മൂന്നാം ലോക GEN Z യുടെ
കുടിയേറ്റ ജീവിതം;
സ്വപ്നവും യാഥാർത്ഥ്യവും-
ആറ്
▮
‘‘അബുദാബീലുള്ളൊരെഴുത്തുപെട്ടീ
അന്നു തുറന്നപ്പോൾ കത്ത് കിട്ടീ…
…കരളിൻ ചുടുരക്ത മഷിയിൽ മുക്കി
കത്തിന്റെ കതിർമാല കോർത്തോരുക്കീ…’’
- അബുദാബിയിലുള്ളോരെഴുത്തുപെട്ടി, കത്ത് പാട്ട്, എസ്.എ. ജലീൽ
▮
കിനാവുകൾ കാച്ചികുറുക്കി, ഗൾഫിലേക്ക് കുടിയേറിയ മുൻ പ്രവാസികൾ, തങ്ങളുടെ കരൾ കീറിയൊഴുകിയ ചോര കൊണ്ട്, ഓർമ്മകളിലവശേഷിച്ച നാടിനെയും വീടിനെയും കുറിച്ച് കത്തുകളെഴുതിക്കൊണ്ടേയിരുന്നു. അവർ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ ഉലയാതെ പ്രതിഷ്ഠിക്കുന്ന അഷ്ടബന്ധമാണെന്നുപോലും വിശേഷിപ്പിക്കപ്പെട്ടു. അപ്പോഴും അവരുടെ കത്തുകളും നൊമ്പരങ്ങളും മലയാളത്തിന് ബലിയായി തന്ന ചോരയ്ക്ക് ആരും നന്ദി പറഞ്ഞില്ല. അവരുടെ കത്തുകളിലൂടെ പിറന്ന പുതു- മലയാള ഭാവത്തെ ആരും ഗൗനിച്ചില്ല. എന്തിനേറെ, മലബാറിലെ ശീലുകളിൽ, കത്ത് പാട്ടുകൾ ഇത്രമേൽ പ്രിയങ്കരമായത് കുടിയേറ്റ കത്തിടപാടുകളിലൂടെയാണ്.
ആ പഴംപ്രവാസികളും ഇപ്പോഴുള്ള Gen-Z കളും തമ്മിലുള്ള പ്രധാന വ്യത്യാസവും അതുതന്നെയാണ്. അവരുടേതുപോലെ ഓർമ്മകളിൽ നിന്ന് നാടിനെ ചികഞ്ഞെടുക്കേണ്ട ദുരവസ്ഥ Gen-Z പ്രവാസികൾക്ക് ഉണ്ടാകുന്നില്ല.
പാശ്ചാത്യ രാജ്യങ്ങളിലേക്ക് Gen-Z കൾ ആദ്യമായി കുടിയേറാനാരംഭിക്കുന്നത് 2015-ലാണ്. 2016-ൽ Whatsapp-ന് വീഡിയോകോൾ സവിശേഷത കൈവരുന്നു. അതോടെ മൊബൈൽ ഫോണിലൂടെ ഏതൊരാൾക്കും എവിടേക്കും നേരിൽ കണ്ട് വിനിമയം നടത്താമെന്ന സ്ഥിതിയുണ്ടാകുന്നു. പിൽക്കാലത്ത് ഇൻസ്റ്റാഗ്രാമിന് മറ്റു സാമൂഹ്യ മാധ്യമങ്ങളെക്കാൾ പ്രചാരം ലഭിച്ചു. അങ്ങനെ, Gen-Zകൾ കുടിയേറാൻ തുടങ്ങിയപ്പോഴേക്കും, തങ്ങളുടെ നാടിനെയും വീടിനെയും മൊബൈൽ കട്ടയിലെ ഡിജിറ്റൽ പ്രേതങ്ങളാക്കി ചുമക്കാവുന്ന അവസ്ഥ കൈവന്നു. അവർ മുൻ കുടിയേറ്റക്കാരെപ്പോലെ അതിരുകളും ഓർമ്മകളും താണ്ടിയെങ്കിലും, അവർക്ക് വൈഫൈ സോണുകൾ താണ്ടാനായില്ല. എന്നാലിത് പകരുന്ന ആശ്വാസം ചെറുതല്ല, നാട്ടാരും വീട്ടാരും ഒരുകൈവിരലകലെയാണെന്നത് പ്രവാസികൾക്ക് വലിയ തണൽ തന്നെയാണെന്നതിൽ സംശയമില്ല. എങ്കിലും പുതു- നാടുമായി ചേർന്നിഴക്കുന്നതിന് തടസ്സമായി ഈ ‘ഡിജിറ്റൽ- മാതൃനാട്’ ചിലപ്പോഴെങ്കിലും മാറാറുണ്ട്. മറുനാട്ടിലെ ചെറുമുറികളിൽ അവരുടേതുമാത്രമായ കേരളവും മലയാളിത്തവുമെല്ലാം സൃഷ്ടിക്കപ്പെടുന്നതാണതിനു കാരണവും. അങ്ങനെ പ്രവാസലോകത്ത് അനേകായിരം കേരളങ്ങളുണ്ടാകുന്നുണ്ട്. അപ്പോൾ, കുടിയേറ്റക്കാർ മിച്ചംവെച്ച് പോകുന്ന മലയാളിയും കേരളവും എന്തായി മാറുന്നുവെന്നത് ചിന്തിക്കേണ്ട കാര്യമാണ്.

ആരാണ് മലയാളി?
എന്താണ് മലയാളിത്തം? ആരാണ് മലയാളി? കേരളത്തിൽ ജീവിക്കുന്ന മലയാളം സംസാരിക്കുന്നവരാണ് മലയാളികൾ എന്ന പിടിവാദത്തെ പുറംകാലുകൊണ്ട് തള്ളിക്കളഞ്ഞവരാണ് മുൻ പ്രവാസികൾ. മലയാളികളാകാൻ കേരളത്തിൽ ജീവിക്കേണ്ടതില്ല എന്ന് അവർ തെളിയിച്ചതോടെ, മലയാളം മാതൃഭാഷയായവരാണ് മലയാളികൾ എന്ന വ്യാഖ്യാനത്തിലേക്ക് മാറുകയാണുണ്ടായത്. അതിനുശേഷം വന്ന പാശ്ചാത്യ കുടിയേറ്റങ്ങൾ, കേരളത്തിൽ പിറക്കാത്തവരും ഒരിക്കൽ പോലും ജീവിച്ചിട്ടില്ലാത്തവരും മലയാളം എഴുതാനോ വായിക്കാനോ സംസാരിക്കാനോ അറിയില്ലാത്തവരും മലയാളികൾ തന്നെയാണെന്ന് കാട്ടിത്തന്നു.
മലയാളത്തിന്, സ്‌കൂൾ തിണ്ണകളിൽ മാത്രം പ്രാധാന്യം നൽകിയ വിദ്യാഭ്യാസ സമ്പ്രദായത്തിൽ, മുങ്ങാങ്കുഴിയിട്ട് വളർന്നവരാണ് എന്റെ തലമുറയിൽ പെട്ടവർ. അതിനാൽ അവരുടെ വരുംകാല കുടിയേറ്റ കുരുന്നുകൾക്ക് മലയാളം എന്നത്, കേട്ടാൽ പോലും തിരിയാത്തയൊന്നായി മാറിയേക്കാം. ഇങ്ങനെ, ആരാണ് മലയാളിയെന്നതിന് ഉത്തരമായി, പാവയ്ക്കാ ആകൃതിയിൽ പിണഞ്ഞുകിടക്കുന്ന ഇന്ത്യയുടെ തെക്കൻ ഭൂമികയിൽ തായ് വേരുള്ളവരാണ് എന്നും; ജിലേബി വട്ട ലിപിയുള്ള മലയാള ഭാഷയുമായി ബന്ധമുള്ളവരാണെന്നും വർഷാവർഷം ഓണമാഘോഷിക്കുന്നവരാണെന്നും ഓക്കെയുള്ള നിർവചനത്തിലേക്ക്, മലയാളിത്തം വളരുകയോ ചുരുങ്ങുകയോ ചെയ്യുന്നു. അതായത് ഒരാൾ മലയാളിയാകാൻ, ‘നഗരം നഗരം മഹാസാഗരം’ എന്ന് നാക്ക് കുഴയാതെ പറഞ്ഞിരിക്കണമെന്നോ അക്ഷരക്കേടില്ലാതെ എഴുതണമെന്നോ പദശുദ്ധിയോടെ വായിക്കണമെന്നോ, ഇനിയത് കേട്ടാൽ മനസിലാകണമെന്നോ പോലും നിർബന്ധമില്ലെന്ന് സാരം…
എന്താണ് കേരളം?
