നിലവാരത്തകർച്ചയുണ്ടോ, കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിൽ?

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ അക്കാദമിക് വിദഗ്ധരും അധ്യാപകരും ആഴത്തിൽ ചർച്ച ചെയ്യുന്നു, ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 215.

Think

ന്നത വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അധികാരങ്ങൾ ഇല്ലാതാക്കുന്ന യു.ജി.സിയുടെ പുതിയ കരട് റഗുലേഷൻ, ഫെഡറലിസത്തിനെതിരായ കേന്ദ്ര സർക്കാറിന്റെ ആക്രമണമായി വിമർശിക്കപ്പെടുകയാണ്. അതോടൊപ്പം, കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിലവാരത്തകർച്ചയുണ്ടെന്ന വിമർശനവും ഉയരുന്നുണ്ട്. ഈ വിമർശനത്തിന് അടിസ്ഥാനമുണ്ടോ?

‘അത് അടിസ്ഥാന രഹിതമായ
ആരോപണം’
- ഡോ. ആർ. ബിന്ദു
(സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി)

‘‘കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയിൽ നിലവാരത്തകർച്ചയുണ്ടെന്നത് അടിസ്ഥാനരഹിതമായ ആരോപണമാണ്. NIRF റാങ്കിംഗിലും നാക് അക്രഡിറ്റേഷനിലും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ മികച്ച നിലവാരത്തിലാണ്. അത് കൃത്യമായ തെളിവുള്ള കാര്യവുമാണ്. NIRF റാങ്കിംഗിൽ കേരള, എം.ജി സർവകലാശാലകൾ A++, കാലിക്കറ്റും കാലടിയും കുസാറ്റും A+ റാങ്കിലുമാണ്. പൊതുസർവകലാശാലകളിൽ 9,10,11 റാങ്കുകൾ കേരളത്തിലെ സർവകലാശാലകൾക്കാണ്. 'നാക്കി'ലായാലും NIRF- ലായാലും കോളേജുകൾ വലിയ രീതിയിലുള്ള മുന്നേറ്റമാണ് നടത്തിയിട്ടുള്ളത്’’.

‘‘അഡ്മിഷൻ സമയത്ത്, കോളേജുകളിൽ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു എന്ന മട്ടിൽ വരുന്ന വാർത്തകളും അടിസ്ഥാനരഹിതമാണ്. ഈ സർക്കാർ അധികാരമേറ്റശേഷം, നിരവധി പുതിയ കോഴ്‌സുകൾ തുടങ്ങിയിട്ടുണ്ട്, സീറ്റുകൾ വർധിപ്പിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ, വിദ്യാർഥികൾക്ക് അവരുടെ ഇഷ്ടപ്രകാരം കോഴ്‌സുകൾ സെലക്റ്റ് ചെയ്യാനും കഴിയുന്നു’’

ഡോ. ആർ. ബിന്ദു
ഡോ. ആർ. ബിന്ദു

‘ദേശീയ പ്രവേശന പരീക്ഷകളിൽ
കേരളത്തിലെ വിദ്യാർഥികൾ
പുറകോട്ടുപോകുന്നു’

ഡോ.കെ. മുഹമ്മദ് ബഷീർ
(കാലിക്കറ്റ് സർവകലാശാല മുൻ വി.സി)

‘‘കേരളത്തിൽ പ്രൈമറി മുതലുള്ള വിദ്യാഭ്യാസ സംവിധാനത്തിൽ പൊതുവെ നിലവാരത്തകർച്ചയുണ്ട്. എസ്.എസ്.എൽ.സിക്കും പ്ലസ് ടുവിനും എ പ്ലസ് കിട്ടുന്നവർക്ക് വേണ്ടത്ര അറിവുകളില്ല എന്ന പൊതുധാരണ ഏറെക്കുറെ ശരിയാണ്.

