അരസിയൽ
സുവരൊട്ടികൾ-
ആറ്
▮
തമിഴ്‌നാട്ടിലെ സമീപകാല ചരിത്രത്തിൽ മികച്ച ആസൂത്രണത്തോടെയുള്ള രാഷ്ട്രീയപ്രവേശനമായിരുന്നു വിജയകാന്തിന്റേത്. എം.ജി. രാമചന്ദ്രനുശേഷം രാഷ്ട്രീയപാർട്ടി രൂപീകരിച്ച്, താരതമ്യേന മികച്ച ജനപിന്തുണ കൈവരിച്ച ചലച്ചിത്രതാരം എന്ന വിശേഷണം വിജയകാന്തിന് അവകാശപ്പെട്ടതാണെങ്കിലും പിൽക്കാലത്ത് രാഷ്ട്രീയപിരിമുറുക്കങ്ങളെയും പാർട്ടിയിലെ ആഭ്യന്തര സംഘർഷങ്ങളേയും അതിലുപരി, സ്വന്തം ആരോഗ്യ പ്രശ്നങ്ങളെയും അതിജീവിക്കാൻ വിജയകാന്തിനായില്ല. 'കറുപ്പ് എം.ജി.ആർ' എന്ന് വിശേഷിപ്പിക്കപ്പെട്ട വിജയകാന്ത്, AIADMK - DMK മുന്നണികൾക്ക് ബദലായി തമിഴ്നാട് രാഷ്ട്രീയത്തിൽ ഉദയം ചെയ്തപ്പോൾ ചലച്ചിത്രരംഗത്തും രാഷ്ട്രീയമേഖലയിലുമുള്ള ആളുകൾ ഈ നീക്കത്തെ അത്ര കാര്യമായെടുത്തിരുന്നില്ല. കാരണം അത്തരമൊരു ബദൽ സൃഷ്ടിക്കാൻ രജനീകാന്തിനേ സാധിക്കൂ എന്നൊരു മുൻവിധി അന്ന് നിലവിലുണ്ടായിരുന്നു. രജനിയുടെ രാഷ്ട്രീയപ്രവേശം നീണ്ടുനീണ്ടു പോയതോടെയാണ് വിജയകാന്ത് എന്ന താരോദയത്തിന് തമിഴ്‌നാട് രാഷ്ട്രീയം സാക്ഷ്യം വഹിക്കുന്നത്.
വിജയകാന്ത് എന്ന താരോദയം
1979 -ലാണ് വിജയകാന്തിന്റെ ആദ്യ സിനിമ, 'ഇനിക്കും ഇളമൈ' റിലീസ് ആകുന്നത്. വലിയൊരു സുഹ്ദ് വലയത്തിനുടമയായിരുന്ന പുതുമുഖ നടന് സുഹുത്തുക്കൾ തന്നെ മുൻകയ്യെടുത്ത് രസികർ മൺട്രം (ഫാൻസ് അസോസിയേഷൻ) ഉണ്ടാക്കി. തെലുങ്ക് സംസാരിക്കുന്ന നായിഡു സമുദായത്തിൽപ്പെട്ട (വിജയകാന്തിന്റെ സമുദായം), മധുരൈ, കോവിൽപട്ടി, ദിണ്ടിഗൽ പ്രദേശങ്ങളിലെ ചെറുപ്പക്കാർ ആവേശത്തോടെ ഇതേറ്റെടുത്തു. വിജയകാന്തിന്റെ സിനിമാവളർച്ചക്കനുസരിച്ചു ആരാധക സംഘടന വിപുലീകരിക്കപ്പെട്ടു. ഒരു ഘട്ടത്തിൽ രജനികാന്ത് - കമൽഹാസൻ ഫാൻസ് ഗ്രൂപ്പുകൾ രൂപപ്പെടാത്ത കുഗ്രാമങ്ങളിൽ പോലും വിജയകാന്തിനു രസികർ മൺട്രങ്ങളുണ്ടായി. സംഘടന വഴിയുള്ള ചാരിറ്റി പ്രവർത്തനങ്ങൾ ഗ്രാമീണമേഖലയിൽ അദ്ദേഹത്തിന് വമ്പിച്ച പിന്തുണ നേടിക്കൊടുത്തു.

വിദ്യാർത്ഥിയായിരിക്കുമ്പോൾ, ചാൾസ് എന്ന തമിഴധ്യാപകന്റെ സ്വാധീനത്തിൽ പെട്ട വിജയരാജ് (സിനിമയിൽ വരുംമുമ്പുള്ള പേര്) സഹപാഠികളെ സംഘടിപ്പിച്ച് ഹിന്ദി വിരുദ്ധ പോരാട്ടങ്ങൾക്കിറങ്ങി. തമിഴ് ദേശീയതയോടുള്ള വിജയകാന്തിന്റെ ആഭിമുഖ്യങ്ങൾക്ക് വിത്ത് വിതക്കപ്പെടുന്നത് ഇവിടെ നിന്നാണ്. അച്ഛൻ അഴകർ സ്വാമി നായിഡു പ്രാദേശിക കോൺഗ്രസ് നേതാവായിരുന്നതിനാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാഷ്ട്രീയ പ്രവർത്തനങ്ങളിലും ഇക്കാലത്ത് സജീവമായിരുന്നു.
1975 -ൽ രജനികാന്തിന്റെ ആദ്യസിനിമ 'അപൂർവ രാഗങ്ങൾ' റിലീസ് ചെയ്തതോടെയാണ് അന്നുവരെ ചലച്ചിത്ര നടന്മാരെ കുറിച്ചുള്ള സൗന്ദര്യ സങ്കല്പത്തിൽ മാറ്റം വരുന്നത്. രജനിയെ പോലെ ഇരുണ്ട നിറമുള്ള തനിക്കും വെള്ളിത്തിരയിൽ ശോഭിക്കാനാവുമെന്ന പ്രതീക്ഷ നേരത്തെതന്നെ വിജയകാന്തിൽ കുടിയിരുന്ന സിനിമാമോഹത്തെ കൂടുതൽ ജ്വലിപ്പിച്ചു.
രജനികാന്തിനും കമൽഹാസനും ബദലായി ഒരു സൂപ്പർതാരമായി മാറുന്നതിനോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും തമിഴ് ദേശീയ പ്രശ്നങ്ങളിലുള്ള ഇടപെടലുകൾക്കും വിജയകാന്ത് സമയം കണ്ടെത്തി.
അവസരങ്ങൾ തേടി സിനിമാകമ്പനികൾ തോറുമുള്ള വിജയകാന്തിന്റെ നടപ്പിനെ കുറിച്ച് ഒരിക്കൽ കമൽഹാസൻ പറഞ്ഞത്, താനും രജനിയും പ്രൊഡക്ഷൻ കമ്പനികളിൽ ചെല്ലുമ്പോഴെല്ലാം, അവിടങ്ങളിൽ തങ്ങൾക്കു മുന്നേ വന്നെത്താറുള്ള ആ ചെറുപ്പക്കാരനെ കാണാറുണ്ടെന്നായിരുന്നു. ആഞ്ഞുപിടിച്ചുള്ള ഇത്തരം ശ്രമങ്ങളിലാണ് ആദ്യ അവസരം 1979 -ൽ വിജയകാന്തിനെ തേടിയെത്തുന്നത്. പിന്നീട് അഭിനയിച്ച നിരവധി പടങ്ങൾ പരാജയമായെങ്കിലും ഇബ്രാഹിം റാവുത്തർ അടക്കമുള്ള സുഹൃത്തുക്കളുടെ പ്രോത്സാഹനമാണ് ഈ രംഗത്ത് വിജയകാന്തിനെ പിടിച്ചുനിർത്തിയത്.
1981-ൽ എസ്. എ. ചന്ദ്രശേഖറിന്റെ (നടൻ വിജയ് യുടെ പിതാവ്) 'സട്ടം ഒരു ഇരുട്ടറൈ' എന്ന ചിത്രത്തിലാണ് ആദ്യ നായകവേഷം ലഭിക്കുന്നത്. 84-ൽ വൈദേഹി കാത്തിരുന്താൾ, 86-ൽ അമ്മൻ കോയിൽ കിഴക്കാലേ, 86-ൽ ഊമൈവിഴികൾ, 88 -ൽ പൂന്തോട്ട കാവൽക്കാരൻ, മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ച സെന്തൂര പൂവേ അടക്കമുള്ള ഹിറ്റ് സിനിമകൾ വിജയകാന്തിന്റെ പരിവേഷത്തിനു മാറ്റുകൂട്ടി.

