പുത്തൻ പകർച്ചവ്യാധികൾ
ആരോഗ്യമേഖലയെ കണ്ണുരുട്ടുമ്പോൾ

‘‘പകർച്ചവ്യാധികൾക്ക് എളുപ്പത്തിൽ കടന്നുവരാൻ കഴിയുന്ന ഒരിടമായി കേരളം മാറുന്നുണ്ട്. ഉയർന്ന ജനസാന്ദ്രത, നഗരവൽക്കരണം, ഉഷ്ണമേഖലാ കാലാവസ്ഥ, മൈഗ്രേഷൻ സാദ്ധ്യതകൾ, വന്യമൃഗങ്ങളുമായുള്ള സമ്പർക്കം, കാലാവസ്ഥാ മാറ്റം എന്നിവ കേരളത്തെ ഇത്തരം രോഗങ്ങളുടെ 'ഹോട്ട്സ്പോട്ട്' ആക്കുന്നു’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. അനീഷ് ടി.എസ്. എഴുതിയ ലേഖനം.

നുഷ്യചരിത്രത്തിലെ ഏറ്റവും വലിയ പോരാട്ടങ്ങൾ രാജ്യങ്ങൾ തമ്മിലായിരുന്നില്ല, മറിച്ച് മനുഷ്യനും അദൃശ്യരായ സൂക്ഷ്മജീവികളും തമ്മിലായിരുന്നു. നൂറ്റാണ്ടുകൾക്കുമുൻപ് യൂറോപ്പിന്റെ പകുതിയോളം ജനസംഖ്യയെ തുടച്ചുനീക്കിയ 'ബ്ലാക്ക് ഡെത്ത്' മുതൽ നമ്മുടെ കൺമുന്നിൽ സംഭവിച്ച കോവിഡ്-19 വരെ പാൻഡെമിക്കുകൾ കൊന്നൊടുക്കിയ അത്രയും ആളുകളെ യുദ്ധങ്ങൾ കൊന്നിട്ടുണ്ടാവുമോ?. വലിയ അണുബാധകളിലേക്കോ മഹാമാരികളിലേക്കോ നയിച്ച അണുബാധകൾ എല്ലാം അതാതുകാലത്തെ പുത്തൻ പകർച്ചവ്യാധികൾ (എമേർജിങ് ഇൻഫെൿഷ്യസ് ഡിസീസസ്) ആയിരുന്നുവെന്ന് കാണാവുന്നതാണ്.

പകർച്ചവ്യാധികൾ ഒരു പ്രദേശത്തേക്ക് പുതുതായി കടന്നുവരുകയോ, നേരത്തെ ഉണ്ടായിരുന്നതിനുപരിയായി വ്യാപനശേഷിയോ രോഗതീവ്രതയോ വര്‍ദ്ധിക്കുകയോ ചെയ്യുമ്പോഴാണ് അതിനെ പുത്തൻ പകർച്ചവ്യാധി എന്ന് പറയുക.

വികസനത്തിന്റെയും സാങ്കേതിക വിദ്യയുടെയും ഔന്നത്യത്തിൽ നിൽക്കുമ്പോഴും ഈ പുതിയകാല രോഗങ്ങളെ നാം എന്തിനാണ് ഇത്രയേറെ ഭയപ്പെടുന്നത്? ഇതിനുള്ള ഉത്തരം തേടേണ്ടത് ആധുനിക ലോകത്തിന്റെ പരിസ്ഥിതിയുമായും ജീവിതശൈലിയുമായും ബന്ധപ്പെടുത്തിയാണ്.

ഇന്ന് ലോകം നേരിടുന്ന പുതിയ പകർച്ചവ്യാധികളിൽ 75 ശതമാനത്തിലധികവും മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് എത്തുന്നവയാണ്. ഇതിനെയാണ് ശാസ്ത്രലോകം 'സ്പിൽ ഓവർ' (Spill over) എന്ന് വിളിക്കുന്നത്.
ഇന്ന് ലോകം നേരിടുന്ന പുതിയ പകർച്ചവ്യാധികളിൽ 75 ശതമാനത്തിലധികവും മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് എത്തുന്നവയാണ്. ഇതിനെയാണ് ശാസ്ത്രലോകം 'സ്പിൽ ഓവർ' (Spill over) എന്ന് വിളിക്കുന്നത്.

