കാൻസറും
പൊരുത്ത ചികിത്സയും

കാൻസർ നിർണയിക്കപ്പെടുന്നത് മുതൽ മനുഷ്യന്റെ ലോകം തലകീഴായി മറിയുകയാണ്. അതുകൊണ്ടുതന്നെ രോഗനിർണയം മുതൽ ഓരോ ഘട്ടത്തിലും അവരുടെ ശരീരികവും മാനസികവും സാമൂഹികവും തൊഴിൽപരവുമായ എല്ലാ പ്രശ്നങ്ങളെയും അഭിമുഖീകരിക്കാൻ അവരെ പ്രാപ്തരാക്കേതുണ്ട്- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. മസ്ന മജീദ് കെ.പി. എഴുതിയ ലേഖനം.

രോഗ്യരംഗത്തെ ഗവേഷണങ്ങളും നിർമ്മിതബുദ്ധി പോലുള്ള അത്യാധുനിക സാങ്കേതികവിദ്യകളുടെ സമന്വയവും കാൻസറിനെ അതിജീവിക്കുന്നതിൽ വൻനേട്ടം കൈവരിച്ചുകൊണ്ടിരിക്കുന്നു. അതിജീവിക്കുന്നവരുടെ ജീവിതനിലവാരം കൂടി മെച്ചപ്പെടുത്തിയാൽ മാത്രമേ ഈ നേട്ടം അതിന്റെ പൂർണ്ണതയിൽ എത്തിക്കാനാവുകയുള്ളൂ.

കാൻസർ എന്ന രോഗം നിർണയിക്കപ്പെടുന്നത് മുതൽ മനുഷ്യന്റെ ലോകം തലകീഴായി മറിയുകയാണ്. അതുകൊണ്ടുതന്നെ രോഗനിർണയം മുതൽ ഓരോ ഘട്ടത്തിലും അവരുടെ ശരീരികവും മാനസികവും സാമൂഹികവും തൊഴിൽപരവുമായ എല്ലാ പ്രശ്നങ്ങളെയും അഭിമുഖീകരിക്കാൻ അവരെ പ്രാപ്തരാക്കേതുണ്ട്.

എന്താണ് പൊരുത്ത ചികിത്സ
(Prehabilitation)?

കാൻസർ രോഗനിർണയത്തിനും ചികിത്സയ്ക്കുമിടയിൽ സംഭവിക്കുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങളെ വിലയിരുത്തുകയും, അതിനെ മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ചികിത്സയോട് രോഗിയെ പൊരുത്തപ്പെടുത്തുകയും ഭാവിയിൽ വന്നേക്കാവുന്ന വൈകല്യങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നതാണ് പൊരുത്ത ചികിത്സ (Prehabilitation).

പൊരുത്ത ചികിത്സയുടെ ഗുണങ്ങൾ

കാൻസർ ചികിത്സയിലെ ഏറ്റവും വലിയ വില്ലൻ കീമോ തെറാപ്പി ചെയ്യുമ്പോഴുള്ള അമിത ക്ഷീണം, ഛർദ്ദി, വിശപ്പില്ലായ്മ, തരിപ്പ്, ഉറക്കക്കുറവ് എന്നിവയാണ്. ഇതുമൂലം പല രോഗികളും ചികിത്സയുമായി പൊരുത്തപ്പെടാതെ പാതിവഴിയിൽ നിർത്തുന്നത് കാണാറുണ്ട്. അത് അവരുടെ രോഗം മൂർച്ചിക്കാനും നിയന്ത്രണ വിധേയമല്ലാതാകാനും കാരണമാവുന്നു.

പ്രീഹാബിലിറ്റേഷൻ രോഗിക്ക് കീമോതെറാപ്പി മൂലമുണ്ടാകുന്ന ഇത്തരം അസ്വസ്​ഥതകൾ കുറയ്ക്കാനും നിശ്ചിതസമയത്തിനുള്ളിൽ തന്നെ തങ്ങളുടെ ചികിത്സ പൂർത്തീകരിക്കാനും സഹായിക്കുന്നു. അതുപോലെതന്നെ കീമോതെറാപ്പിയോടുള്ള രോഗത്തിന്റെ പ്രതികരണം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ശസ്​ത്രക്രിയയ്ക്ക് വിധേയമാക്കുന്ന രോഗികളിൽ അതിന്റെ സങ്കീർണതകൾ കുറയ്ക്കാനും, മുറിവുകൾ എളുപ്പത്തിൽ ഉണങ്ങാനും, രോഗിക്കുതന്നെ ദൈനംദിന കാര്യങ്ങൾ തനിയെ ചെയ്യാനും എളുപ്പത്തിൽ പ്രാപ്തരാക്കുന്നു. അതുവഴി ആശുപത്രിവാസത്തിന്റെ ദൈർഘ്യവും ആരോഗ്യ പരിപാലന ചെലവുകളും കുറയുന്നു.

ശാരീരിക പ്രയാസങ്ങളെക്കാളും ഏതൊരു രോഗിയെയും അലട്ടുന്ന പ്രശ്നങ്ങൾ തന്റെ തൊഴിൽമേഖലയും സാമൂഹിക ഇടപെടലുകളു മാണ്. അത് മിക്കപേർക്കും കടുത്ത മാനസിക സംഘർഷം സൃഷ്ടിക്കുന്നു. അസുഖത്തെക്കുറിച്ച് സമൂഹത്തിൽ നിലകൊള്ളുന്ന മിഥ്യാധാരണകളാണ് ഇത്തരം പ്രശ്നങ്ങളുടെ മൂല കാരണം.