തൊണ്ണൂറുകളിലെ ചിന്ന കൗണ്ടർ, ക്യാപ്റ്റൻ പ്രഭാകരൻ, മാനഗരകാവൽ, പുലൻ വിസാരണൈ എന്നീ ചിത്രങ്ങൾ വിജയകാന്തിനു താരപദവിയും നൽകി. 2000- ന്റെ ആദ്യ പകുതിയിൽ റിലീസ് ചെയ്ത 'രമണ'യും 'തെന്നവ’നും വിജയകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിനുള്ള കൊടിയേറ്റങ്ങളായിരുന്നു. രജനികാന്തിനും കമൽ ഹാസനും ബദലായി ഒരു സൂപ്പർതാരമായി മാറുന്നതിനോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും തമിഴ് ദേശീയ പ്രശ്നങ്ങളിലുള്ള ഇടപെടലുകൾക്കും വിജയകാന്ത് സമയം കണ്ടെത്തി.
ശ്രീലങ്കൻ തമിഴർക്കുനേരെ നടക്കുന്ന വംശീയാക്രമണങ്ങളിൽ പ്രതിഷേധിച്ച് 1984- ൽ ആരാധകരെ വിളിച്ചുകൂട്ടി ചെന്നെയിൽ നടത്തിയ നിരാഹാരസമരമാണ് ഇവയിൽ പ്രധാനം. സമാനമായി കമലഹാസനും സമരം സംഘടിപ്പിച്ചിരുന്നുവെങ്കിലും വിജയകാന്തിന്റെ നേതൃത്വത്തിലുള്ള പ്രക്ഷോഭം വളരെയധികം ചർച്ച ചെയ്യപ്പെട്ടു. ശ്രീലങ്കൻ അഭയാർത്ഥികൾക്ക് വിജയകാന്ത് നേരിട്ടുചെന്ന് സഹായങ്ങൾ നൽകുന്ന വാർത്തകളും അക്കാലത്ത് പത്രങ്ങളിൽ സജീവമായിരുന്നു. ഈറോഡിൽ ഒരു സൗജന്യ പ്രാഥമിക ചികിത്സാകേന്ദ്രം ആരംഭിച്ചത് പോലുള്ള കാരുണ്യപ്രവർത്തങ്ങൾ തമിഴ്‍നാട്ടിലെ വിവിധ ജില്ലകളിൽ തുടർന്നതും ഉപകാരം ചോദിച്ചെത്തുന്നവരോടുള്ള അനുഭാവപൂർണ്ണമായ പെരുമാറ്റവുമൊക്കെ സാധാരണ ജനങ്ങളിൽ വിജയകാന്തിനോടുള്ള ആഭിമുഖ്യം വർധിപ്പിച്ചു. രാഷ്ട്രീയത്തിലേക്കുള്ള ചുവടുവെപ്പാണോ ഇതെന്ന പത്രപ്രവർത്തകരുടെ എന്ന ചോദ്യത്തിന് അതെന്റെ വഴിയല്ല എന്ന് ആവർത്തിച്ചിരുന്നു. എന്നാൽ രാഷ്ട്രീയ പ്രവേശനത്തിനുള്ള കളമൊരുക്കലുകളായിരുന്നു അവയെല്ലാം.
പിൽക്കാലത്ത് സ്വസമുദായ താൽപര്യങ്ങൾക്കുവേണ്ടി മാത്രം പൊരുതുന്ന സംഘടനയായി പി എം കെ ചുരുങ്ങിപ്പോയതിൽ വിജയകാന്തിനോട് ഏറ്റുമുട്ടി പരാജയപ്പെട്ട തിരഞ്ഞെടുപ്പ് ഫലത്തിന് നിർണ്ണായക പങ്കുണ്ട്.
1991 -96 കാലഘട്ടം തമിഴ്‍നാട്ടിൽ ജയലളിതയുടെ അധികാരമുഷ്‌ക്കിന്റെ നാളുകളായിരുന്നു. ജയലളിത - കരുണാനിധി വാക്‌പോര് ശക്തമായിരുന്നു ഈ കാലത്ത്. DMK പോലുള്ള വലിയൊരു കേഡർ പാർട്ടിയുടെ അനിഷേധ്യ നേതാവായിരുന്ന കരുണാനിധിയുടെ, സിനിമാപ്രവേശത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് മുൻകൈയെടുക്കാൻ പോലും ചലച്ചിത്ര പ്രവർത്തകർ ധൈര്യപ്പെട്ടില്ല. സമഗ്ര മേഖലയിലും അത്തരമൊരു ഭയം ഉണ്ടാക്കിയെടുക്കാൻ ജയലളിതയുടെ ധാർഷ്ട്യത്തിനു കഴിഞ്ഞിരുന്നു. എന്നാൽ ഈ വെല്ലുവിളി ഏറ്റെടുക്കാൻ വിജയകാന്ത് തയ്യാറായത് സകലരെയും അമ്പരപ്പിച്ചു. തന്റെ വിവാഹത്തിന് മുഖ്യകാർമ്മികൻ കൂടിയായിരുന്ന കരുണാനിധിയെ ആദരിക്കുന്ന വലിയ സമ്മേളനം വിജയകാന്ത് വിജയകരമായി സംഘടിപ്പിച്ചു. വിജയകാന്ത് സിനിമകളുടെ ടൈറ്റിൽ കാർഡുകളിൽ അദ്ദേഹത്തെ വിശേഷിപ്പിക്കാൻ 'പുരട്ചി കലൈജ്ഞർ' എന്ന് പേരിട്ടത് 'കലൈഞ്ജർ' കരുണാനിധിയോടുള്ള ആദരവിന്റെ കൂടി സാക്ഷ്യപത്രമായിരുന്നു. എം.ജി.ആറിന്റെ തീവ്ര ആരാധകനായിരുന്ന വിജയകാന്ത് കരുണാനിധിക്കും സമാനമായ ബഹുമാനം നൽകി.

രാഷ്ട്രീയ പ്രവേശനത്തിനുള്ള
ഒരുക്കങ്ങൾ
1990 മുതൽ 2000 വരെയുള്ള കാലഘട്ടങ്ങളിൽ രജനിയുടെ രാഷ്ട്രീയപ്രവേശനവുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളാണ് വിജയകാന്തിന്റെ വരവിനു കാലതാമസം വരുത്തിയത്. 1996- ലെ നിയമസഭാ തിരഞ്ഞെടുപ്പുകൾക്കു ശേഷമുള്ള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിൽ വിജയകാന്തിന്റെ ആരാധക സംഘടനാ പ്രവർത്തകർ മത്സരിക്കുകയും വിജയകാന്ത് അവർക്ക് പിന്തുണ നൽകുകയും ചെയ്തിരുന്നു. 2001-ൽ ജയലളിത അധികാരത്തിലെത്തിയ ശേഷമുള്ള പഞ്ചായത്ത് -മുൻസിപ്പൽ തിരഞ്ഞെടുപ്പുകളിലും രസികർ മൺട്രം നേതാക്കൾ മത്സരിച്ചു. ഈ രണ്ടു കാലഘട്ടത്തിലും രജനികാന്തിന്റെ ആരാധകരും മത്സരിച്ചിരുന്നുവെങ്കിലും അവരെല്ലാം പരാജയപ്പെട്ടു. വിജയകാന്തിന്റെ ആരാധകർക്ക് പലയിടങ്ങളിലും നേട്ടമുണ്ടാക്കാൻ സാധിച്ചത് വിജയകാന്തിന്റെ രാഷ്ട്രീയ പ്രതീക്ഷകൾക്ക് കരുത്തുപകർന്നു. മധുരയിൽ മാത്രം 18 പേർ ജയിച്ചുകയറി. അവരെ വിജയകാന്ത് ചെന്നൈയിലേക്ക് ക്ഷണിച്ചു ആദരിക്കുകയും ഇതിന്റെ ചിത്രങ്ങൾ പത്രങ്ങൾ പ്രാധാന്യത്തോടെ നൽകുകയും ചെയ്തു.
