കക്കൂസ്;
ഒരു മറയില്ലാക്കഥ

‘ഞങ്ങൾക്ക് കക്കൂസ് വേണ്ടാ, എങ്ങനെയെങ്കിലും അത് ഒഴിവാക്കിത്തരണം’; ഹരിയാനയിലെ റോഹ്ത്തകിൽ, സാരി കൊണ്ട് മുഖം മൂടിയ ആ സ്ത്രീ എന്തുകൊണ്ടായിരിക്കാം ഇങ്ങനെയൊരാവശ്യം പറഞ്ഞത്?- ലീഷ മഞ്ജു എഴുതുന്ന കോളം തുടരുന്നു.

“ദീദീ, ഞങ്ങൾക്ക് കക്കൂസ് വേണ്ടാ... അത് എങ്ങനേലും ഒഴിവാക്കിത്തരണം”; മുമ്പിലിരുന്ന വർണ്ണക്കൂട്ടത്തിന്റെ ഇടയിൽനിന്ന് ഒരു സ്വരം. കടുംനിറങ്ങളുടെ ഇലയും പൂവും ചതുരങ്ങളും വട്ടങ്ങളും നിറഞ്ഞ സാരിത്തുമ്പ് കൊണ്ടു മൂടിയ മുഖങ്ങൾ. അതിലേതോ സാരിയുടെ ഉള്ളിൽ നിന്നാണ് യാചന പോലെ, എന്നാൽ പതറാതെ ആ ഒച്ച പൊങ്ങിയത്.

സ്വകാര്യതയ്ക്കുള്ള സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള തകൃതിയായ ചർച്ച സഡൻ ബ്രേക്കിട്ടു. വാക്കുകൾ തപ്പിത്തടഞ്ഞു, നിശ്ശബ്ദം.

അവിടെയ്ക്ക് എത്താൻ പിന്നിട്ട അഞ്ചാറു മണിക്കൂർ യാത്രാവഴിയുടെ ഓർമ്മ തികട്ടിവരുന്നു. ന്യൂദൽഹിയിൽനിന്ന് ഹരിയാനയിലെ റോഹ്ത്തകിലേക്ക് 79 കിലോമീറ്റർ.

സ്ത്രീപീഡനങ്ങളും അതിക്രൂര കൊലപാതകങ്ങളും നീതിനിർവഹണ അനാസ്ഥയും വഴി വാർത്താമാധ്യമങ്ങളിൽ തന്റെ പേര് ഊട്ടിയുറപ്പിച്ച റോഹ്ത്തക്. പണ്ടത്തെ വിവാദസുന്ദരി പമേല ബേർഡ്സിന്റെ ജന്മസ്ഥലം. തലസ്ഥാനത്തെ സുന്ദരരാജവീഥികൾ കടന്നുപോന്നാൽ പിന്നെ ഈ ചവറ്റുകൂമ്പാരങ്ങളുടെ അരങ്ങായ നഗരപ്രാന്തങ്ങൾ. കാനയിലേയ്‌ക്ക് വലിച്ചെറിഞ്ഞ വേസ്റ്റ് കവറുകൾ ഗതിമാറി വഴിവക്കിൽ കൂടികിടക്കുന്നു. അത് കവച്ചുവച്ച് നടന്നുപോകുന്ന ജനക്കൂട്ടങ്ങൾ. വഴി നീളെ പഞ്ചസാര ഫാക്ടറികൾ, വസ്ത്രനിർമാണകേന്ദ്രങ്ങൾ, ചെറുകിട ഫാക്ടറികൾ. അവയിൽനിന്ന് പറക്കുന്ന കുത്തുന്ന മണം ചുറ്റും നിറയുന്നു. അതിന്റെ ഓക്കാനം അടക്കിയപ്പോഴേയ്‌ക്കും എത്തി, ചാണകക്കൂമ്പാരങ്ങൾ.

Read: ഒറ്റയ്ക്ക്, പാതിരാത്രി, അപരിചിതർക്കിടയിൽ ഒരു സ്ത്രീ…

പൊരുത്തമില്ലാത്ത ജീവിതത്തോട് പൊരുതുന്ന സുനിത

ആണളവുകൾ; കാന്ധ്വാ മുതൽ പൊൻകുന്നം വരെ

പതി- സർപഞ്ച്: ഒരു ഇന്ത്യൻ ജനാധിപത്യ അപാരത

ചാരായം: ഒരു സാമൂഹ്യ- സാംസ്കാരിക രുചിനോട്ടം

നോക്കെത്തുന്ന ദൂരം വരെ കൃഷിയിടങ്ങൾ. ഗോതമ്പും കരിമ്പും ബജ്റയും കാഴ്ച്ചയിൽ നിറഞ്ഞു. ഇടയ്ക്കിടെ അടുക്കും ചിട്ടയുമില്ലാതെ സിമന്റ് തേച്ചതും തേക്കാത്തതുമായ വീടുകളും മലിനജലം കവിയുന്ന ഓടകളും നിറഞ്ഞ ഗ്രാമങ്ങൾ കാണുന്നു. അവിടവിടെ വഴിവശങ്ങളിൽ കാലം തകർത്ത പുരാതന ഹവേലികളുടെ അവശിഷ്ടങ്ങൾ.