അതുപോലെ കോളേജുകളിലും സർവകലാശാലകളിലും ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് സിസ്റ്റമാക്കിയതോടെ കണ്ടിന്യുവസ് ഇവാല്യുവേഷൻ എന്ന പ്രോസസ് വന്നു. ഇതിൽ നൂറിൽ 30 മാർക്ക്, 20 മാർക്ക് എന്നിങ്ങനെയാണ്. അതിൽ പരമാവധി മാർക്ക് കൊടുക്കുന്ന അവസ്ഥയുണ്ട്. അങ്ങനെ വരുമ്പോൾ, സെമസ്റ്ററിനൊടുവിൽ നടക്കുന്ന തിയറി പരീക്ഷയിൽ മാർക്ക് കുറഞ്ഞാലും മിനിമം ഫസ്റ്റ് ക്ലാസോ സെക്കന്റ് ക്ലാസോ കിട്ടും. നന്നായി പഠിക്കുന്നവർക്ക് എൺപതും തൊണ്ണൂറും ശതമാനം കിട്ടും. ഇന്ന്, ബിരുദത്തിന് എൺപതും തൊണ്ണൂറും ശതമാനം മാർക്ക് നേടിയിറങ്ങുന്നവർപോലും ദേശീയ തലത്തിലുള്ള പ്രവേശന പരീക്ഷകളിൽ പുറകോട്ടു പോകുകയാണ്. നേരത്തെ മാർക്ക് മാത്രം മാനദണ്ഡമാക്കിയ സമയത്ത് കേരളത്തിൽനിന്ന് നിരവധി കുട്ടികൾക്ക് ദേശീയതലത്തിലുള്ള സ്ഥാപനങ്ങളിൽ അഡ്മിഷൻ കിട്ടിയിരുന്നു’’.

‘‘മുമ്പ്, ഫസ്റ്റ് ക്ലാസുകാരുടെ ശതമാനം വളരെ കുറവായിരുന്നു. അവർ HIGH COMPETENCY ഉള്ളവരുമായിരുന്നു. ഇന്ന്, ബിരുദത്തിന് എൺപതും തൊണ്ണൂറും ശതമാനം മാർക്ക് നേടിയിറങ്ങുന്നവർപോലും ദേശീയ തലത്തിലുള്ള ഇൻസ്റ്റിറ്റ്യൂട്ടുകളുടെ പ്രവേശന പരീക്ഷകളിൽ പുറകോട്ടു പോകുകയാണ്. നേരത്തെ മാർക്ക് മാത്രം മാനദണ്ഡമാക്കിയ സമയത്ത് കേരളത്തിൽനിന്ന് നിരവധി കുട്ടികൾക്ക് ദേശീയതലത്തിലുള്ള സ്ഥാപനങ്ങളിൽ അഡ്മിഷൻ കിട്ടിയിരുന്നു. ഇപ്പോൾ ടെസ്റ്റ് അടിസ്ഥാനമായപ്പോൾ കേരളത്തിലെ വിദ്യാർഥികളുടെ എണ്ണം കുറഞ്ഞു. കിട്ടുന്ന സ്‌കോറിനനുസരിച്ചുള്ള നിലവാരം പുലർത്താൻ കഴിയുന്നില്ല എന്നാണ് ഇത് കാണിക്കുന്നത്. ഗുണനിലവാരത്തിൽ വെള്ളം ചേർക്കൽ സംഭവിച്ചിരിക്കുന്നു. ഇത് ഭൂതത്തെ തുറന്നുവിട്ടതുപോലെയാണ്. ലിബറലായിക്കഴിഞ്ഞാൽ പിന്നീട് നിലവാരം പുനഃസ്ഥാപിക്കുക ബുദ്ധിമുട്ടാണ്. അതാണ് ഇന്ന് കേരളത്തിലെ ഉന്നത വിദ്യാഭ്യാസം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന്’’.

‘‘അതേസമയം, നമ്മുടെ വിദ്യാർഥികൾ വിദേശത്തേക്ക് പോകുന്നതുമായി ഇതിന് ബന്ധമുണ്ടെന്നു പറയാനാകില്ല. വിദേശത്തുപോയി മികച്ച നിലവാരത്തിൽ ഗവേഷണം നടത്തണമെന്നാഗ്രഹിക്കുന്നവർ പോകുന്നുണ്ട്. അതുപോലെ കേരളത്തിനുപുറത്ത് ഐ.ഐ.ടികളിലും ഐ.ഐ.എമ്മുകളിലും പഠിക്കാനാഗ്രഹിക്കുന്നവരും പോകുന്നുണ്ട്. ഇതിൽനിന്ന് ഭിന്നമായി, വിദേശത്ത് പഠിക്കുക എന്നൊരു പ്രവണത പുതിയ തലമുറയിലുണ്ട്. അതുകൊണ്ടുകൂടിയാണ് ഇത്രയധികം പേർ പോകുന്നത്. ഐ.ഐ.ടികളിലും സാധാരണ കോളേജുകളിൽ പോലും മെരിറ്റിൽ അഡ്മിഷൻ കിട്ടാത്ത പല വിദ്യാർഥികളും ഈയൊരു പുതിയ ട്രെൻഡ് നോക്കി വിദേശത്തേക്കു പോകുന്നുണ്ട്. ക്വാളിറ്റി നോക്കിയല്ല, വിദേശത്തു പഠിക്കണം എന്നുമാത്രമേയുള്ളൂ ഇവർക്ക്. അങ്ങനെയുള്ളവർ നിലവാരമില്ലാത്ത സ്ഥാപനങ്ങളിൽ പഠിച്ച് ഒന്നുമാകാതെ തിരിച്ചുവരുന്നുമുണ്ട്’’.