2000-ൽ വിജയകാന്ത് രസികർ മൺട്രത്തിന് പതാക രൂപകൽപന ചെയ്ത് പുറത്തിറക്കിയതും രാഷ്ട്രീയത്തിലേക്കുള്ള ചുവടുവെപ്പിന്റെ ഭാഗമായിരുന്നു. കറുപ്പും ചുവപ്പും മഞ്ഞയും നിറത്തിൽ, മധ്യത്തിൽ ദീപശിഖയടങ്ങിയ ഈ പതാക, രാജ്യം എന്ന ചിത്രത്തിൽ ഉപയോഗിച്ചു കൊണ്ട് വിജയകാന്ത് തന്റെ ഉദ്ദേശ്യം വ്യക്തമാക്കി. ഇക്കാലത്തുള്ള മിക്ക വിജയകാന്ത് ചിത്രങ്ങളിലും രസികർ മൺട്ര പതാക പ്രദർശിപ്പിക്കുകയും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള സംഭാഷണങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനിടെ, സിനിമാതാരങ്ങളുടെ സംഘടനയായ നടികർ സംഘത്തിന്റെ വൻ കടബാധ്യത തീർക്കാൻ അധ്യക്ഷൻ എന്ന നിലയിൽ നേതൃപരമായ പങ്കു വഹിച്ച വിജയകാന്തിന്റെ സംഘടനാശേഷി ആ രംഗത്തും വലിയ ചർച്ചാവിഷയമായി.
രജനിയുടെ രാഷ്ട്രീയ പ്രവേശനത്തിൽ കുറഞ്ഞതൊന്നും തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ ചലനമുണ്ടാക്കില്ല എന്നൊരു ധാരണ അക്കാലത്തു പ്രബലമായിരുന്നു. DMDK- യുടെ തുടർന്നുള്ള സമ്മേളനങ്ങളിലും റാലികളിലും ജനം തടിച്ചു കൂടുന്നതു കാണുന്നതോടെയാണ് ആ അഭിപ്രായങ്ങൾക്ക് ഇളക്കം തട്ടിത്തുടങ്ങുന്നത്.
ഭരണകക്ഷിയായ AIADMK-യെയും പ്രതിപക്ഷത്തെ DMK-യെയും അതിരൂക്ഷമായി വിമർശിച്ചു കൊണ്ടുള്ള രാഷ്ട്രീയ പ്രസ്താവനകളായിരുന്നു അടുത്ത പടി. AIADMK- യെയും ജയലളിതയേയും വിമർശിക്കുന്നതിലും വിജയകാന്ത് ഏറെ ശ്രദ്ധ ചെലുത്തിയത്, DMK-ക്കെതിരെ, കുടുംബാധിപത്യം, ദ്രാവിഡ രാഷ്ട്രീയത്തെ വഞ്ചിച്ചു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിക്കാനായിരുന്നു. ഇത് DMK പ്രവർത്തകർക്കും വിജയകാന്ത് ആരാധകർക്കും ഇടയിൽ കയ്യാങ്കളിയുണ്ടാക്കി. പ്രതിപക്ഷത്തിരിക്കുന്ന DMK-ക്കെതിരെ കാണിക്കുന്ന ഈ ആവേശം ജയലളിതയ്ക്കുനേരെ പ്രകടിപ്പിക്കാൻ ധൈര്യമുണ്ടോ എന്ന് വിജയകാന്തിനെ അവർ വെല്ലുവിളിച്ചു.
DMK- യുമായുള്ള ഈ തുറന്ന പോര് തുടരുന്ന കാലത്താണ് 2004 - ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് മൻമോഹൻ സിംഗിന്റെ സിങിന്റെ മുന്നണിമന്ത്രിസഭയിൽ DMK- യ്ക്ക് ഇടം കിട്ടുന്നത്. DMK- യിലെ ടി. ആർ. ബാലു കപ്പൽ - ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയായി. എ.ബി. വാജ്‌പേയ് സർക്കാരിന്റെ കാലത്ത് ആരംഭിച്ച ദേശീയ പാതകളുടെ വികസനത്തിന്റെ തുടർച്ചയായി നിരവധി പദ്ധതികൾ ദ്രുതഗതിയിൽ പൂർത്തീകരിക്കപ്പെടുന്ന കാലം. ചെന്നൈയിലെ കോയമ്പേട്ടിൽ ദേശീയപാതാ വികസനത്തിന്റെ ഭാഗമായുള്ള സ്ഥലമേറ്റെടുക്കലിൽ വിജയകാന്തിന്റെ ഉടമസ്ഥതയിൽ, അദ്ദേഹത്തിന്റെ അമ്മയുടെ നാമധേയത്തിലുള്ള ആണ്ടാൾ അഴകർ കല്യാണ മണ്ഡപം നിലനിന്നിരുന്ന സ്ഥലവും ഉൾപ്പെട്ടിരുന്നു. DMK- യുടെ പ്രതികാരനടപടിയുടെ ഭാഗമാണ് ബാലുവിന്റെ ഈ നീക്കമെന്ന് വിജയകാന്ത് ആരോപിച്ചു. വിദഗ്ധ എൻജിനീയർമാരെ ഉൾപ്പെടുത്തിയ ഒരു സംഘത്തോടൊപ്പം ബദൽ മാർഗം നിർദ്ദേശിച്ച്, ഉപരിതല ഗതാഗത വകുപ്പ് അധികൃതരെയും മന്ത്രി ബാലുവിനെയും ചെന്ന് കണ്ടു. നിരാശയായിരുന്നു ഫലം. കോടതിയെ സമീപിച്ചെങ്കിലും ഉദ്ദേശിച്ച കാര്യം നടപ്പിലായില്ല. 16 ലധികം സെന്റ് സ്ഥലം വിജയകാന്തിനു വിട്ടുകൊടുക്കേണ്ടിവന്നു. കല്യാണമണ്ഡപത്തിന്റെ ഒരു ഭാഗം ഇടിച്ച് മാറ്റപ്പെട്ടു. ക്ഷുഭിതനായ വിജയകാന്ത് രാഷ്ട്രീയാധികാരം കയ്യിലെടുക്കാതെ വഴിയില്ല എന്ന തീരുമാനത്തിലെത്തുന്നു. ഇതുവരെ ഫാൻസ് അസോസിയേഷനെ വെച്ച് നടത്തുന്ന പ്രസ്താവനയുദ്ധങ്ങൾക്കുപകരം രാഷ്ട്രീയത്തിൽ നേരിട്ടിറങ്ങാൻ ഈ സംഭവം വലിയൊരു പ്രേരണയായി.

ഇക്കാലത്ത് ഡോ. രാമദാസിന്റെ നേതൃത്വത്തിലുള്ള പാട്ടാളി മക്കൾ കക്ഷി പ്രവർത്തകർക്കും വിജയകാന്തിന്റെ ആരാധകർക്കും തമ്മിലുള്ള തർക്കങ്ങളും രൂക്ഷമായി. രജനി ആരാധകർക്കും പി എം കെയ്ക്കും തമ്മിൽ മുൻപ് നടന്ന സമാനമായ പോരിൽ (പരമ്പരയുടെ നാലാം ഭാഗത്തിൽ ഇതിന്റെ വിശദാംശങ്ങൾ വായിക്കാം) ജയിക്കാനായതിൽ ആ പാർട്ടിയുടെ ആത്മവിശ്വാസം ഇരട്ടിച്ചിരുന്നു. സിനിമയിൽ നിന്നെത്തിയ വിജയകാന്തിനെയും അവർ വെറുതെ വിട്ടില്ല.
READ: രജനീകാന്തിന്
മണി കെട്ടിയ രാമദാസ്
ഇപ്പോഴെന്തു ചെയ്യുന്നു?