യു.കെയിലെ വിഗൻ എന്ന ടൗണിൽ (Wigan) സഹോദരിയുമായി തങ്ങിയിരുന്ന നാളുകളിൽ അവിടെയുള്ള മലയാളികളുടെ ശരാശരി ജീവിതത്തിൽ കൗതുകം തോന്നിയിരുന്നു. സഹോദരിയുടെ കുട്ടികളെ സ്‌കൂളിൽ നിന്ന് കൂട്ടാനായി പോയപ്പോഴാണ് ഞാൻ അവിടുത്തെ മലയാളിപെരുപ്പം എത്രത്തോളമാണെന്ന് തിരിച്ചറിയുന്നത്. കൂടുതലും മുൻകാലങ്ങളിൽ നേഴ്സായി വന്നവരും അവരുടെ പങ്കാളികളും കുട്ടികളുമെല്ലാമാണ്. ഇവരിൽ ക്രിസ്തീയ വിശ്വാസികൾ ചേർന്ന് ഒരു പഴയ പള്ളി വാടകക്കെടുത്തായിരിക്കണം, അവിടെ, ചില ഞായറാഴ്ച്ചകളിൽ മലയാളത്തിൽ കുർബ്ബാന നടത്തുന്നത് പതിവാണ്. അതിനായി തൊട്ടടുത്ത സിറ്റിയായ ലിവർ പൂളിലെ (Liverpool) ഒരു മലയാളി വികാരിയെ വിളിച്ചുവരുത്തും. പ്രാർത്ഥന കഴിഞ്ഞ് അവിടുള്ളൊരു മലയാളികടയിൽ നിന്ന് നാടൻ സാധങ്ങങ്ങൾ വാങ്ങി നേരെ വീട്ടിലേക്ക്. പിന്നീട് അവിടേക്ക് കടന്നുവന്ന Gen-Z കളും ഈ ജീവിതരീതിയോടും ആളുകളോടും ഇഴകുന്നു. ഇങ്ങനെ ഒരു ചെറുകേരളം അവിടെ നിലകൊള്ളുന്നതായി തോന്നിയാൽ അതിശയിക്കാനില്ല.
ഇത് വിഗനിലെ മാത്രം കാഴ്ചയല്ല. ലണ്ടൻ, മാഞ്ചസ്റ്റർ, ന്യൂയോർക്ക്, റ്റൊറാന്റോ, ദുബൈ, സിങ്കപ്പൂർ തുടങ്ങിയ നഗരങ്ങളിൽ മുതൽ കുഗ്രാമങ്ങളിൽ വരെ കാണാൻ കഴിയുന്നതാണ്. ഇവിടങ്ങളിലെല്ലാം, മലയാളി അസ്സോസിയേഷനുകളും അവരുടെ ഗംഭീരങ്ങളായ ഓണാഘോഷങ്ങളും നമ്മൾ നവമാധ്യമങ്ങൾ വഴി കാണാറുള്ളതാണ്. ഈ സമൂഹങ്ങൾ കേരളത്തോട് കിടപിടിക്കുന്ന സമാന മലയാള സംസ്‌ക്കാരങ്ങൾ നിർമ്മിക്കുന്നുവെന്ന് പറയാൻ സാധിക്കില്ലായിരിക്കാം. പക്ഷെ, ഇവ തീർച്ചയായും കേരളമെന്നത് ഒരു സ്ഥലം മാത്രമല്ലെന്ന് ആണയിടുന്നു. മുൻപ് സൂചിപ്പിച്ചതുപോലെ, നവമാധ്യമങ്ങളാൽ ചുരുങ്ങിയ ലോകത്ത്, ചിന്നിച്ചിതറിക്കിടക്കുന്ന ആശയമാണ് കേരളമെന്ന്, ഇതോടെ വെളിപ്പെടുന്നു. മരുഭൂമിയിലും കടലിന്റെ ഒത്ത നടുവിലുമെല്ലാം, ഈ ആശയത്തിലൂന്നിയ ജീവിതരീതി പുലർത്തുന്നവർക്ക് പുതു- കേരളങ്ങൾ അനായാസം നിർമ്മിക്കാം.
വായിക്കാം, കേൾക്കാം:മലയാളി GEN Z യുടെ
സ്വാതന്ത്ര്യാന്വേഷണ പരീക്ഷണങ്ങളുടെ
UK
മേൽപ്പറഞ്ഞത് എന്റെ ഭാവനയോ പുലമ്പലോ ആയി ചിലർക്കെങ്കിലും തോന്നാൻ സാധ്യതയുണ്ട്. അവർക്ക് മുന്നിൽ പ്രദർശിപ്പിക്കാനുള്ളത് സമാന സന്ദർഭങ്ങളാണ്. പാശ്ചാത്യ രാജ്യങ്ങളിൽ, പഞ്ചാബികളെ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് മനസിലാകും; ജിയോപൊളിറ്റിക്കലി, പഞ്ചാബ് എന്നത് ഇന്ത്യയിലും പാക്കിസ്ഥാനിലും മാത്രം സ്ഥിതി ചെയ്യുന്ന ഇടമാണ്. എന്നാൽ കാനഡയിലെയും യു.കെയിലെയും അമേരിക്കയിലെയുമെല്ലാം ചിലയിടങ്ങളിൽ പഞ്ചാബികൾ തിങ്ങിപ്പാർക്കുന്നത് കാണാം. ഇവിടങ്ങളിലെ പ്രാദേശിക ഭരണകൂടങ്ങളിലെ പ്രതിനിധികളിൽ അധികവും പഞ്ചാബികളായിരിക്കും. അതിനാൽ അവർക്കിടയിലെ സിഖ് മതസ്ഥർക്കായുള്ള ഗുരുദ്വാരകളും ഹിന്ദുക്കൾക്കായുള്ള ക്ഷേത്രങ്ങളും പഞ്ചാബി കടകളുമെല്ലാം അനവധിയുണ്ടാകും. യു.കെയിലെ West Midland County-ലാണ് ഈ മാതൃകയിലുള്ള പഞ്ചാബി വൃത്തങ്ങൾ കൂടുതലും. കണക്കറ്റ മലയാളി Gen-Z കൾ പാശ്ചാത്യത്തിലേക്ക് സ്വയം പറിച്ചുനടുന്നതോടെ, ഭാവിയിൽ ഈ തോതിലുള്ള മലയാളി കോളനികൾ രൂപം കൊള്ളാനുള്ള സാധ്യതകൾ ഏറെയാണ്. ആ സാഹചര്യത്തിൽ പല രൂപങ്ങളിലും ഭാവങ്ങളിലും വർണ്ണങ്ങളിലുമുള്ള, വൈവിധ്യമാർന്ന കേരളങ്ങൾ രൂപം കൊള്ളുക തന്നെ ചെയ്യും.

കുടിയേറ്റങ്ങളിലൂടെ മലയാളിത്തമെന്നത് കണ്ണുരുട്ടുന്ന കഥകളിത്തലകളിൽ നിന്നും കുലുങ്ങുന്ന മാവേലി വയറിൽ നിന്നും വ്യതിചലിച്ച് മറ്റു പല ഇൻക്ലൂസീവ് അടയാളങ്ങളിലേക്കും രൂപങ്ങളിലേക്കും വളരുന്നു. ഈ വൈവിധ്യം നമുക്ക് അത്യാവശ്യമാണ്. നമ്മൾ ഇന്നും കേരളയീതയെയും മലയാളിത്തത്തെയും സവർണ്ണക്കോലങ്ങളിൽ കുടിയിരുത്തിയിരിക്കുകയാണ്. ചരിത്രം പരിശോധിക്കാനുള്ള ധൈര്യം ഇനിയെങ്കിലും കാട്ടിയാൽ, കസവുസാരിയും മുണ്ടും, വാഴയിലയിലെ പതിനാറ് കൂട്ടം ഊണും സംസ്‌കൃതം കലർന്ന വായ്ത്താരികളുമെല്ലാം ഒരു സവർണ്ണ ന്യൂനപക്ഷത്തിന്റെ ആഢ്യത്വ ചിഹ്നങ്ങളായിരുന്നെന്ന് എളുപ്പം തിരിച്ചറിയും. അസുര രാജാവിന് പൂണൂലിട്ട് കൊടുക്കുന്നത് ഇതുകൊണ്ടാണ്. വർഷത്തിൽ മുന്നൂറ്റി അറുപത്തിനാല് നാളും മത്സ്യമോ ഇറച്ചിയോ ഇല്ലെങ്കിൽ ഉണ്ണാവൃതം അനുഷ്ഠിക്കുന്ന തെക്കൻ ജില്ലക്കാർ, തിരുവോണനാളിൽ ഇലയിൽ വെജിറ്റേറിയൻ ഭക്ഷണം മാത്രമേ വിളമ്പുകയുള്ളൂ എന്ന് ശാഠ്യം പിടിക്കുന്നതും ഈ കാരണം കൊണ്ടുതന്നെയാണ്.
വായിക്കാം, കേൾക്കാം: മൂന്നാം ലോക
GEN Z യുടെ കുടിയേറ്റ ജീവിതം;
സ്വപ്നവും യാഥാർത്ഥ്യവും
എന്നു മുതലാണ് മലയാളിയുടെ ആഘോഷമായ ഓണവും മലയാളിത്തവുമെല്ലാം ഉന്നതകുല അടയാളങ്ങളിൽ അധിഷ്ഠിതമായെന്നുള്ളത് മറ്റൊരു ലേഖനത്തിനുള്ള വിഷയമായതിനാൽ അതിലേക്ക് കടക്കുന്നില്ല. പറഞ്ഞുവന്നത്, കുടിയേറ്റത്താൽ ഈ ജാതീയചിഹ്നങ്ങളെ കൊത്തിയുടക്കുക സാധ്യമാണ്. വൈവിധ്യമാകുന്നതോടെ വാർത്തുവെച്ച തച്ച വിദ്യകൾ തകർന്ന്, മലയാളിത്തവും കേരളീയതയും ആർക്കുമണിയാവുന്ന കമ്പളമായി വീണ്ടും അഴിച്ച് തുന്നപ്പെടും. ഏതൊരു ദേശത്തിനും അതിന്റെ അസ്തിത്വത്തിനും സംഭവിക്കേണ്ടത് തന്നെയാണ് ഈ മാറ്റം. ഇതിന് ചുക്കാൻ പിടിക്കുന്നത് മനുഷ്യന്റെ ജന്മനാടിനോടുള്ള ഒടുങ്ങാപ്രേമവും. എവിടെയോ വായിച്ചതുപോലെ, ‘ഒരാൾക്ക്, മലയാളിയെ കേരളത്തിൽ നിന്ന് നുള്ളിയെടുക്കാൻ കഴിയും, എന്നാൽ മലയാളിയിൽ നിന്ന് കേരളത്തെ നുള്ളിമാറ്റാൻ കഴിയില്ല’. അങ്ങനെ, നക്ഷത്ര തൊള്ളായിരം മലയാളികൾ പെറ്റുണ്ടാക്കുന്നതോ, കാക്കതൊള്ളായിരം കേരളങ്ങൾ.
വായിക്കാം, കേൾക്കാം: മലയാളി GEN Z യുടെ
സ്വാതന്ത്ര്യാന്വേഷണ പരീക്ഷണങ്ങളുടെ
UK
വായിക്കാം, കേൾക്കാം: ‘American Dream’
കാണാൻ ഭയക്കുന്ന
ഇന്ത്യൻ യുവാക്കൾ
വായിക്കാം, കേൾക്കാം: Gen-Z പ്രവാസികൾ,
ഋതുക്കളുടെ
കേളീശരീരങ്ങൾ
വായിക്കാം, കേൾക്കാം: കുടിയേറ്റത്തിന്റെ
വംശവും ജാതിയും