കൊത്തുപണി ചെയ്ത കല്ലുകളുടെയും തടിസാമാനങ്ങളുടെയും ചീളുകൾ മണ്ണിലും പടർപ്പിലും പൂഴ്ന്നുകിടക്കുന്നു. അതിൽ എന്തെങ്കിലുമൊക്കെ പെറുക്കിയെടുക്കാനുള്ള ആഗ്രഹം, ചുറ്റും പടർന്നുകേറിയ മുൾച്ചെടികൾ കണ്ടതോടെ അടങ്ങി. അല്ലെങ്കിൽത്തന്നെ കൊള്ളാവുന്ന സാധനങ്ങളൊക്കെ ഏതെങ്കിലും ആന്റിക് ഡീലർമാർ പണ്ടേ കടത്തിക്കാണും. അത്രയ്ക്ക് പ്രസിദ്ധമായിരുന്നു ഈ നാട്ടിലെ മനുഷ്യരുടെ കരവിരുത്. കല്ലിലും തടിയിലും തീർത്ത കൊത്തുപണികളും ചിത്രപ്പണികളും പടർത്തിയ പ്രശസ്തി. ആ സൗന്ദര്യസങ്കല്പം നഗരം തന്നെ തള്ളിമാറ്റി; കാഴ്ചയിൽ നിന്നും ഓർമയിൽ നിന്നും.

ഹവേലികളുടെ സ്ഥാനത്ത് സിമന്റിന്റെ ചതുരപ്പെട്ടികളും കുത്തുന്ന നിറങ്ങളും കൂർത്തുനിൽക്കുന്ന ഇരുമ്പുകമ്പികളും നിറഞ്ഞു. സാംസ്‌കാരിക സംഘങ്ങൾക്ക് നിലവിലുള്ളതിനെ സംരക്ഷിക്കാൻ പാങ്ങില്ല.

രാജ്യ- രാജ്യാന്തര മാർക്കറ്റിൽ പ്രസിദ്ധമായ സ്‌ക്രൂ നിർമാണ സ്ഥലം കൂടിയാണ് ഇവിടം. എന്നാലും ഗ്രാമങ്ങളിലേയ്ക്കുള്ള യാത്രയുടെ വിശേഷം കൊണ്ട് ഞങ്ങളുടെ സംഘത്തിന്റെ സ്ക്രൂ മൊത്തം ഇളകി. ഏതോ ഇരുണ്ട യുഗത്തിലേക്കുള്ള നിഗൂഢപാത പോലെ വളഞ്ഞും പുളഞ്ഞും ടാർ തീരെ കാണാൻ ഇല്ലാത്ത റോഡ്‌. മണ്ണും കുഴിയും നിറഞ്ഞ, പൊടി പറക്കുന്ന ഗാഗുൽത്താ വഴി. പൊടിക്കൊപ്പം ഉരുണ്ടതും കൂർത്തതുമായ കല്ലുകൾ പറത്തിക്കൊണ്ട് ചാഞ്ഞും ചെരിഞ്ഞും ആടിയും ഉലഞ്ഞും ഒരു ശകടം; വിൻറെജ് മോഡൽ മഹീന്ദ്ര ജീപ്പാണ്.

പൊടിയ്ക്കും കല്ലുകൾക്കും ഒപ്പം പറന്നുപോകാതെ ജീപ്പിന്റെ ഇരുമ്പു ബാറുകളിൽ തൂങ്ങിക്കിടക്കുന്ന കുറെ നിസ്സഹായർ. മിക്സിയിൽ അടിച്ച തേങ്ങാക്കൊത്തുകളുടെ വിധി ശരീരത്തിന്. അമ്മയുടെ ഭാഷയിൽ പറഞ്ഞാൽ കുടലും പണ്ടവും വായിൽ വരുന്നു. എവിടെയെങ്കിലും ഒരു ടോയ്ലെറ്റ് ഉണ്ടായിരുന്നെങ്കിൽ വയറ്റിൽ കോളിളക്കമുണ്ടാക്കുന്ന വെള്ളമെങ്കിലും മിനിമം കാലിയാക്കാമായിരുന്നു. പാറുന്ന പൊടി മങ്ങിച്ച പുറംകാഴ്ച്ചകൾക്കിടയിലൂടെ കിഴിഞ്ഞ് വിശകലനം നടത്തി, എന്തെങ്കിലുമൊരു സംവിധാനമുണ്ടോ എന്ന്.