രോഗങ്ങളുടെ 'സ്പിൽ ഓവർ’ (spill over)

ഇന്ന് ലോകം നേരിടുന്ന പുതിയ പകർച്ചവ്യാധികളിൽ 75 ശതമാനത്തിലധികവും മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് എത്തുന്നവയാണ്. ഇതിനെയാണ് ശാസ്ത്രലോകം 'സ്പിൽ ഓവർ' (Spill over) എന്ന് വിളിക്കുന്നത്. വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥയിലേക്ക് മനുഷ്യൻ കടന്നുകയറുമ്പോൾ, അവയിലുള്ള വൈറസുകൾ മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത വർദ്ധിക്കുന്നു. കോവിഡ്-19-ന്റെ ഉത്ഭവം ഇതിന് സമാനമായ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. വന്യമൃഗങ്ങളെ വേട്ടയാടുന്നതും അവയെ വിപണികളിൽ എത്തിക്കുന്നതും വൈറസുകൾക്ക് പുതിയ 'ആതിഥേയരെ' കണ്ടെത്തുക എന്നത് എളുപ്പമാക്കുന്നു.

1. മഹാമാരികളുടെ ചരിത്രപരമായ ആഘാതം

ചരിത്രത്തിലുടനീളം പകർച്ചവ്യാധികൾ മനുഷ്യജനസംഖ്യയുടെ വലിയൊരു ശതമാനത്തെ തുടച്ചുനീക്കിയിട്ടുണ്ട്. പ്രധാന മഹാമാരികൾ അക്കാലത്തെ ലോക ജനസംഖ്യയിൽ ഏൽപ്പിച്ച ആഘാതം താഴെ പറയുന്നവയാണ്:

  • പ്ലേഗ് ഓഫ് ജസ്റ്റിനിയൻ (AD 541-542): ജനസംഖ്യയുടെ 19.1 ശതമാനത്തോളം (4കോടി) ആളുകൾക്ക് ഇതിലൂടെ ജീവൻ നഷ്ടമായി.

  • ബ്ലാക്ക് ഡെത്ത് പ്ളേഗ് (1347-1351):
    അന്നത്തെ ലോക ജനസംഖ്യയുടെ പകുതിയിലധികം (ഏകദേശം 51%) ആളുകളെ ഈ പ്ലേഗ് തുടച്ചുനീക്കി. മരണസംഖ്യ ഏകദേശം 20 കോടിയോളം വരുമായിരുന്നു.

  • സ്പാനിഷ് ഫ്ലൂ (1918): ലോക ജനസംഖ്യയുടെ 2.5 ശതമാനം (ഏകദേശം 4.5 കോടി) ആളുകൾ ഈ മഹാമാരിയിൽ കൊല്ലപ്പെട്ടു.

  • എച്ച്.ഐ.വി/എയ്ഡ്സ് (1981 മുതൽ): ഇതുവരെ ഏകദേശം 3.5 കോടിയോളം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

  • കോവിഡ്-19: ആധുനിക ലോകത്തെ സ്തംഭിപ്പിച്ച ഈ മഹാമാരി 2021 നവംബർ വരെയുള്ള കണക്കുകൾ പ്രകാരം 50 ലക്ഷത്തിലധികം ജീവനുകളെടുത്തു.

2. പുത്തൻ പകർച്ചവ്യാധികളുടെ ഉത്ഭവം:
ഒരു 'നേച്ചർ' പഠനം

2008-ൽ ലോകപ്രശസ്ത ശാസ്ത്രമാസികയായ ‘നേച്ചറി’ൽ (Nature) പ്രസിദ്ധീകരിച്ച കെയ്റ്റ് ഇ. ജോൺസിന്റെ പഠനം പുത്തൻ പകർച്ചവ്യാധികളുടെ ആഗോള പ്രവണതകളെ കൃത്യമായി നിർവചിക്കുന്നു. ഈ പഠനമനുസരിച്ച് പകർച്ചവ്യാധികളുടെ ഉറവിടങ്ങളെ പ്രധാനമായും നാലായി തിരിക്കാം:

2008-ൽ ലോകപ്രശസ്ത ശാസ്ത്രമാസികയായ ‘നേച്ചറി’ൽ (Nature) പ്രസിദ്ധീകരിച്ച കെയ്റ്റ് ഇ. ജോൺസിന്റെ പഠനം പുത്തൻ പകർച്ചവ്യാധികളുടെ ആഗോള പ്രവണതകളെ കൃത്യമായി നിർവചിക്കുന്നു.
2008-ൽ ലോകപ്രശസ്ത ശാസ്ത്രമാസികയായ ‘നേച്ചറി’ൽ (Nature) പ്രസിദ്ധീകരിച്ച കെയ്റ്റ് ഇ. ജോൺസിന്റെ പഠനം പുത്തൻ പകർച്ചവ്യാധികളുടെ ആഗോള പ്രവണതകളെ കൃത്യമായി നിർവചിക്കുന്നു.
  • വന്യമൃഗങ്ങളിൽ നിന്നുള്ള സൂനോട്ടിക് പാത്തോജനുകൾ:

വവ്വാലുകൾ, വന്യമൃഗങ്ങൾ എന്നിവയിൽ നിന്ന് പടരുന്നവ. ആധുനിക കാലത്ത് ഉണ്ടായിട്ടുള്ള മിക്ക മഹാമാരികളും വലിയ അണുബാധകളും ഇത്തരത്തിലാണ് ഉണ്ടായിട്ടുള്ളത് എന്നു കാണാം. കോവിഡിനുപുറമെ സാർസ്, മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം, നിപ തുടങ്ങിയ രോഗങ്ങൾ ഇതിനുദാഹരണങ്ങളാണ്. മറ്റ് മൃഗങ്ങൾ ഇടനിലക്കാരായി വർത്തിക്കാതെ മനുഷ്യരിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്ന ഡെങ്കിപ്പനി പോലും കാട്ടുകുരങ്ങിൽ നിന്നും മനുഷ്യനിലേക്ക് വന്നതാണെന്ന് കരുതപ്പെടുന്നു.

വന്യമൃഗങ്ങളല്ലാത്ത
ഉറവിടങ്ങളിൽ നിന്നുള്ളവ

വളർത്തുമൃഗങ്ങളിൽ നിന്ന് പടരുന്നവ. ബ്രൂസല്ലോസിസ്, ആന്ത്രാക്സ് തുടങ്ങിയ രോഗങ്ങൾ വളർത്തുമൃഗങ്ങളിൽ നിന്നോ കന്നുകാലികളിൽനിന്നോ മനുഷ്യരിലേക്ക് എത്താം. നമ്മുടെ നാട്ടിൽ, എലിപ്പനിയും ഈ രീതി യിൽ പകരുന്നുണ്ട് എന്നാണ് കരുതുന്നത്.

മരുന്നുകളെ പ്രതിരോധിക്കുന്ന രോഗാണുക്കൾ

ആൻറിബയോട്ടിക്കുകളെ അതിജീവിക്കുന്നവ. ആന്റിബയോട്ടിക് മരുന്നുകളോട് പ്രതികരിക്കാത്ത അണുജീവികൾ ഒരു നിശ്ശബ്ദ മഹാമാരിയായി പടർന്നുപിടിക്കുന്നുണ്ട്. മനുഷ്യരിലും മൃഗങ്ങളിലും ഭക്ഷ്യവസ്തുക്കളിലെ പ്രകൃതിയിലും നാം അനിയന്ത്രിതമായി ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് തുടർന്നാൽ, ഭാവിയിൽ അത്തരം ബാക്റ്റീരിയകളും ഫംഗസുകളും പരാദങ്ങളും ചേർന്ന് ഉണ്ടാക്കുന്ന രോഗാതുരത ഭീകരമായിരിക്കും എന്ന് കരുതപ്പെടുന്നു. അതിജീവന ശേഷിയുള്ള അണുജീവികൾ കാരണം ഉണ്ടാകുന്ന മരണങ്ങളുടെ എണ്ണം 2050 ആകുമ്പോൾ അർബുദബാധകളെയും ഹൃദയാഘാതങ്ങളെ യും അധികരിക്കും എന്നാണ് കരുതപ്പെടുന്നത്.