ഡോ.കെ. മുഹമ്മദ് ബഷീർ
ഡോ.കെ. മുഹമ്മദ് ബഷീർ

‘ഇന്റർവ്യൂവിനുമുമ്പ് പ്യൂൺ
തുണ്ടു കടലാസുമായി വരും,
എത്ര രൂപ കോഴ കൊടുക്കണം എന്ന് എഴുതിക്കൊടുക്കണം…’

സുനിത തോപ്പിൽ
(അധ്യാപിക)

‘‘കേരളത്തിൽ ക്രിസ്ത്യൻ സഭകളും നായർ സർവീസ് സൊസൈറ്റിയും എസ്.എൻ.ഡി.പിയുമൊക്കെ നടത്തുന്ന കോളേജ് അധ്യാപക ഇൻറർവ്യൂകളിൽ പലവട്ടം പങ്കെടുത്തിട്ടുണ്ട്. എന്നാൽ SC സർട്ടിഫിക്കറ്റുള്ള ഒരാളെയും അവർ ഒപ്പം നിർത്താറില്ലെന്നുമാത്രമല്ല, മാറ്റിനിർത്തണം എന്നായിരുന്നു അത്തരം സ്ഥാപനങ്ങളുടെ അടിസ്ഥാന പ്രമാണം. ഇൻറർവ്യൂകൾ അറിവ് പരീക്ഷിക്കുന്നതിനായിരുന്നില്ല, മറിച്ച് സാമ്പത്തികശേഷിയുടെ അന്വേഷണം മാത്രമാണ് എല്ലായിടത്തും നടന്നിരുന്നത്.

ഇന്റർവ്യൂവിൽ സംഭവിക്കുക ഇതാണ്: ഒരു പ്യൂണിനെ പുറത്തേക്കുവിട്ട് എല്ലാവർക്കും ഓരോ തുണ്ടുകടലാസ് നൽകും. നിയമനം ലഭിച്ചാൽ നിങ്ങൾ എത്ര രൂപ കോഴ നൽകുമെന്ന് എഴുതിക്കൊടുക്കണം. തികച്ചും പ്രാകൃതമായ നിയമന സമ്പ്രദായം. കോഴ കൊടുക്കാൻ സാമ്പത്തികശേഷിയുള്ള ദലിതർ ഇല്ല എന്നത് മാത്രമല്ല, വരേണ്യരുടെ സ്ഥാപനത്തിൽ പാരമ്പര്യമായി തുടരുന്ന അയിത്തം മൂലം, കോഴ കൊടുത്താലും ദലിതർക്ക് ജോലി കൊടുക്കില്ല എന്നതാണ് ഇക്കാലമത്രയും അനുഭവത്താൽ മനസ്സിലാക്കാൻ കഴിഞ്ഞ യാഥാർത്ഥ്യം’’.

‘‘2005-ലെ UGC ഉത്തരവിൽ എയ്ഡഡ് കോളേജുകളിലെ അധ്യാപക- അനധ്യാപക നിയമനത്തിൽ 15% എസ് സി വിഭാഗത്തിനും 8.5% ST വിഭാഗത്തിനും നൽകണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. ഈ വ്യവസ്ഥ വർഷങ്ങളോളം പാലിക്കപ്പെട്ടില്ലെന്ന് മാത്രമല്ല വിദ്യാഭ്യാസ വകുപ്പും കൊളീജിയറ്റ് എഡ്യൂക്കേഷനുമടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങൾ ഈ ഉത്തരവ് മാധ്യമങ്ങളോ പൊതുജനങ്ങളോ അറിയാതെ പൂഴ്ത്തിവയ്ക്കുകയും ചെയ്തു. കേരളത്തിൻ്റെ ദലിത് വിരുദ്ധതയാണ് ഈ പൂഴ്ത്തിവെപ്പിലൂടെ പ്രകടമായത്’’.

‘‘ബംഗാളിലും തമിഴ്നാട്ടിലുമെല്ലാം എയ്ഡഡ് മേഖലയിൽ സംവരണം നടപ്പിലുണ്ട്. കേരളത്തിലെ ഇടവിദ്യാലയങ്ങളിൽ ഭിന്നശേഷിക്കാരുടെ സംവരണം നടപ്പായത് ഗവൺമെൻറ് സ്വീകരിച്ച സംവരണ അനുകൂല നിലപാട് കൊണ്ടുകൂടിയാണ്. ഈ സാഹചര്യത്തിൽ എയ്ഡഡ് നിയമനങ്ങളിൽ സംവരണം പാലിക്കാനുള്ള ഐതിഹാസികമായ വിധിയുണ്ടാവും എന്ന പ്രതീക്ഷയിലാണ് എയ്ഡഡ് മേഖല സംവരണ പ്രക്ഷോഭ സമിതിയോടൊപ്പം, അഫക്റ്റഡ് പാർട്ടി എന്ന നിലയിൽ ഞാനുമുള്ളത്. ഇത് നീതി നടപ്പാക്കി കിട്ടാനുള്ള നീണ്ട കാലത്തിന്റെ കാത്തിരിപ്പാണ്. കോടതി വിധി എന്തുതന്നെയായാലും അതിൽ ഇനി വ്യക്തിപരമായ യാതൊരു സാധ്യതയും കേസു കൊടുത്ത ഞങ്ങൾക്കില്ല. എങ്കിലും സാമൂഹിക നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ ഒപ്പം നിൽക്കാൻ കഴിഞ്ഞ ചാരിതാർത്ഥ്യം അഭിമാനത്തോടെ മനസ്സിലുണ്ട്’’.

സുനിത തോപ്പില്‍
സുനിത തോപ്പില്‍

‘സ്വകാര്യ കോളേജുകളിലെ
കോഴ നിയമനങ്ങൾക്ക് സഹായകമാണ്
യു.ജി.സി റഗുലേഷൻ’

എസ്. മുഹമ്മദ് ഇർഷാദ്
(അസിസ്റ്റന്റ് പ്രഫസർ, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്, മുംബൈ)

‘‘പട്ടികജാതി /പട്ടികവർഗ വിദ്യാർത്ഥികളുടെ ഗ്രാന്റ് തുക സമയത്ത് അനുവദിക്കാത്തതുകൊണ്ട് പഠനം തുടരാൻ കഴിയാത്ത ഒരു കൂട്ടം വിദ്യാർത്ഥികൾ കേരളത്തിലുണ്ടെന്ന യാഥാർഥ്യം ഇവിടെയുണ്ട്. ഇതിനെതിരെ സമരങ്ങൾ പോലും നടക്കുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണത്തിന്റെ കാര്യത്തിൽ കേരളം ബഹുദൂരം മുന്നിലാണ്. കേരളത്തിലെ സമുദായ / മത സംഘടനകളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്കും ഇതിൽ വലിയ പങ്കുണ്ട്. വിദ്യാഭ്യാസരംഗം രാഷ്ട്രീയവൽക്കരിക്കപ്പെട്ടിരിക്കുന്നു എന്നതാണ് മറ്റൊരു സുപ്രധാന ഘടകം. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഏതൊരു പരീക്ഷണവും എളുപ്പത്തിൽ നടപ്പിലാക്കാൻ കഴിയുന്ന ഒരു സംസ്ഥാനമാക്കി കേരളത്തെ മാറ്റിയതിൽ ഇതിന് വലിയ പങ്കുണ്ട്’’.

‘‘ഇടതുപക്ഷത്തിന്, പ്രത്യകിച്ച്, ഇടതു ബുദ്ധിജീവികൾക്ക്, തീവ്രവലതുപക്ഷ നിലപാടുകളെ ആശയപരായി പ്രതിരോധിക്കാൻ കഴിഞ്ഞില്ല. അതിനുദാഹരണമാണ് വുമൺ സ്റ്റഡീസ്, ദലിത് ആൻഡ് ട്രൈബൽ സ്റ്റഡീസ് തുടങ്ങിയ പഠനവകുപ്പുകൾക്ക് വേണ്ടത്ര സാമ്പത്തിക സഹായം ഇല്ലാതാകുന്നതും അതോടൊപ്പം ഇത്തരം പഠനവകുപ്പുകളിലെ പാഠ്യപദ്ധതികളിൽ പോലും ഇടപെടലുകളുണ്ടാവുന്നു എന്നതും. സ്ത്രീ, കുടുബം എന്നിവയുമായി ബന്ധപ്പെട്ട നിലപാടുകളെ പാരമ്പര്യത്തിൽ നിന്നുള്ള വ്യതിചലനമായി കാണാനും തിരുത്താനുമുള്ള ശ്രമങ്ങളെ പ്രതിരോധിക്കാൻ അക്കാദമിക് സംവിധാനങ്ങൾക്ക് കഴിയുന്നില്ല എന്നതും ഇതിനോട് ചേർത്ത് വായിക്കണം’’.

