അവൾ,
പിറക്കാത്ത മകൾ…

‘‘അവളുടെ കണ്ണുകൾക്ക്‌ എന്നോട് എന്തോ പറയാനുള്ളത് പോലെ എനിക്ക് തോന്നി. പനിയും ചുമയും ഒക്കെ നോക്കി മരുന്ന് എഴുതിയിട്ടും എന്തോ ഒന്ന് ബാക്കി. ഞാൻ അവളോട് ചോദിച്ചു, എന്തേ, എന്തെങ്കിലും പറയാനുണ്ടോ?’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ‘മറക്കാനാകാത്ത രോഗി’ എന്ന പംക്തിയിൽ ഡോ. സ്വപ്ന എസ്. കുമാർ എഴുതിയ അനുഭവക്കുറിപ്പ്.

ഞാൻ ആദ്യമായി അവളെ കണ്ടത് ഒരു ഞായറാഴ്ചയായിരുന്നു. എനിക്കുറപ്പാണ്, കാരണം ഞായറാഴ്ചകളിൽ അത്യാഹിത വിഭാഗങ്ങളിൽ തിരക്ക് കൂടുതലായതിനാൽ ഞാൻ വളരെ ക്ഷീണിച്ച അവസ്ഥയിൽ, രാത്രിയുടെ വളരെ വൈകിയ ഏതോ മണിക്കൂറിൽ, കണ്ണു തുറന്നു പിടിച്ച്, വെളിച്ചം തീരെ കുറച്ചു മാത്രം വിതറുന്ന ട്യൂബ് ലൈറ്റിനെ പഴിച്ചു കൊണ്ട് ഇരുന്നപ്പോൾ, അവൾ എത്തി.

മഞ്ഞ നിറത്തിലുള്ള ജാക്കറ്റും, വെള്ള ഫുൾ പാവാടയുമാണ് വേഷം, രണ്ടു വശങ്ങളിലായി മുടി പിന്നിയിട്ടിരിക്കുന്നു. 10-12 വയസു പ്രായം തോന്നിക്കുന്ന പെൺകുട്ടി. എന്റെ മകളുടെ പ്രായമേ വരൂ. അവളുടെ അച്ഛനോടൊപ്പമാണ് വന്നിരിക്കുന്നത്..

എന്തെങ്കിലും ചുമയോ പനിയോ ആയിരിക്കും, എന്ന് മുൻവിധിയോടെ ഞാനവളെ നോക്കി. സാധാരണ ഞാൻ രോഗികളുടെ കണ്ണുകളിലേക്ക് അധികം നോക്കാറില്ല. കണ്ണുകൾ ഹൃദയത്തിലേക്കുള്ള വഴികളാണല്ലോ. ഒരു രോഗിയുടെയും ഹൃദയത്തിലേക്കും മനസ്സിലേക്കും കയറണം എന്ന് തോന്നിയിട്ടില്ല. കാരണം അതൊക്കെ നമ്മുടെ ജോലിയല്ലല്ലോ എന്ന ഒരു തോന്നൽ. പക്ഷേ അവളുടെ കണ്ണുകൾക്ക്‌ എന്നോട് എന്തോ പറയാനുള്ളത് പോലെ എനിക്ക് തോന്നി. പനിയും ചുമയും ഒക്കെ നോക്കി മരുന്ന് എഴുതിയിട്ടും എന്തോ ഒന്ന് ബാക്കി. ഞാൻ അവളോട് ചോദിച്ചു, എന്തേ, എന്തെങ്കിലും പറയാനുണ്ടോ.

അവളുടെ അച്ഛൻ പതുക്കെ മടിച്ചുമടിച്ചു പറഞ്ഞു, മാഡം, അവളോട്‌ ഒന്ന് ചോദിക്കണം... വീട്ടിൽ ഒട്ടും സംസാരിക്കാറില്ല, സ്കൂളിലും, പഠിക്കാനും മടിയാണ്, അമ്മയില്ല, ഒരു വയസായപ്പോൾ കളഞ്ഞിട്ട് പോയതാണ്.

തിരക്ക് പുറത്തു കൂടുന്നുണ്ട് എന്ന ബോധ്യം തലയിൽ തള്ളിക്കയറിവരുന്നുണ്ട്. ഒരു രോഗിയോടു രണ്ട് മിനുട്ടിൽ കൂടുതൽ ഒരിക്കലും ചെലവഴിക്കാൻ പറ്റാത്ത അവസ്ഥയാണ്. പുറത്ത് പനിക്കാരും നെഞ്ചുവേദനക്കാരും അക്ഷമ കാണിച്ചുതുടങ്ങി. കുനിഞ്ഞു തന്നെ ഇരിക്കുകയാണവൾ, മുഖം ഉയർത്തുന്നില്ല... കൺപീലികളിൽ നേരിയ നനവ് പടരുന്നത് എനിക്ക് കാണാൻ പറ്റുന്നുണ്ടായിരുന്നു. എമ്പതി മാറി സിംപതിയും പിന്നെ മാതൃസ്നേഹവും ഒക്കെ മനസ്സിൽ ഉണരുന്നു.