വെക്റ്റർ (Vector) വഴിയുള്ളവ

കൊതുക്, കീടങ്ങൾ എന്നിവ വഴി പടരുന്നവ. കാലാവസ്ഥാവ്യതിയാനം ഗുരുതരമാവുന്നതനു സരിച്ച് കൊതുകുകൾ, ചെള്ളുകൾ, മണലീച്ചകൾ തുടങ്ങിയ പ്രാണികൾ വഴിയുള്ള അണുബാധകൾ ഇനിയും വർധിക്കും. മലേറിയ പോലെ നാം കുറച്ചുകൊണ്ട് വന്ന പ്രാണിജന്യരോഗങ്ങൾ വർധിത വീര്യത്തോടെ തിരിച്ചുവരാനും സാധ്യതയുണ്ട്.

മേല്പറഞ്ഞവയിൽ വന്യമൃഗങ്ങളിൽ നിന്നും ഷഡ്പദങ്ങളിൽ നിന്നും വ്യാപിക്കാൻ സാധ്യതയുള്ള രോഗങ്ങളുടെ പ്രഭവകേന്ദ്രം ആകാൻ സാധ്യതയുള്ള ഒരു പ്രദേശമാണ് പശ്ചിമ ഘട്ടം എന്നും മേൽപ്പറഞ്ഞ പഠനം പ്രസ്താവിക്കുന്നു (ചിത്രം കാണുക).

3. സ്പിൽ ഓവർ

മൃഗങ്ങളിൽ നിന്നോ പക്ഷികളിൽ നിന്നോ വൈറസുകൾ മനുഷ്യരിലേക്ക് തുളുമ്പിവീഴുകയും മാരകമായ അണുബാധയ്ക്ക് കാരണമാവുകയും ചെയ്യുന്ന അവസ്ഥ.

മനുഷ്യരുമായി നേരിട്ട് ഇടപഴകാനുള്ള സാധ്യത വന്യമൃഗങ്ങൾക്ക് കുറവാണെങ്കിലും, ലോകത്തെ നടുക്കിയ മാരകമായ മഹാമാരികളിൽ ഭൂരിഭാഗവും വന്യമൃഗങ്ങളിൽ നിന്നാണ് ഉത്ഭവിച്ചിട്ടുള്ളത്. മനുഷ്യരിലെ പുതിയ പകർച്ചവ്യാധികളിൽ 75 ശതമാനവും മൃഗങ്ങളിൽനിന്നാണ് വരുന്നത്. ഇതിൽ തന്നെ 70 ശതമാനവും വന്യമൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പകർന്നുണ്ടായതാണ് എന്ന് കണക്കാക്കപ്പെടുന്നു.

ഇടപെടൽ സാദ്ധ്യത കുറവെങ്കിലും വവ്വാലുകളും പന്നികളും കുരങ്ങന്മാരും ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ വർധിച്ച തോതിൽ അതീവ പ്രഹരശേഷിയുള്ള അണുബാധകൾ (high impact pathogens) മനുഷ്യരിൽ എത്തിക്കാം. വന്യമൃഗങ്ങളിൽ മനുഷ്യരിലെത്തുന്ന 'സ്പിൽ ഓവർ' (Spillover) വൈറ സുകൾ മഹാമാരിയായി മാറാനുള്ള സാദ്ധ്യതകൾ കൂടുതലാണ്.

4. എപ്പിഡെമിയോളജിക്കൽ ട്രാൻസിഷനും (രോഗാതുരതാ മാറ്റങ്ങൾ) ആരോഗ്യവിടവും (health gap)