തന്റെ ചികിത്സയെ മുന്നോട്ട് കൊണ്ടുപോവാൻ തൊഴിലിൽ വരുത്തേണ്ട പരിഷ്കരണങ്ങളെ കുറിച്ചും തനിക്ക് അണുബാധ വരാതെ സമൂഹത്തോട് എങ്ങനെ ഇടപെടണമെന്നും ആസൂത്രണം ചെയ്യാൻ പ്രീഹാബിറ്റേഷൻ സഹായി ക്കുന്നു. ഇത് രോഗിയുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു.

പൊരുത്ത ചികിത്സ ആർക്കൊക്കെ?

  • അമിത ക്ഷീണം, ഉന്മേഷക്കുറവ്, ഉറക്കക്കുറവ്, വിശപ്പില്ലായ്മ എന്നീ പ്രശ്നങ്ങൾ നേരിടുന്നവർ.

  • അമിതമായി ശരീരഭാരം നഷ്ടപ്പെടുന്നവർ.

  • 60 വയസ്സിന് മുകളിലുള്ളവർ.

  • പ്രമേഹം, രകതസമ്മർദ്ദം, ഹൃദയസംബന്ധമായ രോഗങ്ങൾ, അമിതവണ്ണം, ശ്വാസകോശ രോഗം എന്നിവയുള്ളവർ.

  • അതിയായി മാനസിക സംഘർഷം അനുഭവിക്കുന്നവർ.

എന്തൊക്കെയാണ്
പൊരുത്ത ചികിത്സയിൽ ഉൾപ്പെടുന്നത്?

  1. ശ്വസന വ്യായാമങ്ങൾ

  2. എയറോബിക് വ്യായാമം (30 മിനിറ്റ് ഫിസിയാട്രിസ്റ്റ് നിർദ്ദേശിച്ച വേഗതയിലുള്ള നടത്തം). ഇത് അമിതക്ഷീണം, ഛർദ്ദി, തരിപ്പ്, ഉറക്കക്കുറവ്, മാനസിക സംഘർഷം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.

  3. സ്ട്രങ്തനിങ് വ്യായാമം (അവരവർക്ക് അനുയോജ്യമായി ഡോക്ടർ നിർദ്ദേശിച്ച പ്രകാരം). ഇത് പേശീബലം കൂടാനും അതുവഴി എല്ല് തേയ്മാനം തടയാനും സഹായിക്കുന്നു. കൂടാതെ വീഴ്ചകളിൽ വരുന്ന ആഘാതം കുറയ്ക്കുന്നു.

  4. വീഴ്ചകൾ തടുക്കാനുള്ള ബാലൻസിംങ് വ്യായാമങ്ങൾ.

  5. സ്​തനാർബുദം, തൈറോയ്ഡ് കാൻസർ എന്നീ രോഗങ്ങൾക്കുള്ള ശാസ്​ത്രക്രിയയ്ക്ക് ശേഷമുള്ള സങ്കീർണതകൾ കുറയ്ക്കാൻ തോളിനും, കഴുത്തിനുമുള്ള വ്യായാമങ്ങൾ.

  6. ഗർഭാശയ സംബന്ധമായ കാൻസർ സർജറികൾക്ക് മുമ്പായി പെൽവിക് വ്യായാമം ((Pelvic floor excercises). ഇത് ഓപ്പറേഷനു ശേഷം വന്നേക്കാവുന്ന മൂത്രനിയന്ത്രണ പ്രശ്നങ്ങളെ കുറയ്ക്കുന്നു.

  7. കൈകാലുകളിലെ നിർവീക്കം (Lymphoedema) നിയന്ത്രണ വിധേയമാക്കാനുള്ള വ്യായാമങ്ങൾ.

  8. ശബ്ദം, ഭക്ഷിക്കൽ എന്നിവയിൽ ചികിത്സാസമയത്ത് വരാവുന്ന സങ്കീർണ്ണതകൾ കുറയ്ക്കാനുള്ള വ്യായാമങ്ങൾ.

  9. രോഗിയുടെ ഭക്ഷണക്രമം മെച്ചപ്പെടുത്തുക. ഓരോ രോഗിയുടെയും ശരീരഘടന വിലയിരുത്തി അതിനനുസൃതമായ ആഹാരക്രമം ചിട്ടപ്പെടുത്തുന്നത് രോഗികളുടെ ക്ഷീണം കുറയ്ക്കാനും ചികിത്സാസങ്കീർണതകൾ കുറയ്ക്കാനും സഹായിക്കുന്നു.

  10. രോഗിയുടെ മാനസിക സംഘർഷങ്ങൾ ചർച്ച ചെയ്യുക, അവരുടെ ജോലിയിൽ വരുത്തേ മാറ്റങ്ങളെ കുറിച്ചും, അവർക്ക് വരുമാനം നിലയ്ക്കാതെ ചികിത്സയുമായി എങ്ങനെ മുന്നോട്ടു പോകാമെന്നും ആസൂത്രണം ചെയ്യുക.

READ ALSO:
കാൽമുട്ടുകളുടെ തേയ്മാന ചികിത്സ

പുനരധിവാസ ചികിത്സയെക്കുറിച്ച്
ചെറുതും വലുതുമായ ചില ചിന്തകൾ

മാനസികാരോഗ്യ പുനരധിവാസം: വെല്ലുവിളികളും സാധ്യതകളും

ഗാർഹിക പ്രസവവും
മരത്തണലിലെ കാറും

ചാമ്പയ്ക്ക മണമുള്ള പനിക്കാലം

വീട്ടിലെ പ്രസവം
ദുരന്തത്തിലേയ്ക്കുള്ള
പടിവാതിൽ

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം:

Comments