ലോകരാജ്യങ്ങളെ മുഴുവൻ പ്രതിസന്ധിയിലാക്കിയ പകരം തീരുവ പ്രഖ്യാപനത്തിൽ നിന്ന് താൽക്കാലികമായി പിൻമാറി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ചൈനയൊഴികെ മറ്റെല്ലാ രാജ്യങ്ങൾക്കും എതിരെ പ്രഖ്യാപിച്ചിരുന്ന പകരം തീരുവ 90 ദിവസത്തേക്ക് നിർത്തിവെച്ചു. ഇന്ത്യയടക്കം 60-ഓളം രാജ്യങ്ങൾക്കെതിരെയാണ് ട്രംപ് പകരം തീരുവ പ്രഖ്യാപിച്ചിരുന്നത്. അത് ഇന്ന് (ഏപ്രിൽ 10) മുതൽ നടപ്പാവേണ്ടതായിരുന്നു. ഇന്ത്യയ്ക്ക് 26 ശതമാനം പകരം തീരുവയാണ് പ്രഖ്യാപിച്ചിരുന്നത്. ഓരോ രാജ്യങ്ങൾക്കും മുകളിൽ എത്ര തീരുവയാണ് ചുമത്തുന്നതെന്നതിനെ സംബന്ധിച്ച് ഒരു പട്ടികയും പുറത്തിറക്കിയിരുന്നു. ട്രംപിൻെറ നീക്കത്തിന് പിന്നാലെ ആഗോളവിപണിയിലാകെ ഇടിവ് സംഭവിച്ചിരുന്നു. ചൈനയെ ലക്ഷ്യമിട്ട് ട്രംപ് കടുത്ത തീരുവ തീരുമാനങ്ങൾ പ്രഖ്യാപിച്ചിരുന്നതിനാൽ ഏഷ്യൻ രാജ്യങ്ങളിലെ ഓഹരിവിപണികളിൽ ഇടിവ് രൂക്ഷമായിരുന്നു. ചൈനക്കെതിരായ പകരം തീരുവ തീരുമാനത്തിൽ നിന്ന് അമേരിക്ക ഇപ്പോഴും പിൻമാറിയിട്ടില്ല. അത് അതേപടി തന്നെ തുടരുമെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ഇത് വലിയ ആശ്വാസമാണ്.
ട്രംപിൻെറ പകരം തീരുവ തീരുമാനത്തെ പലരീതിയിൽ എതിർക്കാനായിരുന്നു ലോകരാജ്യങ്ങൾ ശ്രമിച്ചുകൊണ്ടിരുന്നത്. അമേരിക്കൻ ഉത്പന്നങ്ങൾക്ക് തിരിച്ച് തീരുവ ചുമത്തിക്കൊണ്ടാണ് ചൈന ഇതിനെ നേരിട്ടിരുന്നത്. അമേരിക്കൻ ഉത്പന്നങ്ങൾക്ക് നാളെമുതൽ 84 ശതമാനം തീരുവ ചുമത്താനാണ് ചൈനയുടെ തീരുമാനം. ചൈനീസ് ഉത്പന്നങ്ങൾക്ക് 125 ശതമാനം പകരം തീരുവ ചുമത്താനാണ് നിലവിൽ ട്രംപിൻെറ തീരുമാനം. “ആഗോളവിപണിയോട് ചൈന ഒട്ടും ബഹുമാനം കാണിക്കുന്നില്ല. അതിനാൽ അവരുടെ ഉത്പന്നങ്ങൾക്ക് അമേരിക്കയിൽ 125 ശതമാനം തീരുവ ചുമത്താൻ പോവുകയാണ്. ഇത് വൈകാതെ തന്നെ നിലവിൽ വരും,” ട്രംപ് പ്രഖ്യാപിച്ചു. അമേരിക്കയും ചൈനയും തമ്മിലുള്ള ഈ വ്യാപാരയുദ്ധം ഇനിയും മാറ്റമില്ലാതെ തുടരുമെന്ന് ഉറപ്പാണ്. അത് ലോകരാജ്യങ്ങളെ ബാധിക്കുമെങ്കിലും തൽക്കാലം അമേരിക്കയിലേക്കുള്ള കയറ്റുമതിക്ക് പകരം തീരുവയില്ലെന്നത് ആഗോള വ്യാപാര സമവാക്യങ്ങളെ വീണ്ടും മാറ്റിമറിക്കും. തൽക്കാലം എല്ലാ രാജ്യങ്ങളും അമേരിക്കയിലേക്കുള്ള കയറ്റുമതിക്ക് ഇനി 10 ശതമാനം മാത്രം തീരുവ നൽകിയാൽ മതിയാവും.