1998 -ൽ മറുമലർച്ചി എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് പി എം കെ - വിജയകാന്ത് സംഘർഷം ഉടലെടുക്കുന്നത്. ഈ മമ്മൂട്ടി സിനിമയിൽ നായകനായി ആദ്യം പരിഗണിച്ചിരുന്നത് വിജയകാന്തിനെയാണ്. അതിലെ നായകൻ രാസു പടയാട്ച്ചി വണ്ണിയർ സമുദായത്തെ പ്രതിനിധീകരിക്കുന്ന കഥാപാത്രമാണ്. ജാതിപ്പേരുള്ള (വണ്ണിയ സമുദായത്തെ സൂചിപ്പിക്കുന്ന പേരാണ് പടയാട്ച്ചി) കഥാപാത്രമായി അഭിനയിക്കില്ലെന്ന് വിജയകാന്ത് ശഠിച്ചത് പി എം കെ നേതൃത്വത്തെയും പ്രവർത്തകരെയും രോഷാകുലരാക്കി. സക്കരൈ തേവൻ, ചിന്ന കൗണ്ടർ പോലുള്ള ജാതിപ്പേരുള്ള നായകകഥാപാത്രങ്ങളായി അഭിനയിച്ച വിജയകാന്തിന്റെ ഈ നിലപാട് സമുദായത്തോടുള്ള അധിക്ഷേപമാണെന്നു അവർ കുറ്റപ്പെടുത്തി. വിജയകാന്തിനെ പരിഹസിച്ചുകൊണ്ട് പി എം കെ പ്രവർത്തകർ മുന്നോട്ടിറങ്ങിയതിന്റെ ഭാഗമായി ഇരു വിഭാഗങ്ങളും തമിഴ്നാടിന്റെ വിവിധ പ്രദേശങ്ങളിൽ ഏറ്റുമുട്ടി.
മദ്യപാനിയെന്നും കോമാളിയെന്നും മാനസികാരോഗ്യമില്ലാത്തവനെന്നും വിജയകാന്തിനെ ജയലളിത ആക്ഷേപിക്കുമ്പോൾ അതേറ്റെടുക്കാൻ ഡി എം കെ പ്രവർത്തകർക്കു മടിയുണ്ടായിരുന്നില്ല.
പല കോണുകളിൽ നിന്ന് തന്നെ ഒതുക്കാനുള്ള നീക്കങ്ങൾക്കൊപ്പം ആരാധകരിൽ നിന്നുള്ള സമ്മർദ്ദങ്ങളും കൂടി ഉണ്ടായതോടെ 2005- ൽ പാർട്ടി രൂപീകരണത്തിനുള്ള അരങ്ങൊരുങ്ങി. തിരുവണ്ണാമലൈയിൽ ആരാധകരുടെ യോഗത്തിൽ പാർട്ടി തുടങ്ങാനുള്ള തീരുമാനം വിജയകാന്ത് പ്രഖ്യാപിച്ചു. ഈറോഡിൽ ആരാധക സംഘടനാ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചയിൽ സപ്തംബറിൽ മധുരൈയിൽ നടക്കുന്ന സമ്മേളനത്തിൽ പാർട്ടി രൂപീകരിക്കുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടക്കുമെന്ന് അറിയിച്ചു. മധുരയിൽ കൂറ്റൻ ജനാവലിയെ മുൻനിർത്തിയാണ് പുതിയ രാഷ്ട്രീയകക്ഷി രൂപം കൊള്ളുന്നത് - ദേശീയ മുർപോക്ക് ദ്രാവിഡ കഴകം എന്ന DMDK.
വിജയകാന്തിന്റെ രാഷ്ട്രീയ പ്രവേശനം വലിയ ചലനം സൃഷ്ടിക്കില്ലെന്ന ധാരണയായിരുന്നു ചലച്ചിത്ര രാഷ്ട്രീയ രംഗത്തുള്ളവർക്കും മാധ്യമങ്ങൾക്കും പൊതുവെ അന്നുണ്ടായിരുന്നത്. രജനിയുടെ രാഷ്ട്രീയ പ്രവേശനത്തിൽ കുറഞ്ഞതൊന്നും തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ ചലനമുണ്ടാക്കില്ല എന്നൊരു ധാരണ അക്കാലത്തു പ്രബലമായിരുന്നു. DMDK- യുടെ തുടർന്നുള്ള സമ്മേളനങ്ങളിലും റാലികളിലും ജനം തടിച്ചു കൂടുന്നതു കാണുന്നതോടെയാണ് ആ അഭിപ്രായങ്ങൾക്ക് ഇളക്കം തട്ടിത്തുടങ്ങുന്നത്.
ഈ രാഷ്ട്രീയ സാഹചര്യം വിജയകാന്തിന്റെ നീക്കം ഉറ്റുനോക്കാൻ ഇരുമുന്നണികളെയും പ്രേരിപ്പിച്ചു. കാശും ഭക്ഷണവും കൊടുത്ത് തട്ടിക്കൂട്ടുന്ന ആൾക്കൂട്ടമാണ് വിജയകാന്തിന്റെ പൊതുയോഗങ്ങളിൽ എത്തുന്ന ജനാവലി എന്ന പ്രചാരണം അഴിച്ചുവിട്ട് DMDK-യുടെ മുന്നേറ്റത്തെ ലഘൂകരിച്ചു കാണാനാണ് ഇതര പാർട്ടികൾ ആദ്യം ശ്രമിച്ചത്.

അമ്പരപ്പിച്ച തുടക്കം
പാർട്ടി രൂപീകരിച്ച് ഒരു വർഷത്തിനുള്ളിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടു. ഒറ്റയ്ക്കുനിന്ന് മത്സരിച്ച് ശക്തി തെളിയിക്കാനായിരുന്നു വിജയകാന്തിന്റെ തീരുമാനം. ഇരു ദ്രാവിഡ കക്ഷികളും തമിഴ്നാടിനെ കുട്ടിച്ചോറാക്കിയെന്നും അതുകൊണ്ടു രണ്ടുപേരോടും സഖ്യമില്ലെന്നും പാർട്ടി വ്യക്തമാക്കി. 'ജനങ്ങളോടും ദൈവത്തോടുമാണ് കൂട്ടണി' എന്ന വിജയകാന്തിന്റെ പ്രശസ്തമായ പഞ്ച് ഡയലോഗിന്റെ അകമ്പടിയോടെ 234 നിയോജക മണ്ഡലങ്ങളിലും DMDK മത്സരിച്ചു. പി എം കെയുമായുള്ള ശത്രുത മനസ്സിൽക്കണ്ട്, ആ പാർട്ടിയുടെ ശക്തിദുർഗമായ വിരുതാചലത്തിൽ മത്സരിക്കാൻ വിജയകാന്ത് തീരുമാനമെടുത്തു. ആരാധകർ ഏറെയുള്ള ചെന്നൈയിലോ സ്വദേശമായ മധുരൈയിലോ മത്സരിക്കാതെ പി എം കെയോട് പുലിമടയിൽ പോയി ഏറ്റുമുട്ടാനുള്ള വിജയകാന്തിന്റെ ധൈര്യം ആത്മഹത്യാപരമെന്നാണ് മാധ്യമങ്ങളടക്കം വിശേഷിപ്പിച്ചത്. എന്നാൽ പി എം കെയുടെ വണ്ണിയ വോട്ടു ബാങ്കിൽ വലിയ വിള്ളൽ വീഴ്ത്തി വിജയകാന്ത് 14,000 - ഓളം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഈ തിരഞ്ഞെടുപ്പിൽ DMDK- യുടെ മറ്റെല്ലാ സ്ഥാനാർത്ഥികളും തോറ്റുവെങ്കിലും എട്ടു ശതമാനത്തിലധികം വോട്ട് സമാഹരിക്കാൻ പാർട്ടിക്ക് സാധിച്ചു. അത്രയേറെ പാരമ്പര്യമുള്ള ഇടതു പാർട്ടികൾക്കോ, വോട്ടു ബാങ്കുകൾ അവകാശപ്പെടാനാവുന്ന പി എം കെക്കോ, വൈക്കോയുടെ എം ഡി എം കെ യ്‌ക്കോ വി സി കെ യ്‌ക്കോ പോലും ഈ നേട്ടം കൈവരിക്കാനായിട്ടില്ല എന്നിടത്താണ് ബദൽ എന്ന നിലയിൽ DMDK പ്രതീക്ഷ നൽകുന്നത്.
വണ്ണിയർ സമുദായത്തിനിടയിൽ പി എം കെ ക്കുണ്ടായിരുന്ന അപ്രമാദിത്വത്തിനാണ് വിജയകാന്ത് ആഘാതമേല്പിച്ചത്. പിൽക്കാലത്ത് സ്വസമുദായ താൽപര്യങ്ങൾക്കുവേണ്ടി മാത്രം പൊരുതുന്ന സംഘടനയായി പി എം കെ ചുരുങ്ങിപ്പോയതിൽ വിജയകാന്തിനോട് ഏറ്റുമുട്ടി പരാജയപ്പെട്ട തിരഞ്ഞെടുപ്പ് ഫലത്തിന് നിർണ്ണായക പങ്കുണ്ട്. DMDK- യ്ക്ക് ലഭിച്ച വോട്ടുകളായിരുന്നു 128 മണ്ഡലങ്ങളിൽ വിജയികളെ നിർണ്ണയിച്ചത്. എന്നാൽ എം എൽ എ എന്ന നിലയിൽ ശോഭിക്കാൻ വിജയകാന്തിനു സാധിച്ചില്ല.