‘‘സാമൂഹിക ശാസ്ത്ര വിഷയങ്ങളെ സാങ്കേതിക വിദ്യയോട് ചേർത്തുകൊണ്ടുള്ള വിലയിരുത്തലുകൾ ഫലത്തിൽ ഇന്ത്യൻ സർവകലാശാലകളിലെ അക്കാദമിക് മികവുകളെ വിലയിരുത്തുന്നതിൽ വലിയ അന്തരം സൃഷ്ടിക്കുന്നുണ്ട്. കേരളത്തിലെ സർവകലാശാലകളിലെയും കോളേജുകളിലെയും സാമൂഹിക ശാസ്ത്ര വിഷയങ്ങളിൽ വിദ്യാർത്ഥികൾ കുറയുന്നത് ഇതിനുദാഹരണമാണ്. ഇത്തരം പ്രശ്‌നങ്ങളെ നേരിടാൻ കേരളത്തിലെ ഉന്നത വിദാഭ്യാസ സംവിധാനങ്ങൾക്ക് കഴിഞ്ഞിട്ടില്ല എന്നത് പരിഗണിച്ചുകൊണ്ടാണ് യു.ജി.സിയുടെ പുതിയ ഉത്തരവിനെ (UGC Draft Regulations 2025) മനസിലാക്കേണ്ടത്’’.

‘‘കേരളത്തിലെ സർവകലാശാലാ നിയമനങ്ങളിൽ നടക്കുന്ന രാഷ്ട്രീയ ഇടപെടുകളെകുറിച്ച് അറിയാവുന്നവർക്ക് ഇതൊരു അവസരമായി കാണാം. അക്കാദമിക് മികവിനേക്കാൾ പാർട്ടി /രാഷ്ടീയ / മത / ജാതി ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ സംവരണത്തെ പോലും അവഗണിച്ചുള്ള നിയമനങ്ങൾക്ക് കേരളം പേരുകേട്ടതാണ്. അതുകൊണ്ടുതന്നെ പുതിയ യു.ജി.സി മാർഗനിർദേശം കേരളത്തിൽ ഇത്തരക്കാക്ക് ഗുണപരമാണ്’’.

‘‘കേരളത്തിലെ സ്വകാര്യ കോളേജുകളിലെ 'കോഴ നിയമനങ്ങൾക്ക്'പുതിയ യു.ജി.സി നിർദ്ദേശങ്ങൾ കൂടുതൽ സഹായകമാകും. കേരളം, തമിഴ്‌നാട് സർക്കാരുകൾക്ക് യു.ജി.സി ഉത്തരവിനോടുള്ള വിയോജിപ്പ് വി.സി നിയമനത്തിലും പ്രവേശന പരീക്ഷയുടെ കാര്യത്തിലുമാണ്. കേരളം പ്രധാനമായും ഉന്നയിച്ച പ്രശനം വി.സി. നിയമനം മാത്രമാണ്. കേരളം പോലെ വിദ്യാഭ്യാസമേഖലയിൽ വലിയ കുതിച്ചുചാട്ടം നടത്തിയ സംസ്ഥാനത്തുപോലും യു.ജി.സി മുന്നോട്ട് വെയ്ക്കുന്ന രീതികളോട് സർക്കാർ തലത്തിലോ അധ്യാപക സംഘടനകളിൽ നിന്നോ കാര്യമായ എതിർപ്പില്ല എന്നതും ശ്രദ്ധേയമാണ്’’.

എസ്. മുഹമ്മദ് ഇർഷാദ്
എസ്. മുഹമ്മദ് ഇർഷാദ്

‘വിദേശത്ത് ചേക്കറുന്നവരിലേറെയും
വരേണ്യ വിഭാഗങ്ങൾ, അവരെ നോക്കി കേരളത്തിലെ വിദ്യാർത്ഥികളെ
‘മണ്ണുണ്ണി'കളെന്നു പരിഹസിക്കേണ്ടതില്ല’

ഡോ. മുനീർ എം.
(തൃശൂർ പുല്ലൂറ്റ് ഗവ. കെ.കെ.ടി.എം കോളേജിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ)

‘‘കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നുവരുന്ന വിദ്യാർത്ഥികളുടെ എണ്ണം അനുദിനം വർദ്ധിച്ചുവരുന്നതായാണ് ഓരോ വർഷവും കേന്ദ്ര -സംസ്ഥാന സർക്കാരുകൾ പുറത്തുവിടുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. അതേസമയം, ഇതര സംസ്ഥാനങ്ങളിലേക്കും, രാജ്യത്തിന് പുറത്തേക്കും കേരളത്തിൽ നിന്ന് വിദ്യാർത്ഥികൾ ചേക്കേറുന്നു എന്നതും യാഥാർഥ്യമാണ്. ഇവിടുത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരത്തിൽ വന്നിട്ടുളള ശോഷണമാണ് വിദ്യാർഥികൾ പുറത്തേക്ക് പോവുന്നതിനുള്ള പ്രധാന കാരണം. എങ്കിലും പാശ്ചാത്യ നാടുകളിലേക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്കിന് ഇതു മാത്രമാണ് കാരണമെന്ന് പറയാൻ സാധിക്കില്ല’’.