ഞാൻ അവളോട്‌ പറഞ്ഞു, മോൾക്ക്‌ എപ്പോൾ വേണമെങ്കിലും എന്നേ വിളിക്കാം, സംസാരിക്കണം എന്ന് തോന്നുമ്പോൾ വിളിച്ചോളൂ. പെെട്ടന്നു ഫോൺ നമ്പർ കുറിച്ച് അവളുടെ കൈയിൽ കൊടുത്തു. ഞാൻ ഒരിക്കലും അവളുടെ കാൾ പ്രതീക്ഷിച്ചില്ല. എന്നാലും, വിളിക്കാൻ തോന്നുന്നെങ്കിൽ വിളിക്കട്ടെ. രണ്ടു ദിവസം കഴിഞ്ഞ് വിളി വന്നു, നേരിയ ശബ്ദത്തിൽ, ഡോക്ടറമ്മ ആണോ എന്ന് ചോദ്യം. രണ്ടു മിനുട്ട് മാത്രമുള്ള വിളികൾ. പിന്നെ എന്റെ ഡ്യൂട്ടി ദിവസങ്ങളിൽ പലപ്പോഴും ആ കുട്ടി വരാറുണ്ടായിരുന്നു.

ഒപി ടിക്കറ്റ് എടുത്ത്, ചെറിയ തലവേദന, പനി, വയറുവേദന എന്നൊക്കെ പറയും. ചിലപ്പോൾ വരുമ്പോൾ, ഒരു കുഞ്ഞ് മുട്ടായിയോ, സ്റ്റിക്കറോ, ഒക്കെ കൊണ്ടുവരും, രണ്ടു മിനുട്ട് കഴിയുമ്പോൾ മുഖത്തു നോക്കി നേരിയ ഒരു ചിരി സമ്മാനിച്ചു അവൾ പോകുമായിരുന്നു. പലപ്പോഴും എനിക്ക് കുറ്റബോധവും മുമ്പെങ്ങും തോന്നാത്ത വിധം നെഞ്ചിൽ ഒരു വിങ്ങലും തോന്നുമായിരുന്നു. അവളുടെ അച്ഛൻ സന്തോഷത്തോടെ പിന്നീട് ഒരിക്കൽ പറഞ്ഞു, ഇപ്പോൾ അവൾ എത്രയോ മാറി, നന്നായി പഠിക്കുന്നുണ്ട്, കൂട്ടുകാരുമായി കളിയും ചിരിയും ഒക്കെ ഉണ്ട് ഇപ്പോൾ. ഡോക്ടറാണ് അവളെ.....

ഞാൻ അവളെ ഒടുവിൽ കണ്ടത് ആ ആശുപത്രിയിൽ നിന്ന് ട്രാൻസ്ഫർ ആയി പോകുന്നതിനു മുൻപായിരുന്നു. ഇനി അവളെ കാണാൻ കഴിയുമോ എന്ന് എനിക്ക് ഉറപ്പില്ലാത്തതു കൊണ്ട്, അവൾക്കായി കൈയിൽ സൂക്ഷിച്ചിരുന്ന ചുവന്ന പാവാടയും ജാക്കറ്റും വാച്ചും കൊടുത്തിട്ടു തലയിൽ തലോടി പറഞ്ഞു,മോള് നന്നായി പഠിക്കണം. ഡോക്ടറമ്മ ഇനി ഇവിടെ എന്ന് വരും എന്ന് അവൾ ചോദിച്ചു. മോള് പഠിച്ചു ഡോക്ടറാകുമ്പോൾ എന്നെ കാണാൻ വരണം. ഞാൻ ചിരിച്ചു. അവൾക്കു വിഷമമുണ്ടെങ്കിലും, ആ കണ്ണുകളിൽ ഒരുപാട് സ്വപ്‌നങ്ങൾ എനിക്ക് കാണാമായിരുന്നു.

ഇന്നും ആ കുട്ടിയുടെ സ്നേഹം എനിക്ക് വിലമതിക്കാൻ പറ്റാത്ത ഒന്നായാണ് തോന്നുന്നത്. ഒന്നും പ്രതീക്ഷിക്കാതെയുള്ള കറയില്ലാത്ത സ്നേഹം. എന്നെ രണ്ടു മിനിറ്റ് നേരം കാണാൻ വേണ്ടി ഒരുപാട് ദൂരം യാത്ര ചെയ്തുവന്നിരുന്ന കുട്ടി. അവൾക്കു ഞാൻ ഡോക്ടർ മാത്രം അല്ലാത്തതു കൊണ്ട്, ഡോക്ടറമ്മ എന്ന് വളരെ സ്വരം താഴ്ത്തി വിളിച്ചിരുന്നു അവൾ…
മകൾ തന്നെ ആണ്...

READ: ഹൈപ്പർ ടെൻഷനും
വൃക്കരോഗവും:
മുട്ടയും കോഴിയും?

മുലയൂട്ടൽ എന്ന
സുകൃതം

ഓണസദ്യയിൽ
കുടൽ ബാക്ടീരിയകൾ
ഇടപെടുമ്പോൾ

ആയുരാരോഗ്യസൗഖ്യം

കേരളത്തിന്റെ ആരോഗ്യ രംഗത്തെ നിർണ്ണായകമായ ചുവടുമാറ്റങ്ങൾ

‘IMA നമ്മുടെ ആരോഗ്യം’ പത്രാധിപർ സംസാരിക്കുന്നു


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments