90’s Nostalgia
ഓടിയോടി
പകുതിയെത്തിയവരുടെ
ഓർമോപനിഷത്ത്:
ആറാം വഴി
▮
കാൽപ്പന്തോർമകൾ
വടക്കേ അമേരിക്കയിലേക്ക് ഒരു കാൽപ്പന്ത് ഉരുണ്ടുരുണ്ടുപോകുന്നുണ്ട്. ഇങ്ങ് ഇടവപ്പെരുംപെയ്ത്തുകാലമാകുമ്പോൾ അങ്ങ് ആ പന്ത് എസ്റ്റാഡിയോ മൈതാനത്തിന്റെ മധ്യഭാഗത്തുള്ള വെള്ളവരവട്ടത്തിലെത്തും.
ആദ്യ വിസിൽ മുഴങ്ങും.
പിന്നെ തട്ടിയുരുളുന്ന ആ പന്തിനുപുറകേ നിത്യമുരുളുന്ന നമ്മുടെ ഭൂമി കറങ്ങും. ഒരു പന്തിനു പിന്നാലെ ലോകം പാഞ്ഞുതുടങ്ങും.
2026, വിശ്വവിജയികളെ തേടുന്ന ലോകകപ്പുവർഷം കൂടിയാണ്. ഏകദേശം 13,000 കിലോമീറ്റർ വ്യാസമുള്ള ഭൂമി, കേവലം പത്ത് സെൻറീമിറ്റർ വ്യാസമുള്ള ഒരു പന്തിലേക്ക് ചുരുങ്ങുന്ന അൻപതോളം ദിനരാത്രങ്ങൾ.
വായിക്കാം, കേൾക്കാം: 90’s Nostalgia
ഓടിയോടി
പകുതിയെത്തിയവരുടെ
ഓർമോപനിഷത്ത് ഒന്നാം വഴി
വിയർത്തു നനഞ്ഞ,
വീണു മുറിഞ്ഞ മൈതാനങ്ങൾ
തിരികെപ്പോകാൻ
കൊതിയുള്ള വഴികൾ,
ഓർമച്ചുഴികൾ
ഒരു പ്രണയപ്പൊട്ടിന്റെ
ഓർമയ്ക്ക്
പ്രാണൻ നിറച്ച പാട്ടുകൾ
ഓർക്കുന്നില്ലേ, ലുസൈലിലെ ആ നിലാരാത്രി. ഗോൺസാലോ മൊൺടേൽ, ഹ്യൂഗോ ലോറിസിന്റെ വല ഭേദിച്ച നിമിഷം. ഖത്തർ ലോകകപ്പിലെ അവസാന മുഹൂർത്തം. ആ ഫുട്ബോൾ ഫ്രെയിമിന് നാലുവർഷം പഴക്കം. കാലത്തിന് എംബാപ്പെയുടെ കാലുകളുടെ വേഗം. ഖത്തറിൽ നിന്നുരുണ്ടൂർന്ന് ആ പന്തിതാ, അമേരിക്കൻ ഭൂഖണ്ഡത്തിലേക്ക് പായുന്നു. മിഡിലീസ്റ്റിൽ പിരിഞ്ഞ കാൽപന്തുപ്രേമികൾ, നമ്മൾ മെക്സിക്കോ സിറ്റിയിലേക്ക് കണ്ണുനട്ടിരിക്കുന്നു. ആഞ്ഞടിച്ചുയർന്ന പന്തുപോൽ ആരാധനയുടെ ആവേശ - ആരവങ്ങൾ ആകാശം തൊടാൻ നേരമാകുന്നു. കാൽപ്പന്തോർമകൾക്ക് പിന്നാലെയോടിയാൽ ആ ഓട്ടം എവിടെപ്പോയി അവസാനിക്കും?

ഓർമയാലെ നിറയുന്നു,
മൈതാനമാകെ...
മെസിയും നെയ്മറും ഗ്രീസ്മാനും ഞങ്ങളും ഏറെക്കുറെ ഒരുമിച്ച് കളി തുടങ്ങിയവരാണ്. മെസി അവരുടെ ദേശീയഗാനം കഴിഞ്ഞ് ബാഗെടുത്തോടി വീട്ടിലെത്തി ചായ കുടിച്ചെന്ന് വരുത്തിത്തീർത്ത് പന്ത് തട്ടാൻ ഓടിയ വൈകുന്നേരം, ജനഗണമനയുടെ മൂന്നാമത്തെ ജയഹേ കേൾക്കാൻ നിൽക്കാതെ വീട്ടിലേക്കോടി പന്തെടുത്ത് പാടത്തെത്തിയവരാണ് ഞങ്ങൾ.
നെയ്മറും കൂട്ടരും ഒരു പന്ത് വാങ്ങാൻ പൈസ കട്ടക്ക് ഇടുന്ന കാലം, ഞങ്ങളും പുതിയ പന്തുമോഹവുമായി പാടവരമ്പത്തുണ്ടായിരുന്നു.
ഗ്രീസ്മാൻ ഒരു ചില്ലുപൊട്ടിച്ച കാലം ഞങ്ങൾ ഒരു ഓട് പൊടിച്ചിട്ടുണ്ടാകുമെന്നുറപ്പാണ്.
കളിച്ച കരയുടേയും വരച്ച വരയുടേയും വ്യത്യാസം മാത്രമേ അവരും ഞങ്ങളും തമ്മിലുള്ളൂ. ഒരേ പ്രാണൻ നിറച്ച പന്തുകൾ ഒരു ഭൂപടത്തിന്റെ പല ദിക്കിലിരുന്ന് തട്ടിയവർ. പാടം കടന്നും പഞ്ചായത്ത് കടന്നും പലദേശം കടന്നും അവരുടെ പന്ത് വീണ്ടും വീണ്ടും മുന്നോട്ടുരുണ്ടു. ഞങ്ങൾ ഒരു പ്രായമെത്തിയപ്പോൾ പുറകിലോട്ടിറങ്ങി കളിച്ചു. പിന്നേയും പുറകിലേക്ക് പോയി ഗ്യാലറിയിലേക്ക് കയറിയിരുന്നു. വിശ്വവേദികളിലവരെ കണ്ടാർപ്പുവിളിച്ചു. അവരുടെ ജേഴ്സികൾ ഞങ്ങളുടെ കൂടി ജേഴ്സികളായി. അവരുടെ നമ്പറുകൾ ഞങ്ങളുടെ കൂടെ നമ്പറുകളായി. ആഗ്രഹിച്ച ജേഴ്സിയാരുടേതായിരുന്നു? പ്രിയകാൽപ്പന്തുതാരങ്ങൾ പത്താം നമ്പർ താരങ്ങൾ തന്നെയായിരുന്നോ?
ഒരേ സൂര്യൻ, ഒരേ ഭൂമി,
ഒരേയൊരു കാൽപ്പന്ത്...
ഒരു കളിമുറ്റത്തുനിന്ന് നീട്ടിയടിച്ച ഒരു കാൽപ്പന്ത് സകലലോകത്തെരുവുകളിലും വഴി തെറ്റി വീണിട്ടുണ്ടാകും. തിരികെ കളിയിടത്തേക്ക് തന്നെ ആ കാൽപ്പന്തിനെ പറഞ്ഞയച്ച് ആരെങ്കിലും നടന്നകലുന്നുണ്ടാകും. വീടിനകത്തോ പുറത്തോ, പാടത്തോ പറമ്പിലോ വഴിയിലോ വയലിലോ പന്ത് ഒന്നെങ്കിലും എപ്പോഴും പായുന്നുണ്ടാകും. ദിവസവും എവിടെയെങ്കിലും ഒരു പന്ത്, ഒരു ചില്ല് പാത്രമെങ്കിലും ഉടയ്ക്കുന്നുണ്ടാകും. നിന്റെ പന്തുകൊണ്ടുള്ള പായാരം ഇന്നത്തോടെ നിർത്തിക്കോണമെന്ന് ഒരമ്മ എന്നും ആരോടെങ്കിലും ഏതെങ്കിലും ഭാഷയിൽ എവിടെ നിന്നെങ്കിലും പറയുന്നുണ്ടാകും.