‘‘ഒരേസമയം കേരളത്തിലെ കലാലയങ്ങളിൽ, ദേശീയ ശരാശരിയേക്കാൾ, വിദ്യാർത്ഥി പ്രവേശനം കൂടിയിരിക്കുകയും, അതേസമയം, കേരളത്തിന് പുറത്തേക്ക് വിദ്യാർത്ഥികൾ മുൻപില്ലാത്തവിധം ചേക്കേറുകയും ചെയ്യുന്നുവെന്നത് ഒരു വൈരുധ്യമായി തോന്നാമെങ്കിലും, ഈ പ്രതിഭാസത്തിന് വ്യത്യസ്തമായ കാരണങ്ങളാണുള്ളതെന്ന് ഇവയെ സൂക്ഷ്മമായി പരിശോധിച്ചാൽ മനസ്സിലാക്കാം. കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തിലൂടെയും, സർക്കാർ ഉദ്യോഗവും, ഭൂപരിഷ്‌കരണമുൾപ്പെടെയുള്ള സാമൂഹ്യ- സാമ്പത്തിക പരിഷ്‌കാരങ്ങളിലൂടെയും സാമൂഹ്യ മുന്നേറ്റം സാധ്യമാക്കിയ വരേണ്യവർഗ്ഗങ്ങളും സമുദായങ്ങളുമാണ് പാശ്ചാത്യ നാടുകളിലേക്ക് ചേക്കേറുന്ന പ്രബല വിഭാഗങ്ങളെന്ന് ഇവരുടെ സമുദായ -കുടുംബ പശ്ചാത്തലം പരിശോധിച്ചാൽ വ്യക്തമാകും. ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെട്ടാലും കേരളത്തിൽ തുടരാൻ സാധ്യതയില്ലാത്തവരാണ് ഇവർ. കാരണം, പഠനത്തിനുശേഷമുള്ള ഭാവിജീവിതം തങ്ങൾ എത്തിപ്പെടുന്ന പ്രദേശങ്ങളിൽ കരുപ്പിടിപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഇത്തരം പലായനങ്ങൾ. അതുകൊണ്ടുതന്നെ ഇത്തരക്കാരെ ലക്ഷ്യം വച്ച് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെക്കുറിച്ച് ചിന്തിക്കുന്നതോ, ഇവരെ നോക്കി കേരളത്തിലെ വിദ്യാർത്ഥികളെ 'മണ്ണുണ്ണി'കളെന്നു പരിഹസിക്കുന്നതോ സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണകരമാവില്ല’’.

‘‘കേരളത്തിലെ പിന്നാക്ക / അധഃസ്ഥിത വിഭാഗങ്ങൾക്കിടയിൽ തൊണ്ണൂറുകളോടെ കൈവന്ന വിദ്യാഭ്യാസത്തോടും, സർക്കാർ ജോലികളോടുമുള്ള ആഭിമുഖ്യമാണ് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥി പ്രവേശനം കൂടാനുള്ള ഒരു പ്രധാന കാരണമെന്ന് ഓരോ വർഷവും കലാലയങ്ങളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ സാമൂഹ്യ- സാമ്പത്തിക പശ്ചാത്തലം അടിവരയിടുന്നു. ഇത്തരം വിദ്യാർത്ഥികളെ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് ആകർഷിക്കുന്നതിനും, അവർ വിജയകരമായി വിദ്യാഭ്യാസം പൂർത്തീകരിച്ച് പോകുന്നതിനും അനുഗുണമായ സാഹചര്യമൊരുക്കേണ്ടത് സർക്കാരുകളുടെ ഉത്തരവാദിത്തമാണ്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, കേരളത്തിന്റെ കലാലയങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന സാമൂഹ്യ വൈവിധ്യത്തെ കണക്കിലെടുക്കുകയും അവർക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പാക്കുകയുമാണ് അധികാരികൾ ചെയ്യേണ്ടത്’’.