2009-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും തനിച്ചു മത്സരിക്കാനുള്ള തീരുമാനമെടുക്കുന്ന DMDK-യ്ക്ക് സീറ്റുകൾ ഒന്നും കിട്ടിയില്ലെങ്കിലും വോട്ടുവിഹിതം 10 ശതമാനത്തോളം ഉയർത്താനായി. ഇതോടെ തമിഴ് നാട്ടിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വിജയ പരാജയങ്ങൾ ഇനി നിർണ്ണയിക്കുക DMDK- യാണെന്ന തിരിച്ചറിവ് ഇരു മുന്നണികൾക്കും ഉണ്ടായി. മുൻപ് ഈ നിലയിൽ പരിഗണിക്കപ്പെട്ടിരുന്നത് പി എം കെ, എം ഡി എം കെ പോലുള്ള കക്ഷികാലായിരുന്നു.
നേതാവിന്റെ കരിസ്മയെയും കവിഞ്ഞ പ്രത്യയശാസ്ത്ര നിലപാടുകൾ കൊണ്ടുമാത്രമേ ഒരു പാർട്ടിക്ക് ജനങ്ങളുടെ രാഷ്‌ടീയഭിലാഷങ്ങളെ പ്രതിനിധീകരിക്കാൻ സാധിക്കൂ എന്ന രാഷ്ട്രീയ പാഠം ബാക്കിവെച്ചുകൊണ്ടാണ് വിജയകാന്ത് കടന്നുപോയത്.
പാർട്ടിയുടെ സുവർണ്ണ കാലം
2011 - ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ DMDK-യെ മുന്നണിയിൽ ചേർക്കാനുള്ള ശ്രമം ഇരു മുന്നണികളും ആരംഭിച്ചു. ഡി എം കെയിൽ നിന്ന് എം. കരുണാനിധിയുടെ മകൻ കൂടിയായ എം.കെ. അഴഗിരി ഇക്കാര്യത്തിൽ മുൻകൈയെടുത്തെങ്കിലും വിജയകാന്ത് വഴങ്ങിയില്ല. എ.ഐ.എ.ഡി.എം.കെ യിലെ പ്രമുഖ നേതാക്കളും വിജയകാന്തിനെ ഒപ്പം നിർത്താൻ നീക്കം ആരംഭിച്ചു. പോലീസ് - ഇന്റലിജൻസ് റിപ്പോർട്ടും വിജയകാന്തിന് അനുകൂലമായി റിപ്പോർട്ട് നൽകി. ഇതോടെ സഖ്യ ചർച്ചകൾക്കായി ജയലളിത, ഉറ്റതോഴി ശശികലയെ രംഗത്തിറക്കി. വിജയകാന്തിന്റെ ഭാര്യ പ്രേമലതയെ സ്വാധീനിച്ച്, ശശികല കരുക്കൾ നീക്കി. നേരത്തെ രണ്ടു തിരഞ്ഞെടുപ്പിലും വോട്ടുബാങ്ക് സൃഷ്ടിക്കാനായെങ്കിലും പ്രതീക്ഷിച്ച വിജയം ഉണ്ടായില്ല എന്ന വീണ്ടുവിചാരത്തോടെ AIADMK മുന്നണിയിൽ ചേരാൻ ഒടുവിൽ വിജയകാന്ത് തീരുമാനിച്ചു. മാത്രമല്ല, ആകെയുള്ള 234 സീറ്റുകളിലും മത്സരിക്കുക എന്നതു വലിയൊരു ബാധ്യതയാകുമെന്നും വിജയകാന്ത് കണക്കുകൂട്ടിയിരുന്നു. ജനങ്ങളോടും ദൈവത്തോടും മാത്രമുള്ള സഖ്യത്തിൽ നിന്നും കുറച്ചു കൂടി മുന്നോട്ടു പോയി AIADMK മുന്നണിയുമായും കൂടാം എന്ന തീരുമാനത്തിൽ വിജയകാന്ത് എത്തിച്ചേർന്നു.
2007 മുതലേ വ്യക്തിപരമായ ചില തർക്കങ്ങളുടെ പേരിൽ വിജയകാന്തുമായി ഉടക്കിയ നടൻ വടിവേലു ഈ തിരഞ്ഞെടുപ്പുകാലത്ത് ഡി എം കെയുടെ പ്രധാന പ്രചാരകനായിരുന്നു. വിജയകാന്തിന്റെ പരിഹസിക്കാനും അധിക്ഷേപിക്കാനുമാണ് പ്രചാരണത്തിൽ വടിവേലു അധിക സമയവും ചെലവഴിച്ചത്- ജയലളിതക്കെതിരെയും വടിവേലു രൂക്ഷ വിമർശനങ്ങൾ നടത്തി. (ഈ തിരഞ്ഞെടുപ്പിൽ ഡി എം കെ അമ്പേ പരാജയമടയുകയും ജയലളിത മുഖ്യമന്ത്രിയായാകുകയും ചെയ്തത്, വടിവേലു എന്ന താരതമ്യമില്ലാത്ത, തമിഴരുടെ ഇഷ്ടഹാസ്യതാരത്തെ സിനിമാലോകത്തുനിന്നു തന്നെ വർഷങ്ങളോളം നിഷ്കാസിതനാക്കാൻ കാരണമായി. സിനിമാവസരങ്ങൾ നഷ്ടപ്പെട്ടു വടിവേലു ജനമനസ്സിൽ നിന്ന് മായാൻ തുടങ്ങിയ കാലത്ത് അദ്ദേഹം തമിഴ് സിനിമയുടെ അവിഭാജ്യ ഘടകമാണെന്നും ഇങ്ങനെ അകറ്റി നിർത്തരുതെന്നും ആവശ്യപ്പെട്ട വിജയകാന്തിന്റെ നന്മയും പത്രവാർത്തകളിൽ ഇടം പിടിച്ചിരുന്നു.)
ഈ തിരഞ്ഞെടുപ്പിൽ, മത്സരിച്ച 41 സീറ്റിൽ 29 സീറ്റിലും DMDK വിജയിച്ചു. വിരുതുനഗറിൽ നിന്ന് നല്ല ഭൂരിപക്ഷത്തിൽ വിജയകാന്തും നിയമസഭയിൽ എത്തി. എല്ലാവരെയും അമ്പരപ്പിച്ച്, നിയമ സഭാംഗങ്ങളുടെ എണ്ണത്തിൽ DMK, DMDK-ക്കു പിറകിൽ മൂന്നാം സ്ഥാനത്തായി. കൂടുതൽ സീറ്റ് ലഭിച്ച കക്ഷിയുടെ നേതാവ് എന്ന നിലയിൽ പ്രതിപക്ഷ നേതൃസ്ഥാനം വിജയകാന്തിനു ലഭിച്ചു. ഇക്കാലത്ത് ഭരണനേതൃത്വത്തിനെതിരെ ക്രിയാത്മക പ്രതിപക്ഷമായി മാറാൻ DMDK-യ്ക്കു സാധിച്ചു. കെ. പാണ്ഡ്യരാജൻ (മാ പാ പാണ്ഡ്യരാജൻ), ചന്ദ്രകുമാർ എന്നീ എം എൽ മാരുടെ മികച്ച പ്രകടനം ജയലളിതയുടെ പോലും അഭിനന്ദനം പിടിച്ചു പറ്റി. പാർട്ടി അധ്യക്ഷൻ എം. കരുണാനിധി എം എൽ എ ആയിരുന്നുവെങ്കിലും നിയമസഭയിലെ തുച്ഛമായ പ്രതിനിധ്യത്തെ തുടർന്ന് അദ്ദേഹം സ്വയം മാറിനിന്ന് നിയമസഭാകക്ഷി നേതാവായി മകൻ എം.കെ. സ്റ്റാലിനെ നിയോഗിച്ചിരുന്നു. സഭയിലെ DMDK- യുടെ പ്രകടനത്തിൽ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള DMK അക്ഷരാർത്ഥത്തിൽ നിഷ്പ്രഭമായി. നാൾക്കുനാൾ DMDK- യുടെ വിമർശനങ്ങൾ കൂടുതൽ അക്രാമകമായതോടെ AIADMK - DMDK ബന്ധം വഷളായി തുടങ്ങി.

ഇക്കാലത്ത് ശങ്കരൻ കോവിൽ ഉപതിരഞ്ഞെടുപ്പിൽ AIADMK- ക്കെതിരെ DMDK സ്ഥാനാർഥിയെ മത്സരിപ്പിച്ചെങ്കിലും കെട്ടിവെച്ച തുക പോലും തിരിച്ചുകിട്ടിയില്ല. പാർട്ടിയുടെ ഈ ദയനീയ പരാജയം, പാൽവില വർധനവുമായി ബന്ധപ്പെട്ടു ചന്ദ്രകുമാർ എം എൽ എ യുടെ ശ്രദ്ധ ക്ഷണിക്കലിനിടെ ചർച്ചാവിഷയമായി. കെട്ടിവെച്ച തുക പോലും നഷ്ടപ്പെട്ടവരാണ് എന്ന് DMDK- യെ ജയലളിത അധിക്ഷേപിച്ചത് ഇരുവിഭാഗങ്ങളും തമ്മിലുള്ള വാഗ്വാദങ്ങൾക്ക് ഇടയാക്കി. ഉപതിരഞ്ഞെടുപ്പിൽ ഭരണകക്ഷിയുടെ വിജയം വലിയ കാര്യമല്ലെന്നു ചൂണ്ടിക്കാട്ടി AIADMK-യുടെ മുൻകാല പരാജയങ്ങളുടെ പട്ടിക നിരത്താൻ ശ്രമിച്ച വിജയകാന്തിനെ മന്ത്രിമാർ തടസ്സപ്പെടുത്തി. ഇതിനോട് നാക്ക് കടിച്ച് പിടിച്ച് ആംഗ്യം കാട്ടി കൊണ്ടുള്ള വിജയകാന്തിൻ്റെ രോഷപ്രകടനം അക്കാലത്തെ വലിയ തോതിൽ വിമർശനങ്ങൾക്കിരയായി. ജയലളിതയും വിജയകാന്തും തമ്മിൽ സഭയിൽ നേരിട്ട് വാക്കേറ്റമുണ്ടായി. സ്പീക്കർ ഡി. ജയകുമാർ DMDK എം എൽ എമാരെ സഭയിൽ നിന്ന് പുറത്താക്കി. ശേഷം സംസാരിച്ച ജയലളിത ഇനി DMDK-യുടെ അധഃപതനത്തിന്റെ നാളുകളാണെന്ന് രൂക്ഷഭാഷയിൽ പ്രഖ്യാപിച്ചു. അന്ന് ഇതിനൊക്കെ നിശ്ശബ്ദ സാക്ഷികളായി സ്റ്റാലിന്റെ നേതൃത്വത്തിലുള്ള DMK എം എൽ എമാർ സഭയിൽ തന്നെ ഉണ്ടായിരുന്നു. ജയ സഭയ്ക്ക് പുറത്തുപോയപ്പോൾ ഒ. പന്നീർ സെൽവമടക്കമുള്ള മന്ത്രിമാരുടെ അടുക്കൽ ചെന്ന് ഡി എം കെയുടെ മുതിർന്ന എം എൽ എ മാർ വിജയകാന്തിന്റെ അഹംഭാവത്തെ ചൂണ്ടിക്കാട്ടി ഏഷണി കൂട്ടിയത് അക്കാലത്ത് നിയമസഭാ ഗ്യാലറിയിലുണ്ടായിരുന്ന മാധ്യമ പ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. തിരഞ്ഞെടുപ്പിലുണ്ടായ ദയനീയമായ തിരിച്ചടിയിലും പ്രസ്താവനകളിലെ കുടുംബാധിപത്യത്തെ കുറിച്ചുള്ള അതിരൂക്ഷ വിമർശനങ്ങളിലും ഡി എം കെയുടെ വിരോധം എത്രമാത്രം വിജയകാന്ത് സമ്പാദിച്ചിരുന്നു എന്നതിന് തെളിവായിരുന്നു ഈ സംഭവം.
READ: OPS:
രാഷ്ട്രീയ വനവാസമോ
നിൽക്കക്കള്ളി രാഷ്ട്രീയമോ?
ഇരു ഭാഗത്തു നിന്നുമുള്ള ആക്രമണങ്ങളുടെ മൂർച്ചയ്ക്ക് ഇതോടെ മുന കൂർത്തു. ഒരു ഘട്ടത്തിൽ കരുണാനിധിയെ വിമർശിച്ചുകൊണ്ടുള്ള വിജയകാന്തിന്റെ പ്രസ്താവനയ്ക്ക് ജയലളിത ഇടയിൽ കയറി മറുപടി നൽകിയത് ഏവരെയും അതിശയിപ്പിച്ചു. വൈര്യനിര്യാതന ബുദ്ധിയോടെ പ്രവർത്തിച്ചുവന്ന ഇരുപാർട്ടികളും പൊതുശത്രുവെന്ന നിലയിൽ വിജയകാന്തിനെതിരെ ഒറ്റകെട്ടായി നിന്ന അപൂർവ രാഷ്ട്രീയ സന്ദർഭങ്ങളിലൊന്നായിരുന്നു ഇത്. മദ്യപാനിയെന്നും കോമാളിയെന്നും മാനസികാരോഗ്യമില്ലാത്തവനെന്നും വിജയകാന്തിനെ ജയലളിത ആക്ഷേപിക്കുമ്പോൾ അതേറ്റെടുക്കാൻ ഡി എം കെ പ്രവർത്തകർക്കു മടിയുണ്ടായിരുന്നില്ല.
‘കറുപ്പ് എം ജി ആർ’ ആകാൻ ആഗ്രഹിച്ച വിജയകാന്തിന്, തന്റെ ആരാധനാപാത്രം ജനഹൃദയങ്ങളിൽ നിലനിന്നത് താരാരാധനയെ രാഷ്ട്രീയവൽക്കരിച്ചുകൊണ്ടാണ് എന്ന് തിരിച്ചറിയാനായില്ല.
ജയയുടെ പ്രതികാരം
വിജയകാന്തിനെ ഒതുക്കാനുള്ള കൊണ്ടുപിടിച്ച നീക്കമാണ് ജയലളിതയുടെ ഭാഗത്തുനിന്ന് പിന്നീടുണ്ടാകുന്നത്. DMDK- യിലെ പ്രഗത്ഭരായ നേതാക്കളെ തെരഞ്ഞുപിടിച്ച് അടർത്തിമാറ്റുകയായിരുന്നു ആദ്യ ഘട്ടം. പാണ്ഡ്യരാജൻ, ചന്ദ്രകുമാർ, അരുൺ പാണ്ഡ്യൻ തുടങ്ങിയവർ ഉൾപ്പെടെ 10 എം എൽ എമാരെ ജയ, AIADMK പാളയത്തിലെത്തിച്ചു. അംഗബലം കുറഞ്ഞതോടെ വിജയകാന്തിനു പ്രതിപക്ഷ നേതൃ സ്ഥാനം നഷ്ടമായി. ജയലളിതയുടെ പ്രതികാര ദാഹം ഇതുകൊണ്ടും അടങ്ങിയില്ല. ജയലളിതയെയോ AIADMK-യെയോ കുറിച്ച് എവിടെ ചെന്ന് വിജയകാന്ത് വിമർശനം ഉന്നയിച്ചാലും ആ പ്രദേശത്തിന്റെ പരിധിയിൽ കേസെടുത്തു, അതാതിടത്തെ കോടതികളിൽ കയറിയിറങ്ങാനുള്ള സാഹചര്യം ഉണ്ടാക്കി. തമിഴ്‌നാട്ടിലെ മിക്കവാറും ജില്ലകളിൽ അക്കാലത്ത് വിജയകാന്തിനെതിരെ അപകീർത്തികേസുണ്ടായിരുന്നു. കേസൊഴിഞ്ഞു നേരമില്ലാത്ത വിജയകാന്തിന് എല്ലാം കോടതികളിലും നേരിട്ട് കയറിയിറങ്ങേണ്ടിയും വന്നു.
2014 -ൽ ബി ജെ പിയുമായി ലോക്സഭാ തിരഞ്ഞെടുപ്പിൽ സഖ്യം ചേർന്നെങ്കിലും സമ്പൂർണ്ണ പരാജയമായിരുന്നു. 2016 -ലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ ഇരുമുന്നണികൾക്കും ബദലായി രൂപപ്പെട്ട ജനക്ഷേമ മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി, സി പി എം, സി പി ഐ ഉൾപ്പെട്ട ഇടതുപക്ഷത്തിന്റെയും, വി സി കെ, എം ഡി എം കെ എന്നീ പാർട്ടികളുടെയും പിന്തുണയോടെ മത്സരിച്ചു പരാജയപ്പെട്ടത് വിജയകാന്തിന്റെ അതുവരെയുള്ള കണക്കുകൂട്ടലുകളെ അപ്പാടെ തെറ്റിച്ചു. ഈ തിരഞ്ഞെടുപ്പിനു മുൻപ് തന്നെ സന്ദർശിച്ച് സഖ്യത്തിനു സമ്മതംമൂളി മടങ്ങിയ വിജയകാന്ത്, ഒട്ടും പ്രതീക്ഷിക്കാതെ, ജനപക്ഷ മുന്നണിയിൽ ചേർന്നത് വിശ്വാസവഞ്ചനയായി കരുണാനിധി കണക്കാക്കി. ഡി എം കെ അധികാരത്തിൽ വന്നശേഷവും പരോക്ഷമായ രീതിയിൽ വിജയകാന്തിന് അലോസരങ്ങൾ സൃഷ്ടിക്കാൻ ഇതും കാരണമായി.
2015 -ഓടെ തന്നെ വിജയകാന്തിന്റെ ആരോഗ്യനില വഷളായി തുടങ്ങി. പൊതുവേദികളിൽ നാക്കുപിഴവ് സംഭവിക്കുന്നതും സമനില തെറ്റിയ പോലെ സംസാരിക്കുന്നതും പതിവായി. ഇതോടെ നേതൃത്വം പൂർണമായും ഭാര്യ പ്രേമലതയുടെയും അവരുടെ സഹോദരൻ സുധീഷിന്റെയും കയ്യിലായി. DMDK-യുടെ രാഷ്ട്രീയ നിലപാടുകൾക്ക് രൂപം നൽകാനും അവയെ വിജയപ്രദമായി നടപ്പിലാക്കാനും അണിയറയിൽ സഹായിച്ചിരുന്ന പൺറുട്ടി രാമചന്ദ്രനെ പോലുള്ള തലമുതിർന്ന നേതാക്കൾ പാർട്ടിയിൽ നിന്ന് ഇതിനിടെ പുറത്തുപോയിരുന്നു. ആരോഗ്യ പ്രശ്ങ്ങളാണ് കാരണമെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും, പ്രേമലതയുടെയും സുധീഷിന്റെയും സ്വാധീനത്തിൽ പെട്ട് വിജയകാന്തെടുത്ത ചില തീരുമാനങ്ങളാണ് പൺറുട്ടിയുടെ രാജിയിലേക്കു നയിച്ചത് എന്നതാണ് വാസ്തവം. രാഷ്ട്രീയാനുഭവപരിചയമോ തന്ത്രജ്ഞതയോ ഇല്ലാത്ത, നിക്ഷിപ്ത താല്പര്യം മാത്രം കൈമുതലായ നേതൃത്വം DMDK- യെ നയിക്കാനാരംഭിച്ചതോടെ പാർട്ടിയിൽ പ്രതീക്ഷ പുലർത്തിയ വലിയൊരു വിഭാഗം ജനങ്ങളും അകന്നു തുടങ്ങി.
തുടർന്നുള്ള തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ നോക്കുകുത്തിയായി ഇരുത്തപ്പെട്ട വിജയകാന്തിന്റെ രൂപം എതിരാളികളിൽ പോലും സഹതാപം ഉണർത്തി. 2023 ഡിസംബർ 28 -നു 71-ാം വയസ്സിൽ വിജയകാന്ത് മരിക്കുമ്പോൾ പഴയ പ്രതാപത്തിന്റെ നിഴലിലായിരുന്നു അദ്ദേഹത്തിന്റെ പാർട്ടി.
നേതാവിന്റെ കരിസ്മയെയും കവിഞ്ഞ പ്രത്യയശാസ്ത്ര നിലപാടുകൾ കൊണ്ടുമാത്രമേ ഒരു പാർട്ടിക്ക് ജനങ്ങളുടെ രാഷ്‌ടീയഭിലാഷങ്ങളെ പ്രതിനിധീകരിക്കാൻ സാധിക്കൂ എന്ന രാഷ്ട്രീയ പാഠം ബാക്കിവെച്ചുകൊണ്ടാണ് വിജയകാന്ത് കടന്നുപോയത്. ‘കറുപ്പ് എം ജി ആർ’ ആകാൻ ആഗ്രഹിച്ച വിജയകാന്തിന്, തന്റെ ആരാധനാപാത്രം ജനഹൃദയങ്ങളിൽ നിലനിന്നത് താരാരാധനയെ രാഷ്ട്രീയവൽക്കരിച്ചുകൊണ്ടാണ് എന്ന് തിരിച്ചറിയാനായില്ല. പൊതുവേദികളിലും ബഹുജനങ്ങൾക്കിടയിലും എം ജി ആർ പരത്തിയ സൗമ്യതയും പ്രസന്നതയും സമചിത്തതയും വിജയ്കാന്തിന് പിന്തുടരാനായതുമില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, നിസ്സാര കാര്യങ്ങൾക്കു സ്വന്തം സ്ഥാനാർത്ഥികളോട് കയർത്തു സംസാരിക്കുന്നതും അവരെ മർദ്ദിക്കുന്നതും മാധ്യമപ്രവർത്തകരോട് അസഹിഷ്ണുതയോടെ കലഹിക്കുന്നതും പോലുള്ള സ്വഭാവവിശേഷങ്ങൾ അദ്ദേഹത്തിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തുന്നതിനിടയാക്കി. ഇവയോടൊപ്പം, ഇതര പാർട്ടികൾക്കെന്നത് പോലെ നിർദ്ദിഷ്ട വോട്ടുബാങ്ക് സൃഷ്ടിക്കാൻ DMDK- യ്ക്ക് കഴിഞ്ഞില്ല എന്നതും വലിയ അളവിൽ ക്ഷീണമായി.

വിജയകാന്തിനു ശേഷം ഇനിയെന്ത്?
