദൃശ്യവാർത്തയുടെ പ്രേക്ഷകർ മിയ്ക്കപ്പോഴും നിസ്സഹായനായ ഉപഭോക്താക്കൾ മാത്രമായിരിക്കും. പ്രേക്ഷകരിൽ ആ വാർത്ത സൃഷ്ടിക്കുന്ന അനുരണനങ്ങൾ അവരിൽ പ്രവർത്തിക്കുന്നത് അവർ തന്നെ തിരിച്ചറിയണമെന്നില്ല. ടെലിവിഷന് വിഡ്ഢി പെട്ടി എന്ന പേര് വീണത് വെറുതെയല്ല. മറ്റൊന്ന് വാർത്തയുടെ ശകലീകരണമാണ്. ഏതൊരു വാർത്തയും നൈമിഷിക ദൈർഘ്യമുള്ള സൗണ്ട് ബൈറ്റുകളിൽ ഒതുങ്ങുന്നു. അതോടെ ആഴവും സമഗ്രമായ വിശകലനവും സങ്കീർണതയും ടെലിവിഷന് അന്യം. നിസ്സാരവൽക്കരണവും ഉപരിപ്ലവതയും അതിലളിതവൽക്കരണവും അതിനു സഹജം. അച്ചടിമാധ്യമങ്ങളെക്കാൾ പലമടങ്ങ് കടുത്ത മത്സരവും കമ്പോളാധമാർണ്യവും മറ്റൊരു ദൗർബല്യം. എല്ലാ ആഴ്ചയും വരുന്ന റേറ്റിങ് ആധിപത്യത്തിന്റെ ഇരകളായി മാത്രമേ കടുത്ത മത്സരത്തിൽ പ്രവർത്തിക്കുന്ന ചാനലുകൾക്ക് ചലിക്കാനാവൂ.

ചോദ്യം: മതം/ കോർപ്പറേറ്റുകൾ / രാഷ്ട്രീയ പാർട്ടികൾ എന്നിവയുടെ നിയന്ത്രണത്തിലാണ് കേരളത്തിലെ ഭൂരിപക്ഷ മാധ്യമ പ്രവർത്തനം എന്ന് വിമർശിച്ചാൽ? എന്താണ് അനുഭവം?

വ്യക്തികളുടെ ആശയപ്രചാരണത്തിനു മാത്രമായിരുന്ന ആദ്യകാലം കഴിഞ്ഞാൽ രാഷ്ട്രീയ-മത പ്രചാരണത്തിനായി മാധ്യമങ്ങൾ ഏറെയും. സ്വാതന്ത്ര്യപ്രാപ്തിക്ക് ശേഷം മുതലാളിത്തത്തിൽ അടിസ്ഥാനമായ വ്യവസായമായതോടെ മൂലധനത്തിന്റെയും ഭരണകൂടത്തിന്റെയും നിയന്ത്രണത്തിൽ തന്നെയായി ഏറെയും മാധ്യമങ്ങൾ. പക്ഷെ മറ്റ് പല ഉല്പന്നങ്ങൾക്കും ഇല്ലാത്ത ഒരു സ്വതന്ത്ര സ്വയംഭരണ മേഖലയിലാണ് മാധ്യമങ്ങളുടെ ഇടം. ആ ഇടത്തിൽ തീവ്രമായ ഒരു പക്ഷപാതത്തിനും ഇടമില്ല. ഏതെങ്കിലും രാഷ്ട്രീയത്തെയോ മതത്തെയോ മൂലധനത്തെയോ അന്ധമായി അനുകൂലിക്കുന്ന മാധ്യമങ്ങൾക്ക് ആ വിഭാഗങ്ങളുടെ അംഗീകാരം കിട്ടുക തന്നെ എളുപ്പമല്ല. ആത്യന്തികമായി പക്ഷപാതങ്ങൾ സൂക്ഷിച്ചാലും ദൈനം ദിന പ്രയോഗത്തിൽ നിഷ്പക്ഷത മാധ്യമങ്ങളുടെ പ്രാണവായു ആണ്. പക്ഷെ രാഷ്ട്രീയമായും സാമൂഹ്യമായുമൊക്കെ ശകലീകൃതമായ ജനത തങ്ങളുടെ ഒപ്പം പക്ഷപാതം സ്വീകരിച്ച മാധ്യമങ്ങളെ കൂടുതൽ അംഗീകരിക്കുകയാണ്. സത്യം ആണെന്നറിഞ്ഞാലും സത്യം ആവശ്യമില്ലാത്ത സത്യാനന്തരകാലം.

ചോദ്യം: തൊഴിലിടത്തിലെ ലിംഗനീതിയെപ്പറ്റി സ്റ്റോറികൾ ചെയ്യുന്നവരാണ് നമ്മൾ. ജേണലിസം മേഖലയിൽ ലിംഗ നീതി നിലനിൽക്കുന്നുണ്ടോ?

സമൂഹത്തിൽ നെടുനായകത്വം വഹിക്കുന്ന മൂല്യപ്രമാണത്തിൽ നിന്നോ ശാക്തിക സമവാക്യങ്ങളിൽ നിന്നോ പൂർണമായും മുക്തമായിരിക്കാൻ ഒരു സാമൂഹ്യസ്ഥാപനത്തിനും ആകില്ല. പുരോഗമനവീക്ഷണങ്ങളുള്ള പ്രസ്ഥാനങ്ങളിൽ പോലും പുരുഷാധിപത്യം പോലെ സമൂഹത്തിൽ നിലനിൽക്കുന്ന പ്രതിലോമമൂല്യങ്ങൾ ഒളിച്ചിരിക്കുന്നത് അതുകൊണ്ടാണ്. മാധ്യമങ്ങളുടെയും സ്ഥിതി വ്യത്യസ്തമല്ല. ഇന്നും സ്ത്രീകൾ, ദളിതർ. ന്യൂനപക്ഷങ്ങൾ എന്നിവയുടെ സാന്നിദ്ധ്യം മുഖ്യധാരാസമൂഹത്തിൽ തന്നെ എന്നപോലെ മാധ്യമരംഗത്തും ദുർബലമാണ്. അതേ സമയം മാധ്യമരംഗം പോലെയുള്ള ഇടങ്ങളിൽ സമീപകാലത്ത് ഇതേക്കുറിച്ച് വീണ്ടുവിചാരം ഉണ്ടാകുന്നുണ്ട്. അത്രത്തോളം മാറ്റം പ്രകടവുമാണ്. പുതിയ കാലത്തെ മാധ്യമങ്ങളിൽ സ്ത്രീ സാന്നിദ്ധ്യം ഏറിയിട്ടും ദളിതരുടെ അസാന്നിദ്ധ്യത്തിനു കുറവുണ്ടായിട്ടില്ലെന്നതും പ്രധാനമാണ്.

ചോദ്യം: ഈ മേഖലയിൽ ഉയർന്ന തസ്തികകളിൽ ഇരിക്കുന്നവർക്കൊഴികെ വേതന നിരക്കും പരിതാപകരമാണ്. എന്താണ് തോന്നിയിട്ടുള്ളത്?

ഏറ്റവും വലിയ സ്ഥാപനങ്ങളൊഴികെ മറ്റെല്ലായിടത്തും ശരിയാണ്. ലോകമാകെ വളരുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി വൻകിട മാധ്യമങ്ങളെയും പിടി കൂടുമ്പോൾ ഇത് കൂടുതൽ ഗുരുതരമായിത്തത്തീരുകയേ ഉള്ളൂ.

ചോദ്യം: വ്യവസ്ഥാപിത മാധ്യമങ്ങളിൽ സോഷ്യൽ മീഡിയയുടെ സ്വാധീനം എത്രത്തോളമുണ്ട്?