‘‘എയ്ഡഡ് മേഖലയിലെ അധ്യാപക നിയമനങ്ങളിൽ യാതൊരു ഇടപെടലുകളും നടത്താൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഒരുക്കമല്ല. സംവരണ മാനദണ്ഡങ്ങൾ പാലിച്ച് അദ്ധ്യാപക നിയമനങ്ങൾ നടത്തണമെന്ന യാതൊരു നിർദ്ദേശങ്ങളും, യു.ജി.സി. പുറത്തിറക്കിയ മാനദണ്ഡങ്ങളിൽ കാണാനില്ല. അതിനാൽ, കേരളത്തിലെ അധഃസ്ഥിത വിഭാഗങ്ങളെ സംബന്ധിച്ച്, സംസ്ഥാന സർക്കാരുകളുടെ അവകാശ ലംഘനങ്ങളുടെ കണ്ണിലൂടെ മാത്രം കാണാവുന്ന ഒന്നല്ല യു.ജി.സി. പുറത്തിറക്കിയ മാർഗ്ഗരേഖ. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ പഠിച്ചിറങ്ങുന്ന അധഃസ്ഥിത വിഭാഗങ്ങളിൽ നിന്നുവരുന്ന വിദ്യാർത്ഥികളുടെ തൊഴിൽ സാധ്യതകളെക്കുറിച്ച് ചിന്തിക്കുമ്പോൾ പ്രത്യേകിച്ചും’’.

ഡോ. മുനീർ എം.
ഡോ. മുനീർ എം.

‘വ്യാജ അക്കാദമിക്കുകളുടെ
കേരള കാമ്പസുകൾ’

സി.ജെ. ജോർജ്
(കോഴിക്കോട് ബാലുശ്ശേരി ഡോ. ബി.ആർ. അംബേദ്​കർ മെ​മ്മോറിയൽ ഗവ. കോളജിൽ അസോസിയറ്റ് പ്രൊഫസറായിരുന്നു)

‘‘വാസ്തവത്തിൽ ഉന്നത വിദ്യാഭ്യാസരംഗത്തെ അധഃപ്പതനത്തിനു കാരണം, എണ്ണവും വണ്ണവുമല്ലാതെ ഗുണനിലവാരത്തെ തിരിച്ചറിയാൻ ശേഷിയില്ലാത്ത വ്യാജ അക്കാദമിക്കുകൾ ആ മേഖലയിൽ ഇത്തിക്കണ്ണികളായി വളർന്നു വന്നിരിക്കുന്നു എന്നതാണ്. ഒരു പക്ഷേ ഭരണകൂടവും രാഷ്ട്രീയകക്ഷികളും കോർപ്പറേറ്റുകളുമാണ് കുറച്ചൊക്കെ സർഗ്ഗാത്മകമായി ചിന്തിക്കുന്നതെന്നു പറയേണ്ടിവരും. അത്രയ്ക്ക് നിരുത്തരവാദപരമായിട്ടാണ് അക്കാദമിക്കുകൾ പെരുമാറുന്നത്. അവർ അവരുടെ ധൈഷണികമായ ഓട്ടോണമി സമ്പൂർണ്ണമായി വെടിഞ്ഞാണ് ജിവിക്കുന്നത്. പിൻപറ്റലാണ് അവരുടെ ഇരുകാലിലിഴയുന്ന ജീവിതം. അക്കാദമികമായി ജിവിക്കാൻ അവർക്കു കഴിയുന്നില്ലെന്നു മാത്രമല്ല അവർ അതിന് ആരെയും അനുവദിക്കുകയുമില്ല. ഈ അടിമവംശക്കാർ അത്തരക്കാരെത്തന്നെ തിരുകിക്കേറ്റാനുള്ള തത്രപ്പാടിൽ കാലം കഴിച്ചു പോവുകയാണ്. അതിനു പഴുതുണ്ടോ എന്നു മാത്രമാണ് അവർ ആലോചിക്കുന്നത്’’.

‘‘കക്ഷിരാഷ്ട്രീയത്തിന്റെ ജനാധിപത്യപാതയിലൂടെ അധികാരത്തിലെത്തിച്ചേരുന്ന അതിജനാധിപത്യവിശ്വാസികൾക്ക് ആ നിലയിലേക്ക് ഉയരുക അസാദ്ധ്യമായി കാണുന്നു. കൊള്ളാവുന്ന ഇടങ്ങളിൽ പറയാനും കലർത്താനും കൊള്ളാത്ത രാഷ്ട്രീയമാണ് തങ്ങളുടേത് എന്നു ബോദ്ധ്യമുള്ളവരാണ് നമ്മുടെ കക്ഷിരാഷ്ട്രീയക്കാർ എന്നിരിക്കെ അവരെ കുറ്റപ്പെടുത്തുനതിൽ കാര്യമില്ല. പക്ഷേ, നമ്മുടെ അക്കാദമിക്കുകൾക്ക് അതു കഴിയേണ്ടതുണ്ട്. പാദസേവക്കാരായ ചുണക്കുട്ടികളെയല്ല, അക്കാദമികമികവിനൊപ്പം തത്ത്വചിന്താപരമായും പ്രയോഗികമായും പ്രതിഭയുള്ള ആളുകളെ കണ്ടെത്താനുള്ള മാർഗ്ഗങ്ങളാണ് ആരായേണ്ടത്. വാസ്തവത്തിൽ നിലവിലെ ചട്ടങ്ങളുടെ സഹായത്തോടെ തന്നെ അതൊക്കെ ചെയ്യാനാകും’’.