ആഗോളതലത്തിൽ പകർച്ചവ്യാധികൾ മൂലമുള്ള മരണങ്ങൾ കുറഞ്ഞുവരുന്നുണ്ടെങ്കിലും (Epidemiological Transition), പുതിയ പകർച്ചവ്യാധികളുടെ കടന്നുവരവ് ആശങ്കാജനകമാണ്. ലോകത്തിന്റെ ഏത് ഭാഗത്തുമുണ്ടാകുന്ന അണുബാധ ഇന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ മറ്റൊരിടത്തേക്ക് പടരാം. ചില പ്രദേശങ്ങളിലുണ്ടാകുന്ന അണുബാധകൾ വേഗത്തിൽ കണ്ടെത്താനോ തടയാനോ ആ പ്രദേശങ്ങളിലെ ആരോഗ്യസംവിധാനങ്ങൾക്ക് കഴിയില്ല. ഇന്ത്യയിലെ തന്നെ മിക്ക സംസ്ഥാനങ്ങളുടെയും ഒട്ടേറെ രാജ്യങ്ങളുടെയും അവസ്ഥ ഇതുതന്നെ ആണ്. "നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ ശക്തി അതിന്റെ ഏറ്റവും ദുർബലമായ കണ്ണികളെ ആശ്രയിച്ചിരിക്കുന്നു". ഏറ്റവും ദുർബലമായ ആരോഗ്യ സംവിധാനങ്ങളുള്ള ലൈബീരിയയിൽ നിന്നാണ് എബോള ഉത്ഭവിച്ചത്. ഇത്തരത്തിലുള്ള ആരോഗ്യ അസമത്വം ആഗോള ആരോഗ്യ സുരക്ഷയ്ക്ക് ഭീഷണിയാണ്. എന്നാൽ അതിനെ കുറച്ചുകൊണ്ടുവരാൻ ആഗോള സാമ്പത്തിക ശക്തികൾ തയ്യാറാകുന്നില്ല, അവർ ലോകാരോഗ്യ സംഘടനയെപ്പോലും ദുർബലപ്പെടുത്തുന്ന കാഴ്ചയാണ് നാം കാണുന്നത്. ദുർബലമായ സംവിധാനങ്ങളുള്ള ഒരു രാജ്യത്ത് ഉത്ഭവിച്ച് ആരുടേയും ശ്രദ്ധയിൽ പെടാതെ പടർന്ന് മഹാമാരിയാകാൻ സാധ്യതയുള്ള ഒട്ടേറെ അണുബാധകളുടെ ഭീഷണിയിലാണ് ലോകം ഇന്ന്.

ദുർബലമായ സംവിധാനങ്ങളുള്ള ഒരു രാജ്യത്ത് ഉത്ഭവിച്ച് ആരുടേയും ശ്രദ്ധയിൽ പെടാതെ പടർന്ന് മഹാമാരിയാകാൻ സാധ്യതയുള്ള ഒട്ടേറെ അണുബാധകളുടെ ഭീഷണിയിലാണ് ലോകം ഇന്ന്.
ദുർബലമായ സംവിധാനങ്ങളുള്ള ഒരു രാജ്യത്ത് ഉത്ഭവിച്ച് ആരുടേയും ശ്രദ്ധയിൽ പെടാതെ പടർന്ന് മഹാമാരിയാകാൻ സാധ്യതയുള്ള ഒട്ടേറെ അണുബാധകളുടെ ഭീഷണിയിലാണ് ലോകം ഇന്ന്.

5. മഹാമാരിയിലേക്ക് നയിക്കുന്ന
രോഗാണുവിന്റെ പ്രത്യേകതകൾ

എല്ലാ വൈറസുകളും മഹാമാരികൾക്ക് കാരണമാകാറില്ല. അതിനായി രോഗാണുവിനും അത് ബാധിക്കുന്ന രീതിക്കും ചില പ്രത്യേകതകൾ ആവശ്യമാണ്:

  • ആർ.എൻ.എ വൈറസ്:
    എളുപ്പത്തിൽ ജനിതകമാറ്റം സംഭവിക്കുന്ന ആർ.എൻ.എ വൈറസുകൾ കൂടുതൽ അപകടകാരികളാണ്. ഓർത്തോമിക്സോ (ഇൻഫ്ലുൻസ), കൊറോണ (കോവിഡ് 19), പാരാമിക്സോ (മീസിൽസ്, നിപ), ഫ്ളാവി (കുരങ്ങുപനി, ഡെങ്കി) തുടങ്ങി വൻതോതിൽ പടർന്ന രോഗങ്ങൾ എല്ലാം ആർ എൻ എ വൈറസുകളാണ്.

  • ഹോസ്റ്റ് ട്രോപ്പിസം:
    പലതരം പുതിയ ജീവിവർഗങ്ങളിലേക്ക് പടരാനുള്ള വൈറസിന്റെ കഴിവ് (ഉദാ: ഇൻഫ്ലുവൻസ, നിപ).