അതിന്റെ സ്വാധീനത്തിൽ നിന്ന് വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ഒഴിഞ്ഞുനിൽക്കാനാവില്ല. മാധ്യമങ്ങൾക്ക് തീരെയും. അതിന്റെ നല്ല വശങ്ങൾ കൊള്ളുകയും അല്ലാത്തവ തള്ളുകയും ചെയ്യാനാണ് ശ്രമിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളുടെ അമ്പരപ്പിക്കുന്ന സ്വാധീനം പരമ്പരാഗത മാധ്യമങ്ങളെ കുറേക്കൂടി വിനയാന്വിതരാക്കിയിട്ടുണ്ട്. നാം സമൂഹത്തിന് അത്രയ്ക്ക് അനിവാര്യരൊന്നുമല്ലെന്ന തിരിച്ചറിവ് നൽകുന്ന വിനയം.

ചോദ്യം: ചെയ്യുന്ന ജോലിയ്ക്കപ്പുറമുള്ള വായനകൾക്ക് സമയം കിട്ടാറുണ്ടോ? ഏതാണ് ഏറ്റവും ഒടുവിൽ വായിച്ച പുസ്തകം? അതെക്കുറിച്ച് പറയാമോ?

വായന ജോലിയുടെയും ജീവിതത്തിന്റെയും തന്നെ ഭാഗമാണ്. അതിനു വേറെ

‘റൈറ്റിങ്​ ദി ഫസ്​റ്റ്​ പേഴ്​സൺ’ കവർ

സമയം കണ്ടെത്തേണ്ട ആവശ്യമില്ല. ഞാൻ ഒന്നിച്ച് ഒന്നിലേറെ പുസ്തകങ്ങൾ വായിക്കുന്ന രീതിയുടെ ആളാണ്. ഇപ്പോൾ വായിക്കുന്നത് അത്ര പുതിയ പുസ്തകങ്ങളല്ല. ഒന്ന്, ആധുനിക കേരളത്തിലെ ആത്മകഥാരചനയെപ്പറ്റിയുള്ള Writing The First Person എന്ന എന്റെ കോളേജ് കാല സുഹൃത്ത് കൂടിയായ ജെ.എൻ.യുവിലെ ഇംഗ്ലീഷ് പ്രൊഫസർ ഡോ. ഉദയകുമാറിന്റെ പുസ്തകവും ഡോ. രാജൻ ഗുരുക്കളും ഡോ. രാഘവവാര്യരും ചേർന്നെഴുതിയ ‘ഹിസ്റ്ററി ഓഫ് കേരള’യുമാണ്.

ചോദ്യം: കോവിഡ് കാലം പല തരം തിരിച്ചറിവുകൾ നൽകുന്നുണ്ട്. പത്രത്തിന്റെ, ടെലിവിഷൻ ന്യൂസ് ചാനലുകളുടെ അതിജീവന സാധ്യത എത്രയാണ്?

മനുഷ്യജീവിതത്തിലെ മുഴുവനെയെന്നപോലെ മാധ്യമലോകത്തെയും ഇത് ഇളക്കിമറിക്കുകയാണ്. സാമൂഹ്യമാധ്യമങ്ങളിലേക്ക് ഒഴുകിക്കൊണ്ടിരുന്ന പ്രേക്ഷകർ വൻ തോതിൽ മടങ്ങിവന്നു. പക്ഷെ മഹാമാരി സൃഷ്ടിച്ച സാമ്പത്തികപ്രതിസന്ധി മൂലം പ്രേക്ഷകരുടെ എണ്ണവും റേറ്റിങ് വർദ്ധനയും കൊണ്ട് മുമ്പ് ലഭിച്ചിരുന്ന വരുമാനം ഇല്ല. പരസ്യവും വരിക്കാരിൽ നിന്നുമുള്ള വരുമാനവും ആശ്രയിക്കുന്ന പരമ്പരാഗത വരുമാനമാതൃകകൾ തകർന്നുകഴിഞ്ഞു. ഇനിയുള്ള ലോകത്തിന്റെ ജീവിതം തന്നെ അനിശ്ചിതമായതിനാൽ മാധ്യമങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ. പക്ഷെ മനുഷ്യരുള്ളകാലത്തോളം ഭക്ഷണം പോലെ, രതി പോലെ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് പരസ്പര ആശയവിനിമയം. അതുകൊണ്ട് ഈ സമയവും കടന്നുപോകും. മനുഷ്യൻ അതിജീവിക്കും. മാധ്യമങ്ങളും.


Comments