ഹരിയാനയിലെ ഒരു പട്ടിക്കാട്ടിലെ പെണ്ണുങ്ങൾ, ഒരു ചെലവുമില്ലാതെ പണിതു കിട്ടുമെന്നു പറയുന്ന കക്കൂസ് വേണ്ടെന്ന് പറയുന്നു. അത് വിചിത്രമായി തോന്നി.

ജനങ്ങൾ നിറഞ്ഞ ചെറു ഗ്രാമങ്ങളും ഹൈവേയും വിട്ട് ഉൾപ്രദശങ്ങളിലേയ്ക്ക് ജീപ്പ് കയറി. കിലോമീറ്ററുകൾ കടന്നിട്ടും മനുഷ്യന് പോയിട്ട് പന്നിക്കുഞ്ഞിന് കേറാൻ കൊള്ളുന്ന ഒരു കക്കൂസ് പോലും കാണാനില്ല. പുരാതന ശിലായുഗ ബാക്കികൾ പോലെയുണ്ട് വല്ലപ്പോഴും കണ്ണിൽപ്പെടുന്ന വഴിയോര ശുചിമുറികൾ. ജഹാംഗീർ 1500- കളിൽ പണിതിട്ട ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ആദ്യ പബ്ലിക് കക്കൂസ്സിന്റെ ഒപ്പം പണിയിച്ചവയാകും. ഉണ്ടാക്കിയതിൽ പിന്നെ വെള്ളം കാണാത്ത, തറയും ഭിത്തിയും കതകും പൊളിഞ്ഞുവീണ ചെറിയ ചതുരമുറികൾ. ഉള്ളിലും ചുറ്റുമായി പല കാലങ്ങളിൽ ആ ‘സുവിധ’ ഉപയോഗിച്ചവർ നിക്ഷേപിച്ച നിധികൾ കാലത്തിനനുസരിച്ച് പലവിധ നിറം പ്രാപിച്ച് നിരന്നു കിടക്കുന്നു. നിധികൾക്കു ചുറ്റും ഇഴയുന്നതും പറക്കുന്നതുമായ വിവിധ പ്രാണികളും.

വഴിവക്കിലെ ടോയ്‌ലറ്റിൽ കേറാൻ മടിച്ച് വഴിയിൽ തന്നെ വണ്ടിയുടെ മറവിൽ മൂത്രമൊഴിച്ച കൂട്ടുകാരി ടീച്ചറെ സ്മരിച്ചു: “കുറച്ചുനാൾ മുമ്പേ നിവർത്തികേടുകൊണ്ട് ഒരു പബ്ലിക് ടോയ്‌ലറ്റിൽ കേറിയതാ, ബാക്റ്റീരിയൽ ഇൻഫെക്ഷൻ കാരണം മൂന്നുമാസം കഴിഞ്ഞാ ആസ്പത്രി വിട്ടത്.”
പിന്നെങ്ങനെ ആ സാഹസം ചെയ്യും?

“കയ്യിലെ കാശു മുഴുവൻ കൊടുക്കാമായിരുന്നു, കാലുവെക്കാൻ പറ്റുന്ന മറവുള്ള ഒരു കക്കൂസിൽ പോകാൻ പറ്റിയെങ്കിൽ,” യാത്രകളിലെ സ്ഥിരം ഡയലോഗ് വീണ്ടും പിറുപിറുത്തു.

കേൾക്കാത്ത മട്ടിൽ ചുറ്റുമുള്ള ആൺകൂട്ടം പല ദിശകളിലേയ്ക്ക് തല തിരിച്ചു. തീരെ നിവൃത്തിയില്ലാതായപ്പോൾ വണ്ടി നിർത്തിച്ച് പുറത്തിറങ്ങി. റോഡുവക്കിൽ വിചിത്ര ആകൃതിയിൽ അസ്ഥികൂടങ്ങൾ പോലെ നിൽക്കുന്ന ബേർ മരങ്ങളുടെ ശിഖരങ്ങളുടെയും ഇലകളുടെയും മറ തേടി. പുല്ലും ഉണങ്ങിവീണ കമ്പുകളും ചെരിപ്പുകൊണ്ട് മാറ്റി കുത്തിയിരുന്ന് മൂത്രമൊഴിച്ചു. മുള്ളുകൾ കുത്തിക്കേറാതെ, വണ്ടിയിലിരിക്കുന്നവർ കാണാതെ, സാഹസികമായി ചുരിദാർ തിരിച്ച് വലിച്ചുകേറ്റി എഴുന്നേറ്റു. സകല നാണക്കേടും ലോകത്തോടുള്ള ദേഷ്യവും വായിലൂറിയ കയ്പ്പിൽ കലർത്തി നീട്ടിത്തുപ്പി.