ലോകരാജ്യങ്ങൾ മുഴുവൻ തനിക്ക് മുന്നിൽ മുട്ടുമടക്കിയെന്നും, നിരവധി രാജ്യങ്ങൾ അമേരിക്കയുമായി പുതിയ വ്യാപാരകരാറിന് വേണ്ടി ശ്രമം നടത്തുന്നുണ്ടെന്നും പിൻമാറ്റത്തിന് ശേഷം ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ട്രംപ് പിൻമാറിയത് ആഗോളവിപണിയിലെ വലിയ ഇടിവ് കണ്ടുകൊണ്ട് തന്നെയാണ്. പകരം തീരുവ പ്രഖ്യാപനത്തിന് ശേഷം അമേരിക്കൻ വിപണിയിലടക്കം വലിയ ഇടിവാണ് ഉണ്ടായിരുന്നത്. ലോകം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോവുന്നുവെന്ന സൂചനകളും ഉണ്ടായിരുന്നു. അമേരിക്കയുമായി വളരെ സൌഹാർദ്ദത്തിൽ മുന്നോട്ട് പോയിരുന്ന രാജ്യങ്ങൾ പോലും പകരം തീരുവനയത്തിൽ വലിയ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. യൂറോപ്യൻ യൂണിയൻ അമേരിക്കയ്ക്ക് മേൽ തിരിച്ച് തീരുവ ഏർപ്പെടുത്താനുള്ള തീരുമാനവും എടുത്തിരുന്നു. ഇതിനിടയിൽ അമേരിക്കയിൽ തന്നെ ട്രംപിൻെറ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധങ്ങൾ ഉയർന്നു. പകരം തീരുവനയം കാരണം അമേരിക്കൻ ജനതയ്ക്കും വലിയ സാമ്പത്തികബാധ്യത ഉണ്ടാവുമെന്ന് ഉറപ്പായിരുന്നു. കൂടാതെ ട്രംപിൻെറ പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിൽ നിന്നും വിയോജിപ്പ് സ്വരങ്ങൾ ഉയർന്നിരുന്നു. ഇതോടെയാണ് ട്രംപ് തീരുമാനത്തിൽ നിന്ന് പിൻമാറ്റം പ്രഖ്യാപിച്ചത്. പകരം തീരുവനയം താൽക്കാലികമായി നിർത്തിവെക്കുന്നുവെന്ന പ്രഖ്യാപനം വന്നതോടെ തന്നെ ആഗോളവിപണിയിൽ ഉണർവുണ്ടായിട്ടുണ്ട്. അമേരിക്കൻ വിപണിയിൽ തന്നെയാണ് അത് ഏറ്റവും പ്രകടമായിട്ടുള്ളത്. ഏഷ്യൻ ഓഹരിവിപണിയും തിരിച്ച് വന്നിട്ടുണ്ട്.
READ RELATED CONTENTS
Reciprocal Tariff യുദ്ധത്തിലൂടെ ആഗോളവിപണി തകർക്കുന്ന ട്രംപ്, തിരിച്ചടിക്കാൻ ലോകരാജ്യങ്ങൾ
ട്രംപിൻെറ തീരുവനയം എങ്ങനെ സമ്പദ് വ്യവസ്ഥയെ തകർക്കുന്നു? ജപ്പാനിൽ കടുത്ത പ്രതിസന്ധി
പകരത്തിന് പകരം തിരിച്ചടിച്ച് ചൈന; തീരുവയുദ്ധത്തിൽ ട്രംപിന് മറുപടി
Tariff War: പ്രതിസന്ധിയിൽ ഇടിഞ്ഞ് ഓഹരിവിപണികൾ, അയയാതെ ട്രംപ്
ചൈനയും അമേരിക്കയും തമ്മിൽ വ്യാപാരയുദ്ധം; ആഗോളവിപണിയെ എങ്ങനെ ബാധിക്കും?