ഇന്നലെ പ്രസിദ്ധീകരിച്ച തമിഴ്‌നാട് എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം, 200- ൽ 200 സ്കോറും നേടിയ 145 വിദ്യാർത്ഥികളിൽ 139 പേരും പഠിച്ചത് സംസ്ഥാന സിലബസ്സിലാണ് എന്നുള്ളതാണ്.
സഹസ്ര ജെ. (എം.എൽ.എം. മാമല്ലൻ സ്‌കൂൾ, കാഞ്ചീപുരം) കാർത്തിക എസ്. (കൊങ്ങുനാട് മെട്രിക്കുലേഷൻ സ്‌കൂൾ, നാമക്കൽ) അമലൻ ആന്റോ എം. (കോകിലാംബാൾ മെട്രിക്കുലേഷൻ സ്‌കൂൾ, അരിയല്ലൂർ) എന്നിവരാണ് സംസ്ഥാന തലത്തിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയത്. മൂവരും സ്റ്റേറ്റ് സിലബസ്സുകാരാണ് (വിവരങ്ങൾ https://tamil.samayam.com- ൽ നിന്ന്).
Read: ‘കീ’മിലെ ആദ്യ റാങ്കുകാരെല്ലാം എന്തുകൊണ്ട്
സി ബി എസ് ഇക്കാരാകുന്നു?
സ്‍കോർ അട്ടിമറിയുടെ കാണാപ്പുറം
ഇതുകൂടാതെ ആകെ സീറ്റിന്റെ 7.5 ശതമാനം സർക്കാർ സ്കൂളുകളിൽ പഠിച്ചവർക്ക് സംവരണം ചെയ്യപ്പെട്ടതാണ്. ആ വിഭാഗത്തിൽ കടലൂർ ജില്ലയിലെ സർക്കാർ സ്കൂളിൽ നിന്നുള്ള ധരണീ വി. ആണ് ഒന്നാം റാങ്കിനർഹയായത്.

തമിഴ്‌നാട്ടിൽ എഞ്ചിനീയറിംഗ് കോളേജ് പ്രവേശനത്തിനായി പ്രത്യേക എൻട്രൻസ് പരീക്ഷ നടത്തുന്നില്ല. ഹയർ സെക്കന്ററി കോഴ്സുകളിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ ലഭിച്ച സ്കോറുകൾ അടിസ്ഥാനമാക്കിയാണ് റാങ്ക് നിർണ്ണയിക്കുന്നത്. സമീകരണത്തിന്റെ പേരിൽ ഒരു വിദ്യാർത്ഥി നേടിയ സ്കോറിലും കൂട്ടലോ കുറയ്ക്കലോ നടത്തുന്നില്ല. എല്ലാ സ്ട്രീമുകളെയും ഒരേ സ്കെയിലിലേക്ക് കൊണ്ടുവരുന്നു, ഇവിടെ ഇരുനൂറിലേക്ക്. സി ബി എസ് ഇ ആയാലും മറ്റ് സ്റ്റേറ്റ് ബോർഡുകൾ ആയാലും അവയെയും ഇരുനൂറിലേക്ക് മാറ്റുന്നു. അത്രമാത്രം. നേരത്തെ മെഡിക്കൽ പ്രവേശനവും ഈ രീതിയിൽ തന്നെയാണ് നടന്നിരുന്നത്. മാത്തമാറ്റിക്സിന് പകരം അപ്പോൾ ബയോളജി പരിഗണിക്കും എന്നുമാത്രം.
Read: കീം പ്രവേശന പരീക്ഷാ സ്‍കോർ സമീകരണം, കേരളാ മുഖ്യമന്ത്രി വായിച്ചറിയാൻ
പൊതുവിൽ റിസൾട്ടിൽ വലിയ മുന്നേറ്റമുള്ളതായി ഓൺലൈൻ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. 2.41 ലക്ഷം പേരാണ് പരീക്ഷയെഴുതിയത്. അതിൽ ഇരുനൂറിൽ ഇരുനൂറു കിട്ടിയ 145 വിദ്യാർത്ഥികളുണ്ട്. മുൻ വർഷം ഇത് 65 ആയിരുന്നു. 190- നു മുകളിൽ സ്കോർ ലഭിച്ച കുട്ടികളുടെ എണ്ണം ഇക്കുറി 13,958 ആയി ഉയർന്നു. കഴിഞ്ഞ വർഷം 8813 മാത്രം. ഈ തരത്തിൽ ഓരോ കട്ട് ഓഫ് ഘട്ടത്തിലും മികച്ച സ്കോർ നേടിയ കുട്ടികളുടെ എണ്ണം വലിയ നിലയിൽകൂടിയിട്ടുണ്ട്.

