2004- ൽ, മലയാളഭാഷയിൽ എനിക്ക് UGC NET ലഭിച്ചപ്പോൾ, പോസ്റ്റുഗ്രാജുവേഷന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെല്ലാം ഉറപ്പിച്ചുപറഞ്ഞു; നീ SC വിഭാഗമായതുകൊണ്ട് ഉറപ്പായും കോളേജിൽത്തന്നെ ജോലി കിട്ടുമെന്ന്. എന്നാൽ ജീവിതത്തിലെ യാഥാർത്ഥ്യം മറ്റൊന്നായിരുന്നു.
കേരളത്തിൽ ക്രിസ്ത്യൻ സഭകളും നായർ സർവീസ് സൊസൈറ്റിയും എസ്.എൻ.ഡി.പിയുമൊക്കെ നടത്തുന്ന കോളേജ് അധ്യാപക ഇൻറർവ്യൂകളിൽ പലവട്ടം പങ്കെടുത്തിട്ടുണ്ട്. എന്നാൽ SC സർട്ടിഫിക്കറ്റുള്ള ഒരാളെയും അവർ ഒപ്പം നിർത്താറില്ലെന്നുമാത്രമല്ല, മാറ്റിനിർത്തണം എന്നായിരുന്നു അത്തരം സ്ഥാപനങ്ങളുടെ അടിസ്ഥാന പ്രമാണം. ഇൻറർവ്യൂകൾ അറിവ് പരീക്ഷിക്കുന്നതിനായിരുന്നില്ല, മറിച്ച് സാമ്പത്തികശേഷിയുടെ അന്വേഷണം മാത്രമാണ് എല്ലായിടത്തും നടന്നിരുന്നത്.
Read: ഗോമൂത്രം കൊണ്ട് പനി മാറ്റുന്ന ഐ.ഐ.ടി ഡയറക്ടറും യു.ജി.സിയുടെ ഗവേഷണവിദ്യകളും
ഇന്റർവ്യൂവിൽ സംഭവിക്കുക ഇതാണ്: ഒരു പ്യൂണിനെ പുറത്തേക്കുവിട്ട് എല്ലാവർക്കും ഓരോ തുണ്ടുകടലാസ് നൽകും. നിയമനം ലഭിച്ചാൽ നിങ്ങൾ എത്ര രൂപ കോഴ നൽകുമെന്ന് എഴുതിക്കൊടുക്കണം. തികച്ചും പ്രാകൃതമായ നിയമന സമ്പ്രദായം. കോഴ കൊടുക്കാൻ സാമ്പത്തികശേഷിയുള്ള ദലിതർ ഇല്ല എന്നത് മാത്രമല്ല, വരേണ്യരുടെ സ്ഥാപനത്തിൽ പാരമ്പര്യമായി തുടരുന്ന അയിത്തം മൂലം, കോഴ കൊടുത്താലും ദലിതർക്ക് ജോലി കൊടുക്കില്ല എന്നതാണ് ഇക്കാലമത്രയും അനുഭവത്താൽ മനസ്സിലാക്കാൻ കഴിഞ്ഞ യാഥാർത്ഥ്യം.

എസ്.സി /എസ്.ടി വിഭാഗങ്ങളെ പൊതുജീവിതത്തിൽ നിന്ന് പരമാവധി ആട്ടിയോടിക്കുക എന്നതാണ് ഇന്ത്യയിൽ എല്ലായിടത്തെയും പോലെ കേരളത്തിന്റെയും ജാതിധർമ്മം. ആ അനീതി അതേപടി ഇക്കാലത്തും കേരളത്തിലെ എയിഡഡ് മേഖലയിലെ അധ്യാപക- അനധ്യാപക നിയമനങ്ങളിൽ തുടർന്നുപോരുന്നു. എയ്ഡഡ് മേഖലയിൽ ശമ്പളവും പെൻഷനും ഇതര ഗ്രാൻഡുകളും പൊതു ഖജനാവിൽ നിന്നാണ് ചെലവാക്കുന്നത്. പൊതു സമൂഹത്തിൻ്റെ നികുതിപ്പണമുപയോഗിച്ച് നിലനിൽക്കുന്ന ഇത്തരം സ്ഥാപനങ്ങൾ സമൂഹത്തിൻ്റെ അടിത്തട്ടിലെ മനുഷ്യരെ പൂർണമായും ആട്ടിയകറ്റിക്കൊണ്ടിരിക്കുന്നത് ഒരു ജനാധിപത്യ രാജ്യത്തിന് ഒട്ടും ചേർന്നതല്ല.
Read: യു.ജി.സിയും ആടുജീവിതവും
എന്നോടൊപ്പം പോസ്റ്റ് ഗ്രാജുവേഷനും UGC NET-ഉം നേടിയ അഭിജാത സമൂഹങ്ങളിലെ ആളുകളൊക്കെ അവരവരുടെ സ്വന്തം സ്ഥാപനങ്ങളിൽ അധ്യാപക തസ്തികയിൽ കയറിപ്പറ്റിയിട്ടുണ്ട്. എയ്ഡഡ് വിദ്യാഭ്യാസ മേഖല നോക്കിയാൽ എസ്.സി- എസ്.ടി വിഭാഗങ്ങളെക്കാൾ എളുപ്പത്തിൽ അഭിജാത സമൂഹങ്ങൾക്ക് തൊഴിലിൽ കയറിപ്പറ്റാനാകും. എന്നാൽ ഇക്കാര്യം തലതിരിച്ചാണ് സമൂഹം മനസ്സിലാക്കുന്നത്.
എന്റെ യു.ജി.സി നെറ്റ് സർട്ടിഫിക്കറ്റുകൊണ്ട് കേരളത്തിലെ ഒരു കോളേജിൽ പോലും അധ്യാപക തസ്തികയിൽ തൊഴിൽ നേടാൻ കഴിഞ്ഞില്ല. ആ സർട്ടിഫിക്കറ്റിന് ഒരുപകാരവുമില്ലാതെയാകുന്നല്ലോ എന്ന സങ്കടവും എന്നിലുണ്ട്. എന്നാൽ എയ്ഡഡ് നിയമനങ്ങളിൽ സംവരണം പാലിക്കുക എന്ന UGC ഉത്തരവ് നടപ്പാക്കുന്നതിനായി ഹൈക്കോടതിയിൽ അഡ്വ. കാളീശ്വരം രാജ് മുഖാന്തിരം കേസു കൊടുക്കാൻ ഈ സർട്ടിഫിക്കറ്റ് ഉപയോഗപ്പെടുത്തിയപ്പോൾ എന്റെ UGC NET സർട്ടിഫിക്കറ്റിന് സാമൂഹികനീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ ഉപാധിയാകാൻ കഴിഞ്ഞല്ലോ എന്നതിൽ അഭിമാനവും തോന്നി. എനിക്ക് നേടിയെടുക്കാൻ കഴിയാതെ പോയതെല്ലാം എനിക്കുശേഷമുള്ള തലമുറയ്ക്ക് പുതിയവഴി തുറക്കാനുള്ള ഉപാധിയാക്കാൻ കഴിഞ്ഞു.
കേസിന്റെ ഗതിവിഗതികൾ എന്തായാലും, മാധ്യമങ്ങളടക്കം പതിറ്റാണ്ടുകളായി മൂടിവെച്ച എയ്ഡഡ് നിയമനങ്ങളിലെ അനീതികളെ സമൂഹത്തിനു മുമ്പിൽ തുറന്ന ചർച്ചയ്ക്ക് കൊണ്ടുവരാനും ഈ കേസ് സംബന്ധിച്ച ഇടപെടലുകൾ കാരണമായിട്ടുണ്ട്.
Read: യു.ജി.സി കരടിനുമുന്നിൽ
ആശങ്കകളോടെ കേരളം
2005-ലെ UGC ഉത്തരവിൽ എയ്ഡഡ് കോളേജുകളിലെ അധ്യാപക- അനധ്യാപക നിയമനത്തിൽ 15% എസ് സി വിഭാഗത്തിനും 8.5% ST വിഭാഗത്തിനും നൽകണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. ഈ വ്യവസ്ഥ വർഷങ്ങളോളം പാലിക്കപ്പെട്ടില്ലെന്ന് മാത്രമല്ല വിദ്യാഭ്യാസ വകുപ്പും കൊളീജിയറ്റ് എഡ്യൂക്കേഷനുമടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങൾ ഈ ഉത്തരവ് മാധ്യമങ്ങളോ പൊതുജനങ്ങളോ അറിയാതെ പൂഴ്ത്തിവയ്ക്കുകയും ചെയ്തു. കേരളത്തിൻ്റെ ദലിത് വിരുദ്ധതയാണ് ഈ പൂഴ്ത്തിവെപ്പിലൂടെ പ്രകടമായത്.