അപ്പോഴാണ് ഹരിയാനയിലെ ഒരു പട്ടിക്കാട്ടിലെ ഈ പെണ്ണുങ്ങൾ ഒരു ചെലവുമില്ലാതെ പണിതു കിട്ടുമെന്നു പറയുന്ന കക്കൂസ് വേണ്ടെന്ന് പറയുന്നത്. കലിയടക്കി അടുത്തിരുന്ന ടീം അംഗത്തോട് ചോദിച്ചു, “ഇതിനൊക്കെ എന്തിന്റെ കേടാ? എന്താ ഇവരുടെ പ്രശ്നം?”

ആകെ വിചിത്രമായി തോന്നി.

നമ്മളോട് സംസാരിക്കുന്നതുപോലും നെഞ്ച് വരെയിട്ട സാരിത്തുമ്പു കൊണ്ട് തലയും കഴുത്തും മുഖവും ഉൾപ്പെടെ മറച്ചുകൊണ്ടാണ്. ഈ മുറിക്കകത്തിരിക്കുമ്പോൾ തോന്നുന്ന നാണവും മാനവും, നാട് മൊത്തം കാൺകെ മലമൂത്രവിസർജ്ജനത്തിനിറങ്ങാനില്ലേ?

ഇനി കേട്ടത് തെറ്റിപ്പോയോ എന്ന് സംശയം. കൂടെവന്ന അന്നാട്ടുകാരി ഫീൽഡ് വർക്കർ എന്തെങ്കിലും പറയുന്നുണ്ടോ എന്നു നോക്കി. ആ സ്ത്രീയാണേൽ അവരുടെ ഒപ്പം മിണ്ടാതെ പടിഞ്ഞിരിക്കുന്നു, സർവേക്കുറ്റി പോലെ ഇളക്കമില്ലാതെ, ഒരു അത്ഭുതവും തീണ്ടാതെ.

മുമ്പിൽ നിരന്നിരിക്കുന്ന മുഖമില്ലാത്ത സാരിക്കൂട്ടം ആ ഗ്രാമത്തിന്റെ ഇട്ടാവട്ടത്തിലുള്ള ഒരു തെരുവിലെ കൂട്ടമാണ്‌. മിക്കവരും അങ്ങോട്ടുമിങ്ങോട്ടും ഏതെങ്കിലും തരത്തിൽ ബന്ധമുള്ളവർ. കൈകളും പാദവും മാത്രം പുറത്തുകാണിച്ച് ബാക്കി ശരീരം സാരി കൊണ്ട് അടച്ചുമൂടുന്നത് അവർക്കുവേണ്ടി വർക്ക് ചെയ്യുന്ന സംഘടനയിലെ ഒരു ഫീൽഡ് വർക്കർ ചെക്കനു വേണ്ടിയാണ്. അവരുടെ സാമൂഹ്യവ്യവസ്ഥയിൽ അന്യ പുരുഷന്റെ മുന്നിൽ മുഖം അനാവരണം ചെയ്യാൻ പാടില്ല. അവനെ മുറിക്ക് പുറത്താക്കിയതോടെ മുഖത്തെ മറകൾ നീങ്ങി. പല ഭാവങ്ങളിലുള്ള തിളക്കം പ്രവഹിക്കുന്ന കണ്ണുകൾ പുറത്തുവന്നു. അവയ്‌ക്കിടയിലെ ചുവന്ന പൊട്ടുകൾ, നീണ്ട സിന്ദൂരക്കുറികൾ, എല്ലാം തെളിഞ്ഞു. ഒപ്പം സങ്കോചത്തിന്റെയും മറ നീങ്ങി. ശബ്ദം പല ഡസിമെൽ ഉയർന്നു.

“ദീദീ ഞങ്ങൾക്ക് ഈ അടുക്കളേന്നു പുറത്തിറങ്ങി എല്ലാവരേയും ഒന്ന് കാണേണ്ടേ?”

“ഒന്ന് മിണ്ടണ്ടേ വല്ലപ്പോഴും? കുറച്ചു കാറ്റ് കൊള്ളേണ്ടേ?’’

“കക്കൂസ് വന്നാൽ പിന്നെ അതിനു പോലും ഇറങ്ങാൻ പറ്റാതാവും’’.

“ലോട്ടയും കൊണ്ട് ഇരിക്കാനുള്ള സ്ഥലം തപ്പിപ്പോകുന്ന സമയത്താണ് ഞങ്ങളൊന്നു ശരിക്കു ശ്വാസം വിടുന്നത്, മനസ്സുതുറന്ന് ചിരിക്കുന്നത്; അതും കൂടി ഇല്ലാതാക്കരുത്”

തേക്കാത്ത ഇഷ്ടികഭിത്തിയിൽ ചാരി, പരുപരുത്ത തറയിൽ കാലുനീട്ടിയിരുന്ന പല പ്രായക്കാർ പലയിടത്തുനിന്നായി പൊട്ടിച്ചീറ്റി.

കക്കൂസ്സിനെ ചൊല്ലി അങ്ങനെയൊരു പ്രതികരണം പ്രതീക്ഷിച്ചതല്ല.

ബീഹാർ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ 75 ശതമാനത്തിനു മുകളിൽ വീടുകൾക്കും കക്കൂസില്ല, 2011 ലെ സെൻസെസ് അനുസരിച്ച്. 95 ശതമാനത്തിനുമുകളിൽ വീടുകൾക്ക് കക്കൂസുള്ളത് നമ്മുടെ കേരളത്തിലും ലക്ഷദ്വീപിലും മാത്രം.

1951-ലെ ആദ്യ പഞ്ചവൽസരപദ്ധതി നീക്കിവച്ച 140 കോടിയിൽ തുടങ്ങി ലക്ഷക്കണക്കിന് കക്കൂസുകൾ നാടായനാടുനീളെ പണിതിട്ടുണ്ട് ഇന്ത്യയിൽ. പിന്നീടു വന്ന എല്ലാ പഞ്ചവത്സര പദ്ധതികളിലും ആരോഗ്യ-ശുചിത്വ പരിപാലന പ്രോഗ്രാമുകളുടെ പ്രധാന ഘടകമായിരുന്നു ടോയ്ലെറ്റ് സ്കീം. ഇതൊക്കെ നടപ്പിലാക്കിയിട്ടും ബീഹാർ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ 75 ശതമാനത്തിനു മുകളിൽ വീടുകൾക്കും കക്കൂസില്ല, 2011 ലെ സെൻസെസ് അനുസരിച്ച്. 95 ശതമാനത്തിനുമുകളിൽ വീടുകൾക്ക് കക്കൂസുള്ളത് നമ്മുടെ കേരളത്തിലും ലക്ഷദ്വീപിലും മാത്രം. രാജ്യത്തെ 22% സ്കൂളുകളിലും 58% പ്രീ-സ്കൂളുകളിലും ടോയ്ലെറ്റ് ഇല്ല.

യൂണിസെഫ് ശേഖരിച്ച കണക്ക് പ്രകാരം 2015-ൽ ഇന്ത്യയിലെ ജനസംഖ്യയുടെ പകുതിയും, അതായത് 568 മില്യൺ മനുഷ്യർ, തുറസ്സായ സ്ഥലത്താണ് മലമൂത്രവിസർജ്ജനം ചെയ്തിരുന്നത്. 2019 ആയപ്പോഴേയ്ക്കും ഇത് 450 മില്യൺ ആയി കുറഞ്ഞു എന്നാണ് കണക്ക്. ആഗോള തലത്തിൽ സ്വകാര്യ / പൊതു കക്കൂസുകൾ ഉപയോഗിക്കാത്തവരിൽ 50% ആണ് ഈ സംഖ്യ. മറുവശത്താണെങ്കിലോ, സർക്കാർ നിർമിച്ച മൊത്തം കക്കൂസുകളുടെ എണ്ണമെടുത്താൽ കോടികൾ വരും. അതിനും പുറമേ ആരോഗ്യ- ശുചിത്വ മേഖലയിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് സന്നദ്ധ സംഘടനകളുടെ വകയായി പണിത ലക്ഷക്കണക്കിന് കക്കൂസ്സുകളും.