ലോകത്തെ ഒരുമിച്ച് കോർക്കാൻ ഒരു കാൽപ്പന്തുമാലയ്ക്കു മാത്രമേ സാധിക്കൂ. ഭൂമിയുടെ ആകാശചിത്രമെടുത്ത് സൂം ചെയ്തുനോക്കി, കാൽപ്പന്തുകളെ അടയാളപ്പെടുത്തിയാൽ, ലോകം കുത്തിട്ട് യോജിപ്പിക്കാൻ അതു ധാരാളമാകും. ലോകകപ്പുകാലം എത്ര തീവ്രദേശീയവാദിയും സ്വദേശം മറന്ന് അർജൻറീനക്കാരനോ ഇറ്റലിക്കാരനോ ബ്രസീലുകാരനോ ആകും. കൊളോണിയൽക്കാലം മറന്ന് ഇംഗ്ലീഷ് കൊടി നമ്മൾ കെട്ടിയുയർത്തും. നാടെങ്ങും നാനാവർണക്കൊടി പാറും. വീരതാരങ്ങളുടെ വിഗ്രഹമുയരും. അറിയാദേശങ്ങൾക്ക് വരെ ആരാധകരുണ്ടാകും. സകല മതിലും പന്തിൽ തട്ടി തകർന്നുതരിപ്പണമാകും. അതിരുകളെല്ലാം തച്ചുടച്ചുകളയും പന്തുകളി. പല ജലങ്ങൾ കലരും. എല്ലാം കുളിരുറവപോലെ തെളിയും. മറ്റൊരു കായികമാമാങ്കത്തിനും സാധിക്കാത്ത മാജിക്കാണത്. പന്തുരുളാൻ തുടങ്ങിയാൽ എതുപന്തിയിലാണ് നിങ്ങൾ?

കളിമുറ്റമോർമകൾക്ക്
കൽക്കണ്ട മധുരം...
പഴുത്ത ബബ്ലിമൂസ് വാട്ടിയെടുത്തതായിരുന്നു ഞങ്ങളുടെ ആദ്യത്തെ കാൽപ്പന്ത്. കളിക്കളം വീടകം തന്നെ. വാതിലുകളായിരുന്നു ആദ്യം ഉന്നംവച്ച ഗോൾപോസ്റ്റുകൾ. ഉടഞ്ഞ പാത്രങ്ങളുടേതാകാം ആദ്യമുയർന്ന ആരവം. ഫൈനൽ വിസിൽ അമ്മ വിളിക്കും. ചുവന്ന കളിവിലക്കുകാർഡുകൾ നിരന്തരം കിട്ടും. അകവും പുറവും മുറ്റവും ചുറ്റിലും പന്തുതട്ടി പുലർന്ന പകലുകളെത്ര. പതുക്കെ ബബ്ലിമൂസ് പന്തിൽ നിന്ന് പ്ലാസ്റ്റിക്ക് ബോളുകളിലേക്കും റബ്ബർ ബോളുകളിലേക്കും കളി അപ്ഗ്രേഡായി. ഒരു മൂന്ന് ഇഞ്ച് ഫുട്ബോൾ തട്ടാൻ പിന്നേയുമേറെ പന്തുരളുളേണ്ടിവന്നു. മൈതാനം നിർബന്ധമായിരുന്നില്ല. പന്തിന് പായാൻ പാകപ്പെട്ട നിലങ്ങളിൽ സകലതിലും പന്താട്ടം കണ്ടു. കല്ലോ കട്ടയോ ഗോൾ പോസ്റ്റുകളാകും. അല്ലെങ്കിൽ കാലിലെ ചെരുപ്പുകൾ. അതുകൊണ്ടുതന്നെ ബോളിനപ്പുറം ബൂട്ടിന് പ്രസക്തിയേയില്ല. നിയമങ്ങളുടെ ഭാരമോ, പണത്തിൻറെ പകിട്ടോ പന്തുതട്ടാൻ പ്രതിസന്ധിയായില്ല. കാറ്റുനിറച്ചൊരു കാൽപ്പന്തുണ്ടോ. ആളെത്തും. അവർ അപ്പുറമിപ്പുറമണിചേരും. തുടങ്ങിയാൽ തീരുംവരെ വിശ്രമമില്ലാ കളി. വിയർക്കുന്ന കളി. വീഴ്ചകളുടെ കളി. മണ്ണുപറ്റുന്ന, മസിലുകേറുന്ന കളി. ഗോളാഘോഷങ്ങളിലും ഗോൾ പോസ്റ്റ് മാറുമ്പോഴും മാത്രമാണ് ഇടവേള. ഓഫ് ഗോളുകൾ ഉടക്കിലേക്ക് വഴുതും. കളി കാര്യമാകും. കയ്യാങ്കളിയിൽ തീർന്നാലും കൈവിരൽ കോർത്ത് കളംവിടും. പന്തുരുളും വഴിയെല്ലാം പുതിയ കളിക്കൂട്ടുകാരെയും കിട്ടി. പത്താളുകൂടിയാൽ ഫൈവ്സ്, അതിലുമേറെകിട്ടിയാൽ സെവൻസ്, ആവോളമാളെത്തിയാൽ ലെവൻസ്. ഒരു വിസിലിൽ തുടങ്ങി ഒടുവിലത്തെ വിസിൽ വരെ മതിച്ചുമതിയാവോളം കളി.
ചെറിയ സന്തോഷങ്ങളുടെ
വലിയ കാലം
മറഡോണയെന്നും പെലെയെന്നും പേരിൽ ഫുട്ബോൾ ഇതിഹാസങ്ങൾ ഉണ്ടായിരുന്നുവെന്ന കേട്ടറിവനപ്പുറം ദേശാതിർത്തി കടന്നൊരു കാൽപ്പന്തുജ്ഞാനം അക്കാലമില്ല. ഐനിവളപ്പിൽ മണി വിജയൻ എന്ന ഐ.എം. വിജയനാണ് അക്കാലത്ത് അറിയാവുന്ന വലിയ താരം. അറിയാവുന്ന വലിയ ട്രോഫി, സന്തോഷ് ട്രോഫിയും. വിജയന്റെ വിരമിക്കൽ കാലത്തോട് അടുപ്പിച്ചാണ് ഞങ്ങളുടെ കാൽപ്പന്ത് പ്രേമം പൂത്തുതളിർത്തതെങ്കിലും അയാളുണ്ടാക്കിയ ഓളം അങ്ങനെ മൈതാനത്തുനിന്ന് എളുപ്പം മാഞ്ഞുപോകുന്നതായിരുന്നില്ല. അല്ലെങ്കിലും കൊച്ചമ്മുവിന്റെ മകനെ കാത്ത് കുമ്മായവരക്കപ്പുറം നിന്നവരോളം ആരും പിൽക്കാലം കേരളത്തിൽ ഒരു കാൽപ്പന്ത് കളിക്കളത്തിലും കയ്യടിക്കാൻ എത്തിയിട്ടില്ല. സത്യനും വിജയൻ വെട്ടിയ വഴിയിൽ ഉശിരുള്ള ചെക്കൻമാരെത്തുന്നതും കണ്ടു. അബ്ദുൾ ഹക്കീം, ആസിഫ് സഹീർ, ഇഗ്നേഷ്യസ്- കേരളാടീമെന്ന വികാരം അത്ര ചെറുതായിരുന്നില്ല. അവരുടെ കളിമികവിൽ രണ്ടുതവണ ആ വലിയ കാൽപ്പന്ത് സന്തോഷം നമ്മുടെ നാട്ടിലെത്തി. അന്നെല്ലാം സ്കൂളിന് സർക്കാർ അവധിയും തന്നു.
കളിയാവേശം കൂട്ടുന്നതിൽ നാട്ടിലെ ക്ലബുകൾക്കും വലിയ റോളുകളുണ്ടായിരുന്നു. എത്രയെത്ര എൻറോൾമെൻറ് ട്രോഫികൾ. ബാഴ്സയിലേക്കും ബ്ലാസ്റ്റേഴ്സിലേക്കുമുള്ള വഴിയറിയും മുൻപ് ക്ലബെന്നാൽ നാട്ടിലെ ക്ലബുകളും പിന്നെ മോഹൻബഗാനും ഈസ്റ്റ് ബംഗാളുമായിരുന്നു. നാലുകൊല്ലം കൂടുമ്പോൾ എത്തുന്ന ലോകകപ്പ് ആവേശങ്ങളാണ് പിന്നാലെ പായുന്ന ഈ പന്തിന് ഇത്ര വലുപ്പമല്ലെന്ന് കാണിച്ചുതന്നത്. ലോകകപ്പുകാലം നാടൊരു ഉച്ചകോടി പ്രതീതിയിലേക്ക് പരിവർത്തനം ചെയ്യപ്പെടും. നിങ്ങൾ ഒരു രാജ്യത്തിൻറെ ക്ഷണിതാവായേ പറ്റൂ.

ഒരേയൊരു അർജൻറീനയും
ഒരിക്കലും കിട്ടാക്കപ്പും
എപ്പോൾ മുതൽ നിങ്ങൾ അർജൻറീനക്കാരനായെന്ന ചോദ്യത്തിന് ഉത്തരം നൽകാനാകില്ല. മറഡോണക്കഥകളുടെ സ്വാധീനം പല ഘടകങ്ങളിൽ ഒന്നായിട്ടുണ്ടാകാം. അയാളുടെ ഉടൽനൃത്തവും ഉന്മാദജീവിതവും വായിച്ചും കേട്ടുമറിഞ്ഞ് ആ കരയിലെ കാൽപ്പന്തോളത്തിലേക്ക് അറിയാതെ നീങ്ങിയതാകാം. ഐ.എം. വിജയന്റെ അർജൻറീനാ സ്നേഹവും അർജൻറീനയെ ഇഷ്ടടീമാക്കി. പക്ഷേ പഴയ പ്രതാപത്തിന്റെ തണലിലിരുന്നുറങ്ങാൻ വിധിച്ചവരായിരുന്നു അക്കാലത്തെ അർജൻറീന ആരാധകർ. അർജൻറീനയുടെ കെട്ടകാലമെന്നതിനേക്കാൾ ബ്രസീലിന്റെ നല്ല കാലമെന്നത് ഉള്ള ഉറക്കവും കെടുത്തി.
ആദ്യമായി കളർ ടി.വിയിലൂടെ കണ്ട 2002 ലോകകപ്പിൽ ആദ്യം തന്നെ അർജൻറീന പുറത്തായി. ബാറ്റിസ്റ്റ്യൂട്ടോയുടെ കരഞ്ഞുമടങ്ങുന്ന മുഖം ഇന്നുമോർമയിലുണ്ട്. കനീജിയയും ക്രെസ്പോയും ഒർട്ടേഗയുമെല്ലാമുണ്ടായിട്ടും കളിമറന്നവരുടെ ആൾക്കൂട്ടമായിരുന്നു അക്കാലമർജൻറീന. ബ്രസീൽ ആരാധകർക്ക് അത് ആഘോഷങ്ങളുടെ മാത്രം മൈതാനമായിരുന്നു. തൊട്ടുമുൻപത്തെ ലോകകപ്പിൽ തോൽപ്പിച്ച സിദാനും കൂട്ടരും കൊറിയയിൽ നിന്ന് ആദ്യമേ മടങ്ങി. അർജൻറീന അതേ വഴി പിന്തുടർന്നു. റിവാൾഡോയും റൊണാൾഡോയും റൊണാൾഡീഞ്ഞോയുമെല്ലാം സർവകാല ഫോമിൽ.