ദലിത് സ്റ്റുഡൻസ് മൂവ്മെൻറ് രൂപം കൊടുത്ത എയ്ഡഡ് മേഖലാ സംവരണപ്രക്ഷോഭ സമിതി, എയ്ഡഡ് മേഖലയിൽ ഇന്നോളമുള്ള കണക്കുകൾ വിവരാവകാശനിയമപ്രകാരം കൃത്യമായി എടുക്കുകയും വസ്തുതകൾ കോടതിയിൽ അവതരിപ്പിക്കുകയും ചെയ്തു. ഒ.പി. രവീന്ദ്രൻ, ഡോ. എ.കെ. വാസു, ഡോ. എം.ബി. മനോജ്, ഡോ. അനിൽ അമര, ഡോ. ഒ. കെ. സന്തോഷ്, ഡോ. കെ. ജയസൂര്യൻ, ഡോ. രേഖാരാജ്, ഡോ. ഡി. രാജീവ്, അഖ്വിലീസ് തുടങ്ങി നിരവധി പേരുടെ ഇടപെടലുകൾ ഈ കേസിന്റെ നടത്തിപ്പിനു പിന്നിലുണ്ട്. കേസിൽ വിവരങ്ങൾ ഹൈക്കോടതിയിൽ അപ്ഡേറ്റ് ചെയ്യാൻ കൂടെയുണ്ടായിരുന്ന അഡ്വ. കെ. കെ. പ്രീതയും ഈ വ്യവഹാരത്തിന്റ സുപ്രധാനമായ ഭാഗമാണ്.
വർഷങ്ങളുടെ കാത്തിരിപ്പിനുശേഷമാണ് ജസ്റ്റിസ് ഷെഫീഖിൻ്റെ വിധി വന്നത്. കേരളത്തിലെ ന്യൂനപക്ഷേതര എയ്ഡഡ് കോളേജുകളിലെല്ലാം SC/STസംവരണം ഉടൻ നടപ്പാക്കണം എന്ന ആ വിധി സാമൂഹ്യനീതിയുടെ പ്രതീക്ഷയാണ് തന്നത്. വിധിയുണ്ടായതിന്റെ പിറ്റേ ദിവസത്തെ പത്രങ്ങളിലെല്ലാം ഈ വാർത്ത മുൻപേജിൽ സ്ഥാനം പിടിച്ചിരുന്നു. എന്നാൽ എൻ.എസ്.എസിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും അപ്പീൽ പ്രകാരം സാമൂഹ്യനീതിയുടെ ആ വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. നീതിയ്ക്കു വേണ്ടിയുള്ള പോരാട്ടത്തിന്റെ തുടർച്ചയായി കേസ് സുപ്രീംകോടതിയിൽ ഫയൽ ചെയ്തു. വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം ഇപ്പോൾ സുപ്രീംകോടതി കേസ് ഫയലിൽ സ്വീകരിച്ചത് പ്രതീക്ഷാഭരിതമാണ്.
Read: കേരളം അംഗീകരിക്കില്ല,
ഉന്നത വിദ്യാഭ്യാസത്തിലെ അമിതാധികാരപ്രയോഗം
ബംഗാളിലും തമിഴ്നാട്ടിലുമെല്ലാം എയ്ഡഡ് മേഖലയിൽ സംവരണം നടപ്പിലുണ്ട്. കേരളത്തിലെ ഇടവിദ്യാലയങ്ങളിൽ ഭിന്നശേഷിക്കാരുടെ സംവരണം നടപ്പായത് ഗവൺമെൻറ് സ്വീകരിച്ച സംവരണ അനുകൂല നിലപാട് കൊണ്ടുകൂടിയാണ്. ഈ സാഹചര്യത്തിൽ എയ്ഡഡ് നിയമനങ്ങളിൽ സംവരണം പാലിക്കാനുള്ള ഐതിഹാസികമായ വിധിയുണ്ടാവും എന്ന പ്രതീക്ഷയിലാണ് എയ്ഡഡ് മേഖല സംവരണ പ്രക്ഷോഭ സമിതിയോടൊപ്പം, അഫക്റ്റഡ് പാർട്ടി എന്ന നിലയിൽ ഞാനുമുള്ളത്. ഇത് നീതി നടപ്പാക്കി കിട്ടാനുള്ള നീണ്ട കാലത്തിന്റെ കാത്തിരിപ്പാണ്. കോടതി വിധി എന്തുതന്നെയായാലും അതിൽ ഇനി വ്യക്തിപരമായ യാതൊരു സാധ്യതയും കേസു കൊടുത്ത ഞങ്ങൾക്കില്ല. എങ്കിലും സാമൂഹിക നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ ഒപ്പം നിൽക്കാൻ കഴിഞ്ഞ ചാരിതാർത്ഥ്യം അഭിമാനത്തോടെ മനസ്സിലുണ്ട്.