‘‘നാളിതുവരെ തങ്ങളുടെ പക്കലുണ്ടായിരുന്ന അവകാശാധികാരങ്ങൾ അക്കാദമികവും സാമൂഹികവുമായ ദിശാബോധത്തോടെ പ്രയോജനപ്പെടുത്തിയിരുന്നുവോ എന്ന് ഇപ്പോൾ വിമർശനമുയർത്തുന്നവരും പ്രീണനത്തൊഴിലാളികളായി രംഗത്തുവരുന്നവരും ആത്മപരിശോധന നടത്തിയാൽ നന്നായിരിക്കും. കേന്ദ്രത്തിന്റെ കേന്ദ്രീകരണം വരാനായി നേർച്ച നേരുന്നവരുണ്ട്. അവരും പരിശോധിക്കണം, കേന്ദ്രത്തിന്റെ കൈപ്പിടിയിലുള്ള എത്ര സർവ്വകലാശാലകളിൽ പ്രീണകരെയല്ലാതെ, അക്കാദമികമികവും കാഴ്ചപ്പാടും പ്രവർത്തനമികവും പരിഗണിച്ച് വൈസ് ചാൻസലർമാരായി കുടിയിരുത്തിയിട്ടുണ്ട് എന്ന്. ഇതൊക്കെ നടക്കാത്ത (ഒരു പക്ഷേ ആവശ്യമില്ലാത്ത) കാര്യങ്ങളാണ് എന്നറിയാം. മിനിമം ക്വാളിഫിക്കേഷനാണ് മികച്ച ക്വാളിഫിക്കേഷൻ എന്ന് ഭരണാധികാരികൾക്കും അടിമവംശ അക്കാദമിക്കുകൾക്കും അറിവുള്ളതാണ്. അവർ ബഹുഭൂരിപക്ഷമായ സമൂഹത്തിലെ ജനാധിപത്യം ഇങ്ങനെയൊക്കെയങ്ങ് കഴിഞ്ഞുപോവുകയേയുള്ള. അക്കാദമികമായി മാത്രമല്ല, മറ്റെല്ലാ തരത്തിലും അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും പാട്ടുകളിൽ മാത്രമേ ആദരിക്കപ്പെടുകയുള്ളു. അവർക്ക് തേടാവുന്നത് പാസ്‌പോർട്ടും വിസയുമാണ്’’.

‘‘വൈസ് ചാൻസലർമാരെ കേന്ദ്രം നിശ്ചയിച്ചാലും, കേന്ദ്രം നിശ്ചയിച്ച ഗവർണ്ണർ നിശ്ചയിച്ചാലും, സ്റ്റേറ്റു നിശ്ചയിച്ചാലും, മന്ത്രി നിശ്ചയിച്ചാലും അടിസ്ഥാനപരമായ സമീപനത്തിൽ വ്യത്യസമില്ലെങ്കിൽ ഉന്നതവിദ്യാഭ്യാസത്തിന് കഞ്ഞിയേ ലഭിക്കൂ. അതു കുമ്പിളിൽത്തന്നെയായിരിക്കുകയും ചെയ്യും. മറ്റു നിയമനകാര്യങ്ങളിലും സംഗതിക്കു മാറ്റമുണ്ടാകില്ല’’.

‘‘ഇവിടെയൊക്കെ വിഷയവിദ്ഗ്ദ്ധർ എന്നന വർഗ്ഗത്തിലിടം പിടിച്ചവരുടെ സത്യസന്ധതയും ആർജ്ജവവും വളരെ പ്രധാനമാണ്. യഥാർത്ഥത്തിൽ വിഷയവിദഗ്ദ്ധരെ തെരഞ്ഞെടുക്കുന്നതിന് മാനദണ്ഡങ്ങളുണ്ടാക്കേണ്ടതുണ്ട്. നിയമനകാര്യങ്ങൾ സമൂലം സുതാര്യമാകേണ്ടതും അത്യാവശ്യമാണ്. സ്ഥിരം അഴിമതിയും പക്ഷപാതവും നടത്തിക്കൊടുക്കുന്ന വിഷയവിദഗ്ദ്ധരുടെ ഒരു പട്ടികയുണ്ടാക്കാൻ പ്രയാസമില്ലാത്ത അവസ്ഥയാണ് നമ്മുടെ സർവ്വകലാശാലകളിലുള്ളത്’’.

സി.ജെ. ജോർജ്
സി.ജെ. ജോർജ്

HIGHER EDUCATION AND FEDERALISM
ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 215
വായിക്കാം, കേൾക്കാം.

Comments