ഗ്രാമങ്ങളിലൂടെയൊന്നു പോയാൽ ചിതറിക്കിടപ്പുണ്ട് അതിന്റെയൊക്കെ തിരുശേഷിപ്പുകൾ. ആട് വളർത്തൽ, വിറകുപുര, ധാന്യശേഖരം, അടുക്കള എന്നിങ്ങനെ അനേക അവതാരങ്ങൾ. ഒറിജിനൽ അവതാരലക്ഷ്യം ഒഴിച്ച് എല്ലാം തന്നെ നിലവിലുണ്ട്.

പ്രൊജക്റ്റ് വഴി കിട്ടിയ കക്കൂസ് ഒന്ന് കാണിക്കാൻ പറഞ്ഞാൽ പിന്നെ ആകെയൊരു കൺഫ്യൂഷനാണ് ഗുണഭോക്താക്കൾക്ക്. ഇപ്പോഴത്തെ വിറകുപുരയും ആട്ടിൻകൂടുമൊക്കെ രൂപമാറ്റം സംഭവിച്ച ഒറിജിനൽ കക്കൂസ് ആണെന്ന് അവർ എന്നേ മറന്നു പോയിരിക്കുന്നു. വീണ്ടും നിർബന്ധിച്ചാൽ കൂട്ടിക്കൊണ്ടുപോകും, വീടിന്റെ പുറകിലേയ്‌ക്ക്‌. എന്തോ കള്ളക്കേസിൽ പെട്ടതുപോലെ പതുമ്മി കൊണ്ടുപോയി, കതക് പൊളിച്ചുമാറ്റിയ, ഭിത്തികൾ മൊത്തം വിണ്ടുകീറിയ, ആട്ടിൻകാഷ്ഠമോ വിറകുകെട്ടോ ധാന്യച്ചാക്കോ നിറഞ്ഞ ഒരു അനാഥ മുറി കാണിക്കും. എത്രകാലം ഈ മുറി കക്കൂസായി ഉപയോഗിച്ചു എന്നതിന് പൊതുവേയുള്ള മറുപടി നിശ്ശബ്ദതയാകും.

ഇത്തരം ഉദാത്തപദ്ധതികൾ അകാലത്തിൽ ദാരുണമായി അലസിപ്പോകാൻ പല കാരണങ്ങളും കേൾക്കാം. കുടിവെള്ളം എത്താത്ത നാടുകളിൽ, പെണ്ണുങ്ങളും പിള്ളേരും തലയിൽ ചുമന്നു കൊണ്ടുവരുന്ന നാലഞ്ചു കുടം വെള്ളത്തിൽ ഒരു ദിവസം കഴിയുന്ന അര ഡസൻ കുടുംബാംഗങ്ങൾക്ക് കക്കൂസിലൊഴിക്കാൻ വേണ്ടിവരുന്ന വെള്ളത്തിന്റെ അളവ് അതിൽ പ്രധാനമാണ്.

ഇന്ത്യയിലെ ജനസംഖ്യയിൽ 50 ശതമാനത്തിനു താഴെ മാത്രമാണ് സുരക്ഷിതമായ ജലം ലഭ്യമാകുന്നത്. കൂടാതെ, അഞ്ഞൂറോളം വരുന്ന മൂന്നിൽ രണ്ടു ജില്ലകളും ജലദൗർലഭ്യം നേരിടുന്നുണ്ട്. പൊതുവേ പത്തു ലിറ്റർ വെള്ളമാണ് ഒരു തവണ ഫ്ലഷ് ചെയ്യുമ്പോൾ നമ്മൾ ഒഴുക്കിക്കളയുന്നത്. ഒരു ലോട്ട വെള്ളമാകട്ടെ, കൂടിവന്നാൽ ഒരു ലിറ്റർ. മിച്ചമുള്ള ആ ഒൻപതു ലിറ്റർ വെള്ളത്തിൽ കഞ്ഞി വെക്കാം, പാത്രം കഴുകാം, കുട്ടികളെ കുളിപ്പിക്കാം.

തലയിൽ വെള്ളക്കുടവുമായി കിലോമീറ്ററുകൾ താണ്ടുന്ന ഏതു പെണ്ണിനും ഒരു ലോട്ട വെള്ളത്തിന് പകരം ഒരു പാട്ട വെള്ളം കമഴ്ത്തേണ്ട ലാഭ-നഷ്ട കണക്കുകൾ എളുപ്പം കിട്ടും. രണ്ടു ദിവസം ഉപയോഗിച്ച, നന്നായി വെള്ളമൊഴിക്കാത്ത കക്കൂസ്സിനോട് ചേർന്നുള്ള വീട്ടിലെ വായുവിന്റെ ഗുണനിലവാരം അളക്കാനും അവൾക്കറിയാം. അതപ്പാടെ ഒഴിവാക്കാനും.