വിജയകാന്തിന്റെ കാലശേഷം പ്രേമലതയുടെയും സുധീഷിന്റെയും നേതൃത്വത്തിൽ ഇരു മുന്നണികളുമായും വിലപേശൽ നടത്തുന്നതും തരാതരം പോലെ നിലപാടുകളെടുക്കുന്നതും സാധാരണ ജനവിഭാഗങ്ങൾക്കിടയിൽ പാർട്ടിയുടെ വിശ്വാസ്യത നഷ്ടപ്പെടാൻ ഇടയാക്കിയിട്ടുണ്ട്. പിന്നീടുള്ള തിരഞ്ഞെടുപ്പിൽ അതിദയനീയ പരാജയങ്ങൾ ഏറ്റുവാങ്ങിയതോടെ DMDK- യെ ഒരു കക്ഷിയായി പോലും മുന്നണികൾ പരിഗണിക്കാൻ മടികാണിച്ചു തുടങ്ങി.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിൽ ബി ജെ പി ഉൾപ്പെട്ട മുന്നണിസഖ്യത്തെ പ്രഖ്യാപിക്കുമ്പോൾ അതിൽ അമിത് ഷാ DMDK- യെ കൂടി ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഒ. പന്നീർ സെൽവം, ടി.ടി.വി. ദിനകരൻ എന്നിവരെ പോലെ മുന്നണിവിട്ടു എന്നാണ് പ്രേമലത അറിയിച്ചത്. ഈയിടെ മുൻ കോൺഗ്രസ് നേതാവും തമിഴ്‌നാട് മാനില കോൺഗ്രസ് സ്ഥാപകനുമായ ജി.കെ. മൂപ്പനാരുടെ അനുസ്മരണ ചടങ്ങിൽ എൻ ഡി എ നേതാക്കൾക്കൊപ്പം DMDK പ്രതിനിധി സുധീഷ് പങ്കെടുത്തത് ചർച്ചയായിരുന്നു. ജനുവരിയോടെ മാത്രമേ സഖ്യത്തെ കുറിച്ച് തീരുമാനിക്കൂ എന്ന് പ്രഖ്യാപിച്ച DMDK, എൻ ഡി എ യുടെ ഒരു പരിപാടിയിൽ പങ്കെടുത്തതിനെ പ്രേമലത ന്യായീകരിച്ചത്, മൂപ്പനാരുമായുള്ള വ്യക്തിബന്ധം ചൂണ്ടിക്കാട്ടിക്കൊണ്ടാണ്. കക്ഷിനേതാക്കളുടെ യോഗത്തിൽ പാർട്ടിക്ക് രാജ്യസഭാസീറ്റു വാഗ്ദാനം ചെയ്തു വഞ്ചിച്ച ആളാണ് എടപ്പാടിയെന്നു കുറ്റപ്പെടുത്തുകയുമുണ്ടായി. അതേസമയം ഡി എം കെ നേതാവ് എം.കെ. സ്റ്റാലിന്റെ നടപടികളോട് അടുത്തകാലത്തതായി അനുഭാവ നില വ്യക്തമാക്കുന്ന സന്ദർഭങ്ങളുമുണ്ടായി. പാർട്ടിയുടെ വിലപേശൽശേഷി നഷ്ടമായിട്ടും പ്രേമലത നടത്തുന്ന, തമ്മിൽ പൊരുത്തപ്പെടാത്ത രാഷ്ട്രീയ ഇടപെടലുകൾ അണികളിൽ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. പാർട്ടിയുടെ സാമ്പത്തിക നിലയിലുള്ള വലിയ വീഴ്ചയും കടുത്ത പ്രതിസന്ധിയാണ്.
READ: ‘സ്റ്റാലിൻ അങ്കിൾ'
v/s ‘വിജയ് അണ്ണൻ’;
പുത്തൻ വെട്രി സമവാക്യങ്ങൾ
READ: മുന്നണിയാകാം,
മുന്നണിഭരണം വേണ്ട,
എടപ്പാടിയുടെ കരുനീക്കങ്ങൾ
READ: തമിഴ്‌നാട് ബി.ജെ.പിയുടെ 'സുവർണ്ണാവസര'ങ്ങൾ
എന്തായാലും ഡി എം കെ മുന്നണിയുടെ ഭാഗത്ത് നിന്ന് വലിയ ഓഫറുകൾ ലഭിക്കാത്ത പക്ഷം, നിയമസഭാ തിരഞ്ഞെടുപ്പിൽ സാന്നിധ്യമുറപ്പിക്കാൻ വിശാലമുന്നണി എന്ന ബി ജെപിയുടെ താല്പര്യത്തിനു അനുകൂലമായി പ്രേമലതയ്ക്ക് തീരുമാനമെടുക്കേണ്ടി വരുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ നൽകുന്ന സൂചന.
മുന്നണിയിലെ ഇതര കക്ഷികൾ
ബി ജെ പി ഉൾപ്പെടുന്ന മുന്നണിയിൽ നിലവിലുള്ള രണ്ടു കക്ഷികളെക്കൂടി പരാമർശിച്ച് ഈ ഭാഗം പൂർത്തിയാക്കാം.
ഒന്ന്, ടി. ടി. വി. ദിനകരന്റെ 'അമ്മ മക്കൾ മുന്നേറ്റ കഴകം. AIADMK- യിൽ ശശികലയുടെ സ്വാധീനം പൂർണമായി നഷ്ടപ്പെട്ടശേഷം പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ടി. ടി. വി. ദിനകരൻ, ചെന്നൈയിലെ ആർ കെ നഗർ ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച് ജയിച്ചയാളാണ്. എന്നാൽ അദ്ദേഹം 2018 -ൽ രൂപീകരിച്ച എ എം എം കെ യ്ക്ക് ഈ വിജയം ആവർത്തിക്കാനായില്ല. തെക്കൻ മേഖലയിലെ തേവർ സമുദങ്ങൾക്കിടയിൽ സ്വാധീനമുള്ള ഈ പാർട്ടിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ AIADMK-യുടെ വിജയ സാധ്യതകൾക്ക് തടയിടാനായി എന്ന കാര്യം ബി ജെ പി ദേശീയ നേതൃത്വം ഗൗരവത്തിലെടുത്തിട്ടുണ്ട്. ടി ടി വിയെ മുന്നണിയിൽ ഉൾപ്പെടുത്താൻ ബി ജെ പി നിർബന്ധം ചെലുത്തുന്നത് ഇക്കാരണത്താലാണ്. എടപ്പാടി പളനിസ്വാമിയെ ഏകപക്ഷീയമായി മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതുൾപ്പെടെയുള്ള കാര്യങ്ങളിൽ വിയോജിച്ച് എ എം എം കെ സഖ്യം ഉപേക്ഷിച്ചു. എങ്കിലും ബി ജെ പി യുടെ സംസ്ഥാന തല നേതാക്കൾ ടി ടി വിയുമായി അനുനയ നീക്കത്തിലാണ്. എടപ്പാടി ഒഴിച്ചുള്ള ആരുമായും സഖ്യമാവാം എന്നാണ് ടി ടി വിയുടെ ഇപ്പോഴത്തെ നിലപാട്
രണ്ട്, ജി.കെ. വാസന്റെ നേതൃത്വത്തിലുള്ള തമിഴ് മാനില കോൺഗ്രസ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ദേശീയനേതൃത്വത്തിൽ ഒരു കാലത്തെ പ്രബലനായിരുന്ന മൂപ്പനാർ പാർട്ടി വിട്ട് 1996 -ൽ സംസ്ഥാന തലത്തിൽ രൂപീകരിച്ച കക്ഷിയാണ് തമിഴ് മാനില കോൺഗ്രസ്. 2002 -മുതൽ അദ്ദേഹത്തിന്റെ മകൻ, മുൻ കേന്ദ്ര മന്ത്രി കൂടിയായ ജി.കെ. വാസനാണ് പാർട്ടി അധ്യക്ഷൻ. കടലാസ് പാർട്ടിയായി ചുരുങ്ങിയെങ്കിലും, ഒപ്പം നിന്ന് വിശ്വാസ്യത പ്രകടിപ്പിക്കുന്ന ഈ പാർട്ടിയെ ബി ജെ പി കയ്യൊഴിയാനിടയില്ല.
AIADMK, പന്നീർ സെൽവത്തിന്റെ നേതൃത്വത്തിലുള്ള വിമത AIADMK, 'അമ്മ മക്കൾ മുന്നേറ്റ കഴകം, പാട്ടാളി മക്കൾ കക്ഷി, ഡി എം ഡി കെ, പുതിയ തമിഴകം, കൂടാതെ മറ്റു ചെറു കക്ഷികൾ അടങ്ങിയ വിശാല സഖ്യമാണ് ബി. ജെ. പി തമിഴ്നാട്ടിൽ ആഗ്രഹിക്കുന്നതെങ്കിലും തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ മാത്രമേ ഈ സഖ്യത്തിന് അന്തിമരൂപം കൈവരൂ.
ഇതിനിടെ കഴിഞ്ഞ ദിവസം പശുംപൊൻ മുത്തുരാമലിംഗ തേവരുടെ 118ാം ജന്മദിനത്തിൽ അദ്ദേഹത്തിന്റെ സ്മാരകം സന്ദർശിക്കാൻ ടി ടി വി ദിനകരൻ, പന്നീർ സെൽവം, എ ഡി എം കെ വിമതൻ സെങ്കോട്ടയ്യൻ എന്നിവർ ഒരുമിച്ചെത്തിയതും മാധ്യങ്ങളോട് സംസാരിക്കേ എടപ്പാടിക്കെതിരെ രൂക്ഷവിമർശനം നടത്തിയതും മുന്നണിരൂപീകരണത്തിലുള്ള സങ്കീർണതകൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടം വരെ ഘടകകക്ഷികളുടെ കണക്കുകൂട്ടലുകളും വിലപേശലും കൊണ്ടു കലുഷിതമായിരിക്കും സംസ്ഥാന രാഷ്ട്രീയം എന്ന് ചുരുക്കം.