ഡേവിഡ് സീമാനെ നിഷ്പ്രഭമാക്കിയ റൊണാൾഡീഞ്ഞോയുടെ കരിയിലകിക്ക് കണ്ട ആ ലോകകപ്പ്, വിമാനം കയറി ബ്രസീലിലേക്ക് തന്നെ പോയി. കാവിലെ പാട്ടുമത്സരത്തിന് കാണാമെന്ന് പറഞ്ഞുപിരിഞ്ഞ ഞങ്ങൾക്ക് ഒരു പാട്ടുമത്സരവും അക്കാലം ജയിക്കാനായില്ല. കപ്പ് കിട്ടാക്കനി പോലെ കൊമ്പത്തിരുന്നു. അയാള വന്നു, മഷറാനോ വന്നു, റിക്വൽമി വന്നു, റോഡ്രിഗസ് വന്നു. കളിച്ചന്തം കയ്യടി നേടുമെങ്കിലും ആരും ആരും തന്നെ മൈതാനത്തെ മുറിവുണക്കിയില്ല.

മിശിഹാപ്പിറവി,
സർവം മെസി
കണ്ണീർനനവുകൊണ്ട് കുതിർന്ന മൈതാനത്ത് എക്കാലവും കുരിശുമരണങ്ങൾ മാത്രമാകില്ലെന്ന് ഞങ്ങൾക്കറിയാമായിരുന്നു. അതുകൊണ്ടുതന്നെ ഒരു മെസ്സി ആ കരയിൽ ഏതോ തെരുവിൽ ജനിച്ചിട്ട് ഉണ്ടാകുമെന്ന് ഞങ്ങൾക്കുറപ്പായിരുന്നു.
ദൈവത്തിന്റെ കയ്യിലേക്ക് മാത്രം നോക്കി പരിഹാസമെറിഞ്ഞവർ ദൈവം കാലിൽ കാൽപ്പന്തുകെട്ടി ഭൂമിയിലേക്ക് വിട്ടവരുടെ നാടാണ് അർജൻറീനയെന്നത് മറന്നുപോയതാകും. പന്തിൽ പ്രാണൻ നിറച്ച നാട്ടിൽ ഇനി ഒരു ഇതിഹാസപ്പിറവി ഉണ്ടാകില്ലെന്ന് നിനച്ചവർ എന്ത് മൂഢർ! പഴയ പെരുമയുടെ നിഴലല്ലാതെ എന്തുണ്ട് മൈതാനങ്ങളിൽ എന്ന ചോദ്യത്തിന് ഒറ്റവാക്കിൽപോലും ഉത്തരമെഴുതാൻ അറിയാതെ പതറിയ ഞങ്ങൾക്ക് മെസിയുടെ തിരുപ്പിറവിയോടെ ഒന്നരപേജിൽ കവിയാതെ ഇക്കാലമത്രയും ഉത്തരമെഴുതാനായി. ഒടുവിൽ ഖത്തറിലെ വിശ്വവിജയം വരെ അയാളുടെ ഉടലാട്ടങ്ങളിൽ പിറന്ന ആനന്ദനേരങ്ങളനവധി.
മെസി ഒരു മാന്ത്രികനായത് എങ്ങനെയെന്ന് കാൽപ്പന്തുകളിശാസ്ത്രം വച്ച് വിശദീകരിക്കാനറിയില്ലെന്നതാണ് സത്യം. അയാളുടെ ആയിരത്തിലേറെവരുന്ന കളികളിൽ ലോകകപ്പിനും കോപ്പക്കുമപ്പുറം കണ്ടിട്ടുമില്ല. പക്ഷേ പന്തിന്റെ ഗന്ധമറിഞ്ഞാലുടൻ അതിനെ കാലിലേക്ക് വിളക്കിചേർത്ത് ഒരു നീലനദിപോലെ അയാൾ ഒഴുകിത്തുടങ്ങുന്നിടത്താണ് കാൽപ്പന്തുകളത്തിലെ ഏറ്റവും സുന്ദരമായ കാഴ്ചയുടെ തുടക്കമെന്ന് വിശ്വസിക്കുന്നു, വാദിക്കുന്നു. കാൽപ്പന്ത് പ്രവേശിച്ച അയാളുടെ കളിയാട്ടത്തോളം മറ്റൊന്നും തന്നെയില്ല.
അയാളൊരു കൈവിട്ട കളിയുടെ മധ്യനിൽക്കുന്നത് കണ്ടാൽ അതിനോളം വേജാറും വെപ്രാളവും വേറിയില്ലതാനും. അയാൾ തോൽക്കുന്നത് ആലോചിക്കാനുമാകില്ല.

കഠിനവഴികളും
കനൽപാതകളും താണ്ടിയവർ
ഒരു സാമൂഹ്യ അധ്യാപകനും പഠിപ്പിക്കാത്ത മട്ടിൽ കാൽപന്തൊരു ഗ്ലോബായിരുന്നു. ഓരോ വൻകരയുടെ അതിജീവനവും അതിൽ നിഴലിച്ചു. കാമറൂണും നൈജീരിയയും ഘാനയും സെനഗലും ഐവറിക്കോസ്റ്റുമെല്ലാം നടക്കുന്ന കഠിനവഴികളും കനൽപാതകളും കണ്ടു. പട്ടിണിക്കുടിലുകളിൽ പന്ത് പ്രകാശമെത്തിച്ച പലവിധ കഥകൾ ഓരോ ലോകകപ്പും പറഞ്ഞുതന്നു. പ്രാണൻ നിറച്ച ഒരു പന്തുകൊണ്ട് പോരാടാനിറങ്ങിയവർ. തട്ടിയെടുക്കാനാവില്ല ജീവിതത്തെയെന്ന് നിശ്ചയിച്ചുറപ്പിച്ചവർ. പ്രതിഭ മിനുക്കി പ്രതിബന്ധങ്ങളെ വെട്ടിയൊഴിഞ്ഞവർ. ഇടങ്കാൽ കൊളുത്തുകളിൽ ഇടറിപ്പോകാത്തവർ. ലക്ഷ്യം കാണുംവരെ വിയർത്തവർ. സംഘടിത ശക്തിയുടെ പോരാട്ടവീര്യത്തിന്റെ യുദ്ധഭൂമികളിൽ എത്രയെത്ര പ്രതിഭകൾ, പ്രതിഭാസങ്ങൾ. 2002 മുതൽ കണ്ട കാൽപ്പന്തുകളിയുടെ വിശ്വവേദികളിൽ നിന്നാണ് കാൽപ്പന്തിൽ നിറച്ചതത്രെയും കേവലം കാറ്റല്ല ജീവശ്വാസമെന്ന് ബോധ്യപ്പെടുന്നത്. പെലെയുടെ, മറഡോണയുടെ പിന്മുറക്കാർ മാത്രമല്ല, പലവഴി വന്ന പോരാളികളെ കൊറിയ മുതൽ ഇങ്ങോട്ടുകണ്ടു. ഒളിവർ ഖാൻ, ഫാബിയൻ ബർത്തേസ്, ചിലാവർട്ട്, ബഫൺ, റോബർട്ടോ കാർലോസ്, ലിലിയൻ തുറാം, സോൾ കാംപൽ. ലംബാർഡ്, ജെറാർൾഡ്, കന്നവാരോ, മെറ്റരാസി, ഫിഗോ, സുവാരസ്, ക്രിസ്റ്റ്യാനോ, ഹെൻറിക് ലാർസൻ, സാവി, റാമോസ്, ഹകൻ സുക്കൂർ, പാട്രിക് വിയേര, മഷറാനോ ഓർമയിലേക്ക് ഇടിച്ചുകയറുന്നവരെ എഴുതിതീർക്കാൻ എത്രലക്കങ്ങൾ വേണം.
അമേരിക്കയിൽ ഇനി ആര്?
പന്തുരുളാൻ തുടങ്ങിയാൽ
എതുപന്തിയിലാണ് നിങ്ങൾ?
(അവസാനിക്കുന്നില്ല).