  • രോഗോദ്‌ഭവ കാലം (ഇൻക്യുബേഷൻ പിരിയഡ്):
    രോഗലക്ഷണങ്ങൾ കാണിക്കുന്നതിന് മുൻപ് തന്നെ വൈറസിന് രോഗം പടർത്താൻ കഴിയുന്നത് രോഗനിയന്ത്രണം ദുഷ്കരമാക്കുന്നു (ഉദാ: കോവിഡ് 19, ഇൻഫ്ലുവൻസ, ചിക്കൻപോക്സ്, ഹെപ്പറ്റൈറ്റിസ് എ മഞ്ഞപ്പിത്തം).

  • സൂപ്പർ സ്പ്രെഡിംഗ്:
    ചുരുക്കം ചില വ്യക്തികളിൽ നിന്ന് വലിയൊരു വിഭാഗത്തിലേക്ക് രോഗം പടരുന്ന രീതി (ഉദാ: കോവിഡ് 19, ഇൻഫ്ലുവൻസ, നിപ).

6. ഇൻഫ്ലുവൻസയും അടുത്ത മഹാമാരിയുടെ സാധ്യതയും

അടുത്ത മഹാമാരിയായി ലോകം ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് H5 വിഭാഗത്തിൽപ്പെട്ട ഇൻഫ്ലുവൻസ വൈറസുകളെയാണ്. പക്ഷിപ്പനി വൈറസുകൾ പന്നികൾ പോലുള്ള മൃഗങ്ങളിൽ ജനിതകമാറ്റം സംഭവിക്കുകയും (Reassortment), അവിടുന്ന് മനുഷ്യരിലേക്ക് പടരാനുള്ള ശേഷി കൈവരിക്കുകയും ചെയ്യുന്ന പ്രക്രിയ പാൻഡെമിക് ഇൻഫ്ലുവൻസയ്ക്ക് കാരണമാകുന്നു. പക്ഷികളും മൃഗങ്ങളും മനുഷ്യരും ഒരേ പരിസരത്ത് ജീവിക്കുന്നത് ഈ സാധ്യത വർദ്ധിപ്പിക്കുന്നു. H5N1 ഇൻഫ്ലുവൻസ ഇപ്പോൾ തന്നെ പക്ഷികളിൽ നിന്നും കന്നുകാലികളിലേക്ക് പടരുന്ന പ്രവണതകൾ കാണിക്കുന്നുണ്ട്.

7. കാലാവസ്ഥാവ്യതിയാനവും പകർച്ചവ്യാധികളും

കാലാവസ്ഥാ വ്യതിയാനം പകർച്ചവ്യാധികളുടെ വ്യാപനത്തെ പലവിധത്തിൽ സ്വാധീനിക്കുന്നു. കാലാവസ്ഥാ വ്യതിയാനം കൊതുക്/ഷഡ്പദ വ്യാപനത്തിന് കാരണമാകുന്നു എന്നതാണ് ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒരു ഘടകം. ചൂടും മഴയും കൊതുകുകളുടെ പ്രജനനത്തെ സഹായിക്കുന്നതിലൂടെ ഡെങ്കി, മലേറിയ തുടങ്ങിയ രോഗങ്ങൾ വർദ്ധിക്കുന്നു. കാലാവസ്ഥാവ്യതിയാനം സ്പിൽ ഓവർ സാധ്യതകളും വര്‍ദ്ധിപ്പിക്കുന്നുണ്ട്. കാലാവസ്ഥാവ്യതിയാനം മൂലം മൃഗങ്ങളുടെ ആവാസവ്യവസ്ഥ മാറുന്നതും അവ മനുഷ്യവാസ മേഖലകളിലേക്ക് എത്തുന്നതും സ്പില്ലോവർ സാധ്യതകൾ വർദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ പരിസ്ഥിതി സംരക്ഷണം അവഗണിക്കുന്നത് സാമ്പത്തിക ലാഭം നൽകുന്നതല്ലെന്നും അത് മഹാ മാരികളിലൂടെ വലിയ നഷ്ടമുണ്ടാക്കുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.