എന്തായാലും തമിഴ് മാധ്യമ പഠനത്തിനും സംസ്ഥാന സിലബസ്സിലുള്ള പഠനത്തിനും തമിഴ്‌നാട് നൽകുന്ന വലിയ പ്രാധാന്യം മാതൃകാപരമാണ്. സി ബി എസ് ഇ യജമാനന്മാർ വലിയ ലോബിയിങ്ങിലൂടെ എല്ലാ സർക്കാർ തീരുമാനങ്ങളെയും അവർക്ക് അനുകൂലമായി മാറ്റുന്ന കേരളത്തിലെ സ്വാധീനം അവിടെ വിലപ്പോവുന്നുണ്ടാവില്ല. ഇവിടുത്തെക്കാളും വലിയ സ്വകാര്യ സ്ഥാപനങ്ങളും എൻട്രൻസ് ഭീമന്മാരും നിറഞ്ഞുകളിക്കുന്ന വൻനഗരങ്ങളിലെ അവിടുത്തെ സ്ഥാപനങ്ങളെല്ലാം സി ബി എസ് ഇ- യോ ഐ സി എസ് ഇ- യോ അതിലും മുന്തിയ അന്താരാഷ്ട്ര കരിക്കുലമോ പിന്തുടരുന്നവയാണ്. എങ്കിലും പൊതുവിദ്യാലയങ്ങളോടും ഭാഷയോടും ഉള്ള നിലപാടിൽ കൂടുതൽ കരുത്തോടെ മുന്നോട്ടുപോവുകയല്ലാതെ ഇത്തരം ഐ എ എസ് ഉപദേശങ്ങൾക്കോ ലോബിയിങ്ങിനോ ചെവികൊടുക്കാൻ അവരൊരിക്കലും നിന്നുകൊടുക്കില്ല. അതിന് നിദർശനമാണ് ഇക്കുറി തമിഴ്‌നാട് എഞ്ചിനീയറിംഗ് റാങ്ക് ഫലം.

പൊതുവിദ്യാഭ്യാസത്തിന്റെ തോളിലിരുന്നുതന്നെ അതിന്റെ ചെവി കരളുന്ന ഉദ്യോഗസ്ഥരെയോ തങ്ങളുടെ സാമൂഹിക ഉത്തരവാദിത്വം പോലും മറന്ന് മറ്റു സിലബസ്സുകൾക്കായി കുയുക്തികൾ തീർക്കുന്ന സർക്കാർ സംവിധാനങ്ങളെയോ ഭയക്കാതെ, പൊതുവിദ്യാഭ്യാസത്തിന് അനുകൂലമായ തീരുമാനമെടുക്കാൻ ഇനിയും കേരളത്തിന് സമയമുണ്ട്, കാത്തിരുന്നു കാണാം.
Also read: Plus Two ഫിസിക്സ്, കെമിസ്ട്രി പരീക്ഷ
കഠിനമാക്കിയതിൽ എൻട്രൻസ് ഗൂഢാലോചന?
എൻട്രൻസ് സ്‍കോർ സമീകരണം:
മുഖ്യമന്ത്രിക്കു മുകളിലും പറക്കുന്ന
CBSE താത്പര്യങ്ങൾ
KEAM സ്‍കോർ സമീകരണം:
ഇതാ, മുഖ്യമന്ത്രിയുടെ
ഇടപെടലിനെ പരിഹസിക്കുന്ന
ഒരു പ്രഹസന വിദഗ്ധ സമിതി
KEAM അട്ടിമറി
പരിശോധിക്കാൻ
പുതിയ കമ്മിറ്റി