പിന്നെ കുറെ ആത്മീയ പ്രശ്നങ്ങൾ സജീവമാണ്, കൂടുതലും ആണുങ്ങൾക്ക്. ഈശ്വരനെ പൂജിക്കുകയും ഭക്ഷണം ഉണ്ടാക്കുകയും ചെയ്യുന്ന വിശുദ്ധസ്ഥലങ്ങളോട് ചേർത്ത് മാലിന്യം പുറന്തള്ളുന്നിടം സ്ഥാപിക്കുന്നതിലെ ദൈവനിന്ദ അവരെങ്ങനെ സഹിക്കും. ചാണകം, ഗോമൂത്രം ഇത്യാദി പണ്ടേ പരിശുദ്ധമായതിനാൽ വരാന്തയിൽ കെട്ടിയിട്ടിരിക്കുന്ന പശുമൃഗാദികൾക്കു തോന്നുമ്പോളൊക്കെ അവിടെത്തന്നെ സകലതും സാധിക്കാം.

മനുഷ്യർ അങ്ങനെയാണോ? പ്രത്യേകിച്ചും പെണ്ണ്?ആകെ മൊത്തം അശുദ്ധം തന്നെ.

പിന്നെയുമുണ്ട് മനഃശാസ്ത്ര കടമ്പകൾ. പരന്നുകിടക്കുന്ന പാടത്തിൽ അനന്തമായ ആകാശം നോക്കി വിശാലമായി സാധിച്ചിരുന്ന പ്രഭാത-സായാഹ്ന കൃത്യമാണ്. അതിങ്ങനെ അടച്ചുകെട്ടിയ കുടുസ്സുമുറിയിൽ ശ്വാസമടക്കിപ്പിടിച്ച് ചുറ്റുമുള്ളവരറിയാതെ സാധിക്കേണ്ടിവരുന്നതിന്റെ വൈക്ലബ്യം. അടഞ്ഞ വാതിലിന്റെ അകത്ത് ഒറ്റക്കിരിക്കാനുള്ള പേടി: ക്ലോസ്ട്രോഫോബിയ.

ഇങ്ങനെ ഒരു നീണ്ട ലിസ്റ്റ് വിശദീകരണം തന്നെ കിട്ടും, എന്തുകൊണ്ട് കക്കൂസ് ഉപയോഗിച്ചില്ല എന്ന ചോദ്യത്തിന്. അടഞ്ഞ മുറിയുടെ പേടി ഒഴിവാക്കാൻ മുകൾപ്പാതി വെട്ടിമുറിച്ച്, കതക് പറിച്ചുകളഞ്ഞ് പ്രശ്നപരിഹാരത്തിന് ശ്രമിച്ച ഏജൻസികളുണ്ട്. വീടിനോട് ചേരാതെ, കുറച്ച് മാറി കക്കൂസ്സുകൾ പണിതു കൊടുത്തിട്ടുണ്ട്‌. കുറച്ച് മാത്രം വെള്ളം വേണ്ടിവരുന്ന പുതിയ ഇനം ടോയിലെറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്. എന്നിട്ടും ലക്ഷക്കണക്കിന് കക്കൂസുകൾ അവതാരലക്ഷ്യം പൂർത്തീകരിക്കാൻ കഴിയാതെ ഇടിഞ്ഞുപൊളിഞ്ഞു, മണ്ണിൽ മറഞ്ഞു. ആ മണ്ണിനു മുകളിലൂടെ ലോട്ടയുമായി ഒറ്റക്കും തെറ്റക്കും പോയ ഒരുപാടു പെണ്ണുങ്ങളും പിള്ളേരും ആക്രമിക്കപ്പെട്ടു, തട്ടിയെടുക്കപ്പെട്ടു, കൊല്ലപ്പെട്ടു.

വെളിപ്രദേശത്ത് വിസർജനത്തിനിറങ്ങുന്ന പെണ്ണുങ്ങൾ അക്രമിക്കപ്പെടാനുള്ള സാധ്യത വീട്ടിലെ കക്കൂസ് ഉപയോഗിക്കുന്ന സ്ത്രീകളെ അപേക്ഷിച്ച് ഇരട്ടിയാണെന്ന് പഠനങ്ങൾ പറയുന്നു. വീടുകളും, വഴികളും, വഴിവിളക്കുകളും കൂടിവരുന്നതനുസരിച്ച് ആളൊഴിഞ്ഞ ഇടംതേടി അവർക്ക് പോകേണ്ട ദൂരവും കൂടിക്കൊണ്ടിരിക്കുന്നു. സൂര്യോദയത്തിനു മുമ്പും അസ്തമയശേഷവും വഴിയോരങ്ങളിലെ ആളൊഴിഞ്ഞ സമയം നോക്കി കാത്തിരിക്കേണ്ടി വരുന്നു.

ഓരോ വണ്ടിയുടെയും വെളിച്ചം പതിക്കുമ്പോൾ ഇരിന്നിടത്തുനിന്ന് എഴുന്നേറ്റ്, പൊക്കിപ്പിടിച്ച സാരി ഊർത്തി താഴെയിട്ട്‌, വണ്ടി കടന്നുപോകും വരെ മുഖം മറച്ചു നിൽക്കേണ്ടിവരുന്നു.

ഒഴിയാത്ത മൂത്രാശയങ്ങളും നനഞ്ഞുകുതിർന്ന പാഡുകളും പലവിധ അസഹ്യ അസുഖങ്ങൾ കൊണ്ടുവരുന്നു. പെണ്ണിനുണ്ടാവേണ്ട സങ്കോചം പ്രമാണിച്ച്, അതിനുള്ള ചികിത്സ തേടാതെ, ഗോപ്യമായി അവർ സഹനം തുടരുന്നു. എന്നിട്ടും, രോഹ്താക്കിലെ ആ ഗ്രാമത്തിലെ മുഖങ്ങളില്ലാത്ത പെണ്ണുങ്ങൾ അപമാനങ്ങൾക്കും അപകടങ്ങൾക്കും അനാരോഗ്യത്തിനും മീതെ തിരഞ്ഞെടുത്തു, ഏതു വൃത്തികേടിനിടയിലും, സ്വാതന്ത്ര്യത്തോടെ ശ്വസിക്കാൻ, ചിരിക്കാൻ, ഒരിറ്റു തുറന്ന ഇടം.

ഇന്നിലേയ്ക്ക് കട്ട്

Human development index, health & hygiene, sanitation ഇവയിലൊക്കെ ലോകോത്തര നിലവാരമുണ്ടെന്ന് അവകാശപ്പെടുന്ന കേരളത്തിലെ വടക്കൻ പറവൂർ കോടതി / റജിസ്ട്രേഷൻ ഓഫീസ് സമുച്ചയത്തിൽ മണിക്കൂറുകളോളം അലഞ്ഞു, പൊതുജനത്തിനുള്ള ഒരു ടോയ്ലെറ്റിനുവേണ്ടി. അടുത്തുള്ള കടകളിൽ പോലും ലഭ്യമല്ല. ഒടുക്കം കവലയിലെ ഒരു ബേക്കറിയുടെ പുറകിൽ അവരുടെ ജോലിക്കാർക്കുള്ള വൃത്തിഹീനമായ കക്കൂസ് ഉപയോഗിക്കേണ്ടിവന്നു, കഴിഞ്ഞ മാസം.

കേരളത്തിൽ മാത്രമല്ല, പ്രതിവർഷം 6450 കോടി വകവെച്ച സ്മാർട്ട് സിറ്റികളിൽകൂടി, ഞാൻ ഇന്നും, സ്മാർട്ട് അല്ലെങ്കിലും മിനിമം ക്ലീൻ ആയ കക്കൂസ് തപ്പി നടക്കുന്നു.

11 കോടി കക്കൂസുകളുണ്ടാക്കി ഇന്ത്യയെ തുറസ്സായ മലവിസ്സർജനത്തിൽനിന്ന് പൂർണമായും മോചിപ്പിച്ചു എന്ന പ്രധാനമന്ത്രിയുടെ 2021- ലെ പ്രസ്താവനയുടെ ബാക്കിപത്രം അറിയാൻ കുറച്ചു കാലം കൂടി വേണ്ടിവന്നേക്കും, പ്രത്യേകിച്ച് കുടിവെള്ളം പോലും പകുതി മാത്രം ജനങ്ങൾക്ക് ലഭ്യമാകുമ്പോൾ.


Summary: Examining the Social and Cultural Reality of Women in Haryana. Leesha Manju's column Part 6


ലീഷ മഞ്ജു

എഴുത്തുകാരി. സാമൂഹിക വികസനത്തില്‍ കണ്സള്‍ട്ടന്റ്. വിവിധ ദേശീയ- അന്തര്‍ദേശീയ സംഘടനകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. Social Impact Assessment, Result Based Management, Development Communication തുടങ്ങിയ മേഖലകളിൽ പ്രാവീണ്യം. വിവിധ സാമൂഹിക വിഷയങ്ങളില്‍ ഡോക്യുമെന്ററികള്‍ ചെയ്തിട്ടുണ്ട്.

Comments