8. കേരളം: വെല്ലുവിളികളും
റിപ്പോർട്ട് ചെയ്ത രോഗങ്ങളും

പകർച്ചവ്യാധികൾക്ക് എളുപ്പത്തിൽ കടന്നുവരാൻ കഴിയുന്ന ഒരിടമായി കേരളം മാറുന്നുണ്ട്. കേരളത്തിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത് പിന്നീട് വ്യാപകമായതോ ആയ അണുബാധകളുടെ ഒരു പട്ടിക താഴെ നൽകിയിരിക്കുന്നു.

എന്തുകൊണ്ട് കേരളം?:

ഉയർന്ന ജനസാന്ദ്രത, നഗരവൽക്കരണം, ഉഷ്ണമേഖലാ കാലാവസ്ഥ, മൈഗ്രേഷൻ സാദ്ധ്യതകൾ, വന്യമൃഗങ്ങളുമായുള്ള സമ്പർക്കം, കാലാവസ്ഥാ മാറ്റം എന്നിവ കേരളത്തെ ഇത്തരം രോഗങ്ങളുടെ 'ഹോട്ട്സ്പോട്ട്' ആക്കുന്നു.

9. പരിഹാരമാർഗങ്ങൾ

ഏകാരോഗ്യം (One Health):
ഭാവിയിലെ മഹാമാരികളെ തടയാൻ ശാസ്ത്രീയമായ 'വൺ ഹെൽത്ത്' സമീപനം അനിവാര്യമാണ്. മനുഷ്യന്റെയും മൃഗങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യത്തെ ഒരുമിച്ച് കാണുക എന്നതാണ് ‘ഏകാരോഗ്യം’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആരോഗ്യ നയങ്ങളിലും പ്രതിരോധ സംവിധാനങ്ങളിലും കൂടുതൽ നിക്ഷേപം നടത്തുക, രോഗലക്ഷണങ്ങൾ കൃത്യസമയത്ത് തിരിച്ചറിയാനും റിപ്പോർട്ട് ചെയ്യാനുമുള്ള നിരീക്ഷണ സംവിധാനങ്ങൾ ശക്തമാക്കുക, വൈറോളജി, എപ്പിഡെമിയോളജി മേഖലകളിൽ കൂടുതൽ ശാസ്ത്രീയ പഠനങ്ങൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ ദീർഘകാല അടിസ്ഥാനത്തിൽ അതീവ പ്രഹരശേഷിയുള്ള അണുബാധകളെ പ്രതിരോധിക്കുന്നതിന് സഹായിക്കും.

ഉപസംഹാരം

പരിസ്ഥിതിയെ അവഗണിച്ചുകൊണ്ടുള്ള വികസനം മനുഷ്യരാശിക്ക് തന്നെ തിരിച്ചടിയാകുമെന്ന് ഓരോ മഹാമാരിയും നമ്മെ ഓർമ്മിപ്പിക്കുന്നു. ശാസ്ത്രീയമായ അറിവുകളിലൂടെയും ഏകീകൃതമായ ആരോഗ്യപ്രവർത്തനങ്ങളിലൂടെയും മാത്രമേ നമുക്ക് വരുംകാല വെല്ലുവിളികളെ അതിജീവിക്കാൻ സാധിക്കൂ.

അവലംബം:

Jones, Kate E., et al. "Global trends in emerging infectious diseases." Nature 451.7181 (2008).

ലോകാരോഗ്യ സംഘടന (WHO) റിപ്പോർട്ടുകൾ, ഐ.പി.സി.സി (IPCC) റിപ്പോർട്ട് 2022.

READ : പൊതുജനാരോഗ്യം
എങ്ങനെ ആസൂത്രണം ചെയ്യാം?

ഏകലോകം
ഏകാരോഗ്യം

പൊതുജനാരോഗ്യം: കേരളത്തിലെ വികാസവും ചരിത്രപശ്ചാത്തലവും

രക്തദാനവും സുരക്ഷയും: അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

സ്റ്റെതസ്കോപ്പിൽ
ചരിത്രത്തിന്റെ
ഹൃദയതാളം

ലൈംഗികതയുടെ
സാമൂഹികവശം:
ഇന്ത്യയിൽ പുതുതായി
എന്താണ് സംഭവിക്കുന്നത